അടിച്ചമര്‍ത്തപ്പെട്ടവരെ നെഞ്ചോടുചേര്‍ത്തൊരാള്‍
2005 ഏപ്രില്‍ 27-നാണ് ഇബ്റാഹീം സുലൈമാന്‍ സേട്ട് സാഹിബ് നമ്മോട് വിടപറഞ്ഞത്. വര്‍ത്തമാന കാലത്തിന്റെ തീക്ഷ്ണാനുഭവങ്ങളായ അസഹിഷ്ണുതയും വര്‍ഗീയതയും അക്രമരാഷ്ട്രീയവും അഴിമതികളും നമ്മെ വരിഞ്ഞുമുറുക്കുമ്പോള്‍ സേട്ട് സാഹിബിനെ പോലെയുള്ളവരുടെ തെളിഞ്ഞ ജീവിതവും കറകളഞ്ഞ രാഷ്ട്രീയവും നാം തിരിച്ചറിയുന്നു.
നീണ്ട 65 വര്‍ഷത്തെ അദ്ദേഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ ജീവിതം ഒരു തുറന്ന പുസ്തകമായി ഇന്നും ശോഭിക്കുന്നു. ജനസേവനം ദൈവാരാധനയായി കരുതി സ്വന്തത്തെ സമൂഹത്തിനായി സമര്‍പ്പിക്കുന്നവര്‍ക്ക് ആ ജീവിതം എന്നും മാതൃകയാണ്. അതുകൊണ്ടുതന്നെ 35 വര്‍ഷക്കാലം പാര്‍ലമെന്റില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനുവേണ്ടി സിംഹഗര്‍ജനമായി നിലകൊള്ളാന്‍ അദ്ദേഹത്തിന് സാധിച്ചു. സത്യം ആരുടെ മുഖത്തു നോക്കിയും പറയാനുള്ള അദ്ദേഹത്തിന്റെ ആര്‍ജവം എക്കാലത്തും മാതൃകാപരമാണ്. അധികാരികളില്‍നിന്ന് അന്യായമുണ്ടായ സന്ദര്‍ഭങ്ങളില്‍ അവസരോചിതം ഇടപെട്ട് തെറ്റുകള്‍ തിരുത്തിക്കാന്‍ പലപ്പോഴും അദ്ദേഹത്തിന് സാധ്യമായി.
1922 നവംബര്‍ 3-നു ബംഗ്ലൂരില്‍ ഒരു ധനിക കുടുംബത്തില്‍ ജനിച്ച സേട്ട് സാഹിബ് സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദം നേടി 19-ാം വയസ്സില്‍ തന്നെ രാഷ്ട്രീയത്തിലെത്തി. ആ കാലത്ത് സമ്പന്ന കുടുംബത്തില്‍ പിറന്ന ഉന്നത വിദ്യാഭ്യാസം നേടിയ ഒരു യുവാവ് ഇത്രയും ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുക അപൂര്‍വമാണ്. മലബാര്‍ ജില്ലാ എം.എസ്.എഫ് സമ്മേളനത്തില്‍ ആവേശം കൊള്ളിക്കുന്ന പ്രസംഗം നടത്തിയാണ് ആ ചെറുപ്പക്കാരന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. മുസ്‌ലിം ലീഗിന്റെ കരുത്തനായ നേതാവ് സീതി സാഹിബായിരുന്നു സേട്ട് സാഹിബിന്റെ പ്രഭാഷണം അന്ന് തര്‍ജമ ചെയ്തിരുന്നത്.
ഇന്ത്യ കണ്ട പ്രഗത്ഭ പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായിരുന്നു സേട്ട് സാഹിബ്. 35 വര്‍ഷത്തോളം പാര്‍ലമെന്റ് അംഗമായിരുന്ന അദ്ദേഹം പണ്ഡിറ്റ് നെഹ്‌റു മുതല്‍ ഇന്ദിരാഗാന്ധി വരെയുള്ള പ്രധാനമന്ത്രിമാരുമായി നല്ല ബന്ധം സ്ഥാപിച്ചുകൊണ്ടുതന്നെ അടിച്ചമര്‍ത്തപ്പെട്ട പിന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടി നിരന്തരം ശബ്ദിച്ചു. ഉജ്ജ്വലമായിരുന്നു ആ പ്രഭാഷണ ശൈലി. വിഷയങ്ങള്‍ നല്ലപോലെ പഠിച്ചു ഗൃഹപാഠം ചെയ്താണ് അദ്ദേഹം പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന് അദ്ദേഹം നിന്നുകൊടുക്കുമായിരുന്നില്ല. വികാരനിര്‍ഭരമായിരുന്നു ആ പ്രസംഗധാര. അവശത അനുഭവിക്കുന്നവരുടെ പ്രയാസം വിവരിക്കുമ്പോള്‍ ശക്തനായ ആ നേതാവ് ഗദ്ഗദകണ്ഠനാകുമായിരുന്നു. ആ തേങ്ങലില്‍ സദസ്സും അലിഞ്ഞുചേര്‍ന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്
സേട്ട് സാഹിബിന്റെ പ്രസംഗം തര്‍ജമ ആവശ്യമില്ലാത്ത വിധം ശ്രോതാക്കള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നു. അദ്ദേഹത്തിന്റെ വൈകാരിക ഭാവം കാണുമ്പോള്‍തന്നെ ഭാഷ അറിയാത്തവരും ആ വാഗ്‌ധോരണിയില്‍ ലയിച്ചിരിക്കും. ഇംഗ്ലീഷിലും ഉര്‍ദുവിലുമുള്ള പ്രസംഗം സഭക്കകത്തും പുറത്തും തരംഗങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. എവിടെ വര്‍ഗീയ കലാപം ഉണ്ടായാലും അവിടെയെല്ലാം സ്‌നേഹസ്പര്‍ശവുമായി കലാപബാധിതരിലേക്ക് ആദ്യം ഓടിയെത്തുന്നവരില്‍ ഒരാള്‍ അദ്ദേഹമായിരിക്കും.
ശരീഅത്ത് വിവാദത്തിലും അലീഗഢ് യൂനിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷ പദവി വിഷയത്തിലും മറ്റും അദ്ദേഹം ശക്തമായ നിലപാടെടുക്കുകയും എതിര്‍പ്പുകളെ കരുത്തോടെ നേരിടുകയും ചെയ്തു. ബാബരി ധ്വംസനമുണ്ടണ്ടായപ്പോള്‍ കടുത്ത പ്രതിഷേധം അധികാരികളുടെ കണ്ണുതുറപ്പിക്കും വിധം പ്രകടിപ്പിക്കാനും ശ്രമിച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഏതാനും മുസ്‌ലിം ലീഗ് നേതാക്കള്‍ അറസ്റ്റുചെയ്യപ്പെട്ടപ്പോള്‍, അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.വി ബറുവയെ കണ്ടണ്ട് അറസ്റ്റു ചെയ്യപ്പെട്ടവരെ ഉടനെ വിട്ടയക്കണമെന്ന് സേട്ട് സാഹിബ് ആവശ്യപ്പെട്ടു. ബറുവ അദ്ദേഹത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അടുത്തുകൊണ്ടുപോയി. ഇന്ദിരാഗാന്ധിയോട് ഒന്നുകില്‍ അവരെ വിട്ടയക്കുക, അല്ലങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യുക എന്ന് ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കുകയും ചെയ്തു.
അസഹിഷ്ണുത കൊടികുത്തിവാഴുന്ന വര്‍ത്തമാന കാലത്ത് ശക്തമായ നിലപാടുകളിലൂടെ അധികാരികളുടെ സമീപനങ്ങളില്‍ മാറ്റംവരുത്താന്‍ കെല്‍പുള്ള സേട്ട് സാഹിബിനെ പോലുള്ള നേതാക്കളുടെ അഭാവം മതേതര ഇന്ത്യ അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലൊന്നാണ്.
Comments