Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 09

2967

1437 ദുല്‍ഹജ്ജ് 07

മനുഷ്യരെ കൊല്ലരുതെന്നാണ് ബലി പറയുന്നത്

ടി. മുഹമ്മദ് വേളം

''അല്ലാഹു കല്‍പിച്ചു: മനുഷ്യരുടെ കണ്ഠം അറുക്കപ്പെടാതിരിക്കാന്‍ ഇസ്മാഈലിന്റെ കണ്ഠം സ്വന്തം കൈ കൊണ്ട് അറുക്കൂ. ഏത് മനുഷ്യരുടെ കണ്ഠം രക്ഷിക്കാനാണ്? ശക്തിയുടെ അരമനകളില്‍, കവര്‍ച്ചക്കാരുടെ നിധികള്‍ക്കു മുന്നില്‍, കപടന്മാരുടെ ക്ഷേത്രനടയില്‍ അറ്റുവീണ മനുഷ്യരുടെ കണ്ഠം. ആരാച്ചാരുടെ കൈയില്‍നിന്ന് വാള് പിടിച്ചെടുക്കാന്‍ ധൈര്യം കിട്ടുന്നതിന് ഇസ്മാഈലിന്റെ കഴുത്ത് കത്തികൊണ്ടറുക്കൂ''- അലി ശരീഅത്തി.

ബലിയുടെ സന്ദേശം കൊലയല്ല, ബലിയുടെ ആത്മാവ് ഒരു മനുഷ്യനും ഒന്നിന്റെ പേരിലും കൊല്ലപ്പെടരുത് എന്നതാണ്. മനുഷ്യന്‍ കൊല്ലപ്പെടാവുന്ന ഏറ്റവും വലിയ കാരണത്തിന്റെ നേരത്തുതന്നെയാണ് മനുഷ്യന്‍ കൊല്ലപ്പെടരുത് എന്ന കല്‍പന ഇറങ്ങിയത്. ആ കല്‍പ്പനക്ക് ചെമ്മരിയാടിന്റെ ശരീരമായിരുന്നു. മനുഷ്യന് കൊല്ലേണ്ടതുണ്ടെങ്കില്‍ കൊല്ലേണ്ടത് മനുഷ്യനെയല്ല; മൃഗത്തെയാണ്, ആടിനെയാണ്. കൊല്ലുന്നത് കൊല്ലാനല്ല, തിന്നാനാണ്. ഒരു മനുഷ്യന്‍ കൊല്ലപ്പെടാവുന്ന ഏറ്റവും വലിയ കാരണം ദൈവത്തിന്റെ കല്‍പന എന്നതാണ്. ആ കല്‍പനയുടെ പേരില്‍ പോലും ഒരു മനുഷ്യന്‍ കൊല്ലപ്പെടരുത് എന്നാണ് ബലിയനുഭവം പറയുന്നത്.

ദൈവം ഇസ്മാഈലിനെ ബലിയായി ചോദിച്ചത് അപരാധമാണോ? അത് അപരാധവും മനുഷ്യവിരുദ്ധവുമാണെന്ന് വാദിക്കുന്നവരുണ്ട്. മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഖദീജ മുംതാസിന്റെ ബര്‍സ എന്ന നോവലില്‍ ഹാജറയോടാണ് മകനെ ബലിയറുക്കാന്‍ ആജ്ഞാപിക്കപ്പെട്ടതെങ്കിലോ എന്ന ചോദ്യത്തിനുത്തരമായി, ഹാജറയുടെ ആത്മഗതമായി അവര്‍ എഴുതുന്നു: ''എന്റെ ജീവനും ജീവിതവും ഞാന്‍ സമ്പാദിച്ചതുമെല്ലാം നിന്റേതാണെന്നു ഞാന്‍ അറിയുന്നു. ജീവന്‍ തരുന്നതും എടുക്കുന്നതും നീ തന്നെയാണെന്ന കാര്യത്തിലും എനിക്ക് സന്ദേഹമേതുമില്ല. നീ കല്‍പിക്കുന്നതെന്തും ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥയാണ്. നിന്റെ നിയോഗമായി ഈ പൊള്ളുന്ന മരുഭൂമിയിലെ ഒറ്റപ്പെട്ട ജീവിതവും എന്റെ കുഞ്ഞിന്റെ അനാഥത്വവും ഞാന്‍ ശിരസ്സിലേറ്റി. ഇന്നെന്റെ മകന്‍ നിന്റെ ആജ്ഞകള്‍ തലയിലേറ്റാന്‍ മാത്രം വളര്‍ന്നിരിക്കുന്നു. എങ്കിലും യാ അല്ലാഹ്, എന്റെ രക്തവും മാംസവുമായ എന്റെ മകനെ കുരുതി കൊടുക്കാന്‍ നീ ആജ്ഞാപിച്ചാല്‍ ഞാന്‍ അനുസരിച്ചെന്നുവരില്ല. ആയിരം തെറ്റുകള്‍ പൊറുത്തും ഒരു ന•ക്ക് ഫലം തരുന്നവനുമായ അല്ലാഹു, ഞാനിതുവരെ ചെയ്ത സല്‍ക്കര്‍മങ്ങള്‍ കണക്കിലെടുത്ത് എന്റെ ഈ അനുസരണക്കേടിനെ നീ പൊറുത്തുതരിക. അല്ലെങ്കില്‍ സ്വര്‍ഗത്തോപ്പില്‍ ഇത്തിരി താഴ്ന്ന പീഠം എനിക്കായി മാറ്റിവെക്കുക. അതുമല്ലെങ്കില്‍  നീ ഉദ്ദേശിക്കുന്നുവെങ്കില്‍ കത്തിയാളുന്ന ജഹന്നത്തില്‍ എന്നെ തള്ളിയേക്കുക. എങ്കിലും, എങ്കിലും കരുണാമയാ, നീ എന്നില്‍ ചൊരിഞ്ഞ ഏറ്റവും വലിയ അനുഗ്രഹമായ മാതൃഭാവത്തെ ഞാന്‍ കെടുത്തിക്കളയുമെന്ന് നീ പ്രതീക്ഷിക്കാതിരിക്കുക'' (പേജ് 20).

ദൈവം പിതാവിനോടായാലും മാതാവിനോടായാലും പുത്രനെ, മനുഷ്യനെ ബലിയായി ചോദിച്ചത് അപരാധമാണോ? അപരാധം എന്ന വികാരം സൃഷ്ടിക്കുന്നത് മനുഷ്യനാണ് ലോകത്തിന്റെ കേന്ദ്രമെന്ന വിചാരമാണ്. മനുഷ്യകേന്ദ്രീകൃത ലോകബോധത്തിന്റെ സര്‍ഗാവിഷ്‌കാരമാണ് നോവലിസ്റ്റ് ഹാജറയെക്കൊണ്ട് പറയിക്കുന്ന വരികള്‍. മനുഷ്യകേന്ദ്രീകൃത ലോകബോധത്തിന്റെ മുഴുവന്‍ പ്രതിസന്ധിയും തിരിച്ചറിയപ്പെട്ട കാലമാണിത്. മനുഷ്യനാണ് ലോകത്തിന്റെ കേന്ദ്രമെന്ന അന്ധവിശ്വാസമാണ്  ഇത്ര കടുത്ത പാരിസ്ഥിതിക വിനാശങ്ങള്‍ വിതച്ചത്. മനുഷ്യകേന്ദ്രീകൃത വികസനസങ്കല്‍പമാണ് പ്രകൃതിയെ കൊള്ളയടിച്ചതും കാര്‍ന്നുതിന്നതും. മനുഷ്യനാണ് ലോകത്തിന്റെ കേന്ദ്രവും ശരിതെറ്റുകളുടെ മാനദണ്ഡവുമെങ്കില്‍ പ്രകൃതി കീഴ്‌പ്പെടുത്തുകയും കൊള്ളടയിക്കപ്പെടുകയും ചെയ്യേണ്ട അപരം മാത്രമാണ്.

പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയും കേന്ദ്രം ദൈവമാണെന്ന വിഭാവനയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. മനുഷ്യകേന്ദ്രീകൃത ലോകവീക്ഷണത്തില്‍  സ്വാഭാവികമായും മനുഷ്യനാണ് കേന്ദ്രം. മനുഷ്യന്റെ താല്‍പര്യത്തിനുവേണ്ടി ദൈവത്തെ ധിക്കരിക്കാനും നരകത്തെ ചോദിച്ചുവാങ്ങാനും അതിനു മടിയുണ്ടാകില്ല. മനുഷ്യന് അറിവ് നിഷേധിച്ച ദൈവത്തോട് ഏറ്റുമുട്ടി അഗ്നിയെ അപഹരിച്ച് മനുഷ്യനു നല്‍കിയ പ്രൊമിത്യൂസിന്റെ മിത്താണ് പടിഞ്ഞാറന്‍ മതേതര നാഗരികതയുടെ ആശയകേന്ദ്രം. ആ പ്രൊമിത്യൂസിന്റെ തുടര്‍ച്ചയാണ് ബര്‍സയിലെ ഹാജറ. ദൈവവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ ആ പ്രൊമിത്യൂസിന്റെ അഗ്നിയാണ് ഇപ്പോള്‍ ലോകത്തെ ചുട്ടെരിച്ചുകൊണ്ടിരിക്കുന്നത്, കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണമായി വര്‍ത്തിക്കുന്നത്. ഇസ്‌ലാമിന്റെ ദൈവം പടിഞ്ഞാറന്‍ മിത്തോളജിയിലെ ദൈവത്തെപ്പോലെ മനുഷ്യന് അഗ്നിയും അറിവും നിഷേധിച്ചവനല്ല. ആദമിനെ എല്ലാ പേരുകളും പഠിപ്പിച്ചവനാണ്. മനുഷ്യന് ഇരുമ്പും അഗ്നിയും ഇറക്കിക്കൊടുത്തവനാണ് (സൂറഃ അല്‍ഹദീദ് 25). ലോകത്തെയും മനുഷ്യനെയും സൃഷ്ടിച്ചു പരിപാലിക്കുന്ന, മനുഷ്യരുടെ താല്‍പര്യങ്ങള്‍ മനുഷ്യരേക്കാള്‍ നന്നായി അറിയുന്ന, അവയെ അങ്ങേയറ്റം സംരക്ഷിക്കുന്ന ദൈവമാണ് ലോകത്തിന്റെ കേന്ദ്രമെങ്കില്‍ മനുഷ്യനെ ബലിയായി ദൈവം ചോദിക്കുന്നത് ഒരു അപരാധമേ അല്ല. കേന്ദ്രം ആരെന്ന ചോദ്യത്തില്‍നിന്നാണ് അപരാധവും നിരപരാധവും നിര്‍ണയിക്കപ്പെടുന്നത്. ഈ നോവല്‍ പ്രതിപാദനത്തില്‍ പ്രപഞ്ചത്തിന്റെ കേന്ദ്രം മനുഷ്യനാണ്. ഭൂമിയിലെ മുഴുവന്‍ ചരാചരങ്ങളും ഇന്ന് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത് ഈ മനുഷ്യകേന്ദ്രബോധത്തിന്റെ പേരിലാണ്. ദൈവമാണോ മനുഷ്യനാണോ വലുതെന്ന ചോദ്യത്തിന് ദൈവമാണ്  വലുതെന്ന ഉത്തരമാണ് ബലി. അതാവട്ടെ അതിന്റെ പരിണാമ ഗുപ്തിയില്‍! ഒട്ടും മനുഷ്യവിരുദ്ധമല്ലതാനും. ബര്‍സയിലെ ഹാജറയുടെ കണക്കുകൂട്ടല്‍ ബലിയുടെ ചരിത്രത്തില്‍ തെറ്റിപ്പോവുകയാണ് ചെയ്യുന്നത്. ഒരു കാരണത്തിന്റെ പേരിലും മനുഷ്യന്‍ ബലിയറുക്കപ്പെടരുത് എന്നതാണ് ഇസ്മാഈല്‍ ബലിയുടെ പര്യവസാനം.

മനുഷ്യന്റെ കണ്ഠമറുക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ആ കാരണമായിരുന്നു ഇസ്മാഈലിന്റെ കാര്യത്തില്‍ സംഭവിച്ചത്. സ്രഷ്ടാവായ ദൈവത്തിന്റെ കല്‍പന. യഥാര്‍ഥത്തില്‍ അതിന്റെ പേരില്‍പോലും ഒരു മനുഷ്യന്റെ കഴുത്തറുക്കപ്പെടരുതെന്നാണ് ഇസ്മാഈല്‍ ബലി സംഭവത്തിന്റെ പരിണാമഗുപ്തി. കഴുത്ത് ചോദിച്ചുവാങ്ങാന്‍ അധികാരമുള്ളവന്‍ പോലും അത് വാങ്ങിയില്ല. എങ്കില്‍ അതിന് അധികാരമില്ലാത്തവര്‍ക്ക് അത് മുറിച്ചെടുക്കാന്‍ എന്ത് അവകാശമാണുള്ളത്? അടിസ്ഥാനപരമായി, ഒരു കാരണത്തിന്റെ പേരിലും മനുഷ്യന്‍ കൊല്ലപ്പെടരുതെന്നാണ് ബലി സംഭവം നമ്മോട് പറയുന്നത്. എല്ലാതരം കൊലപാതകങ്ങള്‍ക്കും എതിരെ രണ്ടു മഹാ മനുഷ്യര്‍ ജീവിതംകൊണ്ട് ചെയ്ത പ്രതീകാത്മകതയായിരുന്നു ബലി സംഭവം. ഈ പ്രതീകാത്മകതയുടെ സന്ദേശം അടിസ്ഥാനപരമായി, ഒരു കാരണത്തിന്റെ പേരിലും ഒരാളും കൊല്ലപ്പെടരുത് എന്നതാണ്. കാരണങ്ങളില്‍ വെച്ച് ഏറ്റവും വലിയ കാരണത്തില്‍ പോലും ഇവിടെ മനുഷ്യര്‍ കൊല്ലപ്പെടുകയല്ല, കൊല്ലപ്പെടാതിരിക്കുകയാണ് ചെയ്യുന്നത്.

ഇസ്‌ലാമിന്റെ അടിസ്ഥാന നിലപാട് മനുഷ്യന്‍ കൊല്ലപ്പെടരുത് എന്നതാണ്. വധത്തിനുള്ള നിയമങ്ങള്‍ അടിസ്ഥാനമല്ല, അപവാദം മാത്രമാണ്. വധശിക്ഷയുടെ ഒന്നാമത്തെ കാരണം വധം തന്നെയാണ്. അപ്പോള്‍ കൊല്ലുന്നതു തന്നെ കൊല്ലാനല്ല, കൊലയെ തടയാനാണ്. മനുഷ്യന്‍ വധിക്കപ്പെടുന്നതിനുള്ള ഏറ്റവും ശക്തമായ പ്രതിവിധിയാണ് ഇസ്‌ലാമില്‍ വധശിക്ഷ. കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ പ്രതിക്രിയ നിര്‍ബന്ധമാക്കി എന്നു പറഞ്ഞ ശേഷം ഖുര്‍ആന്‍ പറയുന്നത്; 'ബുദ്ധിയുള്ളവരേ നിങ്ങള്‍ക്കതില്‍ ജീവിതമുണ്ട്' എന്നാണ്. മരണംപോലും മരണമല്ല, ജീവിതമാണെന്നു തിരിച്ചിടുകയാണ് അല്ലാഹു ചെയ്യുന്നത്. ഘാതകനെ സംബന്ധിച്ചേടത്തോളം പ്രതിക്രിയ മരണമാണെങ്കിലും സമൂഹത്തെ സംബന്ധിച്ചേടത്തോളം അത് ജീവിതമാണ്. അടുത്തൊരാള്‍ കൊല്ലപ്പെടാതിരിക്കാനുള്ള  താക്കീതാണ്, ജാഗ്രതയാണ്, മനുഷ്യജീവനു വിലയുണ്ടെന്ന പ്രഖ്യാപനമാണ്. ഏറ്റവും വിലയുള്ളത് മനുഷ്യജീവനാണെന്നു പറയുകയാണ്. അതുകൊണ്ടാണ് ഏറ്റവും വിലയുള്ളതുതന്നെ അതിനു പകരം ചോദിക്കുന്നത്. ഏറ്റവും ഗുരുതരമായ നടപടി സ്വീകരിക്കുക മനുഷ്യജീവന്‍ ഹനിക്കുന്ന കാര്യത്തിലാണെന്ന് പറയുകയാണ്. പ്രതിക്രിയയുടെ സാധ്യതയെ, ഭീഷണിയെ നിലനിര്‍ത്തിക്കൊണ്ടുതന്നെ അവിടെയും വിട്ടുവീഴ്ചയാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. ഘാതകന്‍ പോലും കൊല്ലപ്പെടാതിരിക്കുന്നതിനെയാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. വിട്ടുവീഴ്ചക്കുള്ള കാരണമായി അല്ലാഹു പറയുന്നത് ഘാതകനും നിങ്ങളുടെ സഹോദരനാണ് എന്ന മനുഷ്യനെക്കുറിച്ച സാര്‍വ ലൗകിക സത്യമാണ്. സാഹോദര്യത്തേക്കാള്‍ ശക്തിയുള്ള ഒരു ബന്ധച്ചരടും മനുഷ്യര്‍ക്കിടയില്‍ ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. വിട്ടുവീഴ്ച ഒരു നിയമമല്ല, ഇളവാണ്. വിട്ടുവീഴ്ച നിയമമായാല്‍ പ്രതിക്രിയാ സാധ്യതകൊണ്ട്,  ഭീഷണികൊണ്ട് മനുഷ്യജീവനെ സംരക്ഷിക്കുക എന്ന പ്രതിരോധം അസാധുവായിപ്പോകും. പക്ഷേ അപ്പോഴും ഘാതകനും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സഹോദര•ാര്‍ തന്നെയെന്ന് അല്ലാഹു ഓര്‍മപ്പെടുത്തുന്നു.

ഇസ്‌ലാമില്‍ ഏത് തെറ്റിനും അതിന്റെ അളവില്‍ മാത്രമേ ശിക്ഷയുള്ളൂ. മറിച്ച് ന•ക്കാവട്ടെ ഒരുപാടിരട്ടി പ്രതിഫലവും. ഇത് അല്ലാഹുവിന്റെ പൊതുസമീപനമാണ്. എന്നാല്‍ കൊലപാതകത്തെ കുറിച്ച് അല്ലാഹു പറയുന്നത് 'ജീവനെടുത്ത കാരണത്താലല്ലാതെ മറ്റൊരാളെ വധിച്ചാല്‍ അത് ലോകത്തെ മുഴുവന്‍ മനുഷ്യരെയും വധിച്ചതിന് തുല്യമാണ്' (അല്‍മാഇദ 23) എന്നാണ്. മറ്റൊരു തെറ്റിനെകുറിച്ചും അതിന് അതിനപ്പുറമുള്ള ഋണമൂല്യം ഉള്ളതായി അല്ലാഹു  പഠിപ്പിച്ചിട്ടില്ല. ഒരു മനുഷ്യന്റെ ജീവന് സുരക്ഷ ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നവന്‍ ലോകത്തെ മുഴുവന്‍ മനുഷ്യരുടെയും ജീവന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നവനെ പോലെയുമാണ്. കാരണം, ഓരോ മനുഷ്യന്റെയും ജീവനെ സുരക്ഷിതമാക്കിക്കൊണ്ടേ മനുഷ്യരാശിയുടെ ജീവിതം സുരക്ഷിതമാക്കാന്‍ കഴിയൂ. 'മൊത്തം സമൂഹത്തിന്റെ സുരക്ഷയാണ് വിഷയം. അതിനിടയില്‍ ഒരാളും രണ്ടാളും ഒക്കെ കൊല്ലപ്പെട്ടേക്കാം' എന്ന മനുഷ്യജീവന്റെ കാര്യത്തിലെ നിരുത്തരവാദ സാമൂഹികവാദം അല്ലാഹു അംഗീകരിക്കുന്നില്ല. ഓരോ ജീവനും ഓരോന്നെന്ന നിലക്കുതന്നെ പരമപ്രധാനമാണ്. അല്ലാഹു മനുഷ്യരാശിയുടെ പൊതുവായ സ്രഷ്ടാവ് മാത്രമല്ല, ഓരോ മനുഷ്യന്റെയും സ്രഷ്ടാവാണ്. മനുഷ്യജീവനെകുറിച്ച ഈ പവിത്ര വീക്ഷണം ഇല്ലാത്തതുകൊണ്ടാണ് ഭൗതികവാദ പ്രസ്ഥാനങ്ങള്‍ക്ക് സമൂഹ താല്‍പര്യം മുന്‍നിര്‍ത്തി  കൊലപാതകങ്ങളും കൂട്ടക്കൊലകളും നടത്താന്‍ കഴിയുന്നത്. വിശ്വാസിയെ ബോധപൂര്‍വം വധിച്ചാല്‍ അവന്‍ നരകത്തില്‍ ശാശ്വതനായിരിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു (അന്നിസാഅ് 93). ജീവന്റെ സംരക്ഷണം ഇസ്‌ലാമിന്റെ കര്‍മസംഹിതയായ ശരീഅത്തിന്റെ സുപ്രധാനമായ ലക്ഷ്യമാണ്. നിഷേധത്തിന്റെ വാക്കുച്ചരിക്കുക എന്ന ഗൗരവതരമായ നിഷിദ്ധത ഇസ്‌ലാം അനുവദിക്കുന്നത് ജീവന്റെ സംരക്ഷണത്തിനു വേണ്ടി മാത്രമാണ്. നിഷിദ്ധ ഭക്ഷണവും ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അതിനാവശ്യമായ അളവില്‍ അനുവദനീയമായി തീരുന്നു.  ജീവന്‍ എന്നതിന് എന്തു വിലകൊടുത്തും സംരക്ഷിക്കപ്പെടേണ്ട പ്രാധാന്യമാണ് ഇസ്‌ലാമില്‍. അത് അന്യന്റെ ജീവനാണെങ്കിലും സ്വന്തം ജീവനാണെങ്കിലും.

യുദ്ധത്തെയും രക്തസാക്ഷ്യത്തെയും മറന്നുകൊണ്ടല്ല ഇതു പറയുന്നത്. യുദ്ധവും രക്തസാക്ഷ്യവും ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം സ്വയം ലക്ഷ്യങ്ങളല്ല. അടിമത്തത്തോടെന്നപോലെ തന്നെ യുദ്ധത്തോടും അതിനെ മാറ്റിത്തീര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ ഇടപഴകുക(ഋിഴമഴല)യാണ് ഇസ്‌ലാം ചെയ്യുന്നത്. ഇസ്‌ലാമിന്റേതല്ലാത്ത ഒരു സാമൂഹിക ക്രമത്തോട് അടിസ്ഥാനപരമായി വിയോജിച്ചുകൊണ്ടുതന്നെ അതിനെ മാറ്റിത്തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇടപഴകുന്ന ഇസ്‌ലാമിക നയസമീപനത്തിന്റെ ഉദാഹരണങ്ങളാണ് ഖുര്‍ആനിലെ അടിമത്തത്തെയും യുദ്ധത്തെയും കുറിച്ച പരാമര്‍ശങ്ങള്‍. അല്ലാഹു വിളിക്കുന്നത് സമാധാനത്തിന്റെ ഗേഹത്തിലേക്കാണ് (യൂനുസ് 25). ആയുധ വ്യാപാരികളായിരുന്ന ജൂതന്മാരെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: 'അവര്‍ യുദ്ധത്തിന്റെ തീ ആളിക്കത്തിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തിക്കളയുന്നു' (അല്‍മാഇദ 64).  രക്തസാക്ഷ്യം സ്വയം ഒരു ലക്ഷ്യമായിരുന്നെങ്കില്‍ ഒരു യുദ്ധത്തിലും ഇസ്‌ലാം ജയിക്കുമായിരുന്നില്ല. കാരണം വിശ്വാസികള്‍ യുദ്ധമുഖത്ത് ആദ്യസമയം തന്നെ ശത്രുവിന് കഴുത്തു നീട്ടിക്കൊടുത്ത് രക്തസാക്ഷികളായി സ്വര്‍ഗം നേടാന്‍ ശ്രമിക്കുമായിരുന്നു. രക്തസാക്ഷ്യം സ്വയം ഒരു ലക്ഷ്യമല്ല. മഹത്തായ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന വഴിയില്‍ സംഭവിക്കുന്നതാണ്. ആ സംഭവിക്കുന്നതിനും മഹത്വവും പുണ്യവും ഉണ്ടെന്നു മാത്രം. ജിഹാദെന്നാല്‍ യുദ്ധവും രക്തം ചിന്തലുമാണെന്ന ധാരണ പരക്കെയുണ്ട്. ഒരു തുള്ളി രക്തവും ചിന്തിയതായും സായുധവും കായികവുമായ ഒരേറ്റുമുട്ടലിലും ഭാഗഭാക്കായതായും ഖുര്‍ആന്‍ പരാമര്‍ശിക്കാത്ത പ്രവാചകന്‍ ഇബ്‌റാഹീമിനെയാണ് ജിഹാദിന്റെ ഏറ്റവും വലിയ ആള്‍രൂപമായി ദൈവിക ഗ്രന്ഥം അവതരിപ്പിക്കുന്നത് (സൂറഃ ഹജ്ജ് 78)

ബലിയെക്കുറിച്ച് ചിലപ്പോഴെങ്കിലുമുള്ള ഒരു ധാരണ ബലി കൊലയുടെ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നു എന്നാണ്. എല്ലാ മനുഷ്യഹത്യക്കും എതിരായ സംസ്‌കാരത്തെയാണ് ബലി ആഴത്തില്‍ ആവിഷ്‌കരിക്കുന്നത്. നരബലിയുടെ ചോരച്ചൂര് പല സംസ്‌കാരങ്ങളെ പഠിക്കുമ്പോഴും പഠിതാക്കളുടെ മൂക്കിലേക്ക് അടിച്ചുകേറാറുണ്ട്. എന്നാല്‍ ഇസ്മാഈലിന്റെ ബലി പ്രതിനിധീകരിക്കുന്ന മതസംസ്‌കാരം മറ്റൊന്നാണ്. 'സര്‍വശക്തനായ ദൈവം നമ്മെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു. ഇന്നു തൊട്ട് ഒരു മനുഷ്യനും ദൈവത്തിനു വേണ്ടി ബലിയര്‍പ്പിക്കപ്പെടരുത്. ഇത് ഇബ്‌റാഹീമീപാരമ്പര്യമാണ്. ഇബ്‌റാഹീമിന്റെ മതത്തില്‍ ആടാണ് ബലിയര്‍പ്പിക്കപ്പെടേണ്ടത്, മനുഷ്യനല്ല. ദൈവം രക്തദാഹിയല്ല എന്നുകൂടി ഈ സംഭവം ഉണര്‍ത്തുന്നു' (അലി ശരീഅത്തി.) ഇതിനര്‍ഥം ഇബ്‌റാഹീമീ പൂര്‍വ നിയമസരണികളില്‍ (ശരീഅത്തുകളില്‍)  നരബലി നിയമമായിരുന്നു എന്നല്ല. നരബലി ആദിപിതാവിന്റെ അധ്യാപനം മുതല്‍ കൊടിയ തെറ്റുതന്നെയായിരുന്നു. അങ്ങനെയായിരുന്നു ആദം നബിയുടെ പുത്രന്‍ ഖാബീല്‍ സഹോദരഹത്യകൊണ്ട് ചരിത്രത്തിലെ കൊടും കുറ്റവാളിയായത്. ഇബ്‌റാഹീം നബിയുടെ കാലത്തും അതിനുമുമ്പും ബഹുദൈവത്വ സംസ്‌കാരങ്ങളില്‍ നരബലി നിലനിന്നിരുന്നു. അതിന്റെ കര്‍മരൂപമുള്ള തിരുത്തായിരുന്നു ഇസ്മാഈലിന്റെ ബലിസംഭവം.

നരബലിക്ക് എതിരിലാണ് മൃഗബലി. മൃഗമാംസം ആഹാരമാണ്. മനുഷ്യമാംസം അക്രമവും. ബലിയുടെ ആശയതലം ദൈവസമര്‍പ്പണമാണ്. അപ്പോഴാണത് അറവില്‍നിന്നുയര്‍ന്ന് അനുഷ്ഠാനമാകുന്നത്. ബലിയുടെ പ്രായോഗികതലം മനുഷ്യരോടുള്ള ദീനാനുകമ്പയാണ്. ബലി ദൈവത്തിനാണെങ്കിലും ബലിമാംസം മനുഷ്യനാണ്. ബലിമാംസത്തിന്റെ ഒരു തുണ്ടുപോലും ദൈവത്തിനാവശ്യമില്ല. ദൈവത്തിനുവേണ്ടി ആവശ്യക്കാരായ മനുഷ്യര്‍ക്കു നല്‍കുക. ബലിയുടെ ഗുണഭോക്താവ് മനുഷ്യനാണ്. ബലിമാംസത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് മനുഷ്യത്വമാണ്. സകാത്തിന്റെ ശ്രേണിയിലാണ് അല്ലാഹു ബലിയെ പരാമര്‍ശിക്കുന്നത്, പ്രതിഷ്ഠിക്കുന്നത്. നമസ്‌കാരവും സകാത്തും ഒരുമിച്ചു പറയുന്നതാണ് ഖുര്‍ആന്റെ സമവാക്യ ശൈലി. സൂറഃ അല്‍കൗസറില്‍ അല്ലാഹു പറയുന്നത്, 'നീ നിന്റെ നാഥനുവേണ്ടി നമസ്‌കരിക്കുകയും ബലിയറുക്കുകയും ചെയ്യുക' എന്നാണ്. നമസ്‌കാരം ദൈവത്തോടുള്ള ബന്ധത്തിന്റെയും ബലി മനുഷ്യനോടുള്ള ബന്ധത്തിന്റെയും ആരാധനാടയാളങ്ങളാണ് എന്നര്‍ഥം. നമസ്‌കാരവും സകാത്തും പോലെത്തന്നെ. മൃഗബലി നരബലിയുടെ ആമുഖമല്ല, നരബലിയുടെ എതിര്‍ബലിയാണ്. മനുഷ്യര്‍ ബലിയര്‍പ്പിക്കപ്പെടാതിരിക്കാന്‍ വേണ്ടി മൃഗം ബലിയര്‍പ്പിക്കപ്പെടുന്നേടത്തുനിന്ന് മൃഗത്തിനുവേണ്ടി മനുഷ്യന്‍ കൊല ചെയ്യപ്പെടുന്നത് ബഹുദൈവത്വത്തിന്റെ മനുഷ്യ വിരുദ്ധതയാണ്. 

ബലി എങ്ങനെയാണ് മനുഷ്യജീവ സംരക്ഷണത്തിന്റെ ആരാധനോര്‍ജമായി മാറുന്നതെന്ന് കൂടുതല്‍ അറിയാന്‍ ബലി സ്ഥിതിചെയ്യുന്ന ആരാധനാ സമുച്ചയത്തിന്റെ ബാക്കി ഭാഗങ്ങളിലൂടെ സഞ്ചരിച്ചാല്‍ മതി. ബലി ഹജ്ജുമായി ബന്ധപ്പെട്ട ആരാധനയാണ്. ഹജ്ജിനു വേണ്ടിയുളള അല്ലാഹുവിന്റെ ആഹ്വാനം ബലിക്കുവേണ്ടിയുള്ള ആഹ്വാനം കൂടിയാണ് (അല്‍ഹജ്ജ് 28). ഹജ്ജിന്റെ സന്ദേശം ജീവന്റെ സുരക്ഷിതത്വമാണ്. ഹറം, മനുഷ്യന്‍ മാത്രമല്ല, ഒരു പച്ചതണ്ടുപോലും മുറിക്കാന്‍ പാടില്ലാത്ത ഇടമാണ്. അഹിംസയുടെ അങ്ങേയറ്റമാണ് ഹറം. അഹിംസക്കും ജീവന്റെ സുരക്ഷിതത്വത്തിനും ഒരു ഉപമേയമുണ്ടെങ്കില്‍ അത് ഹറമാണ്. സമയചക്രത്തില്‍ ഹജ്ജും ബലിയും നടക്കുന്നത് യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസത്തിലാണ്. ഹജ്ജ് മാസം മാത്രമല്ല, അതിന്റെ മുമ്പും പിമ്പുമുളള മാസങ്ങളും ആയുധം നിഷിദ്ധമായ പവിത്രമാസങ്ങള്‍ തന്നെയാണ്. റമദാന്‍ വ്യക്തിസംസ്‌കരണത്തിന്റെ കാലമാണെങ്കില്‍ ഹജ്ജ് ജനതകള്‍ തമ്മിലുള്ള ബന്ധത്തെ സംസ്‌കരിക്കുന്ന കാലമാണ്. നോമ്പില്‍ നോമ്പല്ലാത്ത നേരങ്ങളില്‍ അനുവദനീയമായതും നിഷിദ്ധമാക്കപ്പെടുന്നത് ആത്മസംസ്‌കരണത്തിനു വേണ്ടിയാണ്. സമൂഹങ്ങള്‍ക്കിടയില്‍  ഉപാധികളോടെ അനിവാര്യമായ സന്ദര്‍ഭത്തില്‍ അനുവദിക്കപ്പെടുന്ന യുദ്ധങ്ങളും ഈ കാലത്ത് അനുവദിക്കപ്പെടാതിരിക്കുന്നത് ആത്മസംയമനം അനുശീലിക്കാനാണ്. ജനതകള്‍ക്കിടയിലെ ആത്മസംയമനമാണ് ജനങ്ങളുടെ ജീവന് സുരക്ഷയേകുന്നത്. കഅ്ബ പടുത്തുയര്‍ത്തിയിട്ട് ഇബ്‌റാഹീം നബി മക്കക്കു വേണ്ടി നടത്തിയ പ്രാര്‍ഥന ഒന്നാമതായി സുരക്ഷിതത്വത്തിനും രണ്ടാമതായി അന്നത്തിനും വേണ്ടി ഉള്ളതായിരുന്നു. മുഹമ്മദ് നബിയുടെ അന്ത്യപ്രഭാഷണത്തേക്കാള്‍ ജ്വലിക്കുന്ന ഭാഷയില്‍ സത്യസന്ധമായി  മനുഷ്യന്റെ മഹത്വവും ജീവന്റെ സുരക്ഷയും അവകാശം നിഷേധിക്കപ്പെട്ടവരുടെ അവകാശങ്ങളും മനുഷ്യര്‍ തമ്മിലെ വൈരത്തിന്റെ കാരണങ്ങളും അതിന്റെ പ്രതിവിധികളും പറഞ്ഞ മറ്റൊരു പ്രഖ്യാപനം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എത്തിനില്‍ക്കുന്ന മനുഷ്യചരിത്രത്തിന് കേട്ടതായി ഓര്‍മയുണ്ടോ? ബലി മാത്രമല്ല, ബലിയുടെ ആരാധനാ സംഘാതം തന്നെ ഉല്‍പാദിപ്പിക്കുന്ന ഊര്‍ജം മനുഷ്യജീവന്റെ സംരക്ഷണത്തിന്റേതാണ്. അതുകൊണ്ട് ബലിയറുക്കുക; ഒരു മനുഷ്യജീവിയും കുരുതി കൊടുക്കപ്പെടാതിരിക്കാന്‍, ആരും കൊല്ലപ്പെടാത്തൊരു സാമൂഹികക്രമം സൃഷ്ടിച്ചെടുക്കാന്‍. അറുക്കുക; അറുക്കേണ്ടിവരുമ്പോള്‍ അറുക്കപ്പെടേണ്ടി വരുന്നത് മനുഷ്യരല്ല, മൃഗമാണെന്ന് കത്തിമുനകൊണ്ടുതന്നെ പറഞ്ഞുറപ്പിക്കാന്‍. എല്ലാറ്റിന്റെ പേരിലുമുളള നരബലിക്കുമെതിരിലാണ് മൃഗബലി എന്ന ഉറച്ചബോധ്യത്തോടെ ബലിമൃഗത്തിന്റെ കഴുത്തില്‍ കത്തിവെക്കുക.

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 63-64
എ.വൈ.ആര്‍

ഹദീസ്‌

പുണ്യകരമായ ഹജ്ജ്
സുബൈര്‍ കുന്ദമംഗലം