പരിഹാരം ഇസ്‌ലാമില്‍
സാമ്പത്തിക പ്രതിസന്ധിയും തലതിരിഞ്ഞ കാഴ്ചപ്പാടുകളും-6
ഈ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിന്റെ പരിഹാരം എന്ത് എന്നാണ് ഇനി നമുക്ക് നോക്കാനുള്ളത്. ജീവിതപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇസ്‌ലാം ഒരു കാര്യം പ്രത്യേകം ഊന്നിപ്പറയാറുണ്ട്. പരിഹാരത്തിന് ശ്രമിക്കുമ്പോള്‍ പ്രകൃതിയിലെ നിയമങ്ങളെയും മനുഷ്യപ്രകൃതിയില്‍ നിലീനമായ ജീവിതത്ത്വങ്ങളെയും ഒരു കാരണവശാലും കൈയേറ്റം ചെയ്യാന്‍ ഇടവരരുത്. ആ പ്രകൃതിതത്ത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോഴെല്ലാം അവയിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ഉണ്ടാവേണ്ടത്. ഇസ്‌ലാം ഊന്നിപ്പറയുന്ന രണ്ടാമത്തെ കാര്യം, സാമൂഹിക മാറ്റങ്ങള്‍ കുറെ നിയമങ്ങളും വിലക്കുകളും ഉണ്ടാക്കി വെച്ചതു കൊണ്ട് മാത്രം സാക്ഷാത്കരിക്കപ്പെടുകയില്ല എന്നതാണ്. ധാര്‍മിക പരിവര്‍ത്തനത്തിലാണ് ഏറ്റവും ശക്തമായ ഊന്നല്‍ കൊടുക്കേണ്ടത്. ധര്‍മവിചാരം അതിന്റെ പൂര്‍ണ ചൈതന്യത്തോടെ മനസ്സുകളില്‍ കുടിയിരുത്തപ്പെടുമ്പോള്‍ മാത്രമേ തിന്മയെ കടപുഴക്കി എറിയാനാവൂ. ഒരു ഇസ്‌ലാമിക സമൂഹത്തില്‍ ഗവണ്‍മെന്റ് സമ്മര്‍ദം ചെലുത്തുന്നതും അധികാരശക്തി പ്രയോഗിക്കുന്നതുമെല്ലാം അനിവാര്യഘട്ടങ്ങളില്‍ മാത്രമായിരിക്കും എന്നതാണ് മൂന്നാമത്തെ അടിസ്ഥാനപരമായ കാര്യം.
ഈ മൂന്ന് തത്ത്വങ്ങളും മുമ്പില്‍ വെച്ച്, സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ എല്ലാ പ്രകൃതിതത്ത്വങ്ങളെയും ഇസ്‌ലാം അംഗീകരിക്കുകയാണ് ചെയ്യുന്നത്. തെറ്റായ തത്ത്വങ്ങള്‍ കടന്നുകൂടുമ്പോള്‍ അവ നീക്കം ചെയ്യും. ആ നീക്കം ചെയ്യല്‍ പലപ്പോഴും സ്റ്റേറ്റിന്റെ ബലപ്രയോഗത്തിലൂടെയല്ല സംഭവിക്കുക. പ്രകൃതിവിരുദ്ധമായ കാര്യങ്ങള്‍ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ നിന്ന് സ്വയം നീക്കം ചെയ്യാനുള്ള ധാര്‍മികബോധം ഓരോ വ്യക്തിക്കും നല്‍കുകയാണ് ചെയ്യുക. ബലപ്രയോഗം അത്യാവശ്യമുണ്ടെങ്കില്‍ മാത്രം. ഓരോ വ്യക്തിക്കും ജീവിതായോധന മാര്‍ഗങ്ങള്‍ തേടാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കുക, തന്റെ അധ്വാനം കൊണ്ട് നേടിയ സമ്പത്തില്‍ ഉടമസ്ഥാവകാശമുണ്ടായിരിക്കുക, പല ചുറ്റുപാടുകളില്‍ പലതരം കഴിവുകളുള്ളവര്‍ സാമ്പത്തിക പ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന വരുമാനങ്ങളില്‍ ഏറ്റവ്യത്യാസങ്ങളുണ്ടാവുക തുടങ്ങിയ കാര്യങ്ങളൊക്കെ ഇസ്‌ലാം അംഗീകരിക്കുന്നു. ഇവയൊന്നും അവയുടെ സ്വാഭാവിക പരിധിക്ക് അപ്പുറം പോകരുതെന്ന് മാത്രം. ഈ തത്ത്വങ്ങള്‍ പ്രയോഗത്തിലേക്ക് മൊഴി മാറ്റുമ്പോള്‍ അവ ദുരുപയോഗം ചെയ്ത് അവശ വിഭാഗങ്ങളെ ചൂഷണം ചെയ്യാനുള്ള ഉപകരണങ്ങളാക്കി മാറ്റുമ്പോഴാണ് ഇസ്‌ലാമിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുന്നത്.
ആദ്യം ധനസമ്പാദനത്തിന്റെ കാര്യമെടുക്കാം. തന്റെ കഴിവും യോഗ്യതയും പ്രകൃതിദത്തമായ ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്തി ജീവിതായോധന മാര്‍ഗങ്ങള്‍ തേടാനുള്ള അവകാശം ഓരോ മനുഷ്യന്നും ഇസ്‌ലാം നല്‍കുന്നു. പക്ഷേ, അതിനുള്ള യത്‌നങ്ങള്‍ ആ വ്യക്തിയുടെ ധാര്‍മികബോധത്തെ തകര്‍ക്കുന്നതോ സാമൂഹിക സംവിധാനത്തെ അട്ടിമറിക്കുന്നതോ ആയിക്കൂടാ. സമ്പാദിക്കുന്നതിന് അനുവദനീയ(ഹലാല്‍)വും നിഷിദ്ധ(ഹറാം)വുമായ വഴികളുണ്ട്. ധാര്‍മികതയെ ഗുരുതരമായി ക്ഷതപ്പെടുത്തുന്ന നിഷിദ്ധ വഴികള്‍ കൊട്ടിയടക്കും ഇസ്‌ലാം. ആ വഴികള്‍ ഏതൊക്കെയെന്ന് കൃത്യമായി പറയുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക നിയമപ്രകാരം, തിന്മയും അധാര്‍മികതയും പ്രസരിപ്പിക്കുന്ന മദ്യവും മറ്റു ലഹരി പദാര്‍ഥങ്ങളും നിഷിദ്ധം (ഹറാം) ആണെന്ന് മാത്രമല്ല, അവ ഉണ്ടാക്കുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും കൈവശം വെക്കുന്നതുമൊക്കെ നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. വ്യഭിചാരം പോലുള്ള അധാര്‍മിക വൃത്തികളെ ഉപജീവന മാര്‍ഗങ്ങളായി കാണുന്നതും ഇസ്‌ലാം അനുവദിക്കുന്നില്ല. മറ്റു വ്യക്തികള്‍ക്ക് അല്ലെങ്കില്‍ മൊത്തം സമൂഹത്തിന് തന്നെ നഷ്ടം വരുത്തിവെച്ചുകൊണ്ട് ഒരു വ്യക്തി ലാഭം കൊയ്യുന്ന ഇത്തരം ഏര്‍പ്പാടുകള്‍ അനുവദിക്കുകയില്ല. കൈക്കൂലി, കവര്‍ച്ച, ചൂത്, ഊഹക്കച്ചവടം, ചതിയിലൂടെ നടത്തപ്പെടുന്ന ബിസിനസ്, വില ഉയര്‍ത്താന്‍ സാധനങ്ങള്‍ മനപ്പൂര്‍വം പൂഴ്ത്തിവെക്കല്‍, മറ്റുള്ളവരെ ശ്വാസം മുട്ടിക്കുന്ന വിധത്തില്‍ ഒരു വ്യക്തിയോ ചില വ്യക്തികളോ ഉപജീവന മാര്‍ഗങ്ങളത്രയും സ്വന്തമാക്കല്‍-ഈ വഴികളൊക്കെയും നിഷിദ്ധമാണ്. വസ്തു തര്‍ക്ക(litigation)ത്തിന് ഇടയാക്കുന്ന വ്യാപാര വ്യവഹാരങ്ങള്‍, കേവല ഭാഗ്യവും യാദൃഛികതയും ലാഭ-നഷ്ടങ്ങള്‍ തീരുമാനിക്കുന്ന ഇടപാടുകള്‍, ഇരു കക്ഷികളുടെയും അവകാശങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തതയില്ലാത്ത ഇടപാടുകള്‍ ഇവയും നിയമവിരുദ്ധമായി കണക്കാക്കപ്പെടും. ഇന്നത്തെ കാലത്ത് ഒരാള്‍ കോടീശ്വരനും ശതകോടീശ്വരനുമൊക്കെയായിത്തീരുന്നത് പലപ്പോഴും ഇസ്‌ലാം കര്‍ശനമായി വിലക്കിയ ഇത്തരം ഇടപാടുകളിലൂടെയാണെന്നും നിങ്ങള്‍ക്ക് കണ്ടെത്താനാവും. ഇസ്‌ലാം ഏര്‍പ്പെടുത്തിയ വിലക്കുകള്‍ കര്‍ശനമായി നടപ്പാക്കപ്പെടുന്ന പക്ഷം കണ്ടമാനം സ്വത്ത് ഒരു വ്യക്തി വാരിക്കൂട്ടാനുള്ള സാധ്യത ഇല്ലാതാവും.
നിയമാനുസൃതം താന്‍ സമ്പാദിച്ച സ്വത്ത് തന്നിഷ്ടപ്രകാരം ചെലവഴിക്കാന്‍ ഇസ്‌ലാം വ്യക്തിയെ അനുവദിക്കുന്നില്ല. പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഇസ്‌ലാം കൊണ്ടുവരുന്നുണ്ട്. ഒരാള്‍ നേടുന്ന സമ്പത്ത് മൂന്ന് വിധത്തിലാണ് ഉപയോഗിക്കാന്‍ കഴിയുക. ഒന്നുകില്‍ ചെലവഴിക്കാം, അല്ലെങ്കില്‍ ഏതെങ്കിലും സംരംഭങ്ങളില്‍ മുടക്കാം, അതുമല്ലെങ്കില്‍ സൂക്ഷിച്ചുവെക്കാം. ഈ മൂന്നു തരത്തിലുള്ള ഉപയോഗത്തെയും ഇസ്‌ലാം ഏതൊക്കെ നിലയില്‍ നിയന്ത്രിക്കുന്നു എന്ന് വ്യക്തമാക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
ചെലവഴിക്കുന്ന കാര്യത്തില്‍, ധാര്‍മികതക്കും സാമൂഹികതക്കും പരിക്കേല്‍പിക്കുന്ന സകല പരിപാടികളും തടയപ്പെടും. ചൂത് കളിച്ചോ മദ്യം മോന്തിയോ അസാന്മാര്‍ഗിക വൃത്തികളില്‍ ഏര്‍പ്പെട്ടോ അശ്ലീലമയമായ പാട്ടിലും കൂത്തിലും മുഴുകിയോ പണം പറത്തിക്കളയാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. നിങ്ങള്‍ പട്ടുവസ്ത്രങ്ങള്‍ ധരിച്ചുകൂടാ; സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ചുകൂടാ (സ്ത്രീകള്‍ ഈ രണ്ട് വിലക്കുകളില്‍ നിന്നും ഒഴിവാണ്). പ്രതിമകള്‍ നിര്‍മിച്ചും ചിത്രങ്ങള്‍ തൂക്കിയും വീട് മോടി കൂട്ടിക്കൂടാ. ഇങ്ങനെ വ്യക്തിയുടെ ആഡംബര പ്രമത്തതയെ പൊലിപ്പിക്കുന്ന ചെലവഴിക്കലുകള്‍ക്കെല്ലാം വിലക്കുകള്‍ വീഴുന്നു. മാന്യമായ ഒരു ശരാശരി ജീവിത നിലവാരം. ഇതിന് വേണ്ടതേ ചെലവഴിക്കാവൂ. ഈ ചെലവ് കഴിച്ച് മിച്ചം വരുന്നത് അവശവിഭാഗങ്ങളുടെ ആവശ്യനിര്‍വഹണത്തിനും പൊതുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കണമെന്നാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. ഇത് ഇസ്‌ലാമിക ധാര്‍മികതയുടെ മഹോന്നത രൂപമാണ്. സമ്പാദിക്കുകയും അത് സ്വന്തം ആവശ്യങ്ങള്‍ക്ക് മിതമായ തോതില്‍ ചെലവഴിക്കുകയും ബാക്കി വരുന്നത് സഹജീവികളുടെ പ്രയാസങ്ങള്‍ അകറ്റാന്‍ വിനിയോഗിക്കുകയും ചെയ്യുക എന്നതാണ് മാതൃകയായി ഉയര്‍ത്തിക്കാട്ടുന്നത്. പണം സൂക്ഷിച്ചുവെക്കുന്നതിനേക്കാളും കൂടുതല്‍ സമ്പാദിക്കാനായി അത് ഓരോരോ സംരംഭങ്ങളില്‍ മുടക്കിക്കൊണ്ടേയിരിക്കുന്നതിനേക്കാളും ഇസ്‌ലാം ഇഷ്ടപ്പെടുന്നത് ആദ്യം പറഞ്ഞ രീതിയാണ്.
ഇത്തരം ധാര്‍മിക വിദ്യാഭ്യാസവും ധാര്‍മിക സമ്മര്‍ദവും ഒക്കെ ഉണ്ടായാലും, ആര്‍ത്തിയില്‍നിന്ന് വ്യക്തി രക്ഷപ്പെട്ടുകൊള്ളണമെന്നില്ല. വലിയൊരു വിഭാഗം ആളുകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ കഴിച്ച് മിച്ചം വരുന്ന പണം അധികരിപ്പിച്ചുകൊണ്ടിരിക്കുന്നതിന് അത് പലതിലും മുടക്കിക്കൊണ്ടേയിരിക്കും. ഇവിടെയും ചില നിയമാനുസൃത നിയന്ത്രണങ്ങള്‍ വേണമെന്നാണ് ഇസ്‌ലാം പറയുന്നത്. ഇങ്ങനെ സ്വരൂപിക്കപ്പെടുന്ന ധനം പലിശക്ക് കൊടുത്ത് അധികരിപ്പിക്കുന്നതിനെ ഇസ്‌ലാം കര്‍ശനമായി വിലക്കുന്നു. ഒരാള്‍ നിങ്ങളോട് കടം വാങ്ങിയിട്ടുണ്ടെങ്കില്‍, അങ്ങനെ വാങ്ങിയത് സ്വന്തമാവശ്യത്തിനായാലും ബിസിനസ് ആവശ്യത്തിനായാലും, ആ കൊടുത്ത സംഖ്യ മാത്രം നിങ്ങള്‍ക്ക് തിരിച്ചുവാങ്ങാം, അതിനേക്കാള്‍ ഒരു പൈസ അധികം വാങ്ങാന്‍ പാടില്ല. പലിശ നിരോധത്തിലൂടെ അക്രമാസക്ത മുതലാളിത്തത്തിന്റെ നട്ടെല്ല് തകര്‍ക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. അങ്ങനെ തന്റെ പണത്തിന്റെ ബലത്തില്‍ സമൂഹത്തിന്റെ വിഭവങ്ങളൊക്കെയും കൈപിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന മുതലാളിത്ത ചിന്താഗതിക്കാരന്റെ കൈയിലെ ഏറ്റവും മൂര്‍ച്ചയുള്ള ഈ ആയുധത്തെ ഇസ്‌ലാം നിര്‍വീര്യമാക്കിക്കളയുന്നു.
വ്യാപാരം, വ്യവസായം തുടങ്ങിയവയില്‍ മുതലിറക്കുന്നതും മറ്റുള്ളവര്‍ക്ക് മൂലധനസഹായം നല്‍കുന്നതും ലാഭനഷ്ട പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടുസംരംഭങ്ങള്‍ തുടങ്ങുന്നതുമെല്ലാം ഇസ്‌ലാമികമായി തീര്‍ത്തും നിയമാനുസൃതമാണ്. അതില്‍ അപാകമൊന്നുമില്ല. ഇവിടെയും സമ്പത്ത് ചിലരില്‍ മാത്രമായി കുന്നുകൂടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഇസ്‌ലാം എടുക്കുന്നുണ്ട്. അതൊരിടത്തും കെട്ടിക്കിടക്കരുത്. ഞാന്‍ നേരത്തെ വിശദീകരിച്ചത് പോലെ, ഒന്നുകിലത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കണം, അല്ലെങ്കില്‍ ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടാത്ത പാവങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടണം. അങ്ങനെ പണത്തിന്റെ ചംക്രമണം സമൂഹമൊട്ടുക്കും നടന്നുകൊണ്ടിരിക്കണം. ഇതിന് നിങ്ങള്‍ തയാറില്ലെങ്കില്‍, അഥവാ സമ്പത്ത് കൈവശം വെക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ അതിന്റെ രണ്ടര ശതമാനം കണ്ട് ഓരോ വര്‍ഷവും ഗവണ്‍മെന്റ് ഈടാക്കിക്കൊണ്ടിരിക്കും; ജീവിത സമരത്തില്‍ തോറ്റുപോയവരെ സഹായിക്കാന്‍ വേണ്ടി. ഈ സംവിധാനത്തെയാണ് സകാത്ത് എന്ന് വിളിക്കുന്നത്. ഇത് പാവങ്ങള്‍ക്കും അധഃസ്ഥിതര്‍ക്കും വേണ്ടിയുള്ള പൊതു ഫണ്ടാണ്. ഏറ്റവും മികച്ച സാമൂഹിക സുരക്ഷാ പദ്ധതിയാണിത്. സാമൂഹിക സഹായ പദ്ധതികളുടെ അഭാവത്തില്‍ ഉടലെടുക്കുന്ന മുഴുവന്‍ തിന്മകളെയും നീക്കിക്കളയാന്‍ ഈ ഒറ്റ സംവിധാനം മതി.
ഒരു മുതലാളിത്ത സമൂഹത്തില്‍ പണം വാരിക്കൂട്ടാനും അത് ലാഭകരമായ ബിസിനസ്സില്‍ ഇറക്കാനും ലൈഫ് ഇന്‍ഷുറന്‍സ് പോലുള്ള പദ്ധതികള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും ഒരു വ്യക്തി നിര്‍ബന്ധിതനാവുന്നത്, തനിക്ക് താന്‍ സമ്പാദിച്ചതേ ഉണ്ടാവൂ, മറ്റൊരു ആശ്രയവും ഉണ്ടാവില്ല എന്ന തിരിച്ചറിവ് കൊണ്ടാണ്. ഒരാള്‍ വാര്‍ധക്യകാലത്തേക്ക് ഒന്നും സമ്പാദിച്ച് വെച്ചിട്ടില്ലെങ്കില്‍ വയസ്സുകാലത്ത് അയാള്‍ പട്ടിണി കിടക്കേണ്ടിവരും. തന്റെ മക്കള്‍ക്ക് അനന്തരമായി ഒന്നും നല്‍കാതെയാണ് ഒരാള്‍ മരിക്കുന്നതെങ്കില്‍ ആ മക്കള്‍ വീട് തോറും കയറിയിറങ്ങി യാചിക്കേണ്ടിവരും. ഒന്നും സമ്പാദിക്കാതെയാണ് രോഗിയായതെങ്കില്‍, മെഡിക്കല്‍ സഹായം അയാള്‍ക്ക് കിട്ടാകനിയായിരിക്കും. വീട് കത്തിപ്പോവുകയോ ബിസിനസ് തകരുകയോ പ്രകൃതിക്ഷോഭത്തിലും മറ്റും വന്‍ നഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ ഒരാളും സഹായത്തിന് എത്തുകയില്ല.
മുതലാളി വെക്കുന്ന ഏത് വ്യവസ്ഥയും അംഗീകരിച്ചുകൊണ്ട് ഒരടിമയെപ്പോലെ ജോലി ചെയ്യാന്‍ മുതലാളിത്ത സമൂഹത്തിലെ തൊഴിലാളി വര്‍ഗം നിര്‍ബന്ധിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? കാരണം വളരെ വ്യക്തം. തന്റെ അധ്വാനത്തിനും വിയര്‍പ്പിനും തൊഴിലാളിക്ക് മുതലാളി വെച്ചു നീട്ടുന്ന പ്രതിഫലം സ്വീകരിച്ചില്ലെങ്കില്‍, ദാരിദ്ര്യമായിരിക്കും തന്നെ തുറിച്ചു നോക്കുകയെന്നും ആ അവസ്ഥയില്‍ ഒരു ദിവസം പോലും തനിക്ക് തള്ളിനീക്കാനാവില്ലെന്നുമുള്ള ഭയം. ഈ വ്യവസ്ഥിതി കാരണം നമുക്ക് കാണേണ്ടിവരുന്ന ഒരു കാഴ്ചയുണ്ട്, മുതലാളിത്തത്തിന്റെ 'അനുഗ്രഹ'ത്താല്‍ ലോകത്തിന് ഭീകര ശാപമായി മാറിയ ഒരു കാഴ്ച. ലോകമൊട്ടുക്കും മില്യന്‍ കണക്കിന് വയറുകള്‍ വിശന്ന് പൊരിയുമ്പോള്‍ മാര്‍ക്കറ്റില്‍ ഡിമാന്റില്ലെന്ന കാരണത്തില്‍ ലക്ഷക്കണക്കിന് ടണ്‍ ധാന്യങ്ങള്‍ കടലില്‍ തള്ളുന്നു! അഗതികളെയും അശരണരെയും സംരക്ഷിക്കാന്‍ സാമൂഹിക സംവിധാനങ്ങളൊന്നുമില്ലാത്തതിന്റെ ഫലമാണിത്.
ജീവിതായോധന മാര്‍ഗങ്ങള്‍ തടയപ്പെട്ട ഈ നിസ്വവര്‍ഗത്തിന് സഹായമെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ വാങ്ങല്‍ശേഷി ആര്‍ജിക്കുമായിരുന്നു. അത് വ്യാപാരം, വ്യവസായം, കൃഷി തുടങ്ങി സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ സര്‍വ മേഖലകള്‍ക്കും ഉണര്‍വ് പകരുകയും അവയെ വിപുലപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഇത്തരം സാമൂഹിക തിന്മകളെയെല്ലാം ഇസ്‌ലാം കടപുഴക്കുന്നത് സകാത്ത് സംവിധാനത്തിലൂടെയാണ്. ഈ പൊതുഫണ്ട് നിങ്ങളെ സഹായിക്കാനായി എപ്പോഴും നിങ്ങളുടെ തൊട്ടടുത്ത് തന്നെ ഉണ്ടാവും. നാളെയെക്കുറിച്ച് നിങ്ങള്‍ക്ക് വ്യാകുലപ്പെടേണ്ടിവരില്ല. സഹായമാവശ്യമാവുമ്പോഴെല്ലാം നിങ്ങള്‍ക്ക് ഈ സംവിധാനത്തെ സമീപിച്ച് നിങ്ങളുടെ അവകാശം ചോദിച്ച് വാങ്ങാം. ബാങ്കില്‍ ഡപ്പോസിറ്റുകളോ ഇന്‍ഷുറന്‍സ് പോളിസികളോ നിങ്ങള്‍ക്ക് വേണ്ടിവരികയില്ല. സ്വന്തം മക്കളുടെ ഭാവിയോര്‍ത്ത് വ്യാകുലപ്പെടാതെ നിങ്ങള്‍ക്ക് ഈ ലോകത്തോട് വിട പറയാം. നിങ്ങളുടെ കാലശേഷം ബാക്കി കാര്യങ്ങളൊക്കെ ഈ പൊതുഫണ്ട് നോക്കിക്കൊള്ളും. രോഗം, വാര്‍ധക്യം, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങി ഏതൊരു പ്രയാസഘട്ടത്തിലും നിങ്ങള്‍ക്ക് ഈ സംവിധാനത്തെ സമീപിക്കാം. അതൊരു സ്ഥിരം സംവിധാനമാണ്. ആ ചുറ്റുപാടില്‍ ഒരു മുതലാളിക്ക് അയാളുടെ വ്യവസ്ഥകള്‍ക്കനുസരിച്ച് നിങ്ങളെക്കൊണ്ട് ജോലി ചെയ്യിക്കാനാവില്ല. ഈ പൊതുഫണ്ട് നിലനില്‍ക്കുവോളം നിങ്ങള്‍ക്ക് പട്ടിണിയോ ഉടുക്കാനില്ലായ്മയോ പാര്‍പ്പിടമില്ലായ്മയോ അഭിമുഖീകരിക്കേണ്ടിവരില്ല. സകാത്തെന്ന ഈ സാമൂഹിക ഏജന്‍സി, സമ്പാദ്യമൊന്നുമില്ലാത്തവരെയും കുറച്ച് മാത്രം സമ്പാദിക്കുന്നവരെയും ക്രമത്തില്‍ വാങ്ങല്‍ശേഷിയുള്ളവരാക്കി മാറ്റും എന്ന കാര്യവും നാം ശ്രദ്ധിക്കണം. അങ്ങനെ ഉല്‍പാദനത്തിനും ഉപഭോഗത്തിനുമിടയില്‍ സ്ഥിരവും ആരോഗ്യകരവുമായ ഒരു സന്തുലനം സാധ്യമാവുന്നു. അപ്പോള്‍ ഒരു രാജ്യത്തിനും തങ്ങളുടെ സാമ്പത്തിക പാപ്പരത്തം മറ്റൊരു നാട്ടിലേക്ക് കയറ്റിയയക്കേണ്ടിവരില്ല; ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ അന്യഗ്രഹങ്ങള്‍ തേടിപ്പോകേണ്ട ഗതികേടുമുണ്ടാവില്ല!
ഇസ്‌ലാമിക സമ്പദ്ഘടനയുടെ ഒരു നഖചിത്രമാണ് ഇവിടെ സമര്‍പ്പിച്ചത്. വ്യക്തി ഉടമാവകാശത്തില്‍ നിന്ന് ഉത്ഭൂതമാവുന്ന സകല തിന്മകളെയും അത് തടയുന്നില്ലേ? ഇത്തരം തിന്മകള്‍ തടയാന്‍ ആവിര്‍ഭവിച്ചിട്ടുള്ള കമ്യൂണിസ്റ്റ്-നാഷ്‌നലിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ അവയുടെ കൃത്രിമ രീതികളിലൂടെ പുതിയ തിന്മകളെ പകരം വെക്കുകയാണ് ചെയ്തിട്ടുള്ളതെന്നും നാം കണ്ടുകഴിഞ്ഞു. ഇസ്‌ലാമിക സമ്പദ്ഘടനയുടെ പൂര്‍ണരൂപമല്ല ഞാനിവിടെ അവതരിപ്പിച്ചത്. പല വശങ്ങളും പരാമര്‍ശിച്ചിട്ടുപോലുമില്ല.
നൂറ്റാണ്ടുകളായി ഇസ്‌ലാമിനെക്കുറിച്ച് തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മുന്‍ധാരണകളും മുന്‍വിധികളും മാറ്റിവെച്ച് പരിശോധിച്ചാല്‍, യുക്തിചിന്തയുള്ള ഏതൊരു സത്യാന്വേഷിയെയും തൃപ്തിപ്പെടുത്തുന്ന പരിഹാരമാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ മുന്നോട്ടുവെക്കുന്നതെന്ന് ആര്‍ക്കും ബോധ്യപ്പെടും. ഇസ്‌ലാമിക സമ്പദ്ഘടനയെ അതിന്റെ പ്രത്യയശാസ്ത്രപരവും ധാര്‍മികവും സാംസ്‌കാരികവുമായ സമ്പൂര്‍ണതയില്‍ നിന്നും സമഗ്രതയില്‍ നിന്നും അടര്‍ത്തി മാറ്റി പ്രയോഗിച്ച് നോക്കാനാണ് ആരെങ്കിലും മുതിരുന്നതെങ്കില്‍, അവരോട് ഒരൊറ്റ അഭ്യര്‍ഥനയേ എനിക്കുള്ളൂ: ദയവ് ചെയ്ത് നിങ്ങള്‍ ആ തെറ്റിധാരണയില്‍ നിന്ന് മുക്തനാകാന്‍ ശ്രമിക്കുക. ഈ സാമ്പത്തിക വ്യവസ്ഥക്ക് ഇസ്‌ലാമിന്റെ രാഷ്ട്രീയ, നീതിന്യായ, നിയമ, സാംസ്‌കാരിക, സാമൂഹിക സംവിധാനങ്ങളുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ഈ ശാഖകളൊക്കെയും തഴച്ചുവളര്‍ന്നിരിക്കുന്നത് ഇസ്‌ലാമിന്റെ ധാര്‍മിക വ്യവസ്ഥയില്‍ നിന്നാണ്. ആ ധാര്‍മിക വ്യവസ്ഥ തന്നെയും വേറിട്ടങ്ങനെ നില്‍ക്കുകയല്ല. സര്‍വശക്തനും സര്‍വജ്ഞനുമായ ഏകദൈവത്തിലുള്ള വിശ്വാസവും ഭൂമിയിലെ തന്റെ കര്‍മങ്ങള്‍ക്ക് ഓരോ മനുഷ്യനും മരണശേഷം പരലോകത്ത് കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്ന അടിയുറച്ച ബോധ്യവുമാണ് ആ ധാര്‍മിക വ്യവസ്ഥക്ക് ആധാരം. പരസ്പര ബന്ധിതമായ ഈ സമ്പൂര്‍ണ ഘടനയില്‍ നിന്ന് അറുത്തുമാറ്റി ഇസ്‌ലാമിക സമ്പദ്ഘടന പരീക്ഷിച്ചുനോക്കാനാണ് നിങ്ങള്‍ മുതിരുന്നതെങ്കില്‍, അതിന്റെ സ്വതസിദ്ധമായ പവിത്രയോടെ ഒരു ദിവസം പോലും അതിന് നിലനില്‍ക്കാന്‍ കഴിയില്ല. കാര്യമായ ഒരു നേട്ടവും അതുകൊണ്ട് ഉണ്ടാവാനും പോകുന്നില്ല.
അവസാനിച്ചു
(1941 ഒക്‌ടോബര്‍ 20-ന് അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ ചെയ്ത പ്രസംഗം)
Comments