അമേരിക്ക കിതക്കുന്നു
ലോകം അടക്കിവാഴാന്‍ കെല്‍പുണ്ടെന്ന് വീമ്പിളക്കി ലോക പോലീസ് ചമയുന്ന അമേരിക്കയില്‍ നിന്ന് സാമ്പത്തിക പ്രതിസന്ധിയുടെ പുതിയ വാര്‍ത്തകള്‍ക്ക് കാതോര്‍ക്കുകയാണ് ലോകം. അറബ് നാടുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട അമേരിക്കന്‍ യുവത രാവും പകലും തെരുവില്‍ പുതിയ ചരിത്രം രചിക്കാന്‍ ആരംഭിച്ചിരിക്കുന്നു. മുല്ലപ്പൂവിന്റെ പരിമളം വാഷിംഗ്ടണിലും ന്യൂയോര്‍ക്കിലും തുടങ്ങി ചിക്കാഗോയും ന്യൂജേഴ്‌സിയും കടന്ന് മുഴുവന്‍ ചെറു നഗരങ്ങളിലേക്കും വ്യാപിക്കുന്നത് കൗതുകത്തോടെയാണ് ലോക ജനത നോക്കിക്കാണുന്നത്. സര്‍ക്കാറും വ്യവസ്ഥയും മാറണമെന്നല്ല അവരുടെ ആവശ്യം. മറിച്ച് ഏതൊരു പൗരന്റെയും അവകാശമായ തൊഴില്‍, ചികിത്സ, താമസസൗകര്യം, ഭക്ഷണം എന്നിവ ലഭ്യമാക്കണമെന്നാണ്. അതിനായി രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ കാതലായ മാറ്റം വേണം. ആഭ്യന്തര രാഷ്ട്രീയം പൊളിച്ചെഴുതണം. കോര്‍പറേറ്റുകളെ നിലക്കുനിര്‍ത്തി ഭരണം ജനങ്ങള്‍ക്കു വേണ്ടിയുള്ളതാവണം. ലോകം നിയന്ത്രിക്കാനുള്ള അധിനിവേശങ്ങള്‍ നിര്‍ത്തിവെച്ച് ആ പണം ജനങ്ങള്‍ക്കായി ചെലവഴിക്കണം.
പ്രക്ഷോഭം ശക്തിപ്രാപിക്കുന്നതിനനുസരിച്ച് ബലപ്രയോഗങ്ങളും ആരംഭിച്ചിരിക്കുന്നു. മുളകുപൊടി സ്‌പ്രേ ചെയ്താണ് പ്രക്ഷോഭത്തെ അടിച്ചൊതുക്കുന്നത്. ചിലര്‍ പ്രക്ഷോഭകരുടെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ വെബ്‌സൈറ്റുകളും ആരംഭിച്ചിരിക്കുന്നു. മാന്ദ്യത്തിന്റെ നീറുന്ന നൂറുകണക്കിന് അനുഭവങ്ങള്‍ ഇവയിലൂടെ പങ്കുവെക്കുന്നു. ''ഞങ്ങളാണ് 99 ശതമാനവും. വാടകയടക്കാനാവാതെ വീട്ടില്‍ നിന്ന് കുടിയിറക്കപ്പെടുന്നു. ചികിത്സാ സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. തുഛമായ വേതനത്തിന് നീണ്ട മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടിവരുന്നു. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. രാഷ്ട്രം ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. സമ്പന്നരായ ഒരു ശതമാനത്തിന്, കോര്‍പറേറ്റുകള്‍ക്ക് എല്ലാം ലഭ്യവുമാണ്.'' സൈറ്റിലെ ഒരു കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്. തൊഴില്‍ നഷ്ടപ്പെട്ട യുവാക്കള്‍, ലോണ്‍ തിരിച്ചടക്കാനാവാത്ത കുടുംബനാഥര്‍, അശാന്തമായ കുടുംബത്തെക്കുറിച്ചും കുട്ടികളുടെ ഭാവിയെക്കുറിച്ചും വിലപിക്കുന്ന സ്ത്രീകള്‍, ഇവരുടെയൊക്കെ കദന കഥകള്‍ സൈറ്റില്‍ നമുക്ക് വായിക്കാം.
ഒരു കാലത്ത് ലോക ജനതയുടെ സ്വപ്നമായിരുന്നു അമേരിക്കന്‍ മോഡല്‍ വളര്‍ച്ചയും വികസനവും. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്ത് സമ്പന്നരുടെ രാഷ്ട്രമായി അമേരിക്ക മാറി എന്നാണ് ലോകം ധരിച്ചത്. അമേരിക്കയില്‍ പോവുക, അവിടെ ജോലി ചെയ്യുക എന്നതൊക്കെ യുവ സമൂഹത്തിന്റെ അഭിലാഷങ്ങളായിരുന്നു. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയുടെ അടുത്ത എപ്പിസോഡ് അവസാനിക്കുമ്പോള്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതി എന്താവുമെന്ന് പറയാനാവാത്ത നിലയിലാണ്.
2008-ലെ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ വഷളാക്കി തുടങ്ങിയത്. വീട് നഷ്ടപ്പെട്ടവരും തൊഴില്‍ ഇല്ലാതായാവരും അന്ന് ചെറിയ ശതമാനമായിരുന്നു. നിരവധി വന്‍കിട ബാങ്കുകള്‍ തകര്‍ന്നു. അനവധി പേരുടെ നിക്ഷേപങ്ങളുടെ മൂല്യം കുത്തനെ ഇടിഞ്ഞു. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വന്‍തോതില്‍ പാക്കേജ് പ്രഖ്യാപിച്ചു ഒബാമ സര്‍ക്കാര്‍. എന്നാല്‍, ജോലി നഷ്ടപ്പെട്ടവര്‍ക്ക് പകരം ജോലി ലഭിച്ചില്ല. സര്‍ക്കാറിന്റെ ആനുകൂല്യങ്ങളും ലഭ്യമായില്ല. പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപാര മാന്ദ്യം അനുഭവപ്പെട്ട കമ്പനികള്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി തൊഴിലുകള്‍ വീണ്ടും വെട്ടിക്കുറച്ചുകൊണ്ടിരുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ ചെലവുകൂടിയ അമേരിക്കയെ ഒഴിവാക്കി ഇന്ത്യയിലും ചൈനയിലും പുതിയ തൊഴില്‍ യൂനിറ്റുകള്‍ തുടങ്ങിക്കൊണ്ടിരുന്നു. സര്‍ക്കാറില്‍ നിന്ന് പാക്കേജ് ലഭിച്ചതുവഴി പ്രതിസന്ധി വഴിമാറി എന്നാണ് ലോകം കരുതിയത്. പക്ഷേ, കഴിഞ്ഞ ഓരോ വര്‍ഷവും പ്രതിസന്ധി മൂര്‍ഛിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍ക്കാര്‍ മേഖലയില്‍ മാത്രം 54182 തൊഴിലുകള്‍ രാജ്യത്ത് വെട്ടിക്കുറച്ചതായി ഔദ്യോഗിക ഏജന്‍സികള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈന്യത്തില്‍ 50000 പോസ്റ്റുകളാണ് ഇല്ലാതായത്. ധനകാര്യ കമ്പനികളും ബാങ്കുകളും 31167 പോസ്റ്റുകള്‍ വെട്ടിക്കുറച്ചു. പ്രതിസന്ധിയില്‍ നിന്ന് കരകയറാനാവാതെ ഏതാനും മാസങ്ങള്‍ക്കകം 30000 പോസ്റ്റുകള്‍ വെട്ടിക്കുറക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്കയുടെ ചീഫ് എക്‌സിക്യൂട്ടീവ് ബ്രിയാന്‍ ടി മൊയ്‌നിഹാന്‍ പ്രഖ്യാപിച്ചിരിക്കുന്നു. അതുവഴി വാര്‍ഷിക ചെലവ് 5 ബില്യന്‍ ഡോളര്‍ വെട്ടിക്കുറക്കാനാവും എന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
ജനങ്ങളുടെ ശരാശരി വരുമാനവും ആസ്തികളുടെ വിലയും കഴിഞ്ഞ വര്‍ഷം കുറഞ്ഞതായി സര്‍ക്കാറിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു. 2010-ല്‍ ശരാശരി കുടുംബ വരുമാനം 2.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 51190 ഡോളറില്‍ നിന്ന് 50046 ഡോളറായി വാര്‍ഷിക വരുമാനം കുറഞ്ഞത്രെ. ചില സംസ്ഥാനങ്ങളില്‍ ഈ കുറവ് 6.1 ശതമാനം വരെയാണ്. വീടുകളുടെ ശരാശരി വില 2009-ല്‍ 185200 ഡോളര്‍ ആയിരുന്നത് 2010-ല്‍ 179900 ഡോളറായി കുറഞ്ഞു.
ദാരിദ്ര്യവും കഴിഞ്ഞ വര്‍ഷം വര്‍ധിച്ചു. 2009-ല്‍ 10.5 ശതമാനമായിരുന്നത് 2010-ല്‍ 11.3 ശതമാനമായി. അമ്മമാര്‍ കുടുംബത്തലവന്മാരായ വീടുകളില്‍ 47.5 ശതമാനവും ദരിദ്രരാണ്. സെന്‍സസ് ബ്യൂറോ കഴിഞ്ഞയാഴ്ച പുറത്തുവിട്ട മറ്റൊരു കണക്ക് പ്രകാരം ദാരിദ്ര്യം 15.1 ശതമാനത്തിനു മുകളിലാണ്. ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിലാണ് ദാരിദ്ര്യവും കൂടുതല്‍-20.1 ശതമാനം. സാമ്പത്തിക മാന്ദ്യത്തിന്റെ നേരിട്ടുള്ള ഇരകളാണ് ഇവര്‍ എന്നാണ് സെന്‍സസ് ബ്യൂറോ അവകാശപ്പെടുന്നത്. തൊഴിലില്ലായ്മയുടെ കണക്ക് ഔദ്യോഗികമായി 9 ശതമാനമാണെങ്കിലും 20 ശതമാനത്തിന് മുകളിലാണ് യഥാര്‍ഥ കണക്കുകള്‍ എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇവ പരിഹരിക്കേണ്ട രാഷ്ട്രീയ നേതൃത്വവും സാമ്പത്തിക വിദഗ്ധരും ഇരുട്ടില്‍ തപ്പുന്ന കാഴ്ചകളാണ് അമേരിക്കയില്‍ കാണാനാവുന്നത്. പ്രമുഖ കക്ഷികളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും രണ്ടു വഴിക്കാണ്. സര്‍ക്കാര്‍ ചെലവുകളും ബജറ്റും വെട്ടിച്ചുരുക്കി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നതാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആവശ്യം. നികുതി ഉയര്‍ത്തി വരുമാനം വര്‍ധിപ്പിക്കുന്നതിനെ അവര്‍ എതിര്‍ക്കുന്നു. ഇവര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് വാദിക്കുന്നതെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്. ഒബാമയാവട്ടെ സര്‍ക്കാറിന് ചെലവഴിക്കാനുള്ള പരിധി അഥവാ കടമെടുപ്പ് പരിധി ഇനിയും ഉയര്‍ത്തണമെന്നാണ് ആവശ്യപ്പെടുന്നത്. നികുതി ഉയര്‍ത്തി വരുമാനം വര്‍ധിപ്പിക്കുന്നതിനെയും പൊതുചെലവുകള്‍ വെട്ടിക്കുറക്കുന്നതിനെയും ഒരു പരിധിവരെ അദ്ദേഹം അനുകൂലിക്കുന്നു. എന്നാല്‍, സര്‍ക്കാറിനെ കടമെടുക്കാന്‍ അനുവദിച്ച് ചെലവ് വര്‍ധിപ്പിച്ചാലേ സമ്പദ്‌വ്യവസ്ഥ ഉണരുകയുള്ളൂ എന്ന് നൊബേല്‍ ജേതാവും സാമ്പത്തിക വിദഗ്ധനുമായ ക്രഗ്മാന്‍ അടക്കമുള്ളവര്‍ വാദിക്കുന്നു. എന്നാല്‍, സര്‍ക്കാറിന് കടമെടുക്കാനുള്ള പരിധി ഇനിയും വര്‍ധിപ്പിക്കുന്നതിനെ കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ടീപാര്‍ട്ടി വിഭാഗം എതിര്‍ക്കുന്നു. ഭാവിയില്‍ സാമ്പത്തിക നില അപകടത്തിലാക്കും എന്നാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുണ്ടുമുറുക്കിയെടുത്ത് ചെലവ് ചെയ്യാനാണ് സര്‍ക്കാറിനോടുള്ള ഇവരുടെ ഉപദേശം.
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ തയാറാവാത്തതോ അല്ലെങ്കില്‍ പ്രശ്‌നത്തിന് പരിഹാരം കൈയിലില്ലാത്തതിനാല്‍ അറിഞ്ഞിട്ടും കണ്ടില്ലെന്നു നടിക്കുന്നതോ? ഏതായാലും തൊലിപ്പുറമുള്ള മുറിവൈദ്യങ്ങളാണ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥക്കു മേല്‍ ഇപ്പോഴും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. രോഗം തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ നല്‍കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച ലോകത്തെ മൊത്തം ബാധിക്കുന്നു എന്നത് നേരത്തെതന്നെ തെളിയിക്കപ്പെട്ടതാണ്. അതിനാല്‍ ഇനിയുള്ള ദിനങ്ങള്‍ ലോക സമ്പദ്‌രംഗത്ത് എന്തും പ്രതീക്ഷിക്കാം.
മുതലാളിത്തത്തിന്റെ അതിരുകളില്ലാത്ത ആര്‍ത്തി ശമിപ്പിക്കാന്‍ സാമ്പത്തിക ഉദാരീകരണത്തിലൂടെ സര്‍വ വാതിലുകളും തുറന്നിട്ടതാണ് പ്രതിസന്ധിയുടെ കാരണമെന്ന് അമേരിക്കയിലെ പ്രക്ഷോഭകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ആര്‍ത്തിയും ദുരയും നിയന്ത്രണങ്ങളില്ലാതെ മുന്നേറിയപ്പോള്‍ രാജ്യത്ത് സാമ്പത്തിക അസമത്വങ്ങള്‍ പെരുകുകയായിരുന്നു. സമ്പത്തിന്റെ 40 ശതമാനം ഒരു ശതമാനം വരുന്ന കോര്‍പറേറ്റുകളുടെ കൈയില്‍. 80 ശതമാനം ജനത്തിന് സ്വന്തമായുള്ളത് സമ്പത്തിന്റെ ഏഴു ശതമാനം. വരുമാനത്തിന്റെ കാര്യത്തിലും ഈ അന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സാമ്പത്തിക രംഗം കൈയടക്കി വെച്ച കോര്‍പറേറ്റുകള്‍ ഊഹക്കച്ചവടത്തിലൂടെയും കൃത്രിമങ്ങളിലൂടെയും ഓഹരി വിലയും റിയല്‍ എസ്റ്റേറ്റ് വിലയും ഊതിവീര്‍പ്പിച്ചു മുകളിലെത്തിക്കുന്നു. അത് പാരമ്യത്തിലെത്തുമ്പോള്‍ തങ്ങളുടെ കൈയിലുള്ളവ ഉയര്‍ന്ന വിലയ്ക്ക് വില്‍പന നടത്തി സമ്പത്ത് വര്‍ധിപ്പിക്കുന്നു. അതുവഴി തകര്‍ന്നടിയുന്ന വിപണിയില്‍ നഷ്ടങ്ങള്‍ സംഭവിക്കുന്നത് മധ്യവര്‍ഗത്തിനും താഴ്ന്ന വരുമാനക്കാര്‍ക്കും. സാമ്പത്തിക മേഖലയെ ഊതിവീര്‍പ്പിച്ച് നേട്ടങ്ങള്‍ കൊയ്യുകയും പിന്നീട് തകര്‍ക്കുകയും ചെയ്യുന്നത് കോര്‍പറേറ്റുകളാണ്. അവസാനം തകര്‍ന്ന സ്ഥാപനങ്ങളെ കരകയറ്റാന്‍ കോടികള്‍ പൊതുഖജനാവില്‍ നിന്ന് ഒഴുക്കുന്നു. 800 ബില്യന്‍ ഡോളറിന്റെ പാക്കേജായിരുന്നു ഒബാമ അതിനായി പ്രഖ്യാപിച്ചത്. ഈ പണം ലഭിക്കുന്നത് നിക്ഷേപം നഷ്ടപ്പെട്ട ജനങ്ങള്‍ക്കായിരുന്നില്ല. മറിച്ച് കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമായിരുന്നു. 2008-ലെ മാന്ദ്യത്തില്‍ മാത്രം തൊഴില്‍ നഷ്ടപ്പെട്ടവര്‍ മൂന്നു കോടിവരും. ഇതുവഴി അസമത്വങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ഈ അസ്വസ്ഥതകളാണ് പ്രക്ഷോഭങ്ങളായി പൊട്ടിത്തെറിക്കുന്നത്.
ആര്‍ത്തി ശമിപ്പിക്കാന്‍ വാള്‍സ്ട്രീറ്റിനെ കൈയിലെടുത്ത കോര്‍പറേറ്റുകള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന ക്രിമിനല്‍ കുറ്റമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍, കോര്‍പറേറ്റുകളെ നിയന്ത്രിക്കുന്നതിനു പകരം തലോടുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രക്ഷോഭകര്‍ ആരോപിക്കുന്നു. അതിനു കാരണം രാഷ്ട്രീയ നേതാക്കള്‍ കോര്‍പറേറ്റുകളുടെ വാലാട്ടികളായതാണ്. തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് വന്‍തുക നല്‍കി പ്രചാരണം കൊഴുപ്പിക്കുന്ന ഈ വിഭാഗത്തിനു വേണ്ടി അവര്‍ നിര്‍ദേശിക്കുന്ന പദ്ധതികളും പരിപാടികളുമാണ് ഭരണകൂടം നടപ്പിലാക്കുന്നത് എന്നാണ് പ്രക്ഷോഭകരുടെ ആരോപണം.
ഏതായാലും അമേരിക്കന്‍ ജനതയില്‍ ഭൂരിഭാഗവും അസംതൃപ്തരാണ്. ധാര്‍മികതയെയും ദൈവത്തെയും വലിച്ചെറിഞ്ഞ് സമ്പത്ത് മാത്രമാണ് ഞങ്ങളുടെ മതം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ആധുനിക മുതലാളിത്തം കടന്നുവന്നത്. വിശ്വാസം ആവശ്യമുള്ളവര്‍ക്ക് സ്വകാര്യ ഇടപാടായി പള്ളിയിലോ വീട്ടിലോ സൂക്ഷിക്കാം. ഭരണരംഗത്തും സാമ്പത്തിക മേഖലയിലും അവയുടെ ഇടപെടല്‍ അനുവദിക്കില്ല. ഇതായിരുന്നു മുദ്രാവാക്യം. അതുവഴി സാമ്പത്തിക മേഖല ചൂഷണത്തിന്റെ കൂത്തരങ്ങായി മാറി. പലിശ, ഊഹക്കച്ചവടം, തട്ടിപ്പുകള്‍ എന്നിവ വ്യവസ്ഥയെ നിയന്ത്രിച്ചു. ഓരോ വര്‍ഷവും യു.എസ് സര്‍ക്കാര്‍ മാത്രം അധികമായി നല്‍കേണ്ടിവരുന്ന പലിശ 150 ബില്യന്‍ ഡോളറാണ്. അതു കണ്ടെത്താന്‍ സര്‍ക്കാര്‍ കടം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കോര്‍പറേറ്റുകളേക്കാള്‍ നീചമായ സാമ്പത്തിക തട്ടിപ്പുകളാണ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. ഫലത്തില്‍ എല്ലാ ചൂഷണത്തിനും വിധേയരാവുന്നത് സാധാരണക്കാരും. സമത്വവും നീതിയും അവര്‍ക്ക് അന്യമായിക്കൊണ്ടിരുന്നു.
ഊഹത്തില്‍ കെട്ടിപ്പടുത്ത്, പലിശയാല്‍ നിയന്ത്രിക്കപ്പെടുന്ന സാമ്പത്തിക മേഖല പൊളിച്ചെഴുതിയാല്‍ മാത്രമേ ലോക മുതലാളിത്ത വ്യവസ്ഥയെ രക്ഷിക്കാനാവൂ. ആ പൊളിച്ചെഴുത്ത് ധാര്‍മിക ബോധത്തില്‍ നിന്ന് തുടങ്ങുന്നതാവണം. ആര്‍ത്തിയെ പിടിച്ചുകെട്ടുന്നതാവണം. അവനവന്റെ തൃഷ്ണ ശമിപ്പിക്കുന്നതിനു പകരം സാമൂഹിക ക്ഷേമം മുന്‍ നിര്‍ത്തിയുള്ളതാവണം. ഇത് അമേരിക്കന്‍ ജനതയും ലോകവും തിരിച്ചറിയുന്നിടത്തേ പ്രശ്‌നങ്ങളും പ്രക്ഷോഭങ്ങളും അവസാനിക്കൂ. അതിനിനി എത്ര സമയമെടുക്കും എന്നതാണ് നമുക്ക് മുന്നിലുള്ള ചോദ്യം.
Comments