വെറുക്കപ്പെട്ടവനാവാതിരിക്കാന്‍
ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ലോകത്ത് സൗഭാഗ്യവാന്മാരും നിര്‍ഭാഗ്യവാന്മാരുമുണ്ട്. ഒന്നോര്‍ത്താല്‍ ഭാഗ്യ-നിര്‍ഭാഗ്യങ്ങള്‍ കുടികൊള്ളുന്നത് വ്യക്തികളിലാണ്; ബന്ധങ്ങളിലല്ല, സൗഹൃദങ്ങളിലുമല്ല. സ്‌നേഹിതന്മാരോടും ബഹുജനങ്ങളോടുമുള്ള ബന്ധം കണ്ണാടിക്ക് മുന്നിലെ നില്‍പ് പോലെയാണ്. കണ്ണാടിയില്‍ ഒരാള്‍ കാണുന്നത് തന്റെ പ്രതിബിംബമാണ്, മറ്റൊരാളുടേതല്ല.
സൗഹൃദങ്ങളുടെ ലോകത്തുള്ള ആറ് തരം പെരുമാറ്റങ്ങളാണ് ഞാന്‍ വിശദീകരിക്കുന്നത്. ബന്ധങ്ങള്‍ നരകീയ അനുഭവങ്ങളാക്കിത്തിര്‍ക്കുകയും നിങ്ങളെ സ്‌നേഹിതന്മാര്‍ക്കിടയില്‍ വെറുക്കപ്പെട്ടവനാക്കി മാറ്റുകയും ചെയ്യുന്ന സ്വഭാവ വൈകൃതങ്ങളില്‍നിന്ന് അകന്നുനിന്നാല്‍ നിങ്ങള്‍ പ്രിയങ്കരനായിത്തീരും, അഭിമതനാകും.
ഒന്ന്: എപ്പോഴും മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്. ഏത് നേരത്തും ഏത് സന്ദര്‍ഭത്തിലും സുഹൃത്തുക്കളെ അവരുടെ സംസാരത്തിന്റെയോ പെരുമാറ്റത്തിന്റെയോ പേരില്‍ കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്തുകൊണ്ടിരുന്നാല്‍ സ്‌നേഹിതന്മാരുടെ സൗഹൃദം നിങ്ങള്‍ക്ക് നിഷേധിക്കപ്പെടും. ശാന്തമായും സമര്‍ഥമായും വിമര്‍ശനമാവാം; വല്ലപ്പോഴും. നിങ്ങളുടെ വിമര്‍ശനം ശരിയാണെന്നിരുന്നാലും ഈ സ്വഭാവം നിങ്ങളെ കൂട്ടുകാരില്‍നിന്ന് അകറ്റും. ബന്ധങ്ങള്‍ ഊനമേല്‍ക്കാതെ അഭംഗുരം തുടരാന്‍ ചിലപ്പോള്‍ പല വിഷയങ്ങളുടെയും നേരെ കണ്ണ് ചിമ്മേണ്ടിവരും. സുഹൃത്തിന്റെ തെറ്റ് മനഃപൂര്‍വമായിട്ടല്ലെങ്കില്‍ തീര്‍ച്ചയായും ഈ സമീപനം തന്നെയാണാവശ്യം.
രണ്ട്: നിങ്ങളുടെ അഭിപ്രായങ്ങളും തീരുമാനങ്ങളും അപരരുടെ മേല്‍ അടിച്ചേല്‍പിച്ച് അവരെ ഭരിക്കാന്‍ നോക്കരുത്. നിങ്ങളുടെ അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ നിരാകരിക്കപ്പെടുമ്പോള്‍ കോപാകുലനാവുന്ന സ്വഭാവവും നന്നല്ല. ഓരോരുത്തര്‍ക്കും അവരുടേതായ ഒരിടം ഉദാരമായി കല്‍പിച്ചുനല്‍കുകയാണ് ബന്ധങ്ങളുടെ ദാര്‍ഢ്യത്തിന് സഹായകമാവുക. അവര്‍ അവരുടെ ഇടങ്ങളില്‍ സ്വതന്ത്രരായി അല്ലലില്ലാതെ വിഹരിച്ചുകൊള്ളട്ടെ. നിങ്ങളെ അടക്കിവാഴാന്‍ തുനിയുന്നവന്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടേക്കാമെങ്കിലും ആ അവകാശവാദം വ്യര്‍ഥമാണ്. സ്‌നേഹിക്കുന്നവര്‍ മറ്റുള്ളവരെ ഉപദ്രവിക്കില്ല. മറ്റുള്ളവരെ അടക്കിഭരിക്കാനുള്ള മോഹം പരദ്രോഹത്തിന്റെയും മേല്‍ക്കോയ്മാ മനസ്സിന്റെയും ലക്ഷണമാണ്.
മൂന്ന്: നിങ്ങള്‍ സൗഹൃദം പുലര്‍ത്തുന്നവരുടെ നെറ്റിയില്‍ അടയാളം വെക്കുകയോ മുദ്രപതിപ്പിക്കുകയോ ചെയ്യരുത്. ഇത് മറ്റുള്ളവരെ നിങ്ങളില്‍നിന്നകറ്റും. ഈ രീതി മൂലം സ്‌നേഹിതനുമായുളള ഇടപെടലിന് പ്രത്യേക ചട്ടക്കൂട് പണിയുകയാണ് നിങ്ങള്‍. ഒരാളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അയാള്‍ മുന്‍കോപിയാണെന്നാവും. മറ്റൊരാളെക്കുറിച്ച് അഭിപ്രായം സ്വാര്‍ഥിയെന്നാവും. മൂന്നാമത്തെവന്‍ നിങ്ങളുടെ കാഴ്ചയില്‍ കളവുപറയുന്നവനാകും. നാലാമത്തെവനെ നിങ്ങള്‍ വഞ്ചകന്‍ എന്ന് മുദ്രകുത്തിയിരിക്കും. ഇനിയും ഒരുത്തനെ പൊങ്ങച്ചക്കാരന്‍ എന്ന് നിങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ടാവും. കാലം ചെല്ലുന്തോറും മനുഷ്യര്‍ മാറും. ജീവിതാനുഭവങ്ങള്‍ ഓരോരുത്തരെയും മാറ്റും. പ്രത്യേകിച്ച് പ്രായമേറുമ്പോള്‍ കാഴ്ചപ്പാടുകള്‍ വ്യത്യാസപ്പെടും. സുഹൃത്തുക്കളെ നേടണമെന്നുള്ളവര്‍ അവര്‍ ഇഷ്ടപ്പെടുന്ന പെരുമാറ്റം കാഴ്ചവെക്കണം; നാം ഇഷ്ടപ്പെടുന്ന പെരുമാറ്റമല്ല.
നാല്: മറ്റുള്ളവരെ എപ്പോഴും നിരൂപണം ചെയ്തുകൊണ്ടിരിക്കരുത്. നിങ്ങള്‍ എപ്പോഴും ശരിയും മറ്റുള്ളവര്‍ എപ്പോഴും തെറ്റും എന്ന് ധരിക്കുന്നവനാണ് നിങ്ങളെന്ന ധാരണ പരത്താനാണ് അത് വഴിവെക്കുക. നല്ല ഒരു സംഭാഷണചതുരനാവണം നിങ്ങള്‍. ഹൃദയങ്ങളെ വശത്താക്കാനാവണം നിങ്ങളുടെ ശ്രമം.
അഞ്ച്: ഓരോ വ്യക്തിക്കുമുണ്ട് ഓരോ സവിശേഷത. ഓരോ വ്യക്തിയിലുമുണ്ട് നിരവധി നന്മകള്‍. ഓരോ സുഹൃത്തിന്റെയും നന്മ പ്രയോജനപ്പെടുത്തുക. അല്ലാത്തവ അവഗണിച്ചേക്കുക. കാരണം ഒരാളും സമ്പൂര്‍ണനല്ല. ഓരോ പുതിയ അനുഭവത്തിലൂടെയും നിങ്ങളുടെ പതിവുരീതികള്‍ നവീകരിക്കാന്‍ ശ്രമിക്കുക. അനുഭവങ്ങളാര്‍ജിക്കാന്‍ അനവരതം പ്രയത്‌നിക്കുക. ജീവിതത്തില്‍ വൈവിധ്യവും വൈജാത്യവും നിറഞ്ഞ അനുഭവങ്ങള്‍ ഉണ്ടാവുമ്പോഴാണ് സൗഭാഗ്യദീപം തെളിയുന്നത്.
ആറ്: സാമ്പത്തിക ശേഷിയുള്ള സുഹൃത്തുക്കളുമായി മാത്രമേ ചങ്ങാത്തം കൂടൂ എന്ന ശാഠ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍; ക്ഷമിക്കണം, നിങ്ങള്‍ക്ക് തെറ്റി. സൗഭാഗ്യത്തിന് പണവുമായി ബന്ധമില്ല. ധനികനായാലും ദരിദ്രനായാലും നിങ്ങളുടെ മനസ്സിനിണങ്ങുന്ന സുഹൃത്തിനെ കണ്ടെത്തിയാല്‍ നിങ്ങള്‍ ഭാഗ്യവാന്‍. നബി (സ) പറഞ്ഞല്ലോ: ''ആത്മാക്കള്‍ സമരസജ്ജമായി നിലകൊള്ളുന്ന സൈന്യമാണ്. അവയില്‍ പരിചയമുള്ളവ ഇണങ്ങും. അപരിചിതമായവ ഇടഞ്ഞുനില്‍ക്കും.''''
സുഹൃത്തുക്കളുടെ വികാരം മാനിക്കുകയും അവരുടെ വികാരം വ്രണപ്പെടുത്താതിരിക്കുകയുമാണ് ഒടുവിലത്തെ സുവര്‍ണ നിയമം. വിചാരണയില്ലാതെ സ്വര്‍ഗപ്രവേശത്തിനര്‍ഹരാവുന്ന എഴുപതിനായിരം പേരെ കുറിച്ച് പറഞ്ഞ നബി(സ)യോടു ഉകാശ എന്ന സ്വഹാബി അഭ്യര്‍ഥിച്ചു: ''തിരുദൂതരേ എന്നെ അക്കൂട്ടത്തില്‍പെടുത്താന്‍ പ്രാര്‍ഥിക്കുമോ?'' നബി: ''തീര്‍ച്ചയായും.'' ഉടനെ വേറൊരാള്‍: ''അപ്പോള്‍ ഞാനോ?'' നബി: ''ആ സ്ഥാനം ഉകാശ അടിച്ചെടുത്തല്ലോ?'' സുഹൃത്തുക്കളെ നേടുകയെന്നതും സൗഹൃദം നിതാന്തമായി നിലനിര്‍ത്തുകയെന്നതും കലയാണ്, നൈപുണിയാണ്, സാമര്‍ഥ്യമാണ്.
വിവ: പി.കെ ജമാല്‍
Comments