മധ്യാഹ്ന ഭക്ഷണ പദ്ധതിയുടെ വഴിയേ ഭക്ഷ്യ സുരക്ഷയും
മാര്‍ച്ച് 30-ന് മഹാരാഷ്ട്രയിലെ നാസിക്കില്‍ 30,000-ത്തോളം ഗ്രാമീണര്‍ ദേശീയപാത ഉപരോധിച്ചു. കൊടും വരള്‍ച്ചയില്‍ കൃഷിനാശം നേരിട്ടതു മൂലം നേരത്തേ എടുത്ത വായ്പകള്‍ ഇളവു നല്‍കണമെന്നായിരുന്നു ഈ കര്‍ഷകരുടെ ആവശ്യം. അത്രയും വലിയ ജനക്കൂട്ടം സംസ്ഥാന സര്‍ക്കാറിനെതിരെ തിരിഞ്ഞിട്ടും ഒന്നു ഗൂഗിള്‍ ചെയ്തു നോക്കിയാലറിയാം ദേശീയ മാധ്യമങ്ങളില്‍ എത്രയെണ്ണം ഈ സംഭവം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന്. അദാനിയുടെയും അംബാനിയുടെയും തട്ടകങ്ങള്‍ ഭരിക്കുന്ന ബി.ജെ.പിയുടെ തങ്കപ്പെട്ട സര്‍ക്കാറുകള്‍ക്കെതിരെ 'വിവരം കെട്ട' ജനങ്ങള്‍ റോഡിലിറങ്ങുന്നതിന്റെ അപകടമൂല്യം മനസ്സിലാക്കിയ ദേശീയ മാധ്യമങ്ങള്‍ സംഘം ചേര്‍ന്ന് വാര്‍ത്ത മുക്കി. ഐ.പി.എല്ലിന്റെ പൂരം നടക്കുമ്പോള്‍ എന്ത് കുടിവെള്ളക്ഷാമവും കൃഷിനാശവും? ഇതേ ചാനലുകള്‍ക്ക് പക്ഷേ കുടിവെള്ള ക്ഷാമത്തെ കുറിച്ച് ഏതാനും ദിവസങ്ങള്‍ക്കകം പാനല്‍ ചര്‍ച്ചകള്‍ തന്നെ നടത്തേണ്ടിവന്നു. ഐ.പി.എല്ലിന്റെ തുടര്‍ മത്സരങ്ങള്‍ മഹാരാഷ്ട്രക്കു പുറത്തേക്ക് മാറ്റിക്കൊണ്ട് മുംബൈ കോടതി ഉത്തരവ് പുറപ്പെടുവിച്ചപ്പോഴായിരുന്നു അത്. ദീനാനുകമ്പ പക്ഷേ തലക്കെട്ടില്‍ മാത്രമായിരുന്നു. സൂക്ഷ്മ വായനയില്‍ കോടതിയെ വ്യംഗ്യമായി വിമര്‍ശിച്ചും കുടിവെള്ളക്ഷാമം പൊടുന്നനെ ഉണ്ടായ പ്രതിഭാസമല്ലെന്ന് വരുത്തിത്തീര്‍ത്തുമായിരുന്നു ഈ ചര്‍ച്ചകള്‍ മുന്നോട്ടുപോയത്.
ഓരോ കൊല്ലം കഴിയുംതോറും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഐ.പി.എല്ലില്‍ പണമിറക്കുന്ന മുതലാളിമാരാണ് പുതിയ കാലത്ത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ 'നട്ടെല്ല്'! കര്‍ഷകരും ഗ്രാമീണരുമൊക്കെ ഗാന്ധിജിയുടെ കാലത്തെ ഓര്‍മപ്പിശകുകളാവണം. ദാരിദ്ര്യത്തെ മറച്ചുപിടിക്കുന്ന എന്തും മഹാരാഷ്ട്രയില്‍നിന്നുള്ള വാര്‍ത്തകളില്‍ ഇടം കണ്ടെത്തി. 'ഭാരത് മാതാകീ ജയ്' വിളിക്കാത്തവന്‍ ഇന്ത്യക്കാരനാണോ അല്ലേ എന്ന വിഷയത്തില്‍ മുഖ്യമന്ത്രി ഫട്‌നാവിസ് ഉരുവിട്ട മഹദ് വചനങ്ങള്‍ ഏറ്റുപിടിച്ച് നാടുമുഴുക്കെ വര്‍ഗീയത കത്തിച്ച ദേശീയ മാധ്യമങ്ങള്‍ ഇതേ ഫട്‌നാവിസിന്റെ സര്‍ക്കാര്‍ അധികാരമേറ്റ ആദ്യ വര്‍ഷം 3228 കര്‍ഷകര്‍ കടം കയറി ആത്മഹത്യ ചെയ്തതിനെ കുറിച്ച് നിസ്സംഗത പുലര്‍ത്തി. സംസ്ഥാനത്തെ പകുതി വില്ലേജുകളും വരള്‍ച്ചയുടെ പിടിയില്‍ അമര്‍ന്നുകഴിഞ്ഞു. അതായത് 27800-ഓളം ഗ്രാമങ്ങള്‍. ഇക്കൊല്ലത്തെ ആദ്യ മൂന്നു മാസത്തെ കണക്കുകള്‍ മാത്രം അനുസരിച്ച് നൂറോളം പേര്‍ കടക്കെണി മൂലം ജീവനൊടുക്കിക്കഴിഞ്ഞു. യു.പി.എ കാലത്തെ കര്‍ഷക ആത്മഹത്യകളെ കുറിച്ച് മുതലക്കണ്ണീരൊഴുക്കിയ ദേശീയ മാധ്യമങ്ങള്‍ എന്തേ ഇതൊന്നും കാണുന്നില്ലേ?
മഹാരാഷ്ട്രയിലെ ദിവയില്‍നിന്നും പാസഞ്ചര്‍ ട്രെയിനില്‍ കയറി നാലു കിലോമീറ്റര്‍ അകലെയുള്ള മുംബ്രയിലേക്ക് യാത്ര ചെയ്ത് കുടിവെള്ളം ശേഖരിക്കുന്ന സ്ത്രീകളുടെ ദയനീയത ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിത്യേന കാലത്ത് ദിവയില്‍ എത്തുന്ന ഈ പാസഞ്ചറിലെ യാത്രക്കാരികളില്‍ പലരും നിശാവസ്ത്രം പോലും മാറുന്നതിനു മുമ്പെ ധൃതിയില്‍ ഓടിക്കയറുന്നതിന്റെ ഹൃദയസ്പൃക്കായ വിവരണമായിരുന്നു ലേഖികയുടേത്. മുംബൈയുടെ അത്രയൊന്നും അകലത്തിലല്ല മുംബ്ര. നഗരപ്രാന്തത്തിലുള്ള ഇടത്തരക്കാരുടെ ഈ ചെറു ടൗണ്‍ഷിപ്പ് പക്ഷേ ഇശ്‌റത്ത് ജഹാനെ ചൊല്ലിയായിരുന്നു കുറേക്കൂടി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ജഹാന്റെ വീട് നിലനിന്ന ഗല്ലിയില്‍ ഇടക്കിടെ പ്രത്യക്ഷപ്പെട്ട് അവളെ കുറിച്ച യക്ഷിക്കഥകള്‍ പറയുന്ന ഏതെങ്കിലുമൊരുത്തനെ കണ്ടുപിടിച്ച് അശോകാ റോഡില്‍നിന്ന് പട്ടും വളയും വാങ്ങാനെത്തുന്ന മാധ്യമ ഭിക്ഷാംദേഹികളായിരുന്നു മുംബ്രയെ വാര്‍ത്തകളില്‍ നിറച്ചുനിര്‍ത്തിയത്; അവിടത്തേക്ക് വരുന്ന പാസഞ്ചര്‍ ട്രെയിനില്‍ കുടവുമായി കയറി ദാഹജലം അന്വേഷിച്ചെത്തുന്ന വീട്ടമ്മമാരുടെ ദുരിതം പകര്‍ത്തുന്ന റിപ്പോര്‍ട്ടര്‍മാരായിരുന്നില്ല.
ഈ ഏപ്രില്‍ വരെ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് മാത്രം ഇന്ത്യയില്‍ 300-ലേറെ പേര്‍ സൂര്യാതപമേറ്റു മരണപ്പെട്ടിട്ടുണ്ട്. മഴയുമായും ഉഷ്ണവുമായും ബന്ധപ്പെട്ട കെടുതികളുടെ കണക്കുകള്‍ നരേന്ദ്ര മോദിക്കോ ഫട്‌നാവിസിനോ വസുന്ധര രാജക്കോ നിജപ്പെടുത്താനാവില്ലെങ്കിലും ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും കുടിവെള്ളവും വൈദ്യുതിയും നല്‍കാന്‍ ഇവരുടെ സര്‍ക്കാറുകള്‍ക്ക് ബാധ്യതയുണ്ട്. ഭരണവുമായി ബന്ധപ്പെട്ട മേഖലകളില്‍, പ്രത്യേകിച്ചും പാവപ്പെട്ടവരുടെ കാര്യത്തില്‍ ഇതുപോലെ പരാജയപ്പെട്ട മറ്റൊരു കക്ഷിയെയും ഇന്ത്യ മുന്‍കാലങ്ങളില്‍ കണ്ടിട്ടുണ്ടാവില്ല. നരേന്ദ്ര മോദി അധികാരമേല്‍ക്കുന്നതിനു മുമ്പുള്ള കാലത്ത് മുന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സുപ്രധാന നീക്കങ്ങളിലൊന്നായിരുന്നു ഭക്ഷ്യ സുരക്ഷാ പദ്ധതി. നിത്യോപയോഗ സാധനങ്ങള്‍ക്ക് നൂറു ദിവസത്തിനകം വില കുറക്കുമെന്ന് പാവങ്ങള്‍ക്ക് വ്യാമോഹം നല്‍കി ദല്‍ഹിയില്‍ അധികാരം പിടിച്ച മോദിയുടെ കാലത്ത് ഭക്ഷ്യസുരക്ഷാ നിയമം പാതിവഴിയില്‍ കിതച്ചു നില്‍ക്കുകയാണ്. ഏപ്രില്‍ 29-ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകള്‍ പറയുന്നത് വെറും 51 ശതമാനം ദരിദ്രരിലേക്കു മാത്രമാണ് മൂന്നു വര്‍ഷം മുമ്പേ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പദ്ധതി മോദി സര്‍ക്കാറിന് എത്തിക്കാനായത് എന്നാണ്. ഗുജറാത്ത് എന്താ ഇന്ത്യയുടെ ഭാഗമല്ലേ എന്നും ഈ സംസ്ഥാനത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റ് നോക്കുകുത്തിയാണോ എന്നുമാണ് ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാത്തതിനെ കുറിച്ച് സുപ്രീം കോടതി പ്രതികരിച്ചത്.
ദരിദ്രരുടെ കുഞ്ഞുങ്ങള്‍ക്ക് ഏറെ ആശ്വാസമായിരുന്ന മധ്യാഹ്ന ഭക്ഷണ പദ്ധതിയും ഏറക്കുറെ അവസാനിപ്പിക്കുന്ന മട്ടിലാണ്. ഇതിനുള്ള പദ്ധതിവിഹിതത്തില്‍ പുതിയ ബജറ്റില്‍ 16.41 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഗ്രാമീണ വിദ്യാഭ്യാസ മേഖലയെ ഏതാണ്ട് തകര്‍ക്കുന്ന രീതിയിലാണ് ഈ സര്‍ക്കാറിന്റെ ഓരോ നീക്കവും. 82,771 കോടി മുന്‍ സര്‍ക്കാര്‍ വകയിരുത്തിയ വിദ്യാഭ്യാസ മേഖലയില്‍ മോദി സര്‍ക്കാര്‍ ഇക്കുറി പ്രഖ്യാപിച്ചത് 69,074 കോടി മാത്രം. സര്‍വ ശിക്ഷാ അഭിയാനില്‍ മാത്രം വന്നത് 22.14 കോടിയുടെ കുറവ്. വിജയ് മല്യയും അമിതാബ് ബച്ചനും പാര്‍ലമെന്റംഗങ്ങളും പലതിന്റെയും പ്രതീകങ്ങളുമാവുന്ന നാട്ടിലാണ് ഇതെന്നോര്‍ക്കുക.
Comments