Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 11

2942

1437 ജമാദുല്‍ ആഖിര്‍ 02

ചെങ്കല്‍പേട്ടിലെ മനുഷ്യര്‍

നജീബ് കുറ്റിപ്പുറം

2015 ഡിസംബര്‍ 1. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാകുമെന്ന് കാഞ്ചിപുരം ജില്ലയിലെ ഗ്രാമീണര്‍ ഒരിക്കലും കരുതിയില്ല. രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴ അസാധാരണമായിരുന്നെങ്കിലും അത്  തങ്ങളുടെ ജീവിതത്തെ എന്നന്നേക്കുമായി കടപുഴക്കുമെന്ന് അവര്‍ എങ്ങനെ ചിന്തിക്കാന്‍! പേമാരിയെ വകവെക്കാതെ കൃഷിയിടങ്ങളില്‍ പണിയെടുത്തുകൊണ്ടിരുന്നവര്‍, ആടുമാടുകളെ മേച്ചില്‍പുറങ്ങളില്‍നിന്ന് കൂട്ടികൊണ്ടുവരുന്നവര്‍, രാത്രിഭക്ഷണത്തിന് മണ്ണുകൊണ്ടുണ്ടാക്കിയ അടുപ്പില്‍ വിറക് കത്തിച്ചുകൊണ്ടിരിക്കുന്നവര്‍ ഇവര്‍ക്കാര്‍ക്കും ചെന്നൈയില്‍നിന്ന് തങ്ങള്‍ക്കുനേരെ കുതിച്ചുവരുന്ന പെരുവെള്ളപ്പാച്ചിലിനെക്കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ല. വെള്ളം അവരുടെ ഉറ്റവരെ, വീട്ടുസാധനങ്ങളെ, ഉടുപുടവകളെ, കന്നുകാലികളെ, സ്വപ്നങ്ങളെ എല്ലാം ചിതറിത്തെറിപ്പിച്ചു. ജീവന്‍ രക്ഷിക്കാന്‍ ഉയരമുള്ള സ്ഥലം നോക്കി എല്ലാവരും ഓടി. കൈക്കുഞ്ഞുങ്ങളെയും വൃദ്ധരെയും സഹായിക്കുന്നതിനിടയില്‍ പലര്‍ക്കും സാരമായ പരിക്കുപറ്റി. ചിലര്‍ വെള്ളത്തില്‍ ഒലിച്ചുപോയി. ഈ ദുരന്തം നോക്കിനില്‍ക്കാനേ മറ്റുള്ളവര്‍ക്ക് സാധിച്ചുള്ളൂ. 

തുടരെത്തുടരെയുള്ള അഞ്ജലിയുടെ ഫോണ്‍വിളി കാരണമാണ് ചെങ്കല്‍പേട്ടിലേക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ചെന്നൈയുടെ പ്രാന്തങ്ങളിലുള്ള കാഞ്ചിപുരം, കടലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ജനക്ഷേമം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന വിമന്‍സ് ഡെവലപ്‌മെന്റ് ട്രസ്റ്റിനെ നയിക്കുന്നത് അഞ്ജലിയാണ്. ഗ്രാമങ്ങളുടെ കൃത്യമായ സ്ഥിതിവിവരക്കണക്കുകളും മറ്റും അവരുടെ കൈവശമുണ്ടായിരുന്നു. ദുരന്തബാധിത പ്രദേശങ്ങളെ കുറിച്ച് കൃത്യമായ അറിവ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായി. അഞ്ജലിയുടെ അശ്രാന്ത പരിശ്രമമാണ് കാഞ്ചിപുരം ജില്ലയിലെ ചെങ്കല്‍പേട്ടിനടുത്തുള്ള കുഗ്രാമങ്ങളിലേക്ക് കേരളത്തില്‍നിന്നുള്ള ഉദാരമതികളുടെ ശ്രദ്ധതിരിയാന്‍ നിമിത്തമായത്. 

ഞങ്ങളവിടെ കണ്ട കാഴ്ചകള്‍ ദാരുണമായിരുന്നു. റാഗിയും പയറും നെല്ലും ധാന്യങ്ങളായും വിത്തുകളായും സൂക്ഷിച്ചുവെച്ചിരുന്ന പാത്രങ്ങള്‍ അപ്പാടെ ഒഴുകിപ്പോയിരുന്നു. ഒരു വര്‍ഷത്തേക്കുള്ള ഇവരുടെ അധ്വാനം ഈ വിത്തുകളെ ആശ്രയിച്ചാണ്. വിയര്‍പ്പൊഴുക്കി ഉഴുതുമറിച്ച കൃഷിയിടങ്ങളില്‍ മണ്ണും ചെളിയും വന്നു നിറഞ്ഞുകിടക്കുന്നു. ഒരു മണി വിത്തിറക്കാന്‍ പറ്റാത്ത വിധം എല്ലാം അലങ്കോലമായി. രണ്ട് മാസം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ട ഇന്ദുമതിയും മകള്‍ രഞ്ജിതയും തങ്ങളുടെ ഒലിച്ചുപോയ വീട്ടില്‍നിന്ന് കിട്ടിയ രണ്ടോ മൂന്നോ ചളുങ്ങിയ അലുമിനിയം പാത്രങ്ങളും ഏതാനും വസ്ത്രങ്ങളും എടുത്തുകൊണ്ടുവന്ന് ഇനി എവിടേക്ക് പോകുമെന്ന ചോദ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ്. 

തണുപ്പടിക്കാതെ ഒന്നു കിടന്നുറങ്ങാന്‍ ഷീറ്റോ പായയോ മാത്രമായിരുന്നു അപ്പോള്‍ അവരുടെ സ്വപ്നം. പട്ടിണിയും പരിവട്ടവും അവര്‍ക്ക് ശീലമാണ്. അവരുടെ മോഹങ്ങള്‍ക്ക് ചിറകുകളില്ലാത്തതുകൊണ്ടാവണം ഏതു പ്രതിസന്ധിയിലും സമചിത്തത കൈവിടാതെ കഴിഞ്ഞുകൂടാന്‍ സാധിക്കുന്നത്. 

അടുത്തടുത്തായി വീടു വെച്ചിട്ടുള്ള ഗ്രാമങ്ങളില്‍നിന്ന് കുറച്ചകലെയായി മഞ്ഞയും നീലയും നിറമുള്ള നുരുമ്പിയ പ്ലാസ്റ്റിക് ഷീറ്റുകള്‍ കെട്ടിവെച്ചത് ദൂരെ നിന്നുതന്നെ കാണാമായിരുന്നു. ഓല മേഞ്ഞ വീടുകള്‍ക്ക് മുകളില്‍ ചോര്‍ച്ച ഒഴിവാക്കാനായി കെട്ടിയതായിരുന്നു ഈ ഷീറ്റുകള്‍. ചെങ്കല്‍പേട്ടില്‍നിന്ന് 30 കി.മീ. അകലമുണ്ട് ഈ ഗ്രാമങ്ങളിലേക്ക്. അവിടത്തെ കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്‌കൂളുകള്‍ വളരെ ദൂരെയാണ്. എങ്കിലും കുട്ടികള്‍ പഠിച്ച് ഉയരത്തിലെത്തണമെന്ന് ഗ്രാമീണര്‍ അതിയായി മോഹിക്കുന്നു. അതിന് വേണ്ടിക്കൂടിയാണ് അവര്‍ രാപ്പകലോളം പണിയെടുക്കുന്നത്. പിഞ്ഞിക്കീറിയ കടലാസു കഷ്ണങ്ങള്‍ പെറുക്കിക്കൂട്ടിക്കൊണ്ടുവരുന്നത് കണ്ടപ്പോള്‍ ഇതെന്താണെന്ന് ഞാന്‍ കുട്ടികളോട് ചോദിച്ചു: ''ഇതു ഞങ്ങളുടെ പുസ്തകമാണ്.'' സങ്കടം കൊണ്ട് വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ അവരില്‍ പലര്‍ക്കും കഴിയുന്നുണ്ടായിരുന്നില്ല. 

70 വയസ്സ് പ്രായമുള്ള വേദവല്ലി ദൂരെ നിന്ന് നടന്നുവരുന്നത് കൈയില്‍ ഒരു മരക്കഷ്ണവുമായാണ്. ഉടഞ്ഞ മണ്‍പാത്രങ്ങളും വസ്ത്രങ്ങളും ചെളിയില്‍ പൂണ്ട് കിടക്കുന്നതിനിടയില്‍നിന്നാണ് വേദവല്ലിക്ക് തന്റെ വീടിന്റെ വാതില്‍കഷ്ണം കിട്ടിയത്. രണ്ടാള്‍പൊക്കത്തില്‍ കരകവിഞ്ഞൊഴുകിയെത്തിയ പേരാര്‍ നദി ഈ ഗ്രാമവാസികളുടെ നെഞ്ചു പിളര്‍ത്തിയാണ് കടലിലേക്ക് പോയത്. ഈ ഒഴുക്കില്‍ മണ്‍കട്ടകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ വീടിന്റെ മേല്‍ക്കൂരകള്‍ നിലംപൊത്തി. മണ്‍കട്ടകള്‍ വെള്ളത്തില്‍ കുതിര്‍ന്ന് അലിഞ്ഞലിഞ്ഞില്ലാതായി. 

അകലെയുള്ള മരച്ചില്ലകളില്‍ തങ്ങിനില്‍ക്കുന്ന കീറിയ വസ്ത്രങ്ങള്‍ ശേഖരിക്കുകയാണ് കുട്ടികളും സ്ത്രീകളും. കൃഷി മാത്രം ആശ്രയിച്ചുകഴിയുന്ന ഈ ഗ്രാമത്തില്‍ മാത്രം നൂറുകണക്കിന് മാടുകളും ആടുകളും ഇല്ലാതായിരിക്കുന്നു. ചെറിയ അണ കെട്ടിനിര്‍ത്തിയാണ് കൃഷിക്കാവശ്യമായ വെള്ളം കണ്ടെത്തിയിരുന്നത്. ഇവയില്‍ ഏതാണ്ട് 20 ല്‍ പരം അണകളും തകര്‍ന്നുപോയിരിക്കുന്നു. ഏക്കറുകണക്കിന് കൃഷിയിടങ്ങളില്‍ അടുത്തകാലത്തൊന്നും കൃഷി നടത്താനാവാത്ത വിധം പാലാറില്‍നിന്ന് ഒഴുകിയെത്തിയ മണല്‍ക്കൂനകള്‍ നിറഞ്ഞിരിക്കുന്നു. അധികൃതര്‍പോലും വൈകിയാണ് ഇവിടെ എത്തിച്ചേര്‍ന്നത്. 

കേരളത്തില്‍നിന്നും മറ്റും കടലൂരിലേക്ക് കൊണ്ടുവരുന്ന ഭക്ഷ്യസാധനങ്ങള്‍ കൈയൂക്കുള്ള പ്രദേശവാസികള്‍ വഴിയില്‍ തടഞ്ഞുവെച്ച് അവരവരുടെ ഗ്രാമങ്ങളിലേക്ക് കൊണ്ടുപോവുന്നത് നിസ്സഹായരായി നോക്കിനില്‍ക്കാന്‍ മാത്രമേ പുറത്തുനിന്ന് വരുന്നവര്‍ക്ക് സാധിക്കുമായിരുന്നുള്ളൂ. ഈ അവസ്ഥ തുടര്‍ന്നപ്പോള്‍ പോലീസിന്റെ സഹായത്തോടെ അര്‍ഹര്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ ഞങ്ങള്‍ക്ക് മുന്‍കൈ എടുക്കേണ്ടിവന്നു. 

ഓരോ ഗ്രാമത്തിലും കിറ്റുകള്‍ വിതരണം ചെയ്തു. കരുവേംപടി, കുറിഞ്ചിപ്പാടി, തീര്‍ത്തന ഗിരി തുടങ്ങിയ ഗ്രാമങ്ങളിലെത്തിയപ്പോഴേക്കും വളരെ വൈകിയിരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങിയ നൂറുകണക്കിന് മനുഷ്യര്‍ ക്ഷമയോടെ റേഷന്‍ കാര്‍ഡുമായി കാത്തിരിക്കുകയാണ്. അഞ്ച് കിലോ പരിപ്പും പഞ്ചസാരയും ചായപ്പൊടി, എണ്ണ, മുളകുപൊടി, ഉപ്പ് തുടങ്ങിയ അവശ്യവസ്തുക്കളും അടങ്ങിയ കിറ്റ് പരിശോധിച്ചതിനു ശേഷം തിരിച്ചുവന്ന വൃദ്ധയായ സ്ത്രീയെ, കാലില്‍ വീഴാനുള്ള ശ്രമത്തില്‍നിന്ന് പിന്തിരിപ്പിച്ച് ഞാന്‍ ആ കൈ പിടിച്ച് എന്റെ തലയില്‍ തൊടുവിച്ചു. എന്നെ ചേര്‍ത്തുപിടിച്ച്, അല്‍പസമയത്തെ മൗനത്തിനു ശേഷം വിതുമ്പലോടെ ആ അമ്മ പറഞ്ഞു: ''എവളോ നാളായി ശാപ്പിട്ടിട്ട് തെരിയുമാ?'' (എത്ര നാളായി ഭക്ഷണം കഴിച്ചിട്ട് എന്നറിയുമോ?).

വീട് നഷ്ടപ്പെട്ട വിധവയായ ഒരു സ്ത്രീക്ക് നാല് മക്കളുണ്ട്. തല ചായ്ക്കാന്‍ ഇടമില്ലാതെ വന്നപ്പോള്‍ അടുത്ത വീട്ടുകാരന്റെ പശുവിനെ കെട്ടുന്ന തൊഴുത്ത് അവര്‍ക്കുവേണ്ടി വൃത്തിയാക്കിക്കൊടുത്തിരിക്കുകയാണ്. ആവശ്യത്തില്‍ കൂടുതല്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ടായിരിക്കാം ഇത്രയെങ്കിലും സമാധാനത്തോടെ കഴിച്ചുകൂട്ടാന്‍ ഇവര്‍ക്ക് സാധിച്ചത്. 

ഒരാഴ്ചക്കാലത്തെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിരിച്ചുപോരവെ പോണ്ടിച്ചേരിയിലെ ബസ് സ്റ്റാന്റില്‍ അല്‍പസമയം ഇരിക്കേണ്ടിവന്നപ്പോള്‍, പോണ്ടിച്ചേരി ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസിലെ ചിലരുമായി പരിചയപ്പെട്ടു. ചെന്നൈക്കും കടലൂരിനും ഇടയിലുള്ള പോണ്ടിച്ചേരിയില്‍ പ്രളയം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നവര്‍ പറഞ്ഞു. പെയ്യുന്ന മഴ മുഴുവന്‍ അര മണിക്കൂറിനകം കടലിലേക്ക് ഒലിച്ചുപോവുന്ന വിധത്തിലാണ് ഡ്രൈനേജുകളും മറ്റും പതിറ്റാണ്ടുകള്‍ക്കു മുമ്പ് സായിപ്പ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്.

രണ്ടു ദിവസം മാത്രം നീണ്ടുനിന്ന ഒരു മഴക്ക് ജീവിതത്തിന്റെ തന്നെ താളം മാറ്റിമറിക്കാന്‍ സാധിക്കുമെങ്കില്‍, വികസനങ്ങളുടെ നെറുകയിലേക്ക് പായുന്ന നാം ഇങ്ങനെയൊരു മഴയെ അഭിമുഖീകരിച്ചാല്‍ എന്താകും സ്ഥിതിയെന്ന് ഭീതിയോടെയല്ലാതെ ഓര്‍ക്കാനാവുന്നില്ല. 

കാഞ്ചിപുരത്തെയും കടലൂരിലെയും ഏറ്റവും പ്രയാസമനുഭവിക്കുന്ന ഗ്രാമങ്ങളും ചെന്നൈയിലെ ചില കോളനികളും ഏറ്റെടുത്ത്, പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ സന്നദ്ധതയുള്ള മുഴുവനാളുകളെയും ഒപ്പം ചേര്‍ത്ത് ഊര്‍ജിതപ്പെടുത്തണമെന്ന് ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷനും ചെന്നൈയിലെ 'ഒരുമ'യും ആഗ്രഹിക്കുന്നു. മനുഷ്യനായിരിക്കുക അനുഗ്രഹമാണ്, കരുണയുള്ളവരായിരിക്കുക എന്നത് പ്രാര്‍ഥനയാണ്. ആ പ്രാര്‍ഥനയാണ് മനുഷ്യനെ ദിവ്യവെളിച്ചത്തിലേക്ക് ഉണര്‍ത്തുന്നത്, ജീവിക്കുക എന്ന ധന്യതയിലേക്ക് നയിക്കുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /1
എ.വൈ.ആര്‍

ഹദീസ്‌

ചെറുതിന്മകളുടെ പെരുപ്പം സൂക്ഷിക്കുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍