ഉര്‍ദുഗാന്റെ യാത്രകള്‍
ഘടികാരസൂചി തിരിയുന്നതെങ്ങോട്ട് ? -3
പ്രമുഖ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയില്‍ തുര്‍ക്കി സര്‍ക്കാറിന്റെ വിദേശകാര്യനയം വിശദീകരിക്കുന്ന അധ്യായത്തില്‍ കൗതുകകരമായ ഒരു ലോകഭൂപടം എടുത്തുചേര്‍ത്തിട്ടുണ്ട്. തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സന്ദര്‍ശിച്ച രാജ്യങ്ങളും സന്ദര്‍ശിക്കാത്ത രാജ്യങ്ങളും യഥാക്രമം നീല, ചാര നിറങ്ങളില്‍ വേര്‍തിരിച്ചിരിക്കുകയാണ് ആ ഭൂപടത്തില്‍. ചാരനിറം ആ ഭൂപടത്തില്‍ വളരെ കുറച്ചേ നിങ്ങള്‍ക്ക് കാണാന്‍ കഴിയൂ. ഉര്‍ദുഗാന്‍ എത്തിപ്പെടാത്ത ലോകരാജ്യങ്ങള്‍ നന്നെക്കുറച്ചേ വരൂ എന്നര്‍ഥം. തലസ്ഥാനങ്ങളില്‍ നിന്ന് തലസ്ഥാനങ്ങളിലേക്കുള്ള നിരന്തര യാത്രകള്‍ ഉര്‍ദുഗാന്റെയും സൈദ്ധാന്തികനായ അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി അഹ്മദ് ദാവോദ് ഒഗ്‌ലുവിന്റെയും ഹരമാണെന്ന് പറയാം. ഇത് വെറും യാത്രകളല്ല; 'യൂറോപ്പിലെ രോഗി' എന്ന് പരിഹസിക്കപ്പെട്ടിരുന്ന തുര്‍ക്കി സാര്‍വദേശീയ രാഷ്ട്രീയത്തില്‍ നേടിയെടുത്തിരിക്കുന്ന പദവിയുടെയും ആദരവിന്റെയും സൂചകങ്ങളാണ്. ആഗോള നയതന്ത്രരംഗത്ത് അസൂയാര്‍ഹമായ പദവിയാണിന്ന് എ.കെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള തുര്‍ക്കി സര്‍ക്കാര്‍ വഹിക്കുന്നത്.
എ.കെ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 'ഹെദഫ് 2023' എന്ന പേരില്‍ ഒരു പേജുണ്ട്. 2023ല്‍ ആധുനിക തുര്‍ക്കി റിപ്പബ്ലിക് നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്. 2023 ആവുമ്പോഴേക്ക് നേടിയെടുക്കേണ്ട ലക്ഷ്യങ്ങള്‍ (ടാര്‍ഗറ്റ്) ആണ് 'ഹെദഫി'ല്‍ വിവരിച്ചിരിക്കുന്നത്. പുരോഗതി പ്രാപിച്ച ജനാധിപത്യം, ശക്തമായ സമ്പദ്‌വ്യവസ്ഥ, ഊര്‍ജസ്വലമായ സമൂഹം, താമസയോഗ്യമായ പരിസ്ഥിതിയും അറിയപ്പെട്ട നഗരങ്ങളും, നായകരാജ്യം എന്നിവയാണ് ഹെദഫില്‍ എണ്ണിപ്പറഞ്ഞിരിക്കുന്ന പ്രമുഖ അഞ്ച് ലക്ഷ്യങ്ങള്‍. സാമ്പത്തിക രംഗത്ത് തുര്‍ക്കി ഇപ്പോള്‍ തന്നെ യൂറോപ്പിലെ ഏറ്റവും വളര്‍ച്ചയുളള സമ്പദ്ഘടനയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ഉഴലുമ്പോഴാണ് തുര്‍ക്കി വളര്‍ച്ചാനിരക്കില്‍ വന്‍ മുന്നേറ്റം നടത്തുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 2023 ആകുമ്പോഴേക്ക് ലോകത്തെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന 10 സമ്പദ്ശക്തികളില്‍ ഒന്ന് തുര്‍ക്കിയായിരിക്കും എന്ന് എ.കെ പാര്‍ട്ടി ലക്ഷ്യമിടുന്നു. വിദേശകാര്യ രംഗത്ത് നായക പദവിയില്‍ നില്‍ക്കുന്ന രാജ്യം എന്നതാണ് അവരുടെ ലക്ഷ്യം. ഇനിയും പത്ത് വര്‍ഷം കൂടി മുന്നില്‍ കണ്ട് കൊണ്ടുള്ള ടാര്‍ഗറ്റുകളാണ് ഇവയെങ്കിലും, പശ്ചിമേഷ്യയുടെ കാര്യത്തിലെങ്കിലും തുര്‍ക്കി ഇന്ന് നായകസ്ഥാനത്താണെന്ന് മേഖലയിലെ രാഷ്ട്രീയം നിരീക്ഷിക്കുന്ന ആരും സമ്മതിക്കും.
കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ ഉര്‍ദുഗാന്‍ നടത്തിയ ചില യാത്രകള്‍ ഈ വിശകലനത്തില്‍ പ്രത്യേകം എടുത്തുപറയേണ്ടതാണ്. ആഫ്രിക്കന്‍ മുസ്‌ലിം രാജ്യമായ സോമാലിയ പട്ടിണിയിലേക്ക് കൂപ്പ് കുത്തിയ സന്ദര്‍ഭം. ഐക്യരാഷ്ട്ര സഭയും പശ്ചാത്യ സമ്പന്ന രാഷ്ട്രങ്ങളും പ്രസ്താവനകള്‍ മാത്രം നടത്തി കാഴ്ചക്കാരായി നോക്കിനില്‍ക്കവെയാണ് ആഗസ്റ്റ് 9-ന് ഉര്‍ദുഗാന്‍ കുടുംബസമേതം സോമാലിയന്‍ തലസ്ഥാനമായ മൊഗാദിശുവില്‍ വിമാനമിറങ്ങുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ആദ്യമായി ഒരു വിദേശ രാജ്യത്തലവന്‍ അങ്ങനെ മൊഗാദിശുവിലെത്തി. സോമാലിയക്ക് വേണ്ടി വന്‍ സഹായപദ്ധതികളാണ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചത്. അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, കുടിവെള്ളം, വീടുനിര്‍മാണം എന്നീ മേഖലകളില്‍ നിരവധി പദ്ധതികള്‍ തുര്‍ക്കി ഏറ്റെടുത്തു. ആഗസ്റ്റ് 1 മുതല്‍ 9 വരെ തുര്‍ക്കിയില്‍ നടത്തിയ സോമാലിയന്‍ കാമ്പയിനിലൂടെ ശേഖരിച്ച 201 മില്യന്‍ ഡോളര്‍ സോമാലിയക്ക് കൈമാറുകയും ചെയ്തു. ഉര്‍ദുഗാനും ഭാര്യ അമീനയും ചേര്‍ന്ന് മൊഗാദിശുവിലെ അഭയാര്‍ഥി ക്യാമ്പുകളിലെ പട്ടിണിക്കോലങ്ങളായ കുട്ടികളെ എടുത്ത് ലാളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അറബ്/മുസ്‌ലിം ബഹുജനങ്ങളില്‍ വര്‍ധിച്ച ആവേശവും പ്രേരണയും ചെലുത്തി. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി സോമാലിയന്‍ പ്രശ്‌നത്തോട് അറബ് ലോകം ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന് പിന്നില്‍ ഉര്‍ദുഗാന്‍ എഫക്റ്റ് വളരെ വലുതായിരുന്നു. തന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇസ്തംബൂളില്‍ അദ്ദേഹം സോമാലി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം രാഷ്ട്ര നേതാക്കളുടെ സമ്മേളനവും വിളിച്ചു ചേര്‍ത്തിരുന്നു. അമേരിക്കന്‍ പ്രസിദ്ധീകരണമായ 'ഫോറിന്‍ പോളിസി'യുടെ ഏറ്റവും പുതിയ ലക്കത്തില്‍ 'സോമാലിയയുടെ കണ്ണുനീര്‍' എന്ന തലക്കെട്ടില്‍ അദ്ദേഹം വിശദമായ ഒരു ലേഖനവും എഴുതി. തുര്‍ക്കിക്ക് സോമാലിയയില്‍ എന്തെങ്കിലും സാമ്പത്തിക, സൈനിക ലക്ഷ്യങ്ങള്‍ ഉണ്ടാവുമെന്ന് ആരും പറയില്ല. തകര്‍ന്ന് തരിപ്പണമായി, പരസ്പരം പോരടിക്കുന്ന ഗ്രൂപ്പുകളെക്കൊണ്ട് നിറഞ്ഞ, അലമ്പു പിടിച്ച ആ രാജ്യത്ത് പോകാന്‍ തന്നെ പലരും അറക്കുകയും ഭയക്കുകയുമായിരുന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍ മൊഗാദിശുവില്‍ പോകുവാനും അവിടെ തുര്‍ക്കിയുടെ എംബസി തുറക്കാനുമുള്ള ഉര്‍ദുഗാന്റെ തീരുമാനം വലിയൊരു ധാര്‍മിക മുന്‍കൈ ആയിരുന്നു. ഇസ്തംബൂളിലെ സോമാലി സമ്മേളനത്തില്‍ നടത്തിയ ആമുഖ പ്രഭാഷണത്തില്‍ മുതലാളിത്ത സാമ്പത്തിക വളര്‍ച്ചയില്‍ നഷ്ടമാകുന്ന മാനുഷികവും ധാര്‍മികവുമായ ഭാവങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു.
അറബ്/മുസ്‌ലിം ലോകത്തെ പ്രേരണാശക്തി എന്ന അവസ്ഥയിലേക്ക് തുര്‍ക്കിയും ഉര്‍ദുഗാനും പടിപടിയായി ഉയരുകയായിരുന്നു. അറബ് തെരുവുകള്‍ ഏറ്റവും ആദരിക്കുന്ന വ്യക്തിയായി അദ്ദേഹം മാറിക്കഴിഞ്ഞു. അമേരിക്കയുടെയും ഇസ്രയേലിന്റെയും നയങ്ങള്‍ക്കെതിരെ തുറന്നടിക്കുന്ന ഇറാനിയന്‍ പ്രസിഡന്റ് അഹ്മദീ നിജാദായിരുന്നു അറബ് തെരുവുകളില്‍ നേരത്തെ ആവേശം വിതറിയിരുന്നത്. എന്നാല്‍ നിജാദിനെപ്പോലെ രൂക്ഷമായ വാക്പ്രയോഗങ്ങളോ അട്ടഹാസങ്ങളോ മുഴക്കാന്‍ ഉര്‍ദുഗാന്‍ തയാറല്ല. പതിഞ്ഞ സ്വരത്തില്‍ മൃദുവായി കാര്യങ്ങള്‍ പറഞ്ഞ്, പടിപടിയായി പ്രായോഗിക ചുവടുകള്‍ വെക്കുന്നതാണ് അദ്ദേഹത്തിന്റെ നയം. എല്ലാവരോടും അടുത്ത സൗഹൃദം പുലര്‍ത്തുക, ആരുമായും യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുക, വിയോജിപ്പ് നയചാതുരിയോടെ പ്രകടിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലൈന്‍. ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ക്ക് അസാമാന്യ സ്വീകാര്യത ലഭിക്കുന്നു; അതിനാല്‍ തന്നെ ഭരണകൂടങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ പലപ്പോഴും നിസ്സഹായരാവുകയും ചെയ്യുന്നു.
തഹ്‌രീര്‍ സ്‌ക്വയറില്‍ പ്രക്ഷോഭകാരികള്‍ വന്നു നിറയവെ, ഫെബ്രുവരി ഒന്നിന് അങ്കാറയില്‍ ചേര്‍ന്ന എ.കെ പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ ഉര്‍ദുഗാന്‍ നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ പ്രഭാഷണത്തില്‍ നിന്ന്: ''ഇവിടെ നിന്ന് വളരെ ലളിതമായ, എന്നാല്‍ ആത്മാര്‍ഥമായ ഒരു ചെറുനിര്‍ദേശം ഹുസ്‌നി മുബാറകിന് മുമ്പാകെ വെക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. നമ്മളെല്ലാം മനുഷ്യരാണ്. നമ്മള്‍ നശ്വരരാണ്. കാലാകാലം നാമിവിടെ ജീവിച്ചിരിക്കില്ല. നാമെല്ലാം മരിക്കും. ജീവിതത്തില്‍ ചെയ്തുവെച്ചതിനെക്കുറിച്ച് നാമെല്ലാം ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. മുസ്‌ലിംകളെന്ന നിലക്ക്, രണ്ട് ക്യൂബിക് മീറ്റര്‍ കുഴിയില്‍ ഒടുങ്ങാനുള്ളതാണ് നമ്മുടെ ജീവിതങ്ങള്‍. നാം നശ്വരര്‍. അനശ്വരമായിട്ടുള്ളത് നാം നമുക്ക് പിന്നില്‍ വിട്ടേച്ചു പോകുന്ന പൈതൃകമൂല്യങ്ങളാണ്. ആദരവോടെ ഓര്‍മിക്കപ്പെടുന്ന കാര്യങ്ങളാണ് പ്രധാനമായിട്ടുള്ളത്. വരപ്രസാദമായി അവ ഓര്‍ത്തുവെക്കപ്പെടും. നാം ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു. നാം നമ്മുടെ ദൗത്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പൂര്‍ത്തീകരിക്കുന്നു. നാം മരിക്കവെ, ഇമാം നമ്മുടെ മൃതശരീരത്തിന് അടുത്തേക്ക് വരുന്നു. രാഷ്ട്രത്തലവനെന്നോ പ്രധാനമന്ത്രിയെന്നോ മന്ത്രിയെന്നോ ഉള്ള നിലക്കല്ല ഇമാം നമ്മെ അഭിസംബോധന ചെയ്യുന്നത്. വെറുമൊരു പുരുഷന്‍, അല്ലെങ്കില്‍ സ്ത്രീ എന്ന നിലയിലാണ് ഇമാം നമ്മെ കാണുന്നത്. നിങ്ങളുടെ കൂടെ അപ്പോള്‍ ഒപ്പമുണ്ടാവുക വെറുമൊരു ശവക്കച്ച മാത്രം, മറ്റൊന്നുമില്ല. അതിനാല്‍ ആ ശവക്കച്ചയുടെ വില നാം മനസ്സിലാക്കണം. നാം നമ്മുടെ മനസ്സാക്ഷിയുടെയും ജനങ്ങളുടെയും വിളി കേട്ടേ മതിയാവൂ. ഒന്നുകില്‍ ജനങ്ങളുടെ പ്രാര്‍ഥന, അല്ലെങ്കില്‍ അവരുടെ ശാപമൊഴി-അതിന് നാം വിധേയരാവുക. അതിനാല്‍ ഞാന്‍ തീര്‍ത്തു പറയുന്നു, ജനങ്ങളുടെ മാനുഷികമായ ആവശ്യങ്ങള്‍, അവരുടെ ആര്‍ത്തനാദങ്ങള്‍ നിങ്ങള്‍/നമ്മള്‍ കേട്ടേ മതിയാവൂ. മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹത്തെ മടികൂടാതെ നിവര്‍ത്തിച്ചുകൊടുക്കുക. നമ്മുടെയീ ലോകത്ത്, ഈ കാലത്ത് സ്വാതന്ത്ര്യം എന്ന ആവശ്യത്തെ നമുക്ക് അവഗണിക്കാനോ മറ്റൊരു സമയത്തേക്ക് മാറ്റിവെക്കാനോ കഴിയില്ല തന്നെ.'' ഈജിപ്ഷ്യന്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പരസ്യമായി പ്രക്ഷോഭകാരികളോടൊപ്പം നിന്നുകൊണ്ടുള്ള ഒരു വിദേശ രാഷ്ട്രത്തലവന്റെ ആദ്യ സംസാരമായിരുന്നു ഇത്. ഏതാണ്ടെല്ലാ പ്രമുഖ അറബ് ചാനലുകളും ഈ പ്രഭാഷണം തല്‍സമയം സംപ്രേഷണം ചെയ്യുകയുണ്ടായി.
തഹ്‌രീര്‍ സ്‌ക്വയര്‍ സംഭവിക്കുകയും ഹുസ്‌നി മുബാറക് കിരീടം വിട്ടോടുകയും ചെയ്ത ശേഷം ഉര്‍ദുഗാന്‍ ഈജിപ്തിലേക്ക് പുറപ്പെട്ടു. 'അറബ് വസന്ത പര്യടനം' എന്ന് പേരുവിളിക്കപ്പെട്ട ആ യാത്രയില്‍ ഈജിപ്ത്, തുനീഷ്യ, ലിബിയ എന്നീ രാജ്യങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. സെപ്തംബര്‍ 12ന് അര്‍ധ രാത്രിയാണ് ഉര്‍ദുഗാന്‍ കയ്‌റോവില്‍ വിമാനമിറങ്ങുന്നത്. വിമാനത്താവളത്തിന് പുറത്ത് പതിനായിരങ്ങള്‍ പാതിരാവില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഒത്തുചേര്‍ന്നു. യൂനിഫോമിട്ട പട്ടാളക്കാര്‍ നല്‍കുന്ന ഔദ്യോഗിക സ്വീകരണമാണ് സാധാരണഗതിയില്‍ രാഷ്ട്രത്തലവന്മാര്‍ക്ക് അന്യരാജ്യങ്ങളില്‍ ലഭിക്കാറ്. എന്നാല്‍ സി.എന്‍.എന്‍ വിശേഷിപ്പിച്ചത് പ്രകാരം ഒരു 'റോക്ക് സ്റ്റാറി'നെപ്പോലെ കയ്‌റോ നഗരവാസികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവള പരിസരത്ത് അദ്ദേഹം ഹ്രസ്വമായ ഒരു പ്രഭാഷണം നടത്തി. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ നേതൃത്വവുമായി പ്രത്യേക ചര്‍ച്ച നടത്താനും ഉര്‍ദുഗാന്‍ സമയം കണ്ടെത്തി. തൊട്ടടുത്ത ദിവസങ്ങളിലെ തുനീഷ്യന്‍, ലിബിയന്‍ സന്ദര്‍ശനങ്ങളിലും സമാനമായ അനുഭവങ്ങള്‍ അരങ്ങേറി. തൂനിസിലെ കാര്‍ത്തേജ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ പതിനായിരങ്ങള്‍ക്കിടയില്‍ അന്നഹ്ദയുടെ നേതാവ് റാശിദുല്‍ ഗനൂശിയുമുണ്ടായിരുന്നു. ഗനൂശിയെ ആശ്ലേഷം ചെയ്യുന്ന ഉര്‍ദുഗാന്റെ പടങ്ങള്‍ പത്രങ്ങളില്‍ നിറഞ്ഞു. തുര്‍ക്കി മോഡലാണ് തുനീഷ്യയില്‍ താന്‍ ഉദ്ദേശിക്കുന്നതെന്ന് ഗനൂശി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിപ്ലവകാരികള്‍ ട്രിപളി കീഴടക്കിയതിന്റെ തൊട്ടടുത്ത ആഴ്ചയായിരുന്നു ഉര്‍ദുഗാന്റെ ലിബിയന്‍ സന്ദര്‍ശനം. പുതിയ ലിബിയന്‍ നേതൃത്വത്തോടും ലക്ഷക്കണക്കിന് ജനങ്ങളോടുമൊപ്പം അദ്ദേഹം ട്രിപളി നഗരചത്വരത്തിലെ ജുമുഅ നമസ്‌കാരത്തില്‍ പങ്കുകൊണ്ടു. കയ്‌റോവില്‍ നിന്ന് ഉര്‍ദുഗാന്‍ ഗസ്സയിലേക്ക് പോകുമെന്നൊരു അഭ്യൂഹം പ്രചരിക്കപ്പെട്ടിരുന്നു. ഉര്‍ദുഗാന് സ്വാഗതമോതിക്കൊണ്ട് ഗസ്സയില്‍ കുട്ടികള്‍ റാലി നടത്തുകയും ചെയ്തു. എന്നാല്‍ ഗസ്സാ സന്ദര്‍ശനം ഇല്ല എന്ന് ഉര്‍ദുഗാന്‍ തന്നെ അവസാന നിമിഷം പ്രഖ്യാപിച്ചു. അതിന് അദ്ദേഹം പറഞ്ഞ കാരണമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ''ഗസ്സയിലേക്ക് വരാന്‍ ഞാന്‍ മഹ്മൂദ് അബ്ബാസിനെ ക്ഷണിച്ചിരുന്നു. പക്ഷേ, തിരക്കുകള്‍ കാരണം വരാന്‍ പറ്റില്ലെന്ന് അദ്ദേഹം അറിയിച്ചു. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ നമുക്ക് മൂന്ന് പേര്‍ക്കും (ഉര്‍ദുഗാന്‍, ഇസ്മാഈല്‍ ഹനിയ്യ, മഹ്മൂദ് അബ്ബാസ്) കൂടിയിരുന്ന് കാര്യങ്ങള്‍ ആലോചിക്കാമായിരുന്നു. അതിനാല്‍ ഗസ്സാ സന്ദര്‍ശനം നമുക്ക് മറ്റൊരിക്കലാവാം'-ഗാസയിലെ പ്രധാനമന്ത്രി ഹനിയ്യക്കുള്ള സന്ദേശമെന്ന നിലയില്‍ അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ ഗ്രൂപ്പുകള്‍ക്കിടയിലെ രഞ്ജിപ്പിനെക്കുറിച്ച തുര്‍ക്കിയുടെ ശക്തമായ നിലപാട് ഇതിലൂടെ പ്രഖ്യാപിക്കാനും ഉര്‍ദുഗാന് കഴിഞ്ഞു.
ഉര്‍ദുഗാന്റെ 'അറബ് വസന്ത പര്യടന'ത്തെക്കുറിച്ച വിശകലനങ്ങള്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഇനിയും അവസാനിച്ചിട്ടില്ല. മിഡിലീസ്റ്റിലെ 'പുതിയ ജമാല്‍ അബ്ദുന്നാസിര്‍' എന്നാണ് ഇസ്രയേല്‍ മീഡിയ ഉര്‍ദുഗാനെ വിശേഷിപ്പിച്ചത്. സന്ദര്‍ശന പരമ്പരക്ക് ഉര്‍ദുഗാന്‍ തെരഞ്ഞെടുത്ത സമയമാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. യു.എന്‍ രാഷ്ട്രപദവിക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ ലോകത്തെങ്ങും ഫലസ്തീന്‍ അനുകൂല ജനകീയ തരംഗം സൃഷ്ടിച്ച സന്ദര്‍ഭം, ഇസ്രയേലുമായുള്ള ബന്ധം തുര്‍ക്കി വെട്ടിക്കുറക്കുകയും അംബാസഡറെ പുറത്താക്കുകയും ചെയ്തതിന്റെ തൊട്ടടുത്ത ആഴ്ച, കയ്‌റോവിലെ ഇസ്രയേല്‍ എംബസി തകര്‍ത്ത ചെറുപ്പക്കാരുടെ സംഘം നയതന്ത്ര ഉദ്യോഗസ്ഥരെ 'നാടുകടത്തി'യതിന്റെ രണ്ടാമത്തെ ദിവസം എന്നീ കാരണങ്ങളാല്‍ അറബ് തലസ്ഥാനങ്ങള്‍ രാഷ്ട്രീയ ഉഷ്ണത്തിന്റെ ഉച്ചിയില്‍ നില്‍ക്കുന്ന സമയത്താണ് ഉര്‍ദുഗാന്‍ തന്റെ ചരിത്രപരമായ യാത്ര തുടങ്ങുന്നത്. ഇസ്രയേലിനെതിരെ തുര്‍ക്കി എടുത്ത നിലപാട് അദ്ദേഹത്തിന് അറബ് മനസ്സില്‍ നായകപരിവേഷം നല്‍കിയിരുന്നു. കയ്‌റോവിലെ അറബ് ലീഗ് സമ്മേളനത്തില്‍ ഇസ്രയേല്‍ നിലപാടുകളെ നിശിതമായി വിചാരണ ചെയ്തു കൊണ്ട് അദ്ദേഹം സംസാരിച്ചു. ''യു.എന്‍ ആസ്ഥാന മന്ദിരത്തില്‍ ഫലസ്ത്വീന്‍ പതാക പാറുകയെന്നത് നമ്മുടെയെല്ലാം ആവശ്യമാണ്''-കരഘോഷങ്ങള്‍ക്കിടെ അദ്ദേഹം പറഞ്ഞു. വിപ്ലവാനന്തരം രൂപവത്കരിക്കപ്പെട്ട താല്‍ക്കാലിക ഭരണകൂടങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയ സന്ദേശം നല്‍കുന്നതിലും അദ്ദേഹം വിജയിച്ചു. ജനങ്ങളുടെ ജനാധിപത്യ ആവശ്യങ്ങള്‍ വേഗത്തില്‍ നിവര്‍ത്തിച്ചു കൊടുക്കാനുള്ള സമ്മര്‍ദമായിട്ടാണ് താല്‍ക്കാലിക ഭരണകൂടങ്ങള്‍ക്ക് ഉര്‍ദുഗാന്റെ യാത്രയും സംസാരങ്ങളും അനുഭവപ്പെട്ടത്.
അറബ് ജനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കുമിടയില്‍ തുര്‍ക്കിയും ഉര്‍ദുഗാനും സ്വീകരിക്കപ്പെടുന്നുവെന്നതിനെക്കാള്‍ പ്രധാനം, മേഖലയുടെ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന യൂറോപ്യന്‍-അമേരിക്കന്‍ ശക്തികള്‍ക്ക് മേല്‍ക്കൈ നഷ്ടപ്പെടുന്നുവെന്നതാണ്. യു.എസ് വിദേശകാര്യ വകുപ്പായിരുന്നു പശ്ചമേഷ്യന്‍ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന ഏറ്റവും സുപ്രധാന ഘടകം. എന്നാല്‍ ആ സ്ഥാനം അറബ് തെരുവുകളും അവരുടെ പ്രേരണാശക്തിയായ തുര്‍ക്കിയും ഏറ്റെടുക്കുന്നുവെന്നതാണ് കഴിഞ്ഞ ആഴ്ചകളില്‍ നാം കണ്ടത്. സാര്‍വദേശീയ രാഷ്ട്രീയ രംഗത്ത് സുപ്രധാനമായ പാരഡൈം ഷിഫ്റ്റ് ആയി ഇത് മനസ്സിലാക്കാം. യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിന് വേണ്ടി കെഞ്ചിയിരുന്ന തുര്‍ക്കി ഇപ്പോള്‍ അവരോട് പോലും വിലപേശലിന്റെ ഭാഷയില്‍ സംസാരിക്കുന്നത് നമുക്ക് കാണാം. ഇറാനുമായുള്ള തുര്‍ക്കിയുടെ ബന്ധത്തെ വിമര്‍ശിച്ച അമേരിക്കയോട് 'പത്ത് വര്‍ഷം മുമ്പുള്ള തുര്‍ക്കിയല്ല ഇത് എന്ന് അമേരിക്ക മനസ്സിലാക്കണമെന്നാണ്' തുര്‍ക്കി ഉപപ്രധാനമന്ത്രി അലി ബാബകാന്‍ പ്രതികരിച്ചത്. തുര്‍ക്കിക്ക് യൂറോപ്യന്‍ യൂനിയനെയും അമേരിക്കയെയും ആവശ്യമാണ് എന്നതിനെക്കാള്‍ അവര്‍ക്ക് തുര്‍ക്കിയെ ആവശ്യമാണ് എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതാണ് പുതിയ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെ സൂചനകള്‍.
ഹമാസ് പിടികൂടിയ ഇസ്രയേലി ഭടന്‍ ഗിലാദ് ഷാലിതിന് പകരം, മുന്‍നിര ഹമാസ് പ്രവര്‍ത്തകരടക്കമുള്ള, ആയിരത്തില്‍പരം ഫലസ്ത്വീന്‍ തടവുകാരെ വിട്ടയക്കാന്‍ ഇസ്രയേല്‍ സമ്മതിച്ച വാര്‍ത്തയാണ് ഇതെഴുതുമ്പോള്‍ വരുന്നത്. ഈ ഷാലിതിനെ പിടികൂടാനാണ് ഇസ്രയേല്‍ ടണ്‍കണക്കിന് ബോംബുകള്‍ ഗസ്സക്ക് മേല്‍ വര്‍ഷിച്ചതെന്നും 2006 മുതല്‍ ആ നഗരത്തെ ഉപരോധിക്കുന്നതെന്നും നാം ഓര്‍ക്കുക. സര്‍വ പീഡനപരമ്പരകളെയും നിശ്ചയദാര്‍ഢ്യത്തോടെ മറികടക്കാന്‍ ഹമാസിന് കഴിഞ്ഞിരിക്കുന്നു. അങ്ങനെയാണ് അവസാനം ഒരു ഷാലിതിന് പകരം ഒരായിരം ഫലസ്ത്വീനികളെ വിട്ടയക്കാന്‍ ഇസ്രയേല്‍ സന്നദ്ധമാകേണ്ടി വന്നത്. തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് ദമസ്‌കസില്‍ ഖാലിദ് മിശ്അലും ജറുസലേമില്‍ ബെഞ്ചമിന്‍ നെതന്യാഹുവും പത്രസമ്മേളനം നടത്തുകയാണ്. അത്രയൊന്നും പ്രസന്നമല്ലാത്ത മുഖവുമായി നെതന്യാഹു പറഞ്ഞ കാര്യം ശ്രദ്ധേയമാണ്: ''അറബ് ലോകത്ത് പലതും നടന്നു കൊണ്ടിരിക്കുകയാണ്. ഷാലിതിനെ ഇപ്പോള്‍ നമുക്ക് ലഭിച്ചില്ലെങ്കില്‍ പിന്നീട് ഒരിക്കലും ലഭിച്ചെന്ന് വരില്ല.'' നെതന്യാഹു പറഞ്ഞത് പല നിലക്കും ശരിയാണ്. അറബ് ലോകത്തെ ഘടികാര സൂചികള്‍ എങ്ങോട്ട് തിരിയുന്നുവെന്ന് ഇസ്രയേലിന് ഇപ്പോള്‍ നല്ല ബോധ്യമുണ്ട്.
(തുടരും)
Comments