'യാ അബ്ദല്ലാ അസ്ലിം, തസ്ലം'
മുജാഹിദും ജമാഅത്തും: വിരോധത്തിലെ വൈരുധ്യങ്ങള്‍-2
ജമാഅത്ത്, 'ഹുകൂമത്തെ ഇലാഹി'ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന മുജാഹിദ് വിമര്‍ശം, പോപ്പുലാരിറ്റിക്കു വേണ്ടിയുള്ള പ്രചാരണായുധമാണ്. ജമാഅത്തെ ഇസ്ലാമി 1948ല്‍ തന്നെ, ഹുകൂമത്തെ ഇലാഹിയെന്ന മുദ്രാവാക്യം ഒഴിവാക്കിയിട്ടുള്ളതാണ്. വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്മാരുടെ ലക്ഷ്യത്തെക്കുറിക്കാന്‍ പ്രയോഗിച്ച 'ഇഖാമത്തുദ്ദീന്‍' ആണ് ജമാഅത്തും ലക്ഷ്യമായി അംഗീകരിച്ചിട്ടുള്ളത്. എന്നിട്ടും 'ഹുകൂമത്തെ ഇലാഹി'യെന്ന വിമര്‍ശനപല്ലവി സദുദ്ദേശ്യപരമല്ല. സംഘടനാ വൈരാഗ്യം കൊണ്ടുള്ള തെറ്റിദ്ധരിപ്പിക്കലുകള്‍ മാത്രമാണ്. സംഘടനാ സങ്കുചിതത്വത്തിലൂടെ തൌഹീദിന്റെ സുപ്രധാന ഭാഗത്തെയാണ് അവര്‍ നഷ്ടപ്പെടുത്തുന്നത്. ജമാഅത്ത് വിരോധത്തിന്റെ പേരില്‍ അല്ലാഹുവിന്റെ ഹാകിമിയ്യത്ത് നിഷേധിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതാണ് മുജാഹിദ് പ്രസ്ഥാനവും ജമാഅത്തും തമ്മിലുള്ള അടിസ്ഥാന പ്രശ്നം (ഇന്ത്യയെപ്പോലൊരു ബഹുസ്വര സമൂഹത്തില്‍ 'ഹുകൂമത്തെ ഇലാഹി'ക്ക് വേണ്ടി വാദിക്കാനുള്ള വിവരക്കേടൊന്നും ജമാഅത്തെ ഇസ്ലാമിക്കില്ല).
ഈ വിഷയത്തില്‍ മര്‍ഹൂം കൂട്ടായി അബ്ദുല്ലഹാജിയുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ ഒരു അനുഭവമാണ് ചുവടെ.
മര്‍ഹൂം കൂട്ടായി അബ്ദുല്ല ഹാജി പഴയ തലമുറയിലെ പ്രഗത്ഭനായ മുജാഹിദ് പണ്ഡിതനായിരുന്നു. ഉള്‍നാടന്‍ കൃഷിക്കാരന്റെ പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ലോകകാര്യങ്ങളില്‍ വലിയ പിടിപാടുള്ള ആളൊന്നുമല്ല. എന്നാല്‍ ഖുര്‍ആന്‍ ധാരാളമായി ഓതി മുജാഹിദ് പ്രസ്ഥാനം പ്രതിനിധീകരിക്കുന്ന തൌഹീദ് വളരെ ശക്തമായി അവതരിപ്പിക്കാന്‍ സ്വതസിദ്ധമായ കഴിവുള്ള പണ്ഡിതനായിരുന്നു അദ്ദേഹം. എം. അബ്ദുല്ലക്കുട്ടി മൌലവിയുമായുള്ള ബന്ധവും പരിചയവും വഴി എല്ലാ റമദാനിലും കുറ്റ്യാടിയില്‍ വരുമായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ഒരു പ്രസംഗവും(ഉറുദി) കുറ്റ്യാടി ജുമുഅത്ത് പള്ളിയില്‍ നടക്കും. ഞാന്‍ എടയൂരില്‍ പ്രബോധനം ഓഫീസില്‍ ജോലി ചെയ്യുന്ന കാലം, 1950 ആദ്യം. ഒരു വെള്ളിയാഴ്ച ജുമുഅക്ക് ഞാന്‍ കുറ്റ്യാടി പള്ളിയില്‍ എത്തി. നമസ്കാരത്തിനു ശേഷം അബ്ദുല്ല ഹാജിയുടെ പ്രസംഗം ഉണ്ടായിരുന്നു. പ്രാഥമികമായി, കുറച്ച് ദീനീ വര്‍ത്തമാനങ്ങള്‍ക്കു ശേഷം തികച്ചും അപ്രതീക്ഷിതമായി, ജമാഅത്തെ ഇസ്ലാമിയെയും മൌലാനാ മൌദൂദിയെയും കുറിച്ചുള്ള വിമര്‍ശനമായി അദ്ദേഹത്തിന്റെ സംസാരം. എന്നെപ്പോലെ സദസും ചെവി കൂര്‍പ്പിച്ചിരുന്നു. സുഖകരമല്ലാത്ത ആ വര്‍ത്തമാനം, സന്ദര്‍ഭോചിതവുമായിരുന്നില്ല. ആരൊക്കെയോ മൌലവിയെ തെറ്റിദ്ധരിപ്പിച്ചതാകാനേ വഴിയുള്ളൂ. പലരും അസ്വസ്ഥരായി. പ്രസംഗം അവസാനിച്ചപ്പോള്‍ ജമാഅത്ത് പ്രവര്‍ത്തകരും മറ്റും സ്വാഭാവികമായും എന്നെ വളഞ്ഞു. മറുപടി പറയണമെന്ന അവരുടെ നിര്‍ബന്ധം എനിക്ക് നിരാകരിക്കാനായില്ല. 'ഹുകൂമത്തെ ഇലാഹി'യുടെ ആളുകളാണ് ജമാഅത്തുകാര്‍ എന്നായിരുന്നു മൌലവിയുടെ ഒരു പ്രധാന വിമര്‍ശനം. 'ഹുകൂമത്തെ ഇലാഹി' വിശദീകരിച്ചുകൊണ്ട് അല്ലാഹുവിന്റെ ഹാകിമിയ്യത്ത് സംബന്ധിച്ച് ഖുര്‍ആനില്‍ വന്ന ആയത്തുകള്‍ ഉദ്ധരിച്ച് ഞാന്‍ വിഷയമവതരിപ്പിച്ചു. കൂടുതല്‍ വിശദീകരണത്തിനൊന്നും സമയമുണ്ടായിരുന്നില്ല. അവിടെ അതിന്റെ ആവശ്യവും ഇല്ലായിരുന്നു. ഏതാണ്ട് നാല്‍പത് മിനിറ്റ് കൊണ്ട് എന്റെ മറുപടി പ്രസംഗം അവസാനിച്ചു. വിഷയവുമായി ബന്ധപ്പെട്ട സുപ്രധാനമായ ആയത്തുകളെല്ലാം ഓതുകയും അത്യാവശ്യം ചിലയിടത്ത് പണ്ഡിതന്മാര്‍ അതിന് നല്‍കിയ തഫ്സീര്‍ സൂചിപ്പിക്കുകയും ചെയ്ത പ്രസംഗം തീര്‍ന്നപ്പോള്‍ സ്വയം സംതൃപ്തി തോന്നാതിരുന്നില്ല. എന്റെ പ്രസംഗം സമാപിച്ചപ്പോള്‍ കൂട്ടായി അബ്ദുല്ല ഹാജി വീണ്ടും എഴുന്നേറ്റുനിന്നു. എനിക്ക് ആശങ്കയുണ്ടാവുക സ്വാഭാവികം. അദ്ദേഹവുമായൊരു വാദപ്രതിവാദത്തിനുള്ള പ്രായമോ പക്വതയോ എനിക്കുണ്ടായിരുന്നില്ല. എന്നാല്‍ എന്റെ ആശങ്കക്ക് തീര്‍ത്തും വിപരീതമായിരുന്നു മൌലവിയുടെ പ്രതികരണം. എന്റെ വാപ്പയുടെ പേര് എടുത്ത് പറഞ്ഞ് എന്നെ പ്രശംസിച്ചുകൊണ്ടാണ് വര്‍ത്തമാനം ആരംഭിച്ചത്. "അബ്ദുര്‍റഹ്മാന്‍ മുസ്ലിയാരുടെ മകനല്ലേ. വാപ്പയെ എനിക്കറിയാം'' - ഇതായിരുന്നു തുടക്കം. പിന്നീട് അബ്ദുല്ല ഹാജി പറഞ്ഞതിന്റെ ചുരുക്കമിങ്ങനെ: ആരാണെടോ എന്നോട് തെറ്റായ കാര്യങ്ങള്‍ പറഞ്ഞത്? ഇവിടെ വിശദീകരിച്ചതാണ് ജമാഅത്തെ ഇസ്ലാമിയെങ്കില്‍, അതുതന്നെയാണ് എന്റെയും വിശ്വാസം. മൌദൂദികളെക്കുറിച്ച് ശരിയല്ലാത്ത വിവരങ്ങള്‍ പറഞ്ഞു തന്നത് ആരാണ്? ഈ കുട്ടി ഇവിടെ പറഞ്ഞതുതന്നെയാണ് എന്റെയും വിശ്വാസം. അല്ലാഹുവിന്റെ ഹാകിമിയ്യത്തിനെ ആര്‍ക്കാണ് ചോദ്യം ചെയ്യാന്‍ അധികാരമുള്ളത്? അത് ഖുര്‍ആന്റെ നസ്വല്ലേ? എനിക്കെന്താണതിനോട് എതിര്‍പ്പ്? ആരാടാ എന്നെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത്? നാടന്‍ ശൈലിയിലുള്ള ഈ പ്രതികരണം ദുഷ്ട ലാക്കുള്ളവര്‍ക്ക് കനത്ത തിരിച്ചടിയായി. പ്രസ്ഥാനത്തിന് അത് വളരെ ഗുണകരമായിത്തീരുകയും ചെയ്തു.
ആ കാലഘട്ടത്തിലെ മുജാഹിദ് പണ്ഡിതന്മാരൊന്നും രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ അല്ലാഹുവിന്റെ ഹാകിമിയ്യത്തിനെ എതിര്‍ത്തിരുന്നില്ല. ഹാകിമിയ്യത്ത് സമര്‍ഥിച്ചുകൊണ്ടുള്ള എന്റെ പ്രസംഗത്തെ പൂര്‍ണാര്‍ഥത്തില്‍ അംഗീകരിക്കാന്‍ കുട്ടായി അബ്ദുല്ല ഹാജിക്ക് കഴിഞ്ഞതും അതുകൊണ്ടാണ്. ഇപ്പോള്‍ ഹാകിമിയ്യത്തിനെ നിഷേധിക്കുന്നതാണ് യഥാര്‍ഥത്തില്‍ മുജാഹിദുകളുടെ ഔദ്യോഗിക നിലപാടെന്ന് പറയാന്‍ ഞാന്‍ ഭയപ്പെടുന്നു. ജമാഅത്ത് വിരോധം കാരണം, ശരിയായ വീക്ഷണം മറച്ചുപിടിച്ച് ശരിയല്ലാത്ത നിലപാട് സ്വീകരിക്കുകയാണവര്‍ ചെയ്യുന്നത്. വസ്തുതകള്‍ കുറെയൊക്കെ തുറന്നു സമ്മതിക്കുന്നവരും കൂട്ടത്തിലുണ്ട്. ഒറ്റപ്പെട്ട ചില വ്യക്തികളുടെ കാര്യം വേറെത്തന്നെ പരിശോധിക്കേണ്ടതാണ്.
സലഫീ പ്രസ്ഥാനത്തിന്റെ ലോകനേതൃത്വത്തെ പ്രതിനിധീകരിക്കുന്നത് രണ്ട് ചിന്താധാരകളാണ്. ഒന്ന്, ശൈഖ് മുഹമ്മദ് അബ്ദുവും ഉസ്താദ് റശീദ് രിദയും നേതൃത്വം നല്‍കിയ ഈജിപ്ഷ്യന്‍ ചിന്താധാര. രണ്ടാമത്തേത് ശൈഖ് അബ്ദുല്‍ അസീസ് ഇബ്നു ബാസും സഹപ്രവര്‍ത്തകരും പ്രതിനിധാനം ചെയ്യുന്ന സുഊദി സരണി. ഈ രണ്ട് ധാരകളുടെയും തലപ്പത്തുള്ള പ്രമുഖ പണ്ഡിതന്മാരെല്ലാം രാഷ്ട്രീയ ഹാകിമിയ്യത്തിനെ തൌഹീദിന്റെ ഭാഗമായി സംശയാതീതമാം വിധം അംഗീകരിച്ചിരിക്കുന്നു. കേരളത്തില്‍ മാത്രമാണ്, ലോകത്തുതന്നെ ഒരു സലഫീ സംഘടന ഇത്ര സജീവമായും ശക്തമായും അല്ലാഹുവിന്റെ ഹാകിമിയ്യത്തിനെ- രാഷ്ട്രീയ സാമൂഹിക മേഖലകളിലുള്ള പരമാധികാരത്തെ- നിരാകരിച്ചുകൊണ്ട് പ്രചാരണം നടത്താന്‍ വേണ്ടി തങ്ങളുടെ കഴിവും സമയവും നഷ്ടപ്പെടുത്തുന്നത്. ജമാഅത്ത്വിരോധമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഒരു പുനരാലോചന ആവശ്യമാണ്. ഈ വിഷയം തുറന്ന സ്റേജുകളില്‍, പൊതുജനങ്ങള്‍ക്കുമുമ്പില്‍ പ്രചാരണായുധമാക്കുന്നതിനു പകരം ജമാഅത്ത്-മുജാഹിദ് പണ്ഡിതന്മാര്‍ തമ്മില്‍ സംഭാഷണം നടത്തി പരിഹരിക്കാവുന്നതേയുള്ളൂ എന്നാണ് എന്റെ അഭിപ്രായം. ഇങ്ങനെയൊരു സംഭാഷണത്തിന് ഒരിക്കല്‍ രംഗം ഏതാണ്ട് ഒത്തുവന്നതുമായിരുന്നു. സുഊദി അറേബ്യയിലെ രണ്ട് പണ്ഡിതന്മാര്‍ ശൈഖ് ഫുന്‍ദൂഖ്, ശൈഖ് ഫുല്ലാത്ത് എന്നിവര്‍ കേരളം സന്ദര്‍ശിച്ചിരുന്നു. ഇവിടെ ജമാഅത്തും മുജാഹിദും കലഹിക്കുകയാണെന്നറിഞ്ഞ്, അവര്‍ വളരെ ദുഃഖിതരായി. അവരുടെ ദൃഷ്ടിയില്‍ ജമാഅത്തും മുജാഹിദും ലോക സലഫി പ്രസ്ഥാനത്തിന്റെ ഭാഗമാണ്. എന്നിട്ടും ഇവിടെ ഇരുവിഭാഗവും വഴക്കിടുന്നതില്‍ അവര്‍ അസ്വസ്ഥരായി. രണ്ട് വിഭാഗത്തിലെയും പണ്ഡിതന്മാരെയും നേതാക്കളെയും ഇരുവരും താമസിക്കുന്ന കോഴിക്കോട് സീക്വീന്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി. മര്‍ഹൂം അബ്ദുസമദ് കാത്തിബും അവരോടൊപ്പം ഉണ്ടായിരുന്നു. പ്രാഥമിക വിവരണം കേട്ടശേഷം സുഊദി പണ്ഡിതന്മാരുടെ പ്രതികരണം, ഇത് ഞങ്ങള്‍ക്ക് ഇവിടെവെച്ച് സംസാരിച്ചു തീര്‍ക്കാന്‍ കഴിയുന്നതല്ല എന്നായിരുന്നു. തൌഹീദുമായി ബന്ധപ്പെട്ട അടിസ്ഥാന ദീനീ വിഷയമാണിത്. അതുകൊണ്ട് ശൈഖ് ഇബ്നുബാസിന്റെ സാന്നിധ്യത്തില്‍ ഇരുവിഭാഗവും ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുകയാണ് വേണ്ടത്. അതുവരെ, ഇവിടെ തര്‍ക്കവിതര്‍ക്കങ്ങള്‍ നിര്‍ത്തിവെച്ച് മുന്നോട്ടു പോകണം. ഇതാണ് അവര്‍ ആവശ്യപ്പെട്ടത്. തദടിസ്ഥാനത്തില്‍ ഒരു ഉടമ്പടി അപ്പോള്‍ തന്നെ എഴുതിത്തയാറാക്കുകയും ചെയ്തു. മൂന്ന് പതിറ്റാണ്ടുകള്‍ മുമ്പാണ് സംഭവം. ഇന്നത്തെപ്പോലെ പെട്ടെന്ന് കോപ്പിയെടുക്കാനുള്ള സൌകര്യമൊന്നും അക്കാലത്തില്ലായിരുന്നു. വളരെ വൈകിയ സമയത്ത്, ഒരു കോപ്പി മാത്രം എഴുതിത്തയാറാക്കി, പകര്‍പ്പെടുക്കാന്‍ വേണ്ടി ഉത്തമവിശ്വാസത്തോടെ ഉമര്‍ മൌലവിയുടെ നേതൃത്വത്തിലുള്ള മുജാഹിദ് സംഘത്തെ ഏല്‍പിച്ചു. അസ്വാഭാവികതയൊന്നും തോന്നിയില്ല. പിന്നീട് ആ കരാറിന്റെ കോപ്പി ഇന്നോളം ജമാഅത്തിന് ഏല്‍പിച്ചു കിട്ടിയിട്ടില്ല. ഉമര്‍ മൌലവി സംഭാഷണത്തിന് സമ്മതിച്ചതില്‍ പിന്നീട് മുജാഹിദ് പണ്ഡിതന്മാര്‍ക്ക് വിയോജിപ്പുണ്ടായെന്നും പിന്‍വാങ്ങാന്‍ അദ്ദേഹം നിര്‍ബന്ധിതനായി എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. വ്യംഗ്യമായി ഇക്കാര്യം ഉമര്‍ മൌലവി തന്നെ പറഞ്ഞിട്ടുമുണ്ട്. അദ്ദേഹം എഴുതിയത് കാണുക:
"അറബി പണ്ഡിതന്മാര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് അവര്‍ എന്നെ ക്ഷണിച്ചു. ഞാന്‍ ചെന്നപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ കേരള അമീര്‍ അടക്കം ഉന്നത നേതാക്കള്‍ അവിടെയുണ്ട്. മദീനയിലെ ശൈഖ് ഉമര്‍ ഫുല്ലാത്തയുടെ നേതൃത്വത്തില്‍ അവരുമായി ഒരു സുഹൃദ് സംഭാഷണത്തിന് രംഗമൊരുക്കിയിരിക്കുകയായിരുന്നു അവിടെ. ഞാന്‍ നിരസിച്ചില്ല. സൌഹൃദം പാടില്ലെന്നുള്ള ഒരു വാശി എനിക്ക് ഒരിക്കലുമില്ലായിരുന്നു. പക്ഷേ, ജമാഅത്തുകാര്‍ ആഗ്രഹിക്കുന്ന സൌഹൃദം ഞാന്‍ നിശ്ശബ്ദനാകണമെന്നതാണ്. കുറെ സമയം ചര്‍ച്ച നടന്നു. അറബ് പണ്ഡിതന്മാര്‍ ജമാഅത്ത് അനുകൂലികളാണല്ലോ. പരസ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കി കഴിയുന്നതും സൌഹാര്‍ദപരമായി ഇരുകൂട്ടരും പ്രവര്‍ത്തിക്കണമെന്ന് അവര്‍ ഏകോപിച്ച് എന്നോട് ആവശ്യപ്പെട്ടു. ശൈഖ് ഇബ്നുബാസിന്റെ ഫത്വ ബന്ധപ്പെട്ട വിഷയത്തില്‍ ലഭിച്ചാല്‍ അതുപ്രകാരം ഞാന്‍ പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞപ്പോള്‍ അതിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാമെന്ന് ശൈഖുമാര്‍ സമ്മതിച്ചു. അങ്ങനെ സൌഹാര്‍ദം നിലനില്‍ക്കത്തക്കവിധം മുന്നോട്ട് പോകാന്‍ ഉതകുന്ന ഒരു കരാര്‍ ഉണ്ടാക്കുകയും ജമാഅത്ത് നേതാക്കളും ഞാനും അതില്‍ ഒപ്പ് വെക്കുകയും ചെയ്തു. ഈ സംഭവം കെ.എന്‍.എം നേതൃത്വത്തില്‍ വലിയ അലോസരമുണ്ടാക്കി. ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റായിരിക്കെ നേതൃത്വവുമായി ആലോചിക്കാതെ ഇത്തരം ഒരു കരാറില്‍ ഒപ്പ് വെച്ചതില്‍ അവര്‍ എന്നെ ശക്തിയായി കുറ്റപ്പെടുത്തി. ആ കുറ്റപ്പെടുത്തലില്‍ കഴമ്പുണ്ടെന്ന് എനിക്കും തോന്നി. എ.പി അബ്ദുല്‍ഖാദിര്‍ മൌലവിയാണ് എനിക്കെതിരില്‍ ശക്തമായ നിലപാട് സ്വീകരിച്ചത്. സംഘടനാ വൈഭവത്തില്‍ അക്കാലത്ത് തന്നെ അദ്ദേഹം മികവ് പുലര്‍ത്തിയിരുന്നു. ഞാന്‍ സംഘടനക്ക് ഒരു ഭാരവും മുന്നോട്ടുള്ള ഗമനത്തിനും ചട്ടവട്ടങ്ങള്‍ക്കും തടസ്സവുമാകുന്നുവെന്ന സൂചനയാണ് എ.പിയും മറ്റുള്ളവരും നല്‍കുന്നതെന്ന് എനിക്ക് ബോധ്യമായി. ഞാന്‍ എന്റെ പ്രിയപ്പെട്ട പ്രസ്ഥാനത്തിന് ചുമക്കാന്‍ കഴിയാത്ത ഒരു ഭാരമാകരുതെന്ന് തീരുമാനിച്ചു. സംഘടനയില്‍ ഭാരവാഹിയാകുന്നതിന് ഞാന്‍ കൊള്ളുകയില്ലെന്ന് സ്വയം മനസ്സിലാക്കി. ജംഇയ്യത്തുല്‍ ഉലമായുടെ അധ്യക്ഷപദവി ഒഴിയാന്‍ ഞാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും എന്റെ സുഹൃത്തുക്കള്‍ അത് അനുകൂലിക്കുകയും ചെയ്തു. ഞാന്‍ സ്ഥാനമൊഴിഞ്ഞു'' (ഓര്‍മകളുടെ തീരത്ത്, കെ. ഉമര്‍മൌലവിയുടെ ആത്മകഥ. പേജ്: 525,526).
ഇരുവര്‍ക്കും സമ്മതനായ ഒരു ലോകപണ്ഡിതന്റെ സാന്നിധ്യത്തില്‍ അത്തരമൊരു സംഭാഷണത്തിന്റെ പ്രസക്തി ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല.
ഇതിനകം ഒന്നിലധികം പ്രാവശ്യം മുജാഹിദ് ജമാഅത്ത് പണ്ഡിതന്മാര്‍ തമ്മില്‍ ചര്‍ച്ചകളും സംവാദങ്ങളും നടന്നിട്ടുള്ളത് എടുത്ത് പറയേണ്ടതാണ്. മതവാദ പ്രതിവാദങ്ങളെക്കുറിച്ച് വിവരിക്കുന്ന അധ്യായത്തില്‍ ഇതേക്കുറിച്ച് സൂചിപ്പിക്കാം.
ദീനീ തല്‍പരരും സമുദായ സ്നേഹികളുമായ ചില പ്രമുഖര്‍ ഇടപെട്ടുകൊണ്ട് ഇരു കക്ഷികള്‍ക്കുമിടയില്‍ സൌഹൃദം സ്ഥാപിക്കാന്‍ വളരെ ആത്മാര്‍ഥമായ ശ്രമം നടത്തിയിട്ടുണ്ട്. എറണാകുളത്തെ ബാവമൂപ്പന്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് ഇവിടെ ഓര്‍മിക്കാവുന്നതാണ്. അത്തരം ചര്‍ച്ചകളില്‍ ജമാഅത്തെ ഇസ്ലാമിയെ പ്രതിനിധീകരിച്ചുകൊണ്ട്, കെ.സി അബ്ദുല്ല മൌലവി ടി. ഇസ്ഹാഖലി മൌലവി എന്നിവര്‍ക്കൊപ്പം ഞാനും പങ്കെടുത്തിട്ടുണ്ട്. അതിലൊരു തമാശ ഇപ്പോഴും ഓര്‍ക്കുന്നു. മധ്യസ്ഥര്‍ എന്തോ ആവശ്യത്തിന് പുറത്തുപോയപ്പോള്‍ എന്റെ സുഹൃത്തായ മുജാഹിദ് പ്രസ്ഥാനത്തിലെ പ്രഗത്ഭ നേതാവ് തമാശയായി പറഞ്ഞു: "ഈ നല്ല മനുഷ്യര്‍ ഇങ്ങനെ സമയം ചെലവഴിക്കുന്നതില്‍ വലിയ സങ്കടം തോന്നുന്നു. നമ്മള്‍ ഒന്നാവില്ല എന്ന് ഇവര്‍ക്ക് മനസിലായില്ലല്ലോ! നമ്മള്‍ ഒന്നാവില്ലെന്ന് നമ്മള്‍ക്കല്ലാതെ അറിയില്ല! ഈ പാവങ്ങള്‍ വെറുതെ മെനക്കെടുകയാണ്!'' ഞാനിതിന് മറുപടിയൊന്നും പറഞ്ഞില്ല. ചെറുതായൊന്ന് ചിരിക്കുകമാത്രം ചെയ്തു. ഇത്തരം സൌഹാര്‍ദ ശ്രമങ്ങളൊന്നും യഥാര്‍ഥത്തില്‍ ഫലം കണ്ടില്ല എന്നത് വസ്തുതയാണ്. മുസ്ലിം സമുദായത്തെ ആഴത്തില്‍ കാര്‍ന്നു തിന്നുന്ന സംഘടനാ പക്ഷപാതവും വൈരാഗ്യവും തന്നെയാണ് കാരണമെന്ന് പറയാതെ വയ്യ.
മുജാഹിദ് പണ്ഡിതന്മാര്‍, പ്രത്യേകിച്ച് ഉമര്‍ മൌലവി ജമാഅത്തിനോട് പലപ്പോഴും സ്വീകരിച്ച നിലപാട് ദുഃഖകരമായിരുന്നു. അതിലൊന്നാണ് ഞാന്‍ ജമാഅത്തിന്റെ കേരള അമീറായിരിക്കെ അദ്ദേഹം എനിക്കയച്ച അറബിയിലുള്ള കത്ത്. ജമാഅത്തെ ഇസ്ലാമി കേരള അമീറായ എന്നെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു കത്ത്. 'യാ അബ്ദല്ലാ അസ്ലിം തസ്ലം' എന്നാണ് കത്ത് ആരംഭിക്കുന്നത്. അമുസ്ലിം രാജാക്കന്മാരെയും നേതാക്കന്മാരെയും ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് നബി(സ) അയച്ച കത്തിന്റെ തനിപകര്‍പ്പാണിത്. പേരും വിലാസവും മാത്രമേ വ്യത്യാസമുള്ളൂ. ഇതൊന്നും വലിയ കാര്യ ഗൌരവത്തില്‍ കാണുന്നില്ലെങ്കിലും, സമുദായത്തില്‍ ഇത് സൃഷ്ടിക്കുന്ന അനാരോഗ്യകരമായ പ്രതിഫലനങ്ങളെ അവര്‍ ഒട്ടും കണക്കിലെടുക്കുന്നില്ല എന്നതാണ് നമ്മെ പ്രയാസപ്പെടുത്തുന്നത്. ഒരിക്കല്‍ ഒരു സംവാദത്തിന് ആമുഖമായി ടി. മുഹമ്മദ് സാഹിബ് വിനയാന്വിതനായി ഒരു സംസാരം നടത്തി: "ജമാഅത്തെ ഇസ്ലാമിക്ക് സംഘടനാപരമായ വാശിയൊന്നുമില്ല. തെറ്റുപറ്റിയെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തുന്നതിന് യാതൊരു തടസവുമില്ല. ബോധ്യപ്പെടണം എന്നു മാത്രമേയുള്ളൂ.'' മാന്യന്മാരുടെ സദസില്‍ മാന്യതയുള്ള ഒരു സമീപനമായേ ഇത് മനസിലാക്കുകയുള്ളൂ. പക്ഷേ, 'ജമാഅത്തുകാര്‍ തോറ്റു, തെറ്റ് സമ്മതിച്ചു' എന്ന അര്‍ഥത്തിലാണ് ഇതിന് വ്യാപകമായ പ്രചാരണം നല്‍കപ്പെട്ടത്.
അടിയന്തരാവസ്ഥയില്‍ ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെട്ടപ്പോള്‍ അന്നത്തെ സാഹചര്യത്തില്‍ മുസ്ലിം സംഘടനകള്‍ക്ക് അതിനെതിരെ ശബ്ദിക്കാനായില്ലെങ്കില്‍ മനസിലാക്കാവുന്നതേയുള്ളൂ. പക്ഷേ, ഉമര്‍ മൌലവി ചെയ്തത് ഒരു മതനേതാവിന് ഒരിക്കലും ഭൂഷണമല്ലാത്ത കാര്യമാണ്. ജനാധിപത്യം കൊലചെയ്യപ്പെട്ട അടിയന്തരാവസ്ഥയെ പിന്തുണക്കുകയാണ് ഉമര്‍ മൌലവി ചെയ്തത്. ഇതദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്:
"സമൂഹത്തിന്റെ ധാര്‍മികവും സദാചാരപരവുമായ അധഃപതനം, വിവിധ മണ്ഡലങ്ങളില്‍ ഏറിവരുന്ന അരക്ഷിതാവസ്ഥ, മൂല്യത്തകര്‍ച്ച ഇത്യാദി അടിസ്ഥാന ദോഷങ്ങള്‍ അഴിഞ്ഞാടുന്ന അന്തരീക്ഷത്തില്‍ നിന്നുകൊണ്ടാണ് ഞാന്‍ അടിയന്തരാവസ്ഥയെ നോക്കിക്കാണാന്‍ ശ്രമിച്ചത്. സ്ഥിതിഗതികള്‍ പൊതുവെ ശാന്തം. സമരങ്ങളുടെ ഓളങ്ങള്‍ സദാ അലയടിക്കുന്ന കേരളത്തെ ഞാന്‍ വീക്ഷിച്ചു. എല്ലാം വളരെ കൃത്യമായി നടക്കുന്നു. പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നില്ല. സര്‍ക്കാര്‍ ആഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും വാണിജ്യകേന്ദ്രങ്ങളും വ്യവസായശാലകളും തുറമുഖങ്ങളും ആശുപത്രികളും വിദ്യാലയങ്ങളും എണ്ണയിട്ട യന്ത്രം പോലെ സുഗമമായി ചലിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ ചുമതലാബോധത്തോടെ പെരുമാറുന്നു. ഭയമാണ് ഇവരെ നിയന്ത്രിക്കുന്നതെന്ന് മനസ്സിലായി. ആരെയും പേടിക്കേണ്ടതില്ലാത്ത ഒരു സാമൂഹികാന്തരീക്ഷത്തില്‍ വരാവുന്ന മുഴുവന്‍ വിഷമതകളും അനുഭവിച്ച രാജ്യം പെട്ടെന്ന് ഈ നിലയില്‍ മാറുന്നത് കണ്ടപ്പോള്‍ അടിയന്തരാവസ്ഥയെ ഞാന്‍ അനുകൂലിച്ചു. ഈ കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയും മറ്റും എന്നെ വളരെയേറെ അധിക്ഷേപിച്ചിട്ടുണ്ട്. അവര്‍ നിരോധിക്കപ്പെട്ടത് തന്നെ പ്രധാന കാരണം.
സര്‍ക്കാര്‍ മിഷനറികള്‍ അവരെക്കുറിച്ച് മനസ്സിലാക്കിയതെങ്ങനെ എന്ന് പഠിക്കാന്‍ ഞാന്‍ ശ്രമിച്ചു. കാരണം, ഇന്ത്യയിലെ മതസംഘടനകള്‍ക്കും മതപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും അതുള്‍ക്കൊള്ളുന്ന പത്രമാധ്യമങ്ങള്‍ക്കും ഒരു പ്രത്യേക നിയന്ത്രണവുമുണ്ടായിരുന്നില്ല. പൊതുയോഗങ്ങള്‍ നിരോധിക്കപ്പെട്ട അക്കാലത്ത് ധാരാളം പൊതുയോഗങ്ങള്‍ മതപ്രചാരണാര്‍ഥം നിത്യവും നടന്നുകൊണ്ടിരുന്നു. ഞാന്‍ വിശ്രമമില്ലാതെ അന്ന് പ്രസംഗിച്ചു നടന്നിരുന്നു. എന്റെ സല്‍സബീല്‍ വെറും രണ്ടു പൈസ ചെലവില്‍ ഇന്ത്യയുടെ ഏത് ഭാഗത്തും പോസ്റുവഴി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ അന്ന് സൌകര്യമുണ്ടായിരുന്നു. അതുപോലെ എല്ലാ മത പ്രചാരണ പത്രങ്ങളും ഈ ആനുകൂല്യം ഉപയോഗിച്ചിരുന്നു.'' (ഓര്‍മകളുടെ തീരത്ത്, പേജ് 512,513).
അടിയന്തരാവസ്ഥയില്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതിന് നന്ദി രേഖപ്പെടുത്തുകയും കഅ്ബയുടെ കില്ലപിടിച്ച് ഇന്ദിരാഗാന്ധിക്കുവേണ്ടി പ്രാര്‍ഥിക്കുകയുമാണ് ഉമര്‍ മൌലവി ചെയ്തത്. നമ്മുടെ ദീനീനേതൃത്വം എത്തിപ്പെട്ട മാനസികാവസ്ഥയിലേക്കാണ് ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്.
(തുടരും)
Comments