Prabodhanm Weekly

Pages

Search

2016 മെയ് 13

2951

1437 ശഅ്ബാന്‍ 06

എന്റെ ഇസ്‌ലാമനുഭവം

സ്വാമി ജ്ഞാനദാസ്‌

ഇടുക്കി ജില്ലയിലെ രാജകുമാരിക്കടുത്തുള്ള കുരുവിളാ സിറ്റിയില്‍ ഒറ്റക്കൊരു വീടെടുത്ത് തനിച്ച് താമസിച്ച് അല്‍പം സ്ഥലം വാങ്ങി ഒരാശ്രമം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്ന കാലം...

2015 ആഗസ്റ്റ് ഒന്ന് ശനിയാഴ്ച പ്രഭാതം. മഹാരാഷ്ട്രാ അതിര്‍ത്തിയിലുള്ള കര്‍ണാടകത്തിലെ ഗുല്‍ബര്‍ഗ വരെ പോകുന്നതിന് ഞാന്‍ എറണാകുളം ബസ്സില്‍ കയറി. കെട്ടിലും മട്ടിലും മുസ്‌ലിം എന്നു തോന്നിക്കുന്ന ഒരാള്‍ അടുത്ത സ്റ്റോപ്പില്‍നിന്നും കയറി. അടുത്തടുത്തിരുന്നായിരുന്നു യാത്ര. പരിചയപ്പെട്ടു; പരസ്പരം. പേര് മുഹമ്മദ്; റിട്ട. അറബിക് അധ്യാപകന്‍. അദ്ദേഹം ഇറങ്ങുന്നതുവരെ, രണ്ടു മണിക്കൂറോളം പലതും ഞങ്ങള്‍ ചര്‍ച്ചചെയ്തു; മതമൊഴികെ. ഒരു നല്ല മുസ്‌ലിം ആയിരുന്നല്ലോ എന്നു തോന്നിപ്പോയി.

ഒരമുസ്‌ലിം (ക്രിസ്തീയ) കുടുംബത്തില്‍ പിറന്ന, തന്റേതൊഴികെ മറ്റെല്ലാ മതങ്ങളും പാഴ്‌വ്യായാമങ്ങളാണന്ന് മുപ്പതു വര്‍ഷം മുമ്പുവരെ പാടി നടന്ന, പിന്നീട് എല്ലാവരെയും ഉള്‍ക്കൊണ്ട് എല്ലാ മതങ്ങളെയും മനസ്സിലാക്കി മതത്തിനതീതനായ, എങ്കിലും 'സമൂഹത്തില്‍ ഇഴുകിച്ചേരാത്തവരാണ് മുസ്‌ലിംകള്‍' എന്ന വിചാരം ഉള്ളിന്റെയുള്ളില്‍ കൊണ്ടുനടന്ന എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു; പതിറ്റാണ്ടുകള്‍ അറബിക് അധ്യാപകനായിരുന്ന, എഴുപതിനോടടുത്ത പ്രായവുമുള്ള, യാഥാസ്ഥിതികന്‍ എന്നു തോന്നിക്കുന്ന ഒരു മുസ്‌ലിമാണ് തന്റെ മതമേന്മകളെക്കുറിച്ച് ഘോരഘോരം വാദിക്കുക പോയിട്ട് ഒരക്ഷരം പോലും ഉരിയാടാതെ ഇറങ്ങിപ്പോയത്.

ഞാന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തി. കാര്യങ്ങള്‍ ഞാന്‍ ഉദ്ദേശിച്ചപോലെ ആകാത്തതിനാല്‍ സ്ഥലം വാങ്ങി ആശ്രമം കെട്ടിപ്പൊക്കുന്ന പരിപാടി മാറ്റിവെച്ച് ഒറ്റവീടുതന്നെ ആശ്രമമായി കരുതി കഴിഞ്ഞുവരുമ്പോള്‍ ഒരാശയം ഉദിച്ചു, ഇസ്‌ലാമിനെ അടുത്തറിയണം. സ്‌നേഹത്തോടെ 'ഇക്കാ' എന്നു വിളിക്കുന്ന മുന്‍ സഹയാത്രികന്‍ മുഹമ്മദിനെത്തന്നെ ആശ്രയിച്ചു. ഇസ്‌ലാമിക പ്രവര്‍ത്തകനായ സുഹൈബ് എന്ന ചെറുപ്പക്കാരനുമായി അദ്ദേഹം എന്നെ പരിചയപ്പെടുത്തി. എന്റെ ആഗ്രഹാനുസാരം ഒരു ഖുര്‍ആന്‍ പരിഭാഷയും മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവും എന്ന പുസ്തകവും മറ്റു രണ്ട് ലഘു പുസ്തകങ്ങളും എനിക്ക് സൗജന്യമായി തന്നു.

പക്ഷേ, ഇസ്‌ലാമിന്റെ ആഴങ്ങള്‍ തേടിയ എനിക്ക് ആശ്വാസമായത് മുഹമ്മദ്ക്ക ആയിരുന്നു. എന്റെ അഭീഷ്ട സിദ്ധിക്കുതകുന്ന ചില പുസ്തകങ്ങള്‍ അദ്ദേഹം എനിക്ക് സംഘടിപ്പിച്ചുതന്നു. സര്‍വത് സൗലത്തിന്റെ ഇസ്‌ലാമിക സമൂഹം ചരിത്ര സംഗ്രഹം രണ്ടു ഭാഗങ്ങള്‍, ഇസ്മാഈല്‍ റാജീ ഫാറൂഖിയുടെ തൗഹീദിന്റെ ദര്‍ശനം, ഡോ. മുഹമ്മദ് ഹമീദുല്ലയുടെ ഇസ്‌ലാം ലഘുപരിചയം, മുഹമ്മദുല്‍ ഗസ്സാലിയുടെ മുസ്‌ലിം സ്വഭാവം, ഡോ. യൂസുഫുല്‍ ഖറദാവിയുടെ വിശ്വാസവും ജീവിതവും എന്നിവ അവയില്‍ ചിലതാണ്.

മുഹമ്മദ് നബിയുടെ ചരിത്രവും ആദ്യ നാലു ഖലീഫമാരുടെ ജീവിതവും വായിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ കോരിത്തരിച്ചുപോയി.

അറബികള്‍ ആരായിരുന്നു? തങ്ങളുടെ കാലികളെയും കൊണ്ട് മേച്ചില്‍പുറം തേടി അലഞ്ഞ നാടോടികള്‍...

സാര്‍ഥ വാഹക സംഘങ്ങളെ കൊള്ളയടിക്കുന്നത് ദിനചര്യയും വരുമാന മാര്‍ഗവുമായി കരുതിയവര്‍...

ഭാരമായിക്കരുതി പെണ്‍മക്കളെ ജീവനോടെ കുഴിച്ചുമൂടിയവര്‍...

തങ്ങളുടെ ജംഗമസ്വത്തില്‍ ഒരിനമായി സ്ത്രീകളെ ഗണിച്ചിരുന്നവര്‍...

ശിലായുഗത്തെ അനുസ്മരിപ്പിക്കുമാറ് ആരാധനക്കായി തങ്ങളുടെ ദേശത്തെ ശിലകള്‍ കൊണ്ട് നിറച്ചവര്‍...

ഇവരുടെ അറേബ്യ എന്ന ഇരുട്ടിനെ വെളിച്ചമാക്കിയ മുഹമ്മദ് നബിയെ ചരിത്രത്തില്‍ വായിക്കുമ്പോള്‍...

തത്ത്വാധിഷ്ഠിത മാതൃകാ ജീവിതം നയിച്ച ആദ്യ നാല് ഖലീഫമാരുടെ ജീവിതത്തെപ്പറ്റി വായിക്കുമ്പോള്‍...

ദൈവബോധം നെല്ലിപ്പലകയിലായിരുന്ന ഒരു സമൂഹത്തില്‍, 'ഞാന്‍ വ്യഭിചരിച്ചു, ഇനിയെങ്കിലും എന്നെ ശിക്ഷിക്കണം' എന്ന് നാലാം പ്രാവശ്യവും തിരിച്ചുവന്ന് ഒരു സ്ത്രീ മുഹമ്മദ് നബിയോട് പറയുന്ന ദൈവബോധത്തിന്റെ ഉത്തുംഗാവസ്ഥയെപ്പറ്റി വായിക്കുമ്പോള്‍...

മുഹാജിറുകള്‍ക്കു വേണ്ടിയുള്ള അന്‍സ്വാറുകളുടെ അര്‍പ്പണം വായിക്കുമ്പോള്‍...

നിസ്സാര തീര്‍പ്പിനു പോലും ഘോരയുദ്ധം ചെയ്യുന്ന ശിലാഹൃദയര്‍ ആര്‍ദ്രമാനസരായത് വായിക്കുമ്പോള്‍...

അങ്ങനെ പലതും പലതും വായിക്കുമ്പോള്‍ ഏതു ഋജുമാനസനാണ് ഹര്‍ഷപുളകിതനാവാത്തത്!

മുഹമ്മദ് നബി പറഞ്ഞു: ''ജനങ്ങളില്‍ ഏറ്റവും നല്ല ഇസ്‌ലാം നല്ല സ്വഭാവമുള്ളവന്റേതാണ്'' (മുസ്‌ലിം സ്വഭാവം മുഹമ്മദുല്‍ ഗസ്സാലി, പേജ് 20).

''മഹത്വമുള്ളവര്‍; ആരുടെ നാവാണോ നേരുച്ചരിക്കുന്നത്, ആരുടെ ഹൃദയമാണോ വെടിപ്പും വൃത്തിയുമുള്ളതായിരിക്കുന്നത് അവര്‍'' (മുസ്‌ലിം സ്വഭാവം പേജ് 115). ''ഉദ്ദേശ്യശുദ്ധിയും നിഷ്‌കളങ്കതയുമാണ് ഒരു മുസ്‌ലിമിന്റെ പ്രവര്‍ത്തനത്തെ പുണ്യകര്‍മത്തിന്റെ തലത്തിലേക്കുയര്‍ത്തുന്നത്'' (അതേ പുസ്തകം പേജ് 92).

''ഒരു മുസ്‌ലിം ഭരണാധികാരിക്ക് സ്വേഛാധികാരിയോ താന്തോന്നിയോ ആവുക സാധ്യമല്ല എന്ന് ഒന്നാം ഖലീഫ അബൂബക്‌റി(റ)ന്റെ പ്രസംഗം വ്യക്തമാക്കുന്നു'' (ഇസ്‌ലാമിക സമൂഹം ചരിത്ര സംഗ്രഹം, സര്‍വത് സൗലത്ത്, പേജ് 80). ''പ്രജകളോട് അനീതി കാണിക്കാതിരിക്കാന്‍ ഉമര്‍(റ) ജാഗ്രത കാട്ടിയിരുന്നു'' (അതേ പുസ്തകം, പേജ് 91).

''സ്‌നേഹലോലവും ദയാമസൃണവുമായിരുന്നു ഉസ്മാന്‍(റ)'' (അതേ പുസ്തകം, പേജ് 94). ''വളരെ ലളിതമായിരുന്നു അലിയുടെയും ജീവിതം'' (അതേ പുസ്തകം, പേജ് 100).

ഇസ്‌ലാം പൈതൃകത്തിലെ എന്നില്‍ മതിപ്പുളവാക്കിയ അസംഖ്യം വരികളിലെ ചിലതാണ് മേലുദ്ധരിച്ചത്.

അല്‍പം കല്ലുകടിയുമുണ്ടായി. അതാണ് ഈ കുറിപ്പിനാധാരം. ഇസ്‌ലാമിക പുസ്തകങ്ങളുമായി സുഹൈബ് എന്നെ ബന്ധപ്പെടുത്തിയെന്ന് പറഞ്ഞല്ലോ. പക്ഷേ, അവരെന്നെ നിരാശപ്പെടുത്തി. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ വിവരിക്കുന്ന കൃതികള്‍ക്കു പകരം, ഉപരിപ്ലവവും മറ്റു മതങ്ങളെ വിമര്‍ശിക്കുന്നതുമായ ചില പുസ്തകങ്ങളാണ് എനിക്ക് തന്നതില്‍ അധികവും. ആഗ്രഹാനുസാരമുള്ള പുസ്തകങ്ങള്‍ തന്നത് മുഹമ്മദ്ക്കയാണെന്ന് സൂചിപ്പിക്കുകയുണ്ടായല്ലോ. കൗതുകകരമെന്നു പറയട്ടെ, കേരളീയ എഴുത്തുകാര്‍ക്കാണ് മറ്റു മതങ്ങളിലേക്ക് എത്തിനോക്കിയുള്ള വിമര്‍ശന മനോഭാവം കൂടുതല്‍. എത്തിനോക്കിയുള്ള വിമര്‍ശനവും സ്വാഭാവിക വിമര്‍ശനവും രണ്ടാണ്. എന്തൊക്കെയോ സ്ഥാപിക്കാന്‍ വ്യഗ്രതപ്പെടുന്നതായി തോന്നും, ഒന്നാമത്തേതില്‍. രണ്ടാമത്തേതാവട്ടെ, സന്ദര്‍ഭവശാലുള്ള പരാമര്‍ശം മാത്രം (തീര്‍ച്ചയായും എല്ലാ കേരളീയ എഴുത്തുകാരുമല്ല). ഇതു വായിക്കുന്ന പുതുതലമുറ സ്വന്തം വിശ്വാസ പൈതൃകത്തിലും ആശയാദര്‍ശങ്ങളിലും അജ്ഞരായി മറ്റു വിശ്വാസാദര്‍ശങ്ങളില്‍ വിജ്ഞരായി ഒരു നിരാസ മനോഭാവത്തോടു കൂടിയല്ലേ വളരുക?

''ഗണ്യമായ സംഖ്യാബലവും ഭൂവിഭവ ലഭ്യതയും മഹത്തായ പൈതൃകവും മഹോന്നതമായ ഒരാദര്‍ശവും ഉണ്ടായിട്ടും ഇസ്‌ലാമിക ഉമ്മത്താണ് ഇന്ന് ഏറ്റവും ദുര്‍ബലം'' (ഇസ്മാഈല്‍ റാജീ ഫാറൂഖി, തൗഹീദിന്റെ ദര്‍ശനം, ആമുഖം പേജ് 11).

''ഇതൊരു സത്യമാണ്, കയ്ക്കുന്ന സത്യം. അത് സമ്മതിച്ചു കൊടുക്കാനുള്ള ചങ്കൂറ്റമുണ്ടായേ തീരൂ... നമ്മുടെ ജീവിതത്തെ വിശ്വാസത്തിന്റെയും അതിന്റെ താല്‍പര്യങ്ങളുടെയും മേല്‍ പടുത്തുയര്‍ത്തണം. നാം നമ്മെ മാറ്റുന്നുവെങ്കിലേ അല്ലാഹു നമ്മെ മാറ്റൂ. അല്ലെങ്കില്‍ നാം ഏത്തം വലിക്കുന്ന കാളയെപ്പോലെ കറങ്ങുകയേയുള്ളൂ'' (വിശ്വാസവും ജീവിതവും, മുഖവുര, ഡോ. യൂസുഫുല്‍ ഖറദാവി).

ചിലര്‍ വേദങ്ങളില്‍ പരതുന്നു; ചിലര്‍ ഗീതയില്‍, ഉപനിഷത്തുകള്‍ ഉദ്ധരിക്കുന്നു ചിലര്‍. ചിലരുടെ ഗവേഷണം ബൈബഌലാണ്. ചിലരോ ബൈബഌലെ പൗലോസില്‍ കേന്ദ്രീകരിക്കുന്നു.

ഇവിടെ നാം ഓര്‍ക്കേണ്ട കാര്യം, അനേകം പ്രവാചകന്മാരെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഓരോരുത്തരും പ്രത്യേക ദൗത്യവും പേറിയാണ് വന്നത്. ദൗത്യം കൃത്യമായി അറിയുന്ന ദൈവത്തെ മറികടന്ന് മൂപ്പിളമ നിശ്ചയിക്കാനുള്ള മനുഷ്യരുടെ ശ്രമം അഹങ്കാരമല്ലേ? അതോ ബോധ്യക്കുറവിനാലുള്ള അപകര്‍ഷബോധമോ? 


Comments

Other Post

ഹദീസ്‌

ആദരവ് അര്‍ഹിക്കുന്നതാണ് വാര്‍ധക്യം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /23-26
എ.വൈ.ആര്‍