പ്രബോധകനെന്ന ചികിത്സകന്‍
ജീവിത യാത്രയില്‍ വിശ്വാസിക്ക് വഴിയും വെളിച്ചവും നല്‍കുന്നത് അവന്റെ അചഞ്ചലമായ ആദര്‍ശമാണ്. ഈ ആദര്‍ശദാര്‍ഢ്യമാണ് സെമിറ്റിക് മതവിഭാഗങ്ങളുടെ വിധാതാവായ ഇബ്‌റാഹീം നബിയെ മെസപെട്ടോമിയയിലൊരുക്കിയ അഗ്നികുണ്ഠത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. ഇതേ ആദര്‍ശത്തിന്റെ കരുത്താണ് നൈല്‍ നദിയില്‍ മൂസയെയും അനുയായികളെയും സുരക്ഷിതരാക്കിയത്. മുഹമ്മദ് നബിയും പരിമിതരായ അനുയായികളും, കൊമ്പുകുലുക്കി ആര്‍ത്തലച്ച് വന്ന ഖുറൈശി പടയെ ബദ്‌റില്‍ നിലംപരിശാക്കിയതും അജയ്യവും അതുല്യവുമായ ആദര്‍ശത്തിന്റെ കരുത്തുകൊണ്ടു മാത്രം.
ശരിയായ ദിശയിലൂടെയാണെങ്കില്‍ വിശ്വാസത്തിനും ആദര്‍ശത്തിനുമൊക്കെ മഹാത്ഭുതം കാണിച്ചുതരാനാകുമെന്നതിന് ഇസ്‌ലാമിക ചരിത്രത്തില്‍ എമ്പാടും തെളിവുകളുണ്ട്. എന്നാല്‍ വിശ്വാസത്തിന് ദൗര്‍ബല്യം ബാധിച്ചു കഴിഞ്ഞാല്‍ അത് വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും എവിടെയൊക്കെ കൊണ്ടെത്തിക്കുമെന്നതിനും ചരിത്രത്തില്‍ എണ്ണമറ്റ ഉദാഹരണങ്ങള്‍ കാണാം.
ജീവിതത്തിന്റെ മൂലശിലയായ വിശ്വാസത്തിനേല്‍ക്കുന്ന നേരിയ പോറല്‍ പോലും മുസ്‌ലിമിന്റെ ജീവിതത്തില്‍ ദൂരവ്യാപകമായ ഫലങ്ങളാണ് ഉളവാക്കുക. നബി(സ) പലപ്പോഴും നടത്താറുള്ള ഒരു പ്രാര്‍ഥനയുണ്ട്: ''നാഥാ എന്നെ സത്യവിശ്വാസത്തില്‍ അടിയുറപ്പിച്ച് നിര്‍ത്തേണമേ. ഈമാനെന്ന അനുഗ്രഹവും ആരോഗ്യമെന്ന അനുഗ്രഹവും മരിക്കുവോളം എനിക്ക് ഉദാരമായി ചൊരിഞ്ഞുതരേണമേ.''
പൂഴുക്കുത്തേറ്റ് ചൈതന്യം ചോര്‍ന്ന വിശ്വാസം നമ്മുടെ കര്‍മധര്‍മ മണ്ഡലങ്ങളെ ക്ഷയിപ്പിക്കുകയും താളം തെറ്റിക്കുകയും ചെയ്യും. ഈമാനിന് (വിശ്വാസം) ബലക്കുറവുണ്ടാകുമ്പോള്‍ മുസ്‌ലിമിന്റെ ജീവിതത്തില്‍ പ്രകടമാകുന്ന ചില നിഷേധാത്മക സ്വഭാവങ്ങള്‍ സൂചിപ്പിക്കാം.
- ഇസ്‌ലാമിലെ മുഖ്യ ആരാധനാ കര്‍മങ്ങളില്‍ വിരക്തിയും സൂക്ഷ്മതയില്ലായ്മയും
- സാമ്പത്തിക ഇടപാടുകളില്‍ കാപട്യം മുഴച്ചുനില്‍ക്കുക
- കുറുക്കുവഴികളിലൂടെ സമ്പത്ത് നേടിയെടുക്കുക.
- ഐഛികമായ ആരാധനകളുടെ കാര്യത്തില്‍ താല്‍പര്യം ഇല്ലാതിരിക്കുക
- വിശുദ്ധ ഖുര്‍ആന്‍ പഠിക്കുന്നതിലും പാരായണം ചെയ്യുന്നതിലും അലസത കാണിക്കുക
- നല്ല മാര്‍ഗത്തില്‍ കാശ് ചെലവഴിക്കുന്നതില്‍ പിശുക്ക് കാണിക്കുക
- ഗര്‍വും അഹന്തയും ജീവിതത്തിന്റെ ഭാഗമാവുക
- നിരാലംബരോടും അശരണരോടും ദയ കാണിക്കാതിരിക്കുക
- പരലോക ചിന്ത അന്യമായിരിക്കുക
- കളവും അസത്യവും അശ്ലീലവും ദിനചര്യയായി മാറുക
നന്മയുടെയും നേരിന്റെയും നേര്‍മാര്‍ഗത്തില്‍ നിന്ന് വിശ്വാസിയെ പിഴുതുമാറ്റുന്ന കാരണങ്ങള്‍ ഇനിയും കണ്ടെത്താനാവും. വിശ്വാസിയുടെ പവിത്രവും സുതാര്യവുമായ ജീവിതത്തില്‍ ആഴത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നതിലും അവനെ കുറ്റവാസനകള്‍ക്കടിപ്പെടുത്തുന്നതിലും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കുള്ള പങ്ക് സംക്ഷിപ്തമായിട്ടാണെങ്കിലും നാം മനസ്സിലാക്കിയല്ലോ. കുറ്റവാസനകളുടെ കരവലയത്തിലമര്‍ന്ന ഈ നിര്‍ഭാഗ്യവാന്മാരെ നമുക്ക് രക്ഷപ്പെടത്തിയേ പറ്റൂ. പക്ഷേ, എങ്ങനെ? ആ വഴിക്കുള്ള ചില ആലോചനകളാണ് ഇനി.
സഹോദര സമൂഹങ്ങളില്‍ നടത്തപ്പെടേണ്ട പ്രബോധന പ്രവര്‍ത്തനങ്ങളേക്കാള്‍ (ദഅ്‌വത്ത്) പ്രാധാന്യം തിന്മകള്‍ക്കും ശൈഥില്യങ്ങള്‍ക്കും ഇരയായ സമുദായംഗങ്ങളുടെ ശുദ്ധീകരണത്തിന് വന്നുചേരുന്നുണ്ട്. ഈ ആഭ്യന്തര സംസ്‌കരണം നേരെ ചൊവ്വെ ലക്ഷ്യം കാണുന്ന മുറക്കായിരിക്കും, പുറത്തുള്ള ഇസ്‌ലാമിക പ്രചാരണം അംഗീകരിക്കപ്പെടുന്നതും ശക്തിപ്രാപിക്കുന്നതും. മുന്‍കാലങ്ങളില്‍ ഇസ്‌ലാമിക ഭരണത്തിന് കീഴില്‍, മുസ്‌ലിം സമുദായത്തിനകത്തെ എല്ലാവിധ വ്യതിയാനങ്ങളെയും ദുഷ്പ്രവണതകളെയും പിഴുതുമാറ്റുന്നതിന് വ്യവസ്ഥാപിത സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. സാങ്കേതികമായി ഇതിന് 'ഹിസ്ബ' എന്നായിരുന്നു പറഞ്ഞിരുന്നത്. ഇസ്‌ലാമിന്റെ ജീവിതസരണിയില്‍ നിന്ന് എന്തുകൊണ്ടോ വഴിമാറി നടന്നിരുന്ന ഒട്ടേറെ പേരെ സന്മാര്‍ഗത്തിന്റെ വഴിത്താരയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ഇത്തരം സംരംഭങ്ങള്‍ക്ക് സാധിച്ചതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്‌കരണ സമുദ്ധരണ സംരംഭങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ നാമെവിടെ നിന്ന് തുടക്കം കുറിക്കണം? അതിന്റെ രീതിയും ശൈലിയും സമീപന നിലപാടുകളും ഏതൊക്കെ? സംസ്‌കരണ പ്രബോധന രംഗത്തുള്ളവര്‍ ആര്‍ജിച്ചിരിക്കേണ്ട വല്ല പ്രത്യേക ഗുണവിശേഷങ്ങളുമുണ്ടോ? പ്രയത്‌നങ്ങള്‍ ഏറെ നടത്തിയിട്ടും ഉദ്ദേശിച്ച വിധം തിന്മയെ തളക്കാനാവാത്തത് എന്തുകൊണ്ട്? കഴിഞ്ഞകാലത്തെ അപേക്ഷിച്ച് വര്‍ത്തമാനകാലത്തെ അധര്‍മങ്ങള്‍ക്ക് പ്രകടമായ പ്രത്യേകതകള്‍ വല്ലതുമുണ്ടോ?
ലക്ഷ്യം പോലെ മാര്‍ഗവും പ്രായോഗികവും പരിശുദ്ധവുമായിരിക്കണമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. നിര്‍ഭാഗ്യമെന്നു പറയട്ടെ, വര്‍ജിച്ചിരിക്കേണ്ട നീചപ്രവൃത്തികള്‍ ചെയ്യുകയോ കണിശമായും അനുഷ്ഠിക്കേണ്ട ആരാധനാ മുറകള്‍ ഉപേക്ഷിക്കുകയോ ഇസ്‌ലാമിന്റെ സാംസ്‌കാരിക അസ്തിത്വത്തെ ചവിട്ടിമെതിക്കുകയോ ചെയ്യുന്ന വിവരദോഷികളും പാപികളുമായ മുസ്‌ലിംകളെ നന്നാക്കിയെടുക്കാന്‍ കച്ചകെട്ടി ഇറങ്ങുന്ന പലരും തങ്ങളേറ്റെടുത്ത മഹല്‍ ദൗത്യത്തെകുറിച്ച് വേണ്ടത്ര ബോധവാന്മാരാണോ? സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട മുന്‍ഗണനാക്രമങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് മാത്രമല്ല, അങ്ങനെയൊന്നുണ്ടോ എന്നു പോലും അധികപേര്‍ക്കുമറിയില്ല എന്നതാണ് സത്യം.
ന്യൂനപക്ഷമാണെങ്കിലും സംസ്‌കരണമേഖലയില്‍ ശരിദിശയില്‍ നിലയുറപ്പിച്ചിട്ടുള്ള കുറച്ചാളുകള്‍ നമുക്കുണ്ടെന്ന് സമ്മതിച്ചുകൊണ്ടു തന്നെ പറയട്ടെ, ധാരാളം സംസ്‌കരണ പ്രവര്‍ത്തകര്‍ ലക്ഷ്യത്തോടടുക്കാതെ മാര്‍ജിനില്‍ കറങ്ങുന്നവരായുണ്ട്. ധാരാളം സമ്പത്തും സമയവും അധ്വാന പരിശ്രമങ്ങളും ഉദ്‌ബോധനത്തിനും ബോധവത്കരണത്തിനുമായി അവര്‍ ചെലവഴിക്കുന്നു. ഫലമോ അങ്ങേയറ്റം നിരാശാജനകവും. ധാരാളം പുല്ലും വെള്ളവും പിണ്ണാക്കും അകത്താക്കുകയും എന്നാല്‍, പാല്‍ ചുരത്താന്‍ നന്നെ പിശുക്കു കാണിക്കുകയുംചെയ്യുന്ന കറവ പശു പോലെ.
ഇസ്‌ലാമില്‍ ചെറുതും വലുതുമായ ഓരോ കാര്യത്തിനും, അതെപ്പോഴായിരിക്കണം, എങ്ങനെ ആയിരിക്കണം, എന്തിനായിരിക്കണം എന്നൊക്കെ വ്യവസ്ഥയുണ്ട്. മഹത്തായ ഇസ്‌ലാഹീ (സംസ്‌കരണം) പ്രവര്‍ത്തനവും വ്യക്തമായ വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമാണ്. അവ മറികടക്കുമ്പോഴാണ് നേരത്തെ പറഞ്ഞ കറവ പശുവിന്റെ പരുവത്തിലേക്ക് കാര്യങ്ങള്‍ പോകുന്നത്. മുസ്‌ലിം സമൂഹത്തില്‍ നന്മ സ്ഥാപിക്കാനും തിന്മ തടയാനും ഉദ്ദേശിച്ച് രംഗത്തിറങ്ങിയ ചിലരുടെ ചിത്രം മുമ്പില്‍ തെളിഞ്ഞുവരുന്നു.
അവര്‍ സ്‌നേഹിക്കേണ്ടിടത്ത് കോപിക്കും. കോപിക്കേണ്ടിടത്ത് സ്‌നേഹിക്കും. രഹസ്യമാക്കേണ്ടത് പരസ്യമാക്കും. പരസ്യമാക്കേണ്ടത് രഹസ്യമാക്കും. സംയമനം പാലിക്കേണ്ടിടത്ത് പൊട്ടിത്തെറിക്കും. നേരെ തിരിച്ചും. നിര്‍ബന്ധ കര്‍മങ്ങള്‍ക്ക് ഐഛിക കര്‍മങ്ങളുടെയും ഐഛിക കര്‍മങ്ങള്‍ക്ക് നിര്‍ബന്ധ കര്‍മങ്ങളുടെയും സ്ഥാനം നല്‍കും. പ്രബലങ്ങളായ ഹദീസുകള്‍ തള്ളുകയും ദുര്‍ബലങ്ങളായത് കൊള്ളുകയും ചെയ്യും. പ്രാമാണിക രേഖകള്‍ മാറ്റിവെച്ച് അതീവ ബാലിശങ്ങളായ ഫത്‌വകള്‍ അവലംബിക്കും. പാക്കിംഗിന് ഉള്ളടക്കത്തിന്റെയും ഉള്ളടക്കത്തിന് പാക്കിംഗിന്റെയും പദവി കൊടുക്കുന്നു. കൂട്ടായി കൈകാര്യം ചെയ്യേണ്ടത് ഒറ്റക്കും, ഒറ്റക്ക് കൈകാര്യം ചെയ്യേണ്ടത് കൂട്ടായും ചെയ്യുന്നു. ഉപദേശങ്ങളില്‍ തത്ത്വദീക്ഷയും യുക്തിബോധവും ഗുണകാംക്ഷയും പ്രതിപക്ഷ ബഹുമാനവും മുഴച്ചു നില്‍ക്കുന്നതിനു പകരം സങ്കുചിതത്വവും വ്യക്തിഹത്യയും കൊച്ചാക്കലും മുന്‍വിധിയും എടുത്തുചാട്ടവും സ്വയംശ്രേഷ്ഠതാ വിചാരവും ആളാവലുമൊക്കെ എഴുന്നുനില്‍ക്കുന്നു. ലക്ഷ്യനിര്‍ണയമോ ആസൂത്രണമോ ക്രമീകരണമോ ദീര്‍ഘദൃഷ്ടിയോ കൂടിയാലോചനയോ കൂട്ടായ്മയോ ഒന്നുമില്ലാത്ത ഈ പാഴ്‌വേലയെ പ്രഖ്യാത അറബിക്കവിയായ ഇംറുല്‍ ഖൈസിന്റെ കുതിരയോട് ഉപമിക്കാനാണ് തോന്നുന്നത്. കവി തന്റെ കുതിരയെ വിശേഷിപ്പിക്കുന്നു: ''അത് (കുതിര) മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടും ഒരുമിച്ച് ചാടുകയും ഓടുകയും ചെയ്യുന്നു.''
ശരിയായ ഒരു മാര്‍ഗദര്‍ശകന്‍ സമര്‍ഥനായ ഒരു ഭിഷഗ്വരനെ പോലെയാണ്. അദ്ദേഹം തന്റെ രോഗിയെ വിസ്തരിച്ച് പഠിക്കുകയും വിശദമായ വ്യത്യസ്ത പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷം രോഗത്തിന്റെ നിജസ്ഥിതി കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു. വയസ്, തൂക്കം, ടെമ്പറേച്ചര്‍, പള്‍സ്, ജീവിച്ച സാഹചര്യം, ചരിത്രം, മാനസിക പ്രയാസങ്ങള്‍, കുടുംബ പശ്ചാത്തലങ്ങള്‍ എന്നിവ വളരെ കണിശമായി മനസ്സിലാക്കുന്നു. തുടര്‍ന്ന് വൈദ്യശാസ്ത്രം നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ആവശ്യമാണെങ്കില്‍ മാത്രം ഡോക്ടര്‍ മരുന്ന് നിര്‍ദേശിക്കുന്നു. അല്ലെങ്കില്‍ ജീവിത ചട്ടങ്ങളിലും ഭക്ഷണ രീതികളിലും ക്രമീകരണങ്ങള്‍ മതിയെന്ന് നിര്‍ദേശിക്കുന്നു. രോഗിയെ ചൂഷണം ചെയ്യാനോ കൊള്ളയടിക്കാനോ ശാരീരിക-മാനസിക പീഡനങ്ങള്‍ ഏല്‍പിക്കാനോ അയാള്‍ക്കും കുടുംബത്തിനും അഭിമാനക്ഷതമേല്‍പിക്കാനോ അല്ലെങ്കില്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനോ ഒരു യഥാര്‍ഥ ചികിത്സകന്‍ ചിന്തിക്കുക പോലുമില്ല. ചികിത്സയുടെ ഓരോ ഘട്ടത്തിലും ഡോക്ടര്‍ രോഗിയോട് നിസ്വാര്‍ഥമായ ആത്മബന്ധം പുലര്‍ത്തുകയും എത്രയും വേഗം രോഗം സുഖപ്പെടുത്തുന്നതിന് ഗുണകാംക്ഷാപൂര്‍വം നിരന്തര ശ്രമം നടത്തുകയും ചെയ്യുന്നു. ലക്ഷണമാര്‍ന്ന ഇത്തരം ജനുസ്സുകളുടെ എണ്ണം വൈദ്യസേവന മേഖലയില്‍ ഭീതിപ്പെടുത്തുംവിധം കുറഞ്ഞ് വരുന്നുണ്ടെങ്കിലും പരാമൃഷ്ട ഗുണങ്ങള്‍ തന്നെയാണ് ഒരു ഭിഷഗ്വരന്റെ പ്രത്യേകതയെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.
ജീവിത യാത്രയില്‍ തെറ്റുകുറ്റങ്ങള്‍ ചെയ്തുകൂട്ടുന്നവരും ഒരു തരത്തില്‍ രോഗികള്‍ തന്നെ. വ്യത്യാസമുള്ളത് ഈ വിഭാഗത്തിന്റെ രോഗം ആദര്‍ശ കര്‍മ സ്വഭാവ പെരുമാറ്റ മേഖലയിലാണെന്ന് മാത്രം. അതേ അവസരത്തില്‍ ശാരീരിക അസുഖത്തേക്കാള്‍ എത്രയോ ഇരട്ടി വന്‍ വിപത്തുകളും പാര്‍ശ്വ പ്രശ്‌നങ്ങളും ഉല്‍പാദിപ്പിക്കാന്‍ ധാര്‍മിക സാംസ്‌കാരിക മേഖലയെ കാര്‍ന്നു തിന്നുന്ന രോഗങ്ങള്‍ക്ക് കഴിയുമെന്നത് അനിഷേധ്യമത്രെ. എണ്ണൂറ് വര്‍ഷം കൊണ്ട് കെട്ടിപ്പടുത്ത ഗ്രീക്ക് നാഗരികത നൂറ് വര്‍ഷം കൊണ്ട് തകര്‍ന്ന് തരിപ്പണമാവാനുള്ള മുഖ്യ കാരണം ഗ്രീക്കുകാരില്‍ അരിച്ചുകയറിയ കടുത്ത അധാര്‍മികതയായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയത് സാന്ദര്‍ഭികമായി ഓര്‍ക്കാം. പ്രവാചകന്റെ അര്‍ഥവത്തായ ഒരു ദീര്‍ഘ ദര്‍ശനം കാണുക: ''ഒരു സമൂഹത്തില്‍ അധാര്‍മികത വ്യാപകമായാല്‍ പരീക്ഷണങ്ങളാല്‍ അല്ലാഹു അവരെ വലയം ചെയ്യും.'' ഈ കാര്യം ഖുര്‍ആനും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അതിലൊന്നിങ്ങനെ: ''ജനങ്ങളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് കാരണം കടലിലും കരയിലും നാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു'' (അര്‍റൂം 41).
ചുരുക്കത്തില്‍, സംസ്‌കരണ ദൗത്യം നിര്‍വഹിക്കുന്ന സുമനസ്സുകള്‍ രോഗബാധിതരായ ഒരു വിഭാഗത്തിന്റെ ശുശ്രൂഷയാണ് നിര്‍വഹിക്കുന്നതെന്ന് ഓര്‍ക്കണം. അപഥ സഞ്ചാരത്തിലകപ്പെട്ടുപോയ ഇവരെ ദയാമയനായ ഒരു ഡോക്ടറെ പോലെ തുടക്കം മുതല്‍ ഒടുക്കം വരെ പരിചരിച്ചും ശുദ്ധീകരിച്ചും സ്വര്‍ഗത്തിലേക്കുള്ള നന്മയുടെ നടപ്പാത വെട്ടിത്തെളിച്ച് കൊടുക്കുകയാണ് അവര്‍ ചെയ്യുന്നത്, ചെയ്യേണ്ടത്.
Comments