Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 04

2941

1437 ജമാദുല്‍ അവ്വല്‍ 24

സയ്യിദ് ഹാമിദ്: ചരിത്രം മറക്കാത്ത ചരിത്ര ശില്‍പി

അജ്മല്‍ മമ്പാട്

ത്തര്‍പ്രദേശിലെ ഫൈസാബാദിലാണ് സയ്യിദ് ഹാമിദ് ജനിച്ചത്. മുറാദാബാദിലെയും റാംപൂരിലെയും പഠനം പൂര്‍ത്തീകരിച്ച ശേഷം ബിരുദ പഠനത്തിനായി അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെത്തി. അവിടെ നിന്ന് ഇംഗ്ലീഷ്, പേര്‍ഷ്യന്‍ ഭാഷകളില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 1947 കാലഘട്ടത്തില്‍ സയ്യിദ് ഹാമിദ് ഐ.എ.എസ് ഉദ്യോഗസ്ഥനായും മാറുന്നു. തുടര്‍ന്നിങ്ങോട്ട് വിവിധ ഉന്നത ഉത്തരവാദിത്തങ്ങളിലേക്ക് പല ഘട്ടങ്ങളിലായി ചുമതലപ്പെടുത്തപ്പെടുന്ന അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസ പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായി മാറി. 

ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അവസ്ഥകള്‍ പഠനവിധേയമാക്കിയ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശില്‍പികളില്‍ ഒരാളായിരുന്നു സയ്യിദ് ഹാമിദ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് കര്‍മപഥങ്ങള്‍ തീര്‍ത്തു അദ്ദേഹം. അത്തരം ഗ്രാമങ്ങളില്‍ നിന്ന് പലരും  അലീഗഢിലെയും ഹംദര്‍ദിലെയുമൊക്കെ ഹോസ്റ്റലുകളില്‍ കിട്ടാവുന്നതില്‍ വെച്ച് മാന്യമായ സൗകര്യങ്ങളോടെ താമസിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടൊക്കെത്തന്നെയാവാം ആധുനിക യുഗത്തിലെ സര്‍ സയ്യിദ് എന്ന് അറിവുള്ളവര്‍ അദ്ദേഹത്തെ വാഴ്ത്തുന്നതും. ആ സര്‍ സയ്യിദിന്റെ കസേരയില്‍ ജീവിതത്തിന്റെ വലിയൊരു ഘട്ടം അദ്ദേഹം വളരെ ഉത്തരവാദിത്തബോധത്തോടെ ഇരുന്നു. 

ഒരുകാലത്ത് കലുഷിതമായി മാറിയിരുന്ന അലീഗഢ് വിദ്യാഭ്യാസ സംവിധാനങ്ങളെ സര്‍ സയ്യിദിന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്കുതന്നെ സയ്യിദ് ഹാമിദ് പരിഷ്‌കരിച്ചെടുത്തു. സര്‍ സയ്യിദ് തുടങ്ങിവെച്ച പല സംരംഭങ്ങളും കാലക്രമത്തില്‍ ചിതലെടുത്തു തുടങ്ങിയ ഘട്ടത്തില്‍ അനിവാര്യമായ ഇടപെടലുകള്‍ നടത്തി പൂര്‍വ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുപോയി. 

ഡോളറുകളുടെ സ്വകാര്യ ജീവിത സമൃദ്ധികളിലേക്ക് അക്കാദമിക മേഖലയെ പറിച്ചുനടാനിരുന്ന അലീഗഢിലെ അധ്യാപകരെ, അവരുടെ സേവനം ഇന്ത്യക്ക് അത്യാവശ്യമുള്ള അടിയന്തര ചരിത്രഘട്ടമാണിതെന്ന് ബോധ്യപ്പെടുത്തുകയും കേവല സാമ്പത്തിക സുസ്ഥിതി ഉദ്ദേശിച്ചുള്ള വിദേശ യാത്രകളില്‍നിന്ന് അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. 

ഉത്തരേന്ത്യന്‍ മുസ്‌ലിംകളില്‍ നാമ്പിട്ടുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പുരോഗതിയുടെ മുന്നണിപ്പോരാളികളിലൊരാളായിരുന്നു സയ്യിദ് ഹാമിദ്. മുസ്‌ലിം യുവസമൂഹത്തെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് നടന്നടുക്കാന്‍ ആത്മവിശ്വാസവും പകര്‍ന്നുനല്‍കിയതില്‍ പരിമിതമായിരുന്നില്ല ആ വ്യക്തിത്വത്തിന്റെ സംഭാവനകള്‍. മുസ്‌ലിം ചെറുപ്പക്കാരെ, സിവില്‍ സര്‍വീസ് മേഖലകളിലേക്ക് തിരിച്ചുവിടാനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ചിന്തകളുമാണ് ഹംദര്‍ദ് സ്റ്റഡി സര്‍ക്ക്ള്‍ രൂപവല്‍ക്കരിക്കുന്നതിലേക്ക് നയിച്ചത്. ഹകീം അബ്ദുല്‍ ഹമീദിനു ശേഷം ജാമിഅ ഹംദര്‍ദിന്റെ ചാന്‍സലറായി അദ്ദേഹം അവരോധിതനായി. യു.ജി.സി സഹായത്തോടെ ഹംദര്‍ദിനെ ഒരു ഡീംഡ് യൂനിവേഴ്‌സിറ്റിയാക്കി മാറ്റി. ഇന്ന് അത് 'നാകി' (NAAC) ന്റെ എ ഗ്രേഡ് പദവിയുള്ള ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലയാണ്. 

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ കഠിനപ്രയത്‌നത്തിലൂടെ രൂപംകൊണ്ടിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്നു സയ്യിദ് ഹാമിദിന്. ഐ.എ.എസ് റിട്ടയര്‍മെന്റിനു ശേഷം പെന്‍ഷന്‍ വാങ്ങി തന്റേതായ സ്വകാര്യ ലോകത്തേക്ക് പിന്‍വാങ്ങിയില്ല അദ്ദേഹം. ഒരുപക്ഷേ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സജീവമായത് റിട്ടയര്‍ ചെയ്തതിനുശേഷമാവും എന്നതാവും ശരി. ജാതിമതഭേദമന്യേ പിന്നാക്ക ജനവിഭാഗങ്ങള്‍ക്കു വേണ്ടി സമൂഹമധ്യത്തിലേക്കിറങ്ങി. ഇന്ത്യയില്‍ തുല്യതയില്ലാത്ത വികസന സേവന സംരംഭങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന Human Welfare Foundation ന്റെ സ്ഥാപക ചെയര്‍മാനായിരുന്നു സയ്യിദ് ഹാമിദ്. മരണംവരെ അദ്ദേഹം ആ സ്ഥാനത്ത് നിലകൊണ്ടു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /112-118
എ.വൈ.ആര്‍