മുന്‍ഗണനകള്‍ തകിടം മറിയുമ്പോള്‍
'എന്റെ കൈയില്‍ കുറച്ച് പണമുണ്ട്. അതെടുത്ത് ഈ വര്‍ഷത്തെ ഹജ്ജിന് പോകാമെന്ന് വിചാരിക്കുന്നു. അതേസമയം എന്റെ മകന്റെ വിവാഹം ഉടന്‍ നടത്തേണ്ടതുമുണ്ട്. വിവാഹച്ചെലവുകള്‍ എടുക്കേണ്ടത് ഹജ്ജിന് പോകാന്‍ വെച്ച ഈ പണത്തില്‍നിന്നാണ്. രണ്ടില്‍ ഏതെങ്കിലുമൊന്നേ നടക്കൂ. ഞാന്‍ ഏതാണ് തെരഞ്ഞെടുക്കേണ്ടത്?'' ഒരു പണ്ഡിതനോട് ഒരു സാധാരണക്കാരന്‍ ഫത്‌വ ചോദിച്ചു. പണ്ഡിതന്റെ മറുപടി: ''ഹജ്ജിന് പോവുകയാണ് വേണ്ടത്. കാരണം ഹജ്ജ് നിര്‍ബന്ധ(ഫര്‍ദ്)വും വിവാഹം ഐഛിക(സുന്നത്ത്)വുമാണല്ലോ.'' ഈ ഫത്‌വയെ ഒരാള്‍ക്കും കുറ്റം പറയാനാവില്ല. ഇസ്‌ലാമിക ശരീഅത്തിലെ മുന്‍ഗണനയനുസരിച്ച് നിര്‍ബന്ധ കര്‍മങ്ങള്‍ കഴിഞ്ഞേ ഐഛികമായവ പരിഗണിക്കേണ്ടതുള്ളൂ. ഫത്‌വക്ക് പ്രമാണപരമായി തകരാറില്ല എന്നര്‍ഥം. എന്നാല്‍ സാധാരണക്കാരന്റെ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന ഭയവും ഉത്കണ്ഠയും നമ്മുടെ മുഫ്തി കാണാതെ പോയി. വിവാഹം നടന്നില്ലെങ്കില്‍ തന്റെ മകന്‍/മകള്‍ വഴിതെറ്റുമോ എന്ന് അയാള്‍ ആശങ്കിക്കുന്നുണ്ട്. ഹജ്ജിന് പോയാല്‍ വ്യക്തിപരമായി നിരവധി ആത്മീയ നേട്ടങ്ങളുണ്ട്. രക്ഷിതാവ് നിര്‍ണയിച്ച ആയുഷ്‌കാല ബാധ്യത നിര്‍വഹിക്കുകയും ചെയ്യാം. പക്ഷേ, വ്യക്തിപരമായ ഈ നേട്ടങ്ങളൊക്കെ നിഷ്പ്രഭമായിത്തീരും, വിവാഹം നടക്കാത്തതുകൊണ്ട് മകനോ മകളോ വഴിതെറ്റിയാല്‍. സന്ദര്‍ഭവും സാഹചര്യവും (വാഖിഅ്) കണക്കിലെടുത്തില്ല എന്നതാണ് ഇവിടത്തെ പ്രശ്‌നം. മതവിധി നല്‍കുന്നവര്‍ അതുകൂടി കണക്കിലെടുത്തേ മതിയാവൂ.
ഏതിന് മുന്‍ഗണന നല്‍കണം എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. മേല്‍കൊടുത്ത സംഭവത്തിലെന്ന പോലെ, പ്രമാണപാഠങ്ങള്‍ മാത്രം നോക്കി ചിലപ്പോള്‍ മുന്‍ഗണനകള്‍ നിശ്ചയിക്കാന്‍ കഴിയണമെന്നില്ല. വ്യക്തിയും കുടുംബവും സമൂഹവും ജീവിക്കുന്ന സാഹചര്യം കൂടി പഠിക്കേണ്ടിവരും. കാലം മാറുമ്പോള്‍ മുന്‍ഗണനകളും മാറിവരാം. കാലം മാറുമ്പോള്‍ ഫത്‌വകളും മാറും എന്ന് പറയുന്നത് അതുകൊണ്ടാണ്.
മുന്‍ഗണനകള്‍ തകിടം മറിയുന്നു എന്നത് ഇന്ന് മുസ്‌ലിം ലോകം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുന്നു. അത് സംബന്ധിച്ച ഒരു പ്രത്യേക പഠനശാഖ (ഫിഖ്ഹുല്‍ ഔലവിയ്യാത്ത്) തന്നെ ഫിഖ്ഹുല്‍ മഖാസ്വിദിന് അനുബന്ധമായി വളര്‍ന്നുവരാന്‍ അതാണ് കാരണം. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി കൂട്ടായ്മകള്‍ ഇന്ന് സജീവമാണ്. അവയോരോന്നിന്റെയും ആഭിമുഖ്യങ്ങളിലും മുന്‍ഗണനകളിലും വലിയ വ്യത്യാസവും നമുക്ക് കാണാന്‍ കഴിയും. ചിലര്‍ ആത്മസംസ്‌കരണത്തില്‍ കേന്ദ്രീകരിക്കുന്നു, ചിലര്‍ രാഷട്രീയവശത്തിന് ഊന്നല്‍ നല്‍കുന്നു. മൂന്നാമതൊരു കൂട്ടര്‍ക്ക് വിശ്വാസകാര്യങ്ങളില്‍ മാത്രമേ താല്‍പര്യമുള്ളൂ. സാമൂഹിക മാറ്റങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഒട്ടും ശ്രദ്ധകൊടുക്കാതെ പ്രാര്‍ഥനാ മന്ത്രങ്ങളില്‍ മാത്രം അഭിരമിക്കുന്ന ഗ്രൂപ്പുകളുമുണ്ട്. തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് യഥാര്‍ഥ ഇസ്‌ലാമിക പ്രബോധനം എന്ന് ഓരോ ഗ്രൂപ്പും അതിതീവ്രമായി വാദിക്കുകയും ചെയ്യുന്നു. പരസ്പരം തള്ളിപ്പറയുന്നതില്‍ വരെ അതെത്താറുണ്ട്. ഇസ്‌ലാമിക ശീരഅത്തില്‍ കൃത്യമായി ദീക്ഷിച്ചിട്ടുള്ള മുന്‍ഗണനകള്‍ യഥാവിധി മനസ്സിലാക്കാത്തതുകൊണ്ടാണ് പലപ്പോഴും ഈ താളപ്പിഴകള്‍ സംഭവിക്കുന്നത്.
മുന്‍ഗണനകള്‍ ദീക്ഷിക്കുന്നതില്‍ വരുന്ന അപാകതകള്‍ സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടറിഞ്ഞ് മുന്‍ഗാമികള്‍ ആ വിഷയത്തില്‍ പ്രത്യേക രചനകള്‍ നടത്തിയിരുന്നു. പൊതുവെ 'അവാഇല്‍' (ആദ്യം ചെയ്യേണ്ടവ) എന്നായിരുന്നു ആ കൃതികള്‍ അറിയപ്പെട്ടിരുന്നത്.1 'ഉമറുബ്‌നുല്‍ ഖത്വാബിന്റെ രാഷ്ട്രീയ മുന്‍ഗണനകള്‍' ഈ വിഷയത്തില്‍ വന്ന ശ്രദ്ധേയമായൊരു ആധുനിക പഠനമാണ്.2 ഡോ. യൂസുഫുല്‍ ഖറദാവിയുടെ മുഖ്യപഠന വിഷയങ്ങളിലൊന്നുമാണിത്. രണ്ടണ്ട് കൃതികള്‍ ഈ വിഷയത്തില്‍ അദ്ദേഹം രചിക്കുകയുണ്ടായി. ആദ്യത്തേത്, 'വരും കാലങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍ഗണനകള്‍'.3 അതില്‍ ഈ പഠനശാഖയെ അദ്ദേഹം നിര്‍വചിക്കുന്നത് ഇപ്രകാരമാണ്: ''ഓരോ കാര്യത്തെയും അതതിന്റെ സ്ഥാനത്ത് വെക്കുക. മുന്തിക്കേണ്ടതിനെ പിന്തിക്കാന്‍ പാടില്ല. പിന്തിക്കേണ്ടതിനെ മുന്തിക്കാനും പാടില്ല. വലിയ കാര്യത്തെ ചെറുതാക്കരുത്. ചെറിയ കാര്യത്തെ വലുതാക്കുകയുമരുത്.'' 1989-ല്‍ അള്‍ജീരിയയില്‍ ചേര്‍ന്ന ഒരു മുസ്‌ലിം യുവജന കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രബന്ധമാണിത്. സ്ത്രീ ശാക്തീകരണം ഉള്‍പ്പെടെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സവിശേഷ ശ്രദ്ധകൊടുക്കേണ്ട നിരവധി കാര്യങ്ങള്‍ അദ്ദേഹം അക്കമിട്ട് നിരത്തുന്നു.
ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ വിഷയത്തെ പണ്ഡിതോചിതമായി വിലയിരുത്തുന്നത് രണ്ടാമത്തെ കൃതിയിലാണ്.4 അനുഷ്ഠാന തീവ്രതയെക്കുറിച്ച് അദ്ദേഹം പുസ്തകത്തിന്റെ ആമുഖത്തില്‍ പരിതപിക്കുന്നുണ്ട്. എത്രയോ വര്‍ഷമായി നിരന്തരം ഹജ്ജിന് പോകുന്ന ആളുകളെ തനിക്ക് നേരിട്ടറിയാമെന്ന് അദ്ദേഹം പറയുന്നു. ഹജ്ജിന് വരുന്നവരില്‍ ബഹുഭൂരിഭാഗവും നേരത്തേ ഹജ്ജ് ചെയ്ത ഇത്തരക്കാരണ്. ആദ്യഹജ്ജിന് കാത്തിരിക്കുന്ന എത്രയാളുകളുടെ അവസരമാണ് ഇവര്‍ തട്ടിയെടുക്കുന്നത്! ഓരോ കൊല്ലവും ഹജ്ജിന് ചെലവാക്കുന്ന ഈ സംഖ്യയില്‍ ചെറിയൊരു വിഹിതം ആഫ്രിക്കയില്‍ പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കിക്കൂടേ എന്ന് ചോദിച്ചാല്‍ അവരത് ചെവിക്കൊള്ളുകയില്ല. അതിലൊക്കെ എന്ത് ആത്മീയത എന്നായിരിക്കും അവരുടെ ഭാവം. മുന്‍ഗണനകളില്‍ വന്‍ അട്ടിമറി നടന്നുകൊണ്ടിരിക്കുന്ന ഇതുപോലെ നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.
പ്രവൃത്തിയേക്കാള്‍ മുന്‍ഗണന അറിവിന്, മനഃപാഠത്തേക്കാള്‍ മുന്‍ഗണന ഗ്രാഹ്യത്തിന്, എണ്ണത്തേക്കാള്‍ മുന്‍ഗണന ഗുണത്തിന്, തഖ്‌ലീദിനേക്കാള്‍ മുന്‍ഗണന ഇജ്തിഹാദിന്, പ്രയാസപ്പെടുത്താതെ എളുപ്പമാക്കുന്നതിന് മുന്‍ഗണന, ഏറ്റവുമധികം സ്വാധീനമുണ്ടാക്കുന്ന പ്രവൃത്തികള്‍ക്ക് മുന്‍ഗണന, ശാഖകളേക്കാള്‍ അടിസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന, ഐഛിക കര്‍മങ്ങളേക്കാള്‍ നിര്‍ബന്ധ കര്‍മങ്ങള്‍ക്ക് മുന്‍ഗണന തുടങ്ങി നിരവധി ഉപശീര്‍ഷകങ്ങളില്‍ പ്രമാണങ്ങളുടെയും ഇസ്‌ലാമിക ചരിത്രത്തിന്റെയും പിന്‍ബലത്തില്‍ അദ്ദേഹം മുന്‍ഗണനകളെ വിശദീകരിക്കുന്നുണ്ട്.
ചരിത്രത്തിലെ അട്ടിമറികള്‍
മുന്‍ഗണനകള്‍ അട്ടിമറിഞ്ഞതിനും അത് വന്‍ദുരന്തമായി കലാശിച്ചതിനും ഇസ്‌ലാമിക ചരിത്രത്തില്‍ എമ്പാടും തെളിവുകളുണ്ട്. വളരെ സദുദ്ദേശ്യത്തോടെ ആരംഭിച്ച വൈജ്ഞാനിക സംരംഭങ്ങള്‍ പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും പിന്നിടുമ്പോള്‍ നേര്‍ എതിര്‍ദിശയിലാവും ചെന്നെത്തിയിട്ടുണ്ടാവുക. 'വചനശാസ്ത്ര'(ഇല്‍മുല്‍ കലാം)ത്തിന്റെ പരിണതി മികച്ച ഉദാഹരണമാണ്. പേര്‍ഷ്യനും മറ്റുമായ അന്യവിശ്വാസക്രമങ്ങള്‍ മുസ്‌ലിംകളുടെ വിശ്വാസാചാരങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തുമോയെന്ന ആശങ്ക ഉയര്‍ന്ന സന്ദര്‍ഭത്തില്‍ അത്തരം പുറംസ്വാധീനങ്ങളെ ചെറുക്കുന്നതിനാണ് പണ്ഡിതന്മാര്‍ വചനശാസ്ത്രത്തിന് രൂപം നല്‍കുന്നത്.5 പക്ഷേ, വൈകാതെ എന്തിനുവേണ്ടി ഈ ജ്ഞാനശാഖ ഉടലെടുത്തുവോ ആ ലക്ഷ്യം വിസ്മരിക്കപ്പെട്ടു. തലനാരിഴ കീറിയ തര്‍ക്കവിതര്‍ക്കങ്ങളിലേക്കും അനാവശ്യമായ ബൗദ്ധിക വ്യായാമങ്ങളിലേക്കും അത് കൂപ്പുകുത്തി. ഇസ്‌ലാമിക വിശ്വാസക്രമത്തെ സംരക്ഷിക്കാന്‍ രംഗത്തുവന്ന ഒരു പ്രസ്ഥാനം ആ വിശ്വാസക്രമത്തിന്റെ അന്തകനായി മാറുന്ന കാഴ്ചയാണ് പിന്നീട് കാണാനാവുക. വിശ്വാസപരമായി വഴിതെറ്റിയ പല ഗ്രൂപ്പുകളുടെയും ആവിര്‍ഭാവത്തിന് അത് കാരണമായി. ഇതുതന്നെയാണ് സൂഫിസത്തിനും സംഭവിച്ചത്. ഭരണാധികാരികളും പ്രഭുക്കന്മാരും അവരെ ചുറ്റിപ്പറ്റിനിന്നിരുന്ന കൊട്ടാരപണ്ഡിതന്മാരും ആഡംബര ജീവിതത്തിലേക്ക് വഴിമാറിയപ്പോള്‍ അതിനെതിരെ ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെ പിടിച്ചുള്ള ഭൗതിക വിരക്തി (സുഹ്ദ്)യുടെ ആത്മീയ കലാപമായിരുന്നു യഥാര്‍ഥത്തില്‍ സൂഫിസം. അതിന്റെ പല ധാരകളും പില്‍ക്കാലത്ത് ഭൗതിക ജീവിതത്തില്‍നിന്ന് ഒളിച്ചോടുന്ന തികഞ്ഞ അരാഷ്ട്രീയതയായി പരിണമിച്ചു. അന്യസംസ്‌കാരങ്ങളിലെ അനിസ്‌ലാമികതകള്‍ക്ക് മുസ്‌ലിം സമൂഹത്തിലേക്ക് നുഴഞ്ഞുകയറാനുള്ള ഊടുവഴികളായും ചില സൂഫിധാരകളെങ്കിലും മാറി.
ചരിത്രത്തില്‍ ഫിഖ്ഹിന് സംഭവിച്ച കീഴ്‌മേല്‍ മറിച്ചിലുകളും ഇതുമായി ചേര്‍ത്തുവായിക്കണം. ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ കാലത്തെയും അതിന്റെ മാറ്റങ്ങളെയും വായിച്ച് മുസ്‌ലിം സമൂഹത്തിന് ദിശാബോധം നല്‍കുകയാണ് പണ്ഡിതന്മാരുടെ ചുമതല. ഇതിനവരെ പ്രാപ്തരാക്കുകയാണ് ഫിഖ്ഹും അതിന്റെ നിദാന ശാസ്ത്രങ്ങളും ചെയ്യുന്നത്. ഇസ്‌ലാമിന്റെ ആദ്യനൂറ്റാണ്ടുകളില്‍ ആ ധര്‍മം ഭംഗിയായി ഫിഖ്ഹ് നിര്‍വഹിക്കുകയും ചെയ്തു. പിന്നെയാണ് അട്ടിമറികള്‍ സംഭവിക്കുന്നത്. ജീവല്‍പ്രശ്‌നങ്ങളെ വിട്ട് സാങ്കല്‍പിക പ്രശ്‌നങ്ങളില്‍ അത് അഭിരമിക്കാന്‍ തുടങ്ങി. ഒരു സൂചിയുടെ അറ്റത്ത് എത്ര മാലാഖമാര്‍ക്ക് ഇരിക്കാം പോലുള്ള മധ്യകാല യൂറോപ്പിലെ 'ഗൗരവതരമായ' മതചര്‍ച്ചകളിലേക്ക് ഫിഖ്ഹി ചര്‍ച്ചകളും വഴിതെറ്റി. ഇവിടെയൊക്കെയും മുന്‍ഗണനകള്‍ തകിടം മറിഞ്ഞപ്പോഴാണ് അപ്രധാനവും അപ്രസക്തവും പലപ്പോഴും വഴികേടിന് നിമിത്തവുമാകുന്ന വിഷയങ്ങള്‍ മുന്‍നിരയിലേക്കെത്തുന്നത്.
ഫിഖ്ഹില്‍ മുന്‍ഗണനകള്‍ തകിടം മറിയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് 'സാങ്കല്‍പിക പ്രശ്‌നങ്ങളി'(ഖളായാ ഇഫ്തിറാളിയ്യ)ല്‍ ആ വൈജ്ഞാനിക ശാഖ കെട്ടുപിണഞ്ഞു പോയതാണെന്ന് സൂചിപ്പിച്ചു. ഇസ്‌ലാമിക വിശ്വാസസംഹിതയെയും നിയമവ്യവസ്ഥയെയും ഓരോ സമൂഹത്തിന്റെയും ജീവല്‍പ്രശ്‌നങ്ങളുമായി ബന്ധിപ്പിച്ച് പരിഹാരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സമര്‍പ്പിക്കുകയാണ് പണ്ഡിതന്മാരുടെ പ്രധാന ചുമതല. സാങ്കല്‍പിക പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുമ്പോള്‍ ജീവല്‍പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുക സ്വാഭാവികം. ഈ അപകടം മുന്‍കൂട്ടി കണ്ടാവണം ഇമാം മാലിക്, 'ഇങ്ങനെ സംഭവിച്ചാല്‍ എന്തായിരിക്കും പ്രതിവിധി' എന്ന മട്ടിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാറുണ്ടായിരുന്നില്ല. 'സംഭവിക്കട്ടെ, എന്നിട്ട് പറയാം' എന്നാകും അദ്ദേഹത്തിന്റെ മറുപടി. ഹനഫി മദ്ഹബാകട്ടെ സാങ്കല്‍പ്പിക ചോദ്യങ്ങള്‍ക്ക് നല്ലപോലെ ഇടം അനുവദിക്കുകയും ചെയ്തു. മൂന്നാം ലിംഗത്തില്‍പെട്ട വ്യക്തി ഗര്‍ഭം ധരിച്ച് കുഞ്ഞുണ്ടായാല്‍ അനന്തരാവകാശ നിയമത്തില്‍ പിതാവായാണോ മാതാവായാണോ ആ വ്യക്തിയെ പരിഗണിക്കുക, ജിന്നും മനുഷ്യനും വിവാഹിതരായാല്‍ അതിന്റെ വിധി എന്ത് പോലുള്ള തീര്‍ത്തും അസംബന്ധവും പരിഹാസ്യവുമായ ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്താന്‍ പണ്ഡിത ശിരോമണികള്‍ എത്രയെത്ര സമയവും അധ്വാനവുമാണ് മെനക്കെടുത്തിയത്! ഇത്തരം ചര്‍ച്ചകള്‍കൊണ്ട് ദീനിനോ ദുന്‍യാവിനോ ഒരു പ്രയോജനവുമില്ല.
വളരെ പ്രാധാന്യപൂര്‍വം മുന്‍ഗണന നല്‍കേണ്ട രാഷ്ട്രീയവും സാമൂഹികവും മറ്റുമായ ഒട്ടേറെ ജീവല്‍പ്രശ്‌നങ്ങളെ അവഗണിച്ചും കണ്ടില്ലെന്ന് നടിച്ചും പണ്ഡിതന്മാര്‍ സാങ്കല്‍പ്പിക മസ്അലകളില്‍ അഭിരമിച്ചതിന്റെ കൂടി ഫലമാണ് മുസ്‌ലിം സമൂഹത്തിന് നൂറ്റാണ്ടുകളോളം ചലനാത്മകത നഷ്ടപ്പെട്ടതും ജീര്‍ണതയിലേക്കത് വീണുപോയതും. 'ഇത്തരം ചര്‍ച്ചകളിലൂടെ ഒരു പ്രവൃത്തിയും ഉരുത്തിരിഞ്ഞുവരുന്നില്ല; ആ ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രമാണവും കണ്ടുകിട്ടുകയുമില്ല'6 എന്ന് ഇമാം ശാത്വിബി എഴുതിയിട്ടുണ്ട്. കാരണം, 'ഒരു ചിന്ത മൂല്യവത്തായിത്തീരണമെങ്കില്‍ ഇഹത്തിലോ പരത്തിലോ ഉള്ള മനുഷ്യജീവിതത്തിന് കര്‍മഫലങ്ങള്‍ നല്‍കാന്‍ അതിന് കഴിഞ്ഞിരിക്കണം.' 7
സാങ്കല്‍പിക ചോദ്യങ്ങളില്‍ അഭിരമിക്കല്‍ ഇപ്പോഴും കുറ്റിയറ്റു പോയിട്ടില്ലെങ്കിലും പൊതുവെ കുറവാണെന്ന് പറയാം. പകരം, ശാഖാപരമായ വിഷയങ്ങളില്‍ അഭിരമിക്കലാണ് പുതിയ ട്രെന്റ്. നമസ്‌കാരത്തിലെ തശഹ്ഹുദില്‍ ചൂണ്ടിയ വിരല്‍ മേലോട്ടും താഴോട്ടും ചലിപ്പിക്കണോ അതോ കറക്കിക്കൊണ്ടിരിക്കണോ, ശബ്ദം താഴ്ത്തിയാണോ ഉയര്‍ത്തിയാണോ ബിസ്മി ഓതേണ്ടത്, നമസ്‌കാരത്തില്‍ നെഞ്ചിലാണോ നെഞ്ചിനു താഴെയാണോ കൈ കെട്ടേണ്ടത് പോലുള്ള ശാഖാപരമായ (ഫിഖ്ഹുല്‍ മഖാസ്വിദിന്റെ ഭാഷയില്‍ 'ജുസ്ഈ' ആയ) കാര്യങ്ങളില്‍ തര്‍ക്കിക്കാന്‍ കാണിക്കുന്ന ഔത്സുക്യത്തിന്റെ ഒരു ചെറിയ അംശം പോലും ആഗോള മുസ്‌ലിം സമൂഹങ്ങളുടെ / രാഷ്ട്രങ്ങളുടെ കടബാധ്യത, മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള സമ്പത്തിന്റെയും ധിഷണയുടെയും ചോര്‍ച്ച, കള്ളവോട്ട് ചെയ്തും കൃത്രിമങ്ങള്‍ കാണിച്ചും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കല്‍ തുടങ്ങി സമുദായത്തിന്റെ നിലനില്‍പ്പുമായും ഭാവിയുമായും ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളില്‍ കാണാനില്ലെന്ന് ഫഹ്മി ഹുവൈദി പരിതപിക്കുന്നു.8
ഇപ്പോഴും മുസ്‌ലിം സമുദായത്തിന്റെ മുഖ്യമുന്‍ഗണനകളിലൊന്നായ പ്രതിരോധ സാഹിത്യത്തെ/ചിന്തയെ ഉമര്‍ ഉബൈദ് ഹസനഃ വിമര്‍ശനാത്മകമായി വിലയിരുത്തുന്നുണ്ട്. ശത്രുക്കളുടെ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിലാണ് മുസ്‌ലിം ചിന്തകരുടെയും പണ്ഡിതന്മാരുടെയും മുഴുശ്രദ്ധയും. തുടക്കവും ഒടുക്കവും പ്രതിരോധസാഹിത്യമാണ് എന്ന നിലയിലാണ് കാര്യങ്ങള്‍. പ്രതിരോധം വിട്ട് മൗലികമായ തനത് ചിന്തയിലേക്ക് (അല്‍ ഫിക്‌റുത്തഅ്‌സീസി) വഴിമാറുമ്പോഴേ സ്വീകാര്യവും നിര്‍മാണാത്മകവുമായ ഒരു ദര്‍ശനം ലോകത്തിന് മുമ്പില്‍ സമര്‍പ്പിക്കാനാവുകയുള്ളൂ.9
(തുടരും)
കുറിപ്പുകള്‍
1. അബൂബക്കര്‍ അഹ്മദ് ബ്‌നു അബീആസിന്റെയും അബൂഹിലാല്‍ അസ്‌കരിയുടെയും 'അല്‍ അവാഇല്‍', ജലാലുദ്ദീന്‍ സുയൂത്വിയുടെ 'അല്‍ വസാഇലു ഇലാ മഅ്‌രിഫതില്‍ അവാഇല്‍' എന്നിവ ഉദാഹരണം.
2. ഡോ. ഗാലിബ് അബ്ദുല്‍ കാഫി-ഔലവിയ്യാത്തുല്‍ ഫാറൂഖ് ഉമര്‍ അസ്സിയാസിയ്യഃ
3. ഔലയ്യാത്തുല്‍ ഹര്‍കത്തില്‍ ഇസ്‌ലാമിയ്യ ഫില്‍ മര്‍ഹലതില്‍ ഖാദിമ
4. ഖറദാവി-ഫീ ഫിഖ്ഹില്‍ ഔലവിയ്യാത്ത്: ദിറാസതുന്‍ ജദീദഃ ഫീ ളൗഇല്‍ ഖുര്‍ആനി വസ്സുന്നഃ
5. ഇതുസംബന്ധമായ വിശദാംശങ്ങള്‍ അഹ്മദ് അമീന്റെ 'ളുഹല്‍ ഇസ്‌ലാമി'ല്‍ (പേജ് 1-3) കാണുക.
6. ശാത്വിബി-അല്‍ മുവാഫഖാത്ത് 1/46
7. ഹുസൈന്‍ ഫള്‌ലുല്ല-അല്‍ ഹുവാറു ഫില്‍ ഖുര്‍ആന്‍, പേജ് 186
8. ഫഹ്മി ഹുവൈദി-അസിമ്മതുല്‍ വഅ്‌യിദ്ദീനി
9. ഉമര്‍ ഉബൈദ് ഹസനഃ-നള്‌റാതുന്‍ ഫീ മസീറതില്‍ അമലില്‍ ഇസ്‌ലാമി, പേജ് 62
Comments