ഖുര്‍ആന്‍-ശാസ്ത്ര സംയോജനത്തിന്റെ അനിവാര്യത
മതവും ശാസ്ത്രവും പരസ്പരവിരുദ്ധമാണെന്ന കാഴ്ചപ്പാടാണ് പല മതപണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും നൂറ്റാണ്ടുകളായി പുലര്‍ത്തിപ്പോരുന്നത്. ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന പ്രകൃതിസത്യമായി ശാസ്ത്രത്തെ വിശേഷിപ്പിക്കുമ്പോള്‍, വെറും വിശ്വാസത്തിലധിഷ്ഠമായ, യുക്തിക്ക് നിരക്കാത്ത ഒരാശയമായിട്ടാണ് മതത്തെ ഭൂരിപക്ഷം ശാസ്ത്രജ്ഞരും കാണുന്നത്. ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഖുര്‍ആന്‍ ദൈവിക വെളിപാടാണെന്നു വിശ്വസിക്കുമ്പോള്‍ ശാസ്ത്രത്തെ കാണുന്നത് മനുഷ്യനിര്‍മിത വിജ്ഞാനമായാണ്. ഖുര്‍ആന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ഇരുപക്ഷക്കാരുടെയും നിലപാടുകള്‍ തെറ്റാണെന്നു മനസ്സിലാകുന്നതാണ്.
വിവരം (information), അഥവാ അറിവ് ഒന്നുകില്‍ സത്യമാവാം അല്ലെങ്കില്‍ അസത്യമാവാം. സത്യമായ അറിവിനെയാണ് ഇവിടെ 'വിജ്ഞാനം' എന്ന് വിശേഷിപ്പിക്കുന്നത്. വിജ്ഞാനത്തിനു മതത്തിന്റെയോ ശാസ്ത്രത്തിന്റെയോ അതിര്‍വരമ്പുകളില്ല. മനുഷ്യനു ഇസ്‌ലാമികമായ വിജ്ഞാനം തരുന്നത് അല്ലാഹുവാണ് (ഖുര്‍ആന്‍ 3:7). അതുപോലെ മറ്റ് ഏതു വിജ്ഞാനവും അല്ലാഹു തന്നെയാണ് തരുന്നത്. വിജ്ഞാനത്തിന്റെ ഉറവിടം അല്ലാഹുവാണെന്നും, തുഛമായ വിജ്ഞാനം മാത്രമാണ് മനുഷ്യനു നല്‍കിയിട്ടുള്ളതെന്നും (17:85), അല്ലാഹു അനുവദിക്കുന്ന അറിവല്ലാതെ മനുഷ്യനു ലഭിക്കില്ലെന്നും (2:255), അല്ലാഹുവാണ് മനുഷ്യനെ പഠിപ്പിച്ചതെന്നും (96:5) ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോള്‍ മതപരമായതും അല്ലാത്തതുമായ അറിവുകളെ വേര്‍തിരിച്ചുകാണുന്നതിന് ഇസ്‌ലാമിക വീക്ഷണത്തില്‍ ന്യായീകരണമില്ല എന്നു വ്യക്തമാകുന്നു.
ഖുര്‍ആനും ശാസ്ത്ര വിജ്ഞാനവും ഒരേ സ്രോതസ്സില്‍നിന്ന് ഉത്ഭവിക്കുന്നതുകൊണ്ടാണ് അവ പരസ്പരപൂരകമാകുന്നത്. ഇസ്‌ലാമിക ദര്‍ശനത്തെ ഖുര്‍ആന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും (5:3) മുഹമ്മദ് നബിയുടെ ജനതക്ക് അല്ലാഹു വെളിപ്പെടുത്തുന്ന സമഗ്ര വിജ്ഞാനം ഖുര്‍ആന്‍-ശാസ്ത്ര സംയോജനത്തിലൂടെയാണ് ലഭ്യമാവുക. ഖുര്‍ആനും ശാസ്ത്രവും ഒന്നിക്കുന്നതോടെയാണ് അറിവ് അതിന്റെ പൂര്‍ണതയിലെത്തുന്നത്. ഖുര്‍ആന്‍-ശാസ്ത്ര ഉദ്ഗ്രഥനത്തിലൂടെ വികസിപ്പിച്ചെടുക്കാവുന്ന സമ്പൂര്‍ണ വിജ്ഞാനത്തെ(Holistic Knowledge)യാണ് ഇസ്‌ലാമിക് സയന്‍സ് എന്ന് ഇവിടെ നാമകരണം ചെയ്തിരിക്കുന്നത്.
ദൈവമുണ്ടോ ഇല്ലയോ, പ്രപഞ്ചത്തിന് ലക്ഷ്യമുണ്ടോ ഇല്ലയോ, മനുഷ്യന്‍ ആരാണ്, അവന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്താണ്, അതോ ലക്ഷ്യമുണ്ടോ, പ്രപഞ്ചത്തിന്റെ ഭാവി എന്താണ്, മനുഷ്യന്റെ ഭാവിയെന്താണ് എന്നിങ്ങനെയുള്ള മില്യന്‍ ഡോളര്‍ ചോദ്യങ്ങള്‍ക്ക് ശാസ്ത്രപരീക്ഷണങ്ങളിലൂടെ ഉത്തരം കണ്ടെത്തുക സാധ്യമല്ല. അവയെല്ലാം ശാസ്ത്രസീമക്ക് പുറത്താണ്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അല്ലാഹു ഖുര്‍ആനിലാണ് നല്‍കിയിരിക്കുന്നത്. പക്ഷേ, ഖുര്‍ആനിലുള്ള സന്ദേശം ആധുനിക സമൂഹം വിശ്വസിക്കണമെങ്കില്‍ അതിന് ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.
ഇസ്‌ലാമിക് സയന്‍സിന്റെ അടിസ്ഥാനം
ഖുര്‍ആനാണ് ഇസ്‌ലാമിക് സയന്‍സിന്റെ അടിസ്ഥാനം. മതകാര്യങ്ങളില്‍ മാത്രം ഒതുങ്ങാതെ വൈജ്ഞാനിക മേഖലകള്‍ക്കാകമാനമായി എല്ലാ വിഷയങ്ങളെയും സംശയാതീതമായി വിലയിരുത്താനുതകുന്ന വിവരങ്ങളടങ്ങിയ സ്രോതസ്സായിരിക്കണം ഇസ്‌ലാമിക് സയന്‍സിന്റെ അടിസ്ഥാനം. അങ്ങനെയുള്ള ഒരു സ്രോതസ്സ് ലഭ്യമാണെങ്കില്‍ മാത്രമേ വൈജ്ഞാനിക മേഖലകളിലാകമാനം നേര്‍വഴിയുടെ പാത കണ്ടെത്താന്‍ സാധ്യമാവുകയുള്ളു. മുഹമ്മദ് നബിയുടെ ജനതക്കുള്ള ആ ദൈവിക സ്രോതസ്സാണ് ഖുര്‍ആന്‍. ഖുര്‍ആന്‍ അല്ലാഹുവിന്റെ വാക്കാണ്, മാറ്റം സംഭവിക്കാതെ എന്നെന്നും നിലനില്‍ക്കുന്ന സന്ദേശങ്ങളാണ് (ഖുര്‍ആന്‍ 6:114-115). എല്ലാ കാര്യങ്ങള്‍ക്കും മാര്‍ഗദര്‍ശനമായാണ് അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത് (16:89). ഖുര്‍ആന്‍ സത്യമാണ് (34:48-49; 5:48), സത്യാസത്യവിവേചന പ്രമാണമാണ് (25:1). അതായത് ഖുര്‍ആന്‍ മനുഷ്യസമൂഹത്തിനുള്ള സത്യത്തിന്റെ വിശ്വകോശഗ്രന്ഥ(ഡിശ്‌ലൃമെഹ ഞലളലൃലിരല ടമേിറമൃറ ളീൃ ഠൃൗവേ)മാണെന്ന് സാരം. ദൈവമുണ്ടെന്നും ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്നും ശാസ്ത്രീയമായി തെളിഞ്ഞാല്‍ മാത്രമേ ആധുനിക ലോകത്തിന് ഈ ഖുര്‍ആനിക വെളിപ്പെടുത്തല്‍ വിശ്വാസയോഗ്യമാകൂ. ആ വിധത്തില്‍ മനുഷ്യനെ ബോധ്യപ്പെടുത്താനുതകുന്ന ശാസ്ത്രവിവരങ്ങളും സ്രഷ്ടാവ് ഖുര്‍ആനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന വസ്തുത പ്രത്യേകം ശ്രദ്ധേയമാണ്.
ഖുര്‍ആന്‍-ശാസ്‌ത്രോദ്ഗ്രഥന പ്രക്രിയ
ഖുര്‍ആന്‍ സത്യാസത്യവിവേചന പ്രമാണമാണെന്ന അല്ലാഹുവിന്റെ പ്രഖ്യാപനം വ്യക്തമാക്കുന്നത് ഖുര്‍ആനോട് യോജിക്കാത്ത ഏതൊരാശയമോ സന്ദേശമോ (അത് ശാസ്ത്രത്തിലായാലും മതത്തിലായാലും അല്ലെങ്കില്‍ മറ്റേതു വിജ്ഞാന മേഖലയിലായാലും) സത്യമാകില്ലെന്നാണ്. ഖുര്‍ആനോട് യോജിക്കാത്ത ഏത് സന്ദേശവും വ്യാജമാണെന്നും അത് നിലനില്‍ക്കില്ലെന്നും അല്ലാഹു നമ്മെ ഉണര്‍ത്തുന്നു: ''സത്യം (ഖുര്‍ആന്‍) വന്നിരിക്കുന്നു, അസത്യം മാഞ്ഞുപോയിരിക്കുന്നു; തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു എന്ന് നീ (മുഹമ്മദ് നബി) പറയുക. സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ (മറ്റൊന്നും) വര്‍ധിപ്പിക്കുന്നില്ല'' (17:81-82). ഖുര്‍ആനെ ശാസ്ത്രത്തിലേക്ക് പ്രയോഗിച്ച് ഈ വസ്തുത ശാസ്ത്രീയമായി തെളിയിക്കാവുന്നതാണ്.
ഉദാഹരണമായി സുസ്ഥിര പ്രപഞ്ചസിദ്ധാന്തത്തെ (ടലേമറ്യ ടമേലേ ഇീാെീഹീഴ്യ) പരിഗണിക്കാം. ഈ സിദ്ധാന്തപ്രകാരം പ്രപഞ്ചം ആരംഭമില്ലാത്ത, അന്ത്യമില്ലാതെ എന്നെന്നും നിലനില്‍ക്കുന്ന വ്യവസ്ഥയാണ്. ഇത് ഖുര്‍ആനോട് യോജിക്കാത്ത ആശയമാണ്. ഈ സിദ്ധാന്തം ഇന്ന് ഏറക്കുറെ തള്ളപ്പെട്ട നിലയിലാണ്. പകരം പ്രപഞ്ചത്തിന് ആരംഭമുണ്ടായിരുന്നെന്നും (സൃഷ്ടിക്കപ്പെട്ടതാണെന്ന് വിവക്ഷ), അത് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും സ്ഥിരീകരിക്കുന്ന, ഖുര്‍ആനോട് യോജിക്കുന്ന മഹാവിസ്‌ഫോടന സിദ്ധാന്തം ശാസ്ത്രത്തില്‍ സ്വീകരിക്കപ്പെട്ടിരിക്കുകയുമാണ്. ഖുര്‍ആനോട് യോജിക്കാത്ത ഡാര്‍വിന്റെ ജൈവപരിണാമ സിദ്ധാന്തത്തിന്റെ അവസ്ഥയും ഏതാണ്ട് സുസ്ഥിര പ്രപഞ്ചസിദ്ധാന്തത്തിന്റേതു പോലെയാണ്.
ജീവശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ തന്മാത്രാ ജീന്‍ ഖുര്‍ആനോട് യോജിക്കാത്തതാണ്. ഈ സിദ്ധാന്തം തെറ്റാണെന്ന് ഖുര്‍ആന്റെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ സ്ഥാപിച്ചും, ജീവശാസ്ത്രത്തില്‍ മനസ്സിലാകാതെ ഇന്നും നില്‍ക്കുന്ന ജീവപ്രതിഭാസത്തെ ഖുര്‍ആന്റെയും കമ്പ്യൂട്ടര്‍ മാതൃകയുടെയും വെളിച്ചത്തില്‍ വിശദീകരിച്ചുമുള്ള എന്റെ രണ്ട് പ്രബന്ധങ്ങള്‍ അമേരിക്കയിലെ രണ്ട് ശാസ്ത്ര ജേര്‍ണലുകള്‍ പ്രസിദ്ധീകരിച്ചെങ്കിലും മാസങ്ങള്‍ക്കുശേഷം നാസ്തിക ലോബിയുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ജേര്‍ണലുകളില്‍നിന്ന് പിന്‍വലിക്കപ്പെട്ടു. മതസന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് കാരണമായി അവര്‍ പറഞ്ഞത്. ഇവിടെ സ്ഥാപിക്കുന്നത് ഖുര്‍ആനോട് യോജിക്കാത്ത സിദ്ധാന്തങ്ങള്‍ തെറ്റായിരിക്കുമെന്നും അത്തരം സിദ്ധാന്തങ്ങള്‍ മുസ്‌ലിം സമുദായം തള്ളിക്കളയണമെന്നുമാണ്. ഖുര്‍ആന്‍ കൊണ്ട് ഫലത്തില്‍ ശാസ്ത്രത്തെ ശുദ്ധീകരിക്കുകയാണ്. അതില്‍നിന്ന് ഉടലെടുക്കുന്നത് സത്യമായ വൈജ്ഞാനിക മേഖലയായിരിക്കും.
ആധുനിക ശാസ്ത്രത്തെ ഖുര്‍ആനിക സന്ദേശങ്ങള്‍കൊണ്ട് മാറ്റുരച്ചാല്‍ ശാസ്ത്രത്തില്‍ ചേക്കേറിയിരിക്കുന്ന നാസ്തിക ചിന്തയിലധിഷ്ഠിതമായ വ്യാജസിദ്ധാന്തങ്ങളെ അകറ്റിനിര്‍ത്താനും തദ്വാരാ വിജ്ഞാനത്തെ വിശുദ്ധീകരിക്കാനും അതിന്റെ അടിത്തറയായ തൗഹീദിനെ പരിരക്ഷിക്കാനും ഇസ്‌ലാമിക് സയന്‍സിനു കഴിയും. മനുഷ്യന്റെ മറ്റേതു പ്രവര്‍ത്തനമണ്ഡലവും പോലെ ശാസ്ത്രവും സാത്താന്റെ സ്വാധീന വലയത്തിലകപ്പെട്ടതാണ്. സാത്താന്റെ സ്വാധീന ഫലമായാണ് നാസ്തിക സിദ്ധാന്തങ്ങള്‍ ശാസ്ത്രത്തില്‍ നുഴഞ്ഞുകയറാനിടവന്നത്. ഇത്തരം സിദ്ധാന്തങ്ങള്‍ വിവാദവിഷയമായി തുടരുകയോ കാലക്രമേണ തള്ളപ്പെടുകയോ ചെയ്യുന്നതായാണ് ശാസ്ത്രചരിത്രത്തില്‍ കാണാന്‍ കഴിയുക.
ഖുര്‍ആന്‍ ശാസ്ത്രത്തിലേക്ക് പ്രയോഗിക്കുന്നതുപോലെ ശാസ്ത്രം ഖുര്‍ആനിലേക്ക് പ്രയോഗിക്കേണ്ടതും ആവശ്യമാണ്. ഖുര്‍ആനിലെ മതപരമായതും അല്ലാത്തതുമായ പല സന്ദേശങ്ങളും ശാസ്ത്രത്തിന്റെ സഹായമില്ലാതെ മനസ്സിലാക്കാന്‍ സാധ്യമല്ലെന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. റൂഹ് (ആത്മാവ്), ശൈത്വാന്‍, ഖല്‍ബ്, സ്വദ്ര്‍ എന്നിവ എന്താണെന്ന് പണ്ഡിതന്മാര്‍ക്ക് വ്യക്തമല്ല. അതുപോലെ ഇബ്‌ലീസും ശൈത്വാനും ഒന്നാണോ അതോ വ്യത്യസ്തമാണോ, ജിബ്‌രീല്‍ മലക്കാണോ അതോ റൂഹാണോ എന്നും വ്യക്തമല്ല. അറബിഭാഷാ വിജ്ഞാനം കൊണ്ട് മാത്രം ഇവയൊക്കെ മനസ്സിലാകില്ലെന്ന് സാരം.
മനുഷ്യ-പ്രപഞ്ച വ്യവസ്ഥകളെ സംബന്ധിച്ച ധാരാളം വിവരങ്ങളും ഖുര്‍ആന്‍ നല്‍കുന്നുണ്ട്. അവയില്‍ ചിലത് താഴെ കൊടുക്കുന്നു:
* മനുഷ്യ-പ്രപഞ്ച സൃഷ്ടിയുടെ ദൈവികോദ്ദേശ്യം
* സൃഷ്ടിപ്രക്രിയ
* പ്രപഞ്ചം അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ (പ്രോഗ്രാം) അനുസരിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന (കമ്പ്യൂട്ടര്‍) വ്യവസ്ഥ
* ജീവന്‍-മരണ പ്രതിഭാസങ്ങളും ആത്മാവും
* മനുഷ്യന്‍ അല്ലാഹുവിന്റെ ബുദ്ധിയുള്ള, ബോധമുള്ള, തീരുമാനസ്വാതന്ത്ര്യമുള്ള ദാസന്‍ (റോബോട്ട്)
* പ്രപഞ്ചം മനുഷ്യറോബോട്ടിനെ പരീക്ഷിക്കാനായുള്ള അടിസ്ഥാന സൗകര്യം
* ഭൂമി മനുഷ്യ പരീക്ഷണശാല
* പ്രപഞ്ച ഭരണസംവിധാനം
* ആദമിന്റെ നഫ്‌സ് മനുഷ്യസ്പീഷീസിന്റെ ജൈവവിവര സ്രോതസ്സ്
* പ്രപഞ്ചത്തിന്റെ അന്ത്യവും പുനഃസൃഷ്ടിയും
* മനുഷ്യറോബോട്ടിന്റെ പുനഃസൃഷ്ടി
ശാസ്ത്രത്തിന്റെ സഹായത്തോടെ ഇവയെല്ലാം മനസ്സിലാക്കാനും വിശദീകരിക്കാനും സാധിക്കുന്നു.
ഏതൊരു വസ്തുവെയും അതെന്ത് ഉദ്ദേശ്യത്തോടുകൂടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നറിയാതെ അര്‍ഥവത്തായി പഠിക്കാനോ വിലയിരുത്താനോ സാധിക്കുകയില്ല. യാതൊരു ഉദ്ദേശ്യവുമില്ലാതെ സ്വയംഭൂവായുണ്ടായി അനിശ്ചിതത്വത്തില്‍ തുടരുന്ന പ്രതിഭാസമായാണ് മനുഷ്യനെയും പ്രപഞ്ചത്തെയും ശാസ്ത്രസമൂഹം വിലയിരുത്തുന്നതും വിശദീകരിക്കുന്നതും. നാസ്തിക ശാസ്ത്രജ്ഞരുടെ ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ശാസ്ത്രം വളരുന്നത്. ഖുര്‍ആന്‍ മാത്രമാണ് ഈ ആശയം തെറ്റാണെന്ന് സമര്‍ഥിക്കുന്നത്. ഒരു മഹാലക്ഷ്യം മുന്നില്‍ വെച്ചുകൊണ്ട് ബൃഹത്തായ ഒരു പദ്ധതിയുടെ അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്ത് സൃഷ്ടിക്കപ്പെട്ട മഹാവ്യവസ്ഥകളാണ് മനുഷ്യനും പ്രപഞ്ചവും. മനുഷ്യനും പ്രപഞ്ചവും ഉദ്ദേശ്യത്തോടെ സൃഷ്ടിക്കപ്പെട്ടവയാവുകയും, അവയുടെ ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ അവയെ വിലയിരുത്തുകയും വിശദീകരിക്കുകയും ചെയ്യുമ്പോള്‍ ശാസ്ത്രം നമ്മെ തെറ്റായ ദിശയിലേക്കാണ് നയിക്കുക.
ഇസ്‌ലാമിക് സയന്‍സിന്റെ അനിവാര്യത
പ്രപഞ്ചത്തെ സൃഷ്ടിച്ചത് മനുഷ്യനെ പരീക്ഷിക്കാനുള്ള താല്‍ക്കാലിക സംവിധാനമായാണ്. അല്ലാഹുവിന്റെ കല്‍പനകളനുസരിച്ച് ജീവിക്കുന്നുണ്ടോ എന്നാണ് മനുഷ്യന്‍ പരീക്ഷിക്കപ്പെടുന്നത്. മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയായി, ദാസനായി എന്നെന്നും ജീവിക്കുന്നത് ഈ പ്രപഞ്ചാവസാനത്തെ തുടര്‍ന്ന് സൃഷ്ടിക്കപ്പെടുന്ന അനശ്വര പ്രപഞ്ചത്തിന്റെ ഭൂമിയിലായിരിക്കും (ഖുര്‍ആന്‍ 14:48, 21:105). അതിനെയാണ് നാം സ്വര്‍ഗമെന്ന് വിളിക്കുന്നത് (ഖുര്‍ആന്‍ 89:27-30). ആ സ്വര്‍ഗഭൂമിയില്‍ അല്ലാഹുവിന്റെ ദാസന്മാരാകാന്‍ അര്‍ഹതയുള്ളവരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ് ദൈവിക ലബോറട്ടറിയായ ഈ താല്‍ക്കാലിക പ്രപഞ്ചത്തില്‍ നടക്കുന്നത്.
മനുഷ്യ-പ്രപഞ്ച വ്യവസ്ഥകളെയും അവ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യത്തെയും സംബന്ധിച്ച ഖുര്‍ആനിക വെളിപാടുകള്‍ പ്രകൃതി യാഥാര്‍ഥ്യങ്ങളുമായി പൊരുത്തമുള്ളതാണോ എന്ന് ശാസ്ത്രീയമായി പരിശോധിക്കുമ്പോള്‍ ഖുര്‍ആന്‍ സത്യമാണെന്ന ചിത്രം തെളിയുന്നു. ശാസ്ത്രത്തിലൂടെ നല്‍കപ്പെടുന്ന അറിവ് പ്രകൃതിയില്‍ അല്ലാഹു നല്‍കിയിരിക്കുന്ന വിഭവങ്ങളെ മനുഷ്യന് പ്രയോജനപ്പെടുത്താനുള്ള സാങ്കേതികജ്ഞാനവും, പ്രപഞ്ചത്തെ പഠിക്കാനും അതിലുള്ള ദൃഷ്ടാന്തങ്ങളിലൂടെ സ്രഷ്ടാവായ അല്ലാഹുവിനെ മനസ്സിലാക്കാനും കൂടിയാണ്.
ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന പ്രപഞ്ച രഹസ്യങ്ങളെല്ലാം തന്നെ നബി(സ)യുടെ കാലത്തും ആധുനിക ശാസ്ത്രയുഗത്തിനു മുമ്പുള്ള കാലഘട്ടത്തിലും മനസ്സിലാകുമായിരുന്നില്ല. ഖുര്‍ആനില്‍ അത്തരം വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പിന്നീട് വരുന്ന തലമുറകള്‍ക്ക് ദൈവമുണ്ടെന്നും ഖുര്‍ആന്‍ സത്യമാണെന്നും ശാസ്ത്രീയമായി തെളിയിച്ചുകൊടുക്കാനാണ്. ആധുനിക ശാസ്ത്രത്തിന്റെ വരവോടെ ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന പ്രപഞ്ച രഹസ്യങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നിട്ടും വിശ്വസിച്ചില്ലെങ്കില്‍ ഈ ഖുര്‍ആന്‍ സത്യമാണെന്ന് ബോധ്യമാകുന്നതുവരെ തെളിവുകള്‍ നല്‍കുമെന്ന് അല്ലാഹു മനുഷ്യനോട് പ്രഖ്യാപിക്കുന്നു (ഖുര്‍ആന്‍ 41:53).
ശാസ്ത്രാടിസ്ഥാനത്തില്‍ മാത്രം വിശ്വസിക്കുന്ന ആധുനിക ശാസ്ത്രയുഗത്തിലെ ജനങ്ങളോട് അദൃശ്യ ദൈവത്തിലും ഖുര്‍ആനിലും അന്ധമായി വിശ്വസിക്കാനല്ല അല്ലാഹു കല്‍പിക്കുന്നത്; ശാസ്ത്രതെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വയം ബോധ്യപ്പെട്ട് വിശ്വസിക്കാനാണ്. ഇത് ഇസ്‌ലാമിന് മാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണ്. ശാസ്ത്രം വളരുന്തോറും ഖുര്‍ആനിക വെളിപ്പെടുത്തലുകളെ കൂടുതല്‍ നന്നായി മനസ്സിലാക്കാനും നമുക്ക് സാധിക്കും. ഇതെല്ലാം തന്നെ ദൈവുമുണ്ടെന്ന സത്യത്തെ ശാസ്ത്രീയമായി സ്ഥിരീകരിക്കുകയാണ്.
ആധുനിക ശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തിനു നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പ്രകൃതിപ്രതിഭാസങ്ങളെ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഖുര്‍ആനില്‍ ഉണ്ടായിട്ടും മത പണ്ഡിതന്മാരോ മുസ്‌ലിം ശാസ്ത്രജ്ഞരോ ആ സന്ദേശങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുത്തില്ലെന്നുള്ളത് ഖേദകരമാണ്. ആധുനിക ശാസ്ത്രം ആ പ്രതിഭാസങ്ങളെ കണ്ടെത്തിയതോടെയാണ് മുസ്‌ലിംകള്‍ ആ സന്ദേശങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ തുടങ്ങിയത്. ഇതിവിടെ ഉന്നയിക്കാനുള്ള കാരണം ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ലാത്ത പ്രപഞ്ച വസ്തുതകള്‍ ഖുര്‍ആനിലുണ്ടെന്നും, ശാസ്ത്രം കണ്ടുപിടിക്കാതെ തന്നെ അവയില്‍ വിശ്വസിക്കണമെന്നും സൂചിപ്പിക്കാനാണ്. കൂടാതെ ശാസ്ത്രത്തോടുള്ള കാഴ്ചപ്പാടും സമീപനവും മാറേണ്ടിയിരിക്കുന്നു. ഖുര്‍ആന്‍ പോലെ തന്നെ ദൈവികമാണ് ശാസ്ത്രവും (ഖുര്‍ആന്‍ 3:7, 17:85, 2:255, 96:5). നബിമാരിലൂടെ പല കാലങ്ങളില്‍ മതകാര്യങ്ങള്‍ വെളിപ്പെടുത്തിയതുപോലെ ശാസ്ത്രവിജ്ഞാനവും പല കാലഘട്ടങ്ങളിലായി ശാസ്ത്രജ്ഞന്മാരിലൂടെ അല്ലാഹുവാണ് വെളിപ്പെടുത്തുന്നത്. ശാസ്ത്രം മനുഷ്യന്റെ സൃഷ്ടിയല്ലെന്നും, കണ്ടുപിടിത്തങ്ങളില്‍ ആശ്ചര്യം കൂറുന്നതിനു പകരം ഖുര്‍ആനും ശാസ്ത്രവും ഒരേ സ്രോതസ്സില്‍നിന്ന് ഉത്ഭവിക്കുന്നതുകൊണ്ടാണ് അവ പരസ്പരപൂരകമാകുന്നതെന്നുമുള്ള തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്.
പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാട് സ്രഷ്ടാവായ അല്ലാഹു അവന്റെ ഗ്രന്ഥമായ ഖുര്‍ആനില്‍ വെളിപ്പെടുത്തിയതായിരിക്കണം. അതാണ് സത്യമായ അറിവ്. ഖുര്‍ആനിനെ ദൈവിക ലെന്‍സായി കാണാവുന്നതാണ്. അതിലൂടെ പ്രപഞ്ചത്തെയും മനുഷ്യനെയും വീക്ഷിക്കുമ്പോള്‍ ലഭിക്കുന്നതാണ് യഥാര്‍ഥ ചിത്രം. അല്ലാഹു നല്‍കിയ ശാസ്ത്രവിജ്ഞാനത്തിന്റെ സഹായത്തോടെ ആധുനിക ലോകത്തിന് ആ കാഴ്ചപ്പാടാണ് സത്യമെന്ന് ബോധ്യമാവുകയും ചെയ്യും.
ശാസ്ത്രത്തോടുള്ള നമ്മുടെ വിശ്വാസത്തിന്റെ അടിത്തറ ശാസ്ത്രം സംഭാവന ചെയ്യുന്ന ഉപകാരപ്രദമായ ടെക്‌നോളജിയാണ്. ടെക്‌നോളജി ശാസ്ത്രവിജ്ഞാനത്തിന്റെ ഉല്‍പന്നമാകുമ്പോള്‍ ശാസ്ത്രത്തിന്റെ സാധുതയെയും വിശ്വാസ്യതയെയുമാണ് അത് തെളിയിക്കുന്നത്. ശാസ്ത്ര വികാസത്തിന്റെ ഫലമായി വളരെ സങ്കീര്‍ണങ്ങളായ സാങ്കേതിക വിദ്യകള്‍ ഇന്ന് ലഭ്യമാണ്. നമ്മുടെ ജീവിതാവശ്യങ്ങള്‍ക്ക് അവ എത്രമാത്രം പ്രയോജനപ്പെടുന്നു എന്ന് പറയേണ്ടതില്ല. അതുപോലെ ശാസ്ത്രത്തിലുള്ള നമ്മുടെ വിശ്വാസവും അഗാധമാണ്. തല്‍ഫലമായി ശാസ്ത്ര പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവരുന്ന ഏത് വിവരവും യുക്തിഭദ്രവും വസ്തുനിഷ്ഠവുമായിരിക്കുമെന്ന ധാരണ നമ്മില്‍ ഉടലെടുത്തു. ഇത് മുതലെടുത്തുകൊണ്ട് ചില സിദ്ധാന്തങ്ങളുടെ ബലത്തില്‍ നിരീശ്വരവാദികള്‍ മതം അന്ധമായ വിശ്വാസമാണെന്നും യുക്തിക്ക് നിരക്കാത്ത ആശയമാണെന്നും പ്രചരിപ്പിക്കുകയായിരുന്നു. ശാസ്ത്രത്തോടുള്ള ഇസ്‌ലാമിക പണ്ഡിതന്മാരുടെ നിഷേധാത്മക സമീപനം ഈ തെറ്റായ ധാരണ ജനമനസ്സുകളില്‍ സ്ഥലം പിടിക്കാന്‍ പരോക്ഷമായെങ്കിലും സഹായകമാകുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ ദൈവവിശ്വാസത്തെ ഉന്മൂലനം ചെയ്യാനുതകുന്ന ഏറ്റവും ഫലവത്തായ രീതി നിരീശ്വരവാദത്തിലധിഷ്ഠിതമായ അശാസ്ത്രീയ സിദ്ധാന്തങ്ങളെ ശാസ്ത്രമാണെന്ന വ്യാജേന ജനങ്ങള്‍ക്കിടയില്‍ വിശ്വാസയോഗ്യമാക്കുകയെന്നതാണ്. നാസ്തികലോബി നടപ്പിലാക്കുന്ന ഈ പദ്ധതിയും അതിലടങ്ങിയിരിക്കുന്ന ഒളിയജണ്ടയും മുസ്‌ലിംകള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഈശ്വരവിശ്വാസമുള്ളവര്‍ ശാസ്ത്രജ്ഞന്മാരിലുണ്ടെങ്കിലും ഭൂരിപക്ഷം ശാസ്ത്രജ്ഞരും അവിശ്വാസികളാണ്. നാസ്തിക ശാസ്ത്രജ്ഞരുടെ കൈകളിലാണ് ശാസ്ത്രത്തിന്റെ നിയന്ത്രണം. അവരുടെ ശക്തമായ സ്വാധീനവും, ശാസ്ത്ര മാധ്യമങ്ങളിലുള്ള ആധിപത്യവും സാമ്പത്തികശേഷിയും ഈ പദ്ധതി നടപ്പാക്കുന്നതില്‍ ഏറെ സഹായിക്കുന്നു. ശാസ്ത്ര അക്കാദമികള്‍ ഏതെങ്കിലും ഒരു പ്രത്യേക മതത്തോട് വിദ്വേഷം പുലര്‍ത്തുകയല്ല ചെയ്യുന്നത്, മറിച്ച് മതത്തിന്റെ അടിത്തറയായ ഈശ്വരവിശ്വാസത്തിനെതിരെയാണ് അവ നിലകൊള്ളുന്നത്. ബ്രിട്ടന്റെ റോയല്‍ സൊസൈറ്റി സൃഷ്ടി വാദത്തെ (Creationism) ശാസ്ത്രീയടിത്തറയില്ലാത്ത ആശയമായാണ് കാണുന്നത്. അക്കാരണം കൊണ്ടുതന്നെ അത് ശാസ്ത്ര പാഠ്യപദ്ധതിയുടെ ഭാഗമാകരുതെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു. അമേരിക്കയിലെ നാഷ്‌നല്‍ അക്കാദമി ഓഫ് സയന്‍സ് 1981 ല്‍ പുറപ്പെടുവിച്ച പ്രമേയം മതത്തെയും ശാസ്ത്രത്തെയും വിലയിരുത്തിയത് ഇങ്ങനെയാണ്: ''മതവും ശാസ്ത്രവും മനുഷ്യചിന്തയുടെ വ്യത്യസ്തങ്ങളായ മേഖലകളാണ്. ഒരേ സന്ദര്‍ഭത്തിലുള്ള അവയുടെ അവതരണം ശാസ്ത്രസിദ്ധാന്തങ്ങളെയും മതവിശ്വാസത്തെയും തെറ്റിദ്ധരിപ്പിക്കുകയേയുള്ളു.'' കൂടാതെ അറുപത്തേഴു രാഷ്ട്രങ്ങളിലെ ശാസ്ത്ര അക്കാദമികള്‍, ഇന്റര്‍ അക്കാദമി പാനല്‍ ഓണ്‍ ഇന്റര്‍നാഷ്‌നല്‍ ഇഷ്യൂസ് എന്ന സംയുക്ത ബാനറില്‍ പുറപ്പെടുവിച്ച പ്രസ്താവനയും മറ്റൊന്നായിരുന്നില്ല: ''വേദഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ജീവശാസ്ത്രപഠനം ഇളം മനസ്സുകളെ വികൃതമാക്കാനേ സഹായിക്കുകയുള്ളു.''
ആധുനിക ശാസ്ത്രസമൂഹത്തിന്റെ ഒളിയജണ്ട മനസ്സിലാക്കി സാങ്കേതികവിദ്യ ഒഴിച്ചുള്ള ശാസ്ത്ര സാഹിത്യത്തെ ഖുര്‍ആന്റെ വെളിച്ചത്തില്‍ വിലയിരുത്തി, ഖുര്‍ആനോട് യോജിക്കാത്ത ശാസ്ത്രവിവരത്തെ മുസ്‌ലിംലോകം തള്ളിക്കളയേണ്ടിയിരിക്കുന്നു. ഖുര്‍ആന്റെ ചട്ടക്കൂട്ടില്‍നിന്നുകൊണ്ട് മനുഷ്യ-പ്രപഞ്ച സൃഷ്ടിയുടെ ദൈവികോദ്ദേശ്യത്തിന്റെയും ദൗത്യത്തിന്റെയും അടിസ്ഥാനത്തില്‍ ഖുര്‍ആനും ശാസ്ത്രവും സമന്വയിപ്പിച്ചുകൊണ്ട് ഇസ്‌ലാമിക് സയന്‍സിനെ വാര്‍ത്തെടുക്കേണ്ടിയിരിക്കുന്നു. അത് മുസ്‌ലിം സമുദായത്തിന്റെ ബാധ്യതയാണ്.
ഖുര്‍ആന്‍ സൂക്തങ്ങളെ യൂക്തിപൂര്‍വം ധിഷണക്ക് ബോധ്യപ്പെടുന്ന വിധത്തില്‍ വിശദീകരിക്കാനും പ്രപഞ്ചത്തെ ആഴത്തിലറിയാനും മനുഷ്യ-പ്രപഞ്ച ലക്ഷ്യങ്ങളെക്കുറിച്ചുള്ള സത്യാവബോധം വളര്‍ത്തിയെടുക്കാനും അല്ലാഹു മനുഷ്യന് നല്‍കിയ മൊത്തം വിജ്ഞാനം ലഭ്യമാകാനും ഖുര്‍ആനും ശാസ്ത്രവും കൂടിച്ചേരേണ്ടത് അനിവാര്യമാകുന്നു. ശാസ്ത്രം കൊണ്ടോ ഖുര്‍ആന്‍ കൊണ്ടോ നമുക്ക് പ്രപഞ്ചത്തെയും സൃഷ്ടിപ്പിന്റെ ഉദ്ദേശ്യങ്ങളെയും പൂര്‍ണമായി മനസ്സിലാകില്ല. എന്നാല്‍ ഈ രണ്ട് അറിവുകളുടെ സംയോജനത്തില്‍നിന്ന് ഉടലെടുക്കുന്ന ഇസ്‌ലാമിക് സയന്‍സിന് അതു സാധിക്കും. ഖുര്‍ആനും ശാസ്ത്രവും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയാണ്. ഈ രണ്ടു മേഖലകള്‍ ഒന്നിക്കുമ്പോള്‍ മാത്രമേ മനുഷ്യന്‍ കൈവരിക്കുന്ന വിജ്ഞാനത്തിന് പൂര്‍ണത ലഭിക്കൂ. ഇത് യാഥാര്‍ഥ്യമാക്കാന്‍ വിവിധ ശാസ്ത്രമേഖലകളില്‍ വൈദഗ്ധ്യമുള്ള ശാസ്ത്രജ്ഞന്മാരും ഖുര്‍ആന്‍ പണ്ഡിതന്മാരും കൈകോര്‍ക്കേണ്ടിയിരിക്കുന്നു.
Comments