ചരിത്രത്തിന്റെ അനുബന്ധം വായനക്കാര്‍ എഴുതണം
ചരിത്രത്തിനും ജീവചരിത്രത്തിനും കഥക്കും ആത്മകഥക്കും ഇടക്കുള്ള സ്വാതന്ത്ര്യവും പരിമിതിയും വ്യത്യസ്ത തലങ്ങളെ കേന്ദ്രീകരിച്ച് നില്‍ക്കുന്നു. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ജീവിക്കുന്ന ആ ഇസ്‌ലാമിസ്റ്റിനെ സംബന്ധിച്ച്, ആത്മകഥയുടെ പരിമിതി വളരെ സങ്കീര്‍ണമാണ്. ഈയൊരു പരിമിതിയുടെ അഭംഗി കെ.ടിയുടെ ആത്മകഥാകുറിപ്പിലും ഇപ്പോള്‍ ടി.കെയുടെ അനുഭവക്കുറിപ്പിലും വളരെ പ്രകടമാണ്. അവ സ്വാഭാവികവുമാണ്.
ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ സര്‍വീസ് സ്റ്റോറി വായിച്ചതിന്റെ സെന്‍സേഷനും ജിജ്ഞാസയും പിന്നൊരു ആത്മകഥയോടും തോന്നിയിട്ടില്ല. അതിനെ പിന്തുടര്‍ന്നുവന്ന തോട്ടം രാജശേഖരന്റെ ആത്മകഥയാകട്ടെ സംഭവ വിവരണത്തിന്റെയും ചരിത്രാവരണത്തിന്റെയും നിലവാരത്തില്‍ നിന്ന് ഒട്ടും ഉയര്‍ന്നില്ല. ഇതേയൊരു ആവേശമുറ്റി നില്‍ക്കുന്ന പ്രായത്തില്‍, ശാന്തപുരം, ചേന്ദമംഗല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഇസ്‌ലാമിയ കോളേജ് കാമ്പസില്‍ വെച്ച് നടന്ന എസ്.ഐ.ഒവിന്റെ തര്‍ബിയത്ത് ക്യാമ്പുകളില്‍ ടി.കെയുടെ പ്രസംഗവും ചോദ്യോത്തരവും ഉണ്ടാകണമേ എന്നത് ഞങ്ങള്‍ വിദ്യാര്‍ഥികളുടെ പ്രാര്‍ഥനയായിരുന്നു. മലയാറ്റൂരിന്റെ ആത്മകഥ സമ്മാനിച്ച ആ സെന്‍സേഷനലിസം ടി.കെയുടെ വായില്‍ നിന്ന് ഉതിര്‍ന്നുവീഴുന്ന ഓരോ വാക്കുകള്‍ക്കുമുണ്ടായിരുന്നു.
ദീനിന് വേണ്ടി അര്‍പ്പിച്ച ജീവിതമുഹൂര്‍ത്തങ്ങള്‍ ആത്മകഥാ രൂപത്തില്‍ അക്ഷരങ്ങളിലേക്ക് പകര്‍ത്തുമ്പോള്‍ 'ബഹുമാനപ്പെട്ട ഞാന്‍' വരാതിരിക്കാനുള്ള ശ്രദ്ധയില്‍ യാഥാര്‍ഥ്യങ്ങള്‍ ഭാഗികമാവുകയും സാഹിത്യഭംഗി ചോര്‍ന്നുപോവുകയും ചെയ്യുന്നു. അത് മറികടക്കാനുള്ള വഴിയായി, ആര്‍.സി മൊയ്തീനെപ്പോലുള്ളവരുടെ സാക്ഷിമൊഴികള്‍ പ്രസക്തമായി തോന്നുന്നു. ആത്മകഥ ഗ്രന്ഥരൂപത്തില്‍ വരുമ്പോള്‍ സാക്ഷിമൊഴികളും അനുബന്ധമായി ചേര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
അബു ശിഫാ ശാഫി
കോഴിബസാര്‍, മാടായി
വേണം ഒരു കണക്കവതരണം
കേരള സംസ്ഥാനത്ത് മലബാറിന്റെ ഇതുവരെയുള്ള പൊതു റവന്യൂ ഭരണ സ്ഥിതികളുടെയും വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ഗതാഗതം, വ്യോമയാനം, ജലവിതരണം, പ്രവാസം എന്നീ സമസ്ത മേഖലകളിലെയും വികസന വിവേചനത്തിന്റെ ആഴവും കണക്കും ചോദിക്കുന്നതായി 'മലബാര്‍: വിവേചനത്തിന്റെ കടലാഴങ്ങള്‍' എന്ന കവര്‍സ്റ്റോറി (ലക്കം 19). ഏറ്റവും കൂടുതല്‍ തവണ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മലബാറിലെ മന്ത്രിമാര്‍ എത്ര പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചിട്ടുണ്ട്? അയല്‍ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മുടെ കുട്ടികള്‍.
വാഗ്ദാനങ്ങളുടെ പെരുമഴ വാക്കുകളില്‍ പ്രകടിപ്പിക്കുന്നതല്ലാതെ പ്രവര്‍ത്തിച്ചുകാണിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കാകുന്നില്ല. വികസനം മലബാറിന്റേതാകുമ്പോള്‍ ബന്ധപ്പെട്ട വകുപ്പ്തലങ്ങള്‍ക്കെല്ലാം അലസമനോഭാവമാണ്. ഇത് മാറണമെങ്കില്‍ വികസനം ചോദിച്ച് ചെല്ലാന്‍ ചങ്കൂറ്റമുള്ള ഒരു സമൂഹമുണ്ടാകേണ്ടതുണ്ട്. ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങള്‍ നമ്മുടെ സര്‍ക്കാറുകളെ പിറകോട്ട് നയിക്കുകയാണ്. സ്വന്തം ജനങ്ങളുടെ മാനവ വിഭവശേഷി സ്വന്തം നാടുകളില്‍ ഉപയോഗിക്കാന്‍ കഴിയാതെ ഐ.ടി പ്രഫഷണണലുകളും മറ്റും അന്യനാടുകളില്‍ പോയി വിജയം കൊയ്യുന്ന കാഴ്ചയൊന്നും സര്‍ക്കാറുകളെ കണ്ണുതുറപ്പിക്കുന്നില്ല.
മുബീന ഷഫീഖ് താനാളൂര്‍
തിരൂര്‍
ജിഹാദീ പ്രയോഗത്തിലെ അനര്‍ഥങ്ങള്‍
'വാക്കുകള്‍ പാവങ്ങളല്ല' എന്ന ജമീല്‍ അഹ്മദിന്റെ (ഒക്‌ടോബര്‍ 8) കുറിപ്പാണ് ഈ എഴുത്തിന്നാധാരം. ഇസ്‌ലാംവിരുദ്ധ ശക്തികള്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗപ്പെടുത്തിയിട്ടുള്ള ഒരു ഇസ്‌ലാമിക സംജ്ഞയാണല്ലോ ജിഹാദ്.
പല മുസ്‌ലിം ആനുകാലികങ്ങളിലും അമേരിക്കയുടെയും ഇസ്രയേലിന്റെയും ക്രൂരതകളെ തുറന്ന് കാണിക്കുന്ന പ്രൗഢ ലേഖനങ്ങളില്‍ 'ജൂത ജിഹാദികള്‍' എന്ന് ഉപയോഗിക്കുന്നത് കാണാം. സമാനമായി ഗുജറാത്തില്‍ ഹിന്ദുത്വര്‍ നടത്തുന്ന ഭീകര സംഭവങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളിലും ഇസ്‌ലാംവിരുദ്ധശക്തികള്‍ ഉപയോഗിക്കുന്ന അതേ അര്‍ഥത്തില്‍ തന്നെ 'ജിഹാദ്' ഉപയോഗിക്കുന്നതായി കാണാം. ഇത് പലപ്പോഴും വായനക്കിടയില്‍ ഒരു കല്ല്കടിയായി അനുഭവപ്പെടാറുണ്ട്.
ഇസ്‌ലാമില്‍ ജിഹാദിന് കല്‍പിച്ച അര്‍ഥത്തിന് നേര്‍വിപരീതമായാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ മുസ്‌ലിം ലേഖകര്‍ പോലും ഉപയോഗിക്കുന്നത്.
നിര്‍ദോഷം എന്ന് തോന്നിപ്പിക്കുന്ന ഇത്തരം പ്രയോഗങ്ങളിലൂടെ സംഭവിക്കുന്നത് പാശ്ചാത്യര്‍ ജിഹാദിന് നല്‍കിയ വ്യാഖ്യാനത്തിന് അടിവരയിടുക എന്നതാണ്. ഫലസ്ത്വീനിലെയും ഗുജറാത്തിലെയും ക്രൂരതക്ക് 'ജിഹാദ്' എന്നുപയോഗിക്കുമ്പോള്‍ (അത് പരിഹാസ രൂപത്തിലാണെങ്കിലും) യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് ഭീകരതയുടെ വിജയമാണ് എന്ന് തിരിച്ചറിയുക.
പി.പി.കെ സിയാദ് ജിദ്ദ
ഭാഷയുടെ അളവുകോല്‍?
സാംസ്‌കാരിക പഠനം ബാലസാഹിത്യമല്ല. കലുഷിതമായ സാംസ്‌കാരിക സാഹചര്യത്തില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന മലബാര്‍ കലാപത്തിന്റെ ആഴങ്ങളിലെ വേരുകളും ഉയരങ്ങളിലെ ശിഖിരങ്ങളും ഒരേപോലെ ഉള്‍ക്കൊണ്ട് കലാപകാലത്തെ സാംസ്‌കാരിക നോട്ടങ്ങളിലേക്ക് തുറന്നുവെക്കുന്ന കിളിവാതിലാണ് സമദ് കുന്നക്കാവിന്റെ പഠനം. ചിന്തയുടെയും പഠനത്തിന്റെയും ഈ പുതിയ നോട്ടങ്ങളെ ഭാഷയുടെ അളവുകോല്‍ വെച്ച് അളക്കാതിരിക്കുക.
ആധുനികതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ചിന്താമണ്ഡലങ്ങള്‍ വികാസക്ഷമമാകുന്ന പുതിയ സാംസ്‌കാരിക പരിസരത്ത് പരന്ന വായനയും തുറന്ന ചിന്തകളും അന്യമാവുമ്പോള്‍ ഭാഷാപ്രയോഗങ്ങള്‍ക്ക് മുമ്പില്‍ അന്ധാളിച്ചുനില്‍ക്കാന്‍ നാം വിധിക്കപ്പെടും. ഭാഷാ സൗകുമാര്യം കൊണ്ട് അലംകൃതമാകുന്ന സാംസ്‌കാരിക ശൈലിയിലേക്ക് കയറിനിന്ന് സ്വയം ഉയര്‍ന്നു വരുന്നതിന് പകരം സ്വന്തം ഭാഷാ പ്രപഞ്ചത്തിന് ചുറ്റും മറ്റു വായനക്കാരെ വഴിനടത്താനുള്ള സ്വാര്‍ഥതയിലേക്ക് വായനക്കാര്‍ സ്വയം ചുരുങ്ങാതിരിക്കുക.
കെ.വി അനീസ് കാരക്കുന്ന്
Comments