നന്ദിയുള്ള അടിമകളാകുക
വിശ്വാസികളില്‍ അല്ലാഹുവിന്റെ സ്‌നേഹവും പ്രീതിയും സാമീപ്യവും നേടി നന്ദിയുള്ള അടിമകളാകാന്‍ കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. സത്യവിശ്വാസികളുടെ ജീവിതലക്ഷ്യവും ഏറ്റവും വലിയ നേട്ടവും സൗഭാഗ്യവും അതുതന്നെ. 'നീ അല്ലാഹുവിനെ ഇഷ്ടപ്പെടലല്ല, അല്ലാഹു നിന്നെ നഷ്ടപ്പെടലാണ് പ്രധാനം' എന്ന് ചില മുന്‍ഗാമികള്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ സ്‌നേഹവും പ്രീതിയും സാമീപ്യവും നേടാന്‍ കഴിഞ്ഞാല്‍ മാത്രമേ അല്ലാഹുവിന്റെ നിഷ്‌കളങ്കരായ, നന്ദിയുള്ള അടിമകളില്‍ ഉള്‍പ്പെടാനാവൂ. അവര്‍ക്ക് അല്ലാഹുവിങ്കല്‍നിന്നുള്ള രക്ഷയും സമാധാനവും കാരുണ്യവുമുണ്ടാകും. നിഷിദ്ധവും ജുഗുപ്‌സാവഹവുമായ കര്‍മങ്ങളില്‍നിന്ന് അവരെ അകറ്റിനിര്‍ത്തും. അല്ലാഹു പറഞ്ഞു: ''നീചവും ജുഗുപ്‌സാവഹവുമായ ചെയ്തികളില്‍നിന്ന് നാം അദ്ദേഹത്തെ അകറ്റുന്നതിനുവേണ്ടി. തീര്‍ച്ചയായും അവന്‍ നമ്മുടെ നിഷ്‌കളങ്കരായ ദാസന്മാരില്‍പെട്ടവനാകുന്നു''(യൂസുഫ്: 24). ദൈവിക മാര്‍ഗത്തില്‍ സമരം ചെയ്യേണ്ട മുറപ്രകാരം സമരത്തിലേര്‍പ്പെട്ടവര്‍ക്കേ അല്ലാഹുവിന്റെ നിഷ്‌കളങ്കരായ അടിമകളാവാന്‍ കഴിയൂവെന്നും മനസ്സിലാക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും ഇഖ്‌ലാസ്വിനനുസരിച്ചായിരിക്കും അല്ലാഹുമായുള്ള അടുപ്പവും അകല്‍ച്ചയും.
ഇഖ്‌ലാസ്വ് കൂടുംതോറും അല്ലാഹുവിലേക്കവന് കൂടുതലടുക്കാന്‍ സാധിക്കും. അങ്ങനെയുള്ളവര്‍ക്കാണ് ഈമാന്റെ മാധുര്യം ആസ്വദിക്കാനും നന്ദിയുള്ള അടിമകളായി മാറാനും സാധിക്കുക. നബി (സ) പറഞ്ഞു: ''മൂന്ന് കാര്യങ്ങള്‍ ആരിലെങ്കിലുമുണ്ടായാല്‍ അവന്‍ വിശ്വാസത്തിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. അല്ലാഹുവിനോടും അവന്റെ ദൂതനോടുമായിരിക്കുക മറ്റാരോടുമുള്ളതിനേക്കാള്‍ സ്‌നേഹം. ആരെയെങ്കിലും സ്‌നേഹിക്കുകയാണെങ്കില്‍ അത് അല്ലാഹുവിനു വേണ്ടിയായിരിക്കുക, അവിശ്വാസത്തില്‍നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ശേഷം അതിലേക്ക് തിരിച്ചുപോകുന്നത് തീയില്‍ എറിയപ്പെടുന്നതിനേക്കാള്‍ അസഹ്യമായി തോന്നുക'' (ബുഖാരി, മുസ്‌ലിം).
ഈമാനിനെ ഇവിടെ ദൈവസ്‌നേഹവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അങ്ങനെയുള്ളവര്‍ക്കേ ഈമാന്റെ മാധുര്യം ആസ്വദിക്കാനാകൂ. അല്ലാഹുവിങ്കല്‍നിന്നുള്ള മഹത്തായ അനുഗ്രഹമാണത്. തനിക്ക് ഇഷ്ടപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും അല്ലാഹു സമ്പത്ത് നല്‍കും. ഈമാന്‍ അങ്ങനെയല്ല. അവനുദ്ദേശിക്കുന്നവര്‍ക്കേ നല്‍കൂ. അതിന്റെ മാധുര്യം ആസ്വദിക്കാന്‍ കഴിയുക അല്ലാഹുവിന്റെ സ്‌നേഹം ഏറ്റുവാങ്ങിയവര്‍ക്കാണ്. അപ്പോള്‍ അവന് അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കലും പ്രവര്‍ത്തിക്കലും മധുരദായകമാകും. ദൈവമാര്‍ഗത്തില്‍ വ്യയം ചെയ്യലും ഇഷ്ടപ്പെട്ടതെല്ലാം സമര്‍പ്പിക്കലും ആ മാര്‍ഗത്തിലെ രക്തസാക്ഷിത്വവുമെല്ലാം ആഹ്ലാദകരമാകും. കുറ്റകൃത്യങ്ങളില്‍നിന്നവനെ അകറ്റിനിര്‍ത്തും. നരകത്തില്‍നിന്ന് അകറ്റുകയും സ്വര്‍ഗപ്രവേശം എളുപ്പമാക്കുകയും ചെയ്യും. സ്രഷ്ടാവിന്റെ മുഖം നേരില്‍ കാണാനുള്ള സൗഭാഗ്യവും ലഭിക്കും. ദൈവകല്‍പനകളും തീരുമാനങ്ങളും അനുസരിക്കാനും ജീവിതത്തിലത് പാലിക്കാനും ആത്മീയശക്തി നേടിത്തരും. തനിക്കേറ്റവുമിഷ്ടപ്പെട്ടത് ദൈവമാര്‍ഗത്തില്‍ സമര്‍പ്പിക്കുന്നതിന് പ്രയാസമോ ദുഃഖമോ തോന്നുകയില്ല. അതവനില്‍ സന്തോഷവും ആനന്ദവുമുണ്ടാക്കും. അല്ലാഹു ഇഷ്ടപ്പെട്ട പാതയില്‍ അവനെ അടിയുറപ്പിച്ചുനിര്‍ത്തും. സ്രഷ്ടാവ് വെറുക്കുകയും കോപിക്കുകയും ചെയ്ത പാതകളില്‍നിന്നവനെ അകറ്റിനിര്‍ത്തും. ഏത് പ്രതിസന്ധികള്‍ക്കും പ്രയാസങ്ങള്‍ക്കും മുമ്പാകെ ക്ഷമിക്കാനും സഹിക്കാനുമുള്ള കരുത്തേകും.
അല്ലാഹുവിന്റെ സ്‌നേഹവും പ്രീതിയും സാമീപ്യവും നേടി നന്ദിയുള്ള അടിമകളാകാന്‍ കൊതിക്കുക പ്രവാചകന്മാരുടെ രീതിയാണ്. മുഴുവന്‍ പ്രവാചകന്മാരും അതിനായി കൊതിച്ചിരുന്നുവെന്നും അതിനായി അഹോരാത്രം ശ്രമിച്ചിരുന്നുവെന്നും പ്രവാചകന്മാരുടെ ചരിത്രം പറഞ്ഞുതരുന്നു. അല്ലാഹുവിന്റെ സ്‌നേഹവും തൃപ്തിയുമായിരുന്നു മുഴുവന്‍ പ്രവാചകന്മാരുടെയും മുഖ്യലക്ഷ്യം. അതായിരുന്നു അവരെ മുന്നോട്ടുനയിച്ചിരുന്നത്. അതവര്‍ ജീവിതലക്ഷ്യമായി അംഗീകരിക്കുകയും മുറുകെ പിടിക്കുകയും ചെയ്തു. പ്രതിസന്ധികളും പ്രയാസങ്ങളും ക്ഷമയോടെ തരണം ചെയ്യാന്‍ അവരെ പ്രാപ്തരാക്കിയതും മഹത്തായ ആ ലക്ഷ്യബോധമായിരുന്നു. അല്ലാഹുവിന്റെ സ്‌നേഹത്തിനും പ്രീതിക്കും മറ്റൊന്നും പകരം വെക്കാനില്ലെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. വേറൊന്നും അവരാഗ്രഹിച്ചിരുന്നില്ല. മറ്റൊന്നും സ്വീകാര്യവുമായിരുന്നില്ല. ഭീഷണികള്‍ക്കും പീഡനങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും ബഹിഷ്‌കരണങ്ങള്‍ക്കും മുമ്പില്‍ പതറാതെ ദൈവമാര്‍ഗത്തില്‍ അടിയുറപ്പിച്ചുനിര്‍ത്തിയതും അതാണ്. പല വിധ പരീക്ഷണങ്ങള്‍ പ്രവാചകന്മാര്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. അല്ലാഹുവിന്റെ സ്‌നേഹത്തിനും പ്രീതിക്കും മുമ്പില്‍ അതെല്ലാം അവര്‍ക്ക് നിസ്സാരമായിരുന്നു. ക്ഷമിച്ചും പ്രാര്‍ഥിച്ചും തങ്ങളുടെ ദൗത്യനിര്‍വഹണത്തില്‍ അവര്‍ മുന്നേറുകയായിരുന്നു. ദൈവസ്‌നേഹത്തിന്റെ മാഹാത്മ്യവും പ്രാധാന്യവും അനുയായികളെ ബോധ്യപ്പെടുത്താന്‍ ഒാരോ പ്രവാചകനും ശ്രമിച്ചിരുന്നു. അതിലൂടെ മാത്രമേ അല്ലാഹുവിന്റെ അനുസരണയുള്ള, നന്ദിയുള്ള, നിഷ്‌കളങ്കരായ അടിമകളായി മാറാനാവൂ എന്നും ഇഹപര ജീവിതത്തില്‍ വിജയശ്രീലാളിതരാകാന്‍ കഴിയൂവെന്നും ഉപദേശിച്ചിരുന്നു.
മറ്റാരേക്കാളും അല്ലാഹുവിന് ഇഷ്ടമുണ്ട് പ്രവാചകരോട്. അല്ലാഹുവിനെ സ്‌നേഹിക്കാനും സ്‌നേഹം നേടിയെടുക്കാനും ജനങ്ങളില്‍ വെച്ചേറ്റവും അര്‍ഹരും അവര്‍തന്നെ. ഇബ്‌റാഹീം നബിയെക്കുറിച്ച് പറഞ്ഞതായി കാണാം: ''അല്ലാഹു ഇബ്‌റാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു'' (അന്നിസാഅ്: 125). മുഹമ്മദ് (സ) പറഞ്ഞു: ''ഇബ്രാഹീമിനെ സുഹൃത്തായി തെരഞ്ഞെടുത്തതുപോലെ അല്ലാഹു എന്നെയും തെരഞ്ഞെടുത്തിരിക്കുന്നു'' (ഹാകിം). ചിന്തിച്ചുനോക്കുക, ഇങ്ങനെയൊക്കെയായിട്ടും അല്ലാഹുവിന്റെ സ്‌നേഹവും പ്രീതിയും നേടിയെടുക്കാനും നന്ദിയുള്ള അടിമകളാകാനും പ്രവാചകന്മാര്‍ എപ്പോഴും വെമ്പല്‍കൊണ്ടിരുന്നു. അതിനുവേണ്ടി ദൈവമാര്‍ഗത്തില്‍ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. ദൈവകല്‍പനകളും നിരോധങ്ങളും മനസ്സാ വാചാ കര്‍മണാ ശിരസ്സാവഹിച്ചു. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവരായി മാറാന്‍ കൊതിച്ചു. അതിനായി എപ്പോഴും പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
മൂസാ (അ) അല്ലാഹുവിനോട് പറഞ്ഞു: ''എന്റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിനു വേണ്ടിയാണ് ഞാന്‍ നിന്റെ അടുത്തേക്ക് ധൃതിപ്പെട്ടുവന്നിരിക്കുന്നത്'' (ത്വാഹാ: 84). മറ്റൊരിടത്ത് ഇങ്ങനെ: ''എന്റെ നാഥാ, (നിന്നെ) എനിക്കൊന്നുകാണിച്ചുതരൂ. ഞാന്‍ നിന്നെ കണ്ടുകൊള്ളട്ടെ'' (അല്‍ അഅ്‌റാഫ്: 143). ഏറ്റവും ഇഷ്ടപ്പെടുന്ന ആളെ കാണാനുള്ള താല്‍പര്യം മനുഷ്യപ്രകൃതമാണ്. അതാണ് മൂസാ(അ)യുടെ വാക്കുകളില്‍ പ്രകടമായത്. ഇബ്‌റാഹീം (അ), ഇസ്മാഈല്‍ (അ) എന്നിവരുടെ ത്യാഗോജ്ജ്വലമായ ജീവിതം നമുക്ക് നല്‍കുന്ന പാഠം ദൈവസ്‌നേഹവും പ്രീതിയും നേടിയെടുക്കാനുള്ള സമര്‍പ്പണമായിരുന്നു അവര്‍ നടത്തിയത് എന്നതാണ്. അല്ലാഹുവിന്റെ സ്‌നേഹവും പ്രീതിയും നേടിയെടുത്തവരുടെ കൂട്ടത്തിലുള്‍പ്പെടുത്താനും നന്ദിയുള്ള അടിമകളാകാനും പ്രവാചകന്മാര്‍ എപ്പോഴും പ്രാര്‍ഥിച്ചിരുന്നു. സുലൈമാന്‍ നബി (അ) പ്രാര്‍ഥിച്ചു: ''എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തിട്ടുള്ള നിന്റെ അനുഗ്രഹത്തിനു നന്ദി കാണിക്കാനും നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മം ചെയ്യാനും നീ പ്രചോദനം നല്‍കേണമേ. നിന്റെ കാരുണ്യത്താല്‍ നിന്റെ സദ്‌വൃത്തരായ ദാസന്മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ'' (അന്നംല്:19).
അന്ത്യപ്രവാചകനായ മുഹമ്മദി(സ)ന്റെ ജീവിതവും ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല. അല്ലാഹുവിന്റെ സ്‌നേഹവും പ്രീതിയും നേടിയെടുക്കാനും നന്ദിയുള്ള അടിമയാകാനും അവിടുന്ന് എപ്പോഴും കൊതിച്ചിരുന്നതായി കാണാം. മഹത്തായ ആവശ്യവും ലക്ഷ്യവുമായി അതിനെ കണ്ടു. അതിനുവേണ്ടി സമര്‍പ്പിതമായിരുന്നു വിശുദ്ധ പ്രവാചകന്റെ മുഴുജീവിതവും. ഐഹിക ലോകത്ത് സമാധാനവും സൗഭാഗ്യവും അതിലൂടെയാണ് ഉണ്ടായിത്തീരുകയെന്നും പാരത്രിക ലോകത്ത് അങ്ങനെയുള്ളവരെ കാത്തിരിക്കുന്നത് മഹത്തായ വിജയമാണെന്നും പ്രവാചകന്‍ (സ) മനസ്സിലാക്കിയിരുന്നു: ''അല്ലാഹുവിന്റെ പ്രീതി എത്ര മഹത്തരം! ഇതുതന്നെയാകുന്നു വമ്പിച്ച വിജയം.''
മക്കയില്‍ ശത്രുക്കളുടെ ഉപരോധം മൂലം പട്ടിണി കിടക്കേണ്ടിവന്നതും ആക്ഷേപങ്ങളും പീഡനങ്ങളും ബഹിഷ്‌കരണവുമെല്ലാം സഹിച്ചതും വീടും നാടും വിട്ട് മദീനയിലേക്ക്ഹിജ്‌റ പോയതും യുദ്ധങ്ങള്‍ നയിച്ചതും ജനോപകാര പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതുമെല്ലാം മഹത്തായ ആ ലക്ഷ്യസാക്ഷാത്കാരം മോഹിച്ചായിരുന്നു. ജീവിതത്തിലുടനീളം പ്രവാചകന്‍ സല്‍ക്കര്‍മങ്ങളില്‍ മുഴുകി. തിന്മകളില്‍നിന്നകന്നു. നിര്‍ബന്ധ ആരാധനാകര്‍മങ്ങള്‍ക്ക് പുറമെ ഐഛികമായവ നിര്‍വഹിക്കാന്‍ വെമ്പല്‍ കൊണ്ടു. രാവും പകലും പ്രാര്‍ഥനാനിരതനായി. ഇരുപാദങ്ങളിലും നീരുവരുന്നതുവരെ രാത്രിയില്‍ ധാരാളം നിന്നു നമസ്‌കരിച്ചു. നോമ്പെടുത്തു. ദൈവികസന്ദേശ പ്രചാരണത്തില്‍ വ്യാപൃതനായി. അങ്ങനെ ആരാധനകളിലുടെയും സല്‍ക്കര്‍മങ്ങളിലൂടെയും പ്രാര്‍ഥനകളിലൂടെയും അല്ലാഹുവിന്റെ സാമീപ്യവും പാപമോചനവും നേടാനും അവന്റെ ഏറ്റവും ഇഷ്ടപ്പെട്ട, നന്ദിയുള്ള അടിമയായിത്തീരാനും പ്രവാചകന്‍ എപ്പോഴും കൊതിച്ചു. ഒരിക്കല്‍ ആഇശ (റ) പ്രവാചകനോട് ചോദിച്ചു: ''അല്ലാഹുവിന്റെ റസൂലേ, അങ്ങ് എന്തിനാണ് ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത്? മുമ്പുള്ളതും വരാനിരിക്കുന്നതുമായ പാപങ്ങളെല്ലാം അല്ലാഹു താങ്കള്‍ക്ക് പൊറുത്തുതന്നതാണല്ലോ.'' അതിനു പ്രവാചകന്റെ മറുപടി ഇതായിരുന്നു: ''ഞാനൊരു നന്ദിയുള്ള അടിമയാകേണ്ടേ?''
പ്രവാചകന്റെ ചിന്തയും വാക്കും പ്രവൃത്തികളുമെല്ലാം അല്ലാഹുവിന്റെ തൃപ്തി മോഹിച്ചായിരുന്നു. സന്തോഷവും ദുഃഖവുമുണ്ടായപ്പോഴെല്ലാം അത് മാത്രമായിരുന്നു തെരഞ്ഞെടുത്തിരുന്നത്. അതിനുവേണ്ടിയായിരുന്നു ചിന്തിച്ചിരുന്നത്. അതിനനുസരിച്ചായിരുന്നു സംസാരിച്ചിരുന്നത്. പ്രവാചക പുത്രന്‍ ഇബ്‌റാഹീം മരണപ്പെട്ട സമയം. പ്രവാചകന്‍ പറഞ്ഞു: ''കണ്ണ് കണ്ണുനീര്‍ പൊഴിക്കും, മനസ്സ് ദുഖിക്കും. എന്നാല്‍ നമ്മുടെ രക്ഷിതാവിന് തൃപ്തിയുള്ളതേ നാം പറയൂ. അല്ലാഹുവാണ, ഇബ്രാഹീമേ, നിന്റെ വിയോഗത്തില്‍ ഞങ്ങള്‍ ദുഃഖിക്കുന്നു.'' നോക്കൂ, മകന്‍ മരണപ്പെട്ട ദുഃഖത്താല്‍ വിങ്ങിപ്പൊട്ടിയ പ്രവാചകമനസ്സ്! അപ്പോഴും അല്ലാഹുവിന്റെ സ്‌നേഹവും പ്രീതിയുമാണ് പ്രവാചകന്‍ തെരഞ്ഞെടുത്തത്. ''അല്ലാഹുവേ, നിന്നെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളിലേര്‍പ്പെടാന്‍ തുണക്കേണമേ, അല്ലാഹുവേ, ഞങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുന്നു (നീ തീരുമാനിച്ചത്), ഞങ്ങളെ നീ തൃപ്തിപ്പെടേണമേ!''-പ്രവാചകന്‍ (സ) അകമഴിഞ്ഞ് എപ്പോഴും പ്രാര്‍ഥിച്ചിരുന്നു.
Comments