മാതൃത്വത്തിന്റെ മഹനീയത
അക്ഷരമാലതന്‍
ആദ്യാക്ഷരത്തോട്
ദുത്വമകാരവും ചേര്‍ത്തുവെച്ചു
അമ്മയെന്നുള്ള ലഘുപഥശീലിന്റെ
അന്വര്‍ഥ വ്യാപ്തി അവര്‍ണനീയം
പൊക്കിള്‍ കൊടിയില്‍ തുടങ്ങീടും ബന്ധങ്ങള്‍ അറ്റുപോകാതങ്ങ്
കാക്കും അമ്മ.
എത്ര ആലോചനാമൃതമായ വരികള്‍! അമ്മയെ കുറിച്ചായതുകൊണ്ടാവാം വായിച്ചപ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. അമ്മ അഥവാ മാതാവ്-ഭാഷയിലെ ഏറ്റവും വിശിഷ്ടമായ പദം, ഏറ്റവും മനോഹാരിതവും മാധുര്യവുമുള്ള പദം. അതിനപ്പുറം ഒരു വാക്കില്ല.
അമ്മയുണ്ടമ്മയുണ്ട് തുണക്കുവാന്‍
അമ്മയുണ്ടമ്മയുണ്ട്
സുഗതകുമാരി ടീച്ചറുടെ വരികള്‍ എത്ര അര്‍ഥസമ്പുഷ്ടം! മാതൃത്വമെന്ന പവിത്ര യാഥാര്‍ഥ്യത്തെ നിഷേധിക്കുന്ന ഒരു സംസ്‌കാരവും പ്രത്യയശാസ്ത്രവും ലോകത്തില്ല. മാനവ സംസ്‌കൃതിയുടെ അടിസ്ഥാനം മാതൃത്വമാണ്. മാതാവിന്റെ മടിത്തട്ടാണ് ആദ്യവിദ്യാലയം. അതുതന്നെയാണ് സംസ്‌കാരത്തിന്റെ പ്രഭവകേന്ദ്രവും വിശ്വവിദ്യാലയവുമെല്ലാം. മാതാവിനു നമ്മെ അറിയുന്നതുപോലെ മറ്റൊരാള്‍ക്കും നമ്മെ അറിയില്ല. മറ്റാരേക്കാളും ഏറെ മാതാവ് നമ്മുടെ കൂടെ ഉണ്ട്. ഉള്ളുനൊന്ത പ്രാര്‍ഥനയായും ഉള്ളറിഞ്ഞ ശ്രദ്ധയായും ശിക്ഷണമായും ആ കരുത്ത് നമ്മോടൊപ്പമുണ്ട്. വേദനയുടെയും യാതനയുടെയും നീര്‍ച്ചുഴിയിലൂടെ ഒമ്പതു മാസകാലത്തെ ഗര്‍ഭധാരണം, അസഹ്യാനുഭവങ്ങള്‍ക്കൊടുവില്‍ പ്രസവം, ബദ്ധശ്രദ്ധമായ പരിചരണം, കുഞ്ഞിന്റെ മലമൂത്രങ്ങളോടൊപ്പം സ്‌നേഹപൂര്‍വമായ കൂട്ടിരിക്കല്‍, ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാവാത്ത അടുപ്പം. ജീവിതകാലം മുഴുവന്‍ മക്കളെ ഓര്‍ത്തുകൊണ്ടുള്ള നെടുവീര്‍പ്പുകള്‍, പട്ടിണിയുടെ വേദനയിലാകുമ്പോഴും കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാനാവാത്ത ദുര്‍ബല മനസ്സ്. നമുക്ക് ജ•ം നല്‍കിയവര്‍, നമുക്ക് പേരിട്ടവര്‍, നമ്മെ പോറ്റി വളര്‍ത്തിയവര്‍, നാം വളരുന്നതിലും ഉയരുന്നതിലും പ്രശസ്തരാകുന്നതിലും നമ്മേക്കാളും ആനന്ദിച്ചവര്‍, നമ്മുടെ വേദനകളില്‍ ഏറ്റവുമധികം ദുഃഖിച്ചവര്‍, ഒരുവിധ കരാറുകളുമില്ലാതെ നമ്മോട് ബന്ധം പുലര്‍ത്തിയവര്‍. അവരാണ് മാതാപിതാക്കള്‍. മാതൃത്വത്തിന്റെ മഹനീയത വിശദീകരിക്കാനാവാത്ത, പ്രകടിപ്പിക്കാനാവാത്ത വികാരമാണ്.
പ്രശസ്ത കവി ഒ.എന്‍.വി കുറുപ്പിന്റെ 'അമ്മ' എന്ന കവിത എത്ര ചിന്തോദ്ദീപകമാണ്. രാജാവിന്റെ ആജ്ഞപ്രകാരം 9 സഹോദരങ്ങള്‍ ഗോപുരമുണ്ടാക്കാന്‍ ശ്രമിക്കുന്നു. എത്രതന്നെ ശ്രമിച്ചിട്ടും ശരിയാവാത്ത പടവുകള്‍ ശരിയാവണമെങ്കില്‍ ഒരാളുടെ ഭാര്യയെ കൂട്ടിച്ചേര്‍ത്ത് പണിയണമെന്ന് നാട്ടിലെ അറിവുള്ള ഒരാള്‍ പറയുന്നു. എന്റെ പ്രിയതമന്റെയും സഹോദരങ്ങളുടെയും അഭിമാനം സംരക്ഷിക്കാന്‍ എനിക്ക് സന്തോഷമുണ്ട്, അതിനാല്‍ എന്നെ ചേര്‍ത്ത് പണിതുകൊള്ളുക; കൈക്കുഞ്ഞുള്ള ഒരുവള്‍ പറയുന്നു. പക്ഷേ എനിക്കൊരപേക്ഷയുണ്ട്. പണിയുമ്പോള്‍ എന്റെ മാറിടം പുറത്തു കാണത്തക്ക രീതിയില്‍ പണിയണം. എന്നിട്ട് വിശക്കുന്ന കുഞ്ഞിനെ കൊണ്ടുവന്നു പാലൂട്ടണം. സ്വന്തം ജീവനേക്കാള്‍ മാതാവിന് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹവായ്പാണ് ഇവിടെ വരച്ചുകാണിക്കുന്നത്.
ആധുനിക മനുഷ്യന്‍ പല മൂല്യങ്ങളും തിരസ്‌കരിച്ചപ്പോള്‍ ചില വീടുകളില്‍നിന്നെങ്കിലും അമ്മക്ക് പടിയിറങ്ങേണ്ട ദുരവസ്ഥയാണ്. വാര്‍ധക്യം ഒരനിവാര്യതയാണ്. ജീവിതചക്രത്തിലെ ഒരു ഘട്ടം. വൃദ്ധരടങ്ങുന്ന മൂന്ന് തലമുറകളെ ഉള്‍ക്കൊള്ളുന്ന സംയുക്ത കുടുംബം ഇന്ന് അപൂര്‍വ കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. അണുകുടുംബങ്ങള്‍ക്ക് അഛനമ്മമാരെ കൂടെ പാര്‍പ്പിക്കാന്‍ വയ്യ. വിദേശങ്ങളിലേക്ക് തൊഴിലാവശ്യാര്‍ഥം പോകുന്നവര്‍ക്ക് മാതാപിതാക്കളെ കൂടെ നിര്‍ത്തുന്നതും പ്രായോഗികമല്ല. ഇങ്ങനെ കുടുംബ ബന്ധങ്ങളിലെ പുതുകാല മാറ്റങ്ങളില്‍ ഏറെ പരിക്കു പറ്റിയത് വൃദ്ധര്‍ക്കാണ്. അതുകൊണ്ടുതന്നെ പാശ്ചാത്യ നാടുകളിലെ പോലെ നമ്മുടെ നാട്ടിലും വൃദ്ധസദനങ്ങള്‍ ഏറിവരുന്നു. ബാധ്യതകളെ ഏതാനും നോട്ടുകെട്ടുകളിലൊതുക്കി, വന്ന വഴി മറക്കാന്‍ പുതിയ തലമുറ ശീലിച്ചിരിക്കുന്നു. പലരും തങ്ങളെ താരാട്ടു പാടിയ, സ്‌നേഹത്താലും വത്സല്യത്താലും ഊട്ടിയ പഴയ തലമുറയെ അവശതയുടെയും നിസ്സഹായതയുടെയും പ്രായത്തില്‍ ആശയറ്റ തെരുവിലെ 'ആശാ'ഭവനങ്ങളിലേക്ക് ആട്ടിയകറ്റുകയാണ്. ബസ് സ്റ്റാന്‍ഡിലും റെയില്‍വേസ്റ്റേഷനിലും തെരുവിലും മറ്റും മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം കേരളത്തില്‍ കുറവല്ല. വരുമാനമില്ലാത്തതെന്തും തെരുവിലേക്ക് വലിച്ചെറിയാന്‍ ശീലിപ്പിച്ച അധമ സംസ്‌കാരം സ്വാംശീകരിക്കപ്പെടുകയാണ്. കച്ചവടക്കണ്ണിലൂടെ എല്ലാം നോക്കിക്കാണുന്ന മുതലാളിത്ത സംസ്‌കാരത്തിന്റെയും വാണിജ്യവത്കരണത്തിന്റെയും സംഭാവനകളാണ് വൃദ്ധസദനങ്ങളും ഡേ കെയര്‍ സെന്ററുകളും.
മുതിര്‍ന്ന പൗര•ാരുടെ സുരക്ഷക്ക് കേരള സര്‍ക്കാര്‍ രൂപം നല്‍കിയ നിയമം സ്വഗൃഹത്തില്‍ വാര്‍ധക്യകാലം എന്ന സന്ദേശമാണ് മുന്നോട്ടുവെക്കുന്നത്. മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാതെ വരുമ്പോഴേ ഒരാളെ വൃദ്ധസദനത്തിലേക്ക് അയക്കാവൂ എന്നും അത് നിഷ്‌കര്‍ഷിക്കുന്നു. ഓരോ ജില്ലയിലും പരാതിപ്പെടാന്‍ പ്രത്യേക സംവിധാനങ്ങളുണ്ട്. പരാതി ശരിയാണെന്നറിഞ്ഞാല്‍ ജീവനാംശ തുക നല്‍കുന്നതുവരെ ബന്ധപ്പെട്ടവര്‍ക്ക് തടവുശിക്ഷ ലഭിക്കുമെന്നും നിയമം അനശാസിക്കുന്നു.
എന്നാല്‍ നിയമനിര്‍മാണം കൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ല ഈ പ്രശ്‌നങ്ങള്‍. ഇവരെ സ്‌നേഹിക്കാനും സംരക്ഷിക്കാനുമുള്ള ആത്മാര്‍ഥ വികാരവും മാനസികാവസ്ഥയും ഓരോ വ്യക്തിയിലും ഉണ്ടാവുക എന്നതാണ് പ്രധാനം. ആയുസ്സ് മുഴുവന്‍ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി കഷ്ടപ്പെട്ട് ജീവിതസായാഹ്നത്തിലെത്തിനില്‍ക്കുന്നവരെ സഹായിക്കേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ കടമയാണ്. വീട്ടില്‍ വൃദ്ധ•ാര്‍ ഇല്ലാതാവുന്നതോടെ കുട്ടിക്കാലം നഷ്ടമാവുന്ന തലമുറയാണ് നമ്മുടെ മുന്നില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. കഥ പറയുന്ന മുത്തശ്ശിമാരും സാകൂതം കേട്ടുകൊണ്ടിരിക്കുന്ന കുട്ടികളും പണ്ട് പല വീടുകളിലെയും കാഴ്ചയായിരുന്നു. വളരുന്ന പ്രായത്തില്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും ഭാഷാശേഷിയാര്‍ജിക്കുന്നതിലും മുത്തശ്ശിക്കഥകള്‍ക്കും അവരുടെ അനുഭവ വിവരണങ്ങള്‍ക്കുമുണ്ടായിരുന്ന പങ്ക് നിഷേധിക്കാനാവില്ല.
ഇന്നത്തെ അണുകുടുംബ സംവിധാനത്തില്‍ കുട്ടികള്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. ജോലിക്കാരായ മാതാപിതാക്കളും ഞെരിപിരി കൊള്ളുന്ന മക്കളും യാന്ത്രികമെന്ന പോലെ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു. ഇതില്‍നിന്ന് രക്ഷ നേടാന്‍ അവര്‍ ടെലിവിഷനെയും കമ്പ്യൂട്ടറിനെയും ഇന്റര്‍നെറ്റിനെയുമൊക്കെ ആശ്രയിക്കുന്നു. ഇവയുടെ അമിതോപയോഗം കുട്ടികളുടെ ബൗദ്ധിക-സ്വഭാവ വളര്‍ച്ചയെ സാരമായി ബാധിക്കുന്നു. ഇതവരില്‍ വൈകാരിക പ്രശ്‌നങ്ങളും ശ്രദ്ധക്കുറവും മറവിയും അക്രമവാസനയുമെല്ലാം സൃഷ്ടിക്കുന്നു. ശിശു വിദ്യാഭ്യാസത്തിന് പുതിയ മുഖം നല്‍കിയ ഡോ. മരിയ മോണ്ടിസോറിയുടെ അഭിപ്രായത്തില്‍; കുട്ടികള്‍ കാണുന്ന ഫാന്റസി കഥകളിലൂടെ ദൈനംദിനജീവിതത്തിന് ഒന്നും നല്‍കാനാവില്ല. അത് മനസ്സിനെ യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിക്കും. അര്‍ഥശൂന്യമായ ഫാന്റസി കഥകളാണ് കാര്‍ട്ടൂണുകളുടെയും ഗെയിമുകളൂടെയും രൂപത്തില്‍ നമ്മുടെ പിഞ്ചോമനകളെയും തളച്ചിടുന്നത്. പട്ടം പറത്തിയും കളിവീടുണ്ടാക്കിയും മഴയില്‍ തുള്ളിച്ചാടി കളിക്കുമ്പോള്‍ അവര്‍ക്ക് കിട്ടുന്നത് ക്ഷമയും സഹകരണ മനോഭാവവും പിടിച്ചുനില്‍ക്കാനുള്ള ജീവിതാനുഭവങ്ങളുമാണ്. മാതാപിതാക്കളുടെ ശകാരങ്ങളില്‍നിന്ന് അഭയം പ്രാപിക്കാനും തങ്ങളുടെ വിശേഷങ്ങളും സംശയങ്ങളും ക്ഷമയോടെ പങ്കുവെക്കാനുമുള്ള മുത്തശ്ശിമാര്‍ ഇല്ലാതാകുന്ന വീടുകളില്‍ കുട്ടികള്‍ ഒറ്റപ്പെടുകയാണ്.
വൃദ്ധരുടെ മാനസികാവസ്ഥയെ കുറിച്ചുള്ള അറിവില്ലായ്മയും അവര്‍ക്ക് പരിചരണവും കരുതലും നല്‍കാനുള്ള കഴിവില്ലായ്മയുമാണ് പല ചെറിയ പ്രശ്ങ്ങളും സങ്കീര്‍ണമാക്കുന്നത്. അതിനാവശ്യമായ ശില്‍പശാലകളും കൗണ്‍സലിംഗ് ക്ലാസ്സുകളും നടക്കേണ്ടതുണ്ട്. കുടുംബ കാര്യങ്ങളില്‍ ഏതു തീരുമാനമെടുക്കുമ്പോഴും അതില്‍ അവരെ പങ്കാളികളാക്കണം. നമ്മളോര്‍ക്കണം; നമുക്കും ഇതുപോലെ ഒരവസ്ഥ വരുന്നുണ്ട്, നമ്മെ കണ്ട് നമ്മുടെ മുന്നില്‍ ഒരു തലമുറ വളര്‍ന്നുവരുന്നുണ്ട്. നമ്മുടെ മക്കള്‍ നമ്മോട് എങ്ങനെ പെരുമാറണമെന്ന് നാം ആഗ്രഹിക്കുന്നുവോ അതേപോലെയാണ് നാം നമ്മുടെ മാതാപിതാക്കളോട് പെരുമാറേണ്ടത്. പാശ്ചാത്യ, മുതലാളിത്ത സംസ്‌കാരത്തെ അന്ധമായി പിന്തുടരുന്നതിനു പകരം നല്ല മൂല്യങ്ങള്‍ നല്‍കി നമ്മുടെ മക്കളെ വളര്‍ത്തുക. നമ്മുടെ മാതാപിതാക്കള്‍ക്ക് നാം നല്‍കുന്ന സമുന്നത സ്ഥാനം അവര്‍ മാതൃകയാക്കട്ടെ. എന്നാല്‍ വൃദ്ധസദനങ്ങളിലേക്കള്ള നമ്മുടെ യാത്ര നമുക്ക് തടയാനാവും.
മാതാവിന്റെ മനസ്സ് വേദനിപ്പിച്ചവര്‍ക്ക് മരണശേഷവും രക്ഷയില്ല എന്ന് അല്‍ഖമ(റ)യിലൂടെ പ്രവാചകന്‍ (സ) പഠിപ്പിക്കുന്നു. ക്ഷയവും കാന്‍സറുമല്ല ഭയാനക രോഗങ്ങള്‍; ആര്‍ക്കും വേണ്ടാത്തവരായി, ആരാലും സ്‌നേഹിക്കപ്പെടാത്തവരായി ജീവിക്കുന്നതാണ് ഏറ്റവും ഭയാനക രോഗമെന്ന് മദര്‍ തെരേസ പറഞ്ഞിട്ടുണ്ട്.
നമുക്ക് കുട്ടികളോടൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാം. നമ്മുടെ മക്കളെ നല്ല മൂല്യങ്ങള്‍ പകര്‍ന്നുകൊടുത്ത് വളര്‍ത്താം. നല്ല പുസ്തകങ്ങള്‍ നല്‍കി വായനാശീലം വളര്‍ത്തി അവരെ സംസ്‌കാരസമ്പന്നരാക്കാം.
Comments