ഫാഷിസം എന്ന തലക്കെട്ടില്‍ അഞ്ചു കവിതകള്‍
ഉയിര്
മേശവലിപ്പില്‍നിന്നു വീണ കാര്ഡെടുത്ത്കുഞ്ഞുമോളു ചോദിക്കുന്നു ഇതെന്തു കാര്‍ഡാണെന്ന്
ജീവിതത്തിന്റെ രേഖ, ദേശക്കൂറിന്റെ പ്രമാണം
മറുമൊഴി പാതി വേവുമ്പോള്‍
പുറം ചാടുന്ന ചെറുചിരി ഉളളില്‍ കടിച്ചവള്‍
തിരക്കുന്നു വീണ്ടും ജനിച്ച മണ്ണിന്റെ
ഉള്ളിലുണ്ടെന്നുള്ളതിന്റെ രേഖ
കൈയിലില്ലാതെ പോയവരാണോ
രോഹിത് വെമുലയും കനയ്യ കുമാറും
ഉമര്‍ ഖാലിദുമെന്ന്.
ഉത്തരം പറുദീസ പോലെ നീളുന്ന നാവ്
ഉള്‍വലിയലിന്റെ പുതിയ പൊത്തുകള്‍ തേടവെ,
കുലുങ്ങിച്ചിരിച്ചവള്‍ ചോദിപ്പു വീണ്ടും
ദേശക്കൂറു കാണിക്കുവാന്‍ വല്ലാതെ
വിയര്‍ക്കുന്നുണ്ടല്ലോ വാപ്പയെന്ന്,
അരി വേവുവാന്‍ മാത്രം ചൂട്
നെഞ്ചകം തിളക്കുമ്പോള്‍.
ചോദിക്കുന്നവള്‍ മൂന്നാമതൊന്ന്
പശുവിനെ പോറ്റി, പശുവിന്‍ പാലിനൊപ്പം
പോത്തിറച്ചി വേവിച്ചു കഴിച്ച വീട്ടില്‍
ഒരു തുണ്ടു മാംസം കാണിക്കാതെ
ഒളിഞ്ഞു നടക്കുന്നതെന്തിനു വാപ്പയെന്ന്,
ദേശക്കൂറു കാണിക്കുവാന്‍ വല്ലാതെ
വിയര്‍ക്കുന്നുവല്ലൊ വാപ്പയെന്ന്.
ചോര ഛര്‍ദിച്ചുപോകുമോ
സമനില തെറ്റിപ്പോകുമോ
കൈകാല്‍ കുഴഞ്ഞ് ഭൂമിയില്‍
അലിഞ്ഞില്ലാതാകുമോയെന്ന്
പേടിക്കുന്ന വേളയില്‍.
ചോദിക്കുന്നവള്‍ നാലാമതൊന്ന്
ഭയം തിന്ന് ഭയം കുടിച്ച്
ഭയം ശ്വസിച്ച് ഭയം തന്നെ വിസര്‍ജിച്ച്
ഭയത്തില്‍ പൊതിഞ്ഞ സ്വപ്‌നങ്ങളുമായി
എത്രകാലം മുന്നോട്ടുപോകാനാകുമെന്ന്
അടിതെറ്റി നിലവിട്ട്
മണ്ണില്‍പതിഞ്ഞെന്റെ ശിരസ്സുയര്‍ത്തി
തിളങ്ങുന്ന കണ്ണിന്റെ സാക്ഷ്യത്തില്‍
തുളക്കുന്ന വാക്കുകള്‍ കൊണ്ടവള്‍ ചൊല്ലുന്നു
താടി വടിച്ച്, മീശ കറുപ്പിച്ച്
മാംസം കഴിക്കാതെ, നാവരിഞ്ഞു കീശയിലിട്ട്
ദേശക്കൂറു കാണിച്ച് ശ്വാസമടക്കിപ്പിടിച്ച്
മാളങ്ങളില്‍നിന്ന് മാളത്തിലേക്കൊളിക്കാന്‍
ഭൂമിയിലിനി മാളങ്ങള്‍
ബാക്കിയില്ലെന്ന്, അടഞ്ഞ വഴികളില്‍ തുറന്നു വരുന്നത്
പോരാട്ടത്തിന്റെ വഴിയൊന്ന് മാത്രം
രോഹിത് വെമുലയുടെ കനയ്യ കുമാറിന്റെ, ഉമര്‍ ഖാലിദിന്റെ വഴി,
കാഞ്ചി വലിക്കുമ്പോള്‍ ആദ്യം ചിതറുന്നത് എന്റെ നെഞ്ചിന്‍കൂട്
ബാപ്പയ്ക്കു പിന്നാലെ വരാം, ഞാനാദ്യം നടക്കാം...
സി.കെ മുനവ്വിര്‍
ഇരിക്കൂര്‍
എനിക്കെതിരെ 'അവരുടെ തെളിവുകള്‍'
അവര്‍' എന്നെ തുറുങ്കിലടച്ചു!!എനിക്കെതിരെ
അവരുടെ തെളിവുകള്‍;
ഞാന്‍ പഠിപ്പിച്ച ക്ലാസ്മുറിയുടെ നിലം
കാവിയിട്ടതായില്ല!
എന്റെ കാഴ്ചയുടെ ഇരുട്ടിന്
ഞാന്‍ പിടിച്ചു നടന്നത്
കുറുവടിയായിരുന്നത്രെ!
ചവച്ചരച്ച് എന്റെ
ആമാശയത്തില്‍ താല്‍ക്കാലിക
വിശ്രമം കൊണ്ടത് 'അവരുടെ'
ആരാധനയുടെ
പച്ചയിറച്ചിയായിരുന്നത്രെ!
സമത്വം, നീതി എന്ന് ഞാനലറിയ
എന്റെ ശബ്ദത്തിന് ഏതോ
സൂഫി പാട്ടിന്റെ
ഈണമുണ്ടായിരുന്നത്രെ!
എന്റെ താടിക്ക്
തീവ്ര രാഷ്ട്രീയത്തിന്റെ നീളമാണത്രെ!
എന്റെ രാജ്യസ്‌നേഹത്തിന്റെ
അടിക്കുപ്പായത്തില്‍
ഐ.എസ്.ഐ അല്ല;
കാണപ്പെട്ടത്
'പാക്മുദ്ര'യാണത്രെ!!
ഒന്നറിയാം;
'അവരുടെ' തുറുങ്കിന്
എന്റെ 'പേരി'ന്റെ പൂട്ടും
'ജാതി'യുടെ
താക്കോലുമായിരുന്നു!!!
കെ. അമീന്‍ കാരകുന്ന്
ഇരുട്ടില്‍
ചൂഴ്ന്നുനില്ക്കുമിരുട്ടില്പതുങ്ങിനില്പുണ്ട്
മൂര്‍ധാവിലൊറ്റക്കൊമ്പുള്ള സത്വം!
പിളര്‍ന്ന വായില്‍
തൃശൂലം കണക്കെ
കൂര്‍ത്ത തേറ്റകള്‍ക്ക് നെടുകെ
ചോരയിറ്റുന്ന നാവ്!
കനല്‍ക്കണ്ണില്‍
കത്തുമസഹിഷ്ണുത!
പേക്കിനാവല്ല,
വിലക്കപ്പെട്ട പ്രാര്‍ഥനയുടെ
വിഛേദിതമായ കൂപ്പുകൈ!
ഇനിയൊരക്ഷരത്തിനുമിടമില്ലാതെ
ഈയ്യം തിളച്ചിറങ്ങി
അടഞ്ഞുപോയ
അധഃകൃതന്റെ ചെവി!
വിദ്യാദേവിക്ക്
ദക്ഷിണ ദലിതന്റെ ജഡം!
ഇതിനൊക്കെ പ്രതികാരം ചെയ്യാന്‍
ഇനിയേതു പിന്മുറക്കാര്‍
നിങ്ങളല്ലാതെ?
സതീശന്‍ മോറായി
കലികാലാവസ്ഥ
സംഘംസിംഹം പരമോന്നതസ്ഥാനത്തും
പുലി ഉപപീഠത്തിലും
കുറുക്കന്‍ കണക്കെഴുത്തുകാരനായും
കഴുകന്‍ കണ്ണെറിഞ്ഞും,
ആനമയിലൊട്ടകവും
മാന്‍മുയലരയന്നങ്ങളും
കാഴ്ചക്കാരായുമൊത്തുചേരുന്നിടം.
അച്ചടക്കം
നരിയും നായയും കീരിയും
അംഗങ്ങളായുള്ള കമീഷന്‍
കൊതിയും കാമവുമുള്ളിലൊതുക്കി
പല്ലും നഖവുമുപയോഗിച്ചെ
ഴുതിയ റിപ്പോര്‍ട്ട് പ്രകാരം
മാന്‍മുയല്‍മയില്‍ത്രയം
ലംഘിച്ചതായി കണ്ടെത്തപ്പെടുന്നത്.
പത്രസമ്മേളനം
കുതിരയും കഴുതയും ചേര്‍ന്ന്
ചായവും ചമയവും പൂശി,
മൈക്കിനും ക്യാമറക്കും മുന്നില്‍
ഞെളിഞ്ഞിരുന്ന്
വായില്‍ വരുന്നത്
വെളിവില്ലാതെ
വിളംബരം ചെയ്യുന്നത്.
കരിങ്കാലി
കാര്യകാരണങ്ങളുടെ
കരസ്പര്‍ശമില്ലാതെ
മുങ്ങിയും തൂങ്ങിയും വെട്ടേറ്റും
കാണപ്പെട്ട
ജീവനുകള്‍ക്ക്
ചാര്‍ത്തപ്പെടുന്ന ചാപ്പ.
ഭീകരവാദി
ഒടുവില്‍
പോസ്റ്റ്‌മോര്‍ട്ടത്തിനും
സംസ്‌കാരത്തിനും
ശവം കിട്ടാതാകുമ്പോള്‍
നല്‍കപ്പെടുന്ന നാമം.
ഫൈസല്‍ കൊച്ചി
എന്താലേ!
ഫാഷിസകാലത്ത് ചില എളുപ്പങ്ങളുണ്ട്പാസ്പോര്ട്ടില്ലാത്തവനും നാലു തവണ
പാകിസ്താനില്‍ പോയി വരാം!
റന ഗഫൂര്‍
ചേന്ദമംഗല്ലൂര്‍ എച്ച്.എസ്.എസ്
Comments