ഇമാം സുയൂത്വി: ഗ്രന്ഥരചന സപര്യയാക്കിയ പണ്ഡിത ജ്യോതിസ്സ്
തങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ സര്‍വ വിജ്ഞാനശാഖകളിലും അഗാധ ജ്ഞാനം നേടിയ പണ്ഡിതര്‍ അത്യപൂര്‍വമായിരിക്കും. അത്തരം പണ്ഡിത ഗണത്തിലെ പ്രധാനിയാണ് ഇമാം സുയൂത്വി. അദ്ദേഹത്തിന്റെ കാലക്കാരില്‍ തങ്ങളുടെ രചനകള്‍ക്ക് ഇത്രയേറെ പ്രാധാന്യവും പരിഗണനയും സ്വീകാര്യതയും ലഭിച്ച മറ്റൊരു പണ്ഡിതനെ കാണാനാവില്ല. അബ്ദുര്‍റഹ്മാനുബ്‌നു അബീബക്ര്‍ ജലാലുദ്ദീന്‍ സുയൂത്വി (849-911/1445-1505) എന്ന് പൂര്‍ണ നാമം. കയ്‌റോയില്‍ ജനനം. പിതാമഹന്മാരുടെ നാടായ ഉസ്‌യൂത്വ് എന്ന ഈജിപ്ഷ്യന്‍ പട്ടണത്തിലേക്ക് ചേര്‍ത്താണ് അദ്ദേഹം സുയൂത്വി എന്നറിയപ്പെടുന്നത്.
ആധ്യാത്മിക മേഖലയില്‍ ഉന്നത സ്ഥാനീയനായ കമാലുദ്ദീന്‍ അബൂബക്ര്‍ ആണ് പിതാവ്. തത്ത്വശാസ്ത്രം, കര്‍മശാസ്ത്രം, നിദാനശാസ്ത്രം, ഖുര്‍ആന്‍ പാരായണ ശാസ്ത്രം, ഗണിതം, വ്യാകരണം, സാഹിത്യം, തര്‍ക്കശാസ്ത്രം തുടങ്ങിയ നിരവധി മേഖലകളില്‍ അദ്ദേഹം രചനകള്‍ നടത്തിയിട്ടുണ്ട്. പാരമ്പര്യം നിലനിര്‍ത്താന്‍ മകനെയും പണ്ഡിതനാക്കണമെന്ന അതിയായ ആഗ്രഹം പിതാവിനുണ്ടായിരുന്നു. ചെറുപ്രായത്തില്‍ പിതാവ് മരിച്ചതിനാല്‍ അനാഥനായാണ് സുയൂത്വി വളര്‍ന്നത്. പിതാവ് മരിക്കുമ്പോള്‍ സുയൂത്വിക്ക് അഞ്ചു വയസ്സ് മാത്രമായിരുന്നു പ്രായം. ശേഷം അദ്ദേഹത്തെ പരിചരിച്ചതും വളര്‍ത്തിയതും കമാലുദ്ദീനുബ്‌നു ഹുമാം ആയിരുന്നു. സ്വന്തം മകനെ പോലെ പരിപാലിച്ച ഇബ്‌നു ഹുമാമിന്റെ ശിക്ഷണത്തിലാണ് എട്ടാം വയസ്സില്‍ സുയൂത്വി ഖുര്‍ആന്‍ മനപ്പാഠമാക്കിയത്. ഉപ്പ മരിക്കുമ്പോള്‍ സൂറഃ അത്തഹ്‌രീം വരെ അദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു.
നിരവധി പ്രഗത്ഭ ഗുരുക്കന്മാരുടെ ശിഷ്യത്വം സ്വീകരിക്കാന്‍ സൗഭാഗ്യം സിദ്ധിച്ച അദ്ദേഹം ഹദീസില്‍ മാത്രമായി നൂറുകണക്കിന് ശൈഖുമാരില്‍നിന്ന് വിദ്യ നുകര്‍ന്നിട്ടുണ്ട്. ശൈഖുമാരുടെ എണ്ണം 600 വരുമെന്ന് ത്വബഖാത്തുസ്സ്വുഗ്‌റായില്‍ പറയുന്നു. പ്രധാന ശൈഖുമാര്‍: ശൈഖ് മുഹ്‌യിദ്ദീന്‍ കാഫിയജി (14 വര്‍ഷം), തഖിയ്യുദ്ദീന്‍ അബ്ദുല്‍ അബ്ബാസ് അശ്ശുമുന്ദി, ബദ്‌റുദ്ദീന്‍ മുഹമ്മദുബ്‌നു ഹാഫിള് ഇബ്‌നു ഹജര്‍, അലമുദ്ദീന്‍ ബുല്‍ഖീനി, ശറഫുദ്ദീന്‍ അല്‍ മുനാവി, ജലാലുദ്ദീന്‍ അല്‍ മഹല്ലി. നിപുണരായ നിരവധി ശിഷ്യഗണങ്ങളാലും ഇമാം സുയൂത്വി മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാണ്. ഇബ്‌നു തൂലൂനും അല്‍ ഹാഫിള് ശംസുദ്ദീന്‍ ദാവൂദുമാണ് ശിഷ്യന്മാരില്‍ പ്രധാനികള്‍.
സാമൂഹികവും രാഷ്ട്രീയപരവും സാംസ്‌കാരികവുമായ അനുകൂല സാഹചര്യത്തിലാണ് ഇമാം സുയൂത്വി ജനിച്ചതും വളര്‍ന്നതും. ചെറുപ്രായത്തില്‍ മനപ്പാഠമാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. കര്‍മശാസ്ത്രത്തിലെ ബൃഹദ് ഗ്രന്ഥമായ ഇമാം നവവിയുടെ മിന്‍ഹാജ്, നിദാനശാസ്ത്രത്തില്‍ ഇമാം ബൈളാവിയുടെ മിന്‍ഹാജ്, ഭാഷാശാസ്ത്രത്തില്‍ ഇബ്‌നു മാലികിന്റെ അല്‍ഫിയ്യ തുടങ്ങിയവയെല്ലാം അദ്ദേഹം മനപ്പാഠമാക്കി. ഗ്രന്ഥങ്ങളുടെ കലവറയായിരുന്ന മഹ്മൂദിയ ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളും വായിച്ചുതീര്‍ത്തിരുന്നുവെന്ന സാക്ഷ്യം അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ആഴവും പരപ്പും നമുക്ക് മനസ്സിലാക്കിത്തരുന്നു. ഗുരുകുല വിദ്യാഭ്യാസരീതിയില്‍ മാത്രം ഒതുങ്ങിക്കൂടാതെ നീണ്ട യാത്രകളിലൂടെ അദ്ദേഹം അറിവിന്റെ അക്ഷയഖനികള്‍ തേടിപ്പോയിരുന്നു. ശാം, ഹിജാസ്, യമന്‍, മൊറോക്കോ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം പഠനാവശ്യാര്‍ഥം അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി.
ഗ്രന്ഥരചന
പതിനേഴാം വയസ്സില്‍ ഗ്രന്ഥരചന തുടങ്ങിയിട്ടുണ്ട് ഇമാം സുയൂത്വി. സുയൂത്വിയുടെ രചനകളുടെ എണ്ണം എത്രയെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. രചനകള്‍ 725 ആണെന്ന് അഹ്മദ് ശര്‍ഖാവി രേഖപ്പെടുത്തുന്നു. ഹിജ്‌റ 904 വരെ അദ്ദേഹം രചിച്ച കൃതികളുടെ എണ്ണം 538 ആണെന്നും, അവയില്‍ തഫ്‌സീറില്‍ 73-ഉം ഹദീസില്‍ 205-ഉം മുസ്വ്ത്വലഹില്‍ 32-ഉം ഫിഖ്ഹില്‍ 71-ഉം ഉസ്വൂലുല്‍ ഫിഖ്ഹ്, ഉസ്വൂലുദ്ദീന്‍, തസ്വവ്വഫ് എന്നിവയിലായി 20-ഉം ഭാഷാശാസ്ത്രം, വ്യാകരണം എന്നിവയില്‍ 66-ഉം താരീഖില്‍ 30-ഉം ഇല്‍മുല്‍ മആനി, ബദീഅ് എന്നിവയില്‍ 6-ഉം കൃതികളുണ്ടെന്നും ശൈഖ് അബ്ദുല്‍ ഹയ്യ് തന്റെ കശ്ഫുള്ളുനൂനില്‍ വിവരിക്കുന്നുണ്ട്. ഹുസ്‌നുല്‍ മുഹാളറ എന്ന തന്റെ കൃതിയില്‍ 300 ഗ്രന്ഥങ്ങള്‍ താന്‍ എഴുതിയിട്ടുണ്ടെന്ന് ഇമാം സുയൂത്വി വ്യക്തമാക്കുന്നു. അറുനൂറോളം കൃതികള്‍ എന്ന് പറഞ്ഞവരുമുണ്ട്.
രചനയിലെ അരങ്ങേറ്റം തഫ്‌സീറിലായിരുന്നു. വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ഉള്‍ക്കൊള്ളുന്ന സുയൂത്വിയുടെ തഫ്‌സീറുകള്‍ മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമാണ്. പതിനഞ്ചോളം തഫ്‌സീര്‍ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിനുണ്ട്. ദുര്‍റുല്‍ മന്‍സ്വൂര്‍ ഫീ തഫ്‌സീര്‍ ബില്‍ മഅ്‌സൂര്‍, അല്‍ ഇത്ഖാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍, തര്‍ജുമാനുല്‍ ഖുര്‍ആന്‍, അല്‍ ഇക്‌ലീല്‍ ഫീ ഇസ്തിന്‍ബാതി തന്‍സീല്‍, മജ്മഉല്‍ ബഹ്‌റൈന്‍, ത്വബഖാതുല്‍ മുഫസ്സിരീന്‍ തുടങ്ങിയവ അവയില്‍ ശ്രദ്ധേയമാണ്.
ഹദീസ് ശാസ്ത്രത്തില്‍ സുയൂത്വിയുടെ കഴിവും മികവും എടുത്തുപറയേണ്ടതുതന്നെ. രണ്ട് ലക്ഷം ഹദീസുകള്‍ മനപ്പാഠമാക്കി 'അല്‍ ഹാഫിള്' എന്ന അത്യുന്നത പദവി കരസ്ഥമാക്കിയിരുന്ന അദ്ദേഹം ഈ വിജ്ഞാനശാഖയില്‍ സ്വന്തം രചനകള്‍ക്കു പുറമെ മുന്‍കാല മുഹദ്ദിസുകളുടെ ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനങ്ങളും ഉപാഖ്യാനങ്ങളും എഴുതിയിട്ടുണ്ട്. ഹദീസ് ശാസ്ത്രത്തിലെ മാസ്റ്റര്‍പീസുകളായ സ്വിഹാഹുസ്സിത്തക്ക് മുഴുവന്‍ അദ്ദേഹം ശറഹുകള്‍ എഴുതി. അല്‍ ജാമിഉല്‍ കബീറും അല്‍ ജാമിഉസ്സ്വഗീറുമാണ് സ്വന്തമായി രചിച്ചവയില്‍ പ്രധാനപ്പെട്ടവ.
ശിഹാബ് അഹ്മദുബ്‌നു ഖാസിം അല്‍ബൂനി പറയുന്നു: ''മുഴുവന്‍ ഹദീസുകളെയും ഒരൊറ്റ കിതാബില്‍ ഒരുമിച്ചുകൂട്ടണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജാമിഉല്‍ കബീര്‍ ഗ്രന്ഥരചന 80,000 ഹദീസുകള്‍ സമാഹരിച്ചപ്പോഴേക്കും മരണം അദ്ദേഹത്തെ തേടിയെത്തി.'' ഹദീസുകളുടെ പ്രബലത ഉറപ്പുവരുത്തുന്നതിനുള്ള തഖ്‌രീജുല്‍ ഹദീസ് മേഖലയിലും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അവയിലെ മാസ്റ്റര്‍പീസ് ഗ്രന്ഥമാണ് മനാഹിലുല്‍ സ്വഫാ ഫീ തഖ്‌രീജി അഹാദീസ് അല്‍ ശിഫാ. കെട്ടിച്ചമക്കപ്പെട്ട ഹദീസുകളെക്കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥമാണ് അല്‍ ഹിലലുല്‍ മസ്വ്‌നൂഅ ഫീ അഹാദീസുല്‍ മൗളൂഅ. നള്മു ദുറര്‍ ഫീ ഇല്‍മി അസര്‍ എന്ന കൃതി ഉസ്വൂലുല്‍ ഹദീസില്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യം വിളിച്ചോതുന്നു. നബിമാരുടെ ജീവചരിത്രവും മറ്റും കൃത്യമായി രേഖപ്പെടുത്തുന്ന ത്വബഖാത്തുല്‍ ഹുഫ്ഫാള് എന്ന ഗ്രന്ഥവും സുയൂത്വിയുടെ സംഭാവനകളില്‍ പെടുന്നു.
ചരിത്രത്തിലും ആ പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ചരിത്രകാരന്മാര്‍ പരമ്പരാഗതമായി സ്വീകരിച്ചുപോന്ന ശൈലി വെടിഞ്ഞ് പുതിയതൊന്ന് അദ്ദേഹം പരിചയപ്പെടുത്തി. അല്‍ ശമാരീഖ് ഫീ ഇല്‍മിത്താരീഖ് എന്ന ഗ്രന്ഥത്തില്‍ ആദം നബി മുതലുള്ള പ്രവാചകന്മാര്‍, മുന്‍കഴിഞ്ഞ സമുദായക്കാര്‍, അവര്‍ ഭൂമിയില്‍ വസിച്ച കാലം, വര്‍ഷം, നാമാവശേഷമാവാനുള്ള കാരണങ്ങള്‍, പ്രമുഖരുടെ ജന്മദിനം, മരണം, പ്രത്യേക സംഭവങ്ങള്‍ തുടങ്ങിയവ വിവരിക്കുന്നു. താരീഖ് ഖുലഫാഇ ഉമ്മത്തില്‍ ഇസ്‌ലാം എന്ന ഗ്രന്ഥം അബൂബക്ര്‍ (റ) മുതലുള്ള ഖലീഫമാരുടെ ചരിത്രം വസ്തുനിഷ്ഠമായി വിശദീകരിക്കുന്നു. ഹുസ്‌നുല്‍ മുഹാളറ ഫീ താരീഖി മിസ്വ്‌റ വല്‍ ഖാഹിറ സ്വന്തം രാജ്യത്തെക്കുറിച്ച് അദ്ദേഹം രചിച്ച ദേശസ്‌നേഹം തുളുമ്പുന്ന കൃതിയാണ്. ഈ ഗ്രന്ഥം ഈജിപ്തിനെക്കുറിച്ചുള്ള വിജ്ഞാനകോശമായി പല ചരിത്രകാരന്മാരും പരിചയപ്പെടുത്തിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ പണ്ഡിതന്മാരെ കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും ഈ കൃതിയില്‍ സവിസ്തരം പ്രതിപാദിക്കുന്നു.
തികഞ്ഞ ഒരു ഭാഷാ പണ്ഡിതന്‍ കൂടിയായിരുന്നു സുയൂത്വി. തഅ്‌രീഫുല്‍ അഅ്ജം ഫീ ഫുറൂഇല്‍ മുഅ്ജം, ശറഹ് ഖസ്വീദത്ത് അല്‍ ഖാഫിയ, അല്‍ ഇഖ്തിറാഹ് ഫീ ഉസ്വൂലിന്നഹ്‌വ്, അല്‍ അശ്ബാഹ് വന്നളാഇര്‍ ഫി ന്നഹ്‌വ്, ഹംഉല്‍ ഹവാമിഅ് ഫി ജംഇല്‍ ജവാമിഅ് തുടങ്ങിയ കൃതികള്‍ ഭാഷാ ശാസ്ത്രത്തില്‍ പ്രസിദ്ധമാണ്. ഇല്‍മുല്‍ ബയാന്‍, ഇല്‍മുല്‍ മആനി, ഇല്‍മുല്‍ ബദീഅ്, കാവ്യം തുടങ്ങിയവയിലും അദ്ദേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
പണ്ഡിതന്മാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയിരുന്ന ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് ഇമാം സുയൂത്വിയെയും ഒരുപാട് പദവികള്‍ ഏല്‍പിച്ചിരുന്നു. 62 വര്‍ഷം മാത്രം ജീവിച്ച അദ്ദേഹം മുദര്‍രിസും മുഫ്തിയുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിജ്‌റ 757-ല്‍ ജാമിഅ ശൗഖാനിയ്യയില്‍ പ്രധാനാധ്യാപകനായിരുന്നു. മദ്‌റസ ബൈബറസില്‍ ശൈഖ് പദവി അലങ്കരിച്ചിരുന്ന അദ്ദേഹം മുതവക്കിലിന്റെ കാലത്ത് (ഹിജ്‌റ 903) ഖാദി ഖുദാത്ത് (ചീഫ് ജസ്റ്റിസ്) പദവിയും വഹിച്ചു.
(റിസര്‍ച്ച് സ്‌കോളര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഉസ്വൂല്‍- ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ചെമ്മാട്)
Comments