Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 29

മിശിഹയുടെ വഴി കാര്യസ്ഥന്റെയും

സ്വലാഹുദ്ദീന്‍ ചേരാവള്ളി

പ്രേക്ഷിത പ്രവര്‍ത്തന രംഗത്ത് ഏറെക്കാലം പ്രവര്‍ത്തിച്ചതിനു ശേഷം ഇസ്‌ലാം ആശ്ലേഷിച്ച മുഹമ്മദ് ഈസയെന്ന ചെറുപ്പക്കാരനെഴുതിയ പ്രൗഢവും പഠനാര്‍ഹവുമായ ഒരു പുസ്തകമാണ് 'ക്രിസ്തുമാര്‍ഗം- വസ്തുതയെന്ത്?' എന്ന കൃതി. 'തറവാട്ടില്‍നിന്ന് കുടിയൊഴിഞ്ഞു മറ്റൊരു തറവാട്ടില്‍ പാര്‍പ്പുറപ്പിക്കുന്ന ആളോട് തറവാട് വിട്ടുപോകാനുള്ള കാരണമന്വേഷിച്ചാല്‍ പറയുംപോലെയുള്ള ഒരു ന്യായം' എന്ന മുന്‍വിധിയോടെയാണ് പുസ്തകം കൈയിലെടുത്തത്. പക്ഷേ, വായിച്ചുതുടങ്ങിയപ്പോള്‍ അത്തരം കുശുമ്പും കുറുമ്പുമല്ല കൂടൊഴിയാന്‍ കാരണമെന്ന് വ്യക്തമായി ബോധ്യപ്പെട്ടു. സഭ്യതയുടെയും വിവേകത്തിന്റെയും മാര്‍ഗമവലംബിച്ചിട്ടുള്ള സമര്‍ഥന രീതി എതിരാളികളുടെ പോലും ആദരവ് പിടിച്ചുപറ്റാന്‍ പര്യാപ്തമാണ്.
പൗലോസ് അപ്പോസ്തലനെക്കുറിച്ചുള്ള ക്രൈസ്തവ ധാരണകളെ അഗാധമായ വേദപാഠത്തിന്റെയും യുക്തിയുടെയും പിന്‍ബലത്തിലാണ് മുഹമ്മദ് ഈസ പരിശോധിക്കുന്നത്. മഹാനായ യേശു മശീഹയുടെ സാക്ഷാല്‍ അധ്യാപനത്തിന് വിപരീതമാണ് പൗലോസിന്റെ തത്ത്വശാസ്ത്രമെന്ന് കൃത്യവും വ്യക്തവുമായി ബോധ്യപ്പെടുത്താന്‍ ഗ്രന്ഥകാരന്‍ ഖണ്ഡിതമായ 'ബൈബിള്‍ വാക്യങ്ങള്‍' ഉദ്ധരിച്ച് സ്ഥാപിക്കുന്നുണ്ട്. ജൂതപാരമ്പര്യത്തില്‍ ഊന്നിയ പ്രബോധനമായിരുന്നു യേശുവും ശിഷ്യന്മാരും പിന്തുടര്‍ന്നതെങ്കില്‍ ജൂതേതരര്‍ക്കിടയിലെ അനായാസകരമായ പ്രവര്‍ത്തനത്തിനുതകുന്ന ചേരുവകള്‍ ചേര്‍ത്ത് പാകപ്പെടുത്തിയ ദര്‍ശനമാണ് പൗലോസ് ശ്ലീഹ രൂപകല്‍പന ചെയ്തത്. യേശു ന്യായപ്രമാണത്തിന്റെ അടിത്തറയില്‍ വിശ്വാസം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമ്പോള്‍ പൗലോസ് സ്വന്തം തത്ത്വശാസ്ത്രത്തില്‍ വിശ്വാസം കെട്ടിപ്പടുക്കുന്നു. അതിനു വേണ്ടി 'ന്യായപ്രമാണം ശാപഗ്രസ്ത'മെന്നു പറയുന്നു. പൗലോസ് രൂപകല്‍പന ചെയ്തതും സുന്നഹദോസുകളില്‍ വികാസം പ്രാപിച്ചതുമായ നവ റോമന്‍ സംസ്‌കാരമാണ് അഭിനവ ക്രൈസ്തവത. യേശുവിന്റെ കലര്‍പ്പില്ലാത്ത അധ്യാപനങ്ങളാണ് പത്രോസിന്റെ നേതൃത്വത്തിലുള്ള ശിഷ്യന്മാര്‍ പ്രബോധനം ചെയ്തത്. ഇതിനെ യരുശലേം സഭയെന്നും പൗലോസ് രൂപം കൊടുത്ത അന്തോക്യന്‍ ക്രിസ്തീയ സഭയെന്നും രണ്ട് ക്രൈസ്തവ ധാരകളായി ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നു.
''യഹൂദരേതര വിശ്വാസികളും മോശൈക ന്യായപ്രമാണം നിര്‍ബന്ധമായും അനുഷ്ഠിക്കണമെന്ന പത്രോസിന്റെ തീരുമാനത്തെ പൗലോസ് എതിര്‍ത്തതോടെ യരുശലേമിലെ അപ്പോസ്തല സഭയും പൗലോസിന്റെ അന്തോക്യസഭയും തമ്മിലുള്ള ആദര്‍ശബന്ധം പൂര്‍ണമായും വേര്‍പ്പെട്ടു. അന്തോക്യയില്‍ നിന്ന് ക്രിസ്ത്യാനി എന്ന് വിളിപ്പേരു ലഭിച്ച ഇവരുടെ ഏക ആത്മീയ പിതാവായി പൗലോസ് സ്ഥാനമുറപ്പിച്ചു. യേശുവില്‍ വിശ്വസിക്കുകയും മോശൈക ന്യായപ്രമാണം ഉപേക്ഷിക്കുകയും ചെയ്യുക എന്ന തന്റെ സഭയുടെ മാത്രം പ്രത്യേകതയെ പിന്താങ്ങുന്ന ദൈവശാസ്ത്രം അദ്ദേഹം ആവിഷ്‌കരിച്ചു....... യരുശലേം സഭക്ക് തീര്‍ത്തും അന്യമായ ഒരു യേശുവിനെയും സുവിശേഷത്തെയും പ്രസംഗിക്കുന്നതോടൊപ്പം, അവര്‍ക്ക് അപരിചിതമായ ഒരു 'പരിശുദ്ധാത്മാവും' പൗലോസില്‍ നിന്ന് നിര്‍ഗളിച്ചു. അദ്ദേഹത്തിന്റെ സമ്പൂര്‍ണാധിപത്യത്തില്‍ സഭ പെട്ടെന്നു വളരാന്‍ തുടങ്ങി. പ്രത്യേകമായ നിയമങ്ങളോ പരിച്ഛേദന പോലുള്ള അനുഷ്ഠാനങ്ങളോ യാഗങ്ങള്‍ പോലുള്ള ചെലവേറിയ കര്‍മങ്ങളോ ഒന്നും ഇല്ലാത്തത് സഭയുടെ വളര്‍ച്ചക്ക് വേഗത കൂട്ടി'' (പേജ് 59,60).
പൗലോസിന്റെ അബദ്ധ സിദ്ധാന്തങ്ങള്‍ പിന്തുടര്‍ന്നിരുന്ന ഗലാത്യര്‍ പിന്നീട് അത് ഉപേക്ഷിച്ച് പത്രോസിന്റെ സഭയുടെ വിശ്വാസങ്ങള്‍ സ്വീകരിച്ചതറിഞ്ഞു അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ (ഗലാത്യര്‍ 1:6-9) മുഹമ്മദ് ഈസ ഉദ്ധരിക്കുന്നുണ്ട്. പൗലോസിന്റെ വിശ്വാസ വൈരുധ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഒട്ടേറെ ഉദ്ധരണികള്‍ ഗ്രന്ഥത്തിലുടനീളം ഉപയോഗിച്ചതായി കാണാം.
''വെളിപാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന് ശരീരത്തില്‍ ഒരു മുള്ള് എനിക്ക് നല്‍കപ്പെട്ടിരുന്നു. അതായത് എന്നെ ശല്യപ്പെടുത്തുന്നതിനും മതിമറന്ന് ആഹ്ലാദിക്കാതെ എന്നെ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള പിശാചിന്റെ ഒരു ദൂതന്‍ അത് എന്നെ വിട്ടുപോകുന്നതിന് വേണ്ടി മൂന്ന് പ്രാവശ്യം കര്‍ത്താവിനോട് ഞാന്‍ അപേക്ഷിച്ചു. എന്നാല്‍, അവിടുന്ന് എന്നോട് പറഞ്ഞത്, എന്റെ കൃപ നിനക്കു മതി. എന്തെന്നാല്‍ ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്'' (2 കൊരി 12:7-9). പിശാചിന്റെ ഒരു ദൂതന്‍ തന്നെ നിരന്തരം ബുദ്ധിമുട്ടിക്കുന്നതായി അദ്ദേഹം നിരന്തരം ആവലാതി പറയുമ്പോഴും, അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട ആ 'കര്‍ത്താവ്' അതിനെ ഒഴിവാക്കിക്കൊടുത്തിട്ടില്ല. ഇങ്ങനെ ലഭിച്ച വെളിപാടുകള്‍ മൂലം യഥാര്‍ഥ കര്‍ത്താവിന്റെ അപ്പോസ്തലന്മാരില്‍നിന്ന് ലഭിച്ച തിരിച്ചടികള്‍ എത്രത്തോളമെന്ന് മനസ്സിലാക്കുന്നവര്‍ക്ക് പൗലോസിന് പ്രത്യക്ഷപ്പെട്ട 'കര്‍ത്താവ്' ആരാണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ (പേജ് 69).
പൗലോസിന്റെ പ്രവര്‍ത്തനത്തെ വിലമതിക്കാത്ത പത്രോസ് കക്ഷികളെ പൗലോസ് ഇങ്ങനെ കുറ്റപ്പെടുത്തുന്നു:
''അവര്‍ ക്രിസ്തുവിനുള്ളവര്‍ എന്നു സ്വയം കരുതുന്നതുപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവര്‍ എന്ന് ധരിക്കട്ടെ'' (2 കൊരി 10:7).
എന്നാല്‍, പൗലോസിന്റെ പ്രേക്ഷിത വൃത്തി യരുശലേം സഭ വിലയിരുത്തുന്നത് കാണുക:
''അദ്ദേഹത്തിന്റെ (പൗലോസ്) ലേഖനങ്ങള്‍ ഘനഗംഭീരവും കരുത്തുറ്റതുമാണ്. എന്നാല്‍, ശാരീരിക സാന്നിധ്യം മതിപ്പു തോന്നാത്തതും സംസാരം കഴമ്പില്ലാത്തതുമാണ്'' (2 കൊരി 10:10) പേജ് 71.
ക്രിസ്തുവിന്റെ മതം, ധാര്‍മികതയുടെ മാനദണ്ഡം, ക്രിസ്തുവിന്റെ പിന്‍ഗാമി, ക്രിസ്തുവിന്റെ മിത്രങ്ങള്‍ എന്നീ അധ്യായങ്ങളിലായി യേശുവിന്റെയും മോശയുടെയും ദൗത്യങ്ങളുടെ സവിശേഷതകളും പിന്നീട് മുഹമ്മദീയ പ്രവാചകന്റെ നിത്യപ്രസക്തിയും സമര്‍ഥിച്ചുകൊണ്ടാണ് ഗ്രന്ഥം സമാപിക്കുന്നത്.
''സഹോദരന്മാരേ, ഒരു നിമിഷം ചിന്തിക്കുക. നമ്മള്‍ സ്‌നേഹിക്കുന്ന യേശുക്രിസ്തു ഇനിയും വരുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാനുള്ള സംഘത്തിലാണോ നിങ്ങള്‍ ഇന്നുള്ളത്. ഇതുവരെയും നിങ്ങള്‍ സ്‌നേഹിച്ചത് ക്രിസ്തുവിനെയാണെങ്കില്‍ നിങ്ങളുടെ മനസ്സില്‍ നിന്ന് പൗലോസിന്റെ സുവിശേഷത്തെ ദൂരെയെറിയുക. യഥാര്‍ഥ ക്രിസ്തുസംഘത്തില്‍ അണിചേരുക. നമുക്ക് സച്ചരിതരായ അബ്രഹാം, മോശ,  യേശു (അലൈഹിസ്സലാം), മുഹമ്മദ് (സ) തുടങ്ങിയ പ്രവാചകന്മാരുടെ മാര്‍ഗമാണ് വേണ്ടത്. മനുഷ്യബുദ്ധിയില്‍ ഉടലെടുത്ത ഒരു ജീവിതരീതിയും വിജയിക്കുകയില്ല. ഈ സത്യമാര്‍ഗത്തില്‍ നിങ്ങളെ തന്നെ സമര്‍പ്പിക്കുക. ജീവിതവിശുദ്ധി കൈവരിക്കുക. ദൈവത്തേക്കാള്‍ അധികമായി ഒന്നിനെയും സ്‌നേഹിക്കാതിരിക്കുക. പ്രവാചക മാതൃക പിന്‍പറ്റുക. മരണം വരെ വിശ്വസ്തനായിരിക്കുക. ഇങ്ങനെയുള്ളവരുടെ കര്‍മഫലം സ്വര്‍ഗമാണ്. ഒരിക്കലും നശിക്കാത്ത, ആര്‍ക്കും നമ്മളില്‍നിന്ന് വഞ്ചിച്ചെടുക്കാന്‍ കഴിയാത്ത മഹത്തായ ജീവിത സാഫല്യം. നിശ്ചയമായും ഇഹലോകത്തേക്കാള്‍ ഉത്തമം പരലോകം തന്നെ'' (പേജ് 176).
അനുബന്ധമായി ചരിത്ര പ്രധാന സംഭവങ്ങളുടെ കാല സൂചി, ചാവുകടല്‍ ചുരുളുകള്‍, ദൈവപുത്രത്വം സത്യവും മിഥ്യയും എന്നിവ പ്രബോധനാനുഭവങ്ങള്‍ അടക്കം ചേര്‍ത്തിട്ടുണ്ട്.
190 പേജുകളിലായി പരന്നു കിടക്കുന്ന വൈജ്ഞാനിക മുത്തുകള്‍ സത്യാന്വേഷികള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ്. 'ക്രിസ്തുവും ക്രിസ്തുമതവും', 'യഥാര്‍ഥ ക്രിസ്തു മാര്‍ഗം' എന്നീ തലക്കെട്ടുകളില്‍ രണ്ടു ഭാഗങ്ങളായി എഴുതിയിട്ടുള്ള ഈ ഗ്രന്ഥം നവാഗത പ്രസാധനാലയമായ ക്രിയേറ്റീവ്‌സിന്റെ രണ്ടാമത്തെ സംഭാവനയാണ്. നിച്ച് ഓഫ് ട്രൂത്തിന്റെ ദഅ്‌വാ ബുക്‌സാണ് വിതരണം ചെയ്യുന്നത്. വില 120 രൂപ. ഈ പുസ്തകത്തോടൊപ്പം മുഹമ്മദ് ഈസയുടെ പ്രൗഢമായ ഒരു പ്രഭാഷണത്തിന്റെ സി.ഡിയും സൗജന്യമായി ലഭിക്കും. ഇസ്‌ലാമിക പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ലൊരു മുതല്‍ക്കൂട്ടാണീ കൃതിയെന്ന കാര്യത്തില്‍ സംശയമില്ല.

Comments