പ്രശ്‌നം ഫിഖ്‌ഹോ സ്വേഛാധിപത്യമോ?
2014-ല്‍ ദാഇശ് എന്ന ഐ.എസ്, തങ്ങള്‍ ചെയ്ത കൊടും ക്രൂരകൃത്യങ്ങള്‍ വീഡിയോകളിലാക്കി പ്രചരിപ്പിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം. അപ്പോഴാണ് കൃത്യമായ രാഷ്ട്രീയ അജണ്ടയുള്ള ഒരു മാധ്യമ കാമ്പയിന്‍ ആരംഭിക്കുന്നത്. ചില ബൗദ്ധിക കേന്ദ്രങ്ങളും അതിനു പിന്നിലുണ്ടായിരുന്നു. ഇസ്‌ലാമിലെ ദീനീ-ഫിഖ്ഹീ പാരമ്പര്യങ്ങള്‍ക്കെതിരെയായിരുന്നു ആ കാമ്പയിന്‍. ഇസ്‌ലാമിക വ്യവഹാരങ്ങളില്‍ ഒരു പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യവും ഉയര്‍ന്നുകൊണ്ടിരുന്നു. എങ്കിലേ പിന്നാക്കാവസ്ഥയില്‍നിന്ന് അറബ് സമൂഹങ്ങള്‍ക്ക് രക്ഷപ്പെടാനാവുകയുള്ളൂവെന്നും അവര്‍ വാദിച്ചു.
പരിഷ്‌കരണം വേണമെന്ന (എന്റെ അഭിപ്രായങ്ങളില്‍ ജനാധിപത്യപരമായ മാറ്റത്തിന് അത് മുന്നുപാധിയാണ്)ആവശ്യമുയര്‍ത്തി തുടങ്ങിയ കാമ്പയിന്‍ രണ്ട് വലിയതെറ്റുകളിലേക്ക് വഴുതിപ്പോകുന്നതാണ് പിന്നീട് കണ്ടത്. ആ തെറ്റുകളെ ന്യായീകരിക്കാനോ കണ്ടില്ലെന്നു നടിക്കാനോ ആവില്ല.
ഒന്നാമത്തെ തെറ്റ്: അറബ് ലോകത്തെ യാഥാസ്ഥിതിക പക്ഷം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ പണം നല്‍കി സഹായിച്ച ഈ കാമ്പയിന്‍ വളരെ പെട്ടെന്ന് മൊത്തം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണമായി മാറി. ആ കാമ്പയിന്‍ അവയെ ഭീകരതയെന്നും തീവ്രവാദമെന്നും മുദ്രയടിച്ചു. പലയിനം ഇസ്‌ലാമിക പ്രസ്ഥാനങ്ങളുണ്ട് അറബ് ലോകത്ത്. അവ മിതവാദി പ്രസ്ഥാനങ്ങളാണ്; സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനം വഴിയായി സ്വീകരച്ചവയാണ്. ബഹുകക്ഷി ജനാധിപത്യത്തെക്കുറിച്ചും മറ്റും അവയില്‍ ചിലതിന് ഭിന്നാഭിപ്രായങ്ങളുണ്ട് എന്നത് നേരാണ്. സകല ഇസ്‌ലാമിക കൂട്ടായ്മകളെയും മതവിരുദ്ധമെന്ന് മുദ്രകുത്തുന്ന സിദ്ധാന്ത ശാഠ്യക്കാരായ തീവ്രവാദി ഗ്രൂപ്പുകളാണ് മറുവശത്ത്. ഈ രണ്ട് വിഭാഗങ്ങളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന മട്ടില്‍ എല്ലാവരെയും ഒരേ പോലെ തീവ്രവാദിപ്പട്ടികയില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു ഈ കാമ്പയിന്‍. 'രാഷ്ട്രീയ ഇസ്‌ലാമി'നെ രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍നിന്ന് തുടച്ചുനീക്കാനും അതുമായി ബന്ധപ്പെടുന്നത് കുറ്റകൃത്യമായി ചിത്രീകരിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില അറബ് രാഷ്ട്രങ്ങളുടെ നിലപാടുകളുമായി ഈ കാമ്പയിന് കൈവന്ന സാദൃശ്യം ശ്രദ്ധിക്കുക.
സ്വാഭാവികമായും ഈ രാഷ്ട്രീയ അജണ്ട അറബ്‌ലോകത്ത് തീവ്രവാദ-ഭീകരവാദ നിര്‍മിതികള്‍ക്ക് സുവര്‍ണാവസരമൊരുക്കുകയാണ് ചെയ്തത്. തടവറകളില്‍നിന്നാണ് അറബ് ലോകത്ത് തീവ്രവാദ ചിന്തകള്‍ ഉരുവം കൊണ്ടതെന്ന് പറയാറുണ്ട്. രാഷ്ട്രീയത്തില്‍ പ്രായോഗിക രീതികള്‍ പരീക്ഷിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് വിലക്ക് വന്നതോടെ, യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് തീവ്രവാദി പ്രസ്ഥാനങ്ങള്‍ക്ക് എളുപ്പമായി. ജനാധിപത്യം ഒരു പാശ്ചാത്യ നുണയാണെന്നും ഇസ്‌ലാമിസ്റ്റുകള്‍ക്ക് ഈ കളിയിലൂടെ ഒരിക്കലും അധികാരത്തിലെത്താനാവില്ലെന്നുമുള്ള അവരുടെ പ്രചാരണത്തിനും നല്ല സ്വീകാര്യത ലഭിച്ചു.
അറബ് വസന്തത്തിനെതിരെ പ്രതിവിപ്ലവങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് ഈജിപ്തില്‍ സൈനിക അട്ടിമറി നടക്കുന്നത്. ദാഇശിനും അതിന്റെ പ്രോപഗണ്ടക്കും ശക്തി പകരുന്നതില്‍ ഈ സൈനിക അട്ടിമറിക്ക് വലിയ പങ്കുണ്ട്. 2014-ല്‍ ഐ.എസില്‍ എത്തിപ്പെട്ടവരില്‍ ഭൂരിഭാഗവും ഈജിപ്തില്‍നിന്നായത് യാദൃഛികമല്ല. അല്‍ഖാഇദയും ദാഇശും ഈ അട്ടിമറിയെ ചൂണ്ടി മുതലെടുക്കുകയായിരുന്നു. ജനാധിപത്യ വഴികള്‍ സ്വീകരിച്ചതിന് അവര്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനെ കണക്കറ്റ് വിമര്‍ശിക്കുകയും ചെയ്തു.
അറബ്‌ലോകത്ത് നടന്ന നേരത്തേപ്പറഞ്ഞ കാമ്പയിന്റെ പ്രധാന പ്രശ്‌നം, ഏതാനും രാഷ്ട്രീയ പ്രമേയങ്ങള്‍ പാസ്സാക്കിക്കൊണ്ടോ ഉന്നതരുടെ ഉച്ചകോടികള്‍ വിളിച്ചു ചേര്‍ത്തുകൊണ്ടോ ഇസ്‌ലാമിക ധാരയെ രാഷ്ട്രീയത്തില്‍നിന്ന് ഉന്മൂലനം ചെയ്യാനോ അരികിലേക്കാക്കാനോ കഴിയില്ല എന്നതാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ വ്യത്യസ്ത ധാരകള്‍ അറബ് സാമൂഹിക ജീവിതവുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. വലിയൊരു വിഭാഗം അറബ് യുവാക്കള്‍ ആ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുള്ളവരാണ്. ഈ സാമൂഹിക യാഥാര്‍ഥ്യത്തെ അവഗണിച്ചുകൊണ്ടും പ്രശ്‌നങ്ങളെ യുക്തിദീക്ഷയോടെ ആഴത്തില്‍ മനസ്സിലാക്കാതെയും നടത്തുന്ന ഇത്തരം കാമ്പയിനുകളൊന്നും വിജയിക്കാന്‍ പോകുന്നില്ല. എന്നു മാത്രമല്ല, തീവ്രവാദി പ്രസ്ഥാനങ്ങള്‍ക്ക് ആ കാമ്പയിനുകള്‍ വളരാനുള്ള വളമായിത്തീരുകയും ചെയ്യും.
രണ്ടാമത്തെ തെറ്റ്: 'ഭീകരതാവിരുദ്ധ യുദ്ധ'ത്തിന്റെ ഭാഗമായാണ് പരമ്പരാഗത ദീനീ-ഫിഖ്ഹീ വ്യവഹാരങ്ങള്‍ക്കെതിരെ ഈ കാമ്പയിന്‍ സംഘടിപ്പിച്ചത്. തീവ്രതയുടെ വേരുകള്‍ ചികഞ്ഞ് അവര്‍ പരമ്പരാഗത ഫിഖ്ഹിലേക്ക് ഊളിയിട്ടപ്പോള്‍, തൊട്ടു മുമ്പിലുള്ള പച്ചയായ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ കാണാതെ പോയി. രാഷ്ട്രീയ ഏകാധിപത്യമാണ് ആ യാഥാര്‍ഥ്യങ്ങളില്‍ ഏറ്റവും പ്രധാനം. അറബ് ലോകം ഇന്ന് അഭിമുഖീകരിക്കുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ ജീര്‍ണത, വിഭാഗീയ-വംശീയ പോരുകള്‍, വികസന പദ്ധതികളുടെ പരാജയം തുടങ്ങിയവക്കെല്ലാം മുഖ്യ കാരണം ഏകാധിപത്യമാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്!
കാമ്പയിന്‍ സംബന്ധമായി സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്തപ്പോള്‍ പരമ്പരാഗത ഫിഖ്ഹിനെക്കുറിച്ച് മാത്രമല്ല, സ്വേഛാധിപത്യ ഭരണകൂടങ്ങളെപ്പറ്റിയും രാഷ്ട്രീയ പ്രാന്തവത്കരണത്തെക്കുറിച്ചുമൊക്കെ വിദഗ്ധര്‍ സംസാരിച്ചിട്ടുണ്ടാവണം. അവസാനം പറഞ്ഞത് പ്രത്യേക പഠനം അര്‍ഹിക്കുന്ന അക്കാദമിക വിഷയമായി മാറ്റിവെച്ചിട്ടുമുണ്ടാവും. കാമ്പയിന്‍ വന്നപ്പോള്‍ കടന്നാക്രമണം ഫിഖ്ഹിനു നേരെ മാത്രമേയുള്ളൂ. ഐ.എസിനെ ശക്തിപ്പെടുത്തുന്ന ഏകാധിപത്യ ഭരണ സംവിധാനങ്ങളെക്കുറിച്ച് എവിടെയും പരാമര്‍ശമില്ല. ആ പാപഭാരമെല്ലാം ഫിഖ്ഹിന്റെ മേല്‍ ചാര്‍ത്തുകയും ചെയ്യുന്നു.
വിശകലനത്തിലെ ഈ ഗുരുതരമായ പിഴവ് കാരണം തീവ്രവാദി സംഘങ്ങളുടെ വളര്‍ച്ചക്ക് ഫിഖ്ഹീധാരകള്‍ക്ക് വേണ്ടതിലധികം പഴികേള്‍ക്കേണ്ടിവരുന്നു. വിശകലനത്തിലൂടെ തീവ്രവാദത്തിന്റെ യഥാര്‍ഥ സ്രോതസ്സാണ് വെളിപ്പെടുത്തേണ്ടിയിരുന്നത്. അത് ഏകാധിപത്യവും ഭരണ സ്ഥാപനങ്ങള്‍ ജനങ്ങളോട് കാണിക്കുന്ന ക്രൂരതകളും, രാഷ്ട്രീയമായും സാമ്പത്തികമായും അറബ് ജനസമൂഹങ്ങള്‍ പ്രാന്തവത്കരിക്കപ്പെട്ടതുമൊക്കെയാണ്.
ഇറാഖിലും സിറിയയിലും ഐ.എസ് ശക്തിപ്രാപിക്കാന്‍ എന്താണ് കാരണം? അത് ഇരു രാഷ്ട്രങ്ങളിലും സുന്നി ജനവിഭാഗങ്ങള്‍ രാഷ്ട്രീയമായി അടിച്ചമര്‍ത്തപ്പെട്ടതുകൊണ്ടാണ്. ഇറാന്റെ രാഷ്ട്രീയ താല്‍പര്യങ്ങളാണ് ശീഈ വിഭാഗീയ കാര്‍ഡ് പുറത്തെടുത്തുകൊണ്ട് അവിടെ സംരക്ഷിക്കപ്പെട്ടുകൊണ്ടിരുന്നത്. രാഷ്ട്രീയ ഏകാധിപത്യത്തെ കണ്ടില്ലെന്ന് നടിച്ച് ഫിഖ്ഹിലേക്ക് മാത്രമായി തീവ്രവാദ ചര്‍ച്ചകളെ ഒതുക്കുന്ന അറബ് ബുദ്ധിജീവികള്‍ക്ക് മറുപടിയായി ഞാനും സുഹൃത്ത് അബൂ ഹനിയ്യയും ചേര്‍ന്ന് ഒരു പുസ്തകമെഴുതിയിട്ടുണ്ട്. ഫിഖ്ഹ് ആണ് പ്രശ്‌നമെന്ന് വാദിക്കുന്നവരോട് ഒരു പ്രധാന ചോദ്യം അങ്ങോട്ട് ചോദിക്കട്ടെ: രണ്ടു പതിറ്റാണ്ട് മുമ്പ് ഈ തീവ്രവാദി പ്രസ്ഥാനങ്ങളൊക്കെ എവിടെയായിരുന്നു? അരാജകത്വം പടരുകയും ജനവിഭാഗങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുകയും ഇറാന്‍ ഇറങ്ങിക്കളിക്കുകയും ചെയ്തപ്പോള്‍ മാത്രം അവ ഇറാഖിലും സിറിയയിലും പ്രത്യക്ഷപ്പെടാനുള്ള കാരണമെന്താണ്? ഭീകരതക്ക് കാരണം ഫിഖ്ഹ് ആണെങ്കില്‍ തനി സെക്യുലര്‍ ആയ ബശ്ശാറുല്‍ അസദിന്റെയും മറ്റു അറബ് സ്വേഛാധിപതികളുടെയും ഭീകരതക്ക് ഏത് ഫിഖ്ഹിന്റെ പിന്‍ബലമാണുള്ളത്?
ഫിഖ്ഹിലെ ചില ധാരകളെ തീവ്രവാദി വിഭാഗങ്ങള്‍ മുതലെടുക്കുന്നുണ്ടെന്ന സത്യത്തെ നിഷേധിക്കുകയല്ല. പക്ഷേ, അവര്‍ വന്‍ മുതലെടുപ്പ് നടത്തുന്നത് നാമിപ്പോള്‍ സൂചിപ്പിച്ച രാഷ്ട്രീയ സ്ഥിതിവിശേഷങ്ങളില്‍നിന്നാണ്. അതിനാല്‍ മതത്തെ മാത്രം വളഞ്ഞിട്ട് തല്ലുന്ന അറബ് ബുദ്ധിജീവികളുടെ നിലപാട് വിപരീത ഫലമേ ഉണ്ടാക്കൂ. മതത്തിനെതിരായ ഗൂഢനീക്കങ്ങളായേ സാമാന്യജനം അതിനെ കാണൂ. ആ ജനകീയ അമര്‍ഷത്തെയും ഒടുവില്‍ മുതലെടുക്കുക തീവ്രവാദി ഗ്രൂപ്പുകള്‍ തന്നെയായിരിക്കും. മതകീയ വ്യവഹാരങ്ങളില്‍ പരിഷ്‌കരണം വേണം എന്നതോടൊപ്പം തന്നെ, നിലനില്‍ക്കുന്ന രാഷ്ട്രീയ ഏകാധിപത്യത്തിന്റെ റോള്‍ നിസ്സാരവത്കരിക്കരുത് എന്നാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം.
(ജോര്‍ദാന്‍ യൂനിവേഴ്‌സിറ്റിയില്‍ സ്ട്രാറ്റജിക് സ്റ്റഡീസില്‍ പ്രഫസറും അല്‍ജസീറ കോളമിസ്റ്റുമാണ് ലേഖകന്‍)
Comments