Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 29

മൈക്കിള്‍ മൂറിന്റെ വിളി ജനം കേട്ടു

വി.വി ശരീഫ് സിംഗപ്പൂര്‍

അമേരിക്കന്‍ ആക്റ്റിവിസ്റ്റും ഡോക്യുമെന്ററി നിര്‍മാതാവുമായ മൈക്കിള്‍ മൂറിന്റെ പ്രശസ്തമായ ഡോക്യുമെന്ററി ചിത്രമാണ് 'മുതലാളിത്തം- ഒരു പ്രണയകഥ' (Capitalism-A love story). മൂര്‍ തന്നെ നിര്‍മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച ഈ ചിത്രം അവസാനിക്കുന്നത്, മൈക്കിള്‍ മൂര്‍ വാള്‍സ്ട്രീറ്റിനെയും വന്‍കിട ബാങ്കുകളെയും 'Danger: Keep out' എന്ന് ഉല്ലേഖനം ചെയ്ത പോലീസ് നാട കൊണ്ട് ചുറ്റി അതിന്റെ പുറത്ത് നിന്നു കൊണ്ട് നടത്തുന്ന ഈ പ്രഖ്യാപനത്തോടെയാണ്. ''മുതലാളിത്തം പൈശാചികമാണ്. ഇത് മാറ്റിയെടുക്കണമെങ്കില്‍ നന്മയിലധിഷ്ഠിതമായ, ജനങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ജനാധിപത്യം വഴിയേ സാധിക്കുകയുള്ളൂ. ഇടപാടുകള്‍ പണത്താല്‍ നിയന്ത്രിക്കപ്പെടുന്ന ജനാധിപത്യത്തില്‍ ഇത് സാധ്യമല്ല. ഞാനീ പറയുന്നത് ശരിയാണെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ ഇതിനു വേണ്ടി ശബ്ദിക്കാന്‍ ധൃതിയില്‍ മുന്നോട്ടുവരിക.''
2009 അവസാനത്തില്‍ ഇറങ്ങിയ ഈ ഡോക്യുമെന്ററി സിനിമ ധാരാളമായി ചര്‍ച്ച ചെയ്യപ്പെടുകയും വന്‍ വിജയം നേടുകയും ചെയ്‌തെങ്കിലും അമേരിക്കന്‍ കോര്‍പറേറ്റ് ചൂഷണത്തിനെതിരെ ജനരോഷം ഉയര്‍ന്നുവന്നില്ല. മൂതലാളിത്ത ചൂഷണത്തിനെതിരെ ഒറ്റയാന്‍ പട നയിക്കുന്ന മൈക്കിള്‍ മൂര്‍ ഈ ചിത്രത്തിലൂടെ കോര്‍പറേറ്റ് ചൂഷണത്തെ തുറന്നു കാട്ടുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എന്ന് പറഞ്ഞ് പൊതുധനത്തിന്റെ വലിയൊരു ശതമാനം കുത്തക ബാങ്കുകളെയും സാമ്പത്തിക സ്ഥാപനങ്ങളെയും സഹായിക്കാനും അവയെ രക്ഷപ്പെടുത്താനും ഗവണ്‍മെന്റ് ചെലവഴിക്കുന്നതിന്റെ പിന്നിലെ രഹസ്യങ്ങളും താല്‍പര്യങ്ങളും ഡോക്യുമെന്ററി തുറന്ന് കാണിച്ചെങ്കിലും കോര്‍പറേറ്റ് മുതലാളിമാര്‍ നിയന്ത്രിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ മൂറിന്റെ സിനിമയെ ഒരു തമാശ പടം എന്ന രൂപത്തിലാണ് അവതരിപ്പിച്ചത്. ഇതാകാം ജനരോഷം ഉയരുന്നതിനെ തടഞ്ഞു നിര്‍ത്തിയത്. കൂടാതെ രക്ഷാ പാക്കേജുകള്‍ നടപ്പിലായതോടെ അമേരിക്കന്‍ സാമ്പത്തിക നില ഭദ്രമായെന്നും വീണ്ടും വസന്തകാലം വരുന്നുവെന്നും പറഞ്ഞ കുത്തക മീഡിയ ജനങ്ങളെ കബളിപ്പിക്കുകയും ചെയ്തു. എന്നാല്‍ പാക്കേജുകള്‍ വഴി കുത്തകകള്‍ക്ക് അല്‍പം ആശ്വാസം പകരാനായി എന്നല്ലാതെ, മൈക്കിള്‍ മൂര്‍ സിനിമയില്‍ കാണിച്ച രംഗങ്ങള്‍ ഓരോ സാധാരണക്കാരന്റെയും വീട്ടുമുറ്റത്ത് യാഥാര്‍ഥ്യമായിത്തുടങ്ങിയിരുന്നു. ഈ തിരിച്ചറിവാണ് ജനങ്ങളെ വാള്‍സ്ട്രീറ്റിനെതിരെ തിരിച്ചത്. മൈക്കിള്‍ മൂറിന്റെ ഇത്തരത്തിലുള്ള ഇടപെടലുകളാകാം അദ്ദേഹത്തെ സമരക്കാരുടെ നടുവിലെത്തിച്ചത്. മൂറിന്റെ അഭിവാദ്യങ്ങളും ഐക്യദാര്‍ഢ്യവും വന്‍ ആവേശത്തോടെയാണ് സമരക്കാര്‍ ഏറ്റുവാങ്ങിയത്.
ഈ സമരവുമായി ബന്ധപ്പെട്ട് നാഷന്‍ ഓഫ് ചേഞ്ച് (സാമൂഹിക സമത്വത്തില്‍ കുത്തകകള്‍ക്കെതിരെ പോരാടുന്ന പത്രങ്ങളിലൊന്നാണിത്) എന്ന പത്രത്തോടദ്ദേഹം പറഞ്ഞു:  ''ഈ ജനകീയ സമരം മുന്നോട്ട് പോവുക തന്നെ ചെയ്യും. നൂറില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ ലക്ഷങ്ങളിലെത്തിനില്‍ക്കുന്നു സമരക്കാരുടെ എണ്ണം. ഇതിനിയും വര്‍ധിച്ചുകൊണ്ടേയിരിക്കും. പട്ടണങ്ങളില്‍ നിന്ന് പട്ടണങ്ങളിലേക്കും പടരും. ഒരു നേതാവിന്റെയോ സംഘടനയുടെയോ പിന്‍ബലമില്ലാതെ തന്നെ ഇത് മുന്നോട്ടു ചലിക്കും. കാരണം ഇത് രണ്ട് കോടി തൊഴില്‍രഹിതരുടെ സമരമാണ്. വൈദ്യരംഗത്ത് സംരക്ഷണം ലഭിക്കാത്ത 50 ലക്ഷം ജനങ്ങളുടെ രോദനമാണ്. ഭവനം നഷ്ടപ്പെട്ടവരും നഷ്ടപ്പെടാന്‍ കാത്തിരിക്കുന്നവരുമായ ലക്ഷക്കണക്കിനാളുകളുടെ നൈരാശ്യമാണ്; ഈ സമരത്തിന് അമേരിക്കന്‍ പൊതുജനത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ കഴിയും. കാരണം സാധാരണക്കാരായ അമേരിക്കക്കാര്‍ക്ക് വാള്‍സ്ട്രീറ്റിനോട് വെറുപ്പ് അത്രമാത്രം കഠിനമാണ്. പൊതുജനത്തിന്റെ ഒരു ജനകീയ സൈന്യം തന്നെ രൂപപ്പെട്ടുവരുന്നുണ്ട്. ഈ ചൂഷണത്തിനെതിരെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചത് തുടങ്ങിക്കഴിഞ്ഞു.''
പതുക്കെയെങ്കിലും ഈ സമരത്തിന് അനുകൂലമായ പ്രതികരണങ്ങള്‍ ഉന്നത വൃത്തങ്ങളില്‍ നിന്ന് വന്നുതുടങ്ങിയിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനും കോളമിസ്റ്റും പ്രഭാഷകനും ക്യാപിറ്റലിസ്റ്റ് സഹയാത്രികനുമായ വെയിന്‍ അലന്‍ റൂട്ട് പറയുന്നു: ''ഞാന്‍ എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം മുതലാളിത്ത വ്യവസ്ഥയുടെ സംരക്ഷണത്തിന് വേണ്ടി ചെലവഴിച്ചു. ഇന്നിപ്പോള്‍ ഫ്രീ മാര്‍ക്കറ്റ് ഇക്കണോമി വഴി സാമ്പത്തിക വളര്‍ച്ചയിലെത്തുക എന്ന തത്ത്വത്തില്‍ നിന്ന് മുന്നോട്ടു പോയി, ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുക (Crony Capitalist) എന്ന രീതിയിലേക്ക് അമേരിക്കന്‍ സമ്പദ്ഘടന എത്തിപ്പെട്ടിരിക്കുകയാണ്. വാള്‍സ്ട്രീറ്റ് ഉന്നത ബാങ്കുകള്‍, വലിയ സ്വകാര്യ കമ്പനികള്‍, ഭരണകര്‍ത്താക്കള്‍ ഇവയെല്ലാം ഒറ്റ മുന്നണിയായി നിന്നുകൊണ്ട് അമേരിക്കന്‍ പൊതു ജനത്തെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. ഗവണ്‍മെന്റ് പൊതു ഉടമസ്ഥതയിലുള്ള കമ്പനികള്‍ പോലും പൊതുജന സ്ഥാപനം എന്ന നില വിട്ട് ഒരുതരം കുത്തക മനോഭാവത്തിലേക്ക് പരിവര്‍ത്തപ്പെട്ടിരിക്കുകയാണ്. ഇങ്ങനെ ഈ നാടിനെ കൊള്ളയടിക്കുന്നതിലെത്തി നില്‍ക്കുന്നു ഈ കൂട്ടായ്മകള്‍.''
മിനിസോട്ടാ ഗവര്‍ണര്‍ ജെസി ഈ ജനകീയ സമരത്തെ അറബ് വസന്തവുമായാണ് താരതമ്യപ്പെടുത്തുന്നത്. ജനകീയ സമരം വഴി വലിയ മാറ്റങ്ങള്‍ക്ക് അറബ് നാടുകളില്‍ വഴിയൊരുക്കിയത് പോലെ അമേരിക്കയിലും ഗുണപരമായ മാറ്റത്തിന് ഇപ്പോഴുള്ള സമരങ്ങള്‍ കാരണമായേക്കാം എന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
പ്രശസ്ത അമേരിക്കന്‍ സാമ്പത്തികശാസ്ത്ര വിദഗ്ധനും നൊബേല്‍ സമ്മാന ജേതാവുമായ പോള്‍ ക്രഗ്മാന്‍ സാള്‍ട്ട് ലെയ്ക് സിറ്റി ട്രൈബൂണില്‍ ഒക്‌ടോബര്‍ 18-ന് തന്റെ പ്രതിവാര കോളത്തിലെഴുതി: ''പണമാണ് അമേരിക്കന്‍ രാഷ്ട്രീയത്തെ നയിക്കുന്നത്. ഇതുകൊണ്ടു തന്നെ ഫിനാന്‍സ് മേഖലയെ (വാള്‍സ്ട്രീറ്റിനെയും വന്‍ ബാങ്കുകളെയും) തൊട്ട് കളിച്ചാല്‍ ഏത് രാഷ്ട്രീയക്കാരനായാലും അവര്‍ കൈവിടും. ഇതിന് ഉദാഹരണമാണ് ഈ വിഭാഗം ഇപ്പോള്‍ ഒബാമയെ കൈയൊഴിഞ്ഞ് റിപ്പബ്ലിക് പാര്‍ട്ടിയുടെ 2012-ലെ പ്രസിഡന്‍ഷ്യല്‍ നോമിനികളില്‍ ഒരാളായ മിറ്റ് റോംനിയെ പിന്തുണക്കുന്നത്. ഈ സമ്പന്ന വിഭാഗം അമേരിക്കന്‍ ഭരണകൂടത്തെ മുഴുവനായും ചൊല്‍പടിയില്‍ നിര്‍ത്തിയെന്നും ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ഈ വിഭാഗത്തിന്റെ മേധാവിത്വത്തിന് അറുതിവരുത്താനാവില്ലെന്നും കുറച്ച് ആഴ്ചകള്‍ മുമ്പ് വരെ തോന്നിയിരുന്നു. അപ്പോഴാണ് പൊടുന്നെ ഇത്തരത്തിലുള്ള ജനകീയ പ്രക്ഷോഭം തുടങ്ങിയത്. ഇത് തീര്‍ച്ചയായും അമേരിക്കന്‍ പൊതുജനത്തോട് തികച്ചും നീതിപുലര്‍ത്തുന്ന ഒന്നാണ്. വാള്‍സ്ട്രീറ്റിന്റെ സങ്കടക്കരച്ചില്‍ തുടങ്ങിക്കഴിഞ്ഞു.''
ഇത്തരത്തിലുള്ള അഭിപ്രായങ്ങളും സമരക്കാരോടുള്ള ഐക്യദാര്‍ഢ്യവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ക്രഗ്മാനെ കൂടാതെ നൊബേല്‍ ജേതാവായ ജോസഫ് ഇ. സ്റ്റിഗ്ലിറ്റ്‌സും സമരക്കാര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്. സമരക്കാരെ അഭിമുഖീകരിച്ച് അദ്ദേഹം പറഞ്ഞു: ''വാള്‍സ്ട്രീറ്റ് സമ്പന്നമായത് ലാഭം സ്വകാര്യവത്കരിക്കുകയും നഷ്ടം സാമൂഹികവത്കരിക്കുകയും ചെയ്യുക എന്ന നികൃഷ്ട പ്രക്രിയയിലൂടെയാണ്.''
സമരക്കാരുടെ മുഖ്യലക്ഷ്യം വാള്‍സ്ട്രീറ്റും അവിടത്തെ വന്‍ ബാങ്കുകളും മറ്റു വന്‍കിട ധനകാര്യ സ്ഥാപനങ്ങളുമായതിനാല്‍ സ്വാഭാവികമായും സമരത്തോടുള്ള ഇവരുടെ സമീപനം തുടക്കത്തില്‍ നിഷേധാത്മകമായിരുന്നെങ്കിലും സമരത്തിന് ശക്തി കൂടിയതോടെ ധനകാര്യ സ്ഥാപന മേധാവികളുടെ മുട്ട് വിറക്കാനും തുടങ്ങി. അവിടത്തെ (ലോകത്തിലെ തന്നെ) ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നും ധനകാര്യ ചൂഷണത്തിന് ഏറ്റവും കുപ്രസിദ്ധിയാര്‍ജിച്ചതുമായ ഗോള്‍ഡ്മാന്‍ സാഷിന്റെ മേധാവി മാന്‍ഹാട്ടണിലെ ഒരു കോളേജില്‍ നടത്താനിരുന്ന പ്രഭാഷണ പരിപാടി നിര്‍ത്തിവെപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിപാടി ഉപരോധിക്കാന്‍ പ്രക്ഷോഭകര്‍ അവിടെ എത്തുമെന്നാണ് പരിപാടി നിര്‍ത്തിവെക്കാന്‍ കാരണം പറഞ്ഞത്. വാള്‍സ്ട്രീറ്റിലും സമരക്കാരോട് അനുഭാവം പുലര്‍ത്തുന്ന ശബ്ദങ്ങള്‍ ഉയര്‍ന്നു തുടങ്ങി. അവിടത്തെ ഒരു ധനകാര്യ സ്ഥാപനത്തിന്റെ മേധാവി ഇങ്ങനെ പ്രതികരിച്ചു: ''വാള്‍സ്ട്രീറ്റെന്നാല്‍ ഇപ്പോള്‍ ഈ നാട്ടില്‍ അര്‍ഥം അതിസമ്പന്നരായ ചെറു ന്യൂനപക്ഷവും സാധാരണക്കാരായ വന്‍ ഭൂരിപക്ഷവും തമ്മിലുള്ള ആഴത്തിലുള്ള സാമ്പത്തിക അസമത്വം എന്നാണ്. ഇതുകൊണ്ടുതന്നെ ഈ സമരം ആരെങ്കിലും അവഗണിക്കുന്നുവെങ്കില്‍ വലിയ മണ്ടത്തരമാണ്.''
ഈ സമരത്തെ ലോക മാധ്യമങ്ങള്‍ വന്‍ തോതില്‍ ആഘോഷിക്കുമ്പോള്‍ ഒരുതരം ഒട്ടകപക്ഷി നയമാണ് അമേരിക്കന്‍ കുത്തക മാധ്യമങ്ങള്‍ പിന്തുടര്‍ന്നത്. പറ്റേ അവഗണിക്കാന്‍ കഴിയാത്തത് കാരണം ഭാഗികമായി മാത്രം കാണിക്കുകയും അതുതന്നെ നിഷേധാത്മക രൂപത്തില്‍ ചിത്രീകരിക്കുകയുമാണ് ഫോക്‌സ്, സി.എന്‍.എന്‍ പോലുള്ള ചാനലുകള്‍ ചെയ്തത്. പക്ഷേ ഈ നയം കൊണ്ട് കോട്ടം ഉണ്ടായത് അവര്‍ക്ക് തന്നെയാണ്. അവിടത്തെ ജനങ്ങള്‍ക്ക് ഈ കുത്തക മാധ്യമങ്ങളില്‍ വിശ്വാസ്യത നഷ്ടപ്പെട്ടു. അല്‍ജസീറ പോലുള്ള ചാനലുകള്‍ക്കിത് വന്‍ സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്തു. കുത്തകക്കെതിരിലുള്ള ഈ സമരം വിജയിക്കുകയാണെങ്കില്‍ കോര്‍പറേറ്റ് ചൂഷണത്തോടൊപ്പം ഈ ചാനലുകളും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ടേക്കാം.
[email protected]

Comments