Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 04

2941

1437 ജമാദുല്‍ അവ്വല്‍ 24

ഹൈക്കല്‍ എഴുത്തും നിലപാടുകളും

ഷഹ്‌നാസ് ബീഗം

റബ് ലോകത്തെ അന്താരാഷ്ട്ര പ്രശസ്തനായ പത്രപ്രവര്‍ത്തകനായിരുന്നു ഫെബ്രുവരി 17-ന് അന്തരിച്ച മുഹമ്മദ് ഹസ്‌നൈന്‍ ഹൈക്കല്‍. ലോക വാര്‍ത്താ ഏജന്‍സികള്‍ക്കും രാഷ്ട്രാന്തരീയ മാധ്യമങ്ങള്‍ക്കും ഇത്രയേറെ സുപരിചിതനായ മറ്റൊരു പത്രപ്രവര്‍ത്തകന്‍ അറബ് ലോകത്ത് വേറെയുണ്ടാവുകയില്ല. വാര്‍ത്തകളുടെ നിവേദകനെന്നപോലെ വാര്‍ത്തകളുടെ ഉറവിടവുമായിരുന്നു ഹൈക്കല്‍. ഈജിപ്തിലെ 'അല്‍ അഹ്‌റാം' പത്ര സാമ്രാജ്യത്തിലെ മുഖ്യ പത്രാധിപരായിരിക്കെത്തന്നെ അധികാരത്തിന്റെ ഇടനാഴികളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനമായിരുന്നു അതിന് കാരണം. അസാമാന്യമായ മാധ്യമ സംവേദനശക്തിയും വശ്യമനോഹരമായ ശൈലിയും കൂടിയായപ്പോള്‍ ഈജിപ്തിന്റെ അതിരുകള്‍ താണ്ടി ലോകത്തോളം ഹൈക്കല്‍ വളര്‍ന്നു. അദ്ദേഹത്തിന്റെ കോളങ്ങള്‍ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ക്ക് കൂടി വിലപ്പെട്ടതായിത്തീര്‍ന്നു. കോളനിഭരണം പടിയിറങ്ങുന്ന അമ്പതുകളിലെയും അറുപതുകളിലെയും പ്രക്ഷുബ്ധമായ കാലഘട്ടത്തില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഹൈക്കല്‍. 1967 ജൂണില്‍ ഇസ്രയേലുമായുണ്ടായ യുദ്ധത്തില്‍ നാസിറിന്റെ വാചാടോപങ്ങള്‍ക്കൊപ്പം ഈജിപ്ത് തകര്‍ന്നുവീണപ്പോള്‍ ഹൈക്കലിന്റെ തന്ത്രങ്ങളാണ് നാസിറിന്റെ രക്ഷക്കെത്തിയത്. ഹൈക്കല്‍ ഒരു രാജിപ്രഖ്യാപന നാടകത്തിന് അരങ്ങൊരുക്കി. ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാനുതകുന്ന ഒരു പ്രസംഗവും എഴുതിത്തയാറാക്കിക്കൊടുത്തു. അണിയറയില്‍ നാസിറനുകൂല റാലിക്ക് വേണ്ടിയുള്ള ഒരുക്കങ്ങളും ചെയ്തു. അത് ഫലം കണ്ടു. പ്രസിഡന്റിന്റെ രാജിപ്രഖ്യാപനം പ്രക്ഷേപണം ചെയ്തതും ജനം പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നില്‍ തടിച്ചുകൂടി 'നാസിര്‍ നാസിര്‍' എന്ന് ആര്‍ത്തുവിളിക്കാന്‍ തുടങ്ങി. 'ജനസമ്മര്‍ദ'ത്തിന്റെ ഫലമായി നാസിര്‍ രാജി പിന്‍വലിച്ചു! ആധുനിക അറബ് ചരിത്രത്തില്‍ 'നക്‌സ' എന്ന പേരിലറിയപ്പെടുന്ന '67-ലെ ജൂണ്‍ ദുരന്തത്തിന്റെ അറബ് അഭിമാനക്ഷയം അങ്ങനെയാണ് നാസിര്‍ അതിജീവിച്ചത്. നാസിറിന്റെ മരണം വരെ ഹൈക്കല്‍ നിഴല്‍പോലെ നാസിറിനൊപ്പം നിന്നു.

സാദാത്ത് യുഗം

പൊതുവെ ഭരണകൂടബന്ധം ഒരു മാധ്യമ പ്രവര്‍ത്തകനെ സംബന്ധിച്ചേടത്തോളം പ്രതിഛായാഭംഗമായാണ് കരുതപ്പെടുക. എന്നാല്‍, ഹൈക്കലിന് അതൊരലങ്കാരമായിരുന്നു. അന്‍വര്‍ സാദാത്തിന്റെ ഭരണകൂടത്തിന്റെ ആദ്യത്തെ മൂന്ന് വര്‍ഷം വരെ ഈ ബന്ധം ഹൈക്കല്‍ തുടര്‍ന്നു. മുസ്‌ലിം ബ്രദര്‍ഹുഡിന് നേരെ സാദാത്ത് സ്വീകരിച്ച ഉദാരനയം ഹൈക്കലിനെ നിരാശപ്പെടുത്തിക്കാണണം. താന്‍ സാദാത്തിന്റെ ഗുണകാംക്ഷിയായിരുന്നുവെന്നാണ് ഹൈക്കലിന്റെ അവകാശവാദം. 1973-ലെ റമദാന്‍ യുദ്ധത്തില്‍ ഇസ്രയേലിന്റെ ശക്തി എന്ന മിഥ്യ തകര്‍ന്നപ്പോള്‍ സാദാത്തിന് ആത്മവിശ്വാസം കൂടി. അമേരിക്കയുടെ കെണിയില്‍പെട്ട അദ്ദേഹം ക്യാമ്പ് ഡേവിഡ് കരാറില്‍ ഒപ്പിട്ട് ഇസ്രയേലുമായി രാജിയായി. അതോടെ സാദാത്തും ഹൈക്കലും തമ്മിലുള്ള ബന്ധം പാടേ തകര്‍ന്നു. ഇസ്രയേല്‍ സമാധാനക്കരാര്‍ ബ്രദര്‍ഹുഡിനെയും സാദാത്തില്‍നിന്നകറ്റി. ബ്രദര്‍ഹുഡ് നേതാക്കള്‍ക്കൊപ്പം ഹൈക്കലിനെയും തടവിലിടാന്‍ അക്കാലത്ത് സാദാത്ത് മടിച്ചില്ല. ഹുസ്‌നി മുബാറകിന്റെ കാലത്ത് ജയില്‍മോചിതനായെങ്കിലും 'അല്‍ അഹ്‌റാമി'ല്‍നിന്ന് സാദാത്ത് പുറത്താക്കിയ ഹൈക്കലിന് പിന്നീടൊരിക്കലും ഭരണകൂടത്തില്‍ സ്വാധീനമുറപ്പിക്കാനായില്ല. ജന. അബ്ദുല്‍ ഫത്താഹ് സീസി അറബ് വസന്തത്തെ അട്ടിമറിച്ച് ഈജിപ്ഷ്യന്‍ ന്യായാസനങ്ങളെ ആരാച്ചാര്‍മാരുടെ പ്രഹസന വേദിയാക്കി മാറ്റിയപ്പോഴാണ് ഭരണകൂട സൗഹൃദം ഹൈക്കല്‍ വീണ്ടെടുക്കുന്നത്. ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി നടന്ന സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ നിയമവിരുദ്ധമായി തടവിലിട്ട് അധികാരം തട്ടിയെടുത്ത ജന. സീസിയില്‍ ഹൈക്കല്‍ നാസിറിന്റെ പുനരവതാരം കണ്ടെത്തി.

ഹൈക്കലിന്റെ ശക്തിയും ദൗര്‍ബല്യവുമായിരുന്നു നാസിര്‍. 'രോഷത്തിന്റെ ആയുസ്സ് എത്ര? ഹൈക്കലും അറബ് ബൗദ്ധിക പ്രതിസന്ധിയും' (കം ഉംറുല്‍ ഗദബ്? ഹൈക്കല്‍ വ അസിമ്മത്തുല്‍ അഖ്‌ലില്‍ അറബി) എന്ന ഗ്രന്ഥത്തില്‍ നാസിറും ഹൈക്കലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എഴുത്തുകാരനായ സ്വലാഹ് മുന്‍തസര്‍ പറഞ്ഞതായി ഫുആദ് സകരിയ്യ ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്: ''വിപ്ലവത്തിന്റെ പ്രഥമ വര്‍ഷങ്ങളില്‍തന്നെ നാസിറിന്റെ അടുക്കല്‍ ഹൈക്കല്‍ സവിശേഷ സ്ഥാനം നേടിയെടുക്കാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് പരന്ന വായനയിലൂടെ ലഭ്യമായ സമൃദ്ധമായ വിവരങ്ങള്‍ അദ്ദേഹം വിപ്ലവനായകന് എത്തിച്ചുകൊടുത്തുകൊണ്ടിരുന്നു എന്നതാണ്. ചെറുപ്പക്കാരനായ സൈനിക ഓഫീസറായിരുന്നു അന്ന് നാസിര്‍. വേണ്ടത്ര ഭരണപരിചയമില്ലാതിരുന്ന നാസിറിന് ആ വിവരങ്ങള്‍ അന്ന് അത്യാവശ്യമായിരുന്നു. രഹസ്യങ്ങളുടെ കലവറകള്‍ മുഴുവന്‍ ഹൈക്കലിന് തുറന്നുകൊടുത്തുകൊണ്ട് ഇരട്ടിക്കിരട്ടിയായി നാസിര്‍ ആ കടം വീട്ടുകയും ചെയ്തു'' (പേജ് 17).

ഹൈക്കലിനെ സാദാത്ത് 'അല്‍ അഹ്‌റാ'മില്‍നിന്ന് പുറത്താക്കിയെങ്കിലും ചില രാഷ്ട്രീയ പദവികള്‍ വാഗ്ദാനം ചെയ്തുകൊണ്ട് അതിന് പരിഹാരം ചെയ്യാന്‍ ശ്രമിക്കുകയുണ്ടായി. പക്ഷേ, ആ ഓഫര്‍ തള്ളിക്കളഞ്ഞുകൊണ്ട് ഹൈക്കല്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: ''പ്രസിഡന്റിന് 'അഹ്‌റാമി'ല്‍നിന്ന് എന്നെ പുറത്താക്കാനുള്ള തീരുമാനമെടുക്കാന്‍ അവകാശമുണ്ട്. എന്നാല്‍ എവിടെ പോകണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. അത് എന്റെ മാത്രം തീരുമാനമാണ്. പൂര്‍ണമായും പുസ്തക രചനയില്‍ മുഴുകുക എന്നതാണ് ആ തീരുമാനം'' (ഹൈക്കലിന്റെ 'ഈജിപ്തിനു വേണ്ടി, അബ്ദുന്നാസിറിനു വേണ്ടിയല്ല' - ലി മിസ്ര്‍, ലാ ലി അബ്ദിന്നാസ്വിര്‍ എന്ന കൃതി- പേജ് 11).

വംശീയതയുടെ അപസ്വരം

പക്ഷേ, സാദാത്തിനോടുള്ള കയ്പ് ഒരിക്കലും ഹൈക്കലിന്റെ മനസ്സില്‍നിന്ന് മായുകയുണ്ടായില്ല. സാദാത്ത് അധികാരമേറ്റപ്പോള്‍ 'മുസ്‌ലിം ലോകത്തിന്റെ ചരിത്രനായകനായി മാറും' എന്ന് 'അല്‍ അഹ്‌റാം' പത്രത്തിലെഴുതിയ ഹൈക്കല്‍തന്നെ മുകളിലുദ്ധരിച്ച അതേ കൃതിയില്‍ 'ചരിത്രപുരുഷനെ' പല വിധത്തിലും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയുണ്ടായി. സാദാത്തിനെ ഫ്രീ ഓഫീസര്‍മാരുടെ കൂട്ടത്തില്‍ നാസിര്‍ ഉള്‍പ്പെടുത്തിയത് കൊട്ടാരത്തിലെ ആഭ്യന്തര കാര്യങ്ങള്‍ അറിയാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നും കൊട്ടാര സിരാകേന്ദ്രത്തിലെ പ്രമുഖരുമായുള്ള സാദാത്തിന്റെ ശക്തമായ ബന്ധങ്ങളായിരുന്നു അതിന്റെ കാരണമെന്നുമായിരുന്നു ഹൈക്കലിന്റെ 'കണ്ടെത്തല്‍'. സാദാത്ത് നാസിറിന്റെ ഒപ്പം അവസാനം വരെ നിലയുറപ്പിച്ചത് അദ്ദേഹത്തിന്റെ പ്രകൃതത്തില്‍ അടിയുറച്ചുപോയ അധികാര രുചികൊണ്ടാണെന്നും  ഹൈക്കല്‍ എഴുതി. മാത്രമല്ല, വംശീയമായ അധിക്ഷേപത്തോളം ചെന്നെത്തുന്ന ചില പരാമര്‍ശങ്ങളും ഹൈക്കല്‍ നടത്തുകയുണ്ടായി. മാതാവിന്റെ ആഫ്രിക്കന്‍ കുടുംബവേരുകളില്‍ സാദാത്തിന് അപകര്‍ഷബോധമുണ്ടായിരുന്നുവെന്നും അദ്ദേഹം എഴുതിപ്പിടിപ്പിച്ചു. പിതാവിന്റെ ഇതര ഭാര്യമാരുടെയും സന്താനങ്ങളുടെയും കൂട്ടത്തില്‍ ആ മാതാവിന് വീട്ടിലുണ്ടായിരുന്ന സ്ഥാനം വേലക്കാരിയുടേതായിരുന്നുവത്രെ.

അല്‍ജസീറ ലേഖകനായ നബീല്‍ ഗൂലി ഈ വിശകലനത്തെ കുറിച്ച് ഇങ്ങനെ എഴുതി: ''സാദാത്തിന്റെ രാഷ്ട്രീയ നടപടികള്‍ അബദ്ധമുക്തമാണെന്ന് നിഷ്പക്ഷനായ ഒരാളും കരുതുകയില്ല. ചിലപ്പോള്‍ അവ ഭീമാബദ്ധങ്ങളുമായിരുന്നു. എന്നാല്‍ ഈ ലോകത്തോട് വിടപറഞ്ഞ് സ്വയം പ്രതിരോധിക്കാന്‍ കഴിയാത്ത ഒരവസ്ഥയില്‍ ഒരാളെ എല്ലാ ഗുണങ്ങളും നിഷേധിച്ച് കുറ്റങ്ങളില്‍ ചുരുക്കിക്കെട്ടി വ്യക്തിപരമായും രാഷ്ട്രീയവുമായി തേജോവധം ചെയ്യുന്നത് വംശീയവിദ്വേഷമല്ലാതെ മറ്റൊന്നുമല്ല; മറുവശത്ത് ദുരന്തപൂര്‍ണമായ ദോഷങ്ങളെല്ലാം മാറ്റിനിര്‍ത്തി ഹൈക്കലിന്റെ തൂലികയും ജിഹ്വയും നാസിറിനെ വാനോളം പുകഴ്ത്തുമ്പോള്‍ വിശേഷിച്ചും. ഹൈക്കല്‍ പെരുപ്പിച്ചുകാട്ടുന്ന സാദാത്തിന്റെ ന്യൂനതകളില്‍ മിക്കതിലും ഹൈക്കലിന് കൂടി പങ്കുണ്ടായിരുന്നുവെന്ന് ആ കാലഘട്ടത്തില്‍ ജീവിച്ച ഫുആദ് സകരിയ്യ അനുസ്മരിക്കുന്നു'' (കം ഉംറുല്‍ ഗദബ്, പേജ് 15).

നാസിറിന്റെ സുഹൃത്തുക്കളിലൊരാളായിരുന്ന മുസ്ത്വഫാ അമീനിന്റെ ഉടമസ്ഥതയിലുള്ള 'ആഖിര്‍ സാഅ'യുടെയും 'അഖ്ബാറുല്‍ യൗമി'ന്റെയും മുഖ്യ പത്രാധിപരായിരുന്നു ഹൈക്കല്‍. സര്‍ക്കാര്‍ പത്രമായ 'അല്‍ ജുംഹൂരിയ്യ'യില്‍ പ്രവര്‍ത്തിക്കാന്‍ നാസിര്‍ ആവശ്യപ്പെട്ടിട്ടും 'അഖ്ബാറുല്‍ യൗം' ഹൈക്കല്‍ സ്വയം തെരഞ്ഞെടുത്തത് ആ പത്രസ്ഥാപനത്തിന് അന്നുണ്ടായിരുന്ന സ്ഥാനം പരിഗണിച്ചാണ്. ഹൈക്കലിന്റെ വളര്‍ച്ചയുടെ പ്രധാന നാഴികക്കല്ലുകള്‍ കൂടിയായിരുന്നു മേല്‍പറഞ്ഞ പത്രസ്ഥാപനങ്ങള്‍. എന്നിട്ടും അവയുടെ ഉടമകളായ മുസ്ത്വഫാ അമീന്‍ - അലി അമീന്‍ സഹോദരങ്ങളെ പില്‍ക്കാലത്ത് നാസിര്‍ ജയിലിലിട്ടു പീഡിപ്പിച്ചപ്പോള്‍ ഹൈക്കലിന്റെ മനസ്സാക്ഷി ഉറക്കം തൂങ്ങുകയാണുണ്ടായത് (സ്വാഹിബത്തുല്‍ ജലാല ഫിസ്സന്‍സാന എന്ന ശീര്‍ഷകത്തില്‍ മുസ്ത്വഫാ അമീന്‍ ജയിലനുഭവങ്ങള്‍ പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി).

ഓര്‍മക്കുറിപ്പുകള്‍

ഹെമിംഗ് വേ, ആര്‍തര്‍ കൊയ്‌സ്‌ലര്‍ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ച സ്‌കോട്ട് വാട്ട്‌സണിന്റെ കീഴിലായിരുന്നു ഹൈക്കലിന്റെ പത്രപ്രവര്‍ത്തന പരിശീലനം. 19-ാം വയസ്സില്‍ 'ഈജിപ്ഷ്യന്‍ ഗസറ്റി'ല്‍ അരങ്ങേറ്റം കുറിച്ചു. കൗമാരപ്രായത്തില്‍തന്നെ കഴിവ് തെളിയിക്കുകയും ചെയ്തു. ഹൈക്കലിന്റെ അന്വേഷണാത്മക ലേഖന പരമ്പരകളും രണ്ടാം ലോക യുദ്ധ റിപ്പോര്‍ട്ടുകളും ജനശ്രദ്ധയാകര്‍ഷിച്ചു. പടിപടിയായി ഉയര്‍ന്ന് 'അല്‍ അഹ്‌റാമി'ന്റെ മുഖ്യ പത്രാധിപരായി. സാദാത്ത് പുറത്താക്കിയതോടെ പുസ്തക രചനയിലായി മുഴുവന്‍ ശ്രദ്ധ. നാസിര്‍ യുഗത്തിലെ ഓര്‍മക്കുറിപ്പുകള്‍ എഴുതുന്ന കാര്യം ഹൈക്കല്‍ പരസ്യപ്പെടുത്തിയിരുന്നു. അന്നേ വന്‍കിട ലോക പത്രങ്ങള്‍ അതിന്റെ പ്രസിദ്ധീകരണാവകാശത്തിനായി മത്സരവും ആരംഭിച്ചിരുന്നു. ലോര്‍ഡ് തോംസണ്‍ പ്രസിദ്ധീകരണങ്ങളായ 'ടൈംസ്', 'സ്‌കോട്ടിഷ് മാന്‍', 'ലണ്ടന്‍ ടൈംസ്' തുടങ്ങിയ വിശ്രുത പത്രങ്ങളുടെ ചീഫ് എഡിറ്ററും തന്റെ ഉറ്റ സുഹൃത്തുമായ ഡെന്നിസ് ഹാമില്‍ട്ടനുമായി ഇതു സംബന്ധിച്ച് ഹൈക്കല്‍ വിശദമായ ചര്‍ച്ച നടത്തി. ഹൈക്കലിന്റെ അടുത്ത സുഹൃത്ത് എന്നതിനു പുറമെ ഈജിപ്ത്-ബ്രിട്ടന്‍ ബന്ധങ്ങള്‍ വഷളായിരുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഈജിപ്ഷ്യന്‍ നേതൃത്വവുമായി സ്‌നേഹബന്ധങ്ങള്‍ പുലര്‍ത്തിയിരുന്ന ഏക ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനെന്ന നിലയിലും ഓര്‍മക്കുറിപ്പുകളുടെ പ്രസിദ്ധീകരണാവകാശം ഹാമില്‍ട്ടന് ലഭിക്കുമെന്നായിരുന്നു അക്കാലത്ത് ലണ്ടന്‍ പത്രലോകത്ത് പ്രചരിച്ച അഭ്യൂഹം. ഇതിനിടെ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഹൈക്കലിനെ ലണ്ടന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. നാസിറിന്റെ മരണത്തിനു മുമ്പുതന്നെ ബ്രിട്ടീഷ്-ഈജിപ്ഷ്യന്‍ ബന്ധങ്ങള്‍ മെച്ചപ്പെട്ടുതുടങ്ങിയിരുന്നു. കണ്‍സര്‍വേറ്റീവ് കക്ഷി അധികാരത്തില്‍ വന്നതോടെ ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് കൂടുതല്‍ ഈടും ലഭിച്ചുതുടങ്ങി. നാസിറിന്റെ വിയോഗത്തില്‍ അനുശോചിക്കാനെത്തിയവരില്‍ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി അലക്‌സ് ഡഗ്ലസ് ഹ്യൂമും ഉണ്ടായിരുന്നു. സൂയസ് ദേശസാല്‍ക്കരണത്തെത്തുടര്‍ന്ന് ബന്ധം വഷളായ ശേഷം ഒരു ബ്രിട്ടീഷ് മന്ത്രിയുടെ ആദ്യ സന്ദര്‍ശനം. ഹൈക്കലിന്റെ ലണ്ടന്‍ സന്ദര്‍ശനത്തിന് ഔദ്യോഗിക ക്ഷണം നല്‍കാനുള്ള ലോര്‍ഡ് തോംസന്റെയും ഡെന്നീസ് ഹാമില്‍ട്ടന്റെയും നിര്‍ദേശം ബ്രിട്ടീഷ് ഗവണ്‍മെന്റ് താല്‍പര്യപൂര്‍വം പരിഗണിച്ചതില്‍ ഈ ഘടകങ്ങള്‍ക്കൊക്കെ പങ്കുണ്ട്. അന്ന് മന്ത്രിയായിരുന്നിട്ടും 'അല്‍ അഹ്‌റാം' പത്രാധിപര്‍ എന്ന നിലക്കായിരുന്നു ക്ഷണം.

സാദാത്ത് അധികാരമേറ്റ ശേഷം മന്ത്രിപദവി രാജിവെച്ച ഹൈക്കല്‍ ക്ഷണം സ്വീകരിച്ച് ലണ്ടനിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഹീത്ത്, വിദേശ കാര്യമന്ത്രി അലക്‌സ് ഡഗ്ലസ് ഹ്യൂം, പ്രതിപക്ഷ നേതാവ് ഹരോള്‍ഡ് വില്‍സന്‍ തുടങ്ങിയവര്‍ പങ്കെടുത്ത അന്തസ്സുറ്റ സ്വീകരണമാണ് ഹൈക്കലിനു ലഭിച്ചത്. ലോര്‍ഡ് തോംസണ്‍ ഹൈക്കലിന്റെ സാന്നിധ്യം ഉപയോഗപ്പെടുത്തി 45000 പൗണ്ട് പ്രതിഫലത്തിന്മേല്‍ 'സണ്‍ഡെ ടൈംസി'ല്‍ ഓര്‍മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി തേടി. തോംസണ്‍ പ്രസിദ്ധീകരണങ്ങളുടെ പ്രമുഖ എഡിറ്റര്‍മാരിലൊരാളായ പീറ്റര്‍ മോന്‍സ്ഫീല്‍ഡിനെ സഹായിയായി നല്‍കാനും തയാറായി. 'സണ്‍ഡേ ടൈംസി'ന്റെ മുന്‍ കയ്‌റോ ലേഖകനായിരുന്ന മോന്‍സ്ഫീല്‍ഡ് വിപ്ലവാനന്തര ഈജിപ്തിനെ കുറിച്ച് എഴുതിയ ഗ്രന്ഥം ആ വിഷയത്തില്‍ ഏറ്റവും നല്ല ആധാരമാണ്.

ഈയവസരത്തില്‍തന്നെ 'ഒബ്‌സര്‍വറി'ല്‍നിന്ന് മറ്റൊരു ഓഫറും ലഭിച്ചു. ഓര്‍മക്കുറിപ്പുകള്‍ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ റോയല്‍റ്റിക്ക് പുറമെ 30000 പൗണ്ടായിരുന്നു 'ഒബ്‌സര്‍വറി'ന്റെ ഓഫര്‍. ഒരു മുന്‍ മധ്യപൗരസ്ത്യകാര്യ ലേഖകനെ സഹായിയായി നല്‍കാനും സന്നദ്ധമായി. അപ്പോഴാണ് 'ഡെയ്‌ലി ടെലിഗ്രാഫി'ന്റെ വാഗ്ദാനം-70000 സ്റ്റര്‍ലിംഗ് പൗണ്ട്. എന്നും ഈജിപ്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരായിരുന്ന 'ടെലിഗ്രാഫ്' കടുത്ത സയണിസ്റ്റ് അനുകൂല പത്രമാണ്. എന്നിട്ടും 'ടെലിഗ്രാഫി'നാണ് ഓര്‍മക്കുറിപ്പുകളുടെ പ്രസിദ്ധീകരണാവകാശം ഹൈക്കല്‍ നല്‍കിയത്. സുഹൃത്തായ തോംസനെ അത് ഞെട്ടിച്ചു. നാസിറിനെയും ഈജിപ്തിനെയും എതിര്‍ത്തുപോന്ന പത്രത്തിലൂടെതന്നെ 'സൂയസ് വീര'ന്റെ അപദാനങ്ങള്‍ പുറത്തുവരട്ടെ എന്ന് ഹൈക്കല്‍ കരുതിക്കാണണം!

ഈജിപ്തില്‍ അറബ് വസന്തത്തിന്റെ മുന്നോടിയായി തഹ്‌രീര്‍ സ്‌ക്വയറില്‍ ജനം പ്രക്ഷോഭം കൂട്ടുമ്പോള്‍ ഹൈക്കലിന്റെ സാന്നിധ്യം അവിടെയെങ്ങുമുണ്ടായിരുന്നില്ല. എന്നാല്‍ പ്രക്ഷോഭം വിജയിച്ചപ്പോള്‍ അറബ് വസന്തത്തിന്റെ വക്താവായി അദ്ദേഹം രംഗപ്രവേശം ചെയ്തു. മുബാറക് യുഗത്തില്‍ ഗ്രന്ഥരചനകളില്‍ മുഴുകിയ ഹൈക്കല്‍ വ്യവസ്ഥിതിക്കെതിരിലായിരുന്നുവെന്നത് ശരിയാണ്. ആ നിലക്ക് മുബാറകിന്റെ പതനത്തിലുള്ള അദ്ദേഹത്തിന്റെ ആഹ്ലാദത്തില്‍ അത്ഭുതമില്ല. പക്ഷേ, മുബാറക് ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളും ലിബറലുകളുമടക്കമുള്ള ജനക്കൂട്ടം, പ്രതിവിപ്ലവം സംഘടിപ്പിച്ചപ്പോള്‍ ഹൈക്കല്‍ അവരോടൊപ്പം ചേര്‍ന്നു. സീസിയെ പരസ്യമായി പിന്തുണക്കാന്‍ വരെ മുന്നോട്ടുവന്നു. 

അങ്ങനെ എല്ലാ രംഗങ്ങളിലും മുബാറകിനേക്കാള്‍ മോശമായൊരു ഭരണത്തിന് സാക്ഷിയായിക്കൊണ്ട് ജീവിതത്തോട് വിടപറയാനാണ് അദ്ദേഹത്തിന് യോഗമുണ്ടായത്. ലമീസ് ഹദീദി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ നിരാശ പ്രകടമായിരുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /112-118
എ.വൈ.ആര്‍