Prabodhanm Weekly

Pages

Search

2016 മെയ് 13

2951

1437 ശഅ്ബാന്‍ 06

ഇസ്‌ലാമിക് സയന്‍സ്: മനുഷ്യ-പ്രപഞ്ച വ്യവസ്ഥകളെ സംബന്ധിച്ച യഥാര്‍ഥ ജ്ഞാനം

പ്രഫ. പി.എ വാഹിദ്‌

'ഖുര്‍ആന്‍-ശാസ്ത്ര സംയോജനത്തിന്റെ അനിവാര്യത' എന്ന എന്റെ ലേഖനത്തിലെ (പ്രബോധനം ലക്കം 2942) ചില ആശയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ഹസീം മുഹമ്മദ് എഴുതിയ വിമര്‍ശനക്കുറിപ്പിനുള്ള പ്രതികരണമാണിത്. ഖുര്‍ആന്‍-ശാസ്ത്ര സംയോജനത്തിലൂടെ വികസിപ്പിച്ചെടുക്കാവുന്ന മനുഷ്യ-പ്രപഞ്ച സൃഷ്ടിയെ സംബന്ധിച്ച സമഗ്ര വിജ്ഞാനെത്തയാണ് (Holistic Knowledge) ഇസ്‌ലാമിക് സയന്‍സായി ഞാന്‍ ആ ലേഖനത്തില്‍ പരിചയപ്പെടുത്തിയത്. അതു സംബന്ധമായി ഹസീം മുഹമ്മദ് ചില സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതില്‍ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ എന്റെ ലേഖനത്തില്‍ തന്നെയുണ്ടായിരുന്നു. 

അദ്ദേഹം എഴുതുന്നു: ''ഈ വാദങ്ങളിലെല്ലാം സാമാന്യമായി മുഴച്ചുനില്‍ക്കുന്ന മിഥ്യാധാരണ ആധുനിക ശാസ്ത്രം എന്ന വിജ്ഞാനീയത്തിന്റെ അപ്രമാദിത്വത്തെ സംബന്ധിച്ച അമിതമായ ആത്മവിശ്വാസമാണ്.'' എന്റെ ലേഖനത്തിലെ ആശയങ്ങള്‍ കുറിപ്പുകാരന് ശരിക്ക് മനസ്സിലാക്കിയിട്ടില്ലെന്ന് തോന്നുന്നു. ആധുനിക ശാസ്ത്രത്തില്‍ ഖുര്‍ആന്‍ സന്ദേശങ്ങളോട് യോജിക്കാത്ത സിദ്ധാന്തങ്ങളെ വിശ്വസിക്കാന്‍ കൊള്ളാത്ത അശാസ്ത്രീയ സിദ്ധാന്തങ്ങളായാണ് ഞാന്‍ അതില്‍ പറയുന്നത്. അത്തരം സിദ്ധാന്തങ്ങളും ആശയങ്ങളും സാത്താനികവും, മനുഷ്യ-പ്രപഞ്ച സംബന്ധമായ ഖുര്‍ആനിക വെളിപ്പെടുത്തലുകളെ തുരങ്കം വെക്കാന്‍ ഉതകുന്നവയുമാണ്. സുസ്ഥിര പ്രപഞ്ചസിദ്ധാന്തത്തെയും ഡാര്‍വിന്റെ ജൈവപരിണാമ സിദ്ധാന്തത്തെയും അതിനുദാഹരണമായി കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇത് വളരെ നന്നായി വ്യക്തമാക്കിയിട്ടും എന്റെ ആശയങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത് ആധുനിക ശാസ്ത്രത്തെ സംബന്ധിച്ച അമിതമായ ആത്മവിശ്വാസമാണെന്ന് പറയുന്നതില്‍ ഒരു ന്യായവുമില്ല. ഖുര്‍ആനോട് യോജിക്കാത്ത സിദ്ധാന്തങ്ങളെ തള്ളി ശാസ്ത്രത്തെ വിശുദ്ധീകരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. അങ്ങനെ വിശുദ്ധീകരിക്കപ്പെട്ട ശാസ്ത്രം സത്യമായിരിക്കും. അതിന്റെ അപ്രമാദിത്വെത്ത ചോദ്യം ചെയ്യുന്നത് മുസ്‌ലിം യുക്തിക്ക് നിരക്കാത്തതും ഇസ്‌ലാമിക വിരുദ്ധവുമാണ്. കാരണം സത്യമായ ശാസ്ത്രവിജ്ഞാനത്തിന്റെ സ്രോതസ്സ് അല്ലാഹുവാണ്. 

''ഖുര്‍ആനിലെ ഒരു ആയത്ത് 'ശാസ്ത്രീയമായി' ശരിയാണ് എന്ന വാദഗതി ഉന്നയിക്കുമ്പോള്‍ നമ്മള്‍ എന്താണ് അര്‍ഥമാക്കുന്നത്? നമ്മുടെ അറിവിനും അനുഭവത്തിനും അത്രമേല്‍ ദൃഢത നല്‍കാന്‍ പര്യാപ്തമായ ഒന്നാണോ ആധുനിക ശാസ്ത്രം? ഏത് മാനദണ്ഡം ഉപയോഗിച്ചാണ് നമ്മള്‍ ഖുര്‍ആന് തെളിവായിത്തീരുന്ന ഒരു സ്രോതസ്സായി സ്വീകരിക്കപ്പെടാന്‍ അതിന് പ്രാപ്തി നല്‍കുന്നത്?'' ഇതിനുള്ള ഉത്തരവും വളരെ വ്യക്തമായിത്തന്നെ എന്റെ ലേഖനത്തിലുണ്ട്. ഖുര്‍ആനാണ് മാനദണ്ഡം. ഖുര്‍ആനോട് യോജിക്കാത്ത സിദ്ധാന്തങ്ങളെ തള്ളി വിശുദ്ധീകരിക്കപ്പെട്ട ശാസ്ത്രം (അതായത് ഖുര്‍ആനോട് യോജിക്കുന്ന ശാസ്ത്രവിവരങ്ങള്‍) മാത്രമേ ഇസ്‌ലാമിക് സയന്‍സില്‍ ഉള്‍പ്പെടുകയുള്ളു. ഹസീം മുഹമ്മദ് ഇതിനെ വിശദീകരിച്ച് എത്തിച്ചേരുന്ന നിഗമനം ഖുര്‍ആനിക മാനദണ്ഡമനുസരിച്ചുള്ളതല്ല. ശാസ്ത്രത്തെ കുറിച്ചുള്ള ഒരു പൊതു ധാരണ മാത്രമാണ്. ''(ശാസ്ത്രത്തിന്) അതിന്റേതായ പരിമിതമായ മണ്ഡലത്തിനപ്പുറം യാതൊന്നും പറയാന്‍ പ്രാപ്തമല്ല. അതോടൊപ്പം തന്നെ മനുഷ്യന്റെ ശ്രമഫലം മാത്രമായി നിര്‍മിക്കപ്പെടുന്ന സകലതിന്റെയും പരിമിതികള്‍ അതിനെയും വലയം ചെയ്യുന്നു. അന്തിമമായ ശരിയിലേക്ക് എത്തുകയെന്നത് ശാസ്ത്രത്തെ സംബന്ധിച്ച് ഒരു അന്ധവിശ്വാസം മാത്രമാണ്. അവിടെ അനുമാനങ്ങള്‍ രൂപപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.'' ഖുര്‍ആനോട് യോജിക്കാത്ത ശാസ്ത്രം ഇസ്‌ലാമിക് സയന്‍സില്‍ ഉള്‍പ്പെടാത്തതിനാല്‍ ശാസ്ത്രത്തെ സംബന്ധിച്ച ഇത്തരം കാര്യങ്ങളൊന്നും ഇസ്‌ലാമിക് സയന്‍സിനെ ബാധിക്കുന്നില്ല. 'അപ്പോള്‍ എങ്ങനെയാണ് നമ്മള്‍ ഇത്തരത്തിലുള്ള ശാസ്ത്രത്തെ ഖുര്‍ആനിലേക്ക് പ്രയോഗിക്കുക? ഖുര്‍ആനിനെ എങ്ങനെയാണ് ശാസ്ത്രത്തിലേക്ക് പ്രയോഗിക്കുക?' എന്നും പ്രതികരണത്തില്‍ ചോദിക്കുന്നു. ഖുര്‍ആനിനെ എങ്ങനെയാണ് ശാസ്ത്രത്തിലേക്ക് പ്രയോഗിക്കുക എന്ന ചോദ്യത്തിനുള്ള ഉത്തരം എന്റെ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കുറച്ചു കൂടി വിശദീകരിക്കാം. 

ഖുര്‍ആന്‍  സത്യമാണ് (34:48-49; 5:48), സത്യാസത്യവിവേചന പ്രമാണമാണ് (25:1). അതായത് ഖുര്‍ആനോട് യോജിക്കാത്ത ഏതു സന്ദേശവും, അത് മതത്തിലായാലും ശാസ്ത്രത്തിലായാലും അല്ലെങ്കില്‍ മറ്റേത് വിജ്ഞാന മേഖലയിലായാലും, അസത്യമായിരിക്കും. ഈ ഖുര്‍ആനിക മാനദണ്ഡം ശാസ്ത്രത്തില്‍ പ്രയോഗിച്ച് ശാസ്ത്രവിവരം ശരിയാണോ തെറ്റാണോ എന്ന് വിലയിരുത്താവുന്നതാണ്. ഉദാഹരണമായി പ്രപഞ്ചോല്‍പത്തിയെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക: ''തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു...'' (7:54). പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണെന്നും അതിനു മുമ്പ് അതുണ്ടായിരുന്നില്ലെന്നും ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു. ശാസ്ത്രത്തിലെ സുസ്ഥിര പ്രപഞ്ചസിദ്ധാന്ത (Steady State Cosmology) പ്രകാരം പ്രപഞ്ചം ആരംഭമില്ലാത്ത, അന്ത്യമില്ലാതെ എന്നെന്നും നിലനില്‍ക്കുന്ന വ്യവസ്ഥയാണ്. ഇത് ഖുര്‍ആനോട് യോജിക്കാത്ത ആശയമാണ്. ഇസ്‌ലാമിക് സയന്‍സില്‍ ഈ സിദ്ധാന്തം സ്വീകാര്യമല്ല. പ്രപഞ്ചത്തിന് അന്ത്യമുണ്ടെന്നും അത് ചുരുങ്ങുമെന്നും അതില്‍നിന്ന് പുതിയ പ്രപഞ്ചം സൃഷ്ടിക്കപ്പെടുമെന്നും ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു. ''ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചതു പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്'' (21:104). ഈ ഖൂര്‍ആന്‍ വചനം മഹാപതന (Big Crunch) സിദ്ധാന്തത്തെ ശരിവെക്കുന്നതായി കാണാം.  ഈ സിദ്ധാന്തപ്രകാരം ഇന്നത്തെ പ്രപഞ്ചം പതിച്ചു (Collapse)പൂര്‍വസ്ഥിതി പ്രാപിക്കുമെന്നാണ്. ആ സ്ഥിതിയില്‍നിന്ന് പുതിയ ഒരു പ്രപഞ്ചം ആരംഭിക്കാനാകുമെന്ന് അംഗീകരിക്കുന്ന മറ്റൊരു സിദ്ധാന്തവുമുണ്ട്. ഇവയെല്ലാം ഖുര്‍ആനിന്റെ വെളിച്ചത്തില്‍ സ്വീകാര്യയോഗ്യമാണെന്ന് മാത്രമല്ല ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന പ്രപഞ്ചത്തിന്റെ അന്ത്യവും പുനഃസൃഷ്ടിപ്പും ശാസ്ത്രീയമായി വിശദീകരിക്കാനും ഉപയോഗിക്കാവുന്നതാണ്. 

അതിഭൗതികമായ എല്ലാറ്റിനെയും പടിക്ക് പുറത്തേക്ക് പറഞ്ഞയക്കുന്ന ശാസ്ത്രം അതിഭൗതികമായ റൂഹ്, ശൈത്വാന്‍, ഖല്‍ബ്, സ്വദ്ര്‍ എന്നീ വസ്തുതകളെ എങ്ങനെ വിശദീകരിക്കും എന്ന ചോദ്യവും ഹസീം മുഹമ്മദ് ഉയര്‍ത്തുന്നുണ്ട്. ഖല്‍ബും സ്വദ്‌റും അഭൗതികമല്ല. കാരണം മനുഷ്യശരീരത്തിലെ അവയവങ്ങളായാണ് ഖുര്‍ആന്‍ വെളിപ്പെടുത്തുന്നത്. ശരീരത്തില്‍ ഖല്‍ബ് സ്ഥിതിചെയ്യുന്നത് സ്വദ്‌റിലാണ് (22:46). അഭൗതികമായ റൂഹ്, ശൈത്വാന്‍ എന്നിവയൊക്കെ മനുഷ്യ ബയോ സിസ്റ്റത്തിന്റെ കമ്പ്യൂട്ടര്‍ മാതൃകയുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കാനാവുന്നതാണ്. The Quran: Scientific Exegesis എന്ന എന്റെ ഗ്രന്ഥത്തില്‍ ഇത് വിശദീകരിച്ചിട്ടുണ്ട്. ഈ ഗ്രന്ഥം ഓണ്‍ലൈനില്‍(www.islamicscience.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വസ്തുനിഷ്ഠമായ പരീക്ഷണ നിരീക്ഷണങ്ങളുടെ ആകത്തുകയാണ് ശാസ്ത്രമെങ്കില്‍ എന്തിനാണ് 'ഇസ്‌ലാമികമായ' ഒരു ശാസ്ത്രം എന്ന അദ്ദേഹത്തിന്റെ ചോദ്യം വളരെ പ്രസക്തമാണ്. ഇതിന്റെ ഉത്തരവും എന്റെ ലേഖനത്തില്‍ കൊടുത്തിട്ടുണ്ട്. അത് ഇവിടെ ഉദ്ധരിക്കുന്നു. ''ദൈവമുണ്ടോ ഇല്ലയോ, പ്രപഞ്ചത്തിന് ലക്ഷ്യമുണ്ടോ ഇല്ലയോ, ഞാന്‍ ആരാണ്, എന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്താണ്, അതോ ലക്ഷ്യമുണ്ടോ, പ്രപഞ്ചത്തിന്റെ ഭാവി എന്താണ്, മനുഷ്യന്റെ ഭാവിയെന്താണ് എന്നിങ്ങനെയുള്ള മില്യന്‍ ഡോളര്‍ ചോദ്യങ്ങള്‍ക്ക് ശാസ്ത്രപരീക്ഷണങ്ങളിലൂടെ ഉത്തരം കണ്ടെത്താന്‍ സാധ്യമല്ല. അവയെല്ലാം ശാസ്ത്രസീമക്ക് പുറത്താണ്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അല്ലാഹു ഖുര്‍ആനിലാണ് നല്‍കിയിരിക്കുന്നത്. പക്ഷേ, ഖുര്‍ആനിലുള്ള സന്ദേശം ആധുനിക സമൂഹം വിശ്വസിക്കണമെങ്കില്‍ അതിന് ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടായിരിക്കേണ്ടത് അനിവാര്യമാണ്... ഏതൊരു വസ്തുവെയും അതെന്തുദ്ദേശ്യത്തോടുകൂടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നറിയാതെ അര്‍ഥവത്തായി പഠിക്കാനോ വിലയിരുത്താനോ സാധിക്കുകയില്ല. യാതൊരുദ്ദേശ്യവുമില്ലാതെ സ്വയംഭൂവായുണ്ടായി അനിശ്ചിതത്വത്തില്‍ തുടരുന്ന  പ്രതിഭാസമായാണ് മനുഷ്യനെയും പ്രപഞ്ചത്തെയും ശാസ്ത്രസമൂഹം വിലയിരുത്തുന്നതും വിശദീകരിക്കുന്നതും. നാസ്തിക ശാസ്ത്രജ്ഞരുടെ ഈ കാഴ്ചപ്പാടിന്റെ  അടിസ്ഥാനത്തിലാണ് ഇന്ന് ശാസ്ത്രം വളരുന്നത്. ഖുര്‍ആന്‍ മാത്രമാണ് ഈ ആശയം തെറ്റാണെന്നു സമര്‍ഥിക്കുന്നത്.  ഒരു മഹാലക്ഷ്യം മുന്നില്‍ വെച്ചുകൊണ്ട് ബൃഹത്തായ ഒരു പദ്ധതിയുടെ അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്തു സൃഷ്ടിക്കപ്പെട്ട മഹാവ്യവസ്ഥകളാണ് മനുഷ്യനും പ്രപഞ്ചവും. മനുഷ്യനും പ്രപഞ്ചവും ഉദ്ദേശ്യത്തോടെ സൃഷ്ടിക്കപ്പെട്ടവയാകുകയും, അവയുടെ ഉദ്ദേശ്യത്തിന്റെ  അടിസ്ഥാനത്തിലല്ലാതെ അവയെ വിലയിരുത്തുകയും വിശദീകരിക്കുകയും ചെയ്യുമ്പോള്‍ ശാസ്ത്രം നമ്മെ തെറ്റായ ദിശയിലേക്കാണ് നയിക്കുന്നത്.'' ഖുര്‍ആനിന്റെ അടിത്തറയില്‍ ശാസ്ത്രത്തെ അഥവാ വിജ്ഞാനത്തെ വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. അങ്ങനെ വികസിപ്പിച്ചെടുക്കുന്ന മനുഷ്യ-പ്രപഞ്ച സൃഷ്ടികളെ സംബന്ധിച്ച സത്യമായ സമഗ്ര വിജ്ഞാനമാണ് ഇസ്‌ലാമിക് സയന്‍സ്. ഹസീം മുഹമ്മദ് സംശയിക്കുന്നതുപോലെ ഇസ്‌ലാമിക് സയന്‍സ് ആധുനിക ശാസ്ത്രത്തിന്റെയും ഖുര്‍ആന്റെയും കേവലം സംയോജനമല്ല; ലഘൂകരണവുമല്ല. അങ്ങനെയൊരു 'കേവല സംയോജനം' സാധ്യമല്ല; നിരര്‍ഥകവുമാണ്. 

ഇസ്‌ലാമിക് സയന്‍സും വിജ്ഞാനത്തിന്റെ ഇസ്‌ലാംവല്‍ക്കരണവും മുസ്‌ലിം പണ്ഡിത•ാര്‍ നൂറ്റാണ്ടുകളായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയങ്ങളാണ്. മുസ്‌ലിം ശാസ്ത്രജ്ഞ•ാരുടെ കണ്ടുപിടിത്തങ്ങളും മറ്റു ശാസ്ത്ര സംഭാവനകളും ഇസ്‌ലാമിക സന്ദേശങ്ങളുമൊക്കെ ഉള്‍പ്പെടുത്തിയുള്ള വിജ്ഞാനമാണ് പണ്ഡിത വൃത്തം ലക്ഷ്യമിടുന്ന ഇസ്‌ലാമിക് സയന്‍സ്. എന്റെ ലേഖനത്തില്‍ വിശദീകരിച്ച ഇസ്‌ലാമിക് സയന്‍സ് ഈ ആശയവുമായി ഒരു ബന്ധമില്ലാത്തതാണ്. മുസ്‌ലിം പണ്ഡിത•ാര്‍ വിഭാവനം ചെയ്യുന്ന ഇസ്‌ലാമിക് സയന്‍സിനെ സംബന്ധിച്ച് അവര്‍ക്ക് തന്നെ വ്യക്തമായ ധാരണയില്ല. ശാസ്ത്രത്തിന്റെ തെറ്റായ പ്രയോഗവല്‍ക്കരണത്തെ ഇസ്‌ലാമിക് സയന്‍സിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന അവരുടെ വാദം വിഷയവുമായി യോജിക്കാത്തതാണ്. ഖുര്‍ആനില്‍ ശാസ്ത്രമാനമുള്ള ആയത്തുകളില്ലെന്നും, ഖുര്‍ആനും ശാസ്ത്രവും  തമ്മില്‍ ബന്ധമില്ലെന്നുമൊക്കെ വാദിക്കുന്നവരാണ് അവരില്‍ മിക്കവരും! ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ന്യൂ സ്‌റ്റേറ്റ്‌സ്മാന്‍ മാഗസിനില്‍ ഖുര്‍ആനും ശാസ്ത്രവും ബന്ധിപ്പിക്കുന്നതിനെതിരെ 2008-ല്‍ സിയാഉദ്ദീന്‍ സര്‍ദാര്‍ എഴുതിയ ലേഖനം ഇത് വ്യക്തമാക്കുന്നു. മോറിസ് ബുക്കായിയുടെയും കീത്ത് മൂറിന്റെയും ഹാറൂന്‍ യഹ്‌യാ(അദ്‌നാന്‍ ഒക്തര്‍)യുടെയും സഗ്‌ലൂല്‍ അല്‍ നജ്ജാറിന്റെയും എന്റെയും ഖുര്‍ആന്‍-ശാസ്ത്ര മേഖലയിലെ ഗവേഷണങ്ങളെ നിശിതമായി എതിര്‍ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ശാസ്ത്രാടിസ്ഥാനമില്ലാത്ത അവരുടെ ഇത്തരം വാദങ്ങള്‍ നിലനില്‍ക്കാത്തത് സ്വാഭാവികം. എന്റെ ലേഖനത്തില്‍ വിശദീകരിച്ച ഖുര്‍ആന്‍-ശാസ്ത്ര സംയോജനത്തിലൂടെ വികസിപ്പിച്ചെടുക്കാവുന്ന ഇസ്‌ലാമിക് സയന്‍സ് മനുഷ്യ-പ്രപഞ്ച വ്യവസ്ഥകളെ സംബന്ധിച്ച യഥാര്‍ഥ വിജ്ഞാനമായിരിക്കും പ്രദാനം ചെയ്യുക.

 

Comments

Other Post

ഹദീസ്‌

ആദരവ് അര്‍ഹിക്കുന്നതാണ് വാര്‍ധക്യം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /23-26
എ.വൈ.ആര്‍