Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 11

2942

1437 ജമാദുല്‍ ആഖിര്‍ 02

നിയമപഠനം മനുഷ്യാവകാശ പോരാട്ടം കൂടിയാണ്

മുഹമ്മദ് അംജദ്

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ കരിനിയമങ്ങള്‍ നിലവില്‍വരുന്നത്. ഇവിടത്തെ പ്രകൃതി വിഭവങ്ങളും പൊതുസമ്പത്തും കൊള്ളയടിക്കുന്നതിനായി വെള്ളക്കാര്‍ പടച്ചെടുത്തതായിരുന്നു ഈ നിയമങ്ങളില്‍ പലതും. എന്നാല്‍, ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം എടുത്തുകളയേണ്ടിയിരുന്ന ഈ നിയമങ്ങള്‍ ബ്രിട്ടീഷുകാരേക്കാള്‍ ഭീകരമായി നടപ്പിലാക്കുകയും പുതിയ രൂപത്തില്‍ അവതരിപ്പിക്കുകയുമായിരുന്നു തുടര്‍ന്നുവന്ന ഭരണകൂടങ്ങള്‍. പ്രിവന്റീവ് ഡിറ്റന്‍ഷന്‍ ആക്ട്, ഡിഫന്‍സ് ഓഫ് ഇന്ത്യന്‍ റൂള്‍സ്, എസ്മ, ടാഡ, പോട്ട തുടങ്ങിയ നിയമങ്ങള്‍  ചിലത് മാത്രം. ഏറ്റവുമവസാനം യു.എ.പി.എയും.

സ്വാതന്ത്ര്യസമരകാലത്ത് തന്നെ 124 എ വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റം സ്വാതന്ത്ര്യസമരനേതാക്കള്‍ക്കെതിരെ ചുമത്തിയിരുന്നു. 'പൗരസ്വാതന്ത്ര്യം അടിച്ചമര്‍ത്താനായി ആവിഷ്‌കരിച്ച ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജകുമാരന്‍' എന്നാണ് ഗാന്ധിജി ഈ വകുപ്പിനെ വിശേഷിപ്പിച്ചത്.

ഛത്തിസ്ഗഢില്‍ ദരിദ്ര ജനങ്ങള്‍ക്കിടയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഡോ. ബിനായെക് സെന്നിനെ ഭരണകൂടം ശിക്ഷിച്ചത് രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു. കശ്മീരിനെക്കുറിച്ച് പ്രസ്താവന നടത്തിയ അരുന്ധതി റോയിയും അഴിമതിക്കെതിരെ കാര്‍ട്ടൂണുകള്‍ വരച്ച മുംബൈയിലെ അസീം ത്രിവേദിയും ഇത്തരത്തില്‍ പ്രതികളാക്കപ്പെട്ടവരാണ്. 

പട്ടാളത്തിന് അനിയന്ത്രിതമായ അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം രാജ്യത്തെ 7 സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഈ നിയമത്തിന്റെ മറവില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും സ്ത്രീകള്‍ കൂട്ട ബലാത്സംഗത്തിനിരയാവുകയും ചെയ്തു.

ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം, ദലിത്, ആദിവാസി ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് യഥാര്‍ഥത്തില്‍ ഈ നിയമങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. യു.എ.പി.എ നിയമം പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്നു. ഒരാളെ വളരെക്കാലം കസ്റ്റഡിയില്‍ താമസിപ്പിക്കാം, കോടതിയില്‍ ഹാജരാക്കേണ്ടതില്ല-ഇതെല്ലാം ഈ നിയമത്തിന്റെ പ്രത്യേകതകളാണ്. യു.എ.പി.എ ചുമത്തപ്പെടുന്നവരില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് വിചാരണ ചെയ്യപ്പെടുന്നത്. അതില്‍തന്നെ 95 ശതമാനം ആളുകളും നിരപരാധിത്വം തെളിഞ്ഞ് വിട്ടയക്കപ്പെടുകയാണ്. ഭരണകൂടത്തിന് അനഭിമതരായ വ്യക്തികളെ ഇപ്രകാരം തടവറയില്‍ വെക്കാന്‍ ഈ വകുപ്പ് പഴുതുനല്‍കുന്നു. 

നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം മുസ്‌ലിം വിചാരണത്തടവുകാര്‍ 30 ശതമാനത്തിലധികമാണ്. മറ്റു സമുദായങ്ങളേക്കാള്‍ ഇരട്ടിയോളമാണിത്. ഇങ്ങനെ പിടിക്കപ്പെടുന്നവരില്‍ അധികപേരും നിരപരാധികളാണ്. ഇവരെ മോചിപ്പിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം ഇവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകാന്‍ ചങ്കൂറ്റമുളള അഭിഭാഷകരില്ല എന്നതാണ്. വിചാരണത്തടവുകാരെയും യു.എ.പി.എ ചുമത്തപ്പെട്ടവരെയും അഭിഭാഷകവൃന്ദം പോലും കുറ്റവാളികളായാണ് കണക്കാക്കുന്നത്. പണത്തിലും സുഖജീവിതത്തിലും അന്തസ്സ് പ്രകടിപ്പിക്കുന്നതിലും മാത്രമാണ് 99 ശതമാനം അഭിഭാഷകര്‍ക്കും താല്‍പര്യം. നീതി അപ്രസക്തമാകുന്ന ഈ കാലഘട്ടത്തില്‍ നീതിയില്‍ വിശ്വസിക്കുന്ന, പാവപ്പെട്ടവരുടെയും ഇരകളുടെയും ഒപ്പം നില്‍ക്കുന്ന അഭിഭാഷക നിരയെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.  

നിയമകാര്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, 24 ഹൈക്കോര്‍ട്ടുകളിലായി 601 ജഡ്ജിമാരില്‍ 26 പേരാണ് മുസ്‌ലിംകള്‍. വെറും 4.3 ശതമാനം മാത്രം. 2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ 14.2 ശതമാനമാണെന്നോര്‍ക്കുക. ഇവരില്‍ 24 പേര്‍ ഈ വര്‍ഷം പടിയിറങ്ങും, അവശേഷിക്കുക 2 മുസ്‌ലിം ജഡ്ജിമാര്‍ മാത്രം. രാജ്യത്ത് 12 ഹൈക്കോടതികളില്‍ ഒരൊറ്റ മുസ്‌ലിം ജഡ്ജിമാരുമില്ല. സുപ്രീ കോടതിയില്‍ ഇപ്പോഴുള്ളത് ഒരു മുസ്‌ലിം ജഡ്ജി മാത്രമാണ്. ജനസംഖ്യയില്‍ 25.2 ശതമാനം എസ്.സി-എസ്.ടി വിഭാഗക്കാരാണുള്ളത്. ഇന്ത്യ സ്വാതന്ത്ര്യം നേടി 70 വര്‍ഷം പിന്നിടുമ്പോഴും 52 ചീഫ് ജസ്റ്റിസുമാരില്‍ രണ്ട് എസ്.സി ചീഫ് ജസ്റ്റിസുമാരും ഒരു എസ്.ടി ചീഫ് ജസ്റ്റിസുമാണുണ്ടായത്. 70 ശതമാനം ജഡ്ജിമാരും 132 'ഉന്നത' കുടുംബങ്ങളില്‍നിന്നാണ്. 

മൂല്യബോധവും നീതിയോട് പ്രതിബദ്ധതയുമുള്ള അഭിഭാഷകര്‍ വളര്‍ന്നുവന്നാല്‍ മാത്രമേ ഭാവിയില്‍ നല്ല ജഡ്ജിമാരുണ്ടാവൂ. അപ്പോള്‍ മാത്രമേ നീതിനിര്‍വഹണം പൂര്‍ണാര്‍ഥത്തില്‍ നടപ്പിലാവൂ. കോടതിയിലെ അഭിഭാഷക ജോലി മാത്രമല്ല, മറ്റ് നൂറുകണക്കിന് തൊഴില്‍ മേഖലകള്‍ കൂടി നിയമപഠനം തുറന്നുതരുന്നുണ്ട്. കമ്പനി സെക്രട്ടറിമാര്‍, കണ്‍സള്‍ട്ടന്‍സ്, ലീഗല്‍ അഡൈ്വസര്‍മാര്‍ തുടങ്ങിയ ധാരാളം പ്രഫഷനലുകള്‍ നിയമമേഖലയില്‍ നിന്ന് പഠിച്ചിറങ്ങുന്നു. രാഷ്ട്രീയ പ്രവര്‍ത്തന മേഖലയിലും തിളങ്ങാന്‍ ഇന്ന് വലിയൊരു വിഭാഗം തെരെഞ്ഞെടുക്കുന്ന മേഖലയാണ് നിയമപഠനം.                         

മുസ്‌ലിം നിയമ വിദ്യര്‍ഥികളോട് അര്‍ധോക്തിയില്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; നുണ പറയാന്‍ പരിശീലിക്കുകയാണല്ലേ? നുണ പറഞ്ഞാലേ ഈ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ സാധിക്കൂവെന്നത് മിഥ്യാധാരണയും അബദ്ധ പ്രചാരണവുമാണ്. മറ്റു പ്രഫഷനുകള്‍ പോലെത്തന്നെ ഒരാള്‍ക്ക് സത്യസന്ധമായി ശോഭിക്കാന്‍ കഴിയുന്ന മേഖലയാണ് നിയമരംഗവും. കള്ള നാണയങ്ങള്‍ എല്ലാ രംഗത്തുമെന്ന പോലെ നിയമ മേഖലയിലുമുണ്ടെന്നുമാത്രം. 

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് 5 വര്‍ഷവും ഡിഗ്രി കഴിഞ്ഞവര്‍ക്ക് 3 വര്‍ഷവുമാണ് എല്‍.എല്‍.ബി കോഴ്‌സ് കാലാവധി. ക്ലാറ്റ് (clat-Common Law Admission Test) വഴിയാണ് രാജ്യത്തെ നിയമസര്‍വകലാശാലകളിലേക്ക് പ്രവേശനം നടക്കുന്നത്. മാര്‍ച്ച് 31 ആണ് ക്ലാറ്റിന് അപേക്ഷിക്കേണ്ട അവസാന തീയതി. ക്ലീ (KlEe-Kerala Law Entrance Examination) വഴിയാണ് കേരളത്തിലെ 4 ഗവണ്‍മെന്റ് ലോ കോളേജുകളിലേക്കും 18 പ്രൈവറ്റ് ലോ കോളേജുകളിലേക്കും പ്രവേശനം. കുസാറ്റ്, കേരളാ ലോ അക്കാദമി, എം.ജി യൂനിവേഴ്‌സിറ്റി ഓഫ് ലീഗല്‍ തോട്ട്‌സ്, സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് എന്നിവ സ്വന്തമായി പ്രവേശന പരീക്ഷ നടത്തി വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. കൂടാതെ ദല്‍ഹി, ജാമിഅ മില്ലിയ്യ, അലീഗഢ് തുടങ്ങിയ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളും സ്വന്തമായി പ്രവേശന പരീക്ഷ നടത്തി വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നുണ്ട്.

നീതിക്ക് വേണ്ടി നിലകൊള്ളുന്ന, സാമൂഹിക പ്രതിബദ്ധതയുള്ള അഭിഭാഷക വൃന്ദത്തെ വാര്‍ത്തെടുക്കുന്നിതിന് ജസ്റ്റിഷ്യ എന്ന അഭിഭാഷക കൂട്ടായ്മക്കുകീഴില്‍ സൗജന്യ എന്‍ട്രന്‍സ് പരീശീലനം നല്‍കുന്നുണ്ട്.  

(കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ഥിയാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /1
എ.വൈ.ആര്‍

ഹദീസ്‌

ചെറുതിന്മകളുടെ പെരുപ്പം സൂക്ഷിക്കുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍