Prabodhanm Weekly

Pages

Search

2016 മെയ് 13

2951

1437 ശഅ്ബാന്‍ 06

മതവും തീവ്രവാദവും തമ്മില്‍

മുന്‍സ്വിഫ് മര്‍സൂഖി

തീവ്രവാദത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ തെളിഞ്ഞുവരുന്ന മൂന്ന് വസ്തുതകളുണ്ട്. ഒന്ന്: മതവിശ്വാസികളില്‍ ബഹുഭൂരിപക്ഷവും കൊലനടത്തുകയോ നശീകരണ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നില്ല. ഇതൊരിക്കലും യാദൃഛികമായി സംഭവിക്കുന്നതല്ല. മതങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യര്‍ പരസ്പരം കൊന്നുതിന്നേനെ. ചരിത്രത്തില്‍ 'മതയുദ്ധങ്ങള്‍' എന്ന് പേരു വിളിക്കപ്പെട്ടതെല്ലാം മതത്തെ സംരക്ഷിക്കാനെന്ന പേരില്‍ നടത്തപ്പെട്ടതാണ്. അഭിമാനം, ഗോത്ര-വംശീയ താല്‍പര്യങ്ങള്‍, ദേശീയ താല്‍പര്യങ്ങള്‍ ഇങ്ങനെ പലതിന്റെയും സംരക്ഷണം പറഞ്ഞാണല്ലോ മറ്റു യുദ്ധങ്ങളും ഉണ്ടായിട്ടുള്ളത്. രണ്ട്: തീവ്രവാദം ഒരിക്കലും മതങ്ങളുടെ കുത്തകയായിരുന്നില്ല. ഹിറ്റ്‌ലറുടെയും സ്റ്റാലിന്റെയും പോള്‍പോട്ടിന്റെയും ക്രൂരതകള്‍ ഏത് മതത്തിന്റെ ചെലവിലാണ് വരവ് വെക്കുക? അമേരിക്കയിലും യൂറോപ്പിലും ഇപ്പോള്‍ അതിവേഗം ശക്തിപ്പെടുന്ന തീവ്ര വലതു പക്ഷ വിഭാഗങ്ങള്‍ ഏതെങ്കിലും മതത്താല്‍ പ്രചോദിതരായതാണോ? മൂന്ന്: മതതീവ്രവാദത്തിന്റെ ഏറ്റവും വലിയ ഇര മതം തന്നെയാണ്. 2014 സെപ്റ്റംബറിനും 2016 മാര്‍ച്ചിനുമിടയില്‍ നടന്ന 87 ഭീകരാക്രമണങ്ങളെക്കുറിച്ച് ഈയിടെ ന്യൂയോര്‍ക്ക് ടൈംസില്‍ ഒരു വിശകലനം വന്നിരുന്നു. ഇതില്‍ 22 എണ്ണം യൂറോപ്പിലും ആറെണ്ണം അമേരിക്കയിലും രണ്ടെണ്ണം ആസ്‌ത്രേലിയയിലുമാണ് ഉണ്ടായത്. ബാക്കി 57 ഭീകരാക്രമണവും അറബ്-മുസ്‌ലിം നാടുകളില്‍. ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 90 ശതമാനവും മുസ്‌ലിംകള്‍.

പാശ്ചാത്യനാടുകളില്‍ ജീവിക്കുന്ന മില്യന്‍ കണക്കിന് മുസ്‌ലിംകളുടെ കാര്യമാലോചിച്ചുനോക്കൂ. അവരുടെ ജീവിതം വിഷം തീണ്ടിയിരിക്കുന്നു. വേറെ എങ്ങോട്ടെങ്കിലും പലായനം ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞന്‍ ഒലിവി റവാ പറഞ്ഞതു പോലെ, നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഇസ്‌ലാമിന്റെ തീവ്രവാദമല്ല, തീവ്രവാദത്തിന്റെ ഇസ്‌ലാംവല്‍ക്കരണമാണ്. ചിലര്‍ തങ്ങളുടെ തീവ്രവാദത്തെ ന്യായീകരിക്കാന്‍ ഇസ്‌ലാമിനെ മറയായി ഉപയോഗിക്കുകയാണ്. മറ്റൊരു ചരിത്രഘട്ടത്തിലാണ് ഈ തീവ്രവാദി സംഘങ്ങള്‍ വന്നിരുന്നതെങ്കില്‍, അവര്‍ തീവ്ര വലതുപക്ഷത്തിന്റെയോ തീവ്ര ഇടതുപക്ഷത്തിന്റെയോ ക്രിമിനല്‍ സംഘങ്ങളുടെയോ ഒക്കെ രൂപത്തിലായിരിക്കും പ്രത്യക്ഷപ്പെട്ടേക്കുക. 

ഇറാഖിലെ ഐ.എസ് അവിടത്തെ മുന്‍ ഭരണകൂടത്തിന്റെ സൃഷ്ടിയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്! ആ ഭരണകൂടം തനി സെക്യുലര്‍ ആയിരുന്നല്ലോ. സിറിയയിലെ ഐ.എസ് ഭാഗികമായി അവിടത്തെ ഭരണകൂടത്തിന്റെ സൃഷ്ടിയുമാണ്. ആ ഭരണകൂടവും ഇസ്‌ലാമില്‍നിന്ന് എത്ര വിദൂരത്താണ്! അപ്പോള്‍ ഇതൊക്കെ ഈ കൊള്ളസംഘങ്ങളുടെ പ്രവൃത്തികളാണ്. അതിനൊക്കെ ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്ര മുഖംമൂടി അണിയിച്ചുവെന്നേയുള്ളൂ. തീവ്രവാദ പ്രവര്‍ത്തനങ്ങളിലൂടെ മാറ്റമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ഇത് ആവശ്യവുമാണ്. 

എല്ലാവരെയും അലട്ടുന്ന ഒരു ചോദ്യമുണ്ട്. ഈ പ്രതിഭാസത്തെ എങ്ങനെ നേരിടാം? തുനീഷ്യയില്‍ ചിലര്‍ പറയുന്നത് ഖുര്‍ആന്‍ പഠനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നും നിഖാബ് നിരോധിക്കണമെന്നുമാണ്. 'മതകീയതയുടെ സ്രോതസ്സുകള്‍ വറ്റിച്ചുകളഞ്ഞാല്‍' പ്രശ്‌നം പരിഹരിക്കാനാവുമത്രെ. യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകൃഷ്ടരാകുന്നതും റിക്രൂട്ട് ചെയ്യപ്പെടുന്നതുമെല്ലാം ഇന്റര്‍നെറ്റ് വഴിയാണ്, മതസ്ഥാപനങ്ങള്‍ വഴിയല്ല എന്ന് ഇക്കൂട്ടര്‍ക്ക് അറിയാഞ്ഞിട്ടല്ല. ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ നടക്കുന്ന പീഡനങ്ങളെ വിമര്‍ശിക്കുന്ന മനുഷ്യാവകാശ സംഘടനകളെ ഭീകരതയെ സംരക്ഷിക്കുന്നവരായും ഇവര്‍ മുദ്രകുത്തുന്നു. സംശയത്തിന്റെ പേരില്‍ പിടികൂടിയവരെപ്പോലും വിചാരണക്കൊന്നും സമയം കളയാതെ കൊന്നുകളയണമെന്ന് വാദിക്കുന്നവരും അവരിലുണ്ട്. 

തെറ്റു പറ്റുന്നതിനെ മണ്ടത്തരമെന്ന് വിളിക്കാറില്ല. അബദ്ധങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നതിനെയും അതില്‍ കിടന്ന് പുളയുന്നതിനെയും മണ്ടത്തരമെന്നല്ലാതെ മറ്റെന്തു വിളിക്കാന്‍. ഇവിടെ പറഞ്ഞതരം രാഷ്ട്രീയം മുന്നോട്ടുവെക്കുന്നത് തുനീഷ്യയില്‍നിന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബിന്‍ അലി എന്ന ഏകാധിപതിയുടെ അതേ രീതികളാണ്. ഇയാളുടെ ഏകാധിപത്യനുകത്തില്‍ ഞെരിഞ്ഞമര്‍ന്നവരില്‍പെടുന്നവരാണ് ഇറാഖിലേക്കും സിറിയയിലേക്കും സായുധപ്പോരാട്ടത്തിന് പോയ ആയിരക്കണക്കിന് തുനീഷ്യന്‍ യുവാക്കള്‍. തീകെടുത്താന്‍ വെള്ളമൊഴിക്കുന്നതിനു പകരം പെട്രോള്‍ ഒഴിച്ചാല്‍ മതിയെന്ന് കരുതുന്ന വിഡ്ഢികളുടെ ലോകത്താണ് നാമുള്ളത്. 

അപ്പോള്‍ പരിഹാരം എന്താണ്? ഭീകരതയെയും തീവ്രവാദത്തെയും നേരിടാന്‍ ദീര്‍ഘകാല സ്ട്രാറ്റജികള്‍ വേണമെന്ന കാര്യത്തില്‍ വിവേകികള്‍ക്ക് ഭിന്നാഭിപ്രായമുണ്ടാവില്ല. എല്ലാ വശങ്ങളും പരിഗണിച്ചുകൊണ്ടുള്ള സമ്പൂര്‍ണ പദ്ധതികളാവണം അവ. സുരക്ഷ മാത്രം പരിഗണിച്ചാല്‍ മതിയാവുകയില്ല. ദാരിദ്ര്യനിര്‍മാര്‍ജനവും നിരക്ഷരതാ നിര്‍മാര്‍ജനവും മതത്തിന് തീവ്രതയുടെ മേലങ്കിയണിയിക്കുന്നതില്‍നിന്ന് ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കലുമൊക്കെ അതിന്റെ ഭാഗമായി വരും. ഈയൊരു കാഴ്ചപ്പാടില്‍, ഞാന്‍ തുനീഷ്യന്‍ പ്രസിഡന്റായിരിക്കെ സലഫികളായ പണ്ഡിതന്മാരെ വിളിച്ചുവരുത്തുകയും യുവാക്കളെ തീവ്രവാദത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിക്കണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഞാന്‍ ഭീകരതയുമായി സന്ധിചെയ്യുന്നു എന്നായി അപ്പോള്‍ നേരത്തേപ്പറഞ്ഞ കൂട്ടരുടെ ആരോപണം. 

സ്ട്രാറ്റജി ഏതാണെങ്കിലും അവയൊക്കെയും വളരെ പ്രയാസകരവും സങ്കീര്‍ണത നിറഞ്ഞതുമാണ്. ഫലം കണ്ട് വരണമെങ്കില്‍ സമയമെടുക്കും. അനുഭവങ്ങള്‍ വെച്ചു പറയുകയാണെങ്കില്‍, ആ പ്രതിഭാസത്തിന് തടയിടുക പോലും അത്ര എളുപ്പമല്ല. തീവ്രവാദികളെ സൈനികമായി നേരിടുകയാണെന്നുവെക്കുക. സൈനികരെപ്പോലെ അടവുകളും തന്ത്രങ്ങളും അറിയുന്നവര്‍ തന്നെയാണ് മറുപക്ഷത്തുമുള്ളത്. ജയിലോ പീഡനമോ മരണമോ ഒന്നും അത്തരക്കാരെ ഭയപ്പെടുത്തുകയില്ല എന്നത് ഈ സൈനിക നടപടിയില്‍ അവര്‍ക്ക് മുന്‍തൂക്കമുണ്ടാക്കിക്കൊടുക്കുകയും ചെയ്യും. 

ജീവിതനിലവാരമുയര്‍ത്തുക എന്നതും ഭീകരവിരുദ്ധ സ്ട്രാറ്റജിയുടെ ഭാഗമാണെന്ന് നാം പറഞ്ഞു. പക്ഷേ, അതും അത്ഭുതങ്ങളൊന്നും ഉണ്ടാക്കില്ല. കാരണം ഭീകര പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന വലിയൊരു വിഭാഗം ജീവിതത്തില്‍ ഒരിക്കല്‍ പോലും വിശപ്പ് എന്താണെന്ന് അറിയാത്തവരാണ്. വിദ്യാഭ്യാസപരമായി വളരെ ഉയര്‍ന്ന നിലവാരത്തിലുള്ളവരും അക്കൂട്ടത്തിലുണ്ട്. തടവില്‍ കഴിയുന്ന ഭീകരവാദികളെ ഇമാമുമാരും പണ്ഡിതന്മാരും സമീപിച്ച് അവര്‍ക്ക് 'ശരിയായ ദീന്‍' പഠിപ്പിച്ചുകൊടുക്കുക എന്ന നിര്‍ദേശം ചിന്താപരമായി ഈ പ്രവണതയെ നേരിടുന്നതിന്റെ ഭാഗമായി ഉന്നയിക്കപ്പെടാറുണ്ട്. ഇക്കാര്യത്തില്‍ നാം അമിത പ്രതീക്ഷ പുലര്‍ത്തുകയാണ് എന്ന് പറയേണ്ടിവരും. ഓരോ ഭീകരവാദിയും ഒരു 'സോഫ്റ്റ് വെയര്‍ പദ്ധതി'യുടെ തടവുകാരനാണ്. അയാളുടെ മുഴുവന്‍ ചിന്തയും അതില്‍ മാത്രമായിരിക്കും. മറുചിന്തകളെ മുഴുവന്‍ അയാള്‍ മനസ്സില്‍നിന്ന് തൂത്തെറിഞ്ഞിരിക്കും. പുറത്ത് നിന്നുള്ള ഒരു ഉപദേശവും അയാളില്‍ ഏശുകയില്ല. വേദനാജനകമായ തന്റെ അനുഭവങ്ങള്‍ ഒരുപക്ഷേ അയാളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കും. അതിന് വര്‍ഷങ്ങളോ പതിറ്റാണ്ടുകളോ എടുക്കും. അതേസമയം ചിന്താപരമായ പോരാട്ടത്തില്‍നിന്ന് നാം പുറകോട്ടടിക്കാനും പാടില്ല. അത് നമ്മുടെ മൊത്തം ആസൂത്രണത്തെ തന്നെ അവതാളത്തിലാക്കും. 

ഒടുവില്‍ നാം മുഖ്യസമസ്യയിലേക്ക് എത്തുന്നു. എന്താണ് തീവ്രവാദം? കാലദേശങ്ങള്‍ക്കനുസരിച്ച് അതിന് മാറ്റമുണ്ടാവുമോ? സൈദ്ധാന്തികമായി പറഞ്ഞാല്‍, തീവ്രതയുടെ ചിന്തയും ചിന്തയുടെ തീവ്രതയുമാണത്. ചിന്തയിലെ തീവ്രത പ്രയോഗവല്‍ക്കരിക്കുമ്പോഴാണ് അത് ഭീകരതയായി മാറുന്നത്. മര്‍മപ്രധാനമായ ചോദ്യത്തിനുള്ള ഏറ്റവും മോശം ഉത്തരം എന്നും തീവ്രവാദത്തെ നിര്‍വചിക്കാം. ഒരു സമൂഹത്തെ മറ്റു സമൂഹങ്ങളുടെ അടിമത്തത്തില്‍നിന്ന്, ഒരു വ്യക്തിയെ മറ്റു വ്യക്തികളുടെ അടിമത്തത്തില്‍നിന്ന്  എങ്ങനെ മോചിപ്പിക്കാം എന്നതാണ് ആ ചോദ്യം. തീവ്രവാദി വിഭാഗങ്ങള്‍ പറയുന്ന മറുപടി, തീവ്രമായി തന്നെ തിരിച്ചടിക്കണം എന്നാണ്; ചത്തും കൊന്നും ആണെങ്കില്‍പോലും. 

ഒരു ചാവേറിന്റെ നാവ് സംസാരിക്കില്ലെങ്കിലും അയാളുടെ ചിതറിത്തെറിച്ച ശരീരഭാഗങ്ങള്‍ നമ്മോടു പറയുന്നത് ഇതാണ്: എനിക്കും എന്റെ ആളുകള്‍ക്കും നിങ്ങളുടെ ലോകത്ത് നിങ്ങള്‍ ഇടം നല്‍കാതിരുന്നത് എന്തുകൊണ്ട്? ഞങ്ങളുടെ ജീവന് ഒരു വിലയുമില്ല എന്ന മട്ടിലായിരുന്നു നിങ്ങളുടെ ഇടപാടുകള്‍. നിങ്ങളുടെ ലോകം, ജീവന്‍ എല്ലാം തുലയട്ടെ. നിങ്ങളെ ഞാന്‍ തകര്‍ക്കുന്നു, അത് എന്നെ തകര്‍ത്തിട്ടാണെങ്കിലും. 

ജീവിതത്തെ സ്വീകാര്യമാക്കുന്ന എല്ലാറ്റിനോടും പിശുക്ക് കാണിക്കുന്ന ഒരു ലോകത്തോടുള്ള പ്രതികാര ചിന്ത. ഇതാണ് എല്ലാ തീവ്രവാദത്തിന്റെയും അടിസ്ഥാന പ്രേരകം എന്ന് ഞാന്‍ കരുതുന്നു. മതം, ദേശീയത, സാമുദായികത ഇതൊക്കെ പിടിവിട്ടുപോയ ആ പ്രതികാര ചിന്തയെ ന്യായീകരിക്കാനും നിയമാനുസൃതമാക്കാനും എടുത്തുപയറ്റുന്ന മുഖംമൂടികള്‍ മാത്രം. 

തീവ്രവാദികളുടെ മനോഘടനയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവര്‍ മൂന്ന് വികാരങ്ങളുടെ ഇരകളായിരിക്കും. ഭയം, വെറുപ്പ്, കോപം എന്നിവയുടെ. എപ്പോഴാണത് അതിന്റെ നശീകരണ സ്വഭാവം പുറത്തെടുക്കുന്നത്? മനുഷ്യന്റെ അഭിമാനവും മാന്യതയും പിച്ചിച്ചീന്തപ്പെടുമ്പോള്‍. വ്യക്തികളും സമൂഹങ്ങളും അപമാനിക്കപ്പെടുമ്പോള്‍. ശീഈ-അലവി തീവ്രവാദം ശക്തിപ്പെടുന്നത് അവരെ നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തിയിരുന്ന സുന്നികളോടുള്ള പ്രതികാരചിന്തയില്‍നിന്നാണ്. ഇറാഖിലും സിറിയയിലും ശീഈ-അലവി വിഭാഗങ്ങള്‍ നടത്തുന്ന പീഡനങ്ങളോടുള്ള പ്രതികരണമാണ് അവിടത്തെ സുന്നി തീവ്രവാദം. ഫ്രഞ്ച് സംസ്‌കാരത്തില്‍ ലയിക്കാത്തതിന്, മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ തന്റെ വ്യക്തിത്വം കൈയൊഴിക്കാത്തതിന് സെക്യുലര്‍ ഭരണകൂടത്തില്‍നിന്നേല്‍ക്കുന്ന അപമാനമാണ് ഫ്രഞ്ച് മുസ്‌ലിമില്‍ തീവ്രവാദം കുത്തിവെക്കുന്നത്. നന്നേ ചെറിയ ന്യൂനപക്ഷത്തിന്റെ ഏകാധിപത്യത്തില്‍ ബഹുഭൂരിപക്ഷം അപമാനിക്കപ്പെടുന്നതു തന്നെയാണ് അറബ് യുവാവിനെയും തീവ്രവാദത്തിലെത്തിക്കുന്നത്. ഹോളോകാസ്റ്റിലുണ്ടായ കടുത്ത അപമാനവും അത് ആവര്‍ത്തിക്കപ്പെട്ടേക്കുമോ എന്ന ഭീതിയുമാണ് ജൂതതീവ്രവാദത്തിന് നിമിത്തം. നൂറുകണക്കിന് ആറ്റംബോംബുകള്‍ക്കൊപ്പം അന്തിയുറങ്ങുകയും ആണവായുധ ബോട്ടില്‍ അഹങ്കാരത്തോടെ പട്രോളിംഗ് നടത്തുകയും ചെയ്യുന്ന ഇസ്രയേലീ പൗരന്മാര്‍ തെരുവിലൂടെ നടക്കുന്നത് അടുക്കളക്കത്തികൊണ്ട് കുത്തേല്‍ക്കുമോ എന്ന് ഭയന്ന്! എത്ര പരിഹാസ്യമാണിത്! നൂറ്റാണ്ടുകളായി ജൂത ജനത സഹിച്ച പീഡനങ്ങളാണ് അവരെ ഇന്നത്തെ നിലയിലെത്തിച്ചത്. പക്ഷേ, സ്വത്വത്തിനുവേണ്ടി വീറോടെ വാദിക്കുന്ന, നിശ്ചയദാര്‍ഢ്യത്തില്‍ തങ്ങളേക്കാള്‍ ഒട്ടും പിന്നിലല്ലാത്ത ഒരു വിഭാഗത്തെയാണ് തങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് അവര്‍ അറിയുന്നില്ല. ഇവിടെ പുലരുന്ന തത്ത്വം വളരെ വ്യക്തമാണ്: തീവ്രത ഉല്‍പാദിപ്പിക്കാന്‍ തീവ്രതയോളം പോന്ന മറ്റൊന്നും ഇല്ല. 

ഭീകരതയെ ചെറുക്കാന്‍ പഠനക്യാമ്പുകള്‍ നടത്തണമെന്ന് അവര്‍ പറയും. ആയിക്കോട്ടെ. പക്ഷേ തീരുമാനമെടുക്കുന്നവര്‍ (ഉലരശശെീി ങമസലൃ)െ ആയിരം തവണ മനസ്സിരുത്തി പഠിക്കേണ്ട ഒരു പാഠമുണ്ട്. വ്യക്തികളുടെയും സമൂഹത്തിന്റെയും അഭിമാനവും മാന്യതയും പിച്ചിച്ചീന്തുന്ന രാഷ്ട്രീയമാണ് നിങ്ങള്‍ പിന്തുടരുന്നതെങ്കില്‍ അതിനേക്കാള്‍ ബുദ്ധിശൂന്യമായ മറ്റൊരു രാഷ്ട്രീയമില്ല. ഇത് തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും നയിക്കുമോ എന്ന് ചോദിക്കേണ്ടതില്ല; എപ്പോള്‍ എന്നു മാത്രം ചോദിച്ചാല്‍ മതി. 

മനുഷ്യനിലെ വിചാരവികാര മേഖലകള്‍ വളരെ വിശാലമാണ്. വിവേകത്തിന്റെ അങ്ങേയറ്റവും അവിവേകത്തിന്റെ അങ്ങേയറ്റവും നാമിവിടെ കാണുന്നു. സദ്ഗുണങ്ങളുടെയും ഉയര്‍ന്ന ധാര്‍മികതയുടെയും പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും ഒരു മണ്ഡലം മനുഷ്യമനസ്സിലുണ്ട്. അതാണ് നമുക്ക് പ്രവാചകന്മാരെയും പുണ്യാത്മാക്കളെയും പരിഷ്‌കര്‍ത്താക്കളെയും നല്‍കുന്നത്. ഇതിന്റെ നേര്‍ വിപരീത ദിശയില്‍ പകയുടെയും വെറുപ്പിന്റെയും ഒരു മണ്ഡലമുണ്ട്. മനുഷ്യര്‍ പരസ്പരം ചെയ്യുന്ന ഭീകരതകള്‍ ഓര്‍മകളായി ഇവിടെ അള്ളിപ്പിടിച്ച് നില്‍ക്കുന്നുണ്ട്. അതാണ് അങ്ങേയറ്റത്തെ വെറുപ്പും വിദ്വേഷവുമായി മാറുന്നത്. ഈ മണ്ഡലമാണ് നമുക്ക് രക്തദാഹികളെയും ഏകാധിപതികളെയും ഭീകരന്മാരെയും നല്‍കിക്കൊണ്ടിരിക്കുന്നത്. 

ഈ രണ്ട് മണ്ഡലങ്ങളും ഏറിയോ കുറഞ്ഞോ അളവില്‍ മനുഷ്യരില്‍ ഉണ്ടാവും. ഭൂരിഭാഗമാളുകളും ഇത്തരം വൈരമോ പകയോ പുറത്തെടുക്കുകയില്ല. പക്ഷേ മോശമായ നിലയില്‍ അപമാനിക്കപ്പെടുമ്പോള്‍ ചിലരില്‍നിന്ന് ഇത് പുറത്തുചാടും. കാരണം അഭിമാനവും മാന്യതയും അവര്‍ക്ക് സ്വന്തം ജീവനേക്കാള്‍ വലുതായിരിക്കും. സ്വന്തം ജീവന് വിലകല്‍പ്പിക്കുന്നില്ലെങ്കില്‍ അന്യരുടെ ജീവന് അവര്‍ വിലകല്‍പ്പിക്കുമോ? അതിനാല്‍, ഈ അപകട മേഖല കുത്തിയിളക്കാന്‍ ആരും മുതിരരുത്. അത് വ്യക്തിക്കും സമൂഹത്തിനും അപായകരമായിരിക്കും. ഒരുപക്ഷേ നിങ്ങള്‍ക്കതിന്റെ വില ഒടുക്കേണ്ടതായിവരില്ല. നിങ്ങള്‍ക്കു ശേഷം വരുന്ന നിരപരാധികളായിരിക്കും അതിന്റെ വില നല്‍കേണ്ടിവരിക. അത് ചിലപ്പോള്‍ നിങ്ങളുടെ പേരക്കുട്ടികളാകാം, പേരക്കുട്ടികളുടെ പേരക്കുട്ടികളാകാം. കാരണം പക അനന്തരമായി കൊടുക്കുന്ന ഭൂമുഖത്തെ ഏകജീവിയാണ് മനുഷ്യന്‍. 

അതിനാല്‍ മനുഷ്യരുടെ പരസ്പര ഇടപഴകലില്‍ മൂല്യങ്ങളുടെ മൂല്യം എന്ന് പറയുന്നത് അന്തസ്സും അഭിമാനവും കാക്കലാണ്. കോപത്തിന്റെയും രോഷത്തിന്റെയും അഗ്‌നിപര്‍വങ്ങളില്‍നിന്ന് അത് നിങ്ങളെ രക്ഷിക്കും. അന്തസ്സ് ഇടിച്ചുതാഴ്ത്തി പ്രകോപനം സൃഷ്ടിക്കുക എന്നത് ദൈവനിന്ദ കൂടിയാണ്. സൃഷ്ടിയെ നിന്ദിക്കുന്നവന്‍ സ്രഷ്ടാവിനെ കൂടിയാണല്ലോ നിന്ദിക്കുന്നത്. 

(മുന്‍ തുനീഷ്യന്‍ പ്രസിഡന്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് ലേഖകന്‍)

 

Comments

Other Post

ഹദീസ്‌

ആദരവ് അര്‍ഹിക്കുന്നതാണ് വാര്‍ധക്യം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /23-26
എ.വൈ.ആര്‍