'അയോധ്യ'യുടെ യാഥാര്‍ഥ്യം തുറന്നുകാട്ടേണ്ടതില്ലേ?
ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അസി. ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുര്‍റഹീം ഖുറൈശിയുടെ അയോധ്യയെക്കുറിച്ചുള്ള ഗ്രന്ഥം അനവസരത്തിലുള്ളതാണെന്നും അത് മറ്റുള്ളവരുടെ കൈയില്‍ വടി കൊടുക്കലാണെന്നുമുള്ള ശൈലിയില്‍ ഇഹ്‌സാന്‍ 'മാറ്റൊലി'യില്‍ എഴുതിയത് വായിച്ചു. ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നം അസഹിഷ്ണുതയാണെന്ന് ലേഖകന്‍ തന്നെ പറയുന്നു. ഈ അസഹിഷ്ണുത ഊതിക്കത്തിക്കാന്‍ തല്‍പരകക്ഷികള്‍ പ്രധാനമായും ഉപയോഗിക്കുന്ന ആയുധമല്ലേ അയോധ്യ? ഇത്തരുണത്തില്‍ ശ്രീരാമന്റെ ജന്മസ്ഥലം എന്നു പറഞ്ഞുകൊണ്ട് നാടും നഗരവും ഇളക്കുന്നവരെ തളക്കാനുള്ള ലളിതവും ശക്തവുമായ മാര്‍ഗം അവരുടെ കള്ളത്തരങ്ങള്‍ തുറന്നുകാട്ടലല്ലേ? ഇന്ത്യന്‍ ജനതയുടെ ശ്രദ്ധ അവരുടെ യഥാര്‍ഥവും അടിസ്ഥാനപരവുമായ പ്രശ്‌നങ്ങളില്‍നിന്ന് വഴിതിരിച്ചുവിടാനുള്ള വര്‍ഗീയവാദികളുടെ തന്ത്രം മാത്രമാണ് രാമനും പശുവും സൂര്യ നമസ്‌കാരവും വന്ദേമാതരവുമെല്ലാം.
ബിഹാറിലെ സാധാരണക്കാര്‍ ബാലറ്റിലൂടെ പ്രതികരിച്ചത് വര്‍ഗീയ കേന്ദ്രങ്ങളെ പിടിച്ചുകുലുക്കിയപ്പോഴാണ് വീണ്ടും അവര്‍ അയോധ്യാ പ്രശ്‌നം കുത്തിപ്പൊക്കുന്നത്. ഇതിനുള്ള മറുപടി അയോധ്യയുടെ യാഥാര്‍ഥ്യം തുറന്നുകാട്ടലാണ്. വ്യാജഹിന്ദുത്വത്തിന്റെ മുഖംമൂടി വലിച്ചുകീറലും നാമെല്ലാം ഒരേ നാട്ടുകാര്‍ എന്ന നിലയില്‍ പരസ്പരം സ്‌നേഹത്തോടെ കഴിയണമെന്ന് ഉദ്‌ബോധിപ്പിക്കലും രാജ്യത്തിന്റെ ഭരണഘടനയും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് കൂട്ടായി പരിശ്രമിക്കലുമാണ് ഇതിനുള്ള അടിസ്ഥാനപരമായ മറുപടി. ഇക്കാര്യം ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജയ്പൂര്‍ സമ്മേളനത്തില്‍ തീരുമാനിക്കുകയും ഡോ. അംബേദ്കറിന്റെ പൗത്രനെ കണ്‍വീനറാക്കി 'ദീന്‍ ദസ്തൂര്‍ ബച്ചാവോ തഹ്‌രീര്‍' (മതവും ഭരണഘടനയും സംരക്ഷിക്കുക) എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ ഒരു കാര്യം കൂടി അറിയിക്കട്ടെ: പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ അതിന്റേത് മാത്രമല്ല. വിവിധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അതിന്റെ അംഗങ്ങളുടെ കുത്തകയുമല്ല. സുമനസ്സുകളായ ആര്‍ക്കും ബോര്‍ഡിന്റെ പേരിലോ തങ്ങളുടെ സംഘടനകളുടെ പേരിലോ അവ ചെയ്യാവുന്നതാണ്, ചെയ്യേണ്ടതുമാണ്.
ചെറുശ്ശേരിയുടെ ലാളിത്യം
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍- കരുത്തുറ്റ നേതൃപാടവവും പാണ്ഡിത്യവും ഒത്തുചേര്‍ന്ന മഹദ് വ്യക്തിത്വത്തിന്റെ ഉടമ. ലാളിത്യവും ജനകീയതയും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. മാര്‍ക്കറ്റില്‍ വന്ന് മത്സ്യവും മാംസവുമെല്ലാം വാങ്ങിപ്പോകുന്ന ചെറുശ്ശേരി കൊണ്ടോട്ടിക്കാര്‍ക്ക് സുപരിചിതനാണ്.
'സമസ്ത'യെ നിലവാരവും പക്വതയുമുള്ള സംഘടനയാക്കിയെടുത്തതില്‍ ചെറുശ്ശേരിയുടെ പങ്ക് സുപ്രധാനമാണ്. എതിര്‍ ഗ്രൂപ്പുമായി പ്രാദേശിക തലങ്ങളില്‍ അങ്ങിങ്ങായി അസ്വാരസ്യങ്ങള്‍ നടന്നുകൊണ്ടിരുന്ന അവസരത്തിലാണ് ചെറുശ്ശേരി സെക്രട്ടറി സ്ഥാനമേറ്റെടുത്തത്. പ്രധാനമായും മദ്‌റസകളുടെയും പള്ളികളുടെയും ഭരണനിര്‍വഹണ വിഷയത്തിലുടലെടുക്കുന്ന അസ്വാരസ്യങ്ങള്‍ ചിലപ്പോഴെങ്കിലും സംഘര്‍ഷത്തിന്റെ വക്കോളം എത്തിക്കൊണ്ടിരുന്നു. എന്നാല്‍, മറു കക്ഷിയുടെ നിലവാരമില്ലാത്ത സമീപന രീതിയിലേക്ക് അദ്ദേഹം സ്വന്തം അനുയായികളെ കയറൂരി വിട്ടില്ല. തുല്യനാണയത്തില്‍ നേരിടുന്നതിനു പകരം പക്വതയാര്‍ന്ന ശൈലി എതിര്‍ ഗ്രൂപ്പിനെ തന്നെ ഏറക്കുറെ ശൈലി മാറ്റാന്‍ നിര്‍ബന്ധിതമാക്കുകയായിരുന്നു. മറു ഗ്രൂപ്പിന്റെ നേതൃത്വം വേഷഭൂഷാദികളും വാഹനങ്ങളുടെ അകമ്പടിയുമെല്ലാം കാണിച്ച് പ്രൗഢിയും പൊങ്ങച്ചവും പ്രകടിപ്പിച്ചപ്പോള്‍ ചെറുശ്ശേരിയുടെ ലളിത ശൈലി അവര്‍ക്ക് നാണക്കേടാവുകയായിരുന്നു.
ജലീല്‍ പുളിക്കല്‍
ആകര്‍ഷകം ആ ലേഖനം
പ്രബോധനം വാരികയുടെ സ്ഥിരം വായനക്കാരനാണ് ഞാന്‍. ലക്കം 2939-ല്‍ വന്ന 'മാതാപിതാക്കളെ എങ്ങനെ സന്തോഷഭരിതരാക്കാം' എന്ന ലേഖനം ആകര്‍ഷകമായി. അഭിനന്ദനങ്ങള്‍.
വിജയന്‍ മുതുവറ
ബഹുസ്വര സമൂഹത്തിലെ മതവിശ്വാസി
മതവിശ്വാസികള് തമ്മില്‍ അസഹിഷ്ണുത വര്‍ധിച്ചുവരുന്ന കാലമാണിത്. മുന്‍കാലങ്ങളില്‍ ഓരോരുത്തരും തങ്ങളുടെ വിശ്വാസവുമായി ജീവിക്കുമ്പോഴും പരസ്പര സ്‌നേഹത്തോടും ബഹുമാനത്തോടും കൂടിയായിരുന്നു കഴിഞ്ഞിരുന്നത്. പക്ഷേ, ഇന്ന് ഇതര മതസ്ഥരെ സംശയത്തോടും ഭയപ്പാടോടും കാണുന്ന സ്ഥിതിവിശേഷമുണ്ടായിരിക്കുന്നു. എല്ലാവരും പഠിപ്പിക്കുന്നത് പരസ്പരം സ്‌നേഹിക്കണമെന്നും സഹകരിക്കണമെന്നും ദ്രോഹിക്കരുതെന്നും ഇതര മതസ്ഥരെ ശത്രുതാപരമായി കാണരുതെന്നും തന്നെയാണ്. ഓരോ മതത്തിനും അതിന്റേതായ ജീവിതരീതികളും നിയമങ്ങളുമുണ്ട്. അതത് മതത്തിലുള്ളവര്‍ ആ നിയമങ്ങളനുസരിച്ച് ജീവിക്കാന്‍ തയാറാവുകയാണെങ്കില്‍തന്നെ പരസ്പരം വിദ്വേഷം വെച്ച് പുലര്‍ത്താനാവുകയില്ല.
ഏതൊരു മതവിശ്വാസിയും താന്‍ വിശ്വസിക്കുന്നതിലാണ് സത്യം എന്ന ബോധ്യത്തിലാണ് ആരാധനാ കര്‍മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുക. മറ്റുള്ളവരുടെ വിശ്വാസവും ആരാധനാ കര്‍മങ്ങളും പാഴ്‌വേലകളാണെന്നും അവരുടെ ആരാധ്യവസ്തുക്കള്‍ മിഥ്യയാണെന്നുമുള്ള വിശ്വാസവും ഇതര വിശ്വാസികളുടെ മനസ്സിലുണ്ടാകാം. പക്ഷേ, അതൊരിക്കലും മറ്റുള്ളവരുടെ ആരാധ്യവസ്തുക്കളെയും ആരാധനാ കര്‍മങ്ങളെയും പരിഹസിക്കാന്‍ കാരണമാകരുത്. തങ്ങളുടെ വിശ്വാസവും കര്‍മവുമാണ് ശരിയെന്ന ഉറച്ച വിശ്വാസമുള്ളവര്‍ അത് സൗമ്യവും സമാധാനപരവുമായ രീതിയില്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
ആദം കാതിരിയകത്ത്
ഫാഷിസം അധികാരം പ്രയോഗിച്ചു തുടങ്ങുമ്പോള്‍
വിയോജിപ്പുകള്‍ക്കും വിമര്‍ശങ്ങള്‍ക്കും വിസമ്മതിക്കുമ്പോള്‍ അധികാരം മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായി പരിണമിക്കാറുണ്ട്. അപ്പോള്‍ പിന്നെ ഘടനയിലും തത്ത്വത്തിലും ഫാഷിസ്റ്റ് സ്വഭാവമുള്ള സംഘങ്ങള്‍ക്ക് അധികാരം ലഭിക്കുമ്പോള്‍ എന്തെല്ലാം സംഭവിക്കും എന്നതിന്റെ സൂചനകളാണ് രാജ്യത്ത് ഇപ്പോള്‍ കാണുന്നത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ അസഹിഷ്ണുതക്കും ജാതിവിവേചനത്തിനും ഇരയായി ആത്മഹത്യ ചെയ്യേണ്ടിവന്ന രോഹിത് വെമുലയും രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് അന്യായമായി തുറുങ്കിലടക്കപ്പെട്ട ജെ.എന്‍.യു വിലെ കനയ്യ കുമാറും ഉമര്‍ ഖാലിദുമെല്ലാം ഈ തീക്ഷ്ണ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഇന്ത്യന്‍ ഫാഷിസം അധികാരത്തില്‍ വരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയപ്പോള്‍ നിലവിലുള്ള രാഷ്ട്രീയ പരിതഃസ്ഥിതിയില്‍ അവര്‍ അധികാരത്തില്‍ വന്നാല്‍ ഭയപ്പെടാനില്ലെന്നും താരതമ്യേന അഴിമതിമുക്തവും കെട്ടുറപ്പുമുള്ളതുമായ ഭരണം വരാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തിയ 'ശുദ്ധഗതിക്കാരാ'യ രാഷ്ട്രീയ പ്രവര്‍ത്തകരും ബുദ്ധിജീവികളും സാധാരണക്കാരും ധാരാളമുണ്ടായിരുന്നു. തലമുറകളെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ വകുപ്പിലും സാംസ്‌കാരിക വകുപ്പിലും വിവിധ അന്വേഷണ ഏജന്‍സികളുടെ തലപ്പത്തും ഫാഷിസ്റ്റുകള്‍ പിടിമുറുക്കിയാല്‍ ദൂരവ്യാപക ഭവിഷ്യത്തുകളുണ്ടാകുമെന്ന് ഫാഷിസത്തിന്റെ തത്ത്വശാസ്ത്രവും ഘടനയും ചരിത്രവും അറിയുന്ന വിവേകശാലികള്‍ അന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ബോധ്യപ്പെടാതെ പോയ ആളുകള്‍ക്കുള്ള താക്കീതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും മൗലികവും സുപ്രധാനവുമായ രണ്ട് ആര്‍ട്ടിക്കുകളാണ് ആര്‍ട്ടിക്ക്ള്‍ 21-ഉം 19-ഉം. ആര്‍ട്ടിക്ക്ള്‍ 21 റൈറ്റ് റ്റു ലൈഫ് ആന്റ് പേഴ്‌സണല്‍ ലിബര്‍ട്ടി-ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, 44-ാം ഭരണഘടനാ ഭേദഗതി പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടാല്‍ പോലും മാറ്റാന്‍ സാധ്യമല്ല. ആര്‍ട്ടിക്ക്ള്‍ 19 (റൈറ്റ് റ്റു ഫ്രീഡം ഓഫ് സ്പീച്ച് ആന്റ് എക്‌സ്‌പ്രെഷന്‍) ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി സംസാരിക്കാനും അതിന് ആവിഷ്‌കാരം നല്‍കാനും പൗരന് സ്വാതന്ത്ര്യം നല്‍കുന്നു. രാജ്യം = ഭരണകൂടം എന്ന സമവാക്യം ഭരണഘടന മുന്നോട്ടുവെക്കുന്നില്ല. കുറ്റാരോപിതര്‍ക്ക് (കുറ്റവാളികള്‍ക്ക് പോലും) ഇന്ത്യന്‍ ഭരണഘടനയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യം (ആര്‍ട്ടിക്ക്ള്‍ 20- പ്രൊട്ടക്ഷന്‍ എഗയ്ന്‍സ്റ്റ് കണ്‍വിക്ഷന്‍ ഓഫ് ഓഫന്‍സെസ്) സംരക്ഷിക്കാന്‍ ബാധ്യതയുള്ള അഭിഭാഷകരില്‍ ഒരു വിഭാഗം പോലും കുറുവടിയേന്തി കോടതി സമുച്ചയങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കെട്ടകാലത്ത് ഫാഷിസ്റ്റ് വിരുദ്ധ പാര്‍ട്ടികളും മുന്നണികളും കൂട്ടായ്മകളും സാമൂഹിക പ്രവര്‍ത്തകരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇറ്റലിയുടെയും ജര്‍മനിയുടെയും ഇരുണ്ട ദശകങ്ങള്‍ ഇന്ത്യയില്‍ പുനര്‍ജനിക്കുക വിദൂരമല്ല.
പാക്കത്ത് മുഹമ്മദ്, അലനല്ലൂര്‍
Comments