ജാതിവിരുദ്ധ മുന്നേറ്റങ്ങളെ തളര്‍ത്തിയ യുക്തിവാദ പ്രസ്ഥാനങ്ങള്‍
യുക്തിചിന്തയും യുക്തിവാദവും ഒരു പ്രത്യയശാസ്ത്രമായി സ്ഥാപിതമാകുന്നതും പ്രചരിക്കുന്നതും പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പിലാണ്. സ്വതന്ത്രചിന്തകള്‍ക്ക് കൂച്ചുവിലങ്ങിട്ട യൂറോപ്യന്‍ ചര്‍ച്ചിന്റെ ആധിപത്യത്തിനെതിരെയുള്ള മുന്നേറ്റമായിരുന്നു അത്. അതിനാല്‍ വ്യവസ്ഥക്കെതിരായ പോരാട്ടങ്ങളായിരുന്നു യൂറോപ്പില്‍ ഉദയം ചെയ്ത യുക്തിചിന്തകള്‍. പിന്നീട് ഈ ചിന്താ പ്രസ്ഥാനങ്ങള്‍ യൂറോപ്പിന്റെ വെളിയിലേക്ക് സഞ്ചരിക്കുകയും യൂറോപ്പിന്റേതില്‍നിന്ന് വ്യത്യസ്തമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ എത്തിപ്പെടുകയും ചെയ്തു. ഇന്ത്യയിലും യുക്തിവാദ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കാനുണ്ടായ പശ്ചാത്തലമിതാണ്. ആദ്യ ഘട്ടങ്ങളില്‍ യൂറോപ്പിലെ യുക്തിവാദ പ്രസ്ഥാനങ്ങള്‍ അവിടത്തെ അധീശ വ്യവസ്ഥയായിരുന്ന ചര്‍ച്ചിനെ ആക്രമിച്ചതുപോലെ ഇന്ത്യയില്‍, വിശിഷ്യാ തെക്കേ ഇന്ത്യയിലെ യുക്തിവാദ പ്രസ്ഥാനങ്ങള്‍ പ്രധാനമായും ജാതിവിരുദ്ധതയാണ് ഉയര്‍ത്തിപ്പിടിച്ചത്. സഹോദരന്‍ അയ്യപ്പന്‍, പെരിയാര്‍ ഇ.വി രാമസ്വാമി നായ്കര്‍ തുടങ്ങി തെക്കേ ഇന്ത്യയിലെ ജാതിവിരുദ്ധ പ്രസ്ഥാനത്തിന്റെ അമരക്കാരെല്ലാം തന്നെ യുക്തിവാദ പ്രസ്ഥാനത്തിന്റെയും വക്താക്കളായിരുന്നു. ഈ പ്രസ്ഥാനങ്ങളുടെയെല്ലാം ഒരു പ്രധാന സവിശേഷത, ഇസ്‌ലാമിനെ ജാതീയതക്കെതിരായ ഒരു സാധ്യതയായി അവ കരുതിയിരുന്നു എന്നതാണ്. അധഃകൃതര്‍ക്ക് ആത്മാഭിമാന സംരക്ഷണത്തിന് മുസ്‌ലിമാകുന്നതാണ് നല്ലത് എന്നതായിരുന്നു പെരിയാര്‍ മുന്നോട്ടുവെച്ച ആശയം. ഈയൊരു നിലപാടില്‍നിന്ന് ഇസ്‌ലാമിനെ എതിര്‍പക്ഷത്ത് നിര്‍ത്തുന്ന അവസ്ഥയിലേക്കുള്ള യുക്തിവാദ പ്രസ്ഥാനങ്ങളുടെ ചുവടുമാറ്റം വളരെ പെട്ടെന്നായിരുന്നു. ഈ നിലപാടുമാറ്റത്തെ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ രൂപീകരണത്തിന്റെയും ഈ നൂറ്റാണ്ടില്‍ ഭീഷണമായി വളര്‍ന്ന ഇസ്‌ലാമോഫോബിയയുടെയും പശ്ചാത്തലത്തില്‍ വിലയിരുത്തുകയാണ് ഇവിടെ.
1928-ലാണ് സഹോദരന്‍ അയ്യപ്പന്‍ യുക്തിവാദി മാസികക്ക് തുടക്കം കുറിക്കുന്നത്. താന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്നു പ്രഖ്യാപിച്ച സഹോദരന്‍ അയ്യപ്പനാണ് കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ ആദ്യകാല അമരക്കാരിലൊരാള്‍. തെക്കേ ഇന്ത്യയിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെയും ജാതിവിരുദ്ധ പ്രസ്ഥാനത്തിന്റെയും നായകനായിരുന്ന പെരിയാര്‍ ഇ.വി രാമസ്വാമിയുടെ സ്വാഭിമാന പ്രസ്ഥാനം 1925-ല്‍ തന്നെ തമിഴ്‌നാട്ടില്‍ സജീവമായിരുന്നു. യൂറോപ്യന്‍ യുക്തിവാദ പ്രസ്ഥാനങ്ങളുടെ മാതൃകയില്‍ അന്നത്തെ ഏറ്റവും വലിയ സാമൂഹിക ചൂഷണോപാധിയായിരുന്ന ജാതിവ്യവസ്ഥയെ ആയിരുന്നു ഈ പ്രസ്ഥാനങ്ങള്‍ നേരിട്ടത്. 1936-ല്‍ കേരള തിയ്യ യൂത്ത് ലീഗ് പ്രസിദ്ധീകരിച്ച അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം എന്ന കൃതിയില്‍ സഹോദരന്‍ അയ്യപ്പന്‍ ഇങ്ങനെ എഴുതുന്നു:
''തൊപ്പിയിട്ട പുലയനോട് വഴിമാറാന്‍ പറയാന്‍ കേരളക്കരയില്‍ ആരും ധൈര്യപ്പെടുകയില്ല. വെന്തിഞ്ഞയിട്ട പുലയനു അത്ര തന്നെ എളുപ്പത്തില്‍ അയിത്തശല്യം നീങ്ങിക്കിട്ടുകയുമില്ല. തൊപ്പിയിട്ട പുലയനെ മുസ്‌ലിംകള്‍ അടുപ്പിക്കുകയും സ്വന്തമായി കരുതുകയും ചെയ്യുന്നേടത്തോളം വെന്തിഞ്ഞയിട്ട പുലയനെ ക്രിസ്ത്യാനികള്‍ അടുപ്പിക്കുകയും സ്വന്തമായി കരുതുകയും ചെയ്കയില്ല. ക്രിസ്ത്യാനികള്‍ പുതു ക്രിസ്ത്യാനികളെ നിന്ദിക്കുന്നേടത്തോളം മുസ്‌ലിംകള്‍ പുതു മുസ്‌ലിംകളെ നിന്ദിക്കുകയില്ല. മതവിശ്വാസം നോക്കിയാലും ക്രിസ്തുമതത്തോളം തന്നെ അന്ധവിശ്വാസം ഇസ്‌ലാമിനില്ല. ഭാവി ഇന്ത്യയിലെ ശക്തിയേറിയ മതം ക്രിസ്തുമതത്തേക്കാള്‍ ഇസ്‌ലാമായിരിക്കുമെന്നുള്ളത് നിരാക്ഷേപമാണ്'' (അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം - പേജ് 43,44).
ഇന്നത്തെ യുക്തിവാദ പ്രസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇസ്‌ലാമിനോടുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തികൊണ്ടുതന്നെ അതിന്റെ സാധ്യതകള്‍ ആരായുക എന്നതായിരുന്നു യുക്തിവാദ പ്രസ്ഥാനത്തിന്റെ ആദ്യകാല നിലപാട് എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. പെരിയാറിനും സമാനമായ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്.
ഇങ്ങനെ ഇസ്‌ലാമിനെ പോസിറ്റീവായി അഭിസംബോധന ചെയ്ത യുക്തിവാദ പ്രസ്ഥാനങ്ങളുടെ നിലപാടില്‍ പിന്നീട് മാറ്റമുണ്ടായി. 1947-ല്‍ വിഭജനത്തോടെ രൂപംകൊണ്ട ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന് ഇതില്‍ നിര്‍ണായക പങ്കുണ്ട്. പാകിസ്താന്‍ പിറവിയോടൊപ്പം ഇന്ത്യയെന്ന ദേശരാഷ്ട്രം രൂപപ്പെട്ടപ്പോള്‍ ഏതൊരു ദേശീയതക്കും ആവശ്യമുള്ള അപരന്റെ റോള്‍ ലഭിച്ചത് മുസ്‌ലിംകള്‍ക്കായിരുന്നു. പാകിസ്താന്‍ പിറവിയുടെയും വിഭജനത്തിന്റെയും പാപഭാരം പേറാന്‍ ഇന്ത്യന്‍ മുസ്‌ലിം സമൂഹം നിര്‍ബന്ധിതരായി. ഈയൊരു സാഹചര്യം ഇന്ത്യയിലെ എല്ലാ പ്രസ്ഥാനങ്ങളെയും പോലെ യുക്തിവാദ പ്രസ്ഥാനങ്ങളെയും സ്വാധീനിച്ചിരുന്നു. എത്രത്തോളമെന്നാല്‍ 1962-ല്‍ പെരിയാര്‍ എഴുതി: ''എന്തുകൊണ്ട് മുസ്‌ലിംകള്‍ വഞ്ചിച്ചു? മുസ്‌ലിംകള്‍ ജനങ്ങള്‍ക്ക് തൃപ്തികരമായ ഒരുത്തരം നല്‍കേണ്ടതുണ്ട്.'' ഇന്ത്യാ വിഭജനം യുക്തിവാദ ചിന്തകരിലുണ്ടാക്കിയ സ്വാധീനം ഇതില്‍നിന്ന് വ്യക്തമാണ്.
1950-കളോടെ കേരളത്തിലെ യുക്തിവാദ പ്രസ്ഥാനം ജാതിവിരുദ്ധത എന്നതില്‍നിന്ന് കേവല മത വിമര്‍ശനത്തിലേക്ക് ചുവടുമാറിയിരുന്നു. 1978-ല്‍ കേരള യുക്തിവാദസംഘം അംഗീകരിച്ച പ്രമേയത്തില്‍ സംഘത്തിന്റെ ദേശീയ വീക്ഷണം വ്യക്തമാക്കുന്നു: ''യുക്തിവാദികള്‍ സാര്‍വദേശീയത അംഗീകരിക്കുന്നതോടൊപ്പം രാഷ്ട്രീയ അഖണ്ഡതയും ഭദ്രതയും നിലനിര്‍ത്താന്‍ ത്യാഗങ്ങളനുഷ്ഠിക്കുകയും ദേശീയ താല്‍പര്യങ്ങളോടും ദേശീയലക്ഷ്യങ്ങളോടും കൂറു പുലര്‍ത്തുകയും ചെയ്യേണ്ടതാണ്.''
ഇതില്‍ ദേശീയ താല്‍പര്യങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദേശീയതയുടെ പേരില്‍ ഗവണ്‍മെന്റ് നടത്തുന്ന ഏതൊരു പ്രവര്‍ത്തനത്തെയും നിര്‍ബാധം പിന്തുണക്കലാണ് എന്ന് തോന്നുന്നു. കാരണം ദേശീയ താല്‍പര്യങ്ങളുടെ പേരില്‍ ഭരണകൂടം കശ്മീര്‍ പോലെയുള്ളിടങ്ങളില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് 1970-കള്‍ മുതല്‍ 2000 വരെയുള്ള യുക്തിവാദരേഖകളില്‍ യാതൊരു വിമര്‍ശനവും കാണാന്‍ കഴിയില്ല. ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണത്തില്‍ മൃദു ഹിന്ദുത്വവും പങ്കുവഹിച്ചിട്ടുണ്ട്. യുക്തിവാദ പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ പലപ്പോഴും മൃദു ഹിന്ദുത്വവുമായി താദാത്മ്യം പ്രാപിക്കുന്നതായി കാണാം. ഈയൊരു നിരീക്ഷണത്തിന് അടിവരയിടുന്നതാണ് 1978-ലെ യുക്തിവാദസംഘത്തിന്റെ പ്രമേയത്തിലെ ന്യൂനപക്ഷാവകാശത്തെക്കുറിച്ച ഭാഗം:
''ഭരണഘടനയിലെ 30-ാം വകുപ്പ് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് അവരുടേതായ സംസ്‌കാരം പരിരക്ഷിക്കുന്നതിന് പ്രത്യേക അവകാശങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇവിടെ ന്യൂനപക്ഷാവകാശ സംരക്ഷണത്തിന്റെ പേരില്‍ മിക്ക മതവിഭാഗങ്ങളും പ്രത്യേകം രാഷ്ട്രീയ സംഘടനകള്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരികയാണ്. ഈ പ്രവണത മതേതരത്വത്തിനും ദേശീയോദ്ഗ്രന്ഥത്തിനും വലിയ ഭീഷണിയായിത്തീര്‍ന്നിട്ടുണ്ട്. ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ ഭീഷണികളെയും നാം സഗൗരവമായി കാണുകയും അവയെ ചെറുത്തുതോല്‍പിക്കാനാവശ്യമായ അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യേണ്ടതാണ്'' (കേരള യുക്തിവാദസംഘം 1978).
യുക്തിവാദ സംഘത്തിന്റെ പ്രമേയത്തില്‍ പറയുന്ന സമാന ആരോപണം തന്നെയാണ് തീവ്ര-മൃദു ഹിന്ദുത്വവാദികള്‍ രാജ്യത്തെ മുസ്‌ലിം സംഘടനകള്‍ക്കെതിരെ കാലങ്ങളായി ഉന്നയിക്കാറുള്ളത്. ഭൂരിപക്ഷത്തിന് ആധിപത്യമുള്ളിടത്ത് തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ന്യൂനപക്ഷ സംഘടനകള്‍ ഉയര്‍ന്നുവരുന്നത് ലോക രാഷ്ട്രങ്ങളിലെല്ലാം പ്രകടമാകുന്ന കാര്യമാണ്. അമേരിക്കന്‍ ഐക്യ നാടുകളിലെ കറുത്തവരുടെ പ്രസ്ഥാനങ്ങള്‍, തുര്‍ക്കിയിലെ കുര്‍ദിഷ് പ്രസ്ഥാനങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. എന്നാല്‍ ഇന്ത്യയിലെ മുസ്‌ലിംകളുടേതടക്കമുള്ള ന്യൂനപക്ഷ പ്രസ്ഥാനങ്ങളോടുള്ള യുക്തിവാദ പ്രസ്ഥാനത്തിന്റെ നിലപാട് ഹിന്ദുത്വരുടേതില്‍നിന്ന് ഏറെയൊന്നും ഭിന്നമല്ല എന്നാണ് പലപ്പോഴും കാണാന്‍ സാധിക്കുക.
ഏകീകൃത സിവില്‍ കോഡ് സംവാദങ്ങളില്‍ മുസ്‌ലിം ചോദ്യങ്ങളോട് പൂര്‍ണമായും പുറംതിരിഞ്ഞുനില്‍ക്കുന്ന നിലപാടാണ് യുക്തിവാദ പ്രസ്ഥാനം സ്വീകരിച്ചത്. 1970-കള്‍ മുതലുള്ള പ്രമേയങ്ങളിലെല്ലാം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക എന്നത് യുക്തിവാദ സംഘത്തിന്റെ പ്രധാന അജണ്ടയാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമ്പോള്‍ ഇന്ത്യയിലെ ഭൂരിപക്ഷം ന്യൂനപക്ഷത്തിനുമേല്‍ പ്രയോഗിക്കുന്ന അധികാരമോ അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ഹിംസയോ ഒരിക്കലും യുക്തിവാദ സംഘത്തിന്റെ ചര്‍ച്ചകളില്‍ പോലും കടന്നുവന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
1990-'91-കളില്‍ ഇന്ത്യയെ ഇളക്കിമറിച്ച മണ്ഡല്‍-ബാബരി പ്രശ്‌നങ്ങളോടും ഒട്ടും ക്രിയാത്മകമല്ലാത്ത പ്രതികരണമായിരുന്നു യുക്തിവാദ പ്രസ്ഥാനങ്ങളുടേത്. ഈ പ്രതികരണങ്ങളിലെല്ലാം 'ദേശീയ താല്‍പര്യങ്ങളോ'ടുള്ള അഭിനിവേശം കാണാവുന്നതാണ്. ബാബരി മസ്ജിദിനെ ദേശീയ സ്മാരകമാക്കണം എന്ന പരിഹാര നിര്‍ദേശമാണ് യുക്തിവാദ സംഘം മുന്നോട്ടുവെച്ചത്. ഇവിടെ ന്യൂനപക്ഷ സമൂഹത്തിന്റെ അവകാശങ്ങള്‍ക്കല്ല, മറ്റു പല താല്‍പര്യങ്ങള്‍ക്കുമാണ് അവരുടെ മുന്‍ഗണന. 1991-ലെ എതീയിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രമേയം ജാതി സംവരണത്തിന് എതിരായിരുന്നു. യുക്തിവാദ പ്രസ്ഥാനവും 'ദേശീയത'യും കൈകോര്‍ക്കുന്ന മറ്റൊരു പ്രധാന ഇടമാണ് കശ്മീര്‍. യുക്തിവാദ പ്രസ്ഥാനങ്ങളുടെ പ്രമേയങ്ങളിലെല്ലാം കശ്മീര്‍ പ്രശ്‌നത്തെ ഒരു മുസ്‌ലിം തീവ്രവാദ പ്രശ്‌നമായാണ് അഭിസംബോധന ചെയ്യുന്നത്. അതിനപ്പുറം, കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ യുക്തിവാദ സംഘത്തിന് പരിഗണനീയമായിരുന്നില്ല. കശ്മീര്‍ പ്രശ്‌നത്തോടുള്ള തീവ്ര ഹിന്ദുത്വത്തിന്റെ നിലപാടും ഇതല്ലാതെ മറ്റൊന്നല്ല. 1991-ലാണ് കശ്മീരിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളിലൊന്നായ കുനാന്‍ പോഷ്പരയിലെ കൂട്ട ബലാത്സംഗം നടന്നത്. തുടര്‍ന്നിറങ്ങിയ യുക്തിവാദ സംഘത്തിന്റെ പ്രമേയങ്ങളിലൊന്നും ഈ സംഭവത്തെക്കുറിച്ചുള്ള പരാമര്‍ശം പോലും കാണാന്‍ കഴിയില്ല.
യുക്തിവാദ സംഘം പൂര്‍ണാര്‍ഥത്തില്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് 21-ാം നൂറ്റാണ്ടോടെയാണ്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ഇതിനൊരു പ്രധാന കാരണമായി. ഇതോടുകൂടിയാണ് ആഗോളതലത്തില്‍ തന്നെ ഇസ്‌ലാം ഒരു പക്ഷത്തും മറ്റെല്ലാ പ്രത്യയശാസ്ത്രങ്ങളും മറുപക്ഷത്തുമായി വിഭജിക്കപ്പെട്ടത്. ഇതിന്റെ അനുരണനങ്ങള്‍ ഇന്ത്യയിലും കേരളത്തിലുമുണ്ടായി. ഭരണകൂട ഭാഷ്യങ്ങള്‍ അതേപടി ആവര്‍ത്തിക്കുകയാണ് അക്കാലത്തെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രമേയങ്ങള്‍. ഭരണകൂട നിലപാടുകളില്‍നിന്ന് ഒരു പടികൂടി കടന്ന് ഇന്ത്യയില്‍ പഠിക്കുന്ന വിദേശ മുസ്‌ലിം വിദ്യാര്‍ഥികള്‍ ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു എന്ന 'കണ്ടുപിടിത്തം' വരെ യുക്തിവാദികളില്‍നിന്നുണ്ടായി.
ഈ നൂറ്റാണ്ടിലെ ആഗോള പ്രശസ്തരായ യുക്തിവാദികളായ റിച്ചാര്‍ഡ് ഡോക്കിന്‍സ്, സാം ഹാരിസ് തുടങ്ങിയവരുടെ ചിന്തകള്‍ വലിയ അളവില്‍ തന്നെ കേരളത്തിലെയടക്കം യുക്തിവാദികളെ ആകര്‍ഷിച്ചിട്ടുണ്ട്. ഇവര്‍ ഇസ്‌ലാമിനെ എന്തായാണോ ചിത്രീകരിക്കുന്നത് അതപ്പടി കേരളീയ യുക്തിവാദികള്‍ ഏറ്റെടുക്കുകയാണ്. മുന്‍കാലങ്ങളില്‍ ഇവാഞ്ചലിസ്റ്റുകളും ഓറിയന്റലിസ്റ്റുകളും നടത്തിയിട്ടുള്ള ഇസ്‌ലാം-പ്രവാചക ആക്ഷേപങ്ങള്‍ പൊടിതട്ടിയെടുത്ത് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയാണ് സൈബര്‍ ലോകത്തെ യുക്തിവാദികള്‍ ഇപ്പോള്‍. 2003-ല്‍ പുറത്തിറങ്ങിയ യുക്തിവാദ പ്രമേയം ഹിന്ദുത്വ വര്‍ഗീയത മുസ്‌ലിം തീവ്രവാദത്തിന്റെ ഉല്‍പന്നമാണെന്ന വിചിത്ര വാദം മുന്നോട്ടുവെച്ചുകൊണ്ട് സംഘ്പരിവാര്‍ ഭീകരതക്ക് താത്ത്വിക ന്യായീകരണം ചമക്കുന്നുണ്ട്.
കേരളത്തില്‍ ഇസ്‌ലാംഭീതി നിര്‍മിക്കുന്നതില്‍ യുക്തിവാദ പ്രസ്ഥാനത്തിനും പങ്കുണ്ട് എന്നാണ് ഇതെല്ലാം നല്‍കുന്ന സൂചന. ഇന്ത്യന്‍ സവര്‍ണ ദേശീയതയുമായുള്ള ഐക്യപ്പെടലാണ് സ്വാതന്ത്ര്യാനന്തരം യുക്തിവാദ പ്രസ്ഥാനങ്ങളില്‍ കാണുന്നത്. അതുകൊണ്ടാണ് ജാതി സംവരണത്തിനെതിരെ പോലും എതീയിസ്റ്റ് പ്രസ്ഥാനങ്ങള്‍ സംസാരിച്ചത്. 'ദേശീയ താല്‍പര്യത്തിനൊപ്പം നില്‍ക്കും' എന്ന് പ്രഖ്യാപിക്കുക വഴി ഇന്ത്യന്‍ ദേശീയത എന്ന ചട്ടക്കൂടിന് വെളിയില്‍നിന്നുള്ള ചിന്തകളെ ആദ്യമേ തന്നെ റദ്ദ് ചെയ്യുന്ന ചിന്താ പ്രസ്ഥാനമായി യുക്തിവാദി സംഘം മാറി എന്നതാണ് സത്യം. ജാതിയെ കേന്ദ്രീകരിച്ചുള്ള ബ്രാഹ്മണ മതത്തെയും ഏകദൈവത്തില്‍ കേന്ദ്രീകരിക്കുന്ന ഇസ്‌ലാമിനെയും സമീകരിക്കുക വഴി ഇന്ത്യയിലെ ജാതിവിരുദ്ധ മുന്നേറ്റത്തിന് യുക്തിവാദ പ്രസ്ഥാനങ്ങള്‍ ഏല്‍പിച്ച ആഘാതം വളരെ വലുതാണ്. ഒരിക്കല്‍ ശക്തിയാര്‍ജിച്ച ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍ പിന്നോട്ടടിക്കുന്നതില്‍ ഇത് വലിയ പങ്കുവഹിച്ചു.
(കോഴിക്കോട് കുറ്റിയാടി ഇബ്‌നുഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് വിദ്യാര്‍ഥിയാണ് ലേഖകന്‍)
Comments