Prabodhanm Weekly

Pages

Search

2016 മെയ് 13

2951

1437 ശഅ്ബാന്‍ 06

വ്യക്തിനിയമങ്ങളുടെ ദുരുപയോഗം തടയണം

മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയില്‍ വരുന്ന ബഹുഭാര്യത്വവും മുത്ത്വലാഖും ഉത്തരേന്ത്യയിലെ 'ഹല്ലാല നികാഹ്' എന്നറിയപ്പെടുന്ന ചടങ്ങ് വിവാഹവുമൊക്കെ വീണ്ടും ദേശീയതലത്തില്‍ ചൂടേറിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. ഉത്തരാഖണ്ഡില്‍നിന്നുള്ള സൈറാബാനു എന്ന വീട്ടമ്മ ബഹുഭാര്യത്വവും മുത്ത്വലാഖും ഹല്ലാല വിവാഹവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതാണ് അതിന് നിമിത്തമായത്. പരാതി പൊതുതാല്‍പര്യ ഹരജിയായി കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. കേന്ദ്ര ഗവണ്‍മെന്റിനോട് ഇതു സംബന്ധമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി, മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന് തങ്ങളുടെ അഭിപ്രായങ്ങള്‍ മുന്നോട്ടുവെക്കാനുള്ള അവസരവും നല്‍കി. 

വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട് സാധാരണ നടക്കാറുള്ള വിവാദങ്ങളില്‍നിന്ന് പല കാരണങ്ങളാല്‍ വ്യത്യസ്തമാണ് ഇപ്പോഴത്തെ വിവാദം. ഇത്തവണ പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പലതരം കൂട്ടായ്മകള്‍ സൈറാബാനുവിനെ അനുകൂലിച്ച് രംഗത്തുണ്ട്. പതിനഞ്ചു വര്‍ഷത്തെ ദാമ്പത്യത്തില്‍ സൈറാബാനുവിന് ഭര്‍ത്താവില്‍നിന്ന് ഏല്‍ക്കേണ്ടിവന്ന പീഡനങ്ങള്‍ സ്ത്രീ സംഘടനകളെയും അവരുടെ പക്ഷത്ത് എത്തിച്ചിട്ടുണ്ട്. സൈറാബാനുവിന് നീതി വാങ്ങിക്കൊടുക്കുകയല്ല തങ്ങളുടെ മുഖ്യ അജണ്ട എന്നാണ് അവരുടെ പ്രസ്താവനകളില്‍നിന്ന് മനസ്സിലാവുന്നത്. അവര്‍ പടവാളുമായിട്ടിറങ്ങുന്നത് മുഴുവന്‍ മുസ്‌ലിം വ്യക്തിനിയമങ്ങള്‍ക്കുമെതിരെ തന്നെയാണ്. കേന്ദ്രത്തിലെ മാറ്റം അവര്‍ക്ക് ആവേശം പകരുകയും ചെയ്യുന്നു. വ്യക്തിനിയമങ്ങള്‍ റദ്ദ് ചെയ്ത് ഏകസിവില്‍ കോഡ് കൊണ്ടുവരുമെന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. സൈറാബാനു കേസ് മറയാക്കി കേന്ദ്ര ഗവണ്‍മെന്റ് ആ നിലക്കുള്ള നീക്കമാണ് നടത്തുന്നതെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. സംഘ്പരിവാര്‍ തട്ടിക്കൂട്ടുകയോ സഹായിക്കുകയോ ചെയ്യുന്ന 'മുസ്‌ലിം' സ്ത്രീ സംഘടനകളാണ് ഒച്ചപ്പാടുണ്ടാക്കുന്നതില്‍ മുന്‍പന്തിയില്‍ എന്നത് ഇതിനോട് ചേര്‍ത്തുവായിക്കുക. ഇത് മുന്നില്‍കണ്ടുകൊണ്ടുതന്നെയാണ് ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്. മുസ്‌ലിം വ്യക്തിനിയമത്തില്‍ ഇടപെടുന്നതില്‍നിന്ന് കേന്ദ്ര ഗവണ്‍മെന്റും കോടതികളും മാറിനില്‍ക്കണമെന്ന് ലഖ്‌നൗവില്‍ വിളിച്ചുചേര്‍ത്ത സംഘടനയുടെ വര്‍ക്കിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു; മുന്‍ കേന്ദ്ര ഗവണ്‍മെന്റുകള്‍ അനുവര്‍ത്തിച്ച ഇടപെടാതിരിക്കല്‍ നയം എന്‍.ഡി.എ ഗവണ്‍മെന്റും തുടരണമെന്നും. 

ഇത് വിഷയത്തിന്റെ ഒരു വശം. മറുവശവും നാം കാണാതിരുന്നുകൂടാ. വ്യക്തിനിയമങ്ങളുടെ നഗ്നമായ ദുരുപയോഗമാണത്. ഒട്ടുമുക്കാല്‍ കേസുകളിലും അതിന്റെ ഇരകള്‍ സ്ത്രീകള്‍ ആയിരിക്കുകയും ചെയ്യും. സൈറാബാനുവിന്റെ കാര്യം തന്നെ എടുക്കാം. രണ്ട് കുട്ടികളുടെ മാതാവാണവര്‍. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവര്‍ പല തവണ ഗര്‍ഭഛിദ്രത്തിന് വിധേയയാവേണ്ടിവന്നു. ഭര്‍ത്താവ് അവരെ ഉപേക്ഷിച്ച് ഇലാഹാബാദിലേക്ക് പോയി. പിന്നെ അവര്‍ക്ക് ലഭിക്കുന്നത് 'ത്വലാഖ് നാമ'യാണ്. 'ത്വലാഖ്, ത്വലാഖ്, ത്വലാഖ്' എന്ന് മൂന്ന് വട്ടമെഴുതിയ ഒരു തുണ്ട് കടലാസ്. ത്വലാഖിനെ സംബന്ധിച്ച ഇസ്‌ലാമിക വിധികളുടെയും ഖുര്‍ആനികാധ്യാപനങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത് എന്ന് ആരും സമ്മതിക്കും.

പ്രധാന ആരാധനകളുടെ അനുഷ്ഠാന രീതികള്‍ പോലും വിവരിക്കാതിരുന്ന ഖുര്‍ആന്‍, പൊരുത്തക്കേടുകള്‍ കാരണം ദാമ്പത്യബന്ധം ശിഥിലമാവുന്ന ഘട്ടത്തില്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇണയെ ഉപദേശിക്കണമെന്നും അത് ഫലം കണ്ടില്ലെങ്കില്‍ മാനസികവും ശാരീരികവുമായ ചെറിയ ശിക്ഷാമുറകള്‍ സ്വീകരിക്കണമെന്നും അതും പരാജയപ്പെടുന്ന പക്ഷം ഇരുവരുടെയും കുടുംബക്കാര്‍ ഒത്തുചേര്‍ന്ന് രഞ്ജിപ്പിന് ശ്രമിക്കണമെന്നുമാണ് ഖുര്‍ആന്റെ ആഹ്വാനം. ഇതൊന്നും ഇന്ത്യയില്‍ നടക്കുന്ന ത്വലാഖുകളില്‍ പൊതുവെ സ്വീകരിക്കപ്പെടാറില്ല. മുത്ത്വലാഖാണ് പലപ്പോഴും നടക്കുന്നത്. ഒറ്റയിരിപ്പില്‍ മൂന്ന് ത്വലാഖും ചൊല്ലുകയാണ്. ഇത് ഖുര്‍ആനിനും നബിചര്യക്കും വിരുദ്ധമാണ്. രണ്ടാം ഖലീഫ ഉമര്‍(റ) ഇത് അനുവദിച്ചിരുന്നു എന്നത് ഈ രീതി പിന്തുടരുന്നതിന് ന്യായീകരണമല്ല. കാരണം, ത്വലാഖ് ദുരുപയോഗം ചെയ്യുന്ന ഭര്‍ത്താവില്‍നിന്ന് ഭാര്യയെ ഇനി തിരിച്ചുകിട്ടാത്ത വിധം അകറ്റിക്കൊണ്ട് അത്തരക്കാരെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു മഹാനായ ഉമര്‍(റ). ആ അനുവാദം പോലും മുത്ത്വലാഖിനെ നിഷ്‌കാസനം ചെയ്യാനായിരുന്നു എന്നര്‍ഥം. അതാണിപ്പോള്‍ യഥേഷ്ടം ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നത്.

മുത്ത്വലാഖ് നടക്കുന്നതുകൊണ്ടാണ് 'ഹല്ലാല' എന്ന ചടങ്ങ് വിവാഹവും വേണ്ടിവരുന്നത്. മുത്ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീയെ മറ്റൊരാള്‍ വിവാഹം ചെയ്യുകയും പിന്നീട് മൊഴി ചൊല്ലുകയും ചെയ്‌തെങ്കില്‍ മാത്രമേ ആദ്യ ഭര്‍ത്താവിന് വീണ്ടും അവരെ വേള്‍ക്കാനാവൂ. ഒരു ദിവസത്തെ 'ചടങ്ങ്' വിവാഹം മാത്രമായിരിക്കുമത്. ഉത്തരേന്ത്യയില്‍ രഹസ്യമായി ചടങ്ങു വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുത്ത്വലാഖും ചടങ്ങ് വിവാഹവും ഇസ്‌ലാമികവിരുദ്ധവും സ്ത്രീകളുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്നതുമാണെന്ന കാര്യത്തില്‍ മുസ്‌ലിം സംഘടനകള്‍ക്കോ പേഴ്‌സനല്‍ ലോ ബോര്‍ഡിനോ എതിരഭിപ്രായമില്ല. അത്തരം അത്യാചാരങ്ങള്‍ നീക്കം ചെയ്യപ്പെടണമെന്നതു തന്നെയാണ് അവരുടെ ആവശ്യവും. അതേസമയം ഇത്തരം ദുരുപയോഗങ്ങള്‍ ചൂണ്ടിക്കാട്ടി വ്യക്തിനിയമത്തെ തന്നെ നിഷ്‌കാസനം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ന്യായമായ ആശങ്കയും അവര്‍ക്കുണ്ട്. പേഴ്‌സനല്‍ ലോ ബോര്‍ഡിന് നിയമാധികാരമില്ലാത്തതിനാല്‍ ഇതൊന്നും തടയാന്‍ അതിന് കഴിയില്ല. പിന്നെയുള്ളത് ബോധവത്കരണമാണ്. അതിനൊക്കെ ധാരാളം സമയമെടുക്കും; ഒട്ടേറെ പരിമിതികളുമുണ്ട്. അതിനാല്‍ വ്യക്തി നിയമങ്ങളുടെ ദുരുപയോഗം തടയാനുള്ള വ്യക്തമായ കര്‍മ പദ്ധതി പേഴ്‌സനല്‍ ലോ ബോര്‍ഡും മുസ്‌ലിം കൂട്ടായ്മകളും സമര്‍പ്പിച്ചേ മതിയാവൂ. ഇന്ത്യയൊഴിച്ച് ഏതാണ്ടെല്ലാ രാജ്യങ്ങളിലും വ്യക്തിനിയമങ്ങളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നിയമ വ്യവസ്ഥകളുണ്ട് എന്നോര്‍ക്കുക. 


Comments

Other Post

ഹദീസ്‌

ആദരവ് അര്‍ഹിക്കുന്നതാണ് വാര്‍ധക്യം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /23-26
എ.വൈ.ആര്‍