ഇബ്‌റാഹീമിനെ കണ്ടെടുക്കേണ്ട പെരുന്നാള്‍
ഏതു തരം സാമൂഹിക പരിവൃത്തത്തിലും ആഘോഷങ്ങള്‍ മുന്നോട്ടുവെക്കുന്നത് നിര്‍ഭയത്വവും സമൃദ്ധിയും പൊലിച്ചുനില്‍ക്കുന്ന നീതിബോധങ്ങളുമാണ്. ഈ സാക്ഷാല്‍ക്കാരത്രയം ഒരുപോലെ സാമൂഹികതയില്‍ സംഗമിക്കുമ്പോഴാണ് ആഘോഷങ്ങള്‍ മനുഷ്യോന്മുഖമാകുന്നത്. അപ്പോള്‍ വളര്‍ച്ചയെത്തുന്ന ഏതു സാംസ്‌കാരിക നാഗരികതയുടെയും ഉള്ളടക്കം ഈ ആശയപ്രയോഗമാവേണ്ടതുണ്ട്. ഭുമിയിലേക്കു മാനവ ജീവിതത്തിന്റെ ആദ്യാങ്കുരമുണ്ടായ ആ ശുഭദിനംതൊട്ടേ പ്രപഞ്ച വിധാതാവ് നിഷ്‌കര്‍ഷിച്ച ഒരു സാമൂഹിക രാശിചക്രമുണ്ട്. മനുഷ്യജീവിതം ആദിയില്‍ പൂത്ത സ്വര്‍ഗത്തിന്റെ ഏറ്റവും വലിയ ചാരുത അവിടെ നിര്‍ഭയത്വവും സമൃദ്ധിയും പരമമായ നീതിന്യായങ്ങളും ഉജ്ജ്വലിച്ചുനില്‍ക്കുമെന്നതാണ്. ഭൂമിയിലേക്ക് പോന്ന മാനവ പരമ്പരകള്‍ തിരിച്ചുപോകേണ്ടതും സ്വര്‍ഗത്തിലേക്കുതന്നെ. സ്വര്‍ഗത്തില്‍നിന്നും വീണ്ടും സ്വര്‍ഗത്തിലേക്ക്. ഇതിനിടയില്‍ ഭൂമിയില്‍ കിട്ടുന്ന ഹ്രസ്വതയില്‍ അവര്‍ പരിശ്രമിക്കേണ്ടത് ഇവിടെയും സ്വര്‍ഗത്തിന്റെ സാധ്യത അന്വേഷിക്കുക എന്നതാണ്. അപ്പോഴാണ് ആകാശത്തിലെ അനശ്വര സ്വര്‍ഗം നമുക്കു പ്രാപ്തമാവുക. പരലോക മോക്ഷവും സ്വര്‍ഗവും വ്യക്തിതലത്തില്‍ ആര്‍ജിതമാക്കേണ്ട സാഫല്യമാണ്. അതുകൊണ്ടാണ് സ്രഷ്ടാവ് തന്നെ ഏറ്റവും പ്രഫുല്ലമായിക്കണ്ട മാതൃപുത്ര ബന്ധങ്ങള്‍ പോലും പരലോകത്ത് അപ്രസക്തമാക്കിയത്. അവിടെ ഏകാന്തനായ ഒറ്റയാള്‍ തന്നെയാണ് വിചാരണക്ക് നില്‍ക്കുന്നതും വിധിതീര്‍പ്പ് ഏറ്റുവാങ്ങുന്നതും. ഈ പ്രതിഫല സുലഭ്യതക്ക് പകരം ഭൗതിക ജീവിതത്തില്‍ അവര്‍ നിര്‍വഹിക്കേണ്ട കണിശമായ ജീവിത ശാസനകളുണ്ട്. അത് പക്ഷേ വ്യക്തിപരമല്ല, സമഷ്ഠിപരമാണ്. ഈ ധനാത്മക നിര്‍വഹണം പ്രപഞ്ചനാഥന്റെ നിര്‍ണയമാണ്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ അതിനു ദണ്ഡനമേറ്റുവാങ്ങുന്നത് അതുകൊണ്ടാണ.് ആ ദൗത്യം തൗഹീദിന്റെ ദൗത്യമാണ്. ഇത് വന്‍മലകളും അലറുന്ന അലയാഴിത്തിരകളും നിസ്സഹായപ്പെട്ടു പിന്മാറിയ ദൗത്യമാണ്. അതേറ്റെടുത്തവര്‍ നാം മാനവസഞ്ചയം. അവര്‍ക്ക് പക്ഷേ ഈ സാക്ഷാല്‍ക്കാരത്തിന് പ്രപഞ്ചനാഥന്‍ കൂട്ടുണ്ട്. അവര്‍ക്ക് ഭയക്കേണ്ടതില്ല. എന്തിനു ഭയക്കണം? ഭൗതിക ജീവിതത്തില്‍ അവരുടെ വാമത്തില്‍ അല്ലാഹുവുണ്ട്. ജീവിതത്തുടര്‍ച്ചയില്‍ സ്വര്‍ഗവും.
ഇങ്ങനെ ഹ്രസ്വതയാര്‍ന്ന സാമൂഹിക ജീവിതത്തിലൂടെ നിത്യതയാര്‍ന്ന വ്യക്തിമോക്ഷം. ഈ സുമോഹന പ്രാപ്തിയിലേക്ക് അവരെ പാഠം ചൊല്ലി നടത്തുന്ന സാമൂഹിക നായകരാണ് പ്രവാചക മഹാശൃംഖല. ഈയൊരു മഹാരാശിയിലെ തിങ്കള്‍ ശുഭ്രതയാണ് പ്രവാചകന്മാരിലെ പ്രവാചകനായ ഇബ്‌റാഹീം, സ്രഷ്ടാവിന്റെ ആത്മമിത്രം. സൃഷ്ടികളുടെ മഹാ നായകന്‍. ഇസ്‌ലാമിക സരണിയില്‍ ഇത് വിരുദ്ധ ആശയമല്ല. കാരണം ദൈവത്തിന്റെ സരണിയില്‍ ധന്യത കൊള്ളുന്നവര്‍ മനുഷ്യപക്ഷത്തു തന്നെയാകണം കക്ഷിയാകേണ്ടത്. പല ദൈവങ്ങള്‍ ഇല്ലാത്തതുപോലെ പല അടരുകളില്‍ മനുഷ്യസമൂഹം വിഭജിതമാകാവതല്ല. അത് ദൈവവിരുദ്ധമാണ്. കാരണമത് മനുഷ്യവിരുദ്ധമാണ്.
ഇണയും തുണയും കുടുംബവും സമൂഹവുമായി കന്‍മഷങ്ങളേതുമില്ലാതെ ആമോദമായി ഭൂമിയില്‍ ജീവിക്കാന്‍ കാമിച്ചവരുടേതാണ് എന്നും മനുഷ്യമഹാചരിത്രം. ഈ ചരിത്രസഞ്ചാരത്തില്‍ ആത്മീയതയുടെ ഉള്ളടക്കംകൊണ്ട് ഭൂമിയിലെ സാമൂഹിക ജീവിതത്തെ വിമലീകരിക്കുന്ന മഹത്തായ ദൗത്യമാണ് ഇബ്‌റാഹീം പ്രവാചകന്‍ നിര്‍വഹിച്ചത്. പെരുന്നാളിന്റെ ആഘോഷത്തിമിര്‍പ്പില്‍ നാം ജാഗ്രതയോടെ കണ്ടെടുക്കേണ്ടത് ഈ ഇബ്‌റാഹീമീദൗത്യത്തെയാണ്. ഇബ്‌റാഹീം പ്രവാചകന്‍ തന്റെ സ്രഷ്ടാവിനെ ഉചിതവിധം പ്രണയിച്ചു. അത് അനുഷ്ഠാന കര്‍മങ്ങളെ ഉത്സവം പോലെ ആഘോഷിച്ചുകൊണ്ടായിരുന്നില്ല. ഒരു ജനതയുടെ സാമൂഹിക വ്യവഹാരങ്ങളെ തിളക്കത്തോടെ കണ്ടെടുത്തുകൊണ്ടായിരുന്നു. ആസറും നംറൂദുമായി ഇബ്‌റാഹീമിന്റെ അഭിമുഖീകരണം ദുഷ്ടാധികാരപ്രമത്തതയുടെ രൂക്ഷതയും ജനകീയ ബോധത്തിന്റെ മസൃണതയും തമ്മിലുള്ള അന്യോന്യങ്ങള്‍ തന്നെയായിരുന്നു. ഊറിലെയും പ്രാന്തങ്ങളിലെയും നഗരരാഷ്ട്രം തീക്ഷ്ണമായ ജാതിശ്രേണിയിലും ഫ്യൂഡല്‍ മൂല്യബോധങ്ങളിലും നിബന്ധിതമായിരുന്നു. ലോകത്തിലെ വിദൂര ദേശങ്ങളുമായി വണിക്ബന്ധങ്ങള്‍ വികസിപ്പിച്ച ഇവിടം അടിസ്ഥാന ജനത സാമൂഹിക ജീവിതത്തില്‍നിന്നും ഉന്തിമാറ്റപ്പെട്ടവര്‍ തന്നെയായിരുന്നു. ഇവര്‍ക്കു വേണ്ടി സംസാരിക്കുന്നതു കൂടിയാണ് തൗഹീദ്. ഏകദൈവത്വമെന്നത് മാനവികതയുടെ പ്രഖ്യാപനം കൂടിയാണ്. അത് കേവലാനുഷ്ഠാനമോ ആത്മീയ പ്രധാനമോ അല്ല. രാഷ്ട്രീയപരം തന്നെയാണ്. അതുകൊണ്ടാണ് ഊറിലെ അധീശവര്‍ഗം സ്വന്തം നാട്ടുകാരനെ അഗ്നിക്ക് സമര്‍പ്പിച്ചതും ശേഷം തുരത്തിയോടിച്ചതും. അങ്ങനെ ജനാഭിലാഷത്തെയും ഒപ്പം സ്രഷ്ടാവിന്റെ ഇംഗിതത്തെയും ഒന്നിച്ച് സംഗമിപ്പിക്കുന്നു ഊറിന്റെ ഈ വീരപുത്രന്‍. 'ജനങ്ങളുടെ നാഥനിലേക്ക് ഞാന്‍ അഭയം തേടുന്നു, ജനങ്ങളുടെ രാജാവിലേക്കും' എന്നതിന്റെ വിവക്ഷ പ്രവാചകന്‍ മുന്നോട്ടുവെച്ച തൗഹീദ് തന്നെയാണ്. പ്രവാചകന്മാരായ മൂസായും ഈസായും മുഹമ്മദും ഈയൊരു ജനകീയ പ്രതിരോധത്തിലെ കര്‍തൃസ്ഥാനത്താണ്. അവര്‍ക്കെന്നും ജനം പ്രധാനം തന്നെയാണ്. ജനപക്ഷത്തെ പ്രതീകവത്കരിക്കുക തൗഹീദിന്റെ രാഷ്ട്രീയമാണ്. ഊറിന്റെ പ്രാന്തങ്ങളില്‍ തൗഹീദിന്റെ രാഷ്ട്രീയം ഏറ്റെടുത്തപ്പോഴാണ് ഇബ്‌റാഹീം അല്ലാഹുവിന്റെ സുഹൃത്താകുന്നത്.
നംറൂദിന്റെ നാട്ടില്‍ പൗരന്മാര്‍ ഉണ്ടായിരുന്നില്ല. പകരം പ്രജകളായിരുന്നു. നിര്‍ഭയത്വം കളഞ്ഞുപോയ പൗരന്മാരാണ് പ്രജകളായി കൂനിനില്‍ക്കുക. അല്ലാഹുവിന്റെ മണ്ണില്‍ അവനു മാത്രം വിധേയപ്പെട്ടു മനുഷ്യര്‍ ജീവിക്കുമ്പോഴാണ് അവര്‍ സ്വതന്ത്രരായ പൗരന്മാരാകുന്നത്. നംറൂദിനെതിരെ ഇബ്‌റാഹീം പ്രവാചകന്‍ പോര്‍മുഖം തുറന്നത് മനുഷ്യാടിമത്തത്തില്‍നിന്നും അവരെ വിമോചിപ്പിച്ച് സ്വാതന്ത്യത്തിന്റെ നീലാകാശത്തിലേക്ക് അവരെ വാഴ്ത്തിനിര്‍ത്താനാണ്. മാനവ ജീവിതം പൊലിക്കുന്നതും തിടം വെക്കുന്നതും അവര്‍ സ്വതന്ത്രരാവുമ്പോഴാണ്. തൗഹീദ് സ്വാതന്ത്ര്യമാണ്. ഇതിനാണ് അദ്ദേഹം ഭൂഖണ്ഡാന്തര സഞ്ചാരിയായത്, സാധു ജീവിതങ്ങളെ ഭയത്തിന്റെ തടവില്‍ പിടിച്ച അധികാരത്തിന്റെ നംറൂദിനോട് മുഖാമുഖം നിന്നത്, വരേണ്യ മൂല്യബോധത്തിന്റെ ആസറീയത്തിനെതിരെ ന്യായം പറഞ്ഞത്. ഇത് രണ്ടും ഉഛാടിതമാകുമ്പോള്‍ കൂടിയാണ് തൗഹീദ് സംഭവിക്കുന്നത്. സമൂഹം നിര്‍ഭയമാകണമെങ്കില്‍ അവിടെ നീതി പൂത്തുനില്‍ക്കണം. ഏകാധിപത്യത്തിന്റെ കോവിലുകളിലും കൊത്തളങ്ങളിലും സമ്പൂര്‍ണമായ നീതി അസാധ്യമാണ്. കാരണം അവരുടെ മാനദണ്ഡങ്ങളും താപ്പുകളും സത്യസന്ധമാകില്ല. അവരുടെ കാമനകളില്‍ ജഡിക മോഹങ്ങളും ദ്രവ്യതാല്‍പര്യങ്ങളും നൃത്തം ചെയ്യും. സമ്പൂര്‍ണമായ നീതി സൃഷ്ടികള്‍ക്ക് അപ്രാപ്യമാവും. അത് സ്രഷ്ടാവിന് വിധേയമാവുമ്പോള്‍ മാത്രം സംഭവിക്കുന്നതാണ്. അതുകൊണ്ടാണ് തൗഹീദ് പ്രവര്‍ത്തിക്കുന്ന നീതി ബോധങ്ങളാകുന്നത്. ഭൗതിക സമാജത്തില്‍ തുടിച്ചുനില്‍ക്കേണ്ട നീതി തൗഹീദിന്റെ പുറത്തല്ല, അകത്തു തന്നെയാണ്. അഥവാ തൗഹീദ് തന്നെയാണ്. ഈയൊരു തൗഹീദിനെത്തന്നെയാണ് ഊറില്‍ ഇബ്‌റാഹീം ഉയര്‍ത്തിനിര്‍ത്തിയത്. അതുകൊണ്ടുകൂടിയാണ് അദ്ദേഹം അല്ലാഹുവിന്റെ സുഹൃത്താകുന്നത്.
ഊറിലെ ഫ്യൂഡല്‍ കുടിലതകളെ ഇബ്‌റാഹീം പ്രവാചകന്‍ ചോദ്യം ചെയ്തത് അതത്രയും മനുഷ്യവിരുദ്ധമായതുകൊണ്ടുകൂടിയാണ്. അതുകൊണ്ടു തന്നെ ദൈവവിരുദ്ധവും. വിഗ്രഹങ്ങളെ നിരാകരിച്ചത് ആരാധനാ രൂപത്തിലെ ബഹുസ്വരതയെ നിഷേധിച്ചതല്ല. മറിച്ച് നിസ്സഹായമായ വിഗ്രഹങ്ങളെ മുന്‍നിര്‍ത്തി ഊറിലെ പ്രഭുവര്‍ഗം വികസിപ്പിച്ച ഫ്യൂഡല്‍ രാഷ്ട്രീയത്തെ ചോദ്യം ചെയ്തതാണ്. പ്രവാചക•ാര്‍ക്ക് ജനം പ്രധാനം തന്നെയാണ്; അവരെ നിയോഗിച്ച അല്ലാഹുവിനു അവന്റെ അടിമകള്‍ പ്രധാനമായതുകൊണ്ട്.
അങ്ങനെ മനുഷ്യചൂഷണത്തിന്റെ തമോഗര്‍ത്തങ്ങളില്‍നിന്ന് സ്രഷ്ടാവിന്റെ സമ്പൂര്‍ണമായ സംരക്ഷണത്തിലേക്ക് പൗരസഞ്ചിതങ്ങളെ വിമോചിപ്പിക്കുക. ഇതുതന്നെയാണ് തൗഹീദ്. നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളാവുക എന്ന ഇസ്‌ലാമികാധ്യാപനത്തിന്റെ അന്തസ്സാരവും ഇതുതന്നെ. അല്ലാഹുവിന്റെ അടിമകള്‍ക്ക് സ്വത്വവും സ്വാതന്ത്ര്യവും സമൃദ്ധിയും സമ്പൂര്‍ണമായും സുലഭ്യമാക്കുക. ഈയൊരു പ്രയോഗപഥത്തില്‍ സഞ്ചാരം ചെയ്താല്‍ ഇഹപര ലോകങ്ങളിലെ ക്ഷേമൈശ്വര്യങ്ങളാണ് അല്ലാഹു വാഗ്ദത്തം നല്‍കുന്നത്. ഭൗതിക ജീവിത വ്യവഹാര മണ്ഡലം മതത്തിന്റെ പുറത്തല്ല, അകത്തു തന്നെയാണ്. ഇത് കണ്ടെടുത്തു കൂടിയാണ് ഇബ്‌റാഹീം പ്രവാചകന്‍ ജനങ്ങളുടെ നായകനാകുന്നത്. അല്ലാഹുവിന്റെ സുഹൃത്താകുന്നതും.
സാമൂഹിക ശ്രേണിയിലെ ഏറ്റവും തിരസ്‌കൃത രാശിയില്‍നിന്നാണ് ഇബ്‌റാഹീം പ്രവാചകന്‍ ഹാജറിനെ സ്വന്തമാക്കുന്നത്. അവരെയും കൂടെക്കൂട്ടിയാണ് അദ്ദേഹം അറേബ്യന്‍ വിജനതയിലെ കല്ലുമലകളിലേക്ക് പുതിയ നാഗരികത പണിയാന്‍ പോയത്. പ്രവാചകന്മാര്‍ സമര്‍പ്പിക്കുന്ന ആകാശീയ സംസ്‌കൃതിയില്‍ ജാതിബോധങ്ങളുടെ ഝങ്കാരങ്ങളില്ല. അതത്രയും ചാമ്പലാക്കണമെന്ന ഇസ്‌ലാമിന്റെ ശാഠ്യപ്രഖ്യാപനമാണ് മക്കയില്‍ ഇബ്‌റാഹീം പ്രവാചകനും പൗത്രന്‍ മുഹമ്മദ് നബിയും സാക്ഷാത്കരിച്ചത്. ഊറിലെ ആഢ്യവംശക്കാരായ അമേരുവിലെ ഇബ്‌റാഹീമും തിരസ്‌കൃതരായ അടിമ വര്‍ഗത്തിലെ ഹാജറും ഒന്നായി ലയിച്ചുനില്‍ക്കുമ്പോള്‍ ഫ്യൂഡല്‍ മൂല്യബോധത്തിലെ മുഖംമൂടി അഴിഞ്ഞുവീഴുന്നു. അതിലൂടെ ജാതനായ ഇസ്മാഈല്‍ മാനവ വംശരാശിയെ പ്രതീകവത്കരിക്കുന്നു.
ഒരു ജനതക്കു വേണ്ട സുരക്ഷയും നിര്‍ഭയത്വവും മാത്രമല്ല അവര്‍ ഭൗതിക വിഭവങ്ങളില്‍ സമൃദ്ധരാകണം. ഊറിലെ ചൂഷണ വ്യവസ്ഥിതിയില്‍ അതസാധ്യമാകും. ഊര്‍ ഏതു കാലത്തും ചൂഷണ സാമൂഹികതയെ പ്രതീകവല്‍ക്കരിക്കുന്നു. കലര്‍പ്പില്ലാത്ത പുത്തന്‍ നാഗരികത പണിയാനാണ് ഇബ്‌റാഹീം ദേശസഞ്ചാരം ചെയ്തത്, ആ അന്വേഷണ സഞ്ചാരം അറേബ്യയിലെ വിദൂര വിജനതയില്‍ അവസാനിച്ചത്, അവിടെ കഅ്ബാ മന്ദിരം പണിതുവെച്ചത്. പുത്തന്‍ സാംസ്‌കാരിക പ്രതീക്ഷയുടെ ആ കൊത്തളത്തില്‍നിന്ന് ആ മഹാമനുഷ്യന്‍ തന്റെ രക്ഷിതാവിലേക്ക് സമര്‍പ്പിക്കുന്ന ഏറെ കാതരമായൊരു അപേക്ഷയുണ്ട്. അത് ആത്മീയ പ്രധാനമായ അനുഷ്ഠാനത്തെ പ്രതിയല്ല. ഭൗതികവും രാഷ്ട്രമീമാംസാപരവുമാണ്. 'ഞങ്ങള്‍ നിര്‍മിച്ചത് നിന്റെ ചൈതന്യ ഗേഹമാണ്. ഇത് നീ സ്വീകരിച്ചാലും. പകരം ഈ ദേശത്ത് പൊലിക്കേണ്ടത് പരമമായ ശാന്തിയും നിര്‍ഭയത്വവും സമൃദ്ധിയുമാകണം.' ഇതാണ് ഭൂമിയില്‍ മനുഷ്യവാസത്തിന്റെ സ്വസ്ഥതക്കാവശ്യം. ഇത് കേവലമായ അപേക്ഷയല്ല. തന്റെ ആവശ്യത്തിനദ്ദേഹം അല്ലാഹുവിനോടു വാക്കുവാങ്ങുന്നു.
ഇതിനൊന്നും വിശ്വാസപരമായ കൃത്യത ഉപാധി പോലുമാക്കാതെ പ്രപഞ്ചനാഥന്‍ അതേറ്റെടുക്കുകയും ചെയ്തു. ഭൂമിയില്‍ പുലരേണ്ടതും ഭൂമിയെ പുണരേണ്ടതും ഈ സാമൂഹിക സന്ദര്‍ഭമാണെന്നു ഇബ്‌റാഹീം പ്രവാചകന് അറിയാമായിരുന്നു. അതാണ് തൗഹീദ്. അത് തിരിച്ചറിഞ്ഞ് അതിനായി ഭൂമിയില്‍ ദേഹണ്ണിച്ചതു കൊണ്ടാണ് അദ്ദേഹം ജനനേതാവായത്. അതിനാല്‍തന്നെയാണ് ഇബ്‌റാഹീം അല്ലാഹുവിന്റെ സുഹൃത്തായത്.
ഇബ്‌റാഹീമീ കുടുംബം ചമയിച്ചൊരുക്കിയ കഅ്ബാ ചത്വരം വിശ്വാസികളുടെ അനുഷ്ഠാനകേന്ദ്രം മാത്രമല്ല, അത് സാമൂഹികവ്യവഹാരത്തിന്റെ ആസ്ഥാനം കൂടിയായിരുന്നു. ദൈവഗേഹത്തിന്റെ മച്ചകം കാണാനുള്ള അടങ്ങാത്ത മോഹവുമായി ഊരാളന്റെ മുന്നിലെത്തിയ പ്രവാചകന്‍ ക്രൂരമായി പരിഹസിക്കപ്പെടുന്നു. അപ്പോള്‍ അദ്ദേഹം നടത്തിയ ഒരു നിരീക്ഷണമുണ്ട്. കഅ്ബാലയത്തിന്റെ താക്കോല്‍കൂട്ടം എന്റെ കരതലത്തിലണയുന്ന ഒരു ശുഭദിനം വരും. അന്നു ഞാന്‍ തീരുമാനിക്കും ഇതാര്‍ക്ക് നല്‍കണമെന്ന്. ഇതൊരു പ്രവചനം മാത്രമായിരുന്നില്ല, ഒരു ദേശ കര്‍തൃത്വത്തിന്റെ ധീരമായ പ്രതീക്ഷയും സാധ്യതയും കൂടിയായിരുന്നു. അന്ധകാര കാലത്തു പോലും ഈയൊരു ഇബ്‌റാഹീമീകേന്ദ്രം അനുഷ്ഠാന ജീവിതത്തിന്റെ ആസ്ഥാനം മാത്രമായിരുന്നില്ല, മറിച്ച് ദേശവ്യവഹാരത്തിന്റെ തിളക്കുന്ന കോവിലുകള്‍ കൂടിയായിരുന്നു. അപ്പോഴേ സാമൂഹികജീവിതത്തില്‍ പെരുന്നാളുകള്‍ സംഭവിക്കുകയുള്ളൂ. പെരുന്നാളുകള്‍ ഒരു പ്രതീകമാണ്. ഭൂമിയില്‍ അല്ലാഹുവിന്റെ സൃഷ്ടികള്‍ എന്നും അനുഭവിക്കണമെന്ന് അവന്‍ കാമിക്കുന്ന സൗഖ്യജീവിതം. ഇതു പക്ഷേ സ്വയം സംഭവിക്കുകയില്ല. ഇതിന് ഇബ്‌റാഹീം പ്രവാചകനെപ്പോലെ ഭൂമിയില്‍ ദേഹണ്ണിക്കണം. അപ്പോള്‍ മാത്രമാണ് മറുലോകത്ത് അനശ്വരമായ പെരുന്നാള്‍ സംഭവിക്കുക.
Comments