Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 11

2942

1437 ജമാദുല്‍ ആഖിര്‍ 02

ഇമാം ശാഫിഈ വിശേഷാല്‍ പതിപ്പ് പ്രകാശനം ചെയ്തു

മുസാഫിര്‍

പൊന്നാനി: ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവും പണ്ഡിതനുമായ ഇമാം ശാഫിഈയുടെ ബഹുമുഖ സംഭാവനകള്‍ അടയാളപ്പെടുത്തുന്ന പ്രബോധനം വിശേഷാല്‍ പതിപ്പ് പുറത്തിറങ്ങി. പൊന്നാനി ഐ.എസ്.എസ് കാമ്പസില്‍ നടന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇ.എന്‍ മുഹമ്മദ് മൗലവിക്ക് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. വിശ്വപണ്ഡിതനായിരുന്ന ഇമാം ശാഫിഈയുടെ സ്വാധീനത്തിന്റെ വ്യാപ്തിയാണ് കേരളത്തിലടക്കം ശാഫിഈ മദ്ഹബ് പ്രചരിക്കാനുള്ള കാരണമെന്ന് പ്രഫ. സിദ്ദീഖ് ഹസന്‍ പറഞ്ഞു. 

അഭിപ്രായ വൈവിധ്യങ്ങളെ ഇസ്‌ലാം അതിന്റെ മുഖമുദ്രയായി സ്വീകരിച്ചതിന്റെ തെളിവാണ് നാല് പ്രബല കര്‍മശാസ്ത്ര മദ്ഹബുകളുടെ സാന്നിധ്യമെന്ന് ആശംസാപ്രസംഗം നിര്‍വഹിച്ച ഡോ. കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞു. സ്ഥലകാല ഭേദമനുസരിച്ച് കര്‍മശാസ്ത്ര വീക്ഷണങ്ങളില്‍ വ്യത്യാസമുണ്ടാകുമെന്ന് തെളിയിക്കുന്നതാണ് ഇമാം ശാഫിഈയുടെ ജദീദും ഖദീമുമായ അഭിപ്രായങ്ങള്‍. വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നവരോട് ആദരവോടെ എങ്ങനെ ഇടപെടാമെന്നതിന്റെ മികച്ച മാതൃക കൂടിയാണ് ഇമാം ശാഫിഈ. അദ്ദേഹത്തിന്റെ വൈജ്ഞാനിക വിനയവും അഭിപ്രായ സഹിഷ്ണുതയും ശാഫിഈ മദ്ഹബ് പിന്‍പറ്റുന്നവര്‍ എന്നും മാതൃകയാക്കേണ്ടതുണ്ട്. അത്തരം മാതൃകകള്‍ ശാഫിഈ മദ്ഹബിന്റെ അനുയായികളില്‍ ഇല്ലാതെ പോകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗം ടി.കെ അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. സംഘടനാ വൃത്തത്തിനപ്പുറം കേരളീയ മുസ്‌ലിംകളെ മൊത്തമായി അഭിസംബോധന ചെയ്യുന്ന പ്രബോധനം വാരികയുടെ ഉള്ളടക്ക സവിശേഷതയുടെ ഭാഗമായി തന്നെയാണ് ഇമാം ശാഫിഈയെയും ശാഫിഈ മദ്ഹബിനെയും ആഴത്തില്‍ പരിശോധിക്കുന്ന ഈ വിശേഷാല്‍ പതിപ്പിനെയും കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 

ഇമാം ശാഫിഈയെക്കുറിച്ച് ഗഹനമായ ഒരു പ്രത്യേക പതിപ്പ് തന്നെ പുറത്തിറക്കിയതിലൂടെ തങ്ങള്‍ മദ്ഹബ് വിരോധികളല്ല എന്ന സന്ദേശമാണ് ജമാഅത്തെ ഇസ്‌ലാമി നല്‍കിയിരിക്കുന്നതെന്ന് പെരുമ്പിലാവ് ഹദ്ദാദ് ട്രസ്റ്റ് ചെയര്‍മാന്‍ സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങള്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി സുന്നികളാണ്, സുന്നി സമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടേണ്ടവരല്ല - അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി കണ്ടതാണ് ഇസ്‌ലാമിക സമൂഹത്തിനകത്തെ സംഘര്‍ഷങ്ങളുടെ മുഖ്യകാരണമെന്ന് കോഴിക്കോട് പട്ടാളപ്പള്ളി ഖത്വീബ് പി.എം.എ ഗഫൂര്‍ ചൂണ്ടിക്കാട്ടി. വൈവിധ്യം എക്കാലത്തും ഇസ്‌ലാമിനകത്തുണ്ടായിട്ടുണ്ട്. വ്യത്യസ്ത കര്‍മശാസ്ത്ര സരണികള്‍ അതിന്റെ മികച്ച ഉദാഹരണമാണ്. ആ വൈവിധ്യത്തെ ഉള്‍ക്കൊള്ളാന്‍ പുതിയ കാലത്തും വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ജമാഅത്തെ ഇസ്‌ലാമി പൊന്നാനി ഏരിയാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, ഇ.എന്‍ മുഹമ്മദ് മൗലവി, കൊല്ലംപടി മസ്ജിദ് ശാദുലി ഖത്വീബ് അബ്ദുല്‍ മജീദ് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. വി. മൂസ മൗലവി, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി എം.സി നസീര്‍, അഹ്മദ് ബാഫഖി തങ്ങള്‍ (മുസ്‌ലിം ലീഗ് സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍), ടി.വി അബ്ദുര്‍റഹ്മാന്‍ കുട്ടി മാസ്റ്റര്‍, പ്രബോധനം എഡിറ്റര്‍ ടി.കെ ഉബൈദ്, പൊന്നാനി മഖ്ദൂം മുത്തുകോയ തങ്ങള്‍, ഐ.എസ്.എസ് പ്രിന്‍സിപ്പല്‍ പി.കെ അബ്ദുല്‍ അസീസ്, പ്രബോധനം മാനേജര്‍ കെ. ഹുസൈന്‍ പ്രബോധനം എക്‌സിക്യുട്ടീവ് എഡിറ്റര്‍ അശ്‌റഫ് കീഴുപറമ്പ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രബോധനം സീനിയര്‍ സബ് എഡിറ്റര്‍ സദ്‌റുദ്ദീന്‍ വാഴക്കാട് സ്വാഗതവും വി. കുഞ്ഞുമരക്കാര്‍ മൗലവി നന്ദിയും പറഞ്ഞു.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /1
എ.വൈ.ആര്‍

ഹദീസ്‌

ചെറുതിന്മകളുടെ പെരുപ്പം സൂക്ഷിക്കുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍