Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 04

2941

1437 ജമാദുല്‍ അവ്വല്‍ 24

എന്താണ് രാജ്യസ്‌നേഹം, സര്‍?

എ. റശീദുദ്ദീന്‍

ത്രപ്രവര്‍ത്തകയായ ഒരു സുഹൃത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍ പെണ്ണിന്റെ ചാരിത്ര്യവും മുസ്‌ലിമിന്റെ ദേശസ്‌നേഹവും ആര്‍ക്കും ചോദ്യം ചെയ്യാനാവുന്ന കാലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. എന്നാല്‍ മുസ്‌ലിമിനു മാത്രമല്ല ദേശീയതയെക്കുറിച്ച് പറയുമ്പോള്‍ ഏതൊരാള്‍ക്കും ഞാന്‍ ദേശസ്‌നേഹിയാണ് എന്ന മുഖവുരയില്ലാതെ ഇന്ത്യയെ കുറിച്ച് ഒന്നും പറയാനാവാത്ത അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. രാജ്യത്തിനു വേണ്ടി ഒറ്റ നേതാവും ആത്മഹത്യ പോലും ചെയ്തിട്ടില്ലാത്ത സംഘ്പരിവാറിന്റെ മുമ്പിലാകണമെന്നു മാത്രം! ഇന്ത്യക്കു വേണ്ടി പിതാവും മുത്തശ്ശിയും രക്തസാക്ഷിത്വം വരിച്ച  രാഹുല്‍ ഗാന്ധിക്കു പോലും ഈ മാപ്പുസാക്ഷി നിലപാട് സ്വീകരിക്കേണ്ടിവരുന്നു. രാഷ്ട്രപതിയെ കണ്ട് പുറത്തിറങ്ങി വന്ന രാഹുല്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ തന്റെ കുടുംബത്തിന്റെ ജീവത്യാഗം അനുസ്മരിച്ചത് ശ്രദ്ധിക്കുക. കോണ്‍ഗ്രസ്സാകട്ടെ, സി.പി.എമ്മാകട്ടെ ആരുമാകട്ടെ ആര്‍.എസ്.എസ്സിനോട് ഇങ്ങനെ കുനിഞ്ഞു നിന്ന് സംസാരിക്കേണ്ട കാര്യമെന്ത്? ഭീകരവാദ കേസില്‍ ടാഡ കോടതി ശിക്ഷിച്ച സഞ്ജയ് ദത്തിനുവേണ്ടി പ്രസ്താവനയിറക്കിയ മോഹന്‍ലാലിനു വരെരാജ്യസ്‌നേഹത്തെ കുറിച്ച് പറയാമെന്നുവന്ന ഈ അസംബന്ധത്തെ അങ്ങനെയങ്ങ് വകവെച്ചുകൊടുക്കേണ്ട കാര്യമെന്ത്? 

രാഷ്ട്രം റിപ്പബ്ലിക്കായി നീണ്ട 52 വര്‍ഷങ്ങള്‍ക്കു ശേഷം 2002 ജനുവരി 26-നാണ് നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയര്‍ത്തിയത്. അന്ന് വാജ്‌പേയി നയിച്ച എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലിരിക്കവെ വിമര്‍ശകരെ അടക്കിയിരുത്താന്‍ നിര്‍ബന്ധിതരായപ്പോഴാണ് അന്നത്തെ ആര്‍.എസ്.എസ് തലവന്‍ സുദര്‍ശന്‍ വിരലിലെണ്ണാവുന്ന നേതാക്കളെ വിളിച്ചുകൂട്ടി രാഷ്ട്ര പതാക ഉയര്‍ത്തുകയും അതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തത്. അതുവരെ നാഗ്പൂരില്‍ ആര്‍.എസ്.എസ്സിന്റെ കാവിക്കൊടിയായിരുന്നു ഉയര്‍ത്തിയിരുന്നത്. എന്നാല്‍, ഇതേ കാലത്ത് മുസ്‌ലിംകള്‍ ദേശീയ പതാക ഉയര്‍ത്തുന്നില്ലെന്ന് കുറ്റപ്പെടുത്തി കര്‍ണാടകയിലെ ഹുബ്ലിയിലെ ഈദ്ഗാഹ് മൈതാനത്തേക്ക് എല്ലാ റിപ്പബ്ലിക് ദിനത്തിലും ആര്‍.എസ്.എസ്സുകാര്‍ മാര്‍ച്ച് നടത്തുകയും നഗരത്തില്‍ കലാപം സൃഷ്ടിക്കുകയും ചെയ്യാറുണ്ടായിരുന്നു. സ്വന്തം ഓഫീസില്‍ ഉയര്‍ത്തുന്നതിന് സിദ്ധാന്തം തടസ്സമായിരുന്ന കൂട്ടരാണ് അന്യന്റെ ആരാധനാസ്ഥലത്ത് ദേശീയത വളര്‍ത്താന്‍ കുറുവടിയുമായി അക്കാലത്ത് ഇറങ്ങിപ്പുറപ്പെട്ടിരുന്നത്. 

അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തിലും ഇതേ കാപട്യമാണ് ആര്‍.എസ്.എസ് കാണിക്കുന്നത്. ഈ വിഷയത്തില്‍ നീതിവാഴ്ചയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു മാത്രം ഉന്നയിക്കാനാവില്ലെന്ന കുരുട്ടുവാദമാണ് സംഘ് പരിവാറിന്റേത്. അഫ്‌സല്‍ നിയമപരമായി തെറ്റ് ചെയ്തു എന്ന വാദം അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഈ കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന വാദം കഴിഞ്ഞ ഏതാനും വര്‍ഷമായി അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങുകളില്‍ നടക്കുന്നത്. ഹംഹാമ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സില്‍ ജോലി ചെയ്തിരുന്ന ദര്‍വീന്ദര്‍ സിംഗ് എന്ന കമാന്ററാണ് പാര്‍ലമെന്റ് ആക്രമണ കേസില്‍ വെടിയേറ്റു മരിച്ച അഞ്ച് ഭീകരരില്‍ ഒരാളെ ദല്‍ഹിയിലെത്തിക്കാന്‍ അഫ്‌സലിനോട് ആവശ്യപ്പെട്ടതെന്നും കീഴടങ്ങിയ തീവ്രവാദി എന്ന നിലയില്‍ അഫ്‌സല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിമ മാത്രമായിരുന്നുവെന്നും കഴിഞ്ഞ എത്രയോ വര്‍ഷമായി രാജ്യത്ത് ആരോപണമുയരുന്നുണ്ട്. കേവലമായ ആരോപണം എന്നതിലപ്പുറം കോടതി രേഖകളിലടക്കം ഇതിന് തെളിവുണ്ടെന്നും ദര്‍വീന്ദര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ വിചാരണയില്ലാതെ രക്ഷപ്പെടുന്നു എന്നതും ഈ ചര്‍ച്ചകളെ പ്രസക്തമാക്കുന്നുമുണ്ട്. രാജ്യം സുരക്ഷിതമാവണം എന്ന ആഗ്രഹമല്ലേ ഈ വാദം ഉന്നയിക്കുന്നവരുടേത്? ഈ ആരോപണങ്ങള്‍ സത്യമല്ലെന്ന് തെളിയിച്ചതിനു ശേഷമല്ലേ ഇത്തരം ചര്‍ച്ചകളെ  രാജ്യസ്‌നേഹത്തിന്റെ പേരില്‍ എതിര്‍ക്കാനാവുക? അത്തരം ചര്‍ച്ചകള്‍ യൂനിവേഴ്‌സിറ്റികള്‍ക്കകത്തു പോലും നടത്താന്‍ പാടില്ലെങ്കില്‍ കുന്തിയുടെ ടെസ്റ്റ് ട്യൂബ് ശിശുക്കളെ കുറിച്ചും മഹാഭാരത യുദ്ധത്തില്‍ ഉപയോഗിച്ച ആണവായുധങ്ങളെക്കുറിച്ചുമാണോ വിദ്യാര്‍ഥികള്‍ പ്രബന്ധങ്ങളെഴുതേണ്ടത്? 

നിങ്ങള്‍ അഫ്‌സലിന് ഒപ്പമാണോ, അല്ലേ എന്ന 'യെസ് ഓര്‍ നോ' ചോദ്യമുന്നയിക്കുന്ന ബി.ജെ.പി കശ്മീരിലെ ബാന്ദിപ്പോരയില്‍ നടന്ന റാലിയില്‍ മുഫ്തി മുഹമ്മദ് സഈദ് നടത്തിയ പ്രസംഗം ഒരാവൃത്തികൂടി വായിച്ചുനോക്കൂ. എന്താണ് മുഫ്തി അഫ്‌സലിനെ കുറിച്ച് പറഞ്ഞത്? ജെ.എന്‍.യുവിലെ വിദ്യാര്‍ഥികളുടെ സെമിനാറും പ്രസ് ക്ലബ്ബിലെ ഗീലാനിയുടെ ടെലിഫോണ്‍ പ്രസംഗവും രാജ്യദ്രോഹമാണെങ്കില്‍ മുഫ്തിയെ 'ഭാരത് മാതാ കീ ജയ്' വിളിപ്പിച്ച് ജയിലിലടക്കുകയും ജമ്മു കോടതിവളപ്പില്‍ ഗുണ്ടകളെ ഇറക്കി അടിപ്പിക്കുകയുമായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്? ദേശദ്രോഹ കേസില്‍ ശിക്ഷിക്കപ്പെട്ട വാര്യംസിംഗ് സന്ധുവിനെ പോയവാരം ബറേലി ജയിലില്‍നിന്ന് വിട്ടയച്ചത് രാജ്‌നാഥ് ആയിരുന്നില്ലേ? എന്തേ പേരറിവാളന്റെ കാര്യത്തില്‍ ഇതേ അളവുകോല്‍ ബാധകമല്ല? ഖലിസ്ഥാനു വേണ്ടി ദല്‍ഹിയില്‍ കാര്‍ബോംബ് സ്‌ഫോടനം നടത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളറിന്റെയും കൂട്ടുപ്രതി ബല്‍വന്ത് സിംഗ് രജോണയുടെയും ശിക്ഷാ വിധി നടപ്പാക്കുന്നതിനു പകരം 2014-ല്‍ ഇവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയായി ഇളവു നല്‍കിയത് മോദി സര്‍ക്കാറിന്റെ ഇടപെടല്‍ കാരണമായിരുന്നില്ലേ? അന്നത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മനീന്ദര്‍ജിത്ത് സിംഗ് ഭിട്ട അടക്കമുള്ളവര്‍ക്ക് പരിക്കേറ്റ സ്‌ഫോടനത്തില്‍ ഒമ്പത് പേരായിരുന്നു കൊല്ലപ്പെട്ടത്. ഭുള്ളറെ തൂക്കരുതെന്ന് പഞ്ചാബ് അസംബ്ലി പ്രമേയം പാസ്സാക്കിയതു പോലെ അഫ്‌സലിന്റെ കാര്യത്തില്‍ കശ്മീരിലെ ഉമര്‍ അബ്ദുല്ലാ സര്‍ക്കാറും പ്രമേയം പാസ്സാക്കിയിരുന്നില്ലേ? 

1983-ല്‍ ദല്‍ഹിയില്‍ വന്ന് പരസ്യമായി ഭരണഘടന കത്തിച്ച പ്രകാശ് സിംഗ് ബാദലിന്റെ കൂടെ പഞ്ചാബില്‍ ഭരണം നടത്തുക, എ.ബി.വി.പിക്കാര്‍ ഭോപാലില്‍ ഭരണഘടന കത്തിച്ച സംഭവത്തിലും ജെ.എന്‍.യുവില്‍ പാകിസ്താനെ അനുകൂലിച്ച് സിന്ദാബാദ് വിളിച്ച കേസിലും ഒരു നടപടിയും എടുക്കാതിരിക്കുക, ഗാന്ധിജിയെ കൊന്ന ഗോഡ്‌സെ എന്ന കൊടും ഭീകരനെ ദിവ്യനാക്കുന്ന ഹിന്ദു മഹാസഭക്കാരുടെ  അജണ്ടകള്‍ക്ക് ഒളിസേവ ചെയ്യുക, രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ഹേമന്ത് കര്‍ക്കരെയെ പരിഹസിക്കുന്ന പ്രാചിയെ സന്യാസിനിയുടെ വേഷം കെട്ടിച്ച് എഴുന്നള്ളിക്കുക, വ്യാജ വീഡിയോ നിര്‍മിച്ച് രാജ്യത്ത് മതസ്പര്‍ധ സൃഷ്ടിച്ച സീ ടിവിക്കെതിരെയും അത് പ്രചരിപ്പിച്ച ടൈംസ് നൗ, ന്യൂസ് എക്‌സ് മുതലായ ചാനലുകള്‍ക്ക് എതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുക... ഇതൊക്കെയാണോ സര്‍, രാജ്യസ്‌നേഹം?  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /112-118
എ.വൈ.ആര്‍