Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 29

മാര്‍ക്‌സിയന്‍ ചരിത്ര വിശകലനത്തിലെ ഏങ്കോണിപ്പുകള്‍

സമദ് കുന്നക്കാവ്

സമകാലിക മുസ്‌ലിം രാഷ്ട്രീയം മലബാര്‍ സമരം വായിക്കുമ്പോള്‍ - 5


മലബാര്‍ സമരവുമായി ബന്ധപ്പെട്ട കൊളോണിയല്‍-തദ്ദേശീയ ചരിത്രാഖ്യാനങ്ങളെ വിമര്‍ശന വിധേയമാക്കുന്ന കീഴാള വായനകള്‍ സൈദ്ധാന്തികമായ തൂക്കമൊപ്പിക്കലിന്റെ ഭാഗമായി മാര്‍ക്‌സിയന്‍ ചരിത്ര രചനകളെയും തത്തുല്യമായ സ്ഥാനത്ത് നിര്‍ത്തുന്ന പ്രവണതയാണ് വ്യവഹാര മണ്ഡലത്തിലുള്ളത്. കൊളോണിയല്‍ പാഠങ്ങള്‍ ഉല്‍പാദിപ്പിച്ച മതഭ്രാന്ത രൂപകത്തിനെതിരായി ഉദാത്തവത്കരിക്കപ്പെട്ട കര്‍ഷക ബിംബത്തെയാണ് മാര്‍ക്‌സിസ്റ്റ് പഠനങ്ങള്‍ പടച്ചുവിട്ടതെന്ന യാഥാര്‍ഥ്യം ശരിവെക്കുമ്പോള്‍ തന്നെ ഗുണപരമായ ചില വശങ്ങള്‍ അംഗീകരിക്കേണ്ടതുമുണ്ട്. മാര്‍ക്‌സിസ്റ്റ് രചനകളുടെ ആദിമ രൂപങ്ങളൊന്നും മലബാര്‍ സമരത്തെ കേവലമായ കാര്‍ഷിക വിപ്ലവമെന്ന് ന്യൂനീകരിച്ചിട്ടില്ല എന്നതാണ് അതിലെ പ്രസക്തമായ ഒരു വശം. 1921-ല്‍ മലബാര്‍ ഗ്രാമങ്ങളില്‍ അലയടിച്ച പോരാട്ടവീര്യങ്ങളെ മതഭ്രാന്ത് മൂത്ത മാപ്പിളമാരുടെ ഹിംസാത്മക ലഹളയാക്കി ചിത്രീകരിക്കപ്പെട്ട സന്ദര്‍ഭം. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സംഘവും നടത്തിയ നിര്‍ബന്ധ മത പരിവര്‍ത്തനത്തിന്റെ ചോര മണക്കുന്ന കഥകള്‍ മോക്ഷം കിട്ടാത്ത അനാഥ പ്രേതങ്ങള്‍ കണക്കെ വിറങ്ങലിച്ചു നില്‍ക്കുകയും ചെയ്ത ചരിത്രസന്ധി. അത്യന്തം ഭീഷണമായ ഈ പശ്ചാത്തലത്തില്‍ മാര്‍ക്‌സിസ്റ്റ് നേതാക്കളും അവരിലുള്ള ബുദ്ധിജീവികളും നടത്തിയ മലബാര്‍ പഠനങ്ങള്‍ മാപ്പിളമാരുടെ മുഖം മിനുക്കാന്‍ പര്യാപ്തമായി എന്ന കാര്യം ഒട്ടും വിസ്മരിക്കേണ്ടതില്ല. കമ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളുമായ കമ്പളത്ത് ഗോവിന്ദന്‍ നായര്‍ രചിച്ച 'മലബാര്‍ പടപ്പാട്ട്' ഇതിന്റെ വലിയ ദൃഷ്ടാന്തമാണ്.
അന്നിരുപത്തൊന്നില്‍ നമ്മളിമ്മലയാളത്തില്
ഒത്തുചേര്‍ന്നു വെള്ളയോടെതിര്‍ത്തു നല്ല മട്ടില്
ഏറനാടിന്‍ ധീരമക്കള് ചോരചിന്തിയ നാട്ടില്
ചീറിടും പീരങ്കികള്‍ക്ക് മാറു കാട്ടിയ നാട്ടില്!
കണ്ടപോല്‍ തീയുണ്ട പെയ്തു പെയ്തു പൂക്കോട്ടൂരിനെ
കണ്ടമാനം ചോരക്കളമായ് മാറ്റിയ സര്‍ക്കാറിനെ
എത്ര ധീര മാപ്പിള സ്ത്രീകള്‍ക്കെഴും പരിശുദ്ധിയെ
ഉത്തമ ഭൂവായിടും മലനാടിതിന്നഭിവൃദ്ധിയെ
തോക്കിനാല്‍ കയ്യൂക്കിനാല്‍ കവര്‍ച്ച ചെയ്ത കൂട്ടരേ
നീക്ക് പോക്കില്ലാതെ കൂട്ടക്കൊല നടത്തിയ ദുഷ്ടരേ
ഏറിടുന്ന വീറോടെ എതിര്‍ത്ത് നിങ്ങള് ധീരരേ
മാറ് കാട്ടി നാട്ടില്‍ മാനം കാത്ത് നിങ്ങള് വീരരേ
1944-ല്‍ രചിച്ച പ്രസക്തമായ ഈ പടപ്പാട്ട് പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ദേശാഭിമാനി വാരിക ബ്രിട്ടീഷ് ഭരണകൂടം കണ്ടുകെട്ടുകയുണ്ടായി. സമാനമായി എടുത്തുകാട്ടാന്‍ കഴിയുന്നതാണ് 1946-ല്‍ പെരിന്തല്‍മണ്ണയില്‍ വെച്ച് എ.കെ.ജി നടത്തിയ പ്രസംഗം.21 അതാകട്ടെ അദ്ദേഹത്തിന്റെ അറസ്റ്റില്‍ കലാശിച്ചു എന്നതും ആ തടവുശിക്ഷ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷവും നിലനിന്നു എന്നതും വസ്തുതയാണ്. ഇസ്‌ലാമിന്റെയും മലബാറിലെ മുസ്‌ലിംകളുടെയും പോരാട്ട വീര്യങ്ങളെ പ്രകീര്‍ത്തിച്ച് അവരുടെ വ്യതിരിക്തമായ സമരാര്‍ജവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രസ്തുത പ്രസംഗത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ഉദ്ധരിക്കുന്നത് സമകാലിക രാഷ്ട്രീയ ഇഴയടുപ്പങ്ങളെ ദൃഢീകരിക്കും.
''ഇരുപത്തഞ്ച് വര്‍ഷം മുമ്പ് നമ്മുടെ പാവപ്പെട്ട സമൂഹത്തില്‍ നിന്ന് ഒരു സാധാരണ മുസ്‌ലിമായ ആലി മുസ്‌ലിയാര്‍ ബ്രിട്ടീഷ് ഭരണത്തിനും അനീതിക്കും അടിമത്തത്തിനും എതിരെ കേരളത്തില്‍ ഒരു മഹാ സമരം നടത്തി. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ആര്‍ക്കെങ്കിലും ശക്തമായ സമരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, നിശ്ചയദാര്‍ഢ്യവും ധൈര്യവും ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് ധൈര്യശാലികളും പാവപ്പെട്ടവരുമായ ഈ മുസ്‌ലിം കര്‍ഷകര്‍ക്കാണ്. അവര്‍ വെള്ളപട്ടാളത്തിന്റെ തോക്കുകളെയും പീരങ്കികളെയും ധൈര്യപൂര്‍വം എതിരിട്ടു. അതൊക്കെ അവര്‍ പുല്‍ക്കൊടിയായി കണ്ടു. നമ്മുടെ ഈ മാപ്പിള സഹോദരന്മാരെ എങ്ങനെയാണ് നിങ്ങള്‍ക്ക് മറക്കാനാവുക?'' എന്നു പറഞ്ഞു തുടങ്ങുന്ന എ.കെ.ജിയുടെ ഈ പ്രസംഗത്തില്‍ മലബാറിലെ മാപ്പിളമാരെ മാതൃകയാക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ ചരിത്ര പ്രസക്തിയും എടുത്തു കാട്ടുന്നുണ്ട്. പുറമെ അഹിംസയുടെ തത്ത്വത്തില്‍ ഊന്നിക്കൊണ്ട് മലബാര്‍ സമരത്തെ കൈയൊഴിഞ്ഞ ദേശീയ പ്രസ്ഥാനത്തെയും അദ്ദേഹം പരിഹസിക്കുന്നു:
''ഇരുപത്തൊന്നിലെ സായുധ സമരത്തെക്കുറിച്ച് പറയുമ്പോള്‍ അഹിംസക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന കോണ്‍ഗ്രസ് സുഹൃത്തുക്കളോട് ഞാന്‍ ചോദിക്കട്ടെ, എന്തായിരുന്നു ആഗസ്റ്റ് വിപ്ലവം? അത് വയര്‍ലെസ് കമ്പി മുറിക്കലും റെയില്‍ തകര്‍ക്കലുമായിരുന്നില്ലേ? അതുപോലെ ഉദ്യോഗസ്ഥരുടെ അതിക്രമത്തെയും ചെറുത്തു. അവരില്‍ പലരും മരിച്ചു. അത് അഹിംസയാണോ? പണ്ഡിറ്റ് നെഹ്‌റു പോലും പറയും, നാം ആഗസ്റ്റ് ഓര്‍ക്കണമെന്ന്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള സമരമായി ആഗസ്റ്റ് വിപ്ലവത്തെ കോണ്‍ഗ്രസ് ഗണിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് ഇരുപത്തൊന്നിലെ കലാപത്തെ പാര്‍ട്ടി അതുപോലെ സ്മരിക്കുന്നില്ല? ആ സമരത്തെ മാപ്പിള കലാപം, മലബാര്‍ കലാപം എന്നൊക്കെ പറയാന്‍ ചില കാരണങ്ങളൊക്കെയുണ്ട്. ആയിരക്കണക്കിന് മുസ്‌ലിംകള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മരിക്കാന്‍ തയാറായപ്പോള്‍ മുസ്‌ലിംവിരുദ്ധ ചിന്തയുള്ളവര്‍ അങ്ങനെയങ്ങ് പറയാന്‍ തുടങ്ങിയതാണ്.''
''അതുകൊണ്ട് ഞാന്‍ ഇരുപത്തൊന്നിനെ പരാമര്‍ശിക്കുമ്പോള്‍ അതിന്റെ വാര്‍ഷികം ആചരിക്കാന്‍ പറയുമ്പോള്‍ പൂക്കോട്ടൂര്‍ ദിനം എന്നു പറയുമ്പോള്‍ തൊള്ളായിരത്തി ഇരുപത്തൊന്നിലെ നമ്മുടെ മാപ്പിള സഹോദരന്മാര്‍ക്ക് നിങ്ങള്‍ സിന്ദാബാദ് വിളിക്കുക. ജന്മിമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും അതിക്രമങ്ങള്‍ക്കെതിരെ, അനീതിക്കെതിരെ തോക്കുകളുടെയും പീരങ്കികളുടെയും മുമ്പില്‍ രാജ്യത്തിന്റെ മോചനത്തിനു വേണ്ടി മരിക്കാന്‍ തയാറായ മാപ്പിളമാരുടെ സ്മരണ സജീവമാക്കാത്തവരാരാണ്? ഈ നാട്ടിലെ നിരവധി ചെറുപ്പക്കാര്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പട്ടാളത്തിന്റെ മുന്നില്‍ മാറ് കാണിച്ചു. ഇതുവരെ ഞാനും നിങ്ങളും അത്തരം ഒരു കൃത്യം ചെയ്തിട്ടില്ല. നമ്മള്‍ പ്രസംഗിച്ചു. ജയില്‍വാസമനുഭവിച്ചു. അപ്പോഴേക്കും ധീരരാണെന്നു നാം അവകാശപ്പെടുകയായി. തോക്കും പീരങ്കിയും തീതുപ്പുമ്പോള്‍ അവക്കെതിരെ നിരായുധരായി മാര്‍ച്ച് ചെയ്യാനും അവ പിടിച്ചെടുക്കാനും എതിര്‍ത്ത് തോല്‍പിക്കാനും എത്ര പേരുണ്ടാകുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? വളരെ കുറച്ച് പേര്‍ മാത്രം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി, പോലീസിന്റെയും ജന്മിമാരുടെയും അതിക്രമങ്ങളവസാനിപ്പിക്കുന്നതിനു വേണ്ടി  ധീരന്മാര്‍ സാമ്രാജ്യത്വവിരുദ്ധ യുദ്ധം നടത്തിയപ്പോള്‍ അതായിരുന്നു ശരിയായ സമരം. അതിന്റെ സ്മരണ നാം നിലനിര്‍ത്തുക. ഇത് ഞാന്‍ നൂറു പ്രാവശ്യം പറയും. അതിന്റെ പേരില്‍ തൂക്കിലേറ്റിയാലും നമ്മളത് പറയണം. ദേശാഭിമാനികളെന്ന് വിളിക്കാന്‍ ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ ആരെങ്കിലും യഥാര്‍ഥ യുദ്ധം നടത്തിയിട്ടുണ്ടെങ്കില്‍ ആ ദേശാഭിമാനികള്‍ നമ്മുടെ മാപ്പിള സഹോദരന്മരാണ്.''
മലബാര്‍ സമരത്തെ കാര്‍ഷിക വിപ്ലവമായി ചുരുക്കിക്കൂട്ടിയതിന്റെ പേരില്‍ ബൗദ്ധികമായ ഭര്‍ത്സനം ഏറെ ഏല്‍ക്കേണ്ടിവന്നത് ഇ.എം.എസ്സിനാണ്. എന്നാല്‍, മലബാര്‍ വായനകളുടേതായ ആദ്യ ചുവടുവെപ്പുകളില്‍ ഇ.എം.എസ് നടത്തിയ നിരീക്ഷണങ്ങള്‍ മലബാറിലെ മാപ്പിള സമൂഹത്തിന് ചരിത്രപരമായി ഗുണം ചെയ്തു എന്നത് വസ്തുതയാണ്. കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന് വിശേഷിപ്പിച്ച ഇ.എം.എസ് തന്നെ ദുരവസ്ഥ എഴുതിയ കുമാരനാശാനില്‍ കൊളോണിയല്‍ ചരിത്രകാരന്മാര്‍ പ്രചരിപ്പിച്ച മുസ്‌ലിംവിരുദ്ധത കടന്നുകൂടിയതായി നിരീക്ഷിക്കുന്നുണ്ട്. ഹിന്ദുവിരുദ്ധമെന്ന് പറയപ്പെടുന്ന ഒരു ലഹളയുടെ നാട്ടില്‍ ആക്രമിക്കപ്പെടുന്ന ഒരു നമ്പൂതിരിയുടെ ഭവനത്തിനടുത്ത് തന്നെ പുലയജാതിയില്‍ പെട്ട ഒരു കീഴാള ജാതിക്കാരന്‍ യാതൊരാശങ്കയും കൂടാതെ ജീവിക്കുന്നുവെന്നും, അവിടെയാണ് ഉന്നതകുല ജാതയായ നായിക അഭയം തേടുന്നതെന്നും നിരീക്ഷിക്കുന്ന ഇ.എം.എസ് ഇതില്‍ നിന്നുതന്നെ ലഹളയുടെ ലക്ഷ്യം ഇല്ലങ്ങളായിരുന്നുവെന്നും അതാകട്ടെ സാമ്രാജ്യ-ജന്മി വിരുദ്ധതയുടെ ഭാഗമായിരുന്നെന്നും കൂട്ടിച്ചേര്‍ക്കുന്നു(ഇ.എം.എസ്, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍,  1990:90). 1943-ല്‍ ഇ.എം.എസില്‍ നിന്നായി പുറത്തുവന്ന ലഘുലേഖയും സമാനമായ വിധത്തില്‍ മുസ്‌ലിം ചാര്‍ച്ച രേഖപ്പെടുത്തുന്നതാണ്.22 1921-ലെ സമരം തീര്‍ത്തും ജന്മിമാര്‍ക്കെതിരായ കലാപം മാത്രമാണെന്ന് ചിത്രീകരിച്ചിരുന്ന മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവിയായിരുന്ന സൗമ്യേന്ദ്ര നാഥ ടാഗോറിന്റെ 'മലബാറിലെ കാര്‍ഷിക കലാപം' എന്ന പഠനത്തോട് ഇ.എം.എസ് പ്രസ്തുത ലഘുലേഖയില്‍ പ്രതികരിക്കുന്നുണ്ട്.
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നേതൃത്വം നല്‍കിയ ഖിലാഫത്ത് ഭരണത്തെ ശ്ലാഘിക്കുന്ന ഇ.എം.എസ്, മാപ്പിളമാര്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ മാത്രമായി ഈ പ്രസ്ഥാനം ഒതുങ്ങി നിന്നതെന്തുകൊണ്ട് എന്ന പ്രസക്തമായ ചോദ്യത്തിന് മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍ ഉത്തരം നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. വള്ളുവനാട്, പൊന്നാനി താലൂക്കുകളുടെ ഭാഗങ്ങളിലും ഏറനാട്ടിലും ഉള്ള മാപ്പിളമാരുടെ അത്രയും തന്നെ അംഗബലമുള്ള മറ്റു താലൂക്കുകളിലെ ഹിന്ദുകൃഷിക്കാരോട് ബ്രിട്ടീഷ് ഉദ്യോഗസ്ഥ മേധാവിത്വവും അത് പടച്ചുണ്ടാക്കിയ ജന്മി സമ്പ്രദായവും നടത്തിയത് ക്രൂരമായ പീഡനങ്ങളായിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം സമരങ്ങള്‍ക്കു വേണ്ടി ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള മാപ്പിളമാരുടെ ആദര്‍ശ ഉള്ളടക്കത്തെ  എടുത്തുകാട്ടുന്നു (സമ്പൂര്‍ണ കൃതികള്‍, സഞ്ചിക 5 പേജ് 40). ഹിന്ദുകൃഷിക്കാരില്‍ നിന്ന് വ്യത്യസ്തമായി മാപ്പിള കുടിയാന്മാര്‍ക്ക് പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടാന്‍ ഇന്ധനമായ രണ്ടു കാരണങ്ങള്‍ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്.
മാപ്പിളമാര്‍ക്ക് ഒരു സമുദായമെന്ന നിലയില്‍ ഹിന്ദുക്കളേക്കാളും വളരെ ഉയര്‍ന്ന സംഘടനാ ബോധമുണ്ട്. അവരുടെ കൂട്ട പ്രാര്‍ഥനകളും സമൂഹ വിരുന്നുകളും സദ്യകളും തങ്ങള്‍ക്കിടയിലെ സമത്വത്തെക്കുറിച്ചുള്ള ധാരണയും അവരെ മറ്റു സമുദായങ്ങളില്‍നിന്ന് വ്യത്യസ്തമായി  പ്രവര്‍ത്തനത്തിന് അനുരൂപരാക്കുന്നു. അതിനാല്‍ തന്നെ സംഘടനയുടെയും സമരത്തിന്റെയും സന്ദേശം രാഷ്ട്രീയ നേതാക്കള്‍ പ്രചരിപ്പിച്ചപ്പോള്‍ മറ്റുള്ളവരേക്കാള്‍ വളരെയേറെ അനായസമായും കൂടുതല്‍ ദൃഢനിശ്ചയത്തോടു കൂടിയും മാപ്പിളമാര്‍ ഏറ്റെടുത്തു എന്നതാണ് ഒന്നാമത്തേത്. കോണ്‍ഗ്രസിനും ഖിലാഫത്തിനും പിന്നില്‍ അണിനിരക്കാന്‍ മാപ്പിളമാര്‍ക്ക് ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ കഴിഞ്ഞത് 'തുര്‍ക്കിയിലെ ഖലീഫയെ തൊട്ടു കളിക്കരുത്' എന്ന മുദ്രാവാക്യമായിരുന്നു. ഒരു ഹിന്ദു കൃഷിക്കാരനെ സംബന്ധിച്ചേടത്തോളം സമരം ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തില്‍ നിന്നും ജന്മിമാരില്‍ നിന്നും മോചനം നേടുക എന്ന  പ്രശ്‌നം മാത്രമായിരുന്നു. എന്നാല്‍ മതഭക്തനായ മുസ്‌ലിമിനെ സംബന്ധിച്ചാകട്ടെ അത് തന്റെ മതത്തിന്റെ നേതാവിനെ സംരക്ഷിക്കുന്നതിന്റെയും തന്റെ വിശ്വാസത്തെ അശുദ്ധപ്പെടുത്തുന്നവന് എതിരായുള്ള ജിഹാദിന്റെ പ്രശ്‌നം കൂടിയായിരുന്നു. ഇങ്ങനെ ക്രിയാത്മകമായി വിശകലനം ചെയ്യാന്‍ ആര്‍ജവം കാട്ടുന്നുണ്ട് അദ്ദേഹം.
മലബാര്‍ സമരത്തോട് ഇത്തരത്തില്‍ രചനാത്മകമായി താദാത്മ്യപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടി പക്ഷേ പില്‍ക്കാലത്ത് വിശകലനങ്ങളുടെ ട്രിപ്പീസ് കളിയില്‍ ഏര്‍പ്പെടുന്നതാണ് കാണുന്നത്. സമരത്തിലെ ജന്മി-കുടിയാന്‍ സംഘര്‍ഷങ്ങളെ മാത്രം കണ്ടെടുത്ത് കാര്‍ഷിക ലഹളയായി ഉദാത്തവത്കരിക്കുകയും ഖിലാഫത്ത് പ്രക്ഷോഭങ്ങളെ മതഭ്രാന്തിന്റെ അതിരുകവിയലുകളായി നികൃഷ്ടവത്കരിക്കുകയും ചെയ്യുന്ന വൈരുധ്യാത്മക പ്രവണത കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റെടുക്കുന്നുണ്ട്. ദേശീയ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയുടെ ആശയത്തെ മറികടക്കുന്ന വിധത്തില്‍ ഖിലാഫത്ത് നേതാക്കള്‍ക്കുണ്ടായ സമര മേധാവിത്വവും അതുളവാക്കിയ മതഭ്രാന്തിന്റേതായ അംശങ്ങളെയും ഇ.എം.എസ് തന്നെ ഇഴപിരിച്ച് വേര്‍തിരിക്കുന്നുണ്ട് (ഇ.എം.എസ്, മലബാര്‍ സമരവും പുന്നപ്ര വയലാറും, 1996: 23). ഗ്രാംഷിയന്‍ മെത്തഡോളജി ഉപയോഗിച്ചുകൊണ്ട് ലഹളയിലെ മാപ്പിള ഉലമാ നേതൃത്വങ്ങളെയും മാപ്പിള സ്വത്വങ്ങളെയും കണ്ടെത്താന്‍ ശ്രമിച്ച കെ.എന്‍ പണിക്കരുടെ ചരിത്ര രചനയും മതഭ്രാന്ത്, മതപരിവര്‍ത്തനം, ഇസ്‌ലാമിക രാഷ്ട്രം എന്നീ സംജ്ഞകളെ സ്ഥാപിച്ചെടുത്തും ശരിവെച്ചുകൊണ്ടുമാണ് മുന്നോട്ടു നീങ്ങുന്നത് (പണിക്കര്‍, മലബാര്‍ കലാപം: പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ, 2004:194). അഥവാ മതമെന്ന സംവര്‍ഗത്തെ സ്വകാര്യ മണ്ഡലത്തിനുള്ളിലേക്ക് ചുരുക്കി കൂട്ടുന്ന ഉദാര മാനവിക ചട്ടക്കൂടിനകത്തു കയറി മുഖ്യധാരക്കിണങ്ങുക എന്ന കൃത്യമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റെടുത്തത്.
മലബാര്‍ കലാപത്തെ സാമ്പത്തിക പ്രശ്‌നത്തിലേക്ക് ന്യൂനീകരിച്ച മാര്‍ക്‌സിസ്റ്റ് ചരിത്രരചന കൊളോണിയല്‍/ദേശീയവാദ ചരിത്ര രചനകള്‍ മുദ്രിതമാക്കിയ 'മതഭ്രാന്തിനെ' നിര്‍ധാരണം ചെയ്തിട്ടില്ലെന്നു മാത്രമല്ല, 'വര്‍ഗീയത' എന്ന പ്രരൂപത്തിലൂടെ മുസ്‌ലിം അപരത്വത്തെ സമകാലീനമാക്കുന്നു എന്ന് എം.ടി അന്‍സാരി നിരീക്ഷിക്കുന്നുണ്ട് (അന്‍സാരി, മലബാര്‍: ദേശീയതയുടെ ഇട-പാടുകള്‍, 2008:73). കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ കൊളോണിയല്‍ ആധുനികതയുടെ സൈദ്ധാന്തിക പദാവലികളും ജ്ഞാന വ്യവസ്ഥകളും ഉപയോഗപ്പെടുത്തി നിരീക്ഷിക്കുക; ശേഷം, സാമ്പത്തികമായ അന്തഃസംഘര്‍ഷങ്ങളെക്കുറിച്ചും സാമൂഹികമായ തിരോഭാവത്തെക്കുറിച്ചും കാര്‍ഷിക സമൂഹങ്ങളുടെ അതിജീവനത്തിനായുള്ള സമരങ്ങളെക്കുറിച്ചുമുള്ള സുദീര്‍ഘമായ പ്രബന്ധങ്ങളെഴുതുക എന്ന വൈചിന്ത്യമാണ് മാര്‍ക്‌സിയന്‍ പഠനങ്ങള്‍ കാഴ്ചപ്പെടുത്തിയത്.
ആധുനികതയുടെ യുക്തിബോധത്തെയും മൂല്യവിചാരങ്ങളെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാടുവാഴിവിരുദ്ധ സമരങ്ങളിലും ഫ്യൂഡല്‍ വിരുദ്ധ സമരങ്ങളിലും ഏര്‍പ്പെടുക എന്ന ദൗത്യത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി തുടക്കം മുതല്‍ ശ്രദ്ധ കൊടുത്തത്. ഈയൊരു ശ്രമത്തില്‍ മാപ്പിള കുടിയാന്‍ പ്രക്ഷോഭങ്ങള്‍ സഹായകമായി വര്‍ത്തിച്ചു എന്നതിനാലാകണം മാപ്പിള സമരത്തെ ആദ്യ നാളുകളില്‍ പ്രകീര്‍ത്തിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചത്. എന്നാല്‍, ഫ്യൂഡല്‍ വിരുദ്ധ സമരങ്ങളുടെ കേന്ദ്ര പദവി നഷ്ടമാവുന്ന 1940-കള്‍ക്കു ശേഷം വിവേചനരഹിതമായി ആധുനിക മൂല്യങ്ങളുടെ മൊത്തം വാഹകരായി സ്വയം പ്രതിഷ്ഠിക്കുകയാണ് ഇടതുപക്ഷം ചെയ്തത്. മലയാള ദേശീയതയുടെയും നവോത്ഥാനത്തിന്റെയും രണ്ടാം ഘട്ടമെന്ന് വിളിക്കാവുന്ന ഈ കാലയളവില്‍ ഫ്യൂഡല്‍ വിരുദ്ധവും സമുദായ പരിഷ്‌കരണപരവുമായ സമരങ്ങളില്‍ നിന്ന് സാമ്രാജ്യത്വവിരുദ്ധവും കേരളീയ സ്വത്വബോധത്തില്‍ അടിയുറച്ചതുമായ പുതിയൊരു പ്രതലത്തിലേക്ക് ഇടതുപക്ഷം കാലെടുത്തുവെക്കുന്നുണ്ട്. കൊളോണിയല്‍ വിരുദ്ധ ചിന്തയില്‍ നിന്ന് ഊര്‍ജം വലിച്ചെടുത്താണ് നവോത്ഥാന ശ്രമങ്ങളും ദേശീയബോധങ്ങളും തിടംവെച്ചുയര്‍ന്നതെങ്കിലും ആശയ സ്രോതസ്സായി പലപ്പോഴും അത് സ്വാംശീകരിച്ചത് അധിനിവേശകരുടെ വൈജ്ഞാനിക-ചിന്താധാരകളായിരുന്നു. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ മധ്യവര്‍ഗ സമൂഹങ്ങളാല്‍ ഏറ്റെടുത്ത് നടത്തപ്പെട്ടവയായിരുന്നതിനാല്‍ കൊളോണിയല്‍ ഭരണകൂടാധികാരവുമായുള്ള സംഘര്‍ഷത്തേക്കാള്‍ അതുദ്യമിച്ചത് ഒത്തുതീര്‍പ്പുകള്‍ക്കായിരുന്നു. സാമ്രാജ്യത്വത്തിന്റെ ആധുനികമായ സ്ഥാപന രൂപങ്ങളുമായി ഒരുവശത്ത് ഐക്യപ്പെട്ടുകൊണ്ടും മറുഭാഗത്ത് ദേശീയ പ്രസ്ഥാനങ്ങളും നവോത്ഥാന മുന്നേറ്റങ്ങളും ആധാരമാക്കിയ ബ്രാഹ്മണ പ്രത്യയശാസ്ത്രത്തെ സ്വാംശീകരിച്ചുകൊണ്ടുമാണ് ഇടതുപക്ഷം മുന്നേറിയത്. കൊളോണിയല്‍ ആധുനികതയെ കേവലം മുതലാളിത്തമെന്ന കള്ളിയില്‍ മാത്രം ഒതുക്കി ബൂര്‍ഷ്വാ സമ്പദ്‌വ്യവസ്ഥയെ വിമര്‍ശിച്ച ഇടതുപക്ഷം അതേ ആധുനികത ജന്മം നല്‍കിയ പൗരോഹിത്യത്തെയും ദേശ-രാഷ്ട്ര സങ്കല്‍പങ്ങളെയും അന്ധമായ യുക്തിവിചാരത്തില്‍ കെട്ടിപ്പടുക്കപ്പെട്ട ശാസ്ത്രബോധത്തെയും വിമര്‍ശനമേതുമില്ലാതെ സ്വീകരിക്കുകയാണ് ചെയ്തത്. ആധുനികത വിഭാവനം ചെയ്ത് വിശുദ്ധീകരിച്ചെടുത്ത മത-രാഷ്ട്ര ദ്വന്ദങ്ങളെ തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ അടിപ്പടവായി സ്വീകരിച്ച ഇടതുപക്ഷത്തിന് മലബാര്‍ സമരത്തില്‍ അന്തര്‍ഭവിച്ച മതാത്മക പരിസരങ്ങളെ പടിക്കു പുറത്താക്കുക എന്നത് അനിവാര്യമായിരുന്നു. അതിനാല്‍ ദേശീയ സമരത്തെ ചേതോഹരമാക്കിയ മാപ്പിള പ്രക്ഷോഭങ്ങളെ മതഭ്രാന്തിന്റെ പ്രകാശനമായി കാണുകയും നെടുനായകത്വം നല്‍കിയ മുസ്‌ലിം നവോത്ഥാന നീക്കങ്ങളെ 'പാന്‍ ഇസ്‌ലാമിസം' എന്ന സംജ്ഞയില്‍ പെടുത്തി അശ്ലീലവത്കരിക്കാനുമാണ് ഇടതുപക്ഷ ബുദ്ധിജീവികള്‍ ശ്രമിച്ചത്.
പോര്‍ച്ചുഗല്‍ വിരുദ്ധ സമരത്തില്‍ ആമുഖം രേഖപ്പെടുത്തി ബ്രിട്ടീഷ് കൊളോണിയലിസം വരെ എത്തിനില്‍ക്കുന്ന പോരാട്ട സന്ദര്‍ഭങ്ങളിലൊക്കെയും ചെറുത്തുനില്‍പുകളുടെ പ്രോജ്ജ്വല വ്യക്തിത്വങ്ങളാകാന്‍ സാധിച്ച ചരിത്രമാണ് ഇസ്‌ലാമിന്റേത്. പക്ഷേ, സക്രിയമായ മുസ്‌ലിം ചടുലതകളെ ആധുനികതയോടുള്ള ഏകമുഖമായ നിരാകരണത്തിന്റെ മാര്‍ഗമായോ സത്താവാദപരമായ പാശ്ചാത്യ വിരുദ്ധതയുടെ ശീലങ്ങളിലൊന്നായോ മുദ്രചാര്‍ത്തി താറടിക്കാനുള്ള ശ്രമങ്ങളിലാണ് ഇടതുപക്ഷം ഏര്‍പ്പെട്ടത്. ക്രൈസ്തവം/ ഇസ്‌ലാം, പാശ്ചാത്യം/ പൗരസ്ത്യം എന്നീ ഭിന്ന ദ്വന്ദങ്ങളായിക്കൊണ്ടാണ് ഇസ്‌ലാമിന്റെ കോളനിവിരുദ്ധ പോരാട്ടങ്ങളെ ആധുനിക സെക്യുലര്‍ പൊതുബോധം ഇക്കാലം വ രെ പാരായണം ചെയ്തിട്ടുള്ളത്. സത്യക്കുത്തകയവകാശപ്പെടുന്ന രണ്ട് കൂട്ടര്‍ക്ക് ഈ ചെറിയ ഭൂമിയില്‍ ഒരുമിച്ചു വാഴാന്‍ പ്രയാസമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ട് കുരിശും ചന്ദ്രക്കലയും ഏറ്റുമുട്ടി പല കുരിശുയുദ്ധങ്ങളുണ്ടായിയെന്നും ചില്ലറ ഭാവഭേദങ്ങളോടെ ആ മത്സരം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും എം.ജി.എസ് നാരായണന്‍ പരിഹസിക്കുന്നുണ്ട്.23 ദേശീയ ചരിത്രചരചനയുടെ ഇത്തരം സവര്‍ണവും വര്‍ഗീയവുമായ പാഠങ്ങളെ ഏറ്റെടുത്തുകൊണ്ട് ഇസ്‌ലാമിക രാഷ്ട്രീയത്തെയും സംഘടനകളെയും ഭര്‍ത്സിക്കുക എന്ന കുതന്ത്രമാണ് ഇടതുപക്ഷവും ചെയ്തുപോന്നത്.
പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ പ്രതിരോധ ശ്രമങ്ങളെയും അവ വിളംബരം ചെയ്ത അധീശ വിരുദ്ധ രാഷ്ട്രീയത്തെയും ഏറ്റെടുക്കാനുള്ള ഇസ്‌ലാമിന്റെ ആദര്‍ശ വിശുദ്ധിയെ അധമവത്കരിച്ചുകൊണ്ടാണ് ഈ പാഠങ്ങളൊക്കെയും സ്വന്തത്തെ സ്ഥാപിച്ചെടുത്തത്. ലിംഗ, വര്‍ണ, വംശ ഭേദമന്യേ നിന്ദിതരുമായി താദാത്മ്യപ്പെടാനും കീഴാള സമൂഹങ്ങളുടെ മോചന ശ്രമങ്ങളെ ഏറ്റെടുക്കാനുമുള്ള ഇസ്‌ലാമിന്റെ ആര്‍ജവമാണ് ചരിത്രത്തില്‍ ഇസ്‌ലാമിനും ക്രൈസ്തവതക്കുമിടയില്‍ എക്കാലവും സംഘര്‍ഷങ്ങളെ രൂപപ്പെടുത്തിയത്. പ്രാഥമികമായ കൊളോണിയല്‍ വെട്ടിപ്പിടിക്കലുകളുടെ ഭൂഖണ്ഡാന്തര സമുദ്ര സഞ്ചാരങ്ങളില്‍ കാണുന്ന കാഴ്ചയും മറ്റൊന്നല്ല. മധ്യ പൗരസ്ത്യദേശത്ത് പ്രതിയോഗികളായി നിലയുറപ്പിച്ച ഇസ്‌ലാമിനെ തകര്‍ക്കാന്‍ അവര്‍ക്ക് ശക്തിസ്രോതസ്സായി മാറുന്ന കേരള തീരത്തുള്ള വ്യാപാര കുത്തക പിടിച്ചടക്കുക എന്നതാണ് പോര്‍ച്ചുഗല്‍ ചെയ്തത്. ബ്രിട്ടീഷ് വേളയിലാകട്ടെ പീഡനങ്ങളുടെ നീര്‍ക്കയത്തില്‍ പെട്ട് ചക്രശ്വാസം വലിച്ച കുടിയാന്‍-കര്‍ഷക സമൂഹത്തിന്റെ കിതപ്പുകളും കുതിപ്പുകളും മുസ്‌ലിം സമൂഹത്തിലെ ഉലമാക്കള്‍ ഏറ്റെടുക്കുകയായിരുന്നു. ഹിന്ദു-മുസ്‌ലിം ഐക്യത്തിനു വേണ്ടി ഗാന്ധിജി എറിഞ്ഞുകൊടുത്ത ഒരു ഒരു ചൂണ്ടയായിരുന്നു മലബാറിലെ ഖിലാഫത്ത് സമരം എന്ന് പൊതുവെ വിവക്ഷിക്കപ്പെടാറുണ്ട്. എന്നാല്‍ ജന്മി-കുടിയാന്‍ പ്രക്ഷോഭങ്ങളുടെ കനപ്പെട്ട ചരിത്രം പേറുന്ന ഓമാനൂര്‍ പോരാട്ടങ്ങള്‍, മലപ്പുറംപട, ചേറൂര്‍ പട എന്നതിന്റെയെല്ലാം തുടര്‍ച്ചയായാണ് പൂക്കോട്ടൂര്‍ സമരം പിറവിയെടുക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന്റെ ഒരു നൂറ്റാണ്ട് മുമ്പുതന്നെ ബ്രിട്ടീഷ് ഭരണത്തിന് നികുതി നിഷേധിച്ചതിന്റെ പേരില്‍ ഉമര്‍ഖാദി ജയിലില്‍ പോകുന്നുണ്ട്. ഗാന്ധിജിയും കോണ്‍ഗ്രസ്സും ഇല്ലായിരുന്നുവെങ്കില്‍ തന്നെയും ഇത്തരം കുടിയാന്‍ പ്രക്ഷോഭങ്ങളെ ഏറ്റെടുക്കാന്‍ ഇസ്‌ലാമിന് കഴിയുമായിരുന്നു എന്ന യാഥാര്‍ഥ്യമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്.
ചരിത്രത്തിലെ ഇസ്‌ലാമിന്റെ ഈ സാമൂഹിക പ്രതിനിധാനത്തെ തകര്‍ത്തുകളയുന്ന വിധത്തിലാണ് മതേതരത്വമെന്ന യൂറോപ്യന്‍ പരികല്‍പന പൊതുമണ്ഡലത്തില്‍ സ്ഥാപിച്ചെടുക്കപ്പെട്ടത്. ആധുനികമല്ലാത്തതും മതേതരത്വത്തിന്‍ നിഴലില്‍ ഒതുങ്ങിനില്‍ക്കാത്തുമായ മുഴുവന്‍ രാഷ്ട്രീയ സാമൂഹിക വ്യവഹാരങ്ങളും അത്യന്തം പ്രതിലോമപരമെന്നുള്ള ആധുനികതയുടെ ആഭിജാത്യങ്ങള്‍ പില്‍ക്കാല കേരളത്തെ അഗാധമായി ഗ്രസിച്ചു. സെക്യുലര്‍ മോഡേണിറ്റി എന്ന പേരില്‍ വളര്‍ന്നു വികസിച്ച സവര്‍ണവും സുവര്‍ണവുമായ ഈ സാംസ്‌കാരിക മേല്‍ക്കോയ്മയില്‍ പ്രജ്ഞാശേഷി നഷ്ടപ്പെട്ട പൊതുബോധം ഇസ്‌ലാമടക്കമുള്ള സാമൂഹിക പ്രതിനിധാനങ്ങളെ അസ്പൃശ്യരാക്കി തീണ്ടാപാടകലത്തില്‍ മാറ്റിനിര്‍ത്തി. ആയോധന കളരിയില്‍ സ്വന്തം മെയ്‌വഴക്കം തെളിയിച്ച കര്‍ണനോട് കുലത്തൊഴില്‍ അന്വേഷിച്ച ഭീമസേനനെ പോലെ ഇസ്‌ലാമിന്റെ കുലമഹിമയെ അവര്‍ ചോദ്യചിഹ്നമാക്കി. 'പോയി കുതിരക്ക് മാലീസിടടോ' എന്ന് അട്ടഹസിച്ച കണക്കെ 'പോയി പള്ളിക്കാര്യം നോക്കി നടത്തെടോ' എന്ന് വിളിച്ചുകൂവി.
മതേതരത്വത്തെക്കുറിച്ച കാല്‍പനിക രചനകളില്‍ ഏര്‍പ്പെട്ട അധമ തൂലികരുടെ മഷിപാത്രത്തിലാണ് ഇടതുപക്ഷ സൈദ്ധാന്തികരും പലപ്പോഴും ആശ്രയം കണ്ടെത്തിയത്. അതിനാല്‍ സാമൂഹിക മണ്ഡലങ്ങളില്‍ കാഴ്ചപ്പെടുന്ന ഇസ്‌ലാമിന്റെ മതാധിഷ്ഠിത ആക്ടിവിസങ്ങളെ 'മതവര്‍ഗീയത' എന്ന് നികൃഷ്ടവത്കരിക്കാനാണ് ക്ലാസിക്കല്‍ ഇടതുപക്ഷം തുനിഞ്ഞത്. മതത്തിന് സാമൂഹികതയില്‍ സഞ്ചരിക്കാന്‍ ഇടതുപക്ഷം നല്‍കിയ ഇഷ്ടദാനമാണ് വിമോചന ദൈവശാസ്ത്രം. ഭര്‍ത്താവിനെ പ്രത്യുല്‍പന്ന ശേഷിയില്ലാത്തവനെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വന്തം ലബോറട്ടറിയിലെ ബീജം ദമ്പതികളില്‍ അടിച്ചേല്‍പിക്കുന്ന ബൗദ്ധികമായ കുടിലതയുടെ ഒട്ടും പിന്നിലല്ല ഇത്. വിമോചന ദൈവശാസ്ത്രത്തിന് പതിച്ചുനല്‍കിയ ഭൂമികക്കപ്പുറം കടന്ന് മുഷ്ടിചുരുട്ടാന്‍ ധൈര്യം കാട്ടുന്നു എന്നതാണ് ഇസ്‌ലാമിന്റെ ഐഡിയോളജിക്കല്‍ സവിശേഷത. ''കമ്യൂണിസ്റ്റുകാര്‍ക്കുള്ള ഏറ്റവും വലുതും അപകടകരവുമായ തെറ്റുകളില്‍ ഒന്ന് വിപ്ലവകാരികളെ കൊണ്ടു മാത്രം ഒരു വിപ്ലവം പൂര്‍ത്തീകരിക്കാമെന്ന ധാരണയാണ്'' എന്ന ലെനിന്റെ പ്രസ്താവത്തെ അന്വര്‍ഥമാക്കും വിധത്തില്‍ ഇതര സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കെല്ലാം ഭ്രഷ്ട് കല്‍പിക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിലെ യാഥാസ്ഥിതിക ഇടതുപക്ഷം എക്കാലവും നടത്തിയിട്ടുള്ളത്. കര്‍ദിനാളില്‍ നിന്ന് ബൈബിള്‍ സ്വീകരിച്ച കാസ്‌ട്രോയോട് താങ്കള്‍ക്ക് അസ്വസ്ഥതയുണ്ടോ എന്ന് തിരക്കിയപ്പോല്‍ അദ്ദേഹം ചോദിച്ചത് ''എന്തിന്? ഇതൊരു മഹത്തായ ഗ്രന്ഥമാണ്. കുട്ടിയായിരിക്കുമ്പോള്‍ ഞാനിത് വായിച്ചിട്ടുണ്ട്. പഠിച്ചിട്ടുണ്ട്. എനിക്ക് താല്‍പര്യമുള്ള പല കാര്യങ്ങളും ഓര്‍മ പുതുക്കാന്‍ ഞാനിത് ഉപയോഗിക്കും'' എന്നാണ്. ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ക്യൂബന്‍ കന്യാസ്ത്രീകളെ കുറിച്ച് അദ്ദേഹം പറഞ്ഞത് ''കുഷ്ടം, ക്ഷയം ആദിയായ സാംക്രമിക രോഗങ്ങള്‍ ബാധിച്ചിരിക്കുന്നവരെ അവര്‍ ശുശ്രൂഷിക്കുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് അവര്‍ ചെയ്യുന്നത്'' എന്നായിരുന്നു. കാസ്‌ട്രോയില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ ഇടതുപക്ഷം നവ സാമൂഹിക പ്രസ്ഥാനങ്ങളോട് എടുക്കുന്ന അന്ധമായ വിമര്‍ശനജാടകള്‍ക്ക് കാരണം അത് സ്വാംശീകരിച്ചിരിക്കുന്നത് ആധുനികവും സവര്‍ണവുമായ ഒരു ചിന്താപരിസരത്തെയാണ് എന്നതിനാലാണ്. അതിനാല്‍ ചരിത്രപരമായി സംഭവിച്ച ഈ വീഴ്ചയെ മറികടന്ന് ഭീഷണമായ പുതുലോകത്ത് 'കമ്യൂണിസ്റ്റ് കന്യകത്വ'ത്തിന്റെ വേലിക്കെട്ടുകള്‍ ഭേദിച്ച് പുറത്തുകടക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമേ ഇടതുപക്ഷത്തിന് ഇസ്‌ലാമടക്കമുള്ള ഇതര സാമൂഹിക സംഘാടകത്വങ്ങളുമായി ഒരു ഐക്യം സാധ്യമാവൂ.
(തുടരും)
[email protected]

കുറിപ്പുകള്‍
21. പെരിന്തല്‍മണ്ണയിലെ ഈ പ്രസംഗം ബ്രിട്ടീഷ് രഹസ്യ കേന്ദ്രങ്ങള്‍ രേഖപ്പെടുത്തുകയും അന്നത്തെ സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കോഴിക്കോട് പുരാകേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന ഇതിന്റെ കോപ്പി ഈയിടെ കണ്ടെത്തിയത് ഡോ. ഹുസൈന്‍ രണ്ടത്താണിയാണ്. എന്‍.എസ് സജിത്ത് എഡിറ്റ് ചെയ്ത് പ്രോഗ്രസ് പുറത്തിറക്കിയ മലബാര്‍ കലാപത്തിന്റെ ആഹ്വാനം എന്ന പുസ്തകത്തില്‍ ഇത് എടുത്തു ചേര്‍ത്തിട്ടുണ്ട്.
22. 1943-ല്‍ പ്രസിദ്ധീകരിച്ച ലഘുലേഖയുടെ പൂര്‍ണ രൂപം കേരളത്തിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ ലഘുചരിത്രം എന്ന കൃതിയിലും ഇ.എം.എസ് സമ്പൂര്‍ണ കൃതികള്‍ സഞ്ചിക 5-ലും എടുത്തു ചേര്‍ത്തിട്ടുണ്ട്.
23. എം.ജി.എസ് നാരായണന്റെ ചരിത്ര രചന തന്നെ മറ്റൊരു ഭാഗത്ത് ഈ വാദത്തെ തകര്‍ക്കുന്നുണ്ട്. കോഴിക്കോട് എത്തിയ വാസ്‌കോഡഗാമയുമായി ആദ്യം സന്ധിക്കുന്നത് ആഫ്രിക്കയിലെ ടൂണീസ് നഗരക്കാരായ രണ്ട് മുസ്‌ലിംകളായിരുന്നു. ഗാമയുടെ സന്ദേശവാഹകര്‍ ഇവരെ ആദ്യം സമീപിച്ചപ്പോള്‍ അവര്‍ ഗോതമ്പിന്റെ അപ്പവും തേനും കൊടുത്ത് പറങ്കികളെ സ്വീകരിച്ചു. ശേഷം കപ്പലില്‍ പോയി ഗാമയെ കണ്ട അവര്‍ പറഞ്ഞത്: 'നിങ്ങള്‍ ദൈവത്തോട് നന്ദി പറയൂ; നന്ദി പറയൂ. അത്ര സമ്പന്നമായ രാജ്യത്താണ് എത്തിയിട്ടുള്ളത്' എന്നാണ് (നാരായണന്‍, കോഴിക്കോടിന്റെ ചരിത്രം, 2011:48).

Comments