ഹിജ്‌റയുടെ പ്രസക്തി, മാഹാത്മ്യം
ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന ഒരു സത്യവിശ്വാസി നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നു. തിന്മയുടെ കല്ലും മുള്ളും നിറഞ്ഞ മലമ്പാത താണ്ടാന്‍ പണിയെടുക്കുന്നു. മറ്റൊരു സത്യവിശ്വാസി പ്രയാസങ്ങളൊന്നുമില്ലാത്ത സ്ഥലത്തേക്ക് ഹിജ്‌റ പോയി ഇസ്‌ലാമിലെ അനുഷ്ഠാന കര്‍മങ്ങള്‍ ചെയ്ത് സമാധാനപരമായി ജീവിക്കുന്നു. നീതിമാനായ അല്ലാഹു ഇതില്‍ ഏത് വിശ്വാസിക്കാണ് സ്വര്‍ഗപ്രവേശം എളുപ്പമാക്കുക?
കുഞ്ഞുമുഹമ്മദ് മന്ദലാംകുന്ന്
സ്വദേശത്ത് വിശ്വാസസ്വാതന്ത്ര്യം പൂര്‍ണമായി നിഷേധിക്കപ്പെടുകയും മതാനുഷ്ഠാനങ്ങള്‍ തടയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍, പ്രതിരോധം സാധ്യമല്ലെങ്കില്‍ മാത്രം നിര്‍വഹിക്കേണ്ട കടമയാണ് ഹിജ്‌റ അഥവാ പലായനം. അത്തരം സാഹചര്യങ്ങളില്‍ ഹിജ്‌റ നിര്‍ബന്ധമാണെന്നതോടൊപ്പം രക്തസാക്ഷിത്വത്തോളം പുണ്യമുള്ള മഹല്‍കൃത്യമാണു താനും. എന്നാല്‍, സ്വദേശത്ത് ഒരുവിധ മതസ്വാതന്ത്ര്യവും ഇല്ലാതിരിക്കുമ്പോഴേ ഹിജ്‌റ സാധുവാകൂ. അപ്പോഴും വിശ്വാസസ്വാതന്ത്ര്യവും ഇസ്‌ലാമിക ജീവിതവും അനുവദിക്കപ്പെടുമെന്നുറപ്പുള്ള പ്രദേശത്തേക്കായിരിക്കണം ഹിജ്‌റ. ചട്ടിയില്‍നിന്ന് അടുപ്പിലേക്ക് ഹിജ്‌റയില്ല.
നമ്മുടെ കാലഘട്ടത്തില്‍ യഥാര്‍ഥ ദാറുല്‍ ഇസ്‌ലാം എന്നവകാശപ്പെടാവുന്ന ഒരു രാജ്യവും നിലവിലില്ല. ചില രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യം പേരിന് പോലുമില്ലെങ്കില്‍ ചിലേടത്ത് പരിമിതമായ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ട്. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണഘടനാപരമായി വിശ്വാസത്തിനും മതാനുഷ്ഠാനത്തിനും മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും പരിരക്ഷ നല്‍കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന തീവ്ര വലതുപക്ഷ ശക്തികള്‍ മുസ്‌ലിം ന്യൂനപക്ഷത്തെ ഞെക്കിഞെരിക്കാന്‍ പല മാര്‍ഗേണ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെ സമാധാനപരമായി ചെറുത്തുതോല്‍പിക്കാനുള്ള സ്വാതന്ത്ര്യവും മാര്‍ഗങ്ങളും തുറന്നുകിടക്കുകയാണ്. ഭൂരിപക്ഷ സമുദായത്തില്‍തന്നെ വലിയൊരു വിഭാഗം മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയുടെ നിലനില്‍പിനു വേണ്ടി പൊരുതുന്നുണ്ടു താനും. ഇത്തരമൊരു അന്തരീക്ഷം നിലനില്‍ക്കെ യഥാര്‍ഥ ബാധ്യത വിസ്മരിച്ച് അക്കരെപ്പച്ച തേടിപ്പോവുന്ന മനോഭാവം ഇസ്‌ലാമിക വീക്ഷണത്തില്‍ ന്യായീകരണമര്‍ഹിക്കുന്നില്ല. വിഡ്ഢിത്തവുമാണ്. അതിനാല്‍ തന്നെ അത് പുണ്യകരമായ ഹിജ്‌റയുമല്ല. പ്രയാസങ്ങളെയും പ്രതിബന്ധങ്ങളെയും വിശ്വാസദാര്‍ഢ്യത്തോടെ നേരിടാനാണ്, അവയുടെ മുന്നില്‍നിന്ന് ഓടി രക്ഷപ്പെടാനല്ല അല്ലാഹുവും പ്രവാചകനും സത്യവിശ്വാസികളോടാവശ്യപ്പെട്ടിരിക്കുന്നത്. വര്‍ഗീയ കലാപങ്ങളാല്‍ രക്തരൂഷിതമായിരുന്നല്ലോ വിഭജനാനന്തര ഇന്ത്യ. മുസ്‌ലിംകള്‍ക്ക് നേതൃത്വമോ ദിശാബോധം നല്‍കാന്‍ ആരുമോ ഇല്ലാത്ത അത്യന്തം പരിതാപകരമായ സാഹചര്യത്തില്‍ ചില പണ്ഡിതന്മാര്‍ ഹിജ്‌റയാണ് പോംവഴിയെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ശക്തിയുക്തം അതിനെ നിരാകരിച്ചത് ജമാഅത്തെ ഇസ്‌ലാമിയാണ്. സ്വര്‍ഗവും നരകവും തീരുമാനിക്കാനുള്ള അധികാരവും അവകാശവും അല്ലാഹുവിന് മാത്രമാണെന്നിരിക്കെ അത് ആര്‍ക്കെങ്കിലും പതിച്ചു നടത്തേണ്ട ജോലി വിശ്വാസികളുടേതല്ല. എന്നാല്‍, സ്വര്‍ഗത്തിലേക്കും നരകത്തിലേക്കുമുള്ള വഴികള്‍ അവന്‍ കാണിച്ചുതന്നിട്ടുണ്ട്. അതുപ്രകാരം തടസ്സങ്ങളോടും തിന്മയുടെ ശക്തികളോടുമുള്ള ധീരമായ പോരാട്ടമാണ് പറുദീസയിലേക്കുള്ള യഥാര്‍ഥ വഴി. പ്രഗത്ഭ പണ്ഡിതനായിരുന്ന അബ്ദുല്ലാഹിബ്‌നു മുബാറക്, തന്റെ കാലഘട്ടത്തിലെ സമാദരണീയനായ ആത്മീയ പുരുഷന് എഴുതിയ കാവ്യശകലങ്ങളുടെ ഉള്ളടക്കം ഇവിടെ ഓര്‍ക്കാവുന്നതാണ്:
പുണ്യഭൂമിയില്‍ ആരാധനയില്‍ നിമഗ്നനായ മനുഷ്യാ, ഞങ്ങളെയെങ്ങാനും താങ്കള്‍ കണ്ടിരുന്നില്ലെങ്കില്‍ ആരാധന കൊണ്ട് കളിക്കുകയാണ് താങ്കളെന്ന് ബോധ്യമായേനെ, താങ്കളുടെ കവിള്‍തടങ്ങള്‍ കണ്ണീര്‍കണങ്ങള്‍ കൊണ്ട് സജലങ്ങളാണെങ്കില്‍ ഞങ്ങളുടെ മാറിടങ്ങള്‍ രക്തത്താലാണ് അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നത്.
ദൈവസ്മരണയാല്‍ പരവശനാവുന്ന ഭക്തന്റെ കണ്ണുനീരിനേക്കാള്‍, അതിശ്രേഷ്ഠമായ ജിഹാദിന്റെ രക്തകണങ്ങളാണ് വിശിഷ്ടതരം എന്ന് ചുരുക്കം.
ഗോവധം ശരിയോ?
മറ്റുള്ളവരുടെ ആരാധ്യവസ്തുക്കളെ ശകാരിക്കരുത് എന്ന് ഖുര്‍ആന്‍ (6:108). ഇതനുസരിച്ച് ഹിന്ദുക്കളുടെ ആരാധ്യവസ്തുവായ പശുവിനെ അറുത്ത് അവരുടെ വിശ്വാസം വ്രണപ്പെടുത്തുന്നത് ശരിയാണോ?
കെ. റാനിയ പൊന്മുണ്ടം
ഹൈന്ദവരിലെ ഒരു സവര്‍ണ വിഭാഗം ഗോക്കളെ പൂജിക്കുന്നുവെന്നത് വാസ്തവമാണ്. അതിനാല്‍ അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയില്‍ ഗോക്കളെ കൊല്ലാതിരിക്കുന്നതാണ് ശരി. ഗോപൂജകരുടെ കണ്‍മുന്നിലും ആവാസ കേന്ദ്രങ്ങളിലും ഗോവധം ഒഴിവാക്കാനാണ് ഗോമാംസ പ്രേമികള്‍ ശ്രദ്ധിക്കേണ്ടത്. എന്നാല്‍, ഹിന്ദുക്കളില്‍ തന്നെ വലിയൊരു വിഭാഗം ഗോമാംസം ഭുജിക്കുന്നവരാണ്. മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, മതേതരവാദികള്‍ തുടങ്ങിയവരാരും ഗോമാംസം വര്‍ജ്യമായി കരുതുന്നില്ല. എന്നിരിക്കെ മതനിരപേക്ഷ ഭരണഘടന പ്രകാരം നിലവില്‍ വന്ന സര്‍ക്കാറുകള്‍ രാജ്യത്താകെ ഗോവധം മാത്രമല്ല ഗോമാംസം സൂക്ഷിക്കുന്നതും വില്‍ക്കുന്നതും ഭുജിക്കുന്നതും നിരോധിക്കുന്നതും കടുത്ത ശിക്ഷ വിധിക്കുന്നതും ന്യായീകരണമര്‍ഹിക്കുന്നില്ല. ഗോസംരക്ഷകരെന്നവകാശപ്പെടുന്ന കാപാലികര്‍ മുസ്‌ലിംകളെയും ദലിതുകളെയും തല്ലിക്കൊല്ലുന്നതിനെതിരെയും ശബ്ദമുയര്‍ത്താതിരിക്കാനാവില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇത്തരക്കാരെ വ്യാജ ഗോസംരക്ഷകരായിട്ടാണ് കാണുന്നത്.
ഓണാഘോഷത്തിലെ മുസ്‌ലിം പങ്കാളിത്തം
ഓണം മലയാളിയുടെ ദേശീയ ഉത്സവമാണെന്ന് നാം പഠിപ്പിക്കപ്പെടുന്നു. പക്ഷേ, കേരളത്തിലെ മുസ്‌ലിംകള്‍ ഓണം ആഘോഷിക്കാറില്ല. ഒരു ഹൈന്ദവ ആചാര ആഘോഷമായാണ് മുസ്‌ലിംകള്‍ ഓണത്തെ കാണുന്നത്. ഓണം ഹൈന്ദവ ആചാര ആഘോഷമാണെങ്കിലും നാം മനസ്സിലാക്കിയ ഓണസന്ദേശത്തിന്, ഇസ്‌ലാമും മുസ്‌ലിംകളുമായല്ലേ കൂടുതല്‍ യോജിപ്പ്? 'മാവേലി നാടുവാണിടും കാലം മാനുഷരല്ലാരും ഒന്നുപോലെ' എന്നു തുടങ്ങുന്ന ഈരടികള്‍ ഇസ്‌ലാം വിഭാവനം ചെയ്യുന്ന സമത്വം പുലരുന്ന ലോകത്തിന്റെ ചിത്രമല്ലേ വരച്ചുകാണിക്കുന്നത്? ഇസ്‌ലാമിന്റെ മാനവിക സന്ദേശമല്ലേ അതില്‍ മുഴങ്ങിക്കേള്‍ക്കുന്നത്? പൂവിളിയിലും പൂക്കളത്തിലും പുലിക്കളിയിലും വള്ളം കളിയിലുമെല്ലാം ഒരു ബഹുസ്വര സമൂഹത്തിലെ ഘടകമെന്ന നിലയില്‍ (അല്ലാതെയും) മുസ്‌ലിംകള്‍ക്കും പങ്കെടുത്തുകൂടേ?
നസീര്‍ പള്ളിക്കല്‍
പൗരാണിക കാലം മുതല്‍ മലയാളികള്‍ ആഘോഷിച്ചുവരുന്ന ഓണത്തിന് കാര്‍ഷിക ജീവിതവുമായിട്ടാണ് ബന്ധമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഓണത്തപ്പനായി ചിത്രീകരിക്കപ്പെടുന്ന മാവേലി അസുര ചക്രവര്‍ത്തിയായിരുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഐതിഹ്യ കഥാപാത്രം എന്നതാണ് സൂക്ഷ്മമായ വിലയിരുത്തല്‍. പ്രജകള്‍ സമത്വ സുന്ദരമായ ജീവിതം നയിച്ചിരുന്ന ഒരു സുവര്‍ണ കാലത്തെക്കുറിച്ച സ്വപ്‌നമാണ്, 'മാവേലി നാടുവാണിടും കാലം' എന്ന വിഖ്യാതമായ കാവ്യശകലം അവതരിപ്പിക്കുന്നത്. ചോദ്യത്തില്‍ പറഞ്ഞപോലെ കള്ളവും ചതിയുമില്ലാത്ത, മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങളായി കഴിഞ്ഞുകൂടുന്ന ഒരു നല്ല നാളെ എന്നത് ഇസ്‌ലാമിന്റെ കൂടി സങ്കല്‍പമാണ്. ആ അര്‍ഥത്തില്‍ ഓണഘോഷങ്ങളില്‍ മുസ്‌ലിംകളും പങ്കുചേരുന്നതില്‍ വിശ്വാസ വ്യതിയാനമൊന്നും കണ്ടെത്താന്‍ ശ്രമിക്കേണ്ടതില്ല. ഏകദൈവത്വം എന്ന ഇസ്‌ലാമിന്റെ അടിത്തറക്ക് നിരക്കാത്ത ഒരാചാരവും മുസ്‌ലിംകള്‍ക്ക് സ്വീകാര്യമല്ല എന്നത് പൂര്‍ണമായും ശരിയായിരിക്കെ, ഇതര സമുദായങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരുന്നതും സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിടുന്ന അവസരങ്ങള്‍ ഉപയോഗിക്കുന്നതും തെറ്റല്ലെന്ന് മാത്രമല്ല അഭികാമ്യം കൂടിയാണ്. മതാചാരപരമായ ചടങ്ങുകളില്‍നിന്നേ വിട്ടുനില്‍ക്കേണ്ടതുള്ളൂ. സാമുദായിക സൗഹാര്‍ദം ഏറെ സുപ്രധാനമായ നിലവിലെ ദേശീയ സാഹചര്യങ്ങളില്‍ അത് ശക്തിപ്പെടുത്താനുതകുന്ന നിലപാടുകളാണ് വേണ്ടത്, വിട്ടുനില്‍ക്കാനുള്ള സൂക്ഷ്മ കാരണങ്ങള്‍ പരതിപ്പോവുകയല്ല.
Comments