വീരപുത്രന്റെ വില്‍പനമൂല്യം
കോഴിക്കോട്ടെ ഫാറൂഖ് കോളേജില്‍ ഈയിടെ നടന്ന യു.ജി.സി സെമിനാറില്‍ പങ്കെടുക്കവെ വളരെ കയ്‌പേറിയ ഒരനുഭവത്തിന് ഞാനിരയായി. യുവ സംവിധായകനായ എം.ജി ശശിയുമായുള്ള ഓപണ്‍ ഫോറത്തില്‍ വളരെ സ്വാഭാവികമായ ഒരു ചോദ്യം ചോദിച്ചതിന് അത്യധികം അക്ഷമയോടെ അദ്ദേഹം എന്നെ ആക്ഷേപിക്കുകയും ഇകഴ്ത്തി സംസാരിക്കുകയും ചെയ്തു. കലാകാരന്റെ സ്വാതന്ത്ര്യത്തിനു നേരെ ആരും വിരലനക്കരുത് എന്ന ധാര്‍ഷ്ട്യം മാത്രമല്ല അത്. കച്ചവടത്തിന് തയാറാക്കുന്ന ഒരു കലാസൃഷ്ടി സംശയങ്ങള്‍ക്കതീതമായി ശുദ്ധമാണ് എന്ന അഹങ്കാരം കൂടി അതിലുണ്ട്.
കാമ്പസ്സുകള്‍ പ്രണയത്തിന്റെ വസന്തമാണെന്നും എല്ലാ കുട്ടികളും മതിമറന്ന് പ്രണയിക്കണമെന്നും ആഹ്വാനം ചെയ്താണ് സെമിനാറിലെ മുഖാമുഖത്തില്‍ സംവിധായകന്‍ പ്രസംഗമാരംഭിച്ചത്. തുടര്‍ന്ന് സ്വന്തം ചെറുസിനിമ (ഒളിച്ചേ... കണ്ടേ...) പ്രദര്‍ശിപ്പിച്ചു. കാഴ്ചക്കാരെ കരയിപ്പിക്കുംവിധം മെലോഡ്രാമ കലര്‍ത്തി കണ്ണീരില്‍ ചാലിച്ചു ചെയ്ത ആ കലാസൃഷ്ടി വിലകുറഞ്ഞ വൈകാരികതയല്ലേ ഉല്‍പാദിപ്പിക്കുന്നത് എന്നേ ഞാന്‍ ചോദിച്ചുള്ളൂ. അത്തരം അയഥാര്‍ഥമായ സെന്റിമെന്‍സുകള്‍ കലയായി കാഴ്ചക്കാരുടെ മുന്നിലെത്തിച്ച് ജനപ്രിയ സിനിമക്കാര്‍ കോടികള്‍ സമ്പാദിക്കുന്നത് ശരിയായ കലയോ സാമൂഹികപ്രതിബദ്ധതയോ അല്ല എന്നേ ഞാന്‍ വാദിച്ചുള്ളൂ. രണ്ടിനെയും ന്യായീകരിക്കുകയാണ് ആ സംവിധായകന്‍ ചെയ്തത്. മലയാള സിനിമയെ രക്ഷിക്കുന്നത് 'ഷക്കീല'യാണെങ്കില്‍തന്നെയും അത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞുകളഞ്ഞു. കണ്ണീരും കാമവും ഉല്‍പാദിപ്പിച്ച് പണം സമ്പാദിക്കുന്നത് ശരിയാണുപോലും. തരളവികാരങ്ങള്‍ കലക്ക് പ്രധാന ചേരുവയായി ഉപയോഗിക്കുന്നത് കേമത്തമാണുപോലും. ആള്‍ദൈവങ്ങള്‍ കോടികള്‍ സമ്പാദിക്കുന്നതിനും ഇതേ ന്യായം മതിയാവുകയില്ലേ എന്ന് ഞാന്‍ തുടര്‍ന്ന് ചോദിച്ചതും അദ്ദേഹം കോപാകുലനായി. എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ തുടങ്ങി. മറ്റൊരു സ്ഥാപനത്തില്‍, അദ്ദേഹത്തെപ്പോലെ ക്ഷണിതാവായ ഞാന്‍ അധ്യാപകരുടെ അഭ്യര്‍ഥനമാനിച്ച് പൊറുമയോടെ മൗനംപാലിച്ചു.
യഥാര്‍ഥത്തില്‍ കല അത്രയും പവിത്രമായ ഒന്നാണോ? അതില്‍ തെറ്റും ശരിയുമുണ്ടാവില്ലേ? ജനപ്രിയമായ ചേരുവകള്‍ കലയുടെ പേരില്‍ വാരിക്കോരി നല്‍കി സിനിമയും സാഹിത്യവും ചിത്രകലയും വിറ്റൊഴിക്കുന്നത് ന്യായമോ? ഇത്രയും സന്ദേഹങ്ങള്‍ എന്നില്‍ വീണ്ടും ഉയര്‍ന്നുവന്നത് പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത് ജനങ്ങള്‍ക്കു മുമ്പിലെത്തിച്ച 'വീരപുത്രന്‍' എന്ന സിനിമ കണ്ടശേഷമാണ്. മലബാറിന്റെ വീരപുത്രനായ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ചരിത്രത്തെ കലാത്മകമായി സമീപിക്കുന്ന കഥയാണ് സിനിമയുടേത്. എന്‍.പി മുഹമ്മദിന്റെ നോവലാണ് അതിനാസ്പദിച്ചത്. സിനിമ ചരിത്രത്തില്‍നിന്ന് തീര്‍ത്തും മുക്തമല്ല. എന്നുവെച്ച് ചരിത്രത്തെ വിരസമായി പറഞ്ഞൊതുക്കുന്ന ഡോക്യുമെന്ററിയുമല്ല. ഇക്കാര്യം സംവിധായകന്‍ സിനിമക്കുമുമ്പേ എഴുതിക്കാണിച്ച് മുന്‍കൂര്‍ജാമ്യമെടുക്കുന്നുണ്ട്. ഭാവനക്കും യാഥാര്‍ഥ്യത്തിനുമിടയിലൂടെ സിനിമയെ മുന്നോട്ട് നയിക്കാന്‍ അസാധാരണമായ സര്‍ഗശേഷിയും കൈയടക്കവും സംവിധായകനു വേണം. എന്നാല്‍, എം.ജി.ആറിന്റെ ജീവചരിത്രത്തെ ആലങ്കാരികമായി മാത്രം സ്പര്‍ശിക്കുന്ന 'ഇരുവര്‍' (സംവിധാനം മണിരത്‌നം), സുബ്രഹ്മണ്യ ഭാരതി എന്ന തമിഴ് കവിയുടെ ജീവിതം അനിതരസാധാരണമായ മിഴിവോടെ ചിത്രീകരിച്ച 'ഭാരതി' (സംവിധാനം ജ്ഞാനരാജശേഖരന്‍) തുടങ്ങിയ ദക്ഷിണേന്ത്യന്‍ സിനിമകള്‍ നല്‍കിയ കാഴ്ചാനുഭവം പകരാന്‍ 'വീരപുത്ര'നായിട്ടില്ല എന്നത് എന്റെ വ്യക്തിപരമായ നിരീക്ഷണം മാത്രമാകാം. എങ്കിലും കൊള്ളിമീന്‍ പോലെ കേരളത്തിന്റെ ചരിത്രവിഹായസ്സില്‍ ഉദിച്ചസ്തമിച്ച ആ മഹാനുഭാവന്റെ ജീവിതം അഭ്രപാളികളിലേക്ക് ചേര്‍ത്തുവെക്കാന്‍ തയാറായി എന്നതുകൊണ്ടുമാത്രം പി.ടി കുഞ്ഞുമുഹമ്മദ് അഭിനന്ദനമര്‍ഹിക്കുന്നു.
മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ പ്രസിദ്ധമായ ഗാംഭീര്യവും ധൈഷണികാകാരവും നരേന്‍ എന്ന നടന്റെ ശരീരഭാഷക്കും കണ്ണുകള്‍ക്കുമില്ല. അതുകൊണ്ടുതന്നെ പല രംഗങ്ങളും സിനിമയില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന കൃത്രിമ മാനിനെപ്പോലെ ഒട്ടിച്ചുവെച്ചപോലെ തോന്നി. ചിത്രത്തില്‍ നായിക (സാഹിബിന്റെ പത്‌നി ബീഫാത്തിമ) ആയി അഭിനയിക്കുന്നത് പ്രസിദ്ധ ബോളിവുഡ് നടിയായ റീമാ സെന്‍ ആണ്. ശരീരപ്രദര്‍ശനത്തിന് പേരുകേട്ട അഭിനേത്രിയാണ് അവര്‍. മലയാളിയുടെ കാഴ്ചയരങ്ങിലേക്ക് ബംഗാളി റോയല്‍ ശരീരവുമായി റീമാസെന്‍ വരുമ്പോള്‍ എന്തെങ്കിലുമൊക്കെ ചിലരെങ്കിലും പ്രതീക്ഷിക്കില്ലേ എന്ന് സംവിധായകന്‍ കരുതിയിരിക്കണം. അതുകൊണ്ടായിരിക്കണം വീരപുരുഷന്റെയും നായികയുടെയും കിടപ്പറരംഗങ്ങളും പ്രണയ ചേഷ്ടകളും ഒരു പാട്ടു മുഴുക്കെയും നിറയുന്ന ആഭാസം നാം കണ്ടിരിക്കേണ്ടിവരുന്നത്. അതിനാലാണ് എം.ജി ശശി എന്ന സംവിധായകനോട് ചോദിച്ച അതേ ചോദ്യം പി.ടി കുഞ്ഞിമുഹമ്മദിനോടും നാം ചോദിക്കുന്നത്.
ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ചരിത്രപുരുഷന്റെ കഥ വെള്ളിത്തിരയിലെത്തുമ്പോള്‍ ഓരോ ഫ്രൈമും മുഖ്യകഥാപാത്രത്തിന്റെ പൊതുസ്വഭാവത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഭംഗി. അക്കാര്യത്തില്‍ മികച്ച ഉദാഹരണമാണ് റിച്ചാര്‍ഡ് ആറ്റംബറോയുടെ 'ഗാന്ധി' എന്ന ചലച്ചിത്രം. ഹിറ്റ്‌ലറുടെ കഥപറയാന്‍ മാര്‍ട്ടിന്‍ ലൂഥര്‍കിംഗിന്റെ സ്വഭാവം സ്വീകരിക്കുന്നത് ഉചിതമല്ലല്ലോ. അതുപോലെ അസ്വാഭാവികമാണ് രാജാരവിവര്‍മയുടെ ജീവിതം ചിത്രീകരിക്കുന്നതുപോലെ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ജീവിതം പകര്‍ത്തുന്നത്. അദ്ദേഹം ഭാര്യയെ അകമഴിഞ്ഞ് സ്‌നേഹിച്ചിരിക്കാം. അവര്‍ തമ്മില്‍ അഗാധമായ പ്രണയമുണ്ടായിരിക്കാം. അവ പക്ഷേ പ്രേക്ഷകര്‍ക്കുമുമ്പില്‍ വിശദമായി കാണിക്കുന്നത് സംവിധായകന്റെ ലാഭക്കൊതിതന്നെയാണ്. ഇ.എം.എസ് സ്വന്തം ഭാര്യയെ സ്‌നേഹിച്ചിരുന്ന മറ്റൊരു രാഷ്ട്രീയ നേതാവുതന്നെയല്ലേ, അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതുന്ന ഒരാള്‍ നമ്പൂതിരിപ്പാടിന്റെ കിടപ്പറ രംഗങ്ങള്‍ വള്ളിപുള്ളിവിടാതെ കലാപരമായി വര്‍ണിക്കുന്നത് എത്രയും ആഭാസമല്ല? എഴുതുന്നത് ആഭാസമാകുമെങ്കില്‍ കാണിക്കുന്നത് അതിലേറെ വഷളത്തരമാവില്ലേ?
സിനിമയില്‍ നീണ്ടുനില്‍ക്കുന്ന അത്തരം രംഗങ്ങളില്‍ തിയ്യേറ്ററിനുള്ളില്‍ നിന്നു കേള്‍ക്കുന്ന കമന്റുകള്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് എന്ന ആദര്‍ശധീരനെ സ്‌നേഹിക്കുന്ന ആരിലും വേദനയുണ്ടാക്കും. ഇത്തരമൊരു സിനിമയില്‍ നായികയുടെ കുളിയും കിടപ്പറരംഗങ്ങളും അത്യധികം ലൈംഗികച്ചുവയോടെ ചിത്രീകരിച്ചത് ഏതു കലയുടെ പേരിലാണ് ന്യായീകരിക്കുക? ഒരു ചരിത്രപുരുഷനെക്കുറിച്ചുള്ള സിനിമയിലെ നായികയുടെ മരണം കഴിഞ്ഞയുടനെ 'ആ പീസും പോയി, ഇനി ഇരുന്നിട്ടെന്താ കാര്യം' എന്ന് വിളിച്ചു പറഞ്ഞ് ഒരുകൂട്ടം പയ്യന്മാര്‍ തിയേറ്റര്‍ വിടുന്ന അത്യപൂര്‍വ യഥാര്‍ഥ രംഗത്തിനും ഞാന്‍ സാക്ഷിയായി. ഈ രംഗങ്ങള്‍ സിനിമയിലുണ്ട് എന്ന കാരണത്താല്‍ മാത്രം കുട്ടികളെ അത് കാണിക്കാന്‍ കഴിയില്ലല്ലോ എന്ന് സങ്കടപ്പെടുന്ന ചില പിതാക്കളെങ്കിലും കേരളത്തിലുണ്ട് എന്ന് ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക് ഓര്‍ക്കാമായിരുന്നു. പി.ടി കുഞ്ഞുമുഹമ്മദിന് വീരപുത്രനായ കഥാനായകനോട് എന്തെങ്കിലും ബഹുമാനമുണ്ടെങ്കില്‍ ആ പാട്ടുരംഗമെങ്കിലും സിനിമയില്‍ നിന്ന് പിന്‍വലിക്കണമെന്ന് ഇവിടെ ആവശ്യപ്പെടുന്നു.
എല്ലാ അര്‍ഥത്തിലും സിനിമ സംവിധായകന്റെ കലയാണ്. എന്നാല്‍ നിര്‍മാതാവ് മുടക്കുന്ന കോടികളാണ് സംവിധായകന്റെ പിന്‍ബലം. മുടക്കിയ മുതല്‍ തിരിച്ചുകിട്ടുക എന്നത് പരമപ്രധാനമാണ്. ചരിത്രത്തോട് സ്‌നേഹാദരവുകളുള്ളതുകൊണ്ടുമാത്രം, കലയോടുള്ള പ്രതിബദ്ധതകൊണ്ടുമാത്രം പത്തുപതിനഞ്ചു കോടി വെറുതെ മുടക്കാന്‍ ഒരു കോടീശ്വരനും തയാറാകില്ല. തിയേറ്ററുകളിലേക്ക് ആളുകളെ എത്തിക്കാന്‍ എന്തുവഴിയും സ്വീകരിക്കാം. വിലകുറഞ്ഞ ഹാസ്യവും കണ്ണീരില്‍ കുഴഞ്ഞ രംഗങ്ങളും ലൈംഗിക കേളികളും ചോരക്കളികളും പലരും അതിനു വഴിയായി സ്വീകരിക്കുന്നു. പി.ടി കുഞ്ഞുമുഹമ്മദ് സ്വീകരിച്ചത് നായികയുടെ ശരീരവും കിടപ്പറരംഗങ്ങളുമാണെന്നു മാത്രം. പക്ഷേ അതിന് കലയെന്നുമാത്രം പറയരുതേ. അത് ചരിത്രത്തോടുള്ള അടങ്ങാത്ത സ്‌നേഹമാണെന്നുമാത്രം ന്യായീകരിക്കരുതേ. അത് കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്ന് മേനിനടിക്കരുതേ.
പിന്‍വാതില്‍ - എന്നാല്‍ റിലീസ് ചെയ്തതിന്റെ പിറ്റേന്നാള്‍ത്തന്നെ സിനിമ വിവാദമായത് ഇക്കാര്യത്തിലൊന്നുമല്ല. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെ വിഷം കൊടുത്തു കൊന്നതാണെന്ന ദുസ്സൂചന സിനിമയിലുണ്ടെന്നും അത് തന്റെ കുടുംബത്തിന് മാനഹാനിയുണ്ടാക്കുന്നുവെന്നും ആരോപിച്ച് ഹമീദ് ചേന്ദമംഗലൂര്‍ രംഗത്തെത്തി. അത്തരമൊരു സൂചന സിനിമയിലുണ്ടെന്നത് സത്യം തന്നെ. അത് ദുസ്സൂചനയല്ല. കഥ പറയുന്ന ചരിത്ര പ്രഫസറുടെ ക്ലാസ്സുറൂം സിനിമയുടെ തുടക്കത്തിലേ ആ നാട്ടുസംസാരത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നുണ്ട്. കഥാന്ത്യത്തില്‍ ചെറിയൊരു വിഭ്രമം കാഴ്ചക്കാരില്‍ സംവിധായകന്‍ സൃഷ്ടിക്കുന്നുമുണ്ട്. അത് തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കുന്നുവെന്നും സിനിമ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കണമെന്നുമാണ് ഹമീദ് ആവശ്യപ്പെടുന്നത്.
സല്‍മാന്‍ റുഷ്ദി മുതല്‍ തസ്‌ലീമാ നസ്‌റിന്‍ വരെയുള്ള കലാകാര്‍ക്ക് എന്തും ആവിഷ്‌കരിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന് വാദിച്ചു വാദിച്ച് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രവാചകരായി സ്വയം വേഷം കെട്ടിയവര്‍ സ്വന്തം കുടുംബത്തിനു നേരെ ഒരു സൂചന വന്നപ്പോഴേക്കും സ്വീകരിച്ച നിലപാടു കണ്ടില്ലേ, ബഹുകേമം!
എന്നാല്‍, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ പ്രിയപത്‌നിയുടെ അര്‍ധനഗ്നശരീരവും കിടപ്പറരംഗങ്ങളും പ്രദര്‍ശിപ്പിച്ചത് ആര്‍ക്കാണ് മാനഹാനിയുണ്ടാക്കുക? അതിനെതിരെ ആരാണ് പ്രസ്താവനയിറക്കുക? പാവം വീരപുത്രന്‍.
9895 437056
[email protected]
Comments