Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 11

2942

1437 ജമാദുല്‍ ആഖിര്‍ 02

ഹൗസ് വൈഫ്

ഇ.എന്‍ നസീറ /കഥ

''ഇന്നെന്താ അലാറം ഇത്ര നേരത്തേ...?'' ഉറക്കച്ചടവോടെ പുതപ്പ് വലിച്ചിട്ട് തിരിഞ്ഞുകിടക്കുന്നതിനിടയില്‍ അദ്ദേഹം ചോദിച്ചു: ''ഒന്നൂല്ലാന്ന്, എനിക്ക് സമയം തെകയണ്ടേ?'' 

അഴിച്ചിട്ട നീണ്ട മുടി വാരിക്കെട്ടി ബാത്‌റൂമിലേക്ക് നടക്കുന്നതിനിടയില്‍ അവള്‍ പിറുപിറുത്തു.

പ്രഭാത കര്‍മങ്ങളും പ്രാര്‍ഥനയും കഴിഞ്ഞ് അവള്‍ അടുക്കളയിലേക്കോടി, ചായക്ക് വെള്ളം വെച്ച് കറിക്കുള്ളതരിഞ്ഞു. ഇടക്ക് ഇഡ്‌ലിയുടെ മാവ് റെഡിയായിട്ടുണ്ടോ എന്നുറപ്പിച്ചു. ചായക്ക് വെച്ച വെള്ളം തിളച്ചു. അതില്‍ പൊടിയിട്ട് ഇറക്കിവെച്ചു. ഇഡ്‌ലി ചെമ്പ് കയറ്റി മാവൊഴിച്ചുവെച്ചു. ചെറിയ അടുപ്പില്‍ ചെറുതീയില്‍ കുക്കറും വെച്ചു. ''പതുക്കെ വിസിലടിച്ചാ മതി കേട്ടോ.. രാവിലെ തന്നെ കിടന്നലറണ്ട. അയല്‍പക്കക്കാരെ മുഴുവന്‍ വിളിച്ചുണര്‍ത്താന്‍.'' സാധാരണ റീനേച്ചീടെ കുക്കറാ നേരത്തേ വിസിലടിക്കുന്നത്. പിന്നെ നാലുഭാഗത്തു നിന്നും ചൂളം വിളിയുടെ പൂരമായിരിക്കും. ഇത്തിരി കടലയോ ചെറുപയറോ പരിപ്പോ ഒക്കെയായിരിക്കും ഈ കോലാഹലങ്ങളുണ്ടാക്കുന്നത്. ഏതായാലും കുക്കറ് കണ്ടുപിടിച്ചവനെ സമ്മതിച്ചേ പറ്റൂ.

അരക്കപ്പ് കട്ടന്‍ കുടിക്കണം. വയറ്റീന്ന് വിളി വരുന്നുണ്ട്. അടുക്കളയിലെ വെളിച്ചം കണ്ടിട്ടാണോ ആവോ മാളുചേച്ചിയുടെ പൂവാലന്‍ കോഴി നേരത്തേ കൂവുന്നു. ഉം ഇനി നോക്കണ്ടാ, സമയം ദാ ഓടടാ ഓട്ടമായിരിക്കും. നടത്തത്തിനിടയില്‍ ചായ കുടിച്ചു തീര്‍ന്നതറിഞ്ഞില്ല. ചൂലെടുത്ത് ഉമ്മറത്തേക്ക് നീങ്ങി. ഓരോരുത്തരായി എഴുന്നേറ്റ് വരുന്നതിനു മുമ്പേ തൂത്തുവാരലും തുടയ്ക്കലും കഴിക്കാനായിരുന്നു പ്ലാന്‍. പക്ഷേ അടുക്കളയിലെ ഒച്ചയും മണവുമൊക്കെ അടിച്ചിട്ടാവാം അഛന്‍ എഴുന്നേറ്റുവന്നു. ചായ ചോദിച്ചുകൊണ്ടേ മുറീന്ന് പുറത്തേക്കിറങ്ങൂ. ചോദിക്കുന്നതിനു മുമ്പേ കൊടുത്താല്‍ മോണകാട്ടിയ ചിരി കാണാന്‍ ചന്തമായിരിക്കും. 

അഛന് ചായ കൊടുത്ത് തൂക്കലും തുടയ്ക്കലും തുടര്‍ന്നു. ഇടയ്ക്കിടക്ക് ഇഡ്‌ലി ചെമ്പിനരികിലേക്കോടുന്നുണ്ടായിരുന്നു. 

''എന്താടീ... രമ്മ്യേ ന്ന് ത്ര നേരത്തെ.... നെനക്കെവിടേലും പൂവാന്‍ ണ്ടോ...?'' 

തകൃതിയിലുള്ള ജോലിയും കണ്ടുണര്‍ന്നു വന്ന അമ്മയുടെ ചോദ്യം.

''ല്ല. ന്റെ അമ്മേ.... നേരത്തേ എണീറ്റു. അപ്പോ ന്റെ പണി തൊടങ്ങീന്നേള്ളൂ... എന്തായാലും ഇതൊക്കെ ഞാന്‍ തന്നെ എടുത്തുതീര്‍ക്കണ്ടേ.'' 

'ദാ ചായ' അമ്മക്കും കട്ടന്‍ചായ കൊടുത്തു. കിട്ടിയ കട്ടനും നുണഞ്ഞുകൊണ്ട് അമ്മ വര്‍ക്കേരിയയിലെ പഴയ കസേരയിലിരുന്നു. 

ഇഡ്‌ലിയും സാമ്പാറും റെഡിയാക്കി, അടുപ്പത്ത് ചോറ്റുകലം കയറ്റിവെച്ചു. വെള്ളം തിളക്കുന്നതിനു മുമ്പേ അരി കഴുകിയിട്ടു. 

''അമ്മേ..... ന്റെ യൂനിഫോം റെഡിയാണോ....?'' ബാത്‌റൂമീന്ന് മോന്റെ വിളിയാളം.

''ആ ഇപ്പോ റെഡിയാക്കാ... നീ കുളിച്ചിട്ടു വാ.'' 

മോന്‍ ഓര്‍മപ്പെടുത്തിയപ്പോഴാ ഓര്‍ത്തത്, ഇന്നലെ ആരുടെ ഡ്രസും അയേണ്‍ ചെയ്തിട്ടില്ല. ''ന്റെ ദൈവമേ...?'' 

പെട്ടെന്നോടി രണ്ടാളുടെയും ഡ്രസുകള്‍ തേച്ചു മിനുക്കിക്കൊടുത്തു. ചൂടുള്ള യൂനിഫോമുമണിഞ്ഞ് രണ്ടുപേരും ഡൈനിംഗ് ടേബഌനടുത്തെത്തി. 

അപ്പോഴേക്കും ഇഡ്‌ലിയും സാമ്പാറും മേശപ്പുറത്തിരുന്ന് കിതക്കുന്നുണ്ടായിരുന്നു.

''അമ്മേ... ഇന്നെന്താ ചോറിന് കൂട്ടാന്‍..?'' ഇഡ്‌ലി തിന്നുന്നതിനിടയില്‍ മകന്റെ ചോദ്യം. 

''സാമ്പാറും മുട്ട പൊരിച്ചതും; പോരേ...?''

''ഓ... ഇത്തിരി തോരനെങ്കിലും ഉണ്ടാക്കെന്റെമ്മേ... അത് മാത്രം കൂട്ടി എങ്ങനാ സ്‌കൂളീന്ന് ഊണ് കഴിക്ക്യാ...'' മോന്‍ കെഞ്ചി.

''ആ.....അതൊക്കെ മതി. ഞാനൊക്കെ വെറും ചമ്മന്തി മാത്രം കൂട്ട്യാ ചോറുണ്ടീര്‌ന്നേ...'' അമ്മേടെ മറുപടി മോനു തീരെ പിടിച്ചില്ല. 

''ആ.... അതമ്മേടെ കാലം.... ഇതേ.... ഇതെന്റെ കാലാ...ഞങ്ങക്ക്....''

''മതി മതി.. നീ രാവിലെത്തന്നെ ടെന്‍ഷനടിച്ചില്ലാണ്ടാവണ്ട.. ഞാന്‍ തോരനുണ്ടാക്കി തരാന്റെ ഉണ്ണ്യേ...''

''ഓ... ഈ അമ്മേടൊര് കാര്യേ...'' 

''പിന്നെ....പിന്നെ....''

''രണ്ടെണ്ണം കൂടി കഴിക്ക് ചേട്ടാ....''

അവളദ്ദേഹത്തിന്റെ പാത്രത്തിലേക്ക് രണ്ടിഡ്‌ലി കൂടി ഇട്ടുകൊടുത്തുകൊണ്ട് പറഞ്ഞു. 

''വേണ്ട, വേണ്ട, ഇന്ന് തീരെ സമയല്ല്യ. നീ ആ ഷൂ ഒന്ന് തൊടച്ച് വെക്ക്. ന്റെ ടവ്വല് എവടാന്നൊന്ന് നോക്ക്...''

കൈ കഴുകാനായി എഴുന്നേറ്റ് നടക്കുന്നതിനിടയില്‍ അദ്ദേഹം തിടുക്കത്തില്‍ പറഞ്ഞു.

''ഉം.... ഒമ്പത് മണിക്ക് പോവേണ്ടാള്‍ എട്ടര വരെ കെടന്നുറങ്ങും. പിന്നെ തീരെ സമയണ്ടാവില്ല. പാവം! മെന്‍ഷ്യന്‍ ഇവ്‌ടെ കെടന്ന് ഓടുന്നത് ആര് കാണാന്‍, ന്റെ ദൈവമേ.... ഇവര്‍ക്കൊക്കെയല്ലേ തെരക്ക്, ഞമ്മക്ക് എന്ത് തെരക്ക്...?'' 

''ന്ന് പത്രം വന്നീല്ലേ... ന്റെ കുട്ട്യേ...?''

ഉമ്മറത്തു നിന്നും അഛന്‍ വിളിച്ചുചോദിക്കുന്നു.

ആ മുറ്റത്തെങ്ങാനും ഇട്ടിട്ടു പോയിട്ടുണ്ടാകും പയ്യന്‍. അത് കോലായിലേക്കിടാന്‍ അവനെവിടാ സമയം. അത് കഴിഞ്ഞിട്ട് വേണ്ടേ ആ പാവത്തിന് സ്‌കൂളീ പോവാന്‍. ഷൂ തുടക്കാനുള്ള തുണിയുമായി ഉമ്മറത്തേക്ക് ചെന്നപ്പോ മഴകൊണ്ട് നനഞ്ഞ പത്രവുമായി അഛന്‍. 

''ന്നാ മോളേ, ഇതൊന്ന് ആ പെട്ടിവെച്ച് ചൂടാക്കി നോക്ക്....ന്നാലെങ്കിലും എന്തേലും കാണാന്‍ പറ്റ്യേക്കും.'' 

''ഓ...ന്റെ ദൈവമേ.. ഓരോരോ പുകിലുകള്ണ്ടാക്ണ കോലേ....'' 

അഛന് പത്രം ഇസ്തിരിയിട്ട് ഉണക്കിക്കൊടുത്തു. ഇനി അത് മുഴുവന്‍ വായിച്ചു കഴിയണം ചായ കുടിക്കാന്‍.

''അമ്മേ.... ടിഫിന്‍ ബോക്‌സ്....?'' 

മോന്‍ സ്‌കൂള്‍ ബാഗുമായി ഉമ്മറത്തുനിന്ന് വിളിച്ചു കൂവുന്നു. ഓടിച്ചെന്ന് അവന്റെ ടിഫിന്‍ ബോക്‌സും വാട്ടര്‍ ബോട്ടിലും എടുത്തുകൊണ്ടുവന്നു ബാഗില്‍ വെച്ചുകൊടുത്തു. 

''എട്യേ... ന്റെ ചോറ്...?'' അദ്ദേഹം അകത്തുനിന്നും വിളിക്കുന്നു. 

''അയ്യോ... ദേ പ്പം കൊണ്ടരാ....''

അടുക്കളയിലേക്കോടി നിറച്ചുവെച്ച ചോറ്റു പാത്രവും വെള്ളക്കുപ്പിയും എടുത്ത് വന്ന് അയാളുടെ ബാഗില്‍ വെച്ചുകൊടുത്തു. അദ്ദേഹത്തെ യാത്രയാക്കി. 

അഛന്റെ പത്രവായന കഴിയുമ്പോഴേക്കും മുറ്റം തൂത്തുവാരാമെന്നു കരുതി മുറ്റത്തേക്കിറങ്ങി. 

''ഓ... ഈ പുളിമരം ആരാണാവോ ഇവിടെ കൊണ്ടു നട്ടത്?'' നിറയെ ഇലകള്‍ വീണുകിടക്കുന്നതു കണ്ട് അവള്‍ക്ക് കലികയറി. മുറ്റത്തിന്റെ അങ്ങേ തലക്കലെത്തിയപ്പോഴാണ്  നറുമണം വിതറി മുല്ലപ്പൂക്കള്‍ ചിരിച്ചുനില്‍ക്കുന്നത് കണ്ണില്‍ പെട്ടത്. അടുത്തേക്ക് ചെന്ന് രണ്ടെണ്ണം പെറുക്കി വേഗത്തില്‍ മുടിക്കെട്ടില്‍ തിരുകി. 

''ഇന്നെങ്കിലും എനിക്കത് ചെയ്തുതീര്‍ക്കണം. എത്രകാലായി മനസ്സില്‍ കെടന്ന് വീര്‍പ്പ് മുട്ടുന്നു. ഇനിയും കാത്തിരിക്കാന്‍ വയ്യാ. അതിനു വേണ്ടിയാ ഇന്നിത്രേം നേരത്തേ എഴുന്നേറ്റ് തിടുക്കത്തില്‍ ജോലിതീര്‍ക്കുന്നത്.''

''മോളേ.... രമ്മ്യേ... മോളൊണര്‍ന്ന് കരയ്ണ്ണ്ട്....'' അമ്മ വിളിച്ചു പറയുന്നതു കേട്ട് അകത്തേക്കോടി. 

മോളെ എടുത്ത് കഴുകി. പാലുകൊടുത്തു. 

''മോളേ... ചായ കുടിക്കായ്‌നൂ....'' അഛന്‍ വിളിച്ചുപറഞ്ഞു. 

''ആ ദാ.... ഇപ്പെടുക്കാ അഛാ...'' 

മോളെയും എടുത്തുകൊണ്ടൊരുവിധം ചായയും കടിയും മേശപ്പുറത്തെത്തിച്ചു. അഛന്‍ ചായ കഴിക്കാനിരുന്നു. 

''മീന്‍കാരന്‍ വര്ണ നേരായല്ലോ... എന്താ അവന്റെ കൂക്ക് കേക്കാത്തേ.....?''

മീന്‍കാരന്‍ വൈകിയതിലുള്ള സങ്കടം അഛന്‍ പറഞ്ഞു തീര്‍ത്തു. 

''ഓനിപ്പം വരുവായിരിക്കും. അഛന്‍ സമാധാനായി ചായ കുടിച്ചോ.''

അഛനെ സമാധാനിപ്പിച്ച് അടുക്കളയിലേക്ക് നടക്കുന്നതിനിടയിലാണ് മുറ്റത്തു നിന്നും അമ്മയുടെ വിളി. 

''മോളേ..... രമ്മ്യേ.... ദാ മീന്‍കാരന്‍ വരണ്ണ്ട്, ഒരു പാത്രം ങ്ങ് താ... ഉം സമാധാനായി!!'' അമ്മ നെടുവീര്‍പ്പിട്ടു. 

അമ്മയോടൊപ്പം ചായ കുടിക്കാനിരുന്നു. രണ്ടിഡ്‌ലിയിട്ട് കറിയൊഴിച്ചതേയുള്ളൂ. മോളവളുടെ സ്ഥിരം പരിപാടിയൊപ്പിച്ചു. ഭക്ഷണം കഴിക്കാനിരുന്നാല്‍ ഒന്നോ രണ്ടോ ഒപ്പിക്കും. ''ഓ...ന്റെ മോളെ....'' മോളെ നിലത്തിരുത്തി ബാത്‌റൂമിലേക്ക് നീങ്ങി മാക്‌സി മാറ്റി വന്നു. 

''മതി ഇനി കഴിക്കണ്ട. വിശപ്പൊന്നുല്ല്യാ...'' പാത്രങ്ങള്‍ കഴുകി വെച്ച് മീന്‍ മുറിക്കാനിരുന്നു. ''ഓ..... കുഞ്ഞന്‍ മത്തി.... ഇയാള്‍ക്ക് ഇത്തിരി വല്ല്യ മീന്‍ കൊണ്ടോന്നൂടേ... ഇത് മുറിച്ച് കഴിയുമ്പോഴേക്കും....'' ഇനിയിപ്പം പച്ചക്കറികൊണ്ടൊരു കറിയും വേണം. എന്താണാവോ... ആ.... പപ്പായ മരത്തില്‍ നല്ല മൂത്ത കായുണ്ട്. അതാക്കാം. തോരന് ഇന്നലത്തെ ഇത്തിരി പയറ് ബാക്കിയുണ്ട്. അത് മതി. മോരും പപ്പടോം മീന്‍ പൊരിച്ചതും കൂടി അഞ്ചു കൂട്ടാനാകും. അതില്ലാതെ ഇവിടാര്‍ക്കും രണ്ടു മണി വറ്റ് ഇറങ്ങൂലല്ലോ. ഓ... ഈ മനുഷ്യന്മാര്‍ ജീവിക്കുന്നത് തന്നെ ഭക്ഷണം കഴിക്കാനാണാവോ? ഉം ആരോട് ചോദിക്കാന്‍...

ഉച്ചക്കുള്ള വിഭവങ്ങളൊരുക്കി വെച്ച് അലക്കാനുള്ളതും വാരിക്കെട്ടി അലക്കുകല്ലിനരികിലേക്ക് നടന്നു. ഉം.... ഇന്നും ണ്ട് ഒരു ലോഡ്, ഇത് പിന്നെ ഒരിക്കലും കുറയൂലല്ലോ. കൂടുകയല്ലാതെ.. അരിശം അലക്കുകല്ലിനോടായി, അതൊന്നും മിണ്ടാതെ അടിയേറ്റു കിടന്നു. അടിയുടെ വേഗത കൂടി, ശക്തിയും. 

അലക്കും കുളിയും ഒക്കെ കഴിഞ്ഞെത്തിയപ്പോഴേക്കും അഛന്‍ ഉച്ചയൂണിന്ന് കാത്തിരിക്കുന്നു. താരാട്ടുപാട്ടു മുഴുവന്‍ കേട്ടിട്ടും ഉറങ്ങാത്ത മോളെയും എടുത്ത് പറമ്പിലൂടെ നടക്കുകയായിരുന്നു അമ്മ. 

അലക്കിയത് ആറിയിട്ടോടിവന്ന് ഊണ് വിളമ്പി. ''അഛാ... അമ്മേ... വാ ഊണ് കഴിക്കാം.''

മുറ്റത്തെ പുളിമരത്തിലിരുന്ന് കാക്ക വിരുന്നുകാരെ വിളിക്കുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്. 

ഓ..... ന്റെ കാക്കേ..... നിനക്ക് വേറെ ഒരു സ്ഥലം കിട്ടീല്ലേ.... മനുഷ്യന്‍ കെടന്ന് പെടാപ്പാട് പെടുന്നത് നീ കാണ്ണില്ലേ...? അതിന്റെടക്കാ..... നിന്റെ ഒരു വിളി.... പോ.... പോ അവിട്ന്ന്. ശ്..ശ്...

''ആ...... ന്ന് വിരുന്നുകാരൊറപ്പാ.... അതിന്റെ വിളി കേട്ടാലറിഞ്ഞൂടെ...?''

കാക്കയെ ആട്ടിയോടിക്കുന്നതിനിടക്ക് അമ്മ കയറിപ്പറഞ്ഞു. 

''ഒന്ന് മിണ്ടാതിരി ന്റെ അമ്മേ.... വിരുന്നുകാര്..., ഹൊ മനുഷ്യന് ഇന്നെങ്കിലും ഒന്ന്....'' 

ചോറ് വാരിവലിച്ച് കഴിച്ചൂന്ന് വരുത്തി പാത്രങ്ങളോട് മല്ലിട്ട് തിടുക്കത്തില്‍ അടുക്കള ഒതുക്കി. മോളെയും എടുത്ത് റൂമിലേക്കോടി. 

''എന്ത് പറ്റി ഈ കുട്ടിക്കിന്ന്....? വല്ലാത്തൊരു തത്രപ്പാടൊക്കെ...?'' അഛനും അമ്മയും അടക്കം പറഞ്ഞു. 

മുറിയിലേക്ക് കയറി വാതിലിന്റെ കുറ്റിയിട്ടു. മോളെ തൊട്ടിലിലിട്ട് നീട്ടിയാട്ടി. ആട്ടലിന്റെ ഊക്കില്‍ തല ചെറുതായൊന്നു കട്ടിലില്‍ തട്ടി. കരച്ചിലിന്റെ ശക്തികൂടി. ആട്ടലിനും. 

''ന്റെ പൊന്നു മോളെ ഒന്ന് വേഗൊറങ്ങാന്‍ നോക്ക്. ഇന്നെങ്കിലും അമ്മക്കിതൊന്ന് പൂര്‍ത്തിയാക്കണം. എത്രകാലായി മനസ്സീകൊണ്ട് നടക്ക്ണ്ന്നറിയോ നെനക്ക്...''

പാവം.... ഒറങ്ങീന്ന് തോന്ന്ണു.

മെല്ലെ തൊട്ടിലിന്റെ പിടിവിട്ടു. മേശയുടെ വലിപ്പു തുറന്നു. പേനയും കടലാസ്സും എടുത്ത് കസേര വലിച്ചിട്ടിരുന്നു. 

ഉമ്മറത്തു നിന്ന് ആരോ നടന്നുവരുന്ന ശബ്ദം കേള്‍ക്കുന്നു. ആരുടെയോ പതിഞ്ഞ ശബ്ദം അടുത്തടുത്ത് വരുന്നു. അവള്‍ ക്ലോക്കിലേക്ക് നോക്കി. സമയം മൂന്നു മണി. പെട്ടെന്ന് കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം അവളുടെ കാതിലേക്കലറി വന്നു. 

ചെവി പൊത്തിപ്പിടിച്ചുകൊണ്ടവളെഴുതിത്തുടങ്ങി:

''ദയവുചെയ്ത് എന്റെ മനസ്സിലേക്കിനി കടന്നുവരരുത്, നിന്നെയും പേറി നടക്കാനിനിയും എനിക്ക് വയ്യ. കഥയായി, കവിതയായി നീ പെയ്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പക്ഷേ..... ഒരു കടലാസ് തുണ്ടിലേക്ക് നിന്നെ കുറിച്ചിടാന്‍ എനിക്കെവിടെ നേരം. അതിനാല്‍ ദയവു ചെയ്ത് കടന്നുവരരുത്..!'' 

ചിത്രീകരണം: എം. കുഞ്ഞാപ്പ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /1
എ.വൈ.ആര്‍

ഹദീസ്‌

ചെറുതിന്മകളുടെ പെരുപ്പം സൂക്ഷിക്കുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍