'സ്വതന്ത്ര മനുഷ്യര്‍'
നാസി ഭീകരതയില്‍ നിന്ന് ജൂതര്‍ക്ക്
രക്ഷാകവചമൊരുക്കുന്ന ഇമാമിന്റെ കഥ
രണ്ടാം ലോകയുദ്ധവേളയില്‍ ഫ്രാന്‍സിലെ ജൂതന്മാരെ നാസി ആക്രമണത്തില്‍നിന്ന് രക്ഷിക്കുന്നതില്‍ അവിടത്തെ മുസ്‌ലിംകള്‍ വഹിച്ച പങ്ക് വെളിപ്പെടുത്തുന്ന സിനിമ പ്രദര്‍ശനത്തിനൊരുങ്ങുന്നു. 'സ്വതന്ത്ര മനുഷ്യര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ മൊറോക്കന്‍ വംശജനായ ഇസ്മാഈല്‍ ഫര്‍റൂഖിയാണ്. ഈ മാസം 28-ന് പാരീസില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചരിത്രം വിസ്മരിച്ച ഒരു ഐതിഹാസിക സംഭവമാണ് ചിത്രം രാജ്യനിവാസികളുടെ ഓര്‍മയില്‍ കോറിയിടാന്‍ ശ്രമിക്കുന്നത്. മുസ്‌ലിം ഫ്രാന്‍സിന്റെ ഭാവിയില്‍ ഇതൊരു മഹത്തായ കാല്‍വെപ്പായിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സംവിധായകന്‍.
രണ്ടാം ലോകയുദ്ധവേളയില്‍ നാസികളുടെ കൊലക്കത്തിക്കിരയാകുമായിരുന്ന അനേകം ജൂതന്മാര്‍ക്ക് പള്ളിയില്‍ അഭയമരുളിയ പാരീസ് മസ്ജിദിന്റെ സ്ഥാപകനായ അല്‍ജീരിയന്‍ വംശജന്‍ ഖുദ്ദൂര്‍ ബിന്‍ ഗബ്‌രീതിന്റെ കഥ ഇതിവൃത്തമാക്കിയാണ് ചിത്രത്തിന്റെ രചന നടത്തിയിരിക്കുന്നത്. ഫ്രാന്‍സിലെ കുടിയേറ്റക്കാരനും കരിഞ്ചന്ത കച്ചവടക്കാരനുമായ യൂനുസ് എന്ന അള്‍ജീരിയന്‍ യുവാവാണ് കഥാ നായകന്‍. നാസി പോലീസ് പിടികൂടുന്ന യൂനുസിനെ, ജൂതന്മാര്‍ക്ക് സംരക്ഷണം നല്‍കുന്നതായി നാസി ഭരണകൂടം സംശയിക്കുന്ന മുസ്‌ലിം പള്ളി മേധാവികളെക്കുറിച്ച് ചാരപ്രവര്‍ത്തനം നടത്താന്‍ ചുമതലപ്പെടുത്തുന്നു. ജൂതന്മാര്‍ക്ക് തങ്ങള്‍ മുസ്‌ലിംകളാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍ നിര്‍മിച്ചു നല്‍കി മുസ്‌ലിംകള്‍ അവരെ സംരക്ഷിക്കുകയാണെന്നായിരുന്നു നാസികകളുടെ സംശയം. താഹിര്‍ റഹീം എന്ന നടനാണ് ചിത്രത്തില്‍ യൂനുസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യൂനുസ് സാധാരണക്കാരനില്‍നിന്ന് സ്വാതന്ത്ര്യ സമരപോരാളിയായി വളരുന്നതാണ് ചിത്രത്തില്‍.
ഈ അപൂര്‍വ ചിത്രം ഫ്രാന്‍സിലെ ജനങ്ങള്‍ക്ക് മുസ്‌ലിംകളോടുള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് സംവിധായകന്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ഫ്രാന്‍സിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകളെ സ്മരിക്കുന്ന ചരിത്രമോ ചിത്രമോ ഫ്രാന്‍സിലെവിടെയും ലഭ്യമല്ല. ''മുസ്‌ലിംകള്‍ ഇവിടത്തെ സ്ഥിരതാമസക്കാരായിരുന്നു. ഈ രാജ്യത്തിന് വേണ്ടി അവര്‍ ഏറെ സംഭാവനകള്‍ അര്‍പ്പിച്ചവരാണ്. പക്ഷേ, അതൊന്നും ചരിത്രത്തിലില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്.'' അദ്ദേഹം പറയുന്നു. നാസി ആക്രമണത്തില്‍നിന്നും അന്ന് മുസ്‌ലിംകള്‍ രക്ഷിച്ച ജൂതരുടെ എണ്ണം 1600 വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ചിത്രം ഇസ്‌ലാമിന്റെ കാരുണ്യത്തെയും മനുഷ്യ സ്‌നേഹത്തെയും അടയാളപ്പെടുത്തുമെന്നും അത് മുസ്‌ലിംകള്‍ക്കും ഇതര മതവിഭാഗങ്ങള്‍ക്കുമിടയിലുള്ള വിടവ് കുറക്കാന്‍ സഹായകമാകുമെന്നുമാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
Comments