Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 09

2967

1437 ദുല്‍ഹജ്ജ് 07

മക്കംകാണിയിലെ പെരുന്നാള്‍

മുഖ്താര്‍ ഉദരംപൊയില്‍

വീടിനടുത്തുള്ള വൃക്ഷത്തിന്റെ ഉച്ചിയില്‍നിന്ന് ഭാവനയില്‍ മുഴുകി നില്‍ക്കുമ്പോള്‍ അടിയില്‍നിന്ന് സുഹ്‌റ വിളിച്ചുചോദിക്കും; 'മക്കം കാണാവോ ചെറ്ക്കാ?' 

മജീദ് അതിനുത്തരമായി, ഉയരെ മേഘങ്ങളോട് പറ്റിച്ചേര്‍ന്നു പറക്കുന്ന പരുന്തുകളുടെ പാട്ട് എന്നു വിശ്വസിക്കുന്ന വരികള്‍ സ്വരമാധുര്യത്തോടെ ഉരുവിടും; 'മക്കം കാണാം, മദീനത്തെ പള്ളീം കാണാം' (ബാല്യകാല സഖി/ വൈക്കം മുഹമ്മദ് ബഷീര്‍). 

തുണിയുടെ തലപ്പ് ചുരുട്ടിപ്പിടിച്ച് ഇത്തിരി തുപ്പലം തേച്ച,് കണ്ണടച്ചുപിടിച്ച് നെറ്റിയില്‍ അമര്‍ത്തിയുരസിയാല്‍ മക്ക കാണാമെന്ന് പറഞ്ഞത് മൂന്നാം ക്ലാസില്‍, അടുത്തിരിക്കുന്ന നിസാറാണ്. മേഘങ്ങള്‍ക്കിടയില്‍ അന്ന് മക്ക കണ്ടു, നെറ്റിയിലെ നിസ്‌കാരത്തഴമ്പോളം വലുപ്പമുള്ള ചുവപ്പടയാളത്തോളം. കറുത്ത കഅ്ബ.

ഞാന്‍ കണ്ണടച്ചങ്ങനെ നിന്നു.

ഇബ്‌റാഹീം നബി ഹാജറയെയും കുഞ്ഞു ഇസ്മാഈലിനെയും മക്കയിലാക്കി തിരിച്ചു നടക്കുന്നു. ഹാജറ സ്വഫാ- മര്‍വക്കിടയില്‍ ഓടുന്നു. ഇസ്മാഈലിന്റെ കരച്ചില്‍. സംസത്തിന്റെ തണുപ്പ്...

അബൂബക്കര്‍ ഉസ്താദ്, ഇബ്‌റാഹീം നബിയുടെ കഥ പറയുകയാണ്. കത്തുന്ന സൂര്യനു താഴെ പൊള്ളുന്ന മരുഭൂമിയില്‍ നടക്കുമ്പോള്‍ ഹാജറയുടെ കാല്‍ വെന്തുകാണും! ഹാജറയുടെ ഒക്കത്തിരിക്കുകയാണ് ഇസ്മാഈല്‍, സംസം നനവുള്ള പുഞ്ചിരി. അവരുടെ നിഴലുകള്‍ വളര്‍ന്ന് രാത്രിയായി. എത്രയെത്ര നക്ഷത്രങ്ങള്‍! 

കുട്ടിക്കാലത്ത് കിട്ടിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം ആരോ ഹജ്ജിനു പോയി വന്നപ്പോള്‍ കൊണ്ടുവന്ന 'മക്കംനോക്കി'യാണ്. ചെറിയ ക്യാമറയില്‍ നിറയെ മക്കയുടെ ചിത്രങ്ങള്‍. ക്ടും ക്ടുംന്ന് ഞെക്കിയാല്‍ മാറിമാറി വരുന്ന വിസ്മയലോകം. കഅ്ബ, സംസം കിണര്‍, ഹറം പള്ളി, ഹജറുല്‍ അസ്‌വദ്... അപ്പോഴെല്ലാം ഇബ്‌റാഹീം നബിയും ഹാജറയുമ്മയും കുഞ്ഞുഇസ്മാഈലും പൊടിപാറുന്ന മരുഭൂമിയിലൂടെ നടന്നു. 

ബലിപെരുന്നാള്‍ വരുമ്പോഴെല്ലാം ഞാന്‍ മക്ക കിനാവുകാണും. മക്കംകാണിയുടെ ക്ടും ക്ടും ശബ്ദത്തോടൊപ്പം ഞാന്‍ മക്കയിലെത്തും, ഒട്ടകപ്പുറത്തേറിയെന്ന പോലെ. 

ഇബ്‌റാഹീം നബിയും ഇസ്മാഈലും കഅ്ബ പണിയുന്നു. ഹാജറയുമ്മ അവര്‍ക്ക് സംസം കൊടുക്കുന്നു. പെട്ടെന്ന് മിനാ മലയുടെ ചെരുവ് കാണും. വീടിനടുത്തുള്ള കടിഞ്ചീരിയന്‍ മലയാണ് എന്റെ മിന. മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന പച്ചക്കുന്നാണ് കടിഞ്ചീരിയന്‍ മല. മരങ്ങള്‍ വെട്ടിമാറ്റിയ, നിറയെ പാറക്കെട്ടുകളുള്ള ഒരു കടിഞ്ചീരിയന്‍ മലയാണ് എന്റെ മനസ്സിലെ മിന. ആ മലഞ്ചെരുവിലേക്കാണ് ഇസ്മാഈലിനെയും കൂട്ടി ഇബ്‌റാഹീം നടക്കുന്നത്. പിന്നെ ഒരാട്ടിന്‍കുട്ടിയുടെ കരച്ചിലാണ് കേള്‍ക്കുക.  

പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞാണല്ലോ ബലി. പോത്തും കാളയുമാണ് കൂടുതലും. പക്ഷേ, അപ്പോള്‍ പള്ളി മക്കയാവും. പള്ളിയോട് ചാരിയുള്ള പറമ്പിലാണ് ബലി. അതൊരു കുന്നായി പൊന്തിവന്ന് മിനയാവും. നിറയെ ആടുകളുടെ കരച്ചില്‍ കേള്‍ക്കും. 

ആളുകള്‍ തക്ബീര്‍ ചൊല്ലുന്നുണ്ടാവും. ഞാനും ഉറക്കെ അതില്‍ പങ്കുചേരും.

മക്ക ഓര്‍മയിലേക്ക് വരുമ്പോഴെല്ലാം എന്റെ കണ്ണില്‍ നിറയുന്ന മറ്റൊരു സംഗതിയുണ്ട്. അതൊരു പെട്ടിയാണ്. ഒരു വലിയ തകരപ്പെട്ടി. അതിന്‍മേല്‍ വല്യുപ്പയുടെ പേര് വലുതായി എഴുതിവെച്ചിട്ടുണ്ട്. വല്യുപ്പ ഹജ്ജിന് പോയപ്പോള്‍ സാധനങ്ങള്‍ കൊണ്ടുപോയ പെട്ടിയാണത്രെ. എന്താണ് ഇത്രയധികം കൊണ്ടുപോകാനുണ്ടായിരുന്നത്. എല്ലാ കഥകളും പറഞ്ഞുതന്നിരുന്ന വല്യുപ്പ തന്റെ ഹജ്ജ് യാത്രക്കഥ മാത്രം പറഞ്ഞുതന്നിട്ടില്ല. കപ്പലിലായിരുന്നു യാത്ര എന്ന് കേട്ടിട്ടുണ്ട്. മക്കത്ത് പോവാണെങ്കില്‍ കപ്പലില്‍തന്നെ പോവണമെന്നായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. കൂട്ടുകാരോടൊപ്പം കളിക്കുമ്പോള്‍ ഞാന്‍ ഇടക്ക് കപ്പലില്‍ മക്കത്ത് പോവാറുണ്ടായിരുന്നു. 

സുഊദി അറേബ്യയിലേക്കൊരു അവസരമുണ്ടെന്ന് കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ നിറഞ്ഞത് 'മക്കംനോക്കി'യിലെ ചിത്രങ്ങളാണ്. ഒരു റമദാനിലായിരുന്നു സുഊദിയിലേക്കുള്ള യാത്ര. റമദാന്‍ പത്തിന്. രിയാദിലെ ഒരു സുഊദി സ്‌കൂളിലാണ് ജോലി. ചിത്രം വര തന്നെ. ക്ലാസ് മുറിയിലും ക്ലാസിനു പുറത്തും ചുമരു മുഴുവന്‍ വരയോടുവര.

നോമ്പുകാലം കഴിയാന്‍ പോവുകയാണ്. സുഊദിയിലെ ആദ്യത്തെ പെരുന്നാളാണ് വരുന്നത്. രാത്രി, പണി സമയത്താണ് മുദീറുല്‍ മക്തബ് വന്നുപറഞ്ഞത്, നിങ്ങള്‍ക്ക് ഇപ്രാവശ്യം ഹജ്ജ് ചെയ്യാനുള്ള സൗഭാഗ്യം ഒത്തുവന്നിട്ടുണ്ടെന്ന്. വല്ലാത്ത ആഹ്ലാദത്തോടെയാണ് ഞങ്ങളത് കേട്ടത്. ഉറപ്പില്ല. എന്നാലും പ്രതീക്ഷയുണ്ട്. 

പെരുന്നാള്‍ ഉശാറാക്കണമെന്ന് എല്ലാവരും കൂടി തീരുമാനിച്ചതാണ്. പെരുന്നാള്‍ തലേന്ന് പണി തീരുമ്പോള്‍ പുലര്‍ച്ചെ രണ്ട് മണി കഴിഞ്ഞിരുന്നു. ബത്ത്ഹയില്‍ പോയി അരിയും സാമാനങ്ങളും വാങ്ങിവരുമ്പോള്‍ സ്വുബ്ഹ് ബാങ്കിന് അധികം സമയമില്ല. ഞങ്ങള്‍ റൂമിലെത്തുമ്പോള്‍ റൂമിനു മുന്നില്‍ സ്‌കൂളിന്റെ അസിസ്റ്റന്റ് എച്ച്.എം കാത്തുനില്‍പ്പുണ്ടായിരുന്നു. 

ചോക്ലേറ്റുകളും സ്‌കൂളിന്റെ പരസ്യമുള്ള ബ്രോഷറുകളും ഭംഗിയുള്ള ചെറിയ പെട്ടികളില്‍ നിറച്ചുവെക്കലായിരുന്നു അവസാനത്തെ പത്തിലുള്ള പണി. അതെല്ലാം എടുത്ത് കാറില്‍ വെച്ചു. ഞങ്ങളോടും കയറാന്‍ പറഞ്ഞു. ഞങ്ങള്‍ കുളിച്ചിട്ടില്ലെന്നും ഡ്രസ്സ് മാറട്ടെയെന്നും പറഞ്ഞു. അതിന്റെയൊന്നും ആവശ്യമില്ലെന്ന് അയാള്‍.

അടുത്തുള്ള രണ്ടു മൂന്നു പള്ളികളിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. പള്ളിക്കു മുന്നില്‍ ഒരു മേശയിട്ട് അതില്‍ സമ്മാനപ്പൊതികള്‍ നിരത്തി. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് വരുന്നവര്‍ക്ക് വിതരണം ചെയ്യാനുള്ളതാണത്. സ്വുബ്ഹ് നമസ്‌കാരം കഴിഞ്ഞാല്‍ പിന്നെ, അധിക സമയമില്ല, പെരുന്നാള്‍ നമസ്‌കാരത്തിന്. 

പണിക്ക് പോയപ്പോള്‍ അണിഞ്ഞ വസ്ത്രത്തിലാണ് നില്‍പ്. വിയര്‍പ്പ് നാറുന്നുണ്ട്. ഫ്‌ളൂറസെന്റ് പച്ച കളറുള്ള ഓരോ ബനിയന്‍ തന്നു, അയാള്‍. അതണിഞ്ഞു വേണം നില്‍ക്കാന്‍. ബനിയനില്‍ സ്‌കൂളിന്റെ പേരും എംബ്ലവും വലുതായി പ്രിന്റ് ചെയ്തിട്ടുണ്ട്. പെരുന്നാള്‍ കുപ്പായം!

പള്ളിക്കകത്തും പുറത്തും പെട്ടെന്ന് തിളങ്ങുന്ന തൂവെള്ള വസ്ത്രങ്ങള്‍ നിരന്നു. അത്തര്‍മണം പരന്നു. പള്ളിക്കു പുറത്ത് സമ്മാനപ്പൊതികള്‍ നിരത്തിയ മേശക്കരികില്‍നിന്നാണ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്.

റൂമില്‍ തിരിച്ചെത്തുമ്പോള്‍ ഉറക്കം കണ്ണില്‍ തൂങ്ങിനില്‍പ്പുണ്ടായിരുന്നു. എല്ലാവരും കിടന്നു. ഉണര്‍ന്നപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. വേഗം ചോറുണ്ടാക്കാനുള്ള ഏര്‍പ്പാടുകളായി. നല്ല വിശപ്പുണ്ട്. ബിരിയാണിയാണ് കരുതിയിരുന്നത്. ഉണ്ടാക്കി വന്നപ്പോള്‍ നെയ്‌ച്ചോറും കോഴിക്കറിയുമായി. ചോറുതിന്ന് പിന്നെയും കിടന്നു. ഉറങ്ങി ഉറങ്ങി ആ പെരുന്നാള്‍ കഴിഞ്ഞു.

പിന്നെ ഒരനക്കവുമില്ല. ഹജ്ജ് നടക്കുമോ?

ഒരു മാസം കഴിഞ്ഞപ്പോള്‍ വീണ്ടും മുദീറുല്‍ മക്തബ് പറഞ്ഞു. 

കുല്ലു ഹിന്ദി റൂഹ് മക്ക..!

ഇന്ത്യക്കാരെല്ലാം ഹജ്ജിനു പോകുന്നു. 

ഇന്ത്യക്കാരായി ഞങ്ങള്‍ അഞ്ചു പേരാണുള്ളത്. നാലു പേര്‍ കോഴിക്കോട്ടുകാരാണ്. ഞങ്ങളെ കൂടാതെ മൂന്ന് ബംഗാളികളാണ് (ബംഗ്ലാദേശുകാര്‍) അവിടെ ഉണ്ടായിരുന്നത്. അവര്‍ സ്‌കൂളിലെ ഹാരിസുമാരാണ് (വാച്ച്മാന്‍). അവര്‍ക്ക് വല്ലാത്ത മനഃപ്രയാസമായി, ഞങ്ങളുടെ ഹജ്ജ് യാത്ര. വര്‍ഷങ്ങളായി അവിടെ ജോലി ചെയ്യുന്നവരാണവര്‍. അവര്‍ പരിഭവം പറഞ്ഞു. 

എന്തു ചെയ്യാം; ഒന്നും നമ്മള്‍ തീരുമാനിക്കുന്നതല്ലല്ലോ. 

ഹജ്ജിനു പുറപ്പെടേണ്ട ദിവസം അടുത്തുവരികയാണ്. ഇനിയും ഒരു രൂപം വന്നിട്ടില്ല. ഹജ്ജിനുള്ള രേഖകളൊന്നും കൈയില്‍ കിട്ടിയിട്ടില്ല, ഇഖാമ പോലും കിട്ടിയിട്ടില്ല. പാസ്‌പോര്‍ട്ടിന്റെ കോപ്പിയില്‍ ഒപ്പും സീലും വെച്ചുതന്നിട്ടുണ്ട്, വന്നതിന്റെ പിറ്റേ ആഴ്ച. അതും കൈയില്‍ വെച്ചാണ് സര്‍ക്കീട്ട് മുഴുവനും. ഇതിപ്പോ പോക്ക് എങ്ങനാവുമെന്നൊരു പിടുത്തവും ഇല്ല. 

മുദീര്‍ ബശീര്‍ യമനിയും പറയുന്നു; നിങ്ങള്‍ പോകുന്നുണ്ട്.

എങ്കില്‍ ഇനിയും ഒരുങ്ങാനുണ്ട്. മാനസികമായും ശാരീരികമായും മുന്നൊരുക്കം ആവശ്യമാണ്. യാത്രക്കാവശ്യമായ സാധനങ്ങള്‍ വാങ്ങണം. ഇഹ്‌റാം വസ്ത്രം വേണം. പ്രതിരോധ കുത്തിവെപ്പെടുക്കണം.

അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി കുത്തിവെപ്പെടുത്തു. കുത്തിവെപ്പെടുത്ത കാര്‍ഡും കീശയിലിട്ട് ഞങ്ങള്‍ ബത്ത്ഹയിലേക്കു പോയി. ആവശ്യമായ സാധനങ്ങള്‍ വാങ്ങി.

പിറ്റേന്ന് രാവിലെ പുറപ്പെടണം. വീട്ടിലേക്കു വിളിച്ചു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വിളിച്ചു. എല്ലാവര്‍ക്കും സന്തോഷം. ഭാഗ്യമുള്ളവന്‍, എല്ലാവരും ആശംസിച്ചു. പ്രാര്‍ഥിക്കണം, എല്ലാവരും ആവശ്യപ്പെട്ടു. 

മനസ്സില്‍ മക്ക നിറയുകയാണ്. വിശാലമായ ഹറം പള്ളി. നടുക്ക് കറുത്ത കഅ്ബ. കഅ്ബക്കു ചുറ്റും ഒഴുകുന്ന കടല്‍ പോലെ മനുഷ്യര്‍. ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്..

മുദീര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. 

വേഗം ബസ്സുകള്‍ പള്ളിക്കു മുന്നിലെത്തിക്കണം. രാവിലെ സ്വുബ്ഹ് നമസ്‌കരിക്കാന്‍ ആ പള്ളിയിലെത്തണം. അവിടെ നിന്നാണ് പുറപ്പെടേണ്ടത്. 

കാര്യം പിടുത്തം കിട്ടിയത് അപ്പോഴാണ്. 

സ്‌കൂള്‍ ബസ്സിലാണ് യാത്ര. പുറത്തുനിന്നുള്ള ഒരു തട്ടിക്കൂട്ട് ഹജ്ജ് ഗ്രൂപ്പിനായുള്ള യാത്രയാണ്. പേപ്പറും രേഖകളൊന്നുമില്ലാത്ത പോക്കാണ്. 

മുദീര്‍ പറഞ്ഞ സ്ഥലത്ത് ബസ്സുകള്‍ കൊണ്ടുനിര്‍ത്തി. ഒരു ടാക്‌സി വിളിച്ച് തിരിച്ചുപോന്നു. 

രേഖകളൊന്നുമില്ലാത്ത യാത്ര നിയമവിരുദ്ധമാണ്. പോലിസ് പിടിച്ചാല്‍ ഗുലുമാലാകും. പേടിയുണ്ട്. എന്നാലും പോകുകതന്നെ. ഒറ്റക്കല്ലല്ലോ..

രാത്രി മുദീറുല്‍ മക്തബും മുദീറും വന്നു. അവര്‍ എന്നെ വിളിച്ചു. മുദീറുല്‍ മക്തബ് എന്നെ ഇരുട്ടിലേക്ക് മാറ്റിനിര്‍ത്തി. എന്റെ തോളിലൂടെ കൈയിട്ട് എന്നെ ചേര്‍ത്തുനിര്‍ത്തി. വളരെ വിഷമത്തോടെ അയാള്‍ പറഞ്ഞു; മുഖ്താര്‍.. മാലീസ്..

എനിക്കൊന്നും മനസ്സിലായില്ല, എന്തിനാണിയാള്‍ എന്നോട് ക്ഷമിക്കണമെന്ന് പറയുന്നത്.

അന്‍ത മാഫീ റൂഹ് മക്ക!

നീ പോവുന്നില്ല!

ഞാന്‍ തളര്‍ന്നുപോയി.  മനസ്സ് ഇടറുന്നു, കണ്ണ് നിറയുന്നു... എനിക്കൊന്നും പറയാന്‍ കഴിയുന്നില്ല..

എനിക്ക് പോകാന്‍ കഴിയില്ല. ഡ്രൈവര്‍മാര്‍ മാത്രമാണ് പോകുന്നത്. അവര്‍ക്ക് സമയവും സന്ദര്‍ഭവും ഭാഗ്യവും ഒത്തുകിട്ടിയാല്‍ ഹജ്ജ് ചെയ്യാം. 

ഞാന്‍ റൂമിലേക്കു നടന്നു. കരച്ചില്‍ വരുന്നു.

കഫീലിനെ ഒന്നു വിളിച്ചുനോക്കിയാലോ. ഫോണില്‍ കാര്യങ്ങള്‍ എങ്ങനെ അവതരിപ്പിക്കും. ഭാഷ ഒരു പ്രശ്‌നം തന്നെയാണ്. ഞാന്‍ റിയാസ്‌ക്കയെ വിളിച്ചു. റിയാസ്‌ക്കയാണ് ഞങ്ങള്‍ക്ക് വിസയൊപ്പിച്ചുതന്നത്. റിയാസ്‌ക്കയോട് കാര്യം പറഞ്ഞു. 

റിയാസ്‌ക്ക കഫീലിനെ വിളിച്ച ശേഷം എന്നെ തിരിച്ചുവിളിച്ചു.

കഫീല്‍ പറയുന്നത്, ഡ്രൈവര്‍മാര്‍ക്ക് മാത്രമേ പോകാന്‍ കഴിയൂ എന്നാണ്. രേഖകളൊന്നുമില്ലാത്ത യാത്രയാണ്. മുഖ്താര്‍ വിഷമിക്കേണ്ട. അടുത്ത വര്‍ഷം ഹജ്ജിനുള്ള കാര്യങ്ങള്‍ കഫീല്‍ ശരിയാക്കിത്തരും.

എന്റെ സങ്കടം തീരുന്നില്ല. 

ബശീര്‍ യമനി റൂമില്‍ വന്നു. അയാള്‍ക്ക് വലിയ വിഷമമുണ്ട്. എന്നെ പറഞ്ഞ് കൊതിപ്പിച്ചത് അയാളാണ്. 

എല്ലാവരും പോയി. ഞാനൊറ്റക്കായി. വീട്ടിലേക്ക് വിളിക്കാന്‍ തോന്നിയില്ല. 

ഹജ്ജ് കഴിയുന്നതുവരെ പണിയൊന്നുമില്ല. കരയാന്‍ തോന്നി. ഇടക്ക് ബംഗാളി പണിക്കാര്‍ റൂമില്‍ വന്നു. 

പെരുന്നാളിന്റെ തലേന്ന് വീട്ടിലേക്ക് വിളിച്ചു. ഞാന്‍ മക്കത്തുനിന്നാണ് വിളിക്കുന്നതെന്നാണ് അവര്‍ കരുതിയത്. 

പെരുന്നാളിന് റൂമിലേക്ക് വരാന്‍ പറഞ്ഞ് എളാപ്പ വിളിച്ചു. എളാപ്പ രിയാദിന്റെ മറ്റൊരു മൂലയിലുണ്ട്. റൂമില്‍ ഒറ്റക്കല്ലേ, എളാപ്പയുടെ അടുത്ത് പോവാമെന്ന് ഞാനും കരുതി. 

രാത്രി ഉറക്കം വന്നതേയില്ല.  കുറേ വൈകി ഒന്നു കണ്ണടക്കാന്‍. അലാറമൊക്കെ വെച്ചിരുന്നു. ഒന്നുമറിഞ്ഞില്ല. ഞെട്ടിയുണര്‍ന്ന് വേഗം കുളിച്ച് മാറ്റി പള്ളിയിലേക്ക് പോകാനിറങ്ങുമ്പോള്‍ ആളുകള്‍ പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് തിരിച്ചുവരുന്നു. വെളിച്ചം പരന്നുതുടങ്ങുന്നേയുള്ളു. വീണ്ടും കരച്ചില്‍ വന്നു.  സ്വുബ്ഹ് നമസ്‌കരിച്ച് ചായയുണ്ടാക്കി കുടിച്ച് കുറച്ചുകൂടി കിടന്നു. പത്ത് പതിനൊന്ന് മണിയായപ്പോള്‍ എളാപ്പ വിളിച്ചു. ഒരു ടാക്‌സി വിളിച്ച് എളാപ്പയുടെ റൂമിലെത്തി. നാലഞ്ച് പേരുണ്ടായിരുന്നു അവിടെ. ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട്. ഒന്നിച്ചിരുന്ന് തിന്നു. ഇടക്ക് വീട്ടിലേക്ക് ഓര്‍മ പാളി. 

റൂമിനകത്തേക്ക് കയറിയാല്‍ രാത്രിയും പകലുമറിയില്ല. വാതിലടച്ചാല്‍ ഇരുട്ടായിരിക്കും. ലൈറ്റ് ഓഫാക്കി കിടന്നു. എല്ലാവരും ഉറക്കമായിരിക്കുന്നു. എനിക്ക് ഉറക്കം വരുന്നില്ല.

ഞാനൊരു കുട്ടിയായിരുന്നു. മക്കംകാണിയില്‍ ഒറ്റക്കണ്ണു തുറന്നുവെച്ച ഒരു കുട്ടി. ക്ടും ക്ടും  ശബ്ദത്തോടെ മക്ക മുന്നില്‍ നിറയുന്നു. ഹാജിമാര്‍ ത്വവാഫ് ചെയ്യുന്നു. പ്രാവുകള്‍ മിനാരത്തിനു മുകളില്‍ പറക്കുന്നു.

ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്

കറുത്ത കഅ്ബ. കഅ്ബയുടെ കറുപ്പ് വളര്‍ന്ന് രാത്രിയായി. ആകാശത്ത് നിറയെ നക്ഷത്രങ്ങള്‍ പൂത്തു. ആകാശത്തേക്ക് കൈയുയര്‍ത്തി ഞാന്‍ നിന്നു. നക്ഷത്രങ്ങള്‍ പൂക്കളായി പെയ്യുന്നു. തക്ബീര്‍ ധ്വനികളുയരുന്നു.

അപ്പോള്‍ വീട്ടില്‍നിന്ന് ഭാര്യയുടെ ഫോണ്‍ വന്നു. കണ്ണുതുറന്ന് ഫോണെടുത്തു.

ചെവിയില്‍ മന്ത്രിക്കുംപോലെ അവള്‍ പറഞ്ഞു, ഈദ് മുബാറക്!

ഞാന്‍ അതിനേക്കാള്‍ ചെറിയ ശബ്ദത്തില്‍ മറുപടി പറഞ്ഞു, ഈദ് മുബാറക്...!

എന്തിനാണ് എന്റെ ശബ്ദം പതറുന്നത്... അവളും ഒന്നും മിണ്ടുന്നില്ലല്ലോ....

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 63-64
എ.വൈ.ആര്‍

ഹദീസ്‌

പുണ്യകരമായ ഹജ്ജ്
സുബൈര്‍ കുന്ദമംഗലം