ഹമാസിന് നേട്ടം:ഫലസ്ത്വീന്‍ തടവുകാരുടെ മോചനത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി
ഇസ്രയേല്‍ സൈനികന്‍ ജല്‍ആദ് ഷാലിത്തിന് പകരമായി 1027 ഫലസ്ത്വീന്‍ തടവുകാരെ ജൂതരാഷ്ട്രത്തിന്റെ ജയിലുകളില്‍ നിന്ന് മോചിപ്പിക്കുന്ന കരാറിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയായി. 477 ഫലസ്ത്വീന്‍ തടവുകാരാണ് ആദ്യം മോചിതരായത്. അഞ്ച് വര്‍ഷമായി ഹമാസ് ബന്ദിയാക്കി വെച്ചിരുന്ന ഷാലിത്തിനെ ഉഭയധാരണ പ്രകാരം ഇസ്രയേലിന് വിട്ടുകൊടുക്കുകയും ചെയ്തു. കരാറനുസരിച്ച് 550 തടവുകാര്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ മോചിതരാവുമെന്ന് ധാരണക്ക് മധ്യസ്ഥം വഹിച്ച ഈജിപ്ത് അധികൃതര്‍ വ്യക്തമാക്കി.
ഹമാസിന്റെ വന്‍ നേട്ടമായാണ് തടവുകാരുടെ മോചനം മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഹമാസും ഫത്ഹും വിവിധ വേദികളില്‍ ഒന്നിച്ചാണ് തടവുകാരുടെ മോചനം ആഘോഷിച്ചത്. ഹമാസുമായി ഫലസ്ത്വീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വേദി പങ്കിടാനും സംഭവം കാരണമായി. ഹമാസിന് ഇസ്രയേല്‍ സര്‍ക്കാറില്‍ നിന്നുള്ള അംഗീകാരമായും കരാറിനെ മാധ്യമങ്ങള്‍ വിലയിരുത്തി. ഗസ്സക്ക് മേലുള്ള ഉപരോധം പടിപടിയായി നീക്കാനും കരാര്‍ കാരണമായേക്കുമെന്നാണ് പ്രതീക്ഷ.
കരാറിലെ വ്യവസ്ഥയനുസരിച്ച് മോചിതരായ 477 തടവുകാരില്‍ 247 പേരാണ് സ്വന്തം വീടുകളിലേക്ക് മടങ്ങുക. കരാറില്‍ ഇസ്രയേല്‍ നിബന്ധന വെച്ചതിനാല്‍ മറ്റുള്ളവര്‍ വിവിധ അയല്‍രാജ്യങ്ങളിലേക്ക് പോകേണ്ടിവരും. ആജീവനാന്ത തടവിലായിരുന്ന ഇവരെ 'ഖബ്റുകളില്‍ നിന്നാണ് നാം മോചിപ്പിച്ച് ജീവിതത്തിലേക്ക് തരിച്ചുകൊണ്ടുവന്ന'തെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. അതേസമയം പ്രമുഖ ഫത്ഹ്, ഹമാസ് നേതാക്കള്‍ മോചിപ്പിക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തത് വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മോചിതനായ ഷാലിത്തിന്റെ അഭിമുഖം ഈജിപ്ത് ചാനല്‍ പുറത്തുവിട്ടത് ഇസ്രയേലിനെ ചൊടിപ്പിക്കുകയും ചെയ്തു.
നിഅ്മ ബൂസഈദി:
ഒമാന്‍ പാര്‍ലമെന്റില്‍ വീണ്ടും സ്ത്രീ സാന്നിധ്യം
ഒമാന്‍ ശൂറാ കൌണ്‍സിലിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ നിഅ്മ ബൂസഈദി തെരഞ്ഞെടുക്കപ്പെട്ടതോടെ പാര്‍ലമെന്റില്‍ വീണ്ടും സ്ത്രീ സാന്നിധ്യം. 1133 സ്ഥാനാര്‍ത്ഥികളില്‍ 77 പേര്‍ സ്ത്രീകളായിരുന്നു എന്നതില്‍ നിന്ന് കൂടുതല്‍ സ്ത്രീകള്‍ പാര്‍ലമെന്റിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് സുല്‍ത്താന്‍ ബൂസഈദി പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റില്‍ സ്ത്രീ പ്രാതിനിധ്യം ഇല്ലായിരുന്നു. സ്ത്രീ ശക്തിയുടെ തിരിച്ചുവരവായാണ് നിഅ്മയുടെ വിജയത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 105 കേന്ദ്രങ്ങളിലായി നാല് ലക്ഷം വോട്ടുകളാണ് പോള്‍ ചെയ്തത്. 84 പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പില്‍ 76.6 ശതമാനം പോളിങ് നടന്നിരുന്നു.
തുനീഷ്യയില്‍ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമം
തെരഞ്ഞെടുപ്പ് അടുത്തുവരുന്ന തുനീഷ്യയില്‍ രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിക്കാന്‍ പാര്‍ട്ടികള്‍ ശ്രമിക്കുന്നു. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കലാണ് പ്രതിയോഗികളുടെ ലക്ഷ്യമെന്ന് പ്രമുഖ പാര്‍ട്ടിയായ അന്നഹ്ദയുടെ നേതാവ് റാശിദുല്‍ഗനൂശി പറഞ്ഞു.
ദൈവത്തിന്റെ സത്തയെ ചിത്രീകരിക്കുന്ന ഇറാനിയന്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന് നസ്മ ചാനലിനെതിരെയുള്ള പ്രതിഷേധമാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ചിത്രം പ്രദര്‍ശിപ്പിച്ചതിന് ചാനല്‍ മേധാവിയുടെ വീടിന് പ്രതിയോഗികള്‍ തീവെക്കുകയുണ്ടായി. 100ലധികം പേര്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ നിന്ന് ചാനല്‍ മേധാവി നബീല്‍ അല്‍ഖുറവിയും കുടുംബവും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.
സദ്ദാമിന്റെ ഓര്‍മക്കുറിപ്പുകള്‍ പുറത്തിറക്കാന്‍ മകള്‍ റഗദ്
സദ്ദാം ഹുസൈന്‍ സ്വന്തം കരങ്ങള്‍ കൊണ്ടെഴുതിയ ഓര്‍മക്കുറിപ്പുകള്‍ പുറത്തിറക്കാന്‍ മകള്‍ റഗദ് സദ്ദാം ശ്രമം നടത്തുന്നു. അന്താരാഷ്ട്ര പ്രസാധനാലയങ്ങളുമായി റഗദ് ബന്ധപ്പെട്ട് വരികയാണെന്ന് ജോര്‍ദാനില്‍ കഴിയുന്ന റഗദിന്റെ വക്കീല്‍ ഹയ്സം അല്‍ഹര്‍ശ് പറഞ്ഞു. സദ്ദാമിന്റെ വക്കീലായിരുന്ന ഖലീല്‍ അദ്ദൈലമി 2009ല്‍ ഓര്‍മക്കുറിപ്പ് പുറത്തിറക്കിയിരുന്നെങ്കിലും തടവിലായിരുന്ന പിതാവുമായി നടത്തിയ അഭിമുഖങ്ങളായിരുന്നു അതിലുണ്ടായിരുതെന്ന് റഗദ് പറഞ്ഞു. അതിനാല്‍ തന്നെ സദ്ദാം സ്വന്തമായി എഴുതിയ ഓര്‍മക്കുറിപ്പുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സദ്ദാമിന് ഭരണം നഷ്ടപ്പെട്ട 2003 മുതല്‍ ജോര്‍ദാനിലെ അമ്മാനില്‍ താമസിക്കുന്ന റഗദിനെയും മറ്റു കുടുംബാംഗങ്ങളെയും വിട്ടുകൊടുക്കണമെന്ന ഇറാഖ് സര്‍ക്കാറിന്റെ ആവശ്യം ജോര്‍ദാന്‍ രാജാവ് നിരസിക്കുകയാണുണ്ടായത്.
Comments