ഗോപാല്‍ഘഡ് ദുരന്തം
രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ ഗോപാല്‍ഘഡിലുണ്ടായ വര്‍ഗീയ കലാപം സ്വാതന്ത്യ്രാനന്തര ഭാരതത്തിലരങ്ങേറിയ ന്യൂനപക്ഷ വംശഹത്യകളുടെ ഇരുണ്ട ചരിത്രത്തിലെ അധ്യായങ്ങളില്‍ ഒടുവിലത്തേതാണ്. ഒമ്പത് മുസ്ലിംകള്‍ കലാപത്തില്‍ നിഷ്ഠുരമായി വധിക്കപ്പെട്ടു. പരിക്കേറ്റ 23 പേരില്‍ 19 പേരും മുസ്ലിംകളാണ്. സംഭവം നടന്നിട്ട് ഒരു മാസം പിന്നിട്ടെങ്കിലും ഈ കൂട്ടക്കൊലക്കുത്തരവാദികളാരെന്ന് കണ്ടെത്താനോ അവരെ നീതിപീഠത്തിനു മുമ്പില്‍ കൊണ്ടുവരാനോ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഗോപാല്‍ഘഡ് ദല്‍ഹിയുടെ അയല്‍പക്കത്തായിരുന്നിട്ടും കേന്ദ്ര ഗവണ്‍മെന്റ് സംഭവത്തെ അവഗണിക്കുകയായിരുന്നു. ദൃശ്യമാധ്യമങ്ങളും ഹിന്ദി ദിനപത്രങ്ങളും പതിവു പോലെ നിശ്ശബ്ദത പാലിക്കുകയോ അല്ലെങ്കില്‍ അവ്യക്തമായ വാര്‍ത്തകള്‍ മാത്രം നല്‍കുകയോ ചെയ്തു. ഇംഗ്ളീഷ് പത്രങ്ങള്‍ ചിലതൊക്കെ വെളിപ്പെടുത്തിയെങ്കിലും സംഭവത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ല. അതുകൊണ്ട് ഗോപാല്‍ഘഡ് സംഭവം ദേശീയതലത്തില്‍ ഒരു ചര്‍ച്ചാ വിഷയം പോലും ആകാതെ പോവുകയായിരുന്നു. ഉര്‍ദു പത്രങ്ങള്‍ മാത്രമാണ് വാര്‍ത്ത വിശദമായി റിപ്പോര്‍ട്ട് ചെയ്തത്.
ഗോപാല്‍ഘഡിലെ മുസ്ലിം ശ്മശാനത്തോട് ചേര്‍ന്നു കിടക്കുന്ന ഒരു തുണ്ട് ഭൂമിയെച്ചൊല്ലി കുറച്ചുകാലമായി മുസ്ലിംകളും ഗുജ്ജാറുകളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ശ്മശാനത്തിന്റെ വിപുലീകരണാര്‍ഥം മുസ്ലിംകള്‍ക്ക് ലഭിച്ചതും വഖ്ഫ് ബോര്‍ഡില്‍ രജിസ്റര്‍ ചെയ്യപ്പെട്ടതുമാണീ ഭൂമി. പിന്നീട് ഗുജ്ജാറുകള്‍ ഈ സ്ഥലം കൈവശപ്പെടുത്തി. മുസ്ലിംകള്‍ കോടതിയെ സമീപിച്ചു. ആ കേസ് നടന്നുവരികയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 13-ന് കോടതിയില്‍ വെച്ച് മുസ്ലിംകളും ഗുജ്ജാറുകളും തമ്മില്‍ കശപിശയുണ്ടായി. പുറത്തിറങ്ങിയപ്പോള്‍ അത് പോര്‍വിളിയും സംഘട്ടനങ്ങളുമായി വളര്‍ന്നു. ഗോപാല്‍ഘഡിലെ പള്ളി ഇമാമിനു വരെ മര്‍ദനമേറ്റു. ഇതു സംബന്ധിച്ച് പരാതി നല്‍കാന്‍ മുസ്ലിംകള്‍ പോലീസ്സ്റേഷനിലെത്തി. പക്ഷേ, സ്റേഷന്‍ ഇന്‍ ചാര്‍ജായിരുന്ന അധ്യാത്മ ഗൌതം പരാതി സ്വീകരിക്കാനോ എഫ്.ഐ.ആര്‍ രജിസ്റര്‍ ചെയ്യാനോ കൂട്ടാക്കിയില്ല. സംഘര്‍ഷാന്തരീക്ഷം ലഘൂകരിക്കാന്‍ മറ്റെന്തെങ്കിലും ശ്രമം നടത്താനും അദ്ദേഹം തയാറായില്ല. പിറ്റേന്ന് ഒരു സംഘം മുസ്ലിംകള്‍ പരാതിയുമായി തഹസില്‍ദാറുടെ അടുത്തു ചെന്നു. കുറെ ഗുജ്ജാറുകള്‍ അവിടെയെത്തി കല്ലേറു തുടങ്ങി. കല്ലേറില്‍ മുസ്ലിംകള്‍ക്ക് പുറമെ തഹസില്‍ദാര്‍ക്കും പരിക്കേറ്റു. മുസ്ലിംകള്‍ എഫ്.ഐ.ആര്‍ രജിസ്റര്‍ ചെയ്യുന്നത് ഞങ്ങള്‍ക്കൊന്നു കാണണം എന്നായിരുന്നു അവരുടെ വെല്ലുവിളി. അന്ന് ഉച്ചക്ക് ശേഷം ജില്ലാ അധികാരികള്‍ രണ്ട് സമുദായങ്ങളില്‍ നിന്നും 20 പേരെ വീതം സമാധാന സംഭാഷണത്തിനു വേണ്ടി വിളിച്ചു ചേര്‍ത്തു. ഓരോ പക്ഷത്തായി ബി.ജെ.പി എം.എല്‍.എ അനിതാ ഗുജ്ജാറും കോണ്‍ഗ്രസ് എം.എല്‍.എ സാഹിദ് ഖാനും ഈ സംഭാഷണത്തില്‍ പങ്കെടുത്തിരുന്നു. യോഗം ഒരു ഒത്തുതീര്‍പ്പിലെത്താറായിരുന്നു. അപ്പോഴേക്കും കരാറിലെ ചില വ്യവസ്ഥകളെ എതിര്‍ത്തുകൊണ്ട് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അതിനു തുരങ്കം വെച്ചു. അതിനിടയില്‍ ഇനിയും ആരെന്നു തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത ഒരു ഗുജ്ജാര്‍ യോഗസ്ഥലത്തേക്ക് കുതിച്ചെത്തി, ഗ്രാമചത്വരത്തില്‍ മുസ്ലിംകള്‍ നിരവധി ഗുജ്ജാറുകളെ കൊന്നിരിക്കുന്നുവെന്ന് മുറവിളി കൂട്ടി. ഈ വ്യാജവാര്‍ത്തയില്‍ പ്രകോപിതരായ ഗുജ്ജാറുകള്‍ അങ്ങാടിയില്‍ കൊള്ളയും കൊള്ളിവെപ്പും ആരംഭിച്ചിരുന്നു. ആഗതനു പിന്നാലെ എത്തിയ ഗുജ്ജാറുകള്‍ ഉടന്‍ വെടിവെക്കാന്‍ ഉത്തരവിടണമെന്ന് ജില്ലാ അധികാരികളെ നിര്‍ബന്ധിച്ചു. അവര്‍ ഉത്തരവിട്ടു. സ്റേഷനിലുണ്ടായിരുന്ന 20 പോലീസുകാരില്‍ 8 പേര്‍ ഗുജ്ജാറുകളായിരുന്നു. അതിലൊരാള്‍ സ്റേഷനിലെ ആയുധമുറി തുറന്നു അതിലുണ്ടായിരുന്ന ആയുധങ്ങള്‍ ഗുജ്ജാറുകള്‍ക്ക് വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് 9 മുസ്ലിംകള്‍ ദാരുണമായി കൊല്ലപ്പെട്ടത്. സ്ഥലത്തെ മുസ്ലിംകളില്‍ കുറേപ്പേര്‍ അപ്രത്യക്ഷരായിട്ടുണ്ട്. പോലീസും ഗുജ്ജാറുകളും ചേര്‍ന്ന് അവരെ കൊന്ന് മൃതദേഹങ്ങള്‍ എവിടെയോ ഒളിപ്പിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ ആശങ്കിക്കുന്നു. കിണറ്റില്‍ നിന്നും വയലില്‍ നിന്നും കത്തിക്കരിഞ്ഞ ചില മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. വെടിവെപ്പ് മുഖ്യമായും പള്ളിയിലേക്കായിരുന്നു. വെടി കൊണ്ടവരിലേറെയും നമസ്കരിക്കാനെത്തിയവരാണ്. പള്ളിയുടെ തറയിലും ചുമരുകളിലും മിഹ്റാബിലുമെല്ലാം രക്തം തളംകെട്ടി കിടന്നതിന്റെ അടയാളം കാണാം. വെടിയുണ്ട തറച്ച ആറു പാടുകള്‍ പള്ളിക്കുള്ളിലും ഇരുപത്താറ് പാടുകള്‍ പുറം ചുമരുകളിലുമുണ്ട്. സംഭവം നടന്ന ഉടനെ സ്ഥലം സന്ദര്‍ശിച്ച ചില മനുഷ്യാവകാശ സംഘങ്ങള്‍ പള്ളിക്കകത്ത് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ കണ്ടതായും പറയുന്നു.
പത്രവാര്‍ത്തകളില്‍ നിന്നും, സ്ഥലം സന്ദര്‍ശിച്ച സാമൂഹിക സംഘടനകളുടെ റിപ്പോര്‍ട്ടുകളില്‍ നിന്നും സംഗ്രഹിച്ച ഈ ഹ്രസ്വവിവരണം തന്നെ ഒരു കാര്യം അസന്ദിഗ്ധമായി ബോധ്യപ്പെടുത്തുന്നുണ്ട്. ഉത്തരവാദപ്പെട്ടവര്‍ അല്‍പം ജാഗ്രത കാണിച്ചിരുന്നുവെങ്കില്‍ അനായാസം ഒഴിവാക്കാമായിരുന്നു ഗോപാല്‍ഘഡ് ദുരന്തം എന്നതാണത്. ഒരു സിവില്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ തുടങ്ങിയ കശപിശ നിഷ്ഠുരമായ കൂട്ടക്കൊലയിലേക്ക് വളര്‍ത്തിയത് പോലീസിന്റെ നഗ്നമായ വര്‍ഗീയ സമീപനവും ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥയുമാണ്. ഗോപാല്‍ഘഡ് സന്ദര്‍ശിച്ച പി.യു.സി.എല്‍, അന്‍ഹദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവയുടെ പ്രതിനിധി സംഘങ്ങളെല്ലാം ഇക്കാര്യം അടിവരയിട്ട് പറയുന്നുണ്ട്. രാജസ്ഥാന്‍ ഭരിക്കുന്നത് കോണ്‍ഗ്രസ് ഗവണ്‍മെന്റായതുകൊണ്ടാണെങ്കിലും ബി.ജെ.പി നേതാക്കള്‍ പോലും പോലീസ് വെടിവെപ്പിനെ അപലപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് സോണിയാഗാന്ധി നിയോഗിച്ച കോണ്‍ഗ്രസ് പ്രതിനിധി സംഘം സര്‍ക്കാര്‍ സമീപനത്തെക്കുറിച്ച് മൌനം പാലിച്ചതും. സംഘ്പരിവാറിന്റെ കഠോര ഹിന്ദുത്വത്തേക്കാള്‍ കരാളമാണ് ചിലപ്പോള്‍ കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വം എന്നാണിവിടെ തെളിയുന്നത്.
യു.പി ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെ വോട്ടുബാങ്ക് പോഷിപ്പിക്കാന്‍ തല്‍പരകക്ഷികള്‍ കൂടുതല്‍ സാമുദായിക സംഘര്‍ഷങ്ങള്‍ ഇളക്കിവിടാനുള്ള സാധ്യത ചില നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സര്‍ക്കാറും സമാധാന പ്രേമികളായ ജനങ്ങളും ജാഗ്രതയോടെ പരിശോധിക്കേണ്ടതാണീ നിരീക്ഷണം. ഗവണ്‍മെന്റ് മിഷനറികള്‍ ഗോപാല്‍ഘഡ് പ്രശ്നം വഷളാക്കിയതിന്റെ പേരില്‍ രാജസ്ഥാനിലെ ഗഹ്ലോട്ട് മന്ത്രിസഭയെ ശാസിക്കാനും സത്വരമായ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിക്കാനും കേന്ദ്ര ഗവണ്‍മെന്റ് തയാറാകേണ്ടതുണ്ട്. ഇല്ലെങ്കില്‍ മതേതര ജനാധിപത്യ സമൂഹം എന്ന നമ്മുടെ അവകാശവാദം പുറംലോകത്തിന്റെ കണ്ണില്‍ കേവലം പരിഹാസ്യമാകും.
Comments