Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 11

2942

1437 ജമാദുല്‍ ആഖിര്‍ 02

മാറ്റം വേണ്ടേ ഓള്‍ഡ് ജനറേഷനും?

ജമീലാ മുനീര്‍ ജിദ്ദ

'ന്യൂജന്‍' എന്ന ഓമനപ്പേരിലാണല്ലോ നമ്മുടെ പുതുതലമുറ അറിയപ്പെടുന്നത്. തലകുത്തനെ നിന്നാല്‍ ബാത്‌റൂം കഴുകാന്‍ പറ്റുന്ന ബ്രഷ് രൂപത്തിലുള്ള മുടിയും മൃഗങ്ങള്‍ക്ക് തുല്യം ഫുള്‍ടൈം ആട്ടിക്കൊണ്ടിരിക്കുന്ന വായയും നാമമാത്രമായ ഡ്രസ്സിംഗും അതിനെല്ലാം പുറമെ ബധിരനെപോലും വെല്ലുന്ന തരത്തില്‍ ഇരു ചെവിയിലും സദാ ഇയര്‍ഫോണും. ഇവിടെനിന്ന് നാട്ടിലെത്തുന്നവര്‍ ആദ്യം ഒന്നമ്പരക്കുമെങ്കിലും പിന്നെ എല്ലാം കണ്ട് ശീലമാകും. അല്ലെങ്കില്‍ ശീലമായേ മതിയാവൂ. നമ്മള്‍ കുറച്ചാളുകള്‍ വിചാരിച്ചാല്‍ എന്തു നടക്കാന്‍!

ഈ ലൈഫ് സ്റ്റൈല്‍ കൊണ്ടുനടക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമൊന്നും മാതാപിതാക്കളില്ലേ എന്നൊരു സംശയം. ആദ്യം മാറ്റം വരേണ്ടത് ഓള്‍ഡ് ജനറേഷന്റെ മനോഭാവത്തിലാണ്. മുമ്പൊക്കെ കൂട്ടുകാരുടെ വീട്ടില്‍ പോവാന്‍ പോലും മുതിര്‍ന്നവരുടെ അനുവാദം ചോദിക്കണമായിരുന്നു. ഇന്നോ? ടൗണുകളിലും ഷോപ്പിംഗ് മാളുകളിലും ആണ്‍പെണ്‍ 'സൗഹൃദം' പൂത്തുലയുകയാണ്. ഷോപ്പിംഗ് മാളുകളില്‍ ഉത്തരവാദപ്പെട്ടവര്‍ ഇല്ലാതെ 'കസിന്‍സുകളു'മായോ സുഹൃത്തുക്കളുമായോ കറങ്ങുന്നതു കണ്ട് അത്ഭുതം കൂറിയാല്‍ നാം പഴഞ്ചനായി. എവിടെ നിന്നാണ് ഇങ്ങനെയൊരു സംസ്‌കാരം മുസ്‌ലിം കുടുംബങ്ങളിലെ കുട്ടികള്‍ക്കു പോലും കിട്ടിയത്? എവിടെയും പോകാതെ നാലു ചുമരുകള്‍ക്കകത്ത് ഒതുങ്ങിക്കഴിയണമെന്നല്ല പറയുന്നത്. കുടുംബമൊന്നിച്ചും മറ്റു ഉത്തരവാദപ്പെട്ടവരോടൊപ്പവും ഔട്ടിംഗും ഷോപ്പിംഗും എല്ലാമാവാം. ഇവിടെ തെറ്റുപറ്റിയത് ഓള്‍ഡ് ജനറേഷനു തന്നെ. എല്ലാറ്റിനും ഒരതിര്‍വരമ്പ് നിശ്ചയിക്കണം. ഒരു സ്‌പോഞ്ച് ഏതു തരത്തിലുള്ള വെള്ളത്തിലാണോ നാം മുക്കിയെടുക്കുന്നത്, അതേ വെള്ളമാണ് ആ സ്‌പോഞ്ച് പിഴിഞ്ഞെടുക്കുമ്പോള്‍ നമുക്ക് കിട്ടുന്നത്. അപ്പോള്‍ നാം അത് ശുദ്ധജലത്തില്‍ മുക്കുന്നതല്ലേ നല്ലത്? ചില പ്രവാസികളുടെ മക്കള്‍ നാട്ടില്‍ നിയന്ത്രിക്കാനാളില്ലാത്തതിനാല്‍ കാശുകൊണ്ട് ആറാടുകയാണ് (ബൈക്ക് അഭ്യാസവും ലഹരിയും വേറെ). നാട്ടില്‍ വെച്ച് ഒരു കുട്ടിയോട് ചോദിച്ചു: 'നിന്റെ ഉപ്പ അടുത്ത മാസം വരികയല്ലേ, നിങ്ങള്‍ നല്ല സന്തോഷത്തിലാവുമല്ലോ?' 'സന്തോഷമോ, ഇനി രണ്ട് മാസം ഒരു സമാധാനവുമുണ്ടാവില്ല' എന്ന മറുപടി.  ''എപ്പോഴാ നിങ്ങള്‍ നാട്ടില്‍ പോകുന്നത്'' എന്ന് ചോദിച്ചാല്‍ ''ഇതാ, ഈ വരുന്ന റമദാന്‍ കഴിഞ്ഞാല്‍'' എന്ന സന്തോഷത്തോടെയുള്ള മറുപടിയാണ് പാവം പ്രവാസികളില്‍നിന്ന് കേള്‍ക്കാന്‍ കഴിയാറ്. ഇങ്ങനെ സദാ കുടുംബത്തെ ഓര്‍ത്ത് നൊമ്പരപ്പെട്ടും ഓരോ മാസവും വരുമാനത്തില്‍നിന്ന് മിച്ചം വരുന്ന ചെറിയ കാശ് തന്റെ പ്രിയപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്കായി കരുതിവെച്ചും നാട്ടിലെത്തുന്ന പ്രവാസിയെ ഇത്തരത്തിലാണ് മക്കള്‍ സ്വീകരിക്കുന്നതെങ്കില്‍....!!

നാട്ടില്‍ വെച്ച് എന്തോ അത്യാവശ്യത്തിന് രാത്രി കൂട്ടുകാരിയെ ഫോണില്‍ വിളിച്ചു. ഹലോ പറഞ്ഞപ്പോഴേക്കും മറുതലക്കല്‍നിന്ന് മറുപടി: ''എന്താ ഈ സമയത്ത്? ഇപ്പോള്‍ നീ ഈ സീരിയല്‍ (ഏതോ സീരിയലിന്റെ പേരു പറഞ്ഞു) കാണാറില്ലേ? ഇവിടെ ഇതാ മക്കള്‍ വരെ ഇത് കഴിഞ്ഞിട്ടേ പഠിക്കാനിരിക്കൂ...'' അബദ്ധം മനസ്സിലാക്കിയ ഞാന്‍ പിന്നീട് വിളിക്കാം എന്നു പറഞ്ഞ് എന്തോ വലിയ തെറ്റ് ചെയ്തതുപോലെ ഫോണ്‍ കട്ട് ചെയ്തു. അടുത്ത ജനറേഷന്‍ എങ്ങനെ നന്നാവും? വിദ്യാഭ്യാസമുള്ളവര്‍ പോലും ഇത്തരം സീരിയലുകള്‍ക്കടിപ്പെടുന്നു.

പലരുടെയും ധാരണ പ്രവാസി കുടുംബിനികള്‍ ഇവിടെ സീരിയല്‍ കണ്ട് 'കണ്ണീരൊഴുക്കി' സമയം ചെലവഴിക്കുകയാണെന്നാണ്. ഞങ്ങള്‍ താമസിക്കുന്ന ചുറ്റുവട്ടത്ത് എത്രയോ മലയാളികളുണ്ട്. എന്നാല്‍, ഞങ്ങളുടെ സംസാരത്തില്‍ ഒരിക്കലും സീരിയല്‍ ചര്‍ച്ചയാവാറില്ല. എല്ലാവരും അവരവരുടെ മക്കളെ മാത്രം നന്മയില്‍ വളര്‍ത്തിയാല്‍ പിന്നെ സമൂഹം നന്നാക്കേണ്ട ചുമതല ആരും ഏറ്റെടുക്കേണ്ടിവരില്ല. ഉപദേശം വേണ്ട, നല്ലതു പ്രവര്‍ത്തിച്ച് മാതൃക കാണിക്കുക. മറ്റുള്ളവരെ കാണുമ്പോള്‍ നാം പുഞ്ചിരിക്കുന്നതും പ്രായമുള്ളവരെ ബഹുമാനിക്കുന്നതും രോഗികള്‍ക്കും മറ്റും പരിഗണന കൊടുക്കുന്നതും പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്നതും ഇടപഴകുമ്പോള്‍ സൗമ്യതയോടെ സംസാരിക്കുന്നതും മാതാപിതാക്കള്‍ക്ക് അതിരറ്റ സ്‌നേഹം കൊടുക്കുന്നതും അവര്‍ കണ്ടുവളരട്ടെ. നിഷ്‌കളങ്കരായ നമ്മുടെ കുട്ടികള്‍ സ്വയം നന്നാവും. അതിനാല്‍ ഓള്‍ഡ് ജനറഷേന്‍ ജാഗ്രതൈ!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /1
എ.വൈ.ആര്‍

ഹദീസ്‌

ചെറുതിന്മകളുടെ പെരുപ്പം സൂക്ഷിക്കുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍