Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 11

2942

1437 ജമാദുല്‍ ആഖിര്‍ 02

ജൂതന്റെ നീതിക്കുവേണ്ടി ഒമ്പത് ഖുര്‍ആന്‍ സൂക്തങ്ങള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്

കോഴിക്കോട്ട് ഫുട്‌ബോള്‍ മത്സരം നടക്കുകയാണ്. കാസര്‍കോട്ടെയും തിരുവനന്തപുരത്തെയും ടീമുകള്‍ തമ്മിലാണ് മത്സരം. കളിയില്‍ അതീവ താല്‍പര്യമുള്ളവരാണല്ലോ ഇത് കാണാന്‍ തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടുനിന്നും കോഴിക്കോട്ടെത്തുക. എന്നാല്‍ മത്സരം ആരംഭിക്കുന്നതോടെ കളിയോടുള്ള താല്‍പര്യവും സ്‌നേഹവും മറക്കുന്നു. ഓരോരുത്തരും തങ്ങളുടെ ജില്ലക്കാരെ പിന്തുണക്കുന്നു. അവര്‍ ഫൗള്‍ ചെയ്താലും അതിനെ ന്യായീകരിക്കുന്നു. അവര്‍ക്കുവേണ്ടി വാദിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്നു.

മദ്യഷാപ്പില്‍ വെച്ച് മൂക്കറ്റം കുടിച്ച് ഹിന്ദുവും മുസ്‌ലിമും ശണ്ഠ കൂടുന്നു. സംഭവം അടിപിടിയിലും ആക്രമണത്തിലും കലാശിക്കുന്നു. സാധാരണഗതിയില്‍ ആരുടെ ഭാഗത്താണ് തെറ്റും കുറ്റവുമെന്നു പോലും അന്വേഷിക്കാതെ മുസ്‌ലിംകള്‍ മുസ്‌ലിമിനെയും ഹിന്ദുക്കള്‍ ഹിന്ദുവിനെയും പിന്തുണക്കുന്നു.

കുടുംബം, ഗോത്രം, പ്രദേശം, ദേശം, ഭാഷ, ജാതി, സമുദായം, ലിംഗം, തൊഴില്‍ തുടങ്ങിയവയെല്ലാം മനുഷ്യര്‍ക്കിടയിലെ സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും അടിസ്ഥാനമാകാറുണ്ട്. അത് തീര്‍ത്തും സ്വാഭാവികമാണ്. പ്രകൃതിപരവും. ഒരാള്‍ സ്വന്തം വീട്ടുകാരെയും നാട്ടുകാരെയും ദേശക്കാരെയും ഭാഷക്കാരെയും സമുദായക്കാരെയും കുടുംബക്കാരെയും മറ്റുള്ളവരേക്കാള്‍ സ്‌നേഹിക്കുന്നതിലും അടുപ്പം കാണിക്കുന്നതിലും ഒട്ടും അസ്വാഭാവികതയില്ല. അതില്‍ തെറ്റോ കുറ്റമോ ആരോപിക്കാവതുമല്ല.

എന്നാല്‍ ശരിയുടെയും തെറ്റിന്റെയും നന്മയുടെയും തിന്മയുടെയും പിന്തുണക്കലിന്റെയും എതിര്‍ക്കലിന്റെയും നീതിയുടെയും അനീതിയുടെയും മാനദണ്ഡം ഇതൊന്നുമാകാവതല്ലെന്ന് ഇസ്‌ലാം കണിശമായി നിഷ്‌കര്‍ഷിക്കുന്നു. നീതിനിഷേധത്തിന് ഏറ്റം കൂടുതല്‍ കാരണമാവുക സ്വന്തത്തോടും സ്വന്തക്കാരോടുമുള്ള അടുപ്പവും സ്‌നേഹവുമാണ്. അപ്രകാരം തന്നെ ശത്രുക്കളോടുള്ള വെറുപ്പും വിദ്വേഷവും. അതുകൊണ്ടുതന്നെ നീതിയുടെ നടത്തിപ്പുകാരാകാന്‍ കല്‍പിക്കുന്ന ഖുര്‍ആന്‍ ഇത് രണ്ടും അതിന് തടസ്സമാകരുതെന്ന് ശക്തമായി ഊന്നിപ്പറയുന്നു:

''വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നടത്തി അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്ന് നോക്കേണ്ടതില്ല. ഇരു കൂട്ടരോടും കൂടുതല്‍ അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍നിന്ന് തെന്നിമാറുകയോ അരുത്. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മായി അറിയുന്നവനാണ് അല്ലാഹു'' (4:135).

''വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നേരാംവണ്ണം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്കു ചേര്‍ന്നത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഉറപ്പായും നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു'' (5:8).

പ്രവാചകന്റെ കാലത്തുതന്നെ കുടുംബപരവും സാമുദായികവുമായ പക്ഷപാതിത്വത്തിന്റെ ലാഞ്ഛനകള്‍ ഉണ്ടായപ്പോള്‍, ഖുര്‍ആന്‍ ശക്തമായി ഇടപെടുകയും കര്‍ക്കശമായ സമീപനം സ്വീകരിക്കുകയും ചെയ്തിരുന്നു. അന്‍സ്വാറുകളില്‍പെട്ട ത്വഅ്മത്തുബ്‌നു ഉബൈറഖ് എന്നയാള്‍ ഖതാദത്തുബ്‌നു നുഅ്മാന്റെ പിതൃവ്യന്‍ രിഫാഅയുടെ പടയങ്കി മോഷ്ടിച്ചു. പടയങ്കിയുടെ ഉടമ പ്രവാചകസന്നിധിയില്‍ വന്ന് ത്വഅ്മത്തിനെതിരെ പരാതി പറഞ്ഞു. വിവരമറിഞ്ഞ മോഷ്ടാവ് പടയങ്കി സൈദുബ്‌നു സമീന്‍ എന്ന ജൂതന്റെ വീട്ടില്‍ കൊണ്ടിട്ടു. എന്നിട്ട് അയാള്‍ തന്റെ കുടുംബക്കാരോട് പടയങ്കി ജൂതന്റെ വീട്ടില്‍നിന്ന് കണ്ടെടുക്കാനും നബി(സ)യെ സമീപിച്ച് ജൂതന്റെ മേല്‍ കുറ്റം ചുമത്താനും ആവശ്യപ്പെട്ടു. അവരങ്ങനെ ചെയ്തു. പടയങ്കി ജൂതന്റെ വീട്ടില്‍നിന്ന് കണ്ടെടുക്കപ്പെട്ട സാഹചര്യത്തില്‍ പ്രവാചകന്‍ ഇബ്‌നു ഉബൈറഖിനെ കുറ്റമുക്തനാക്കി.

ജൂതസമൂഹം പ്രവാചകനോടും അനുചരന്മാരോടും ശത്രുതാപരമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. മുസ്‌ലിംകള്‍ക്കെതിരെ കുത്തുവാക്കുകള്‍ പ്രയോഗിക്കലും ക്രൂരമായി പരിഹസിക്കലും സാധാരണമായിരുന്നു. ഇസ്‌ലാമിന്റെ എതിരാളികളായ ബഹുദൈവ വിശ്വാസികളോടും കപട വിശ്വാസികളോടും അടുത്ത ബന്ധം പുലര്‍ത്തുകയും മുസ്‌ലിംകള്‍ക്കെതിരായ സമീപനം സ്വീകരിക്കാന്‍ അവരെ നിരന്തരം പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇങ്ങനെ ഇസ്‌ലാമിനെയും ഇസ്‌ലാമിക സമൂഹത്തെയും സര്‍വവിധേനയും പ്രയാസപ്പെടുത്തിക്കൊണ്ടിരുന്നവരായിരുന്നു അക്കാലത്തെ മദീനയിലെ ജൂതസമൂഹം.

മറുഭാഗത്ത് പ്രവാചകനും മക്കയില്‍നിന്നെത്തിയ അനുയായികള്‍ക്കും എല്ലാവിധ സൗകര്യവുമൊരുക്കിക്കൊടുത്തത് അന്‍സ്വാറുകളാണ്. അവരില്‍പെട്ട ഒരാളാണ് മോഷ്ടാവ്. പ്രത്യക്ഷത്തില്‍ അയാള്‍ കുറ്റമുക്തനാക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും ഇസ്‌ലാമിന്റെ കൊടിയ ശത്രു വിഭാഗമായ ജൂതന്മാരില്‍പെട്ട ഒരാള്‍ക്കു വേണ്ടി അല്ലാഹു ഇടപെടുന്നു. അയാളുടെ നിരപരാധിത്വം തെളിയിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആനില്‍ ഒമ്പത് സൂക്തങ്ങള്‍ അവതീര്‍ണമാകുന്നു. അതും നമസ്‌കാരത്തിന്റെ റക്അത്തുകളുടെ എണ്ണമോ സുജൂദിന്റെയും റുകൂഇന്റെയും രൂപമോ ഉള്‍പ്പെടെ അതിപ്രധാനമായ ആരാധനകളുടെ വിശദാംശങ്ങളൊന്നുമില്ലാത്ത ഖുര്‍ആനില്‍. 

അല്ലാഹു പറയുന്നു: ''നാം നിനക്ക് സത്യസന്ദേശവുമായി ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധികല്‍പിക്കാന്‍ വേണ്ടിയാണിത്. നീ ചതിയന്മാര്‍ക്കു വേണ്ടി വാദിക്കുന്നവനാകരുത്.

അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ; തീര്‍ച്ച.

ആത്മവഞ്ചന നടത്തുന്നവര്‍ക്കു വേണ്ടി നീ വാദിക്കരുത്. കൊടും വഞ്ചകനും പെരും പാപിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.

അവര്‍ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കുന്നു. എന്നാല്‍ അല്ലാഹുവില്‍നിന്ന് മറച്ചുവെക്കാന്‍ അവര്‍ക്കാവില്ല. അല്ലാഹുവിന് ഇഷ്ടപ്പെടാത്ത സംസാരത്തിലൂടെ രാത്രിയിലവര്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോഴും അവന്‍ അവരോടൊപ്പമുണ്ട്. അവര്‍ ചെയ്യുന്നതൊക്കെ സൂക്ഷ്മായി അറിയുന്നവനാണ് അല്ലാഹു.

ഐഹിക ജീവിതത്തില്‍ അവര്‍ക്കു വേണ്ടി വാദിക്കാന്‍ നിങ്ങളുണ്ട്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ക്കുവേണ്ടി അല്ലാഹുവോട് തര്‍ക്കിക്കാന്‍ ആരാണുണ്ടാവുക? ആരാണ് അവിടെ അവരുടെ വക്കാലത്ത് ഏറ്റെടുക്കുക?

തെറ്റ് ചെയ്യുകയോ തന്നോടുതന്നെ അതിക്രമം കാണിക്കുകയോ ചെയ്ത ശേഷം അല്ലാഹുവോട് പാപമോചനം തേടുന്നവന്‍, ഏറെ പൊറുക്കുന്നവനും ദയാപരനുമായ അല്ലാഹുവെ കണ്ടെത്തുന്നതാണ്.

എന്നാല്‍ തെറ്റുകള്‍ ഒരുക്കൂട്ടിവെക്കുന്നവന്‍ സ്വന്തം നാശത്തിനിടവരുത്തുന്ന സംഗതികളാണ് ശേഖരിച്ചുവെക്കുന്നത്. അല്ലാഹു സര്‍വജ്ഞനും യുക്തിജ്ഞനുമാകുന്നു.

ആരെങ്കിലും വല്ല തെറ്റോ കുറ്റമോ ചെയ്ത ശേഷം അത് നിരപരാധിയുടെ പേരില്‍ ചാര്‍ത്തുന്നുവെങ്കില്‍ ഉറപ്പായും കടുത്ത കള്ളാരോപണവും പ്രകടമായ പാപവുമാണവന്‍ പേറുന്നത്.

നിന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ അവരിലൊരു വിഭാഗം നിന്നെ വഴിതെറ്റിക്കുമായിരുന്നു. യഥാര്‍ഥത്തില്‍ അവര്‍ ആരെയും വഴിപിഴപ്പിക്കുന്നില്ല; തങ്ങളെത്തന്നെയല്ലാതെ. നിനക്കൊരു ദ്രോഹവും വരുത്താനവര്‍ക്കാവില്ല. അല്ലാഹു നിനക്ക് വേദപുസ്തകവും തത്ത്വജ്ഞാനവും ഇറക്കിത്തന്നു. നിനക്കറിയാത്തത് നിന്നെ പഠിപ്പിക്കുകയും ചെയ്തു. അല്ലാഹു നിനക്കേകിയ അനുഗ്രഹം അതിമഹത്തരം തന്നെ'' (4:105113).

ഈ സൂക്തങ്ങളുടെ വ്യാഖ്യാനത്തില്‍ ശഹീദ് സയ്യിദ് ഖുത്വ്ബ് എഴുതുന്നു: ''ഇവിടെ പ്രശ്‌നം ചിലര്‍ ഗൂഢാലോചന നടത്തി ആരോപണവിധേയനാക്കിയ നിരപരാധിയെ കുറ്റമുക്തനാക്കുക എന്നതു മാത്രമായിരുന്നില്ല. നിരപരാധിയെ രക്ഷിക്കുന്നത് ഏറെ മഹത്തരവും പുണ്യകരവുമാണെങ്കിലും. എന്നാല്‍ ഇവിടെ പ്രശ്‌നം കുറേകൂടി ഗൗരവമുള്ളതാണ്. ഇഛക്കൊപ്പം ചായാത്തതും പക്ഷപാതിത്വത്താല്‍ ചെരിയാത്തതും സ്‌നേഹത്തിനും വെറുപ്പിനുമനുസരിച്ച് ചാഞ്ചാടാത്തതുമായ നീതിയുടെ തുലാസ് സ്ഥാപിക്കലാണത്. ഇവിടെ പ്രശ്‌നം സമൂഹത്തെ സംസ്‌കരിക്കലിന്റേതാണ്. മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളില്‍നിന്ന് മോചിപ്പിക്കലിന്റേതാണ്. വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയുമുള്‍പ്പെടെ എല്ലാവിധ പക്ഷപാതിത്വങ്ങളും ചികിത്സിച്ചു മാറ്റുന്നതിന്റേതാണ്. മനുഷ്യര്‍ക്കിടയില്‍ നീതി സ്ഥാപിക്കലിന്റേതാണ്. മാനവ സമൂഹത്തില്‍ തുല്യതയില്ലാത്ത നവജാത ഇസ്‌ലാമിക സമൂഹത്തെ എല്ലാവിധ പക്ഷപാതിത്വങ്ങളില്‍നിന്നും മോചിതമായ ശുദ്ധവും സുശക്തവും സുദൃഢവുമായ അടിത്തറയില്‍ നിലനിര്‍ത്തുന്നതിന്റേതാണ്.

സംഭവത്തെ കണ്ടില്ലെന്ന് നടിക്കാം; അതല്ലെങ്കില്‍ ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടി അപലപിക്കാതിരിക്കാം; അതുമല്ലെങ്കില്‍ ഇവ്വിധം വഷളാക്കാതിരിക്കുകയെങ്കിലും ചെയ്യാം. ഇതിനൊക്കെ പര്യാപ്തമായ ഒന്നിലധികം കാരണങ്ങള്‍ അവിടെ ഉണ്ടായിരുന്നു.

അവയില്‍ പ്രഥമവും പ്രധാനവും കുറ്റാരോപിതന്‍ ജൂതനാണെന്നതുതന്നെ. തങ്ങളുടെ വശമുള്ള ആയുധങ്ങളൊക്കെയും വിഷം പുരട്ടി ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ പ്രയോഗിക്കാന്‍ ഒട്ടും മടിയില്ലാത്ത ജൂതന്മാരില്‍പെട്ടവന്‍. അവര്‍ക്ക് സത്യവും നീതിയും ന്യായവുമെന്തെന്ന് അറിയുകയില്ല. മുസ്‌ലിംകളോടുള്ള സമീപനത്തില്‍ ഒരുവിധ മര്യാദയും ധാര്‍മികതയും അവര്‍ പാലിക്കുന്നില്ല.

രണ്ടാമതായി, മോഷണം നടത്തിയത് അന്‍സ്വാരികളില്‍പെട്ടയാളാണ്. പ്രവാചകനെയും അനുയായികളെയും അതിരറ്റ് സഹായിച്ചതും അഭയം നല്‍കിയതും അവരാണ്. സാധാരണഗതിയില്‍ ഇവ്വിധം വസ്തുത വെളിച്ചത്തുകൊണ്ടുവരുന്നത് അവര്‍ക്കിടയില്‍ പ്രതികാരചിന്തയും വെറുപ്പും വളര്‍ത്തുമായിരുന്നു. ആരോപണവിധേയന്‍ ജൂതനായിരിക്കെ വിശേഷിച്ചും.

മൂന്നാമതായി, സംഭവത്തിന്റെ നിജഃസ്ഥിതി പുറത്തുകൊണ്ടുവരുന്നത് ജൂതന്മാര്‍ക്ക് അന്‍സ്വാരികള്‍ക്കെതിരെ പ്രയോഗിക്കാന്‍ പുതിയൊരു അസ്ത്രം നല്‍കലാണ്. അന്‍സ്വാറുകള്‍ പരസ്പരം മോഷണം നടത്തി കുറ്റം ജൂതന്മാരുടെ പേരില്‍ ആരോപിക്കുന്നുവെന്ന് അവര്‍ക്ക് പറഞ്ഞു പരത്താം. ഇത്തരം അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നവരല്ലല്ലോ അവര്‍.

എന്നാല്‍ പ്രശ്‌നം ഇതിനേക്കാളെല്ലാം ഗൗരവമുള്ളതാണ്. ഇത്തരം നിസ്സാര പരിഗണനകളേക്കാള്‍ എത്രയോ മഹത്തരം. ഉപര്യുക്തമായ മൂന്നു കാരണങ്ങളും ഇസ്‌ലാമിക വീക്ഷണത്തില്‍ ഇതിനേക്കാള്‍ എത്രയോ നിസ്സാരമാണ്. പ്രശ്‌നം ഇസ്‌ലാമിക സമൂഹത്തെ ഭൂമിയിലെ അതിന്റെ ദൈവിക പ്രാതിനിധ്യത്തിന്റെയും സമൂഹ നേതൃത്വത്തിന്റെയും ബാധ്യതകള്‍ പൂര്‍ത്തീകരിക്കാന്‍ പ്രാപ്തമാക്കാനുള്ള പരിശീലനത്തിന്റേതാണ്. മനുഷ്യരാശി അറിഞ്ഞതില്‍ വെച്ച് ഏറ്റം ഉന്നതവും അതുല്യവുമായ വഴി അവര്‍ക്ക് വ്യക്തമാകലാണ്. ഈ വഴി അവരുടെ ജീവിതത്തില്‍ പ്രയോഗവത്കരിക്കലുമാണ്. ജനങ്ങള്‍ക്കിടയില്‍ വിധി നടത്താനുള്ള നീതിയുടെ തുലാസ് ഭൗതികമായ എല്ലാതരം പരിഗണനകളില്‍നിന്നും പ്രത്യക്ഷവും പരോക്ഷവുമായ മുഴുവന്‍ താല്‍പര്യങ്ങളില്‍നിന്നും അവഗണിക്കാനാവാത്ത മഹദ് കാര്യങ്ങളായി ജനം കാണുന്ന മറ്റെല്ലാറ്റില്‍നിന്നും മുക്തമാകുന്നതുവരെ ഭൂമിയിലെ പ്രാതിനിധ്യ ബാധ്യത നിര്‍വഹിക്കാനോ സമൂഹത്തിന്റെ നേതൃത്വമേറ്റെടുത്ത് ഉയര്‍ത്തെഴുന്നേല്‍ക്കാനോ കഴിയുകയില്ല'' (ഖുര്‍ആന്റെ തണലില്‍).

ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവിധ പക്ഷപാതിത്വങ്ങള്‍ക്കും അതീതമായ അതിന്റെ കണിശവും കൃത്യവുമായ നീതിയുടെ സംസ്ഥാപനമാണ് എന്നും എവിടെയും മുസ്‌ലിം സമൂഹത്തെ മറ്റെല്ലാവരില്‍നിന്നും വ്യതിരിക്തമാക്കുന്ന ഏറ്റം മഹത്തായ സവിശേഷതകളിലൊന്ന്. അതോടൊപ്പം ഈ നീതി ഭരണാധികാരികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും മാത്രം ബാധകമായ ഒന്നല്ല. എല്ലാവര്‍ക്കുമിത് ബാധകമാണ്. മുഴുവനാളുകളും തങ്ങളോട് ബന്ധപ്പെട്ട എല്ലാവരോടും എല്ലാറ്റിനോടും നീതി പാലിക്കണം. വിചാര വികാരങ്ങളിലും വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും സമീപനങ്ങളിലും പെരുമാറ്റങ്ങളിലും പിന്തുണക്കുന്നതിലും എതിര്‍ക്കുന്നതിലുമെല്ലാം കൃത്യമായ നീതി കണിശമായി പുലര്‍ത്തണം. കുടുംബപരമോ ജാതീയമോ സാമുദായികമോ മറ്റോ ആയ ഒരുവിധ പക്ഷപാതിത്വവും അതിനെ ഒരു നിലക്കും സ്വാധീനിക്കാവതല്ല. സാമുദായിക ധ്രുവീകരണ ശ്രമങ്ങളെയും ജാതീയ അനീതികളെയും പ്രതിരോധിക്കാനുള്ള ഏറ്റം പറ്റിയ മാര്‍ഗവും സാമുദായികതക്കതീതമായി നീതിക്കു വേണ്ടി നിലകൊള്ളലാണ്. അല്ലാഹുവിന്റെ പ്രീതിക്കും പ്രതിഫലത്തിനും വഴിയൊരുക്കുന്ന ഇസ്‌ലാമിക രീതിയും അതുമാത്രമത്രെ.

''നിങ്ങള്‍ നീതി പാലിക്കുക, നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു'' (49:9). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /1
എ.വൈ.ആര്‍

ഹദീസ്‌

ചെറുതിന്മകളുടെ പെരുപ്പം സൂക്ഷിക്കുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍