Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 04

2941

1437 ജമാദുല്‍ അവ്വല്‍ 24

ദാമ്പത്യത്തിലെ കഴുകക്കണ്ണുകള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

രക്കുമീതെ ഓര്‍ക്കാപ്പുറത്ത് ചാടിവീഴുന്നതാണ് കഴുകന്റെ സ്വഭാവം. പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ സുതാര്യമായ ബന്ധമാണ് ദാമ്പത്യജീവിതത്തിന്റെ അടിസ്ഥാനം. സൈ്വരമായും സ്വസ്ഥമായും ജീവിക്കാന്‍ ഇതാവശ്യമാണ്. മൊബൈല്‍ ഫോണുകളുടെ വ്യാപക പ്രചാരവും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ ആധിക്യവും കാരണം മിക്ക വീടുകളും കഴുകന്‍ ചിന്തയിലേക്ക് മാറിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഉറങ്ങിക്കൊണ്ടിരിക്കുന്ന ഭര്‍ത്താവിന്റെ വിരലടയാളം അയാളറിയാതെ എടുത്ത് മൊബൈല്‍ ഫോണ്‍ ഓണാക്കി അയാളുടെ മെസ്സേജുകളും കോളുകളും സ്ഥിരമായി പരിശോധിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ എനിക്കറിയാം. അത് അയാള്‍ കണ്ടുപിടിച്ചു. പിന്നെ കാല്‍ വിരലിന്റെ പ്രിന്റാക്കി അയാള്‍ തന്റെ മൊബൈലിന്റെ രഹസ്യകോഡ്. ഓഫീസില്‍നിന്ന് പതിനൊന്നു മണിക്കിറങ്ങി ഭാര്യയെ അറിയിക്കാതെ വീട്ടില്‍ ചെല്ലുന്ന ഒരു ഭര്‍ത്താവിനെയും അറിയാം. തന്റെ അഭാവത്തില്‍ ഭാര്യ എന്തെടുക്കുന്നു എന്നറിയാനാണ് അയാളുടെ 'മിന്നല്‍' സന്ദര്‍ശനം. ഭര്‍ത്താവിന്റെ കാറില്‍ അയാളുടെ സംഭാഷണങ്ങള്‍ കട്ടുകേള്‍ക്കാന്‍ 'ഇലക്ട്രോണിക് ഡിവൈസ്' സ്വകാര്യമായി ഘടിപ്പിച്ച ഭാര്യയെ അറിയാം. ഭാര്യയെ അവര്‍ അറിയാതെ നിരീക്ഷിക്കാന്‍ വീട്ടില്‍ 'കാന്‍ഡിഡ് കാമറ' ഘടിപ്പിച്ച് തന്റെ നെറ്റിടെക് കണക്ഷന്‍ നല്‍കിയ ഭര്‍ത്താവുണ്ട്. ഇങ്ങനെ ദാമ്പത്യജീവിതത്തില്‍ 'കഴുകന്‍ നയം' സ്വീകരിക്കുന്ന നിരവധി ദമ്പതികളെ എന്റെ കൗണ്‍സലിംഗ് അനുഭവങ്ങളില്‍ പരിചയപ്പെടേണ്ടിവന്നിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് ഒരു സ്ത്രീ ഓഫീസില്‍ കയറിവന്ന് എന്നോട് പറഞ്ഞു: ''ഞാന്‍ കുറേ കാലമായി ഭര്‍ത്താവിനെ നിരീക്ഷിച്ചും ആകസ്മിക സന്ദര്‍ശനങ്ങള്‍ നടത്തി അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ടുമിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിത രഹസ്യങ്ങള്‍ കണ്ടുപിടിക്കാനാണത്. ഇത് എന്റെ സ്വഭാവത്തില്‍ ഉണ്ടാക്കിയ അപകടകരമായ മാറ്റം എനിക്കിപ്പോള്‍ ബോധ്യപ്പെട്ടിരിക്കുകയാണ്. ഞാന്‍ ഭയങ്കര ദേഷ്യക്കാരിയായി തീര്‍ന്നിരിക്കുന്നു. എനിക്ക് എന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. കോപവും അമര്‍ഷവുമെല്ലാം മക്കളെ തല്ലിയും ശകാരിച്ചും തീര്‍ക്കുകയാണ് ഞാന്‍.''

മറ്റൊരാള്‍ പറഞ്ഞതിങ്ങനെ: ''ഭാര്യയെ രഹസ്യമായി നിരീക്ഷിച്ചും ചാരവൃത്തി നടത്തിയും കുറേക്കാലമായി കഴിയുന്നു ഞാന്‍. ഇത് എന്റെ ഔദ്യോഗിക-പൊതുജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. അവള്‍ നിനച്ചിരിക്കാത്ത നേരത്ത് 'മിന്നല്‍' സന്ദര്‍ശനങ്ങള്‍ നടത്തി അവളെ അങ്കലാപ്പിലാക്കുന്ന പണി എന്റെ ജീവിതത്തെയും കരിയറിനെയും അവതാളത്തിലാക്കി.'' ഒരുവേള ഇരുവരും തങ്ങളുടെ 'ഇരകളു'ടെ മേല്‍ അവിചാരിതമായി ചാടിവീഴുന്നതു മൂലം താല്‍ക്കാലിക വിജയങ്ങള്‍ കൈവരിക്കുന്നുണ്ടാവാം. പക്ഷേ ഈ രീതി അത്തരക്കാരെ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതുകൊണ്ടൊക്കെയാവും നമ്മുടെ വലിയുമ്മമാര്‍ വിവാഹ വേളയില്‍ തങ്ങളുടെ പേരക്കുട്ടികള്‍ക്ക് ഉപദേശം നല്‍കിയിരുന്നത്; 'മോളേ! നിന്റെ ഭര്‍ത്താവ് വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങിയാല്‍ പിന്നെ നിന്റെ ഭര്‍ത്താവല്ലെന്ന് ഓര്‍മവേണം.'  വീട്ടിനു പുറത്ത് ഭര്‍ത്താവിനെ നിരീക്ഷിക്കുന്ന സ്വഭാവം ദാമ്പത്യബന്ധത്തെയും വീടിനെയും തകര്‍ക്കുമെന്ന തിരിച്ചറിവാണ്  ഈ ഉപദേശത്തിനു പിന്നില്‍.

സ്ത്രീയുടെ സ്വകാര്യതയെ മാനിച്ചവരായിരുന്നു സ്വഹാബിമാരും സദ്‌വൃത്തരായ മുന്‍ഗാമികളും. അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ പത്‌നിയായ സൈനബിനെക്കുറിച്ച് ഇബ്‌നുകസീര്‍ രേഖപ്പെടുത്തുന്നു: 'അബ്ദുല്ല എന്തെങ്കിലും ആവശ്യങ്ങള്‍ കഴിച്ചു തിരിച്ചുവന്നാല്‍ വാതില്‍ക്കല്‍ വെച്ച് മുരടനക്കും.' താന്‍ വന്നിരിക്കുന്നു എന്ന സൂചന ഭാര്യക്ക് നല്‍കുകയാണ് അദ്ദേഹം. ഭര്‍ത്താവിന്റെ ഈ സ്വഭാവത്തിന് കാരണം സൈനബ് വിശദീകരിക്കുന്നു: 'തനിക്ക് അരോചകമോ അഹിതകരമോ ആയതൊന്നും കാണാനിടവരരുത് എന്ന നിര്‍ബന്ധമാണ് കാരണം.' ഭാര്യയുടെ സ്വകാര്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന രീതിയാണിത്. ഭാര്യയോട് കഴുകന്‍സ്വഭാവത്തോടെ പെരുമാറാന്‍ ഇഷ്ടപ്പെടാത്ത സംസ്‌കാരമുള്ള ഈ പെരുമാറ്റത്തിന്റെ ഉദാത്തതയെകുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ സുതാര്യതയാണ് ഈ ദമ്പതികളുടെ സ്വഭാവ സവിശേഷത. ദാമ്പത്യബന്ധത്തില്‍ സൈ്വര്യവും സമാധാനവും ഉണ്ടാക്കുന്ന രീതിയാണിത്. ഇതുകൊണ്ടാണ് നബി (സ)യുടെ കര്‍ശന നിര്‍ദേശത്തെക്കുറിച്ച് ഹദീസില്‍ വന്ന സൂചന. കുടുംബത്തിലെ ന്യൂനതകളും വീഴ്ചകളും കണ്ടുപിടിക്കാന്‍ ചതിപ്രയോഗം നടത്തി രാത്രി ഭാര്യയുടെ വാതിലില്‍ മുട്ടിവിളിക്കുന്നത് നബി (സ) വിലക്കിയിട്ടുണ്ട്. ഓര്‍ക്കാപ്പുറത്ത് ഭാര്യയുടെ മേല്‍ ചാടിവീണ് അവളെ വേട്ടയാടുന്ന സ്വഭാവത്തിന്റെ അപകടം മനസ്സിലാക്കിയാണ് നബി(സ)യുടെ ഈ നിര്‍ദേശം.

'ആത്മരോഷം' എന്ന കാരണം പറഞ്ഞ് തന്റെ ഭാര്യയെ രഹസ്യമായി നിരീക്ഷിക്കുകയും നിനച്ചിരിക്കാതെ അവരുടെ മേല്‍ ചാടിവീഴുകയും ചെയ്യുന്ന നടപടിയെ ന്യായീകരിക്കുന്ന ഒരു ഭര്‍ത്താവിനെ എനിക്ക് പരിചയമുണ്ട്. അയാളുടെ സംസാരത്തില്‍ ഇടപെട്ട് ഞാന്‍: ''തെറ്റിനേക്കാള്‍ മ്ലേഛവും വൃത്തിഹീനവുമായ കാരണമാണ് നിങ്ങള്‍ പറഞ്ഞത്. 'ആത്മരോഷം' നിങ്ങളുടെ തെറ്റായ പ്രവൃത്തിക്ക് ന്യായീകരണമാവുന്നില്ല.'' കഴുകന്‍സ്വഭാവത്തോടെ ഭാര്യയുടെ മേല്‍ അപ്രതീക്ഷിതമായി ചാടിവീഴുന്ന ഭര്‍ത്താവിന്റെ നടപടികളാല്‍ ഭ്രാന്തിയായിത്തീര്‍ന്ന ഒരു ഭാര്യയെ എനിക്കറിയാം. ഭര്‍ത്താവ് ഒരിക്കലും ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ അയാള്‍ ചെയ്്തിട്ടുണ്ടെന്ന തോന്നലും 'വസ്‌വാസു' (Obsessive Compalsive Disorder)മായിരുന്നു ആദ്യം അവളില്‍ പ്രത്യക്ഷപ്പെട്ടത്. അത് മൂത്ത് ഉന്മാദമായി, ഭ്രാന്തായി തീര്‍ന്നു.

കഴുകന്റെ ഒരു സ്വഭാവമാണ് നാം മുകളില്‍ വിശദീകരിച്ചത്. അതിന്റെ രണ്ടാമത്തെ സ്വഭാവം അത് അധികവും രാത്രി സഞ്ചരിക്കുന്ന ജീവിയാണ് എന്നതാണ്. സന്ധ്യ കഴിഞ്ഞാണ് പലപ്പോഴും അതിന്റെ ഇരപിടിത്തം. ശവം കണ്ടാല്‍ അത് കുഞ്ഞുങ്ങള്‍ക്കു വേണ്ടി കൊത്തിക്കൊണ്ടുപോകും. അല്ലെങ്കില്‍ സ്വയം ഭക്ഷിക്കും. പരിസര ശുചീകരണദൗത്യം നന്നായി നിര്‍വഹിക്കുന്നുണ്ട് അത്. ശ്മശാനങ്ങളും കുഴിമാടങ്ങളും മാന്തി അവശിഷ്ടങ്ങള്‍ തിന്നാനും അതിന് താല്‍പര്യമാണ്. എന്നാല്‍ വിവാഹ ജീവിതത്തിലെ കഴുകന്‍ പെരുമാറ്റം കുടുംബജീവിതം തകര്‍ക്കുമെന്ന് ദമ്പതികള്‍ മറക്കാതിരിക്കുക.

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /112-118
എ.വൈ.ആര്‍