Prabodhanm Weekly

Pages

Search

2016 മെയ് 13

2951

1437 ശഅ്ബാന്‍ 06

സ്ത്രീക്കെതിരെ ചൂഷണത്തിനായി പ്രമാണം കെട്ടുന്നവര്‍

നാജിദാ ബാനു ആദിരാജ, കണ്ണൂര്‍

'ആരാധനാലയങ്ങളിലെ സ്ത്രീ' എന്ന ശീര്‍ഷകത്തില്‍ ത്വയ്യിബ അര്‍ശദ് എഴുതിയ ലേഖനം (ലക്കം 2948) സ്ത്രീശാക്തീകരണകാലത്തും പുരുഷകേന്ദ്രീകൃത ലോകം സ്ത്രീയെ എങ്ങനെ നോക്കികാണുന്നുവെന്നതിന്റെ നേര്‍രേഖയായി.

ജീവവംശത്തിന്റെ സന്തുലിതമായ നിലനില്‍പ്പ്, പരസ്പര പൂരകമായ സ്ത്രീപുരുഷ കര്‍ത്തവ്യ നിര്‍വഹണത്തിലൂടെയാണ് സാധ്യമാകുന്നത്. എന്നിട്ടും എന്തുകൊണ്ട് ലിംഗവിവേചനം മനുഷ്യസമൂഹത്തില്‍ നിലനില്‍ക്കുകയും അസന്തുലിതത്വവും അനീതിയും സമൂഹധര്‍മമായി കൊണ്ടാടപ്പെടുകയും ചെയ്യുന്നു എന്നത് ആലോചനാവിഷയമാകേണ്ടതാണ്. വര്‍ണത്തിന്റെയും ദേശത്തിന്റെയും ജാതിയുടെയും മറ്റും പേരിലുള്ള വിവേചനം എങ്ങനെ രാഷ്ട്രീയ അധീശത്വം സാധിച്ചെടുത്തുവോ അതുതന്നെയാണ് ലിംഗവിവേചനത്തിന്റെയും അടിസ്ഥാന ഹേതുവായി വര്‍ത്തിച്ചത് എന്നു കാണാം. സ്‌നേഹം, കാരുണ്യം, മാതൃത്വം, സ്‌ത്രൈണത തുടങ്ങിയ സ്ത്രീയുടെ പ്രകൃതിപരമായ സവിശേഷതകളെ/ഔന്നത്യത്തെ ദൗര്‍ബല്യമായി വായിക്കുന്നതിലുള്ള പുരുഷകേന്ദ്രീകൃത ലോകത്തിന്റെ മിടുക്കാണ് സ്ത്രീ അബലയാണെന്ന പൊതുബോധം സൃഷ്ടിച്ചത്. 

ആരാധനാ കേന്ദ്രങ്ങള്‍ മനുഷ്യന്റെ ആത്മീയമോക്ഷത്തെയാണ് പ്രതീകവത്കരിക്കുന്നതെങ്കിലും സാമൂഹികമായി നരവംശത്തിന്റെ സംഘബോധത്തെ കൂടിയാണ് അത് വളര്‍ത്തിക്കൊണ്ടുവരുന്നത്. ഏകദൈവാരാധന അതിന്റെ തനതു ചൈതന്യത്തില്‍ നിര്‍വഹിക്കപ്പെടുകയാണെങ്കില്‍ പൈശാചികതക്ക് ഇടം നഷ്ടപ്പെടുകയും സമത്വപൂര്‍ണമായ ഒരു ലോകം സാധ്യമാവുകയും ചെയ്യും. അങ്ങനെ വളരുന്ന സംഘബോധം ഐക്യവും സാഹോദര്യവും പ്രദാനം ചെയ്യും. അവിടെ ചൂഷണത്തിന് ഇടം നഷ്ടപ്പെടുന്നതും ധര്‍മവും നീതിയും സമൂഹത്തിന്റെ അടിസ്ഥാന മുഖമുദ്രയായി മാറുന്നതും കാണാം. അവിടെ പിശാച് പരാജയപ്പെടുകയും മനുഷ്യര്‍ ദൈവികപരീക്ഷണത്തെ അതിജയിക്കുകയും ചെയ്യും. 

അധികാരിവര്‍ഗവും പുരോഹിതവൃന്ദവും തങ്ങളുടെ ചൂഷണങ്ങള്‍ക്ക് വേണ്ട പ്രമാണങ്ങള്‍ ചമയ്ക്കുന്നു. പുരോഹിതന്മാര്‍ അതിന് ആദ്യം സാധ്യത തേടുന്നത് ദൈവത്തിന് പങ്കുകാരെ പടച്ചുകൊണ്ടാണ്. ദൈവത്തിന്റെ ശക്തിവിശേഷം തിരിച്ചറിഞ്ഞവര്‍ തങ്ങളാണ് എന്ന വ്യാജേന സ്വയം ഇടയാളപ്പട്ടം എടുത്തണിയുന്നു അവര്‍. ദുര്‍ബലരായ നിങ്ങള്‍ നേരിട്ട് ദൈവത്തില്‍ അഭയം തേടേണ്ടതില്ല, ദൈവത്തിന്റെ പ്രതിപുരുഷന്മാരും  അടുപ്പക്കാരുമായ ഞങ്ങള്‍ നിങ്ങളുടെ കാര്യം ബോധിപ്പിച്ചുകൊള്ളാം, കഴിഞ്ഞുപോയ മഹാന്മാരുടെ അനുഗ്രഹവും ഞങ്ങള്‍ ഉറപ്പുവരുത്താം, നിങ്ങള്‍ ഞങ്ങള്‍ക്ക് വിനീതവിധേയരാവുക...  വര്‍ണ-ദേശ-ജന്മങ്ങളുടെ അടിസ്ഥാനത്തില്‍ പുരോഹിതര്‍ ജനങ്ങള്‍ക്കിടയില്‍ ഉത്കൃഷ്ടതയും അപകര്‍ഷതയും സൃഷ്ടിച്ചു. കര്‍മമല്ല, ജന്മമാണ് മനുഷ്യന്റെ ഭാഗധേയം നിര്‍ണയിക്കുന്നതെന്ന് ധരിപ്പിച്ചു. സ്ത്രീക്കും പുരുഷനും വെവ്വേറെ തട്ടുകള്‍ പണിതു. സ്ത്രീയുടെ പ്രകൃതിപരമായ ഔന്നത്യത്തെ ദൈവിക വിവേചനമായി പ്രചരിപ്പിച്ചു.

അങ്ങാടിയിലും മഖ്ബറയിലും ഉറൂസ് ചന്തയിലും പാതിരാ വഅ്‌ളിലും വിലക്കില്ലാത്ത സ്ത്രീക്ക് പള്ളിയില്‍ മാത്രം വിലക്ക്! പള്ളിയിലെ സ്ത്രീകളുടെ സാന്നിധ്യം അവരില്‍ സംഘബോധവും സാഹോദര്യവും ദൈവത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്ന ബോധവും വളര്‍ത്തും. സ്ത്രീപുരുഷ ഇടകലരലിന്റെ ഇസ്‌ലാമിക രീതി അവര്‍ പരിശീലിക്കും. എന്നാല്‍, ധനചൂഷണത്തിനും മറ്റും സ്ത്രീകളുടെ പള്ളിപ്രവേശത്തില്‍ നേര്‍ക്കു നേരെ ഇടമില്ലെന്നതാണ് യാഥാസ്ഥിതികരുടെ വിലക്കിന് നിദാനം. പള്ളികളില്‍ സജീവമാകുന്ന സ്ത്രീകള്‍ ദൈവത്തിന്റെ പ്രീതി നേടാന്‍ ഇടയാളന്റെ ആവശ്യമില്ലെന്ന് കാലക്രമേണ തിരിച്ചറിയുകയും അങ്ങനെ അന്ധവിശ്വാസങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യും. പുരോഹിതന്മാര്‍ക്ക് ചോറിനും വീടിനും സഹായം നല്‍കുന്നതില്‍ മാത്രമല്ല പുണ്യമുള്ളത് എന്നവളറിഞ്ഞാന്‍ ചൂഷണം വഴിമുട്ടും. നേരത്തേ പറഞ്ഞ, പുരോഹിതന്മാര്‍ അനുവദനീയമാക്കിയ (ഇസ്‌ലാം സംഭാവന ചെയ്തതല്ല) ഇടങ്ങളിലെല്ലാം സ്ത്രീകളുടെ പ്രകൃത്യായുള്ള കാരുണ്യവും അലിവും ചൂഷണം ചെയ്യാന്‍  സ്ത്രീ പുറത്തിറങ്ങേണ്ടത് ഇവര്‍ക്ക് അത്യാവശ്യമാണ്. അതിന് അവര്‍ ഹദീസുകള്‍ ദുര്‍വ്യാഖ്യാനിക്കും, ദുര്‍ബല ഹദീസുകള്‍ കൊണ്ടുവരും. സ്ത്രീകളുടെ പള്ളി പ്രവേശം അനുവദിക്കുന്ന നാല്‍പതില്‍പരം സ്വഹീഹായ ഹദീസുകള്‍ അവര്‍ക്ക് പ്രമാണമാകില്ല. ഇങ്ങനെ ഇസ്‌ലാമിക നിലപാടുകള്‍ തലതിരിച്ചിട്ടാലേ സ്ത്രീകള്‍  മഖ്ബറയില്‍ പുരോഹിതനു കാണിക്ക കൊണ്ടുവരൂ, ഉറൂസ് ചന്തയിലെ കച്ചവടം പൊടിപൊടിക്കൂ, ദിക്‌റ് ഹല്‍ഖകളിലെ ലേലത്തിന് കഴുത്തിലെ മാലകള്‍ ഊരിനല്‍കൂ എന്ന് ഈ മതനേതാക്കള്‍ ഉറപ്പുവരുത്തുന്നു.

സംഘടനാ വേര്‍തിരിവില്ലാതെ പഠിക്കാനാകണം മതകലാലയങ്ങളില്‍

ഡോ. കൂട്ടില്‍ മുഹമ്മദലിയുമായി ബഷീര്‍ തൃപ്പനച്ചി നടത്തിയ അഭിമുഖം ('വിദ്യാഭ്യാസ രംഗത്തെ മൂല്യങ്ങള്‍ വീണ്ടെടുക്കുക'ഏപ്രില്‍ 15) വായിച്ചു. സമുദായത്തെ മൊത്തം മുന്നില്‍ കണ്ടുള്ള ശ്രദ്ധേയമായ നിര്‍ദേശങ്ങളോടൊപ്പം ചില ആശങ്കകളും അദ്ദേഹം പങ്കുവെക്കുന്നു. കേരള മുസ്‌ലിംകള്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും താരതമ്യേന മുന്നിലാണെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘടനാ പക്ഷപാതിത്വം തീര്‍ത്തും അനഭിലഷണീയമായ തലങ്ങളിലെത്തിയതായി  കാണാം. വിഭാഗീയ ചിന്തകള്‍ക്കതീതമായി സ്വതന്ത്ര കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പ്രശസ്തമായ സ്ഥാപനം ഈ ദിശയില്‍ നടത്തിയ ഒരു ശ്രമം സ്ഥാപിത താല്‍പര്യക്കാര്‍ മുളയിലേ നുള്ളിക്കളഞ്ഞ അനുഭവം അടുത്തകാലത്തുണ്ടായി.മതകലാലയങ്ങള്‍ മുസ്‌ലിംകളുടെ പൊതു സ്വത്താകുന്നത് സമൂഹത്തിനാകെ ഗുണകരമാകും. കേരളത്തിനും ഇന്ത്യക്കും പുറത്തുപോയി ഒരേ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വ്യത്യസ്ത ആശയക്കാര്‍ സൗഹാര്‍ദാന്തരീക്ഷത്തില്‍ പഠിക്കുമ്പോള്‍ കേരളത്തിലും അത്തരമൊരന്തരീക്ഷം എന്തുകൊണ്ട് സൃഷ്ടിച്ചുകൂടാ?

യോഗ്യരായ അധ്യാപകരുടെ കുറവ് ഒരു പരിമിതിയാണ്. അതിന് പലപ്പോഴും പറയാറുള്ള കാരണം തുഛവേതനം തന്നെ. പി.ജിയും അതിനു മുകളിലും യോഗ്യതയുള്ള അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന പലര്‍ക്കും മതാധ്യാപകര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വേതനം കുറവാണെങ്കിലും അധ്യാപകര്‍ എന്ന മാന്യതയില്‍ ജോലിചെയ്യാന്‍ അവര്‍ തയാറാകുന്നു. മുസ്‌ലിം സമുദായത്തില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ വനിതകളുടെ കഴിവുകള്‍ സമൂഹത്തിന് പ്രയോജനപ്പെടുത്താതെ കാലം കഴിച്ചുകൂട്ടുന്ന അവസ്ഥ മാറ്റി ഇത്തരം സ്ഥാപനങ്ങളുമായി സഹകരിപ്പിക്കാന്‍ ശ്രമിക്കണം.

കെ.എ ജബ്ബാര്‍ അമ്പലപ്പുഴ

സി.സി എന്ന ഗുരുനാഥന്‍

സി.സി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സി.സി നൂറുദ്ദീന്‍ മൗലവി മികച്ച അധ്യാപകനും വിദ്യാഭ്യാസ ചിന്തകനുമാണ്. പതിറ്റാണ്ടണ്ടുകള്‍ക്ക് മുമ്പ് തിരൂര്‍ക്കാട് ഇലാഹിയാ കോളേജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ധന്യമായ ശിഷ്യത്വം അനുഭവിക്കാന്‍ ഇടവന്നത്. ഏതു പാഠവും മനസ്സിലേക്ക് ഇറങ്ങിച്ചെന്ന് അവിടെ ഉറയ്ക്കുന്ന തരത്തില്‍ സ്ഫുടവും വ്യക്തവും ആകര്‍ഷണീയവുമായാണ് അദ്ദേഹം അവതരിപ്പിക്കുക. വിശദീകരണങ്ങള്‍ നല്‍കുമ്പോള്‍ അവസരോചിതമായ നുറുങ്ങുകള്‍ ചേര്‍ത്ത് അവ അവതരിപ്പിക്കും. ആ പാഠഭാഗങ്ങള്‍ ഒരിക്കലും മറന്നുപോകാതെ മനസ്സില്‍ തങ്ങിനില്‍ക്കും. പാഠ്യേതര വിഷയങ്ങളിലും സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ഓരോ വിദ്യാര്‍ഥിയുടെയും കഴിവുകള്‍ മനസ്സിലാക്കി  പുറത്തുകൊണ്ടുവരുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു പ്രിയപ്പെട്ട ആ ഗുരു.

ഇത്തരം പ്രതിഭകളെ അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇങ്ങനെ ആദരിക്കുന്നത് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ബഹുമതിയാണ്. തങ്ങളുടെ സേവനങ്ങളും അതിന്റെ സല്‍ഫലങ്ങളും പിന്തുടര്‍ച്ചയുമൊക്കെ ജീവിത സായാഹ്നങ്ങളില്‍ അവര്‍ക്ക് ആത്മനിര്‍വൃതി പകരുന്നു.

കുഞ്ഞുമൊയ്തീന്‍ ആലുവ

 

Comments

Other Post

ഹദീസ്‌

ആദരവ് അര്‍ഹിക്കുന്നതാണ് വാര്‍ധക്യം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /23-26
എ.വൈ.ആര്‍