അലീഗഢ് സെന്ററുകള്‍ അടച്ചുപൂട്ടാന്‍ നീക്കം
2010-ലാണ് അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി മുര്‍ശിദാബാദ്, മലപ്പുറം, കിഷന്‍ഗഞ്ച്, ഭോപാല്‍, പൂനെ എന്നിവിടങ്ങളിലായി അഞ്ച് ഓഫ് കാമ്പസ് സെന്ററുകള്‍ തുടങ്ങാന്‍ തീരുമാനിക്കുന്നത്. 2020-ഓടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍, അലീഗഢ് വി.സി ഏകപക്ഷീയമായി സെന്ററുകള്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു എന്ന നിലപാടാണ് നിലവിലെ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക്. വാസ്തവത്തില്‍ സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉയര്‍ച്ച ലക്ഷ്യം വെച്ചുള്ള ഗവണ്‍മെന്റ് പദ്ധതികളുടെ ഭാഗമായിരുന്നു ഈ സെന്ററുകള്‍. 2011 ഡിസംബര്‍ 24-ന് അന്നത്തെ മാനവ വിഭവശേഷി മന്ത്രി കപില്‍ സിബലാണ് മലപ്പുറം സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ മലപ്പുറം കാമ്പസിന്റെ അവസ്ഥ പരിതാപകരമാണ്. വളരെ കുറച്ച് കോഴ്‌സുകളും വിദ്യാര്‍ഥികളുമാണ് അവിടെ ഉള്ളത്. ഓഫ് കാമ്പസിന് സ്വാഭാവിക മരണം വിധിക്കാനുള്ള ബന്ധപ്പെട്ടവരുടെ കരുനീക്കങ്ങളാണ് നടക്കുന്നത് എന്നു വേണം കരുതാന്‍. കഴിഞ്ഞ ജനുവരിയില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്മൃതി ഇറാനിയെ ദല്‍ഹിയില്‍ ചെന്ന് കണ്ടിരുന്നു. നിയമപരമായ അനുവാദമില്ലാതെയാണ് സെന്ററുകള്‍ സ്ഥാപിച്ചതെന്ന് എടുത്തടിച്ച് പറയുകയായിരുന്നു അന്ന് മന്ത്രി. പിന്നീട് തിരുവനന്തപുരത്തു വെച്ച് കണ്ടപ്പോള്‍ കൂടുതലായി ഇനി സെന്ററിന് വേണ്ടി ഒന്നും ചെയ്യാന്‍ വയ്യ എന്നായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. പെട്ടെന്ന് ഓഫ് കാമ്പസ് സെന്ററുകള്‍ അടച്ചുപൂട്ടുന്നതിനു പകരം പതിയെ ശ്വാസം മുട്ടിച്ചുകൊല്ലാനാണ് പദ്ധതി എന്ന് ചുരുക്കം.
ഫാഷിസത്തിനെതിരെ ഐക്യനിര വേണം
ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ എഞ്ചിനീയര്‍ മുഹമ്മദ് സലീം. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരുടെ ചെയ്തികളാണ് പാട്യാല കോടതിയില്‍ കണ്ടത്. ബി.ജെ.പി എം.എല്‍.എയാണ് പകല്‍ വെളിച്ചത്തില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന കാര്യം ഗൗരവതരമാണ്. പോലീസുകാര്‍ക്ക് വെറും കാഴ്ചക്കാരുടെ റോളായിരുന്നു. ഫാഷിസത്തിനെതിരെ ജനാധിപത്യത്തിന്റെ അതിജീവനത്തിനായി നമ്മള്‍ അണിനിരക്കേണ്ടതുണ്ടെന്ന് അദ്ദേഹം തുടര്‍ന്നു.
മര്‍കസി തര്‍ബിയത്തി ഗാഹ്
ന്യൂദല്‍ഹി: ജമാഅത്ത് ആസ്ഥാനത്ത് നടന്ന ഏഴു ദിവസത്തെ പരിശീലന പരിപാടി 'മര്‍കസി തര്‍ബിയത്തി ഗാഹ്''ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി ഉദ്ഘാടനം ചെയ്തു. ഉത്തമ സമൂഹ നിര്‍മിതിക്ക് വ്യക്തികളുടെ നവീകരണം പരമപ്രധാനമാണന്നും തര്‍ബിയത്ത്, തസ്‌കിയത്ത് തുടങ്ങിയ വാക്കുകള്‍ക്ക് ആഴമേറിയ അര്‍ഥതലങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൗലാനാ ഫാറൂഖ് ഖാന്റെ ഖുര്‍ആന്‍ ദര്‍സോടെ തുടങ്ങിയ പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി അറുപതോളം പേര്‍ പങ്കെടുത്തു. മൗലാനാ വലിയ്യുല്ലാഹ് സഈദി ഫലാഹിയായിരുന്നു പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍.
Comments