Prabodhanm Weekly

Pages

Search

2016 മെയ് 13

2951

1437 ശഅ്ബാന്‍ 06

സൗഹൃദത്തിന്റെ പാലം പണിയുക

അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

സമൂഹത്തിന്റെ ഭദ്രമായ നിലനില്‍പ്പിന് സൗഹൃദം വലിയ പങ്കുവഹിക്കുന്നുണ്ട്. വ്യക്തി, കുടുംബം, സമൂഹം എന്നിവക്കിടയില്‍ അനിവാര്യമായും ഉണ്ടാകേണ്ട ഒന്നാണത്. നല്ല സൗഹൃദം മനുഷ്യനെ നന്മയിലേക്കാണ് നയിക്കുക. അതവന് ഇഹപര വിജയവും മനസ്സിന് കുളിര്‍മയുമുണ്ടാക്കും. വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും സത്യസന്ധനാക്കും. ജ്ഞാനം വര്‍ധിപ്പിക്കും. കുടുംബത്തിലും സമൂഹത്തിലും സന്തോഷവും സ്‌നേഹവും ഐക്യവും കളിയാടാന്‍ അവസരമുണ്ടാക്കും. സത്യത്തെ പുണരാനും അസത്യത്തെ വെറുക്കാനും താല്‍പര്യം ജനിപ്പിക്കും. ചീത്ത സൗഹൃദം തിന്മയിലേക്കാണ് നയിക്കുക. അതിന്റെ ഫലം കൂടുംബത്തിലും സമൂഹത്തിലും വിദ്വേഷവും പകയും ശത്രുതയും അനൈക്യവുമായിരിക്കും. സത്യത്തെ വെറുക്കപ്പെട്ടതും അസത്യത്തെ ഇഷ്ടപ്പെട്ടതുമാക്കും. അതുകൊണ്ടാണ് പ്രവാചകന്‍ മുഹമ്മദ് (സ) പറഞ്ഞത്: ''നല്ല ചങ്ങാതി കസ്തൂരി കൊണ്ടുനടക്കുന്നവനെപോലെയും ചീത്ത ചങ്ങാതി ഉലയിലൂതുന്നവനെപോലെയും ആണ്. കസ്തൂരി കൊണ്ടുനടക്കുന്നവന്‍ നിനക്കത് സൗജന്യമായി നല്‍കിയേക്കും, അല്ലെങ്കില്‍ അവനില്‍നിന്ന് വിലയ്ക്കു വാങ്ങാം. അതുമല്ലെങ്കില്‍ അവനില്‍നിന്ന് അതിന്റെ വാസനയെങ്കിലും ലഭിക്കും. എന്നാല്‍ ഉലയില്‍ ഊതുന്നവനോ, ചിലപ്പോള്‍ നിന്റെ വസ്ത്രം കരിക്കും, അല്ലെങ്കില്‍ അവനില്‍നിന്ന് ദുര്‍ഗന്ധം വമിച്ചുകൊണ്ടിരിക്കും.'' മനുഷ്യരില്‍ നല്ലവനും ദുഷിച്ചവനുമുണ്ടെന്ന് പഠിപ്പിക്കുകയാണ് മേല്‍പറഞ്ഞ പ്രവാചകവചനം. നല്ല ജനങ്ങള്‍ നല്ലവരുമായേ സഹവസിക്കൂ. അതു മനുഷ്യപ്രകൃതമാണ്. മറ്റൊരു പ്രവാചകവചനമിങ്ങനെ: ''സ്വര്‍ണത്തിന്റെയും വെളളിയുടെയും ഖനികളെ പോലെയാണ് മനുഷ്യന്‍. ഇസ്‌ലാമിനു മുമ്പേ ഉത്തമജ്ഞാനമുളളവര്‍ മതവിജ്ഞാനം കരസ്ഥമാക്കുന്ന പക്ഷം ഇസ്‌ലാമിലും അവര്‍ ഉത്തമര്‍ തന്നെ. ആത്മാവുകള്‍ സംഘടിക്കപ്പെടുന്ന ഒരു വ്യൂഹമാണ്. അതില്‍നിന്ന് പരസ്പരം പരിചയമുളളവര്‍ ഒന്നിക്കുകയും പരിചയമില്ലാത്തവര്‍ ഭിന്നിക്കുകയും ചെയ്യും'' (മുസ്‌ലിം). നന്മകളും തിന്മകളും സമൂഹത്തില്‍ വ്യാപിക്കുന്നതില്‍ സൗഹൃദത്തിന് വലിയ പങ്കുണ്ടെന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. 

സൗഹൃദത്തിലേക്കുള്ള പാലമാണ് കുടുംബ-സുഹൃദ് സന്ദര്‍ശനങ്ങള്‍. അത് ആളുകളെ തമ്മില്‍ അടുപ്പിക്കും. ശത്രുത ഇല്ലാതാക്കി സ്‌നേഹവും ഐക്യവും കരുണയും ഊട്ടിയുറപ്പിക്കും. സ്‌നേഹബന്ധങ്ങള്‍ ദൃഢമാക്കും. ആളുകള്‍ക്കിടയിലെ അകലം കുറക്കും. ഒറ്റപ്പെട്ടവനല്ലെന്ന ബോധമുണ്ടാക്കും. മാനുഷികബന്ധങ്ങളെ ഊട്ടിയുറപ്പിക്കും. സാമൂഹിക പ്രതിബദ്ധതയുണ്ടാക്കും. അതുകൊണ്ടുതന്നെ ഇസ്‌ലാം സൗഹൃദം സ്ഥാപിക്കുന്നതിനും അതിനുവേണ്ടി സന്ദര്‍ശനങ്ങള്‍ നടത്തുന്നതിനുംവലിയ പ്രാധാന്യവും മഹത്വവും കല്‍പ്പിച്ചിട്ടുണ്ട്. അയല്‍വാസികള്‍, കൂട്ടുകുടുംബാംഗങ്ങള്‍, സ്‌നേഹിതന്മാര്‍, രോഗികള്‍ തുടങ്ങിയവരെ സന്ദര്‍ശിക്കണമെന്ന് ഉണര്‍ത്തിയിട്ടുണ്ട്. 

സുഹൃദ്ബന്ധങ്ങള്‍ സ്ഥാപിക്കലും അതിനായുള്ള സന്ദര്‍ശനങ്ങളും പ്രവാചകചര്യയാണ്. പ്രവാചകന്‍ എല്ലാവരോടും നല്ല സൗഹൃദത്തിലായിരുന്നു.  ദൈവഭക്തരും സദ്‌വൃത്തരുമായ ആളുകളെ ഇടക്കിടെ സന്ദര്‍ശിക്കാന്‍  സ്വഹാബിമാരെ പ്രേരിപ്പിക്കാറുണ്ടായിരുന്നു. ആ പാത സ്വഹാബിമാരും പിന്തുടര്‍ന്നിരുന്നതായി കാണാം. അതിലൂടെ അറിവുകളും ഉപദേശങ്ങളും നേടിയിരുന്നു. അനസ് (റ) പറഞ്ഞു: ''പ്രവാചകന്റെ മരണശേഷം അബൂബക്ര്‍ (റ) ഉമറി(റ)നോട് പറഞ്ഞു: 'പ്രവാചകന്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നതുപോലെ നമുക്ക് ഉമ്മു അയ്മനെ സന്ദര്‍ശിക്കാം.' അങ്ങനെ ഇരുവരും ഉമ്മു അയ്മനടുത്തു ചെന്നു'' (മുസ്‌ലിം). സദ്‌വൃത്തരായ ആളുകളെ സന്ദര്‍ശിക്കുമ്പോള്‍ അല്ലാഹുവിന്റെ മാലാഖമാരുടെ സാന്നിധ്യമുണ്ടാകും. അവരില്‍ കാരുണ്യം ചൊരിയും.  

സൗഹൃദം സ്ഥാപിക്കുന്നതിലോ വ്യക്തികളെ സന്ദര്‍ശിക്കുന്നതിലോ പ്രവാചകന്‍ ശത്രുമിത്രഭേദമൊന്നും കല്‍പിച്ചിരുന്നില്ല. എല്ലാവരുമായും ഇടപഴകുകയും സൗഹൃദം സ്ഥാപിച്ച് അവരെ സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നു. യഹൂദന്റെ പക്കല്‍നിന്ന് പ്രവാചകന്‍ ഭക്ഷണം കടം വാങ്ങുകയും അദ്ദേഹത്തിന്റെയടുക്കല്‍ പടയങ്കി പണയം വെക്കുകയും ചെയ്തത് ചരിത്രപ്രസിദ്ധമാണല്ലോ. യഹൂദനായ ഒരു കുട്ടി രോഗബാധിതനായപ്പോള്‍ പ്രവാചകന്‍ ആ കുട്ടിയെ സന്ദര്‍ശിക്കുകയും അരികെയിരുന്ന് തലോടുകയും അവനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തത് ഹദീസുകളില്‍ കാണാം. സൗഹൃദത്തിനും സന്ദര്‍ശനത്തിനും മത-ജാതി-വര്‍ഗ-വര്‍ണ-ഭാഷാ-ദേശ അതിരുകളില്ലെന്നാണ് പ്രവാചകന്റെ നിലപാടുകള്‍ പറഞ്ഞുതരുന്നത്. സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും ഈ ഉദാത്ത നിലപാടുകളെ കാണാതെ പോകുന്നവരുണ്ട്. സലാം പറയാനും ഒന്നിച്ചിരിക്കാനും മരണവീട് സന്ദര്‍ശിക്കാന്‍ പോലും ഇവര്‍ മടിക്കുന്നു. സങ്കുചിത താല്‍പര്യങ്ങളും സംഘടനാപക്ഷപാതിത്വവും തലയ്ക്കു കയറിയ ഇവര്‍ പ്രവാചക ജീവിതം പകര്‍ന്നുതരുന്ന ഉദാത്ത മാനവികതയെയും സാഹോദര്യത്തെയും അപഹസിക്കുകയാണ്.

ഭൗതിക സുഖസൗകര്യങ്ങള്‍ക്കായുള്ള നെട്ടോട്ടത്തിനിടയില്‍ പല പരമ്പരാഗത നന്മകള്‍ക്കും ഇപ്പോള്‍ മങ്ങലേറ്റുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ച സുഹൃദ്-കുടുംബ സന്ദര്‍ശനം അതില്‍പെടും. കുടുംബ, സുഹൃദ് സന്ദര്‍ശനങ്ങള്‍ ജീവിതത്തിന്റെ ഭാഗമായി കണ്ടിരുന്ന കാലമുണ്ടായിരുന്നു. അതിന് മുന്തിയ പരിഗണനയും വലിയ താല്‍പര്യവും കാണിച്ചിരുന്നു. മാതാപിതാക്കള്‍ മക്കള്‍ക്ക് അതിന്റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കിക്കൊടുത്തിരുന്നു. എന്നാലിന്ന് പലര്‍ക്കും കുടുംബ-സുഹൃദ് സന്ദര്‍ശനം നടത്താനോ സന്ദര്‍ശകരായി എത്തുന്നവരെ മാന്യമായി സ്വീകരിച്ച് ആതിഥ്യമരുളാനോ സമയമില്ല. എല്ലാം 'വയര്‍ലസ്' ബന്ധങ്ങളായി മാറിയിരിക്കുന്നു. അയല്‍വാസി ആരെന്നുപോലുമറിയാതെ മതില്‍ക്കെട്ടിനുള്ളില്‍ ചുരുങ്ങിക്കഴിയുന്നവരായി മാറിയിരിക്കുന്നു പലരും. ഉറ്റ ബന്ധുക്കളെപ്പോലും മക്കള്‍ക്ക് പരിചയപ്പെടുത്തേണ്ട സ്ഥിതിവിശേഷമാണ്. കുടുംബങ്ങള്‍ക്കിടയിലും ആളുകള്‍ക്കിടയിലും അകല്‍ച്ച വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പരസ്പര ബഹുമാനവും ആദരവും ഇല്ലാതാകുന്നു. സ്‌നേഹിക്കാനും സഹായിക്കാനുമുള്ള താല്‍പര്യം കുറഞ്ഞുവരുന്നു. സ്വാര്‍ഥതയും അഹങ്കാരവും കൂടിവരുന്നു.

മാനസികോല്ലാസവും പകര്‍ന്നു നല്‍കിയിരുന്നു ഒരുകാലത്ത് കുടുംബ-സുഹൃദ് സന്ദര്‍ശനങ്ങള്‍. എന്നാലിപ്പോള്‍  വീടുകളിലെ സൗകര്യങ്ങള്‍ വര്‍ധിക്കുകയും ടി.വി, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ പോലുള്ളവ വ്യാപകമാവുകയും ചെയ്തതോടെ കുടുംബ-സുഹൃദ് സന്ദര്‍ശനങ്ങള്‍ പലര്‍ക്കും ഭാരവും സമയം കളയലുമായിരിക്കുന്നു. കുടുബ-സുഹൃദ് സന്ദര്‍ശനങ്ങള്‍ക്കു പകരം വിനോദയാത്രകള്‍ ഹരവും ഫാഷനുമായി. അതിനായി വന്‍സംഖ്യകള്‍ ചെലവഴിക്കുന്നു. സദുദ്ദേശ്യത്തോടെയുള്ള വിനോദ-പഠന യാത്രകള്‍ പ്രോത്സാഹിപ്പിക്കേണ്ടതുതന്നെ. എന്നാല്‍ സ്വന്തം അയല്‍വാസികളെയും സുഹൃത്തുക്കളെയും കൂട്ടുകുടുംബാംഗങ്ങളെയും സന്ദര്‍ശിക്കാനോ അവരുമായി സൗഹൃദം പുതുക്കാനോ സമയം കാണാതെയുള്ള ടൂറുകള്‍ പുതിയൊരു സംസ്‌കാരമായി മാറുമ്പോള്‍ സമൂഹത്തിലെ പല നന്മകളെയും അതില്ലാതാക്കുകയാണെന്ന തിരിച്ചറിവുകൂടി ഉണ്ടാകേണ്ടതുണ്ട്. 

ലോകത്തിന്റെ ഏതു മുക്കിലും മൂലയിലുമുള്ള ആളുകളുമായി നിമിഷങ്ങള്‍ക്കകം കണ്ടും കാണാതെയും സൗഹൃദം സ്ഥാപിക്കാന്‍ കഴിയുംവിധം സാങ്കേതികവിദ്യ വികസിച്ചുകഴിഞ്ഞിരിക്കുന്നു. ഈ പുരോഗതി കണ്ടില്ലെന്നു നടിക്കാനോ, അതില്‍നിന്ന് പുറംതിരിഞ്ഞുനടക്കാനോ ആര്‍ക്കും സാധിക്കുകയില്ല. നെല്ലും പതിരും വേര്‍തിരിച്ചും ചതിക്കുഴികള്‍ തിരിച്ചറിഞ്ഞും അവ ഉപയോഗപ്പെടുത്തുകയാണെങ്കില്‍  സൗഹൃദത്തിന്റെ വിശാലമായൊരു ലോകം സൃഷ്ടിക്കാനാകും. അതിലൂടെ സമൂഹത്തിന് നല്ല ഫലങ്ങളുണ്ടാക്കാനുമാകും. ആളുകള്‍ക്കിടയില്‍ പലവിധത്തില്‍ അസഹിഷ്ണുതയും ശത്രുതയും വിദ്വേഷവും ഉണ്ടാക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടന്നുവരുന്ന സാഹചര്യത്തില്‍ സുഹൃദ്ബന്ധങ്ങളും സന്ദര്‍ശനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. അത് ഏതൊരു വിശ്വാസിയുടെയും കടമയാണ്.   


Comments

Other Post

ഹദീസ്‌

ആദരവ് അര്‍ഹിക്കുന്നതാണ് വാര്‍ധക്യം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /23-26
എ.വൈ.ആര്‍