Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 29

ദുരവസ്ഥ: ആശാന്ന് പറയാനുള്ളത് കൂടി കേള്‍ക്കണം

വി. മുഹമ്മദ് കോയ ആരാമ്പ്രം

കുമാരനാശാന്റെ ദുരവസ്ഥയെ ആരും ന്യായീകരിക്കുന്നില്ല. പക്ഷേ, അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുകയാണുണ്ടായത്. 'മാപ്പിളമാര്‍ പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരത്തെയും ആദര്‍ശത്തെയും അസഭ്യം കൊണ്ട് മൂടുന്നു' ദുരവസ്ഥയിലെന്ന് സമദ് കുന്നക്കാവ് എഴുതുന്നു.(ലക്കം: 16) ദുരവസ്ഥ അതെഴുതിയ കാലം മുതല്‍ തന്നെ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. അതിപ്പോഴും തുടര്‍ന്നുപോരുന്നുമുണ്ട്. തിരുവിതാംകൂറിലെ മുസ്‌ലിം യുവജന സംഘടന ദുരവസ്ഥക്കെതിരെ പ്രമേയം പാസ്സാക്കിയതറിഞ്ഞപ്പോള്‍ ആശാന്‍ അവര്‍ക്കയച്ച കത്ത് ആശാന്‍ പഠനങ്ങളിലും ജീവചരിത്ര കുറിപ്പുകളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. വിമര്‍ശകരുടെ അറിവിലേക്കായി അത് പകര്‍ത്തട്ടെ.
''മാന്യരേ,
നിങ്ങളുടെ 24-ാം നുത്തെ കത്തും പ്രതിഷേധ യോഗത്തിലെ കുറിപ്പും കിട്ടി.
'ദുരവസ്ഥ' എന്ന എന്റെ കൃതിയില്‍ നിങ്ങളുടെ മതത്തെയും സമുദായത്തെയും പൊതുവെ സ്പര്‍ശിക്കുന്നതായി, സഭ്യേതരമായ യാതൊരു വാക്കും പ്രയോഗിച്ചിട്ടുള്ളതായി ഓര്‍ക്കുന്നില്ല. മലബാറില്‍ ലഹള നടത്തിയ അക്രമികളായ മുഹമ്മദീയരെയും മതഭ്രാന്തിനെ മുന്‍നിര്‍ത്തിയുള്ള അവരുടെ പൈശാചിക പ്രവൃത്തികളെയും അതില്‍ കാവ്യയോഗ്യമായ വിധത്തില്‍ വര്‍ണിച്ചിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ രസാനുഗുണമായും ലഹളയെ സംബന്ധിച്ചു ഞാന്‍ അറിഞ്ഞിട്ടുള്ള വാസ്തവങ്ങളെ അടിസ്ഥാനമാക്കിയും ചെയ്തിട്ടുള്ള പദപ്രയോഗങ്ങള്‍ അവരെയും അവരുടെ പ്രവൃത്തികളെയും മാത്രം കുറിക്കുന്നവയാണ്. ദുരവസ്ഥമായ മതത്തെയോ സമുദായത്തെയോ അതുകള്‍ വിവക്ഷിക്കുന്നില്ല. ശാന്തമായ മനസ്ഥിതിയോടു കൂടി പുസ്തകം ദയവ് ചെയ്ത് ഒരിക്കല്‍ കൂടി വായിച്ചു നോക്കിയാല്‍, വാസ്തവം നിങ്ങള്‍ക്ക് വെളിവാകുന്നതാണ്. ആ കൃതിയുടെ ഉദ്ദേശ്യം തന്നെ സമുദായ പരിഷ്‌കരണമാണ്. ഒരു കാവ്യത്തില്‍ ദോഷങ്ങളെ ദുഷിപ്പിക്കുന്നത് അവയില്‍ നിന്ന് മുക്തമാക്കി വ്യക്തികളെയും സമുദായത്തെയും ശുദ്ധീകരിക്കണമെന്നുള്ള സദുദ്ദേശ്യത്തോടു കൂടിയാണ്. ഈ കൃതിയിലും അപ്രകാരമേ ചെയ്തിട്ടുള്ളൂ. ഹിന്ദുമതത്തിലെയും മുഹമ്മദ് മതത്തിലെയും ഉത്തമാദര്‍ശങ്ങള്‍ക്കും, രണ്ട് മതത്തിലെയും ഉത്തമാനുയായികള്‍ക്കും അതില്‍ ആക്ഷേപാര്‍ഹമായി ഒന്നും ഉണ്ടായിരിക്കില്ലെന്നാണ് എന്റെ വിശ്വാസം.
വിശേഷിച്ചും പല സംഗതിയിലും എനിക്ക് ബഹുമാനുള്ള മുസ്‌ലിം മതത്തെയും, അനവധി യോഗ്യന്മാരും എനിക്കു തന്നെ പല മാന്യ സ്‌നേഹിതന്മാരുമുള്ള നിങ്ങളുടെ സമുദായത്തെയും വൃഥാ ആക്ഷേപിച്ചു അസംതൃപ്തി സമ്പാദിപ്പാനുള്ള ഉദ്ദേശ്യത്തോട് കൂടിയാണ് ഈ കൃതിയെഴുത്തില്‍ ഞാന്‍ സമയവ്യയം ചെയ്തതെന്ന് തീരുമാനിക്കുന്നത് കഷ്ടമല്ലേ?
അതുകൊണ്ട് വൃഥാ തെറ്റിദ്ധരിച്ചു ക്ഷോഭമുണ്ടാക്കാതിരിക്കാന്‍ പ്രതിഷേധക്കാരോട് ഞാന്‍ സ്‌നേഹപൂര്‍വം അപേക്ഷിക്കുന്നതായി അറിയിപ്പാന്‍ താല്‍പര്യപെടുന്നു.
എന്ന്,
എന്‍. കുമാരനാശാന്‍''
(അടിവര കുറിപ്പുകാരന്റേത്. മാതൃഭൂമി ആഴ്ചപതിപ്പ്, 1998 ഡിസംബര്‍ 27).
ബ്രിട്ടീഷ് ഇന്ത്യയിലെ പബ്ലിക് റിലേഷന്‍ വകുപ്പ് പുറത്തിറക്കിയ പ്രസിദ്ധീകരണത്തിലാണത്രെ കുമാരനാശാന്‍ മലബാര്‍ കലാപത്തെക്കുറിച്ചറിയുന്നത്. അദ്ദേഹം എന്നെങ്കിലും മലബാറിലേക്ക് വന്നിട്ടുള്ളതായി തോന്നുന്നില്ല. ഇക്കാലത്തും മലബാറും തിരുവിതാംകൂറുമായി സാംസ്‌കാരിക അകലം പാലിക്കുന്നുണ്ടെങ്കില്‍, ഏകദേശം ഒരു നൂറ്റാണ്ട് കാലത്തിനപ്പുറത്തെ കഥ പറയേണ്ടതുണ്ടോ. ആ നിലക്കാണ് ആശാന്‍ കാവ്യം രചിച്ചത്. മറ്റൊന്നു കൂടി പറയേണ്ടതുണ്ട്. ദുരവസ്ഥ ഇറങ്ങിയ സമയത്ത് ഒരു പുലര്‍കാലത്ത് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി തോന്നക്കലിലുള്ള കുമാരനാശാന്റെ വീട്ടില്‍ ചെന്ന് കവിയെ കാണുകയുണ്ടായി. ദുരവസ്ഥ മൂലം മുസ്‌ലിംകള്‍ക്കുണ്ടായിട്ടുള്ള മനഃപ്രയാസം അദ്ദേഹം കവിയെ അറിയിച്ചു. ആശാന്‍ വളരെ ഖേദം പ്രകടിപ്പിക്കുകയും താന്‍ ഉടന്‍ തന്നെ പ്രവാചകനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരു കാവ്യം രചിക്കുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍, പല്ലനയാറ്റിലെ ആ മഹാദുരന്തം കാരണം സഹൃദയ കേരളത്തിന് അത് ലഭിക്കുകയുണ്ടായില്ല.
ആശാന്‍ വിമര്‍ശകര്‍ മനഃപൂര്‍വം കണ്ടില്ലെന്ന് നടിക്കുന്ന ദുരവസ്ഥയിലെ ചില വരികളെക്കുറിച്ച് എന്താണ് പറയാനുള്ളത്.
''എത്രയോ ദൂരം വഴി തെറ്റി നില്‍ക്കേണ്ടോ
രേഴച്ചെറുമന്‍ പോയ് തൊപ്പിയിട്ടാല്‍
ചിത്രമവനെത്തിച്ചാരത്തിരുന്നിടാം
ചെറ്റും പേടിക്കേണ്ടാ നമ്പൂരാരേ
ഇത്ര സുലഭവുമാശ്ചര്യവുമായി-
സ്സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കില്‍
ബുദ്ധിയോള്ളോരിങ്ങാ ശ്രേയസ്സുപേക്ഷിച്ചു
ബദ്ധരായ് മേവുമോ ജാതി ജേലില്‍''
തന്റെ കൃതികളില്‍ വിലക്ഷണമെന്നും ചെറുശ്ശേരിയുടെ കൃഷ്ണഗാഥ മട്ടില്‍ എഴുതിയതാണെന്നും ആശാന്‍ തന്നെ പറഞ്ഞ ഒരു കാവ്യത്തിന്റെ പേരില്‍ മഹാകവിയെ ഇനിയും കുരിശില്‍ കയറ്റേണ്ടതുണ്ടോ?

Comments