Prabodhanm Weekly

Pages

Search

2016 മെയ് 13

2951

1437 ശഅ്ബാന്‍ 06

തീവ്രതക്കും അതിരുകവിച്ചിലിനും എതിരു നില്‍ക്കുന്ന ഇസ്‌ലാം

അലി മുഹമ്മദ് യാസീന്‍

മുസ്‌ലിം പരിഷ്‌കര്‍ത്താക്കളെയും ചിന്തകരെയും വിദ്യാഭ്യാസ വിചക്ഷണരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മതത്തിലെ തീവ്രതയും അതിരുകവിച്ചിലും. പല മുസ്‌ലിം നാടുകളിലെയും ചെറുപ്പക്കാരുടെ മനസ്സുകളില്‍ തീവ്ര ചിന്തകള്‍ കരുപ്പിടിപ്പിക്കുന്നതില്‍ അന്നാടുകളിലെ ഭരണാധികാരികളുടെ തെറ്റായ രാഷ്ട്രീയ നയങ്ങള്‍ വഹിച്ച പങ്ക് നമുക്ക് കാണാതിരിക്കാനാവില്ല. ഇതിനേക്കാള്‍ വലിയ അപകടം ചെറുപ്പക്കാരുടെ ഈ തലമുറ ഇസ്‌ലാമിക സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്നതിലും ഖുര്‍ആനിക സൂക്തങ്ങളുടെ ശരിയായ വിവക്ഷ മനസ്സിലാക്കുന്നതിലും പരാജയപ്പെടുന്നു എന്നതാണ്. പ്രവാചക ചരിത്രത്തിലെ പദാവലികളും അവര്‍ക്ക് പിടികിട്ടുന്നില്ല.

ഫ്രഞ്ച് വിപ്ലവം കഴിഞ്ഞ് പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിലാണ് 'വിപ്ലവം അതിന്റെ സന്താനങ്ങളെ കൊന്നുതിന്നുന്നു' എന്ന പ്രയോഗം പ്രചാരത്തിലാവുന്നത്. വിപ്ലവ നായകരില്‍ പ്രമുഖനായിരുന്ന റോബര്‍ സ്പിയര്‍ വിപ്ലവം നയിച്ച നൂറുകണക്കിനാളുകളെ പിടികൂടി ശിരസ്സ് ഛേദിച്ചുകളയുകയായിരുന്നു. ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥനായ നെപ്പോളിയന്‍ ഈ ഭരണത്തെ അട്ടിമറിച്ചപ്പോഴാണ് കൂട്ടക്കൊലക്ക് അറുതിയായത്. എന്നാല്‍, 'മക്കളെ കൊന്നുതിന്നുന്ന വിപ്ലവ' പ്രതിഭാസത്തിന് ഫ്രഞ്ച് വിപ്ലവത്തേക്കാളൊക്കെ എത്രയോ പഴക്കമുണ്ട്. ഭൂമിയില്‍ മനുഷ്യജീവിതം തുടങ്ങിയ മുതല്‍ക്കേ അതിന്റെ അടയാളങ്ങള്‍ കണ്ടുതുടങ്ങിയിരിക്കണം. ആശയങ്ങള്‍ മനുഷ്യമനസ്സില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയുന്നവര്‍ക്ക് ഇതിലൊട്ടും അതിശയം തോന്നില്ല. 'തീവ്രത' സാധ്യമാക്കുന്ന ചില പ്രേരണകള്‍ മനുഷ്യമനസ്സില്‍ പ്രവര്‍ത്തനക്ഷമമാവുന്നുണ്ട്.

പ്രതീക്ഷയേകുന്ന പുതുപുത്തന്‍ ചിന്തകള്‍ ജീര്‍ണമായ പഴയ ചിന്തകള്‍ക്കെതിരെ പടയോട്ടം നടത്തുമ്പോള്‍ തീവ്രത എന്ന പ്രതിഭാസം തലപൊക്കാതിരിക്കില്ല. അവിടെ പുതിയ ചിന്ത അമിതമായി മഹത്വവത്കരിക്കപ്പെടുന്നു. നേരത്തേ മഹത്വവത്കരിക്കപ്പെട്ടിരുന്ന പഴയ ചിന്തകള്‍ക്കെതിരെ അത് പ്രതികാര ബുദ്ധിയോടെ തിരിയുന്നു. റഷ്യയിലെ ബോള്‍ഷെവിക് വിപ്ലവം ഉദാഹരണം. ആദ്യം, മുതലാളിത്ത ഭരണത്തിന്റെ മുഖ്യ അടയാളമായ മത സ്ഥാപനങ്ങളില്‍നിന്ന് അവയുടെ വിശുദ്ധിയും അപ്രമാദിത്വവും എടുത്തുകളയുന്നു. പിന്നെ വിപ്ലവ ചിഹ്നങ്ങള്‍ക്ക് വളരെ തീവ്രമായ വിശുദ്ധിയുടെ ചായം പുരുട്ടുന്നു. അങ്ങനെ, വിപ്ലവ ചിന്തകളോടും ചിഹ്നങ്ങളോടും കൂറില്ല എന്ന് സംശയിക്കപ്പെടുന്നവരെല്ലാം കൂട്ടത്തോടെ വധിക്കപ്പെടുന്നു. ബോള്‍ഷെവിക് വിപ്ലവത്തിന് നേതൃത്വം നല്‍കിയ പ്രമുഖ നേതാക്കളില്‍ പലരും സൈബീരിയയിലെ കൊടും ശൈത്യത്തിലേക്ക് എടുത്തെറിയപ്പെടുന്നു; അവരുടെ സഹപ്രവര്‍ത്തകരുടെ കൈകളാല്‍ തന്നെ. വിപ്ലവത്തോടുള്ള അവരുടെ കൂറ് പൂര്‍ണമല്ല എന്ന സംശയത്തിന്റെ പേരിലാണിതെല്ലാം!

ഇസ്‌ലാം അതിന്റെ ചരിത്രത്തിലുടനീളം തീവ്രതക്കെതിരെ ആശയപരമായ പ്രതിരോധക്കോട്ട കെട്ടിയിട്ടുണ്ട്. അതിന്റെ അപകടത്തെക്കുറിച്ച് തെളിഞ്ഞ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മധ്യമ നിലപാട് (തവസ്സ്വുത്വ്) എന്നതാണ് ആ ആശയം. വ്യക്തിക്കോ സമൂഹത്തിനോ മുസ്‌ലിം എന്ന് അവകാശപ്പെടണമെങ്കില്‍ അവന്‍/ അവര്‍ മധ്യമ നിലപാട് സ്വീകരിച്ചേ മതിയാവൂ എന്ന ഉപാധി വെച്ചിരിക്കുകയാണ് ഖുര്‍ആന്‍: ''അപ്രകാരം നാം നിങ്ങളെ മധ്യമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകാന്‍, പ്രവാചകന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാന്‍'' (2:143). ഇവിടെ, ജനങ്ങള്‍ക്ക് സാക്ഷ്യം/കാഴ്ച (ശഹാദത്ത്) നല്‍കുന്ന മധ്യമ നിലപാടിന് പ്രതീകാത്മകമായി സ്ഥലപരമായ രണ്ട് മാനങ്ങളുണ്ട്. മധ്യ സ്ഥാനവും ഉയരവുമാണത്. ഒരു കെട്ടിടത്തെ സംബന്ധിച്ചേടത്തോളം അതിന്റെ മധ്യസ്ഥാനമായിരിക്കും പാര്‍ശ്വങ്ങളേക്കാള്‍ എപ്പോഴും ഉയര്‍ന്നുനില്‍ക്കുക. പിരമിഡായാലും കൊട്ടാരമായാലും ഖുബ്ബയായാലും ഗോപുരമായാലും ഈ നിര്‍മാണ തത്ത്വം ശരിയാണ്. പര്‍വതമായാലും അതിന്റെ മധ്യസ്ഥാനമാണല്ലോ എപ്പോഴും ഉയര്‍ന്നുനില്‍ക്കുക. അപ്പോള്‍ ഒരു സമുദായം മധ്യമ നിലപാട് സ്വീകരിക്കുന്നു എന്നതിനര്‍ഥം അത് സ്വന്തത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു എന്നാണ്. ചുറ്റുപാടുകളെ ഏറ്റവും നന്നായി കാണാനും സാക്ഷ്യപ്പെടുത്താനും സാധിക്കുക ആ അവസ്ഥയിലായിരിക്കും. മുസ്‌ലിം സമുദായത്തിന്റെ മധ്യസ്ഥാനത്തായിരുന്നു പ്രവാചകന്‍(സ) നിലകൊണ്ടത്. അതിനര്‍ഥം അവിടുന്ന് ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് നിലകൊണ്ടു എന്നാണ്. എല്ലാവര്‍ക്കും വളരെ വ്യക്തമായി കാണാനും സാക്ഷികളാകാനും പറ്റുന്ന വിധത്തില്‍. അതേ സ്ഥാനത്ത് മുസ്‌ലിം സമുദായം തങ്ങളെ സ്വയം പ്രതിഷ്ഠിക്കുമ്പോഴാണ് അവരുടെ യഥാര്‍ഥ ദൗത്യനിര്‍വഹണം സാധ്യമാവുക.

പ്രതീകാത്മകമായ പല അര്‍ഥതലങ്ങളുണ്ട് ഉമ്മത്തുന്‍ വസ്വത്വ് (മധ്യമ സമുദായം) എന്ന ഖുര്‍ആനിക പ്രയോഗത്തിന്. അതൊരു പൊതു പ്രയോഗ(മുത്വ്‌ലഖ്)മാണ്; ഒരു പ്രത്യേക വിഷയവുമായി ബന്ധിപ്പിച്ചല്ല പറഞ്ഞിരിക്കുന്നത്. സ്ഥലപരവും കാലപരവും ചിന്താപരവും സ്വഭാവപരവും വിശ്വാസപരവും ചിഹ്നപരവും സാമൂഹികവും സാമ്പത്തികവും ഒക്കെയായ മധ്യനില. വസ്വത്വ് എന്ന വാക്കും അതില്‍ നിന്നുള്ള മറ്റു പ്രയോഗങ്ങളും ഖുര്‍ആനില്‍ അഞ്ചിടത്ത് കാണാം. അവിടെയൊക്കെയും മധ്യനില സൂചിപ്പിക്കപ്പെടുന്നുണ്ട്. ഇതേ ആശയം ധ്വനിപ്പിക്കുന്ന സൂക്തങ്ങളും ധാരാളമുണ്ട്. ചെലവഴിക്കുന്നതിനെക്കുറിച്ച് പറയുമ്പോള്‍, 'നീ നിന്റെ കൈ പിരടിയില്‍ കെട്ടിവെക്കരുത്, പറ്റെ അഴിച്ചിടുകയും ചെയ്യരുത്' (അല്‍ ഇസ്രാഅ് 29) എന്ന് ഖുര്‍ആനില്‍ പറയുന്നുണ്ടല്ലോ. സ്വഭാവപരവും സാമ്പത്തികവുമായ മിതത്വത്തെക്കുറിച്ചാണ് അവിടെ പറയുന്നത്. പിശുക്കിന്റെയും ധാരാളിത്തത്തിന്റെയും ഇടയിലുള്ള മധ്യമാര്‍ഗം.

ജൈവവും അജൈവവുമായ എല്ലാറ്റിനോടുമുള്ള സൗഹൃദപരമായ സഹവര്‍ത്തിത്വമാണ് തവസ്സ്വുത്വ് എന്ന് പറയാം. അവിടെ തീവ്രതക്കോ അതിരു കവിച്ചിലിനോ സ്ഥാനമില്ല. തീവ്രവാദത്തിനെതിരായിട്ട് പോലും തീവ്രവാദം പാടില്ല. യുദ്ധം ചെയ്യാന്‍ വരുന്നവരാണെങ്കിലും: ''നിങ്ങള്‍ ശിക്ഷിക്കപ്പെട്ടതുപോലെ മാത്രമേ അങ്ങോട്ടും ശിക്ഷിക്കാവൂ'' (16:126). തവസ്സ്വുത്വീ ചിന്തയാണ് ചരിത്രത്തില്‍ മഹത്തായ ഇസ്‌ലാമിക നാഗരികതക്ക് ജന്മം നല്‍കിയത്. തീവ്ര ചിന്താഗതികളെ സമുദായത്തിന്റെ ആദര്‍ശമായും സമുദായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപാധിയായും എത്ര തന്നെ പൊതുവാക്കി അവതരിപ്പിച്ചാലും, കുടുസ്സായ വ്യക്തിനിഷ്ഠതയില്‍നിന്ന് അവക്ക് പുറത്തുകടക്കാനാവില്ല. ദര്‍ശനത്തിന്റെ വിശാലതയോ വസ്തുനിഷ്ഠതയോ അവക്കുണ്ടാവില്ല. മറ്റൊരു ഭാഷിയില്‍ പറഞ്ഞാല്‍, മധ്യമ സമുദായത്തെ ഖുര്‍ആന്‍ ചുമതലപ്പെടുത്തിയ 'സാക്ഷ്യം' (ശഹാദഃ) നിര്‍വഹിക്കാന്‍ തീവ്രവാദം തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുക. എന്തിനോടെങ്കിലും കടുത്ത ആരാധന, അല്ലെങ്കില്‍ കടുത്ത വിദ്വേഷം- ഈ ആത്യന്തികതകളിലായിരിക്കും തീവ്രവാദം നിലയുറപ്പിക്കുക. അത് തന്റെ വ്യക്തിനിഷ്ഠമായ എന്തൊക്കെയോ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതുമായിരിക്കും. മുസ്‌ലിം നാടുകളിലെ തീവ്രവാദി പ്രസ്ഥാനങ്ങളുടെ അവസ്ഥ ആലോചിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. അത്തരം സംഘങ്ങള്‍ കൊന്നൊടുക്കുന്ന ബഹുഭൂരിഭാഗവും അവര്‍ എതിരാളികളെന്നും ഇസ്‌ലാമില്‍നിന്ന് ഭ്രഷ്ടരായവരെന്നും മുദ്രകുത്തിയ മുസ്‌ലിം വിഭാഗങ്ങള്‍ തന്നെയാണല്ലോ.

ഈ മധ്യമ നിലപാടിന് എത്രയും ഉദാഹരണങ്ങള്‍ പ്രവാചക ജീവിതത്തില്‍നിന്ന് കണ്ടെടുക്കാനാവും. കപട വിശ്വാസികളോടുള്ള പ്രവാചകന്റെ നിലപാടുകള്‍ നോക്കുക. അവരില്‍ ചിലരെക്കുറിച്ച് പ്രവാചകന് ദിവ്യബോധനം വഴി കൃത്യമായ വിവരം ലഭിക്കുക പോലും ചെയ്തിരുന്നു. എന്നിട്ടും പെരുമാറ്റത്തില്‍ മിതത്വമല്ലാതെ കാര്‍ക്കശ്യം നാം കാണുന്നില്ല. മറ്റൊരു ഉദാഹരണമാണ് ഹുദൈബിയാ സന്ധി. മക്കയിലെ പ്രതിയോഗികളുമായി പ്രവാചകന്‍ ഒരു സന്ധിയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇരു വിഭാഗത്തിന്റെയും പ്രതിനിധികള്‍ മുഖാമുഖം ഇരിക്കുന്നു. പ്രവാചകന്റെ അടുത്ത അനുയായികളിലൊരാളായ അലിയ്യുബ്‌നു അബീത്വാലിബാണ് കരാര്‍ പത്രം എഴുതുന്നത്. എഴുത്ത് അദ്ദേഹം ഇങ്ങനെ ആരംഭിച്ചു: ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം, റഹ്മാനും (കാരുണ്യവാന്‍) റഹീമും (കരുണാവാരിധി) ആയ അല്ലാഹുവിന്റെ നാമത്തില്‍. ഉടന്‍ മക്കയില്‍ നിന്നെത്തിയവര്‍ പ്രതിഷേധിച്ചു: ''ഈ റഹ്മാനെയും റഹീമിനെയും ഞങ്ങള്‍ക്ക് അറിയില്ല; പകരം 'ബിസ്മികല്ലാഹ്' എന്നു മാത്രം എഴുതൂ.'' പ്രവാചകനത് അംഗീകരിച്ചു.

പിന്നെ അലി(റ) കരാര്‍ പത്രത്തിലെഴുതിയത് 'അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ്' എന്നാണ്. അപ്പോഴും മക്കക്കാര്‍ കടുത്ത ഭാഷയില്‍ പ്രതിഷേധിച്ചു: 'താങ്കളെ പ്രവാചകനായി അംഗീകരിച്ചിരുന്നുവെങ്കില്‍ പിന്നെ ഈ യുദ്ധത്തിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ലല്ലോ'. പ്രവാചകന്‍ അതും അംഗീകരിച്ചു. 'അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ്' എന്നതിന് പകരം 'അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്' എന്നെഴുതാന്‍ പറഞ്ഞു അലി(റ)യോട്. ഇങ്ങനെയൊന്നും താഴ്ന്നുകൊടുക്കേണ്ടതില്ല എന്ന അഭിപ്രായമായിരുന്നു പ്രവാചകന്റെ അനുയായികള്‍ക്ക്. ഉമര്‍(റ) രോഷാകുലനായി ചോദിക്കുക വരെ ചെയ്തു: ''അങ്ങ് സത്യമായും അല്ലാഹുവിന്റെ ദൂതനല്ലേ? നമ്മള്‍ സത്യത്തിന്റെ പാതയിലല്ലേ? പിന്നെ ദീനിന്റെ കാര്യത്തില്‍ അവര്‍ക്ക് മുമ്പില്‍ ഇങ്ങനെ താഴുന്നത് എന്തിന്?'' ഇവിടെ പ്രവാചകന്റെ അനുയായികള്‍ വിഷയത്തെ ഒരൊറ്റക്കോണിലൂടെ മാത്രം നോക്കിക്കാണുകയാണ്. ആ നോട്ടത്തില്‍ സ്വല്‍പം 'തീവ്രത'യും ഉണ്ട്. അതിനാല്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ ചില ശിക്ഷണ പാഠങ്ങള്‍ നല്‍കേണ്ടത് അനിവാര്യമായിത്തീരുന്നു. എങ്കിലേ വിശാലമായ കാഴ്ചപ്പാടില്‍ പ്രശ്‌നങ്ങളെ നോക്കിക്കാണാന്‍ അവര്‍ക്ക് കഴിയൂ. ഈ ലോകത്ത് നിങ്ങള്‍ മാത്രമല്ല ജീവിക്കുന്നത് എന്ന പാഠമാണ് പ്രവാചകന്‍ തന്റെ അനുയായികള്‍ക്ക് നല്‍കുന്നത്. നിങ്ങള്‍ സത്യത്തിലാണെന്നതു ശരി. പക്ഷേ അസത്യത്തിന്റെ ആളുകളെ പൊറുപ്പിക്കില്ല എന്ന നിലപാടെടുക്കരുത്. സത്യമാര്‍ഗത്തിന്റെ വിശാലത അവര്‍ക്ക് കൂടി ബോധ്യമാകുന്ന വിധത്തിലാവട്ടെ നിങ്ങളുടെ ഇടപെടല്‍.

എത്ര കടുത്ത നിഷേധികളാണെങ്കിലും അവര്‍ സന്മാര്‍ഗത്തിലായെങ്കില്‍ എന്ന് കൊതിക്കുന്ന അനുകമ്പാര്‍ദ്രമായ ഹൃദയത്തിന്റെ ഉടമകളാവണം നിങ്ങള്‍ എന്ന സന്ദേശമാണ് പ്രവാചകന്‍ നല്‍കുന്നത്. അവരെ വകവരുത്തണമെന്ന പ്രതികാരദാഹമല്ല നിങ്ങളിലുണ്ടാവേണ്ടത്. ഹുദൈബിയാ സന്ധിയുടെ കാലമാവുമ്പോഴേക്കും മുസ്‌ലിംകള്‍ മക്കയിലെ പ്രതിയോഗികളെ സൈനികമായി തോല്‍പിക്കാന്‍ കരുത്താര്‍ജിച്ചുകഴിഞ്ഞിരുന്നു. അത് മനസ്സിലാക്കി തന്നെയാണ് അനുയായികള്‍ നമ്മളെന്തിന് ഇങ്ങനെ താഴ്ന്നു കൊടുക്കണം എന്നു ചോദിച്ചത്. പക്ഷേ, പ്രവാചകന്റെ നിയോഗമുണ്ടായത്, ലോകര്‍ക്കാകെ കാരുണ്യമായിട്ടാണല്ലോ. 'നാട്ടില്‍ അതിക്രമിച്ചുകയറി അവിടെ മാന്യമായി ജീവിക്കുന്നവരെ നിന്ദ്യരാക്കുന്ന രാജാക്കന്മാരുടെ രീതി' (27:34) പ്രവാചകന് സ്വീകരിക്കാനാവില്ലല്ലോ. പ്രതിയോഗികളെ പ്രതിരോധിക്കുന്നതിലേറെ പ്രവാചകന് താല്‍പര്യം അവരുടെ സന്മാര്‍ഗ ലബ്ധിയിലാണ്. പിന്നെയല്ലേ അവരെ കൊല്ലുന്ന കാര്യം!

ദിവസങ്ങള്‍ക്കു മുമ്പ് ഒരു പണ്ഡിതന്റെ കുറിപ്പ് കണ്ടു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് അന്‍ദുലുസില്‍ ജീവിച്ച ഇബ്‌നു ഹസം എന്ന മഹാ പണ്ഡിതനെ ഉദ്ധരിച്ചാണ് ഇദ്ദേഹം കുറിപ്പെഴുതിയിരിക്കുന്നത്. പ്രവാചകനെ കഠിനമായി ഉപദ്രവിച്ച ശത്രുക്കളിലൊരാള്‍ അയാളുടെ സത്യനിഷേധത്തിലും വഴികേടിലുമായി മരിച്ചുപോയപ്പോള്‍ പ്രവാചകന്‍ ആഹ്ലാദിക്കുകയുണ്ടായത്രെ, ഇസ്‌ലാമിലേക്കെത്തി അയാള്‍ (പരലോകത്ത്) രക്ഷപ്പെട്ടില്ലല്ലോ എന്നോര്‍ത്ത്! ഈ പണ്ഡിതന്‍ ഇതുപറയുന്നത് എന്തിനാണെന്ന് വ്യക്തം. വഴികേടിലുള്ളവര്‍ വഴികേടിലായിത്തന്നെ മരിച്ചുപോയിക്കൊള്ളട്ടെ എന്ന്. എന്നെ വളരെയേറെ അമ്പരപ്പിച്ചുകളഞ്ഞു ഈ പരാമര്‍ശം. ഇബ്‌നു ഹസമും നമ്മുടെ ഈ പണ്ഡിതനും നബിചരിത്രം വായിച്ചവരല്ലേ. ശത്രുക്കള്‍ക്ക് ഈ സത്യം ബോധ്യപ്പെടുന്നില്ലല്ലോ എന്നോര്‍ത്ത് പ്രവാചകന്റെ മനസ്സ് എത്രയാണ് വേദനിച്ചത്! അതിനു വേണ്ടി എത്രയാണ് രക്ഷിതാവിനോട് കേണത്! അതിന് മറുപടിയായല്ലേ, 'ഇക്കാര്യത്തിന്റെയൊന്നും നിയന്ത്രണം താങ്കള്‍ക്കില്ല' (3:128), 'അവരെ സന്മാര്‍ഗത്തിലാക്കുന്നത് താങ്കളുടെ ചുമതലയല്ല, അല്ലാഹു താന്‍ ഉദ്ദേശിച്ചവരെ സന്മാര്‍ഗത്തിലാക്കുകയാണ് ചെയ്യുന്നത്' (2:222) തുടങ്ങിയ നിരവധി സൂക്തങ്ങള്‍ അവതരിച്ചതുതന്നെ.

മക്കാ വിജയനാളില്‍ തന്റെ മുമ്പില്‍ നില്‍ക്കുന്ന ശത്രുക്കളെ പ്രവാചകന്‍ വെറുതെ വിടുമ്പോള്‍ അവരില്‍ പലരും മുസ്‌ലിംകളായത് പേടിച്ചിട്ടാണെന്നും ചിലര്‍ കപടവിശ്വാസികള്‍ മാത്രമാണെന്നും പ്രവാചകന് അറിയാമായിരുന്നു. എന്നിട്ടും പ്രവാചകന്‍ അവരോട് തന്റെ ആദ്യകാല അനുയായികളോട് പെരുമാറുന്നതു പോലെ പെരുമാറി. അല്‍പം കഴിഞ്ഞിട്ടാണെങ്കിലും യഥാര്‍ഥ വിശ്വാസം അവരുടെ ഹൃദയങ്ങളെ തഴുകുമെന്ന് അവിടുന്ന് പ്രതീക്ഷിച്ചു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ ഒരു നിമിഷവും അവിടുന്ന് നിരാശനോ പ്രതീക്ഷയറ്റവനോ ആയിരുന്നില്ല.

ഇനി നമ്മുടെ പണ്ഡിതനോട് ഒരു ചോദ്യം. പ്രവാചകനെ അസഭ്യങ്ങള്‍ ചൊരിഞ്ഞ് കല്ലെറിഞ്ഞ് ഓടിച്ച ഒരു തെമ്മാടിക്കൂട്ടമുണ്ടായിരുന്നല്ലോ ത്വാഇഫില്‍. അവരാണോ അല്ലെങ്കില്‍ താങ്കള്‍ പറയുന്ന ഇക്കാലത്തെ നിഷേധികളാണോ ഇസ്‌ലാമിന് ഏറ്റവും കൂടുതല്‍ ഉപദ്രവം ചെയ്തത്? ത്വാഇഫുകാരെ അവരുടെ തലക്ക് മീതെ പര്‍വതം മറിച്ചിട്ട് ശിക്ഷിക്കട്ടെ എന്ന് ചോദിച്ച് ജിബ്‌രീല്‍ പ്രവാചകനെ സമീപിച്ചിരുന്നു എന്ന കാര്യം ഓര്‍ക്കുക. എന്തായിരുന്നു അപ്പോള്‍ പ്രവാചകന്റെ മറുപടി? നാഥാ, അവരെ നശിപ്പിക്കരുത്. അവരുടെ പിന്മുറക്കാരില്‍നിന്നെങ്കിലും നിനക്ക് വിധേയപ്പെടുന്ന ഒതു തലമുറ വളര്‍ന്നുവന്നെങ്കിലോ. പ്രവാചക ചരിത്രത്തെ വികലപ്പെടുത്തുന്ന പണ്ഡിതന്മാര്‍ ഇതൊക്കെ മനസ്സിലാക്കിയിരുന്നെങ്കില്‍. 

(സുഡാനി എഴുത്തുകാരനും അല്‍ജസീറ കോളമിസ്റ്റുമാണ് ലേഖകന്‍)

 

Comments

Other Post

ഹദീസ്‌

ആദരവ് അര്‍ഹിക്കുന്നതാണ് വാര്‍ധക്യം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /23-26
എ.വൈ.ആര്‍