ഭൂമിയില്‍ സ്വര്‍ഗം പണിയുന്നവര്‍
ആധുനിക ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കുടുംബ ശൈഥില്യം. പെരുകുന്ന ആത്മഹത്യകള്‍ക്കും കൊലപാതകങ്ങള്‍ക്കും മുഖ്യഹേതു കുടുംബത്തകര്‍ച്ചയാണ്. കുടുംബ പ്രശ്‌നങ്ങളില്‍ തീര്‍പ്പ് കല്‍പിക്കാനാവാതെ കെട്ടിക്കിടക്കുന്ന നിരവധി കേസുകളുണ്ട്.
ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതാണ് കുടുംബം. എന്നാല്‍, കുടുംബഘടന ഇന്ന് എത്രമാത്രം ഭദ്രമാണ്? അലകും പിടിയും വിട്ട് തകര്‍ച്ച അഭിമുഖീകരിക്കുകയാണ് പല കുടുംബങ്ങളും. കുടുംബ ഭദ്രത സാമൂഹിക ഭദ്രതയുടെ അടിവേരാണ്. കുടുംബം ശിഥിലമാകുമ്പോള്‍ സാമൂഹികത്തകര്‍ച്ചയും ആരംഭിക്കുന്നു. സാമൂഹിക അരാജകത്വം സദാചാരത്തകര്‍ച്ചക്ക് നിമിത്തമായിത്തീരുന്നു. കുറ്റവാസനയുള്ള തലമുറയുടെ പിറവിക്കും അത് കാരണമായി മാറുന്നു.
ശാന്തിയും സമാധാനവും സ്വസ്ഥതയും കളിയാടിയിരുന്ന പഴയ കുടുംബപശ്ചാത്തലം എന്നോ കൈമോശം വന്നുകഴിഞ്ഞു. മക്കളും മരുമക്കളും പേരമക്കളും തിങ്ങിനിറഞ്ഞ കുടുംബാന്തരീക്ഷം ഇന്നൊരു കടങ്കഥയാണ്. വിളക്കിച്ചേര്‍ക്കാനാവാത്ത വിധം കുടുംബഘടനക്ക് വിള്ളല്‍ സംഭവിച്ചുകഴിഞ്ഞു. ആധുനികതയും ഉപഭോഗ സംസ്‌കാരവും സമ്മാനിച്ച അണുകുടുംബ സംവിധാനം സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല.
മാതാപിതാക്കളും മക്കളുമടങ്ങുന്ന കൊച്ചു കുടൂംബത്തില്‍ പോലും മരുന്നിനു പോലും മാനസികപ്പൊരുത്തമില്ല. ഒരുമിച്ച് ആഹരിക്കാനോ കുടുംബപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനോ ആര്‍ക്കും സമയമില്ല. കൂടിയിരുന്ന് തമാശ പറയാനോ പൊട്ടിച്ചിരിക്കാനോ ആധുനികത പടച്ചുവിട്ട കൃത്രിമത്തിരക്ക് അനുവദിക്കുന്നില്ല. കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മാത്രമല്ല, മാതൃ സാരോപദേശങ്ങളും കേള്‍പ്പിച്ച മുത്തശ്ശിമാര്‍ ഇന്നുണ്ടോ? വഴിതെറ്റിക്കുന്ന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും ബാല പ്രസിദ്ധീകരണങ്ങളും തല്‍സ്ഥാനം കൈയേറിക്കഴിഞ്ഞു.
നന്മയോട് വിമുഖതയും തിന്മയോട് ആഭിമുഖ്യവുമുണ്ടാക്കുന്നതാണ് സമൂഹം കാണുന്നതും കേള്‍ക്കുന്നതും. ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും അപ്രത്യക്ഷരാവുന്നത് ഇന്നൊരു വാര്‍ത്തയല്ല. അശാന്തമായ കുടുംബാന്തരീക്ഷത്തില്‍നിന്നാണ് കുട്ടികള്‍ ഒളിച്ചോടുന്നത്. മക്കള്‍ക്ക് ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കേണ്ടവര്‍ തന്നെ കാശ് മുടക്കി അവരെ അധാര്‍മികത പരിചയപ്പെടുത്തുന്നു.
ദാമ്പത്യം അതിശക്തമായ ബന്ധമാണ്. സ്‌നേഹമാണ് അതിന്റെ അടിത്തറ. നാളുകള്‍ പിന്നിടുമ്പോള്‍ അത് പൂര്‍വോപരി ശക്തി പ്രാപിക്കണം. ജീവിതാനുഭവത്തിന്റെ താളുകള്‍ ദാമ്പത്യബന്ധം ഊട്ടിയുറപ്പിക്കണം. ജീവിതമാകുന്ന നൗക പ്രതിസന്ധികളുടെ കരിമ്പാറയില്‍ തട്ടിത്തകരാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ടവരാണ് ദമ്പതികള്‍.
ഇണയും തുണയും
മാതൃകാ ദാമ്പത്യം മനഃശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നു. സ്‌നേഹവും കാരുണ്യവും സഹകരണവും വിട്ടുവീഴ്ചയും കുടുംബജീവിതത്തിന്റെ സുഗമമായ പ്രയാണത്തിന് അനിവാര്യമാണ്. ജീവിത സൗഭാഗ്യത്തിനും വിജയത്തിനും ദമ്പതികള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചേ മതിയാകൂ. മനപ്പൊരുത്തം വൈവാഹിക ജീവിതത്തിന്റെ അനിവാര്യതയായി ഖുര്‍ആന്‍ പറയുന്നു: ''അവന്‍ സ്വജാതിയില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ച് തന്നതും -അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍- നിങ്ങളുടെ ഇടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു'' (അര്‍റൂം 21).
സദ്‌വൃത്തയായ ഭാര്യ പുരുഷന് അനുഗ്രഹവും അലങ്കാരവും വലിയ സമ്പത്തുമാണ്. അവള്‍ അയാളുടെ മാനസിക-ശാരീരിക- സാമ്പത്തിക നില തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കും. പ്രവാചകന്‍ പറഞ്ഞു: ''ദുന്‍യാവ് ഒരു വിഭവമാണ്. അതിലെ മുന്തിയ വിഭവം സദ്‌വൃത്തയായ ഭാര്യയും'' (മുസ്‌ലിം).
ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ അഴകും മോടിയും ബാഹ്യരൂപവും മാത്രം പരിഗണിച്ചാല്‍ പോരാ. കാരണം മനസ്സമാധാനവും മാനസികോല്ലാസവും നല്‍കുന്ന ആന്തരിക സൗന്ദര്യമാണ് യഥാര്‍ഥ ചന്തം. തിരുനബി(സ) അരുളി: ''ഒരു സ്ത്രീ വിവാഹിതയാകുന്നത് നാലു കാര്യങ്ങളുടെ പേരിലാണ്. സമ്പത്തിന്റെ, തറവാടിന്റെ, അഴകിന്റെ, ദീനിന്റെ. മതമുള്ളവളെക്കൊണ്ട് നീ വിജയിക്കുക'' (ബുഖാരി, മുസ്‌ലിം).
മതബോധമുള്ളവളെ വിവാഹം ചെയ്യണമെന്ന നിര്‍ദേശം വൈവാഹിക ജീവിതത്തില്‍ സൗന്ദര്യം പരിഗണനീയമല്ല എന്നതിന് തെളിവല്ല. വൈവാഹിക ഉടമ്പടി വധൂവരന്മാര്‍ പരസ്പരം കണ്ട ശേഷവും ഉഭയസമ്മതപ്രകാരവുമാണ് വേണ്ടത്. മുഗീറത്തുബ്‌നു ശുഅ്ബയില്‍നിന്ന്: ''പ്രവാചകന്റെ കാലത്ത് ഞാനൊരു സ്ത്രീയുമായി വിവാഹാലോചന നടത്തി. തദവസരം നബി(സ)എന്നോട് ചോദിച്ചു: 'നീ അവളെ കണ്ടിട്ടുണ്ടോ?' ഞാന്‍ പറഞ്ഞു: 'ഇല്ല.' അവിടുന്ന് പറഞ്ഞു: എങ്കില്‍ അവളെ കാണുക. നിങ്ങള്‍ക്കിടയിലുള്ള ചാര്‍ച്ചക്ക് അതാണ് നല്ലത്'' (നസാഈ). അന്‍സ്വാരി സ്ത്രീയെ വിവാഹാഭ്യര്‍ഥന നടത്തിയ ഒരാള്‍ തിരുനബിയെ സമീപിച്ചു. അവിടുന്ന് ചോദിച്ചു: 'നിങ്ങള്‍ അവളെ കണ്ടിട്ടുണ്ടോ?' അയാള്‍ പറഞ്ഞു: 'ഇല്ല.' അയാളോട് അവളെ ചെന്ന് കാണാന്‍ നബി(സ) ആജ്ഞാപിച്ചു.
ഇതര ഗുണവിശേഷങ്ങളോടൊപ്പം ആകര്‍ഷകത്വവും ദാമ്പത്യജീവിതത്തിന്റെ അടിസ്ഥാനമായി തിരുദൂതര്‍ എണ്ണി. ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന്: ''ഒരാളുടെ ഏറ്റവും നല്ല നിധിശേഖരമേതെന്ന് ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ? സദ്‌വൃത്തയായ ഭാര്യ. അയാള്‍ അവളെ കണ്ടാല്‍ സന്തോഷിക്കും. വല്ലതും കല്‍പിച്ചാല്‍ അനുസരിക്കും. അയാളുടെ അഭാവത്തില്‍ സൂക്ഷിക്കേണ്ടതെല്ലാം സംരക്ഷിക്കും'' (ഹാകിം). സമാനമായ മറ്റൊരു ഹദീസ് അബൂഹുറയ്‌റയും നിവേദനം ചെയ്തിട്ടുണ്ട്. ഉത്തമ സ്ത്രീ ഏതാണെന്ന ചോദ്യത്തിന് പ്രവാചകന്റെ മറുപടി: '' അവളെ കണ്ടാല്‍ അയാള്‍ സന്തോഷിക്കും. കല്‍പിച്ചാല്‍ അനുസരിക്കും. സ്വശരീരത്തിന്റെയും അയാളുടെ സമ്പത്തിന്റെയും കാര്യത്തില്‍ അയാള്‍ക്ക് ഇഷ്ടപ്പെടാത്ത ഒന്നും അവള്‍ പ്രവര്‍ത്തിക്കുകയില്ല'' (അഹ്മദ്).
ഇസ്‌ലാമിന്റെ പ്രവാചകന്‍ സ്വപ്‌നം കണ്ട മഹിളാ രത്‌നങ്ങളുടെ ചിത്രമാണിത്. തലമുറകളെ വാര്‍ത്തെടുക്കുകയും ആദര്‍ശധീരന്മാരെ പ്രസവിക്കുകയും ഉജ്ജ്വല വ്യക്തിത്വങ്ങളെ പാലൂട്ടുകയും ചെയ്യേണ്ട വനിതകള്‍ക്ക് വേണ്ട സവിശേഷ ഗുണങ്ങള്‍.
സ്ത്രീക്ക് മാന്യമായ പദവി നല്‍കി ആദരിച്ച ഇസ്‌ലാം അവളോട് കാരുണ്യത്തോടെ വര്‍ത്തിക്കണമെന്ന് ഉപദേശിച്ചു. പ്രവാചകന്‍ പുരുഷന്മാരെ ഉണര്‍ത്തി: ''നിങ്ങള്‍ സ്ത്രീകളെ ഉത്തമ രൂപത്തില്‍ ഉപദേശിക്കുക. സ്ത്രീകള്‍ ജന്മം കൊണ്ടത് വാരിയെല്ലുകളില്‍നിന്നാകുന്നു. വാരിയെല്ലുകളില്‍ ഏറ്റവും വക്രമായത് ഉപരി ഭാഗത്തുള്ളതാകുന്നു. നീ അതിനെ നേരെയാക്കാന്‍ പോയാല്‍ പൊട്ടിച്ചുകളയും. അങ്ങനെത്തന്നെ വിട്ടാലോ അത് വളഞ്ഞു തന്നെയിരിക്കും. അതിനാല്‍ നിങ്ങള്‍ സ്ത്രീകളെ ഉപദേശിക്കുവിന്‍'' (ബുഖാരി, മുസ്‌ലിം).
സ്ത്രീയുടെ സ്വഭാവവും സവിശേഷ പ്രകൃതിയും രസകരമായി വര്‍ണിക്കുന്ന ഹദീസാണിത്. വ്യതിരിക്തമായ ഈ ശാരീരിക - മാനസിക പ്രകൃതി അതേപോലെ ഉള്‍ക്കൊള്ളുക എന്നതാണ് ബുദ്ധി. താനുദ്ദേശിക്കുന്ന പോലെ അവളെ മാറ്റിയെടുക്കണമെന്ന ശാഠ്യം വിവാഹമോചനത്തിലാണ് കലാശിക്കുക. അതിനാല്‍ അവളുടെ സഹജമായ ദൗര്‍ബല്യങ്ങള്‍ കണ്ടറിഞ്ഞ് പെരുമാറുന്നതാണ് കരണീയം. അപ്പോള്‍ വീഴ്ചകളുടെ പേരില്‍ അവളോട് പൊറുക്കാനും സഹിക്കാനും ഭര്‍ത്താവിന് പ്രയാസമുണ്ടാകില്ല. അപഹാസങ്ങളോ അട്ടഹാസങ്ങളോ ഇല്ലാത്ത ശാന്തസുന്ദരമായ ഗാര്‍ഹികാന്തരീക്ഷമായിരിക്കും ഇതിന്റെ ഫലം. വീട് ഭൂമിയിലെ സ്വര്‍ഗമായി മാറുന്ന അപൂര്‍വ കാഴ്ചയായിരിക്കും അത്.
സുപ്രസിദ്ധയായ വിടവാങ്ങല്‍ പ്രസംഗത്തിലും തിരുദൂതര്‍ സ്ത്രീകളുടെ കാര്യം വിട്ടുപോയില്ല. മറ്റൊരിക്കല്‍ അവിടുന്ന് പ്രഖ്യാപിച്ചതിങ്ങനെ: ''വിശ്വാസികളില്‍ ഈമാന്‍ പൂര്‍ത്തീകരിച്ചവര്‍ അവരിലെ സല്‍സ്വഭാവികളാകുന്നു. നിങ്ങളില്‍ ഉത്തമര്‍ തങ്ങളുടെ ഭാര്യമാരോട് ഏറ്റവും നന്നായി വര്‍ത്തിക്കുന്നവരാകുന്നു.'' ഒരിക്കല്‍ ഒരുകൂട്ടം സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെപ്പറ്റി ആവലാതിയുായി തിരുദൂതരുടെ അടുത്തെത്തി. അവരുടെ ഭര്‍ത്താക്കന്മാരെ താക്കീത് ചെയ്തുകൊണ്ട് അവിടുന്ന് പ്രഖ്യാപിച്ചു: ''ഭര്‍ത്താക്കന്മാരെക്കുറിച്ച് ആവലാതി ബോധിപ്പിച്ചു കൊണ്ട് ധാരാളം സ്ത്രീകള്‍ മുഹമ്മദിന്റെ കുടുംബം സന്ദര്‍ശിച്ചിട്ടുണ്ട്. ആ പുരുഷന്മാര്‍ നിങ്ങളില്‍ ഉത്തമരേ അല്ല'' (അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ).
സ്ത്രീകളെ ആദരിക്കണമെന്നും നീതിയോടെ വര്‍ത്തിക്കണമെന്നും ഖുര്‍ആന്‍ ഉണര്‍ത്തി. അനിഷ്ടമുണ്ടെങ്കില്‍ പോലും അവളുമായി നല്ല നിലയില്‍ പെരുമാറണമെന്ന് ദൈവിക ഗ്രന്ഥം പഠിപ്പിച്ചു: ''നിങ്ങള്‍ അവരോട് മാന്യമായി വര്‍ത്തിക്കേണ്ടതാകുന്നു. ഇനി, നിങ്ങള്‍ അവരെ വെറുക്കുകയാണെങ്കില്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുന്നുവെന്നും അതേ അവസരം അല്ലാഹു അതില്‍ ധാരാളം നന്മകള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും വരാം'' (അന്നിസാഅ് 19). ഭാര്യയോടുള്ള വിദ്വേഷം അണയ്ക്കുകയും ഈര്‍ഷ്യം ഇല്ലായ്മ ചെയ്യുകയും വെറുപ്പുണ്ടെങ്കില്‍ പോലും സഹാനുഭൂതി ചൊരിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സൂക്തമാണിത്. സുദൃഢമായ വിവാഹക്കരാറിലൂടെ ജീവിതം പങ്കുവെച്ചവര്‍ക്കിടയില്‍ ക്ഷണികമായ വെറുപ്പും വിദ്വേഷവും കരിനിഴല്‍ വീഴ്ത്തിക്കൂടാ. അതിനാല്‍ ദമ്പതികള്‍ക്കിടയിലെ സൗന്ദര്യപ്പിണക്കത്തിന് അല്‍പായുസ്സേ ഉണ്ടാകാന്‍ പാടുള്ളൂ. ഭാര്യയോട് പിണങ്ങി വിവാഹമോചനം ചെയ്യാനുറച്ച ആളോട് ഉമര്‍(റ) പറഞ്ഞുവത്രെ: ''നിനക്ക് നാശം! വീടുകള്‍ കെട്ടിപ്പടുക്കപ്പെട്ടത് സ്‌നേഹത്തിന്മേലല്ലേ? പരിഗണനയും ലജ്ജയുമൊക്കെ എവിടെപ്പോയി?''
സ്‌നേഹത്തിന്റെ നിറച്ചാര്‍ത്ത്
സദ്ഗുണസമ്പന്നനായ ഭര്‍ത്താവ് വീട്ടിലേക്ക് കടന്നുവരുന്നത് സ്‌നേഹത്തിന്റെ നൂറുകൂട്ടം പൂക്കളുമായിട്ടായിരിക്കും. അയാള്‍ ഭാര്യയെയും മക്കളെയും പ്രസന്നവദനനായി അഭിവാദ്യം ചെയ്യും. ''വീടുകളില്‍ പ്രവേശിക്കുമ്പോള്‍ അവിടെയുള്ളവര്‍ക്ക് സലാം ചൊല്ലണം. അല്ലാഹുവില്‍നിന്ന് നിശ്ചയിക്കപ്പെട്ട അനുഗൃഹീതവും പരിശുദ്ധവുമായ അഭിവാദനമായിക്കൊണ്ട്'' (അന്നൂര്‍ 61). വീട്ടുകാരോട് സലാം പറയുന്നത് നബി(സ) പ്രോത്സാഹിപ്പിച്ചു. അവിടുന്ന് അനസി(റ)നോട് പറഞ്ഞു: ''മോനേ, നീ കുടുംബക്കാരിലേക്ക് ചെന്നാല്‍ അവരോട് സലാം പറയുക. അത് നിനക്കും കുടുംബത്തിനും അനുഗ്രഹമായിരിക്കും'' (തിര്‍മിദി).
സ്വകുടുംബത്തിനും ഭാര്യക്കും സമാധാനത്തിന്റെയും ശാന്തിയുടെയും പ്രാര്‍ഥനാനിര്‍ഭരമായ അഭിവാദ്യം അറിയിക്കുന്നത് എത്ര മഹത്തരമാണ്! ആ അഭിവാദ്യത്തിലും സ്വീകരണത്തിലും കാരുണ്യവും സംതൃപ്തിയും ഇണക്കവും ഒളിഞ്ഞുകിടപ്പുണ്ട്. ഭാര്യയുടെ മാനസിക-ശാരീരിക പ്രയാസങ്ങളും വേദനകളും ഏറ്റുവാങ്ങാന്‍ അയാള്‍ ഒരുക്കമാണ്. ഭര്‍ത്താവിന്റെ സുഖദുഃഖങ്ങളില്‍ പങ്കാളിയാകാന്‍ അവളും സന്നദ്ധയാണ്. ജീവിത പങ്കാളിയോടൊത്ത് സമയം ചെലവഴിക്കാന്‍ അയാള്‍ക്ക് പിശുക്കില്ല. പ്രിയതമനു വേണ്ടി അണിഞ്ഞൊരുങ്ങാന്‍ അവളും താല്‍പര്യപ്പെടുന്നു. മുഴുസമയവും ഇബാദത്തുകളില്‍ കഴിഞ്ഞുകൂടാനോ കൂട്ടുകാര്‍ക്കു വേണ്ടി നീക്കിവെക്കാനോ അയാള്‍ ഒരുക്കമല്ല. പകരം സന്തുലിതമായ ജീവിത കാഴ്ചപ്പാടാണ് അയാളെ നയിക്കുക. ആരാധനാകര്‍മങ്ങളില്‍ അതിരുകവിച്ചിലുകള്‍ പാടില്ലെന്നും ഇസ്‌ലാം സന്യാസത്തിന്റെ മതമല്ലെന്നും അയാള്‍ തിരിച്ചറിയും. ജനശൂന്യമായ മഠങ്ങളിലും ഗുഹകളിലും ചെന്നിരുന്ന് ദിവ്യസൂക്തങ്ങള്‍ ഉരുവിട്ടതുകൊണ്ട് സ്വര്‍ഗം കരഗതമാവില്ല. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് അവരുടെ പ്രശ്‌നങ്ങള്‍ കണ്ടും കൊണ്ടും പരിഹാരമാരാഞ്ഞും കൊണ്ടല്ലാതെ സ്വര്‍ഗത്തിലേക്ക് കുറുക്കുവഴികളില്ല.
അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ് ആരാധനകളില്‍ അതിരു കവിയുന്നുണ്ടെന്ന വിവരമറിഞ്ഞ തിരുനബി(സ) അദ്ദേഹത്തോട്: ''താങ്കള്‍ പകല്‍ നോമ്പനുഷ്ഠിക്കുകയും രാത്രി നിന്ന് നമസ്‌കരിക്കുകയും ചെയ്യുന്ന വിവരം ശരി തന്നെയല്ലേ? അദ്ദേഹം പറഞ്ഞു: 'അതേ, ശരിയാണ് പ്രവാചകരേ.' തിരുനബി പ്രതിവചിച്ചു: അങ്ങനെ ചെയ്യരുത്. താങ്കള്‍ നോമ്പനുഷ്ഠിക്കുകയും ഒഴിവാക്കുകയും ചെയ്യുക. ഉറങ്ങുകയും ഉറക്കമൊഴിവാക്കുകയും എഴുന്നേറ്റ് നമസ്‌കരിക്കുകയും ചെയ്യുക. നിശ്ചയം, ശരീരത്തോട് താങ്കള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഭാര്യയോടും താങ്കള്‍ക്ക് ബാധ്യതയുണ്ട്. സന്ദര്‍ശകരോടും താങ്കള്‍ക്ക് ബാധ്യതയുണ്ട്'' (ബുഖാരി, മുസ്‌ലിം).
ഉസ്മാനുബ്‌നു മള്ഊനിന്റെ ഭാര്യ ഖൗല നബിപത്‌നിമാരുടെ സദസ്സിലേക്ക് കടന്നുചെന്നു. ഖൗല പിന്നിയ വസ്ത്രമാണ് ധരിച്ചിരുന്നത്. അവരുടെ കോലം വളരെ മോശമായിരുന്നു. നബിപത്‌നിമാര്‍ ഖൗലയോട് ചോദിച്ചു: ''നിങ്ങള്‍ക്കെന്തു പറ്റി?'' ഖൗല തന്റെ ഭര്‍ത്താവിനെപ്പറ്റി ആവലാതിപ്പെട്ടു: ''അദ്ദേഹം രാത്രി മുഴുക്കെ നമസ്‌കരിക്കും. പകല്‍ വ്രതമനുഷ്ഠിക്കും.'' അവര്‍ ഖൗലയുടെ പരാതി നബി(സ)യെ അറിയിച്ചു. അവിടുന്ന് ഉസ്മാനുബ്‌നു മള്ഊനിനെ കണ്ടപ്പോള്‍ ഇതിന്റെ പേരില്‍ അദ്ദേഹത്തെ ശാസിക്കുകയുണ്ടായി. അദ്ദേഹത്തോട് ചോദിച്ചു: ''താങ്കള്‍ക്ക് എന്നില്‍ മാതൃകയില്ലേ?'' ഈ സംഭവത്തിനു ശേഷം ഖൗല നല്ല വേഷം ധരിച്ചും സുഗന്ധം പൂശിയുമാണ് വന്നിരുന്നത്. മറ്റൊരു നിവേദനത്തില്‍ അവിടുന്ന് പറഞ്ഞു: ''നമ്മുടെ മേല്‍ പൗരോഹിത്യം നിര്‍ബന്ധമാക്കിയിട്ടില്ല. നിങ്ങള്‍ക്കിടയില്‍ അല്ലാഹുവിന്റെ വിധികളെക്കുറിച്ച് ഏറ്റവുമധികം ഭയവും സൂക്ഷ്മതയുമുള്ള ആള്‍ ഞാന്‍ തന്നെയാണ്!'' അനുചരന്മാരോട് ഇസ്‌ലാമിന്റെ മധ്യമ നിലപാട് വിശദീകരിക്കുകയാണ് പ്രവാചകന്‍. ജീവിതം ആരാധനകളില്‍ മാത്രം തളച്ചിട്ട് മറ്റെല്ലാം കൈയൊഴിക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല.
പ്രവാചകത്വമാകുന്ന കനത്ത ഭാരം ദാമ്പത്യ ജീവിതം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് തിരുനബിക്ക് തടസ്സമായില്ല. അവിടുന്ന് ഭാര്യമാരുമായി സല്ലപിച്ചു. കളിതമാശകളില്‍ മുഴുകി. ഓട്ടപന്തയത്തില്‍ ഏര്‍പ്പെട്ടു. പ്രവാചകപത്‌നി ആഇശ(റ) പ്രസ്തുത സംഭവം നിവേദനം ചെയ്തിട്ടുണ്ട്. നിരുപദ്രവകരമായ വിനോദങ്ങള്‍ക്ക് അവിടുന്ന് പ്രോത്സാഹനം നല്‍കി. പള്ളിയില്‍ വെച്ചുള്ള അബ്‌സീനിയന്‍ കലാകാരന്മാരുടെ പ്രകടനം വീക്ഷിക്കാന്‍ തിരുനബി പത്‌നി ആഇശക്ക് സൗകര്യം ചെയ്തു കൊടുത്തതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (ബുഖാരി, മുസ്‌ലിം).
പ്രവാചകന്‍ ഭാര്യമാരോട് സ്‌നേഹത്തോടെ പെരുമാറി. നിസ്സാര കാര്യങ്ങളുടെ പേരില്‍ ഭാര്യയോട് കോപിക്കുകയും അട്ടഹസിക്കുകയും ചെയ്യുന്നവര്‍ക്ക് തിരുനബിയുടെ ദാമ്പത്യ ജീവിതത്തില്‍ വലിയ മാതൃകയുണ്ട്. ഭക്ഷണത്തിന്റെ രുചി കുറഞ്ഞതിന്റെ പേരിലും സമയം തെറ്റിയതിന്റെ പേരിലും വീട് നരകതുല്യമാക്കുന്ന ആളുകളെ കാണാം. ''അവിടുന്ന് ഒരിക്കലും ഭക്ഷണത്തെ കുറ്റപ്പെടുത്തിയിട്ടില്ല. ഇഷ്ടപ്പെട്ടെങ്കില്‍ ആഹരിക്കും, അല്ലെങ്കില്‍ കഴിക്കാതിരിക്കും'' (ബുഖാരി, മുസ്‌ലിം).
ഒരിക്കല്‍ നബി(സ) ഭാര്യയോട് കറി ആവശ്യപ്പെട്ടു. അവര്‍ പറഞ്ഞു: 'സുര്‍ക്കയല്ലാതെ മറ്റൊന്നും ഇവിടെയില്ല.' അപ്പോള്‍ തിരുദൂതര്‍ സുര്‍ക്ക കൊണ്ടുവരാന്‍ പറഞ്ഞു. അവിടുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. തിരുദൂതര്‍ പറഞ്ഞു: ''സുര്‍ക്ക എത്ര നല്ല വിഭവം! സുര്‍ക്ക എത്ര സ്വാദിഷ്ടമായ വിഭവം.''
ഇണകളോട് മാത്രമല്ല, അവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും സ്‌നേഹാദരവുകളോടെ പെരുമാറണം. അതാണ് പ്രവാചക മാതൃക. ആഇശ(റ) പറയുന്നു: വൃദ്ധയായ ഒരു സ്ത്രീ നബി(സ)യുടെ അടുത്ത് വരാറുണ്ടായിരുന്നു. അപ്പോള്‍ നബി(സ) സന്തോഷിക്കുകയും അവരെ ആദരിക്കുകയും ചെയ്യും. അവരോട് ചോദിക്കും: 'എന്താണ് വിശേഷങ്ങള്‍? എന്തുണ്ട് സുഖവിവരങ്ങള്‍? നാം വേര്‍പിരിഞ്ഞതില്‍ പിന്നെ നിങ്ങളുടെ സ്ഥിതിയെന്താണ്?' ആ സ്ത്രീ മറുപടി പറയും: 'നല്ലതുതന്നെ പ്രവാചകരേ.' അവര്‍ തിരിച്ചുപോയപ്പോള്‍ ആഇശ(റ) ചോദിച്ചു: 'അങ്ങ് ആ സ്ത്രീയെ ഇത്രമേല്‍ ഊഷ്മളമായി സ്വീകരിക്കുകയോ? മറ്റാര്‍ക്കും നല്‍കാത്തത് അവര്‍ക്ക് നല്‍കുകയും ചെയ്യുന്നു.' തിരുനബിയുടെ മറുപടി: 'ആ സ്ത്രീ ഖദീജയുടെ അടുത്ത് വരാറുണ്ടായിരുന്നു. സ്‌നേഹത്തെ ആദരിക്കുകയെന്നത് ഈമാനില്‍പെട്ടതാണെന്ന് നിനക്ക് അറിയില്ലേ?' (മുസ്‌ലിം)
മഹിതമായ മൂല്യഗുണങ്ങള്‍ കാരണമായി ഭാര്യയുടെ ഹൃദയം കവര്‍ന്നെടുക്കാന്‍ ഭര്‍ത്താവിന് സാധിക്കുന്നു. അവളുടെ ആവശ്യങ്ങള്‍ അയാള്‍ നിറവേറ്റിക്കൊടുക്കും. ഭാര്യയാകട്ടെ, പ്രിയതമനെ ഒരിക്കലും ധിക്കരിക്കില്ല. വിവേകിയും സ്‌നേഹസമ്പന്നനുമായ വിശ്വാസി ഇണയുടെ കുറ്റങ്ങളും കുറവുകളും മറച്ചുവെക്കും. ന്യൂനതകള്‍ പരിഹരിച്ചുകൊടുക്കും. ആളുകള്‍ക്കിടയില്‍ അവളെ അവഹേളിക്കുകയോ കൊച്ചാക്കുകയോ ചെയ്യില്ല.
രൂക്ഷമായ അമ്മായിപ്പോര് മിക്ക കുടുംബങ്ങളെയും ശിഥിലമാക്കുന്നുണ്ട്. സമര്‍ഥനായ വിശ്വാസി മാതാവിനോടും ഭാര്യയോടും ബുദ്ധിപൂര്‍വം പെരുമാറുകയാണ് ചെയ്യുക. അവര്‍ക്കിടയില്‍ പകയോ വിദ്വേഷമോ ഉണ്ടെങ്കില്‍ അത് ഇല്ലായ്മ ചെയ്യുന്നു. വിവേകവും പ്രത്യുല്‍പന്നമതിത്വവും ഉന്നതമായ വ്യക്തിത്വവും കാരണമായി മാതാവിനും ഭാര്യക്കുമിടയില്‍ സഹകരണ മനോഭാവവും സ്‌നേഹമസൃണമായ പെരുമാറ്റവും ഉണ്ടാക്കിയെടുക്കാന്‍ അയാള്‍ക്ക് സാധിക്കുന്നു. മാതാവിനോടുള്ള ബാധ്യതയും അവര്‍ക്ക് നല്‍കേണ്ട അവകാശവും അയാള്‍ തിരിച്ചറിയും. അതോടൊപ്പം ഭാര്യയോടുള്ള കടപ്പാട് അയാള്‍ ഒരിക്കലും മറക്കില്ല.
സ്ത്രീയുടെ സംരക്ഷണച്ചുമതല പുരുഷന്റേതാണ്. പുരുഷനില്‍ നിക്ഷിപ്തമാക്കിയ ബാധ്യതകളാണ് അതിന് മുഖ്യ കാരണം (അന്നിസാഅ് 34). അതോടൊപ്പം സ്ത്രീക്കും ബാധ്യതകളും കടപ്പാടുകളുമുണ്ട്. അവളുടെ സ്ഥാനം ഉന്നതവും സമാദരണീയവുമാണ്. സ്വന്തത്തെക്കുറിച്ചും സമൂഹത്തോടുള്ള തന്റെ ബാധ്യതകളെക്കുറിച്ചും അവള്‍ക്ക് തിരിച്ചറിവുണ്ടാകണം. ശരീഅത്ത് വരച്ചുകാട്ടിയ അതിര്‍വരമ്പില്‍ ഒതുങ്ങിനില്‍ക്കാന്‍ അവള്‍ പഠിക്കണം. എങ്കിലേ ജീവിതദൗത്യം നിറവേറ്റാനും തലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ പുരുഷന്റെ പങ്കാളിയാകാനും അവള്‍ക്ക് സാധിക്കുകയുള്ളൂ. ജീവിതം ആസ്വാദ്യകരവും സൗഭാഗ്യപൂര്‍ണവും അഴകാര്‍ന്നതുമാകുന്നത് അപ്പോഴാണ്.
സ്ത്രീകളോട് മാന്യതയോടെ പെരുമാറാനും സഹവസിക്കാനും പുരുഷന്മാരെ ഉപദേശിച്ച ഇസ്‌ലാം, ഭര്‍ത്താക്കന്മാരെ അനുസരിക്കാനും അനുവദനീയ കാര്യങ്ങള്‍ മാത്രം പ്രവര്‍ത്തിക്കാനും നിഷിദ്ധമായവ കൈവെടിയാനും സ്ത്രീകളെ കര്‍ശനമായി ഉദ്‌ബോധിപ്പിച്ചു. ഭര്‍ത്താവിനോടുള്ള അനുസരണത്തില്‍ ഇസ്‌ലാം ഒരു വിട്ടുവീഴ്ചക്കും തയാറല്ല. ''ആര്‍ക്കെങ്കിലും സാഷ്ടാംഗം നമിക്കാന്‍ ആരോടെങ്കിലും കല്‍പിക്കുമായിരുന്നെങ്കില്‍, ഭാര്യയോട് തന്റെ ഭര്‍ത്താവിന് സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു'' (തിര്‍മിദി). എന്നല്ല, ഭര്‍ത്താവിന്റെ സംതൃപ്തി ഭാര്യയുടെ സ്വര്‍ഗപ്രവേശത്തിനു പോലും കാരണമാകുമെന്ന് അവിടുന്ന് പ്രസ്താവിച്ചിട്ടുണ്ട്: ''ഭര്‍ത്താവിന്റെ സംതൃപ്തിക്ക് വിധേയമായ നിലയില്‍ ഒരു സ്ത്രീ മരണമടഞ്ഞാല്‍ അവള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. ഭര്‍ത്താവിനോട് പിണങ്ങി അകന്നു നില്‍ക്കുന്ന സ്ത്രീയെ അവള്‍ ചൊവ്വായ പാതയിലേക്ക് തിരിച്ചുവരുന്നതുവരെ മാലാഖമാര്‍ ശപിച്ചുകൊണ്ടിരിക്കും. ഭര്‍ത്താവിന്റെ വിരിയില്‍നിന്ന് അകന്ന് രാത്രി കഴിച്ചുകൂട്ടുന്ന സ്ത്രീയെ പുലരുവോളം മാലാഖമാര്‍ ശപിച്ചുകൊണ്ടിരിക്കും'' (ബുഖാരി, മുസ്‌ലിം).
ഭര്‍ത്താവിന്റെ അനുമതിയില്ലാതെ ഭാര്യ സുന്നത്ത് നോമ്പനുഷ്ഠിക്കുന്നതുപോലും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഭര്‍ത്താവിനെ അനുസരിക്കുകയും അദ്ദേഹത്തിന്റെ പ്രീതി കരസ്ഥമാക്കുകയും ചെയ്യേണ്ടത് ഭാര്യയുടെ കടമയാണെന്നതിന് ഈ നിര്‍ദേശം അടിവരയിടുന്നുണ്ട്. ''ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ അയാളുടെ അനുമതിയില്ലാതെ ഒരു സ്ത്രീക്ക് വ്രതമനുഷ്ഠിക്കാന്‍ അനുവാദമില്ല. അയാളുടെ സമ്മതമില്ലാതെ മറ്റൊരാളെ വീട്ടിലേക്ക് പ്രവേശിപ്പിക്കാനും പാടില്ല'' (ബുഖാരി).
മേല്‍നോട്ടക്കാരനായി നിശ്ചയിച്ചത് പുരുഷാധിപത്യമായി വിലയിരുത്തരുത്. വാസ്തവത്തില്‍ ഭാരിച്ച ഉത്തരവാദിത്തമാണത്. ഇസ്‌ലാമിന്റെ വിരോധികള്‍ ആരോപിക്കുന്നതുപോലെ സ്ത്രീ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ല അത്. ഉന്നതമായ ചുമതലാബോധമില്ലെങ്കില്‍ ജീവിതനൗക കാറ്റിലും കോളിലും പെടാതെ മറുകരയെത്തിക്കാന്‍ പുരുഷന് സാധിക്കില്ല.
സദ്ഗുണ സമ്പന്നനായ ഭര്‍ത്താവിനേ ദാമ്പത്യത്തില്‍ വിജയിക്കാനാകൂ. മുസ്‌ലിമായ കുടുംബനാഥന്‍ പരുഷ സ്വഭാവിയോ കഠിനഹൃദയനോ അസഭ്യം പറയുന്നവനോ ആയിരിക്കില്ല. ജാഹിലിയ്യത്തിന്റെ സ്വഭാവവൈകൃതങ്ങള്‍ക്ക് പകരം അയാളില്‍ ഉത്തമ സ്വഭാവഗുണങ്ങളേ ഉണ്ടാവുകയുള്ളൂ. അദ്ദേഹം ആകര്‍ഷണീയ വ്യക്തിത്വത്തിന്റെ ഉടമയായിരിക്കും. സല്‍പെരുമാറ്റവും വിട്ടുവീഴ്ചയും അയാളുടെ മുഖമുദ്രയായിരിക്കും. വിവേകത്തെ വികാരം മറികടന്ന് അരുതാത്തതൊന്നും അയാള്‍ പ്രവര്‍ത്തിക്കില്ല. സാമ്പത്തിക രംഗത്ത് സംശുദ്ധി കാത്തുസൂക്ഷിക്കുന്ന അദ്ദേഹം അമിതവ്യയത്തിനും പിശുക്കിനും അടിപ്പെടാതെ മധ്യമ നിലപാട് സ്വീകരിക്കും.
Comments