Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 04

2941

1437 ജമാദുല്‍ അവ്വല്‍ 24

ദൈവത്തിന്റെ വീട്

സത്യചന്ദ്രന്‍ പൊയില്‍ക്കാവ്

അവരുടെ നിലവിളിയാണ്
നമ്മുടെ പ്രാര്‍ഥന
അദ്ദേഹം പറഞ്ഞു
അങ്ങനെയാണ്
ഒരു പ്രത്യേക സമുദായത്തില്‍പെട്ടവരെ
കൊല്ലുന്നതില്‍ പാപമില്ലെന്ന കവിത
ഞാന്‍ എഴുതിയതും
പ്രസിദ്ധീകരിച്ചുവന്നതും
അതോടെ ഞാന്‍ 
ആസ്ഥാന കവിയായി
അഭിമുഖങ്ങള്‍
ആത്മഭാഷണങ്ങള്‍
ആനന്ദത്തിന്റെ വഴികള്‍ പലതും 
തുറക്കപ്പെട്ടു
മറ്റുള്ളവരുടെ സാന്നിധ്യം
മറ്റുള്ളവരുടെ നന്മ
മറ്റുള്ളവരുടെ പ്രാര്‍ഥന
ഒന്നും നമുക്ക് വേണ്ട
നമ്മുടെ ദൈവത്തിനു വേണ്ട
ഞാന്‍ പറഞ്ഞുതുടങ്ങി
അങ്ങനെ എന്റെ പേര് ഞാന്‍ മറന്നു
എന്റെ മതം മാത്രം ഞാന്‍ ഓര്‍ത്തു.
എനിക്കു ചുറ്റും ഇപ്പോള്‍ ദൈവങ്ങള്‍
വാടകക്ക് കൊടുത്ത വീടുകളാണ്
കാലത്തിന്റെ ശൂന്യതയാണവിടത്തെ
താമസക്കാര്‍. 

 

ദൈവം

തേന്‍ നുകര്‍ന്ന
പൂമ്പാറ്റയോട് പൂവ്
നീ വിശ്വസിച്ചാലും ഇല്ലെങ്കിലും
നീ ദൈവത്തെ അനുഭവിക്കുന്നു.

കുടിയിറക്ക്

കട്ടിലില്‍ ചെവി-
ചേര്‍ത്താല്‍ കേള്‍ക്കും
പാര്‍പ്പിടം നഷ്ടപ്പെട്ട
ഇണകളെ ഓര്‍ക്കുന്ന
ഒരു കാടിന്റെ വിലാപം.

പോരാളി

ചിരട്ടയില്‍
അവശേഷിച്ച
ഒരു നീര്‍ത്തുള്ളി
വെയിലിനോട് ...
വീണ്ടും നിനക്കെതിരില്‍
മഴയായി വരും.

ദൗത്യം

ഒരു ഉറുമ്പിനെ
ചിറകിലൊളിപ്പിച്ച്
മുറ്റത്തൊരില
കരിഞ്ഞു തീരുവോളം
തണലാകുമെന്ന്
വെയിലിനോട്.

കെ.ടി. അസീസ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /112-118
എ.വൈ.ആര്‍